ലോകത്തെ വീക്ഷിക്കൽ
ഏറ്റവും മാരകമായ പത്തു സാംക്രമിക രോഗങ്ങൾ
സാംക്രമിക രോഗങ്ങൾ നിമിത്തം വർഷംതോറും ദശലക്ഷക്കണക്കിന് ആളുകളാണു ലോകവ്യാപകമായി മരണമടയുന്നത്. നാച്ചുറൽ ഹിസ്റ്ററി മാസിക പറയുന്ന പ്രകാരം, 1997-ൽ ഏറ്റവും മാരകമായിരുന്ന സാംക്രമിക രോഗങ്ങൾ പിൻവരുന്നവയാണ്. ന്യൂമോണിയ പോലെ ശ്വസനനാളത്തിന്റെ കീഴ്ഭാഗത്തെ ബാധിക്കുന്ന രോഗങ്ങൾ 37 ലക്ഷം ആളുകളെ കൊന്നൊടുക്കിക്കൊണ്ട് ഒന്നാം സ്ഥാനത്ത് എത്തി. രണ്ടാം സ്ഥാനം ക്ഷയരോഗത്തിനായിരുന്നു, 29 ലക്ഷം പേരെ അതു കൊന്നൊടുക്കി. 25 ലക്ഷം പേരുടെ മരണത്തിനു കാരണമായ കോളറയും അതിസാരം പോലുള്ള മറ്റു രോഗങ്ങളുമായിരുന്നു മൂന്നാം സ്ഥാനം കയ്യടക്കിയത്. എയ്ഡ്സ് 23 ലക്ഷംപേരെ കൊന്നൊടുക്കി. മലമ്പനി പിടിപെട്ടു മരണമടഞ്ഞവരുടെ സംഖ്യ 15 ലക്ഷത്തിനും 27 ലക്ഷത്തിനും ഇടയിലായിരുന്നു. അഞ്ചാംപനി 9,60,000 പേരുടെ ജീവനൊടുക്കി. ഹെപ്പറ്റൈറ്റിസ് ബി 6,05,000 പേരുടെയും വില്ലൻ ചുമ 4,10,000 പേരുടെയും ജീവൻ അപഹരിച്ചു. 2,75,000 പേർ റ്റെറ്റനസ് പിടിപെട്ടു മരിച്ചു. ഡെംഗിപ്പനിയോ ഡെംഗി രക്തസ്രാവപ്പനിയോ നിമിത്തം 1,40,000 പേർ മരണമടഞ്ഞു. മനുഷ്യൻ പരമാവധി ശ്രമിച്ചിട്ടും, ഗതകാല സാംക്രമിക രോഗങ്ങൾ ഇപ്പോഴും ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും അവന്റെ ആരോഗ്യത്തിനു ഭീഷണി ഉയർത്തുന്നു.
വെനെസ്വേലയിലെ മദ്യ ദുരുപയോഗം
വെനെസ്വേലക്കാരുടെ ആളോഹരി മദ്യോപയോഗം മറ്റേതൊരു ലാറ്റിനമേരിക്കൻ രാജ്യത്ത് ഉള്ളതിനെക്കാളും അധികമാണെന്നു കരാക്കസിലെ എൽ യൂണിവേഴ്സാൽ വർത്തമാനപ്പത്രം റിപ്പോർട്ടു ചെയ്യുന്നു. വെനെസ്വേലയിൽ ഓരോ വ്യക്തിയും പ്രതിവർഷം 60-70 ലിറ്റർ മദ്യം കഴിക്കുന്നതായി കണക്കാക്കപ്പെടുന്നു. കരാക്കസ് വൻനഗരപ്രദേശത്തു നടക്കുന്ന കൊലപാതകങ്ങളുടെയും ആത്മഹത്യകളുടെയും 50 ശതമാനം മദ്യപാനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ആരോഗ്യമന്ത്രാലയം കണക്കാക്കുന്നു. എന്നിരുന്നാലും, വെനെസ്വേലയിലെ സെൻട്രൽ യൂണിവേഴ്സിറ്റിയും ‘സമാധാന കേന്ദ്ര’വും നീതിന്യായ പൊലീസ് വകുപ്പും നടത്തിയ പഠനം, ആ വൻനഗരപ്രദേശത്തു നടക്കുന്ന 10 ദാരുണ മരണങ്ങളിൽ 9-ഉം മദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് സൂചിപ്പിക്കുന്നു. മദ്യത്തിന്റെ ദുരുപയോഗത്തോടു പൊരുതുന്നതിന്, മദ്യം കഴിക്കാനുള്ള സമപ്രായക്കാരുടെ സമ്മർദത്തെ ചെറുക്കാനും ഉത്തരവാദിത്വപരമായ മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടാനും മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ഫലവത്തായ ആശയവിനിമയത്തെ പ്രോത്സാഹിപ്പിക്കാനും വിദ്യാർഥികളെ സഹായിക്കുന്നതിനു ശിൽപ്പശാലകൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നു.
കുഴപ്പത്തിലായ സമുദ്രങ്ങൾ
ലോകവ്യാപകമായി ട്യൂമറുകൾ, വിണ്ടുകീറൽ, അണുബാധ എന്നിവയും മറ്റു കുഴപ്പങ്ങളും നിമിത്തം വലിയ അളവിൽ പവിഴപ്പുറ്റുകൾക്കു കെടുതി സംഭവിച്ചുകൊണ്ടിരിക്കുകയാണ് എന്ന് സയൻസ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ 20 വർഷംകൊണ്ട് പവിഴപ്പുറ്റുകളെ കൊന്നൊടുക്കുന്ന 15 പുതിയ തരം രോഗങ്ങൾ തലപൊക്കിയതായി സമുദ്രജീവി ശാസ്ത്രജ്ഞനായ ജെയിംസ് സെർവിനോ അഭിപ്രായപ്പെടുന്നു. അപകടാവസ്ഥയിൽ ആയിരിക്കുന്ന ചില സമുദ്ര ജീവികളിൽ കടൽപ്പുല്ല്, ഷെൽഫിഷ്, കടലാമ, മനാറ്റി എന്നിവ ഉൾപ്പെടുന്നു. “ജീവമണ്ഡലത്തിന്റെ 95 ശതമാനം കടലാണ്” എന്ന് സമുദ്രജീവി ശാസ്ത്രജ്ഞയായ സിൽവിയ ഏൾ പറയുന്നു. ‘സമുദ്രങ്ങൾ കുഴപ്പത്തിലാണെങ്കിൽ, നാമും കുഴപ്പത്തിലാണ്. സമുദ്രങ്ങൾ ഇപ്പോൾത്തന്നെ കുഴപ്പത്തിലാണ് എന്നതാണു വസ്തുത.”
അൽപ്പമാത്ര വായന
അലമാര നിറയെ പുസ്തകങ്ങൾ ശേഖരിക്കുന്ന എല്ലാവരുമൊന്നും ഉത്സുകരായ വായനക്കാർ ആയിരിക്കണമെന്നില്ല. ഉദാഹരണത്തിന്, മാത്തേയുസ് എന്ന കടയുടമ ഇങ്ങനെ സമ്മതിച്ചു പറയുന്നു: “ചുറ്റും പുസ്തകങ്ങൾ ഉണ്ടായിരിക്കുന്നത് എനിക്ക് ഇഷ്ടമാണെങ്കിലും ഞാൻ വായിക്കാറേ ഇല്ല.” മാത്തേയുസ്, പ്രശ്നത്തിനു ചെലവു കുറഞ്ഞ ഒരു പരിഹാരം കണ്ടെത്തിയിരിക്കുന്നു. ഒരു പങ്കാളിയോടൊപ്പം അദ്ദേഹം ജർമനിയിലെ ആദ്യത്തെ കൃത്രിമ പുസ്തകക്കട തുറന്നതായി വേസെർ കുരിയർ വർത്തമാനപ്പത്രം റിപ്പോർട്ടു ചെയ്യുന്നു. കല, തത്ത്വചിന്ത, ശാസ്ത്രം എന്നീ മേഖലകളിൽ നിന്നുള്ള 2,800 പുസ്തകങ്ങളെ അനുകരിച്ചുകൊണ്ടുള്ള “കൃത്രിമ പുസ്തകങ്ങൾ” വിൽപ്പനയ്ക്കു വെച്ചിട്ടുണ്ട്. ലളിതമായ പെട്ടിക്കടലാസു കൊണ്ടും ഉയർന്നതരം തേക്കു കൊണ്ടും ഉണ്ടാക്കിയ പുസ്തകങ്ങൾ ഉൾപ്പെടെ വ്യത്യസ്ത രൂപത്തിലുള്ള കൃത്രിമ പുസ്തകങ്ങൾ അവിടെ ലഭ്യമാണ്. പൊതുവെ വളരെ വിലക്കൂടുതലുള്ള കലാഗ്രന്ഥങ്ങളെ അനുകരിച്ചുകൊണ്ട് ആകർഷകമായ മാതൃകയിൽ ഉണ്ടാക്കിയെടുത്ത പുസ്തകങ്ങൾ നിസ്സാര വിലയ്ക്ക്—10-15 ഡോളറിന്—ലഭ്യമാണ്. മാത്തേയുസ് ഇങ്ങനെ പറയുന്നു: “ഉള്ളടക്കം അനുസരിച്ചല്ല, വലിപ്പം അനുസരിച്ചാണു പുസ്തകത്തിന്റെ വില.”
ആരോഗ്യാവഹമായ വീഡിയോ കളികൾ
“വീഡിയോ കളികൾ” എന്നു പറയുമ്പോൾ അക്രമം നിറഞ്ഞ കളികളാണ് അനേകരുടെയും മനസ്സിലേക്കു വരുന്നത്. എന്നുവരികിലും, “ശരിയായ കളികൾ പ്രമേഹവും ആസ്ത്മയും ഉള്ള കുട്ടികൾക്കു തങ്ങളുടെ ആരോഗ്യസ്ഥിതി നിയന്ത്രണത്തിൽ വെക്കാൻ ഒരു പരിശീലനമായി ഉതകിയേക്കാം” എന്ന് ടെക്നോളജി റിവ്യൂ റിപ്പോർട്ടു ചെയ്യുന്നു. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ, 8-നും 16-നും ഇടയ്ക്കു പ്രായമുള്ള, പ്രമേഹ രോഗികളായ 60 കുട്ടികളിൽ ഒരു പഠനം നടത്തി. അവരിൽ പകുതി കുട്ടികൾ ഒരു സാധാരണ വീഡിയോ കളിയിൽ ഏർപ്പെട്ടിരുന്നു. മറ്റേ പകുതി പാക്കി-മാർലൊൻ എന്ന വീഡിയോ കളിയിൽ പങ്കുപറ്റി. രണ്ടു കാർട്ടൂൺ-ആനകൾ ഉൾപ്പെട്ടതാണ് ആ കളി. ശരിയായ ഭക്ഷണം തിരഞ്ഞെടുക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു പരിശോധിക്കാനും ഇൻസുലിൻ ശരിയായി ഉപയോഗിക്കാനും ആ ആനകൾ കളിക്കാരെ സഹായിക്കുന്നു. പാക്കി-മാർലൊൻ വീഡിയോ കളിയിൽ പങ്കുപറ്റിയിരുന്നവർക്ക് ആറിലധികം മാസക്കാലം കൊണ്ട്, സാധാരണ കളിയിൽ പങ്കുപറ്റിയിരുന്നവരെ അപേക്ഷിച്ച് “ഡോക്ടറെയോ അടിയന്തിര വിഭാഗത്തെയോ സന്ദർശിക്കേണ്ടതിന്റെ ആവശ്യം 77 ശതമാനമായി കുറഞ്ഞു” എന്ന് ടെക്നോളജി റിവ്യൂ പറയുന്നു. ആസ്ത്മ നിയന്ത്രിക്കുന്നതിനും പുകവലി ഒഴിവാക്കുന്നതിനുമായി കുട്ടികൾക്കു പരിശീലനം നൽകുന്നതിനു സമാനമായ വീഡിയോ കളികൾ രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുണ്ട്.
എയ്ഡ്സ് തേർവാഴ്ച തുടരുന്നു
സഹാറയ്ക്കു തെക്കുള്ള ആഫ്രിക്കൻ ഭാഗങ്ങളിൽ കഴിഞ്ഞ ദശകത്തിൽ ആയുർപ്രതീക്ഷ ഏകദേശം ആറു വർഷമായി കുറഞ്ഞിരിക്കുന്നു. അതു വീണ്ടും കുറയുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. കാരണം? ഈ ഭാഗങ്ങളിലെ രാജ്യങ്ങളിൽ “എയ്ഡ്സ് പകർച്ചവ്യാധി തേർവാഴ്ച തുടരുകയാണ്” എന്ന് ദ യുനെസ്കേ കുരിയർ റിപ്പോർട്ടു ചെയ്യുന്നു. ഇപ്പോൾ, ഈ മേഖലയിലെ ജനസംഖ്യയിൽ 10 ശതമാനത്തിലധികം എയ്ഡ്സ് രോഗാണു (എച്ച്ഐവി) ബാധിതരാണ്. എയ്ഡ്സ് രോഗാണു ബാധിതർ ഏറ്റവും കൂടുതലുള്ളത് ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, മലാവി, മൊസാമ്പിക്ക്, സാംബിയ, സിംബാബ്വേ എന്നിവിടങ്ങളിലാണ്. മാത്രമല്ല, “ആഫ്രിക്കയിൽ അനുദിനം 5,500 പേർ എയ്ഡ്സ് മൂലം മരിക്കുന്നു” എന്ന് ഐക്യരാഷ്ട്രങ്ങൾ പറയുന്നതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.
വേദപാഠം—ഒരു വൻ പരാജയം
വേദപാഠ ക്ലാസ്സുകളിൽ പങ്കുപറ്റിയിട്ടും 20 വയസ്സുകാർക്ക്, “ത്രിത്വവും കന്യാമറിയവും തമ്മിലുള്ള വ്യത്യാസം അറിഞ്ഞുകൂടാ” എന്ന് സിയെനയിലെ ആർച്ച് ബിഷപ്പായ ഗായേറ്റാനോ ബോനിച്ച്ലി ഈയിടെ അയച്ച ഒരു ഇടയലേഖനത്തിൽ അഭിപ്രായപ്പെട്ടു. മറ്റൊരു കർദിനാളായ റാറ്റ്സിംഗർ “വേദപാഠ വിപത്ത്” എന്ന് വിളിച്ചതിന്റെ പ്രതിഫലനമാണ് കത്തോലിക്കാ ഉപദേശങ്ങൾ സംബന്ധിച്ച അത്തരം അജ്ഞത എന്ന് ഇറ്റലിയിലെ മീലാനിലുള്ള കൊറിയെറേ ദേല്ലാ സേറാ റിപ്പോർട്ടു ചെയ്യുന്നു. സുവിശേഷ പ്രസംഗത്തിലേക്കു തിരിച്ചുവരാൻ ആർച്ച് ബിഷപ്പായ ബോനിക ബോനിച്ച്ലി ശുപാർശ ചെയ്യുന്നു. “ആ ഉദ്യമം അഥവാ സുവിശേഷപ്രസംഗം മാത്രമായിരിക്കും മൂന്നാം സഹസ്രാബ്ദത്തിൽ സഭയുടെ പ്രവർത്തനം.”
ധാർമികതയുടെ തിരിച്ചുവരവോ?
സമീപകാലത്തു ചൈനയിൽ നടത്തിയ ഒരു സർവേ അനുസരിച്ച്, “മുതിർന്ന ചൈനാക്കാർ വിവാഹബാഹ്യ ലൈംഗികതയുടെ കാര്യത്തിൽ അയഞ്ഞ മനോഭാവം കൈക്കൊള്ളവെ, കൗമാരപ്രായക്കാരിൽ അധികം പേരും അതിന് എതിരാണ്” എന്ന് ചൈനാ ടുഡേ മാസിക റിപ്പോർട്ടു ചെയ്യുന്നു. ഏകദേശം 8,000 ആളുകളെ ഉൾപ്പെടുത്തി നടത്തിയ അഭിപ്രായ വോട്ടെടുപ്പിനെ ആസ്പദമാക്കിയാണ് ഈ കണ്ടുപിടിത്തം. “വിവാഹബാഹ്യ ബന്ധങ്ങളിലൂടെ മറ്റുള്ളവരുടെ വിവാഹ ബന്ധങ്ങൾ തകർക്കുന്നവർ സാമ്പത്തികമായി അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിൽ ശിക്ഷിക്കപ്പെടണം എന്നു കൗമാരപ്രായക്കാരിൽ അഞ്ചിൽ മൂന്നു പേർ നിഷ്കർഷിച്ച”തായി ആ സർവേ വ്യക്തമാക്കി. “അതേസമയം, 37-നും 45-നും ഇടയ്ക്കു പ്രായമുള്ള 70 ശതമാനം പേർക്ക് അത്തരം നടപടികൾ ശിക്ഷാർഹമാണെന്ന അഭിപ്രായം ഉണ്ടായിരുന്നില്ല.”
അലസമായി വസ്ത്രങ്ങൾ ധരിച്ച് പള്ളിയിലേക്ക്
ഐക്യനാടുകളിൽ അലസമായി വസ്ത്രം ധരിച്ചുകൊണ്ടു പള്ളിയിൽ പോകുന്നവരുടെ സംഖ്യ വർധിച്ചുവരുന്നതായി ‘അസ്സോഷിയേറ്റഡ് പ്രസ്’ റിപ്പോർട്ടു ചെയ്യുന്നു. പള്ളിയിൽ പോകുന്നവർ ഷോർട്സോ ജീൻസോ അതുപോലുള്ള മറ്റു വസ്ത്രങ്ങളോ ധരിച്ചുകൊണ്ടു പള്ളി ശുശ്രൂഷകൾക്കു ഹാജരാകുന്നതു ചില പാസ്റ്റർമാരിൽ ബുദ്ധിമുട്ട് ഉളവാക്കുന്നു. പള്ളി അധികൃതർ വിഷമസന്ധിയിൽ ആണ്—നന്നായി വസ്ത്രധാരണം ചെയ്യാത്ത പുതിയ അംഗങ്ങളെ ഓടിച്ചുവിടാനോ പഴയ അംഗങ്ങളെ അകറ്റാനോ അവർ ആഗ്രഹിക്കുന്നില്ല. ഒരു സർവേ അനുസരിച്ച്, “30 ശതമാനത്തോളം അമേരിക്കക്കാർക്ക് അനൗപചാരികവും സമകാലികവുമായ പള്ളി ശുശ്രൂഷകളാണ് ഇഷ്ടം.” 21.5 ശതമാനം പേർ മാത്രമേ പരമ്പരാഗത ശുശ്രൂഷയെ അനുകൂലിക്കുന്നുള്ളൂ.
കൗമാര ഗർഭധാരണം സ്വീകാര്യം
“അവിവാഹിതരായ അമ്മമാരുടെ എണ്ണം ഒന്നിനൊന്ന് വർധിച്ചുവരുന്നതിന്റെ ഒരു പ്രധാന കാരണം സമൂഹത്തിന് അതു സ്വീകാര്യമാണ് എന്നതാണ്” എന്നു മെക്സിക്കോ സിറ്റിയിലെ ദ ന്യൂസ് പറയുന്നു. “അവിവാഹിത കൗമാരപ്രായക്കാരിലെ ഗർഭധാരണം എന്ന കളങ്കം തുടച്ചുനീക്കാൻ സമൂഹം അതികഠിനമായി ശ്രമിക്കുന്നതു പോലെ കാണപ്പെടുന്നു. അങ്ങനെ ചെയ്യവെ, സമൂഹം അതിനെ വാസ്തവത്തിൽ പ്രോത്സാഹിപ്പിക്കുകയാണ്.” ഈ വർധനവു കുറയ്ക്കാൻ കഴിയുമോ? പ്രസ്തുത ലേഖനം ഇങ്ങനെ പ്രസ്താവിക്കുന്നു: “പരസ്യ ഏജൻസികൾക്ക്, ഒരു പുകവലിക്കാരനെ ജ്ഞാനി ആയിട്ടല്ല മറിച്ച്, അധമനായി ചിത്രീകരിക്കാൻ കഴിയുന്നെങ്കിൽ, അമേരിക്കക്കാരുടെ ആഹാരക്രമം കൊഴുപ്പു കൂടിയതിൽനിന്നു കൊഴുപ്പു കുറഞ്ഞതാക്കി മാറ്റാൻ കഴിയുന്നെങ്കിൽ, ഹൈസ്കൂളിലായിരിക്കെ ഗർഭം ധരിക്കുകയെന്ന കൗമാരപ്രായക്കാരികളുടെ ധാരണ വിഡ്ഢിത്തവും ദോഷകരവുമാണെന്ന് അവർക്കു മനസ്സിലാക്കിക്കൊടുക്കാൻ കഴിയും.”
ദയാപ്രവൃത്തികളുടെ ചാർട്ട്
“ഏകദേശം 4 വയസ്സുവരെ എങ്കിലും കുട്ടികൾ അടിസ്ഥാനപരമായി സ്വാർഥചിന്താഗതിക്കാരാണ്. സമാനുഭാവം പ്രകടിപ്പിക്കാനുള്ള പ്രാപ്തി അവരിൽ വളർന്നുവരാൻ തുടങ്ങുന്നത് ആ പ്രായത്തിലാണ്” എന്ന് ദ ടൊറന്റോ സ്റ്റാറിലെ ഒരു റിപ്പോർട്ട് പറയുന്നു. മറ്റുള്ളവരിൽ താത്പര്യം വളർത്തിയെടുക്കാൻ കുട്ടികളെ സഹായിക്കേണ്ടതിനു വീട്ടിൽ വെച്ചുതന്നെ അവർക്കു ദയാപ്രവൃത്തികൾക്കുള്ള പരിശീലനം നൽകാൻ നിർദേശിക്കപ്പെടുന്നു. തങ്ങൾ ദിവസേന സ്വമേധയാ ചെയ്യുന്ന രണ്ടു ദയാപ്രവൃത്തികൾ എങ്കിലും കുടുംബാംഗങ്ങൾക്ക് ഒരു ചാർട്ടിൽ രേഖപ്പെടുത്താവുന്നതാണ്. കുട്ടികൾ ദയാപ്രവൃത്തികൾ ചെയ്യുന്നതു കാണുന്ന മാതാപിതാക്കൾക്ക് അതും ചാർട്ടിൽ രേഖപ്പെടുത്താവുന്നതാണ്. നിരവധി സ്കൂളുകൾ മുട്ടാളത്തരത്തെ തടയുന്നതിന് അത്തരം ചാർട്ടുകൾ ഉപയോഗിക്കുന്നുണ്ട്. മറ്റു കുട്ടികൾ ദയാപ്രവൃത്തികൾ ചെയ്യുന്നതായി കാണുമ്പോൾ അതു രേഖപ്പെടുത്താൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നു. ആ റിപ്പോർട്ട് അനുസരിച്ച്, “അനുകമ്പ എന്ന ഗുണം തിരിച്ചറിയാൻ അതു കുട്ടികളെ സഹായിക്കുന്നു. അനുകമ്പ ഉണ്ടായിരിക്കുന്നതിനും മറ്റുള്ളവരോട് അതു പ്രകടിപ്പിക്കുന്നതിനുമുള്ള നിർണായക പടിയാണ് അത്.”