കൗതുകമുണർത്തുന്ന, പറക്കാനാവാത്ത, ഓട്ടക്കാരൻ—ഒട്ടകപ്പക്ഷി
കെനിയയിലെ ഉണരുക! ലേഖകൻ
ജിറാഫുകളും വരയൻകുതിരകളും കുതിരമാനുകളും കലമാനുകളും മേഞ്ഞുനടക്കുന്ന വിശാലമായ ആഫ്രിക്കൻ സാവന്നയിൽ, സ്രഷ്ടാവിന്റെ രൂപകൽപനാവൈദഗ്ധ്യത്തിനു മകുടംചാർത്തിക്കൊണ്ട് അവയോടൊപ്പം വിഹരിക്കുന്ന ഒരുപറ്റം ജീവികൾ. അവയുടെ വലിപ്പവും ഉയരവും ബലമുള്ള കാലുകളും മാർദവമുള്ള സുന്ദരമായ തൂവലുകളും, കാഴ്ചക്കാരുടെ മനസ്സിൽ ഒരു മായാത്ത മുദ്ര പതിപ്പിക്കുന്നു. 2.5 മീറ്റർ ഉയരവും 155 കിലോഗ്രാം വരെ തൂക്കവും വെക്കുന്ന ഇവയാണ് ഇന്ന് ഉള്ളതിലേക്കും ഏറ്റവും വലിയ പക്ഷികൾ. സ്വാഹിലി ഭാഷയിൽ ഇവയെ മ്ബൂനി എന്നു വിളിക്കും. എന്നാൽ ഇവയുടെ സാധാരണ പേരു കേട്ടാൽ നിങ്ങൾ ഇവയെ തിരിച്ചറിഞ്ഞേക്കും—ഒട്ടകപ്പക്ഷി.
ഞെളിഞ്ഞുനടക്കുന്ന ഒരു ഒട്ടകത്തെപ്പോലെ
ദീർഘനാൾ മുമ്പ് ഒട്ടകപ്പക്ഷിക്ക് സ്റ്റ്രൂതോകാമലസ് എന്ന പേരു നൽകപ്പെട്ടു. ഗ്രീക്കും ലാറ്റിനും കൂടിക്കലർന്ന ഈ പേര് ഒട്ടകവുമായി ഈ പക്ഷിക്കുണ്ടെന്നു കരുതപ്പെടുന്ന സാദൃശ്യത്തെ സൂചിപ്പിക്കുന്നു. ഒട്ടകത്തെ പോലെ ഈ പക്ഷികൾക്കു പൊള്ളുന്ന ചൂട് താങ്ങാൻ കഴിയും എന്നു മാത്രമല്ല, ഇവയ്ക്കു മരുഭൂമിയിലെ അവസ്ഥകളുമായി വളരെ നന്നായി ഇണങ്ങിപ്പോകാനും കഴിയും. നീണ്ട് ഇടതൂർന്ന കൺപീലികൾ പൂഴി നിറഞ്ഞ തരിശു ഭൂമിയിലെ പൊടിയിൽ നിന്ന് അവയുടെ വലിയ കണ്ണുകളെ സംരക്ഷിക്കുന്നു. നീണ്ട കരുത്തുള്ള കാലുകളും, ശക്തിയേറിയ മാംസളമായ പാദങ്ങളും ഉള്ള അവയ്ക്ക് ഓരോ പാദത്തിലും രണ്ടു വിരലുകൾ വീതമേ ഉള്ളൂ. തുറസ്സായ സമതലങ്ങളിലൂടെ തലയെടുപ്പോടെ ഒട്ടകപ്പക്ഷി നടന്നുനീങ്ങുന്നതു കാണുമ്പോൾ, ഒട്ടകത്തിന്റേതു പോലുള്ള അതിന്റെ ജാഗ്രത, സഹനശക്തി തുടങ്ങിയ സവിശേഷതകളിൽ ആരും അതിശയിച്ചു പോകുക സ്വാഭാവികം മാത്രം.
ഒട്ടകപ്പക്ഷികൾ ഇരതേടുന്നത് കുളമ്പുകളുള്ള അയൽവാസികളുടെ കൂടെയാണ്. ഇഴഞ്ഞു നീങ്ങുന്ന മിക്ക ജീവികളെയും അവ ആഹാരമാക്കും. കണ്ണിൽ കാണുന്ന എന്തും കൊത്തിവിഴുങ്ങുന്ന സ്വഭാവമാണ് അവയുടേത്. പ്രാണികൾ, പാമ്പുകൾ, കരണ്ടുതീനികൾ, വേരുകൾ, ചെടികൾ എന്നിവ മാത്രമല്ല, മരക്കഷണങ്ങൾ, ജീവികളുടെ പുറന്തോടുകൾ, കല്ലുകൾ, കമ്പുകൾ, തിളക്കമുള്ള ചെറിയ വസ്തുക്കൾ എന്നിവയും അവ അകത്താക്കും.
അപാരമായ വലിപ്പവും തൂക്കവും നിമിത്തം അതിനു പറക്കാനാവില്ല. എങ്കിലെന്താണ്, ബലിഷ്ഠ മാംസപേശികളുള്ള കാലുകൾ അതിനെ ഭൂമിയിലെ ഏറ്റവും വേഗമേറിയ ജീവികളിൽ ഒന്നാക്കി തീർക്കാൻ പോന്നവയാണ്. മരുഭൂമിയിലൂടെ കുതിച്ചുപായുമ്പോൾ, അതിനു മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗം കൈവരിക്കാനാകും! ഒട്ടകപ്പക്ഷി “കുതിരയെയും പുറത്തു കയറിയവനെയും പരിഹസിക്കു”ന്നതായി ബൈബിൾ പറയുന്നുണ്ട്. (ഇയ്യോബ് 39:18) അതു തികച്ചും ശരിയാണുതാനും. ഇരുകാലുള്ള ഈ സ്പ്രിന്റ് രാജന്റെ അപാരവേഗവും ദീർഘദൂരം ഓടാനുള്ള കരുത്തും അതിവേഗം സഞ്ചരിക്കാൻ കഴിവുള്ള, നാൽക്കാലികളായ ഒട്ടുമിക്ക ഇരപിടിയന്മാർക്കും പിടികൊടുക്കാതെ എളുപ്പത്തിൽ ഓടിരക്ഷപ്പെടാൻ അതിനെ സഹായിക്കുന്നു.
കൂടുകൂട്ടൽ രീതികൾ
പ്രജനനകാലത്ത് പൂവൻ വിസ്തരിച്ചുള്ള പ്രേമാഭ്യർഥനാ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നു. പിടയുടെ മുമ്പിൽ മുട്ടുകുത്തി നിന്നിട്ട് അവൻ തന്റെ ചിറകുകളിലെ കറുപ്പും വെള്ളയും കലർന്ന തൂവലുകൾ വിടർത്തി പിടിച്ച് താളാത്മകമായി ചലിപ്പിക്കാൻ തുടങ്ങുന്നു. രണ്ടു വലിയ വിശറികൾ പോലെ അവ ഇളകിയാടുന്നു. ഈ സമയത്ത് അവന്റെ തൂവലുകളില്ലാത്ത കഴുത്തും കാലുകളും ചുവന്നുതുടുക്കും. ശരീരത്തിലെ തൂവലുകളുടെ കരിങ്കറുപ്പു നിറത്തിനു വളരെ നന്നായി ഇണങ്ങുന്നതാണ് ഈ നിറം. നീളമുള്ള കഴുത്ത് ആട്ടിക്കൊണ്ട് അവൻ തന്റെ പാദങ്ങൾ നിലത്ത് അമർത്തിച്ചവിട്ടുന്നു.
അരണ്ട തവിട്ടു നിറമുള്ള പിട എങ്ങനെയും തന്നെയൊന്നു കടാക്ഷിക്കണം എന്ന മോഹത്താൽ ആയിരിക്കണം പൂവൻ തൂവലുകൾ കൊണ്ടുള്ള ഈ പകിട്ടാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നത്. എന്നാൽ പൂവൻ പ്രജനന കാലത്തെ ഈ പ്രേമാഭ്യർഥന നൃത്തം തുടർന്നുകൊണ്ടിരിക്കവെ, പിട ഈ ബഹളം ഒന്നും കണ്ടില്ലെന്ന മട്ടിൽ അങ്ങുമിങ്ങും കൊത്തിപ്പെറുക്കിക്കൊണ്ടു നടക്കുകയാണു പതിവ്.
ഒരു പിടയെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ പിന്നെ അവന്റെ അടുത്ത പരിപാടി കൂടുകൂട്ടാൻ പറ്റിയ ഒരു സ്ഥലം കണ്ടെത്തലാണ്. വിശാലമായ സാവന്നയിൽ എവിടെയെങ്കിലും മണ്ണിൽ അധികം ആഴമില്ലാത്ത ഒരു കുഴി മാന്തി കുഴിച്ചിട്ട് അവിടേക്ക് അവൻ കൂടുതൽ പിടകളെ കൂട്ടിക്കൊണ്ടു വരുന്നു. രണ്ടോ മൂന്നോ ആഴ്ചകൾ കൊണ്ട് ഈ പക്ഷികൾ ആ കൂട്ടിൽ രണ്ടുഡസനോ അതിലധികമോ മുട്ടകൾ ഇടുന്നു.
മുട്ടകൾ വിരിയാൻ ആറാഴ്ച വേണം. ആ സമയമത്രയും രാത്രിയിൽ മുട്ടകൾക്ക് അടയിരിക്കുന്നത് പൂവനാണ്. പകൽ സമയങ്ങളിലാകട്ടെ ആ ജോലി ഒരു പിടയും ഏറ്റെടുക്കുന്നു. ഈ ഘട്ടത്തിൽ, മുട്ടകളുടെ മേൽ പ്രത്യേകം ഒരു കണ്ണു വേണം, കാരണം വിശന്നുവലഞ്ഞ സിംഹങ്ങളും, കഴുതപ്പുലികളും, കുറുനരികളും, ഈജിപ്ഷ്യൻ കഴുകന്മാരും—ഇവയ്ക്കാകട്ടെ, ഈ മുട്ടകൾ കല്ലെറിഞ്ഞു പൊട്ടിക്കാൻ കഴിയും—ഇവ അകത്താക്കാൻ തക്കം പാർത്തു നടക്കുന്നുണ്ടാകും.
അപാരവലിപ്പമുള്ള മുട്ടകളും കുഞ്ഞുങ്ങളും
ഇന്നു കാണപ്പെടുന്ന മുട്ടകളിലേക്കും വലുതാണ് ഒട്ടകപ്പക്ഷിയുടെ മുട്ടകൾ. ചാര-വെള്ള നിറമോ പാൽപ്പാടയുടെ നിറമോ ഉള്ള മുട്ടകളിൽ ഓരോന്നിനും ഏകദേശം 1.5 കിലോഗ്രാം തൂക്കം ഉണ്ടായിരിക്കും. മുട്ടത്തോട് നല്ല കട്ടിയും തിളക്കവും പോർസെലേൻ പോലെ മിനുസവും ഉള്ളത് ആണ്. വലിപ്പമാണെങ്കിൽ, 25 കോഴിമുട്ടകൾ ചേർത്തുവെച്ചാൽ ഉള്ളത്രയും വരും. വളരെയേറെ പോഷകഗുണമുള്ള ഈ മുട്ടകൾ അത്യന്തം രുചികരവുമാണ്. ദക്ഷിണാഫ്രിക്കയിലെ പ്രാകൃത നായാടി വർഗക്കാർ മുട്ടത്തോടുകൾ വെള്ളം നിറയ്ക്കാനുള്ള പാത്രങ്ങളായി ചിലപ്പോൾ ഉപയോഗിക്കാറുണ്ട്.
മുട്ടവിരിഞ്ഞു പുറത്തുവരുന്ന കുഞ്ഞിന്റെ വലിപ്പവും അപാരം തന്നെ! ഈ കുഞ്ഞുങ്ങൾക്കു ശത്രുക്കളിൽ നിന്നു സ്വയം സംരക്ഷിക്കാനുള്ള കഴിവൊന്നുമില്ല. എങ്കിലും അവയുടെ വളർച്ച ത്വരിതഗതിയിലാണ്. മാത്രമല്ല, അതിവേഗം ഓടാനുള്ള നൈസർഗികമായ പ്രാപ്തിയും അവയ്ക്കുണ്ട്. മുട്ട വിരിഞ്ഞ് കേവലം ഒരു മാസത്തിനുള്ളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിയത്തക്ക വിധം അവയുടെ കാലുകൾ കരുത്താർജിക്കുന്നു!
കുഞ്ഞുങ്ങളുടെ സംരക്ഷണച്ചുമതല മുഴുവൻ തള്ള പക്ഷികളിലും തന്ത പക്ഷികളിലുമാണു നിക്ഷിപ്തമായിരിക്കുന്നത്. അപകടം വരുമ്പോൾ ഒട്ടകപ്പക്ഷി മണലിൽ തലപൂഴ്ത്തും എന്നത് ഒരു മിഥ്യാ ധാരണ മാത്രമാണ്. പകരം, ഇരപിടിയന്മാർ കുഞ്ഞുങ്ങളെ ആക്രമിക്കാൻ വരുമ്പോൾ അവ അങ്ങേയറ്റം അക്രമാസക്തരാകുകയും ഇരപിടിയന്മാരെ ശക്തമായി തൊഴിച്ചകറ്റുകയും ചെയ്യും. ഇരപിടിയന്മാർക്ക് എതിരെ അവർ ഉപയോഗിക്കുന്ന മറ്റൊരു പ്രതിരോധ തന്ത്രവുമുണ്ട്, മുറിവേറ്റതായി അഭിനയിച്ചു കൊണ്ട് ഇരപിടിയന്മാരുടെ ശ്രദ്ധ കുഞ്ഞുങ്ങളിൽ നിന്നു തങ്ങളിലേക്ക് ആകർഷിക്കുക. എന്നിരുന്നാലും, ശത്രുക്കൾ തൊട്ടടുത്ത് എത്തിയാൽ കഥ മാറി. അപ്പോൾ കുഞ്ഞുങ്ങളുടെ കാര്യമൊക്കെ ഇട്ടെറിഞ്ഞിട്ട് അവ ജീവനുംകൊണ്ട് പറപറക്കും. ഇതു പോലുള്ള അവസരങ്ങളിൽ ഒട്ടകപ്പക്ഷി “തന്റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു” എന്ന ബൈബിൾ പ്രസ്താവന ശരിയാണെന്നു തെളിയുന്നു.—ഇയ്യോബ് 39:16.
സമൃദ്ധമായ തൂവലുകൾ
ആയിരക്കണക്കിനു വർഷങ്ങളായി, ഒട്ടകപ്പക്ഷിയെ മനുഷ്യൻ അത്ഭുതം കലർന്ന കണ്ണുകളോടെയാണു നോക്കിയിട്ടുള്ളത്. ഈജിപ്തിലെ പുരാതന രാജാക്കന്മാർ അമ്പും വില്ലും ഉപയോഗിച്ച് ഒട്ടകപ്പക്ഷികളെ വേട്ടയാടുന്നതിന്റെ ചിത്രങ്ങൾ ശിലകളിൽ കൊത്തിവെച്ചിരിക്കുന്നതു കാണാം. ചില സംസ്കാരങ്ങൾ ഒട്ടകപ്പക്ഷിയെ പവിത്രമായാണു വീക്ഷിച്ചിരുന്നത്. ഒട്ടകപ്പക്ഷിയുടെ ഒരേവലിപ്പത്തിലുള്ള, അഴകാർന്ന മുട്ടകൾ ചൈനാക്കാർ അങ്ങേയറ്റം വിലപിടിപ്പുള്ളതായി കരുതിയിരുന്നു. അവർ അവ നാടുവാഴികൾക്കു കാഴ്ചവയ്ക്കുമായിരുന്നു. ആയിരക്കണക്കിനു വർഷങ്ങളായി ഒട്ടകപ്പക്ഷികളുടെ സമൃദ്ധമായ പഞ്ഞിപോലുള്ള തൂവലുകൾ പട്ടാളജനറൽമാരുടെയും രാജാക്കന്മാരുടെയും ആഫ്രിക്കൻ ഗോത്രത്തലവന്മാരുടെയും തലപ്പാവുകൾ അലങ്കരിച്ചിരിക്കുന്നു.
14-ാം നൂറ്റാണ്ടിൽ ഒട്ടകപ്പക്ഷിയുടെ തൂവലുകൾക്ക് യൂറോപ്പിലെ ഫാഷൻ പ്രേമികളുടെ ഇടയിൽ വളരെയധികം പ്രചാരം സിദ്ധിക്കുകയുണ്ടായി. എന്നാൽ, ഈ പക്ഷികളെ കുന്തങ്ങളോ അമ്പുകളോ ഉപയോഗിച്ചു വേട്ടയാടുക എളുപ്പമായിരുന്നില്ല, കാരണം സൂക്ഷ്മമായ കാഴ്ചശക്തി ഉള്ളതിനാൽ അവയ്ക്ക് അതിവേഗം അപകടം മനസ്സിലാക്കി ഓടി രക്ഷപ്പെടാൻ സാധിക്കുമായിരുന്നു. അതുകൊണ്ട് അക്കാലങ്ങളിൽ അവയ്ക്കു വംശനാശ ഭീഷണി ഉണ്ടായിരുന്നില്ല.
പിന്നീട്, 19-ാം നൂറ്റാണ്ടിൽ ഒട്ടകപ്പക്ഷിയുടെ തൂവലുകൾ വീണ്ടും ഫാഷനായി തീർന്നു. ഇത്തവണ ആധുനിക ആയുധങ്ങൾ ഉപയോഗിച്ച് വേട്ടക്കാർ ദശലക്ഷക്കണക്കിന് ഒട്ടകപ്പക്ഷികളെ കൊന്നൊടുക്കി. പറക്കാൻ കഴിവില്ലാത്ത ഈ ഭീമൻ പക്ഷികളെ വംശനാശത്തിന്റെ വക്കിൽ നിന്നു കരകയറ്റിയത് ഒരുപക്ഷേ ഒട്ടകപ്പക്ഷി വളർത്തൽ കേന്ദ്രങ്ങൾ ആണ്. ഒട്ടകപ്പക്ഷികളെ ഇപ്പോൾ തൂവലുകൾക്കു വേണ്ടി ഇണക്കി വളർത്താറുണ്ട്. ഈ തൂവലുകൾ വസ്ത്രങ്ങൾക്കും തൊപ്പികൾക്കും മോടികൂട്ടുന്നതിനും തൂവലുകൾ കൊണ്ടുള്ള പൊടിതട്ടികൾ ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു. ഇവയുടെ തൊലി ഉപയോഗിച്ച് മൃദുവായ തുകൽ കൈയുറകളും ഹാൻഡ് ബാഗുകളും ഉണ്ടാക്കുന്നു. ചില റെസ്റ്ററന്റുകളിൽ അവയുടെ മാംസവും വിളമ്പാറുണ്ട്.
ഒട്ടകപ്പക്ഷികൾ ആഫ്രിക്കയിലെ സമതലങ്ങളിൽ ഇപ്പോഴും സ്വൈരമായി വിഹരിക്കുന്നുണ്ട്. അവയുടെ പൂർവ ആവാസത്തിന്റെ വിസ്തൃതി വളരെയധികം കുറഞ്ഞിരിക്കുന്നു. ചിലയിടങ്ങളിൽ അവയുടെ വംശംതന്നെ അന്യം നിന്നുപോയിരിക്കുകയാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും അവയുടെ ഇഷ്ടവാസസ്ഥാനമായ പൂഴി നിറഞ്ഞ ഒറ്റപ്പെട്ട തരിശുകളിൽ ഇപ്പോഴും അവയെ കണ്ടെത്താൻ കഴിയും. അവിടെ അവ മൃദുവായ തൂവലുകൾ ഉള്ള ചിറകുകൾ വീശിക്കൊണ്ട് സമതലങ്ങളിൽ കൂടി കുതിച്ചോടുകയോ വിസ്തരിച്ചുള്ള പ്രേമാഭ്യർഥന നൃത്തങ്ങൾ കാഴ്ചവയ്ക്കുകയോ തന്റെ കൂട്ടിലെ അപാരവലിപ്പമുള്ള മുട്ടകൾക്കു കാവലിരിക്കുകയോ ആയിരിക്കും. അതെ, കാഴ്ചക്കാരിൽ അത്ഭുതത്തിന്റെയും ആനന്ദത്തിന്റെയും വികാരങ്ങൾ ഉണർത്തുന്ന കൗതുകകരമായ ഒരു സൃഷ്ടിയാണ് പറക്കാൻ കഴിവില്ലാത്ത ഈ ഓട്ടക്കാരൻ പക്ഷി.
[16-ാം പേജിലെ ചിത്രം]
ഒരു പൂവൻ പക്ഷി
[16, 17 പേജുകളിലെ ചിത്രം]
ഒട്ടകപ്പക്ഷികൾ ഭൂമിയിലെ ഏറ്റവും വേഗമേറിയ ജീവികളിൽ പെടുന്നു
[16, 17 പേജുകളിലെ ചിത്രം]
അവയുടെ കാലുകൾക്കു ശക്തിയേറിയ ആയുധങ്ങളായിരിക്കാൻ കഴിയും
[18-ാം പേജിലെ ചിത്രം]
ഒരു പിട പക്ഷി