മനുഷ്യന്റെ ഭാവി സംബന്ധിച്ച അന്വേഷണം
വിധിവിശ്വാസം ഇത്ര വ്യാപകമായിരിക്കുന്നത് എന്തുകൊണ്ടാണ്? ജീവിതത്തിലെ ദുരൂഹതകളുടെ ചുരുളഴിക്കാനും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങൾക്കു പിന്നിൽ എന്തെങ്കിലും ഉദ്ദേശ്യമുണ്ടോ എന്നു കണ്ടെത്താനും യുഗങ്ങളിലുടനീളം മനുഷ്യൻ ശ്രമിച്ചിട്ടുണ്ട്. “ഈ സന്ദർഭത്തിലാണ്, പ്രസ്തുത സംഭവവികാസങ്ങൾ വ്യക്തിത്വമുള്ള ഒരു ശക്തിയുടെയോ ഒരു അമൂർത്ത ശക്തിയുടെയോ അതുമല്ലെങ്കിൽ ഇതിൽ രണ്ടിലും പെടാത്ത ഒന്നിന്റെയോ പ്രവർത്തനഫലമാണ് എന്ന വിശ്വാസത്തെ കേന്ദ്രീകരിച്ച് ‘ദൈവം,’ ‘വിധി,’ ‘യാദൃശ്ചികത’ എന്നിവയെല്ലാം രംഗത്തു വരുന്നത്,” ചരിത്രകാരനായ ഹെൽമർ റിങ്ഗ്രെൻ വിവരിക്കുന്നു. വിധിയെയും തലയിലെഴുത്തിനെയും സംബന്ധിച്ച വിശ്വാസങ്ങളും ഐതിഹ്യങ്ങളും സങ്കൽപ്പങ്ങളും കൊണ്ട് ചരിത്രത്തിന്റെ ഏടുകൾ നിറഞ്ഞിരിക്കുന്നു.
അസീറിയൻ പുരാണങ്ങളെ കുറിച്ചു ഗവേഷണം ചെയ്യുന്ന ഷാൻ ബൊട്ടേറൊ പറയുന്നു: “നമ്മുടെ സംസ്കാരത്തിന്റെ എല്ലാ വശങ്ങളെയും ഒരു വലിയ അളവുവരെ രൂപപ്പെടുത്തിയിരിക്കുന്നത് മെസപ്പൊട്ടോമിയൻ സംസ്കാരമാണ്.” “പ്രകൃത്യതീത ശക്തിയോടുള്ള മനുഷ്യന്റെ ഏറ്റവും പുരാതനമായ പ്രതികരണങ്ങൾ, അതേ കുറിച്ചുള്ള ആശയങ്ങൾ, ഏറ്റവും പുരാതനമായ മതഘടന എന്നിവയ്ക്കുള്ള തെളിവുകൾ” നാം കാണുന്നത് പുരാതന മെസപ്പൊട്ടോമിയയിൽ അഥവാ ബാബിലോണിൽ ആണ് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. വിധിവിശ്വാസത്തിന്റെ വേരുകൾ കാണപ്പെടുന്നതും അവിടെതന്നെ.
വിധിവിശ്വാസത്തിന്റെ ഉത്ഭവം
ഇന്നത്തെ ഇറാക്കിലെ പുരാതന മെസപ്പൊട്ടോമിയൻ ശൂന്യശിഷ്ടങ്ങൾക്കിടയിൽ നിന്ന്, അറിയപ്പെടുന്നതിലേക്കും ഏറ്റവും പഴക്കമുള്ള ചില ലിഖിതങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെടുത്തിട്ടുണ്ട്. ആയിരക്കണക്കിനു ക്യൂണിഫോം ഫലകങ്ങൾ നമുക്ക് സുമേർ, അക്കാദ് എന്നിവിടങ്ങളിലെയും പ്രസിദ്ധ നഗരമായ ബാബിലോണിലെയും ആളുകളുടെ ജീവിതത്തെ കുറിച്ചു വ്യക്തമായ ഒരു ചിത്രം നൽകുന്നു. പുരാവസ്തു ഗവേഷകനായ സാമുവേൽ എൻ. ക്രേമർ പറയുന്നതനുസരിച്ച്, “മനുഷ്യന്റെ കഷ്ടപ്പാടുകളെ കുറിച്ചുള്ള, വിശേഷിച്ചും അതിന്റെ അജ്ഞാത കാരണങ്ങളെ കുറിച്ചുള്ള ചിന്ത” സുമേറിയക്കാരെ “അലട്ടിയിരുന്നു.” ഉത്തരങ്ങൾക്കായുള്ള അവരുടെ അന്വേഷണം വിധി എന്ന സങ്കൽപ്പത്തിലേക്കു നയിച്ചു.
“ബാബിലോണിലെ ഓരോ വ്യക്തിക്കും സ്വന്തമായി ഒരു ദേവനോ ദേവിയോ ഉണ്ടായിരുന്നു” എന്ന് പുരാവസ്തു ഗവേഷകയായ ജോവാൻ ഓട്ട്സ് ബാബിലോൺ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ പറയുന്നു. ദൈവങ്ങൾ “മനുഷ്യരുടെ—വ്യക്തികളെന്ന നിലയിലും കൂട്ടമെന്ന നിലയിലും—ഭാവി നിർണയിക്കുന്നു” എന്ന് ബാബിലോണിയർ വിശ്വസിച്ചു. ക്രേമർ പറയുന്നതനുസരിച്ച്, “പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ദൈവങ്ങൾ തിന്മയും നുണയും അക്രമവും മാനവ സമൂഹത്തിന്റെ അവിഭാജ്യ ഘടകങ്ങളാക്കാൻ ആസൂത്രണങ്ങൾ ചെയ്ത് അവ നടപ്പിലാക്കി”യതായി സുമേറിയക്കാർ വിശ്വസിച്ചിരുന്നു. വിധിവിശ്വാസം വ്യാപകമായിരുന്നു, ആളുകൾ അതിന് വലിയ മൂല്യം കൽപ്പിക്കുകയും ചെയ്തിരുന്നു.
“ദൈവങ്ങളുമായി ആശയവിനിമയം നടത്താനുള്ള ഒരു ഉപാധി”യായ ഭാവികഥന വിദ്യയിലൂടെ അവരുടെ പദ്ധതികൾ എന്താണെന്നു കണ്ടുപിടിക്കാൻ കഴിയുമെന്ന് ബാബിലോണിയർ കരുതി. ഭാവികഥന വിദ്യയിൽ, വസ്തുക്കളും സംഭവങ്ങളും നിരീക്ഷിക്കുകയും അവയെ വ്യാഖ്യാനിക്കുകയും ചെയ്തുകൊണ്ട് ഭാവി അറിയാൻ ശ്രമിക്കുന്നത് ഉൾപ്പെട്ടിരുന്നു. സ്വപ്നങ്ങൾ, മൃഗങ്ങളുടെ പെരുമാറ്റം, അവയുടെ ആന്തര അവയവങ്ങൾ എന്നിവയെല്ലാം സാധാരണ പരിശോധിക്കുമായിരുന്നു. (യെഹെസ്കേൽ 21:21 താരതമ്യം ചെയ്യുക; ദാനീയേൽ 2:1-4.) ഭാവി വെളിപ്പെടുത്തുന്നതെന്നു പറയപ്പെട്ടിരുന്ന അപ്രതീക്ഷിതമോ അസാധാരണമോ ആയ സംഭവങ്ങൾ കളിമൺ ഫലകങ്ങളിൽ രേഖപ്പെടുത്തി വെക്കുമായിരുന്നു.
പുരാതന കാലത്തെ ആളുകളുടെ സംസ്കാരങ്ങളെ കുറിച്ചു ഗവേഷണം നടത്തുന്ന ഏഡ്വർ ദോറം എന്ന ഫ്രഞ്ചുകാരൻ പറയുന്നതനുസരിച്ച്, “നാം മെസപ്പൊട്ടോമിയൻ ചരിത്രത്തിന്റെ എത്ര പഴക്കമേറിയ ഏടുകൾ പരിശോധിച്ചാലും, ആ ദേശക്കാർ പ്രവചനം, ഭാവികഥനം എന്നിവയിൽ ഏർപ്പെട്ടിരുന്നതിനുള്ള തെളിവുകൾ കാണാം.” ഭാവികഥനം അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. “ഏതൊരു വസ്തുവും ഭാവികഥന നിർണയത്തിനായി ഉപയോഗിക്കാമെന്നു കരുതപ്പെട്ടിരുന്നു . . . സൂക്ഷ്മ പരിശോധനയിലൂടെ ഏതെങ്കിലുമൊക്കെ വിധത്തിൽ ഭാവിയെ കുറിച്ചു മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു തെളിവായിട്ടാണ് മുഴു ഭൗതിക പ്രപഞ്ചത്തെയും വീക്ഷിച്ചിരുന്നത്.” മെസപ്പൊട്ടോമിയക്കാർ ഭാവി മുൻകൂട്ടി അറിയാനുള്ള ഒരു മാർഗമെന്ന നിലയിൽ ജ്യോതിഷത്തെ വളരെയധികം ആശ്രയിച്ചിരുന്നു.—യെശയ്യാവു 47:13 താരതമ്യം ചെയ്യുക.
അതിനു പുറമേ ബാബിലോണിയർ ഭാവികഥന വിദ്യയുടെ ഭാഗമായി പകിടകൾ അല്ലെങ്കിൽ നറുക്കുകൾ ഉപയോഗിച്ചിരുന്നു. “മനുഷ്യരുടെ ഇടപെടൽ ഇല്ലാതാക്കിക്കൊണ്ട് ദൈവങ്ങൾക്ക് തങ്ങളുടെ ദിവ്യഹിതം വെളിപ്പെടുത്താൻ വ്യക്തമായ ഒരു സരണി തുറന്നുകൊടുക്കുക” എന്നതായിരുന്നു ലക്ഷ്യം എന്ന് റാൻഡംനെസ്സ് എന്ന തന്റെ പുസ്തകത്തിൽ ദെബോറ ബെന്നെറ്റ് പറയുന്നു. എങ്കിലും, ദൈവങ്ങളുടെ തീരുമാനങ്ങൾ തീർത്തും അന്തിമമാണെന്ന് അവർ കരുതിയിരുന്നില്ല. ദുർവിധി ഒഴിവാക്കാനുള്ള സഹായത്തിനായി അവർക്കു ദൈവങ്ങളോട് അപേക്ഷിക്കാമായിരുന്നു.
പുരാതന ഈജിപ്തിലെ വിധിവിശ്വാസം
പൊ.യു.മു. 15-ാം നൂറ്റാണ്ടിൽ ബാബിലോണും ഈജിപ്തും അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇരു ദേശങ്ങളും പരസ്പരം കൈമാറിയ സംസ്കാരങ്ങളുടെ കൂട്ടത്തിൽ വിധിയുമായി ബന്ധപ്പെട്ട മതാനുഷ്ഠാനങ്ങളും ഉൾപ്പെടുകയുണ്ടായി. ഈജിപ്തുകാർ വിധിവിശ്വാസം സ്വീകരിച്ചത് എന്തുകൊണ്ടായിരുന്നു? ഓക്സ്ഫോർഡ് സർവകലാശാലയിലെ ഈജിപ്ഷ്യൻ പൗരാണ ഗവേഷകനായ പ്രൊഫസർ ജോൺ ആർ. ബേൻസ് പറയുന്ന പ്രകാരം, “പ്രവചനാതീതവും ദൗർഭാഗ്യകരവുമായ സംഗതികൾ ഗ്രഹിക്കുകയും അവയോടു പ്രതികരിക്കുകയും ചെയ്യേണ്ടത് എങ്ങനെ എന്നതിൽ [ഈജിപ്ഷ്യൻ] മതത്തിനു വളരെ താത്പര്യം ഉണ്ടായിരുന്നു.”
ഈജിപ്തിലെ അസംഖ്യം ദേവീദേവന്മാരിൽ ഒരുവളായ ഐസിസിനെ “ജീവന്റെ ഉടമസ്ഥയും വിധിയുടെയും ഭാവിയുടെയും ഭരണാധികാരിണിയു”മായി വിശേഷിപ്പിച്ചിരുന്നു. ഈജിപ്തുകാർ ഭാവികഥനവും ജ്യോതിഷവും പിൻപറ്റിയിരുന്നു. (യെശയ്യാവു 19:3 താരതമ്യം ചെയ്യുക.) ഒരു ചരിത്രകാരൻ പറയുന്നു: “ദൈവങ്ങളെ ചോദ്യം ചെയ്യുന്നതിൽ അവർ അത്യുത്സാഹികൾ ആയിരുന്നു.” എന്നാൽ, ബാബിലോണിൽനിന്ന് ഈ ആശയം കടമെടുത്തത് ഈജിപ്തുകാർ മാത്രമായിരുന്നില്ല.
ഗ്രീസും റോമും
മതപരമായ വിഷയങ്ങളുടെ കാര്യത്തിൽ “ബാബിലോണിന്റെ സ്വാധീനവലയത്തിൽനിന്ന് പുരാതന ഗ്രീസും രക്ഷപ്പെട്ടില്ല,” ജീൻ ബോട്ടെറോ അഭിപ്രായപ്പെട്ടു. വിധിവിശ്വാസം ഗ്രീസിൽ ഇത്രയ്ക്കു പ്രചാരമാർജിച്ചത് എന്തുകൊണ്ടെന്ന് പ്രൊഫസർ പീറ്റർ ഗ്രീൻ വിശദീകരിക്കുന്നു: “ആളുകൾ തങ്ങളുടെ തീരുമാനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഒന്നിനൊന്ന് വിമുഖത കാട്ടുകയും ദുരൂഹവും നിർദയവുമായ രീതിയിൽ വിധി തട്ടിക്കളിക്കുന്ന വെറും കളിപ്പന്തുകളാണ് തങ്ങളെന്നു കരുതുകയും ചെയ്തിരുന്ന ഒരു ലോകത്തിൽ വ്യക്തികളുടെ ഭാവി നിർണിക്കുന്നതിനുള്ള ഒരു മാർഗമായിരുന്നു ദിവ്യ അരുളപ്പാടുകൾ [ദൈവനിശ്ചിത വിധി]. പ്രത്യേക കഴിവോ ഉൾക്കാഴ്ചയോ ഉണ്ടെങ്കിൽ വിധിനിശ്ചയം മുൻകൂട്ടി പറയാൻ ഒരു വ്യക്തിക്കു കഴിയുമായിരുന്നു. കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ ആയിരിക്കണമെന്നില്ല അവയെങ്കിലും ചുരുങ്ങിയപക്ഷം ജാഗ്രതയോടെയിരിക്കാൻ തക്കവണ്ണം അത് ആളുകൾക്കു മുന്നറിയിപ്പു നൽകിയിരുന്നു.”
ആളുകൾക്കു ഭാവിയെ കുറിച്ച് ഉറപ്പു നൽകുന്നതിനു പുറമേ കുത്സിതമായ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്നതിനും വിധിവിശ്വാസം ഉതകിയിട്ടുണ്ട്. വിധിസങ്കൽപ്പം ജനങ്ങളെ അടക്കിഭരിക്കുന്നതിന് ചിലരെ സഹായിച്ചു. അക്കാരണത്താൽ “ലോകം പൂർണമായും നയിക്കപ്പെടുന്നത് ദിവ്യമാർഗനിർദേശത്താൽ ആണെന്ന വിശ്വാസം സമൂഹത്തിലെ ഭരണവർഗത്തിന് ആകർഷകമായി തോന്നി” എന്നു ചരിത്രകാരനായ എഫ്. എച്ച്. സാൻഡ്ബാക്ക് പറയുന്നു.
കാരണം? പ്രൊഫസർ ഗ്രീൻ വിശദമാക്കുന്നു: “[ഈ വിശ്വാസം] സാമൂഹികവും രാഷ്ട്രീയവുമായ വ്യവസ്ഥിതിക്കു വേണ്ടി കെട്ടിച്ചമച്ച ഒരു ന്യായീകരണം—ധാർമികവും ദൈവശാസ്ത്രപരവും സൂചനാർഥപരവുമായ ഒന്ന്—ആയിരുന്നു: ഗ്രീക്ക് ഭരണവർഗം സ്വന്തം നിലനിൽപ്പിനായി രൂപം നൽകിയിട്ടുള്ളതിൽവെച്ച് ഏറ്റവും ശക്തവും കുടിലവുമായ തന്ത്രങ്ങളിൽ ഒന്നായിരുന്നു അത്. എന്തു സംഭവിച്ചാലും അതു വിധിയാണെന്നായിരുന്നു ധാരണ; പ്രകൃതിശക്തികൾ എല്ലായ്പോഴും മനുഷ്യന്റെ നന്മ കാംക്ഷിക്കുന്നതിനാൽ വിധിനിശ്ചയം എന്തായിരുന്നാലും അത് അവന്റെ നന്മയ്ക്കായി ഭവിക്കുമെന്നു വിശ്വസിക്കപ്പെട്ടിരുന്നു.” വാസ്തവത്തിൽ അത് “കടുത്ത സ്വാർഥ താത്പര്യങ്ങൾക്കുള്ള ന്യായീകരണ”മായി ഉതകി.
വിധിവിശ്വാസം പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു എന്നു ഗ്രീക്ക് സാഹിത്യം വെളിപ്പെടുത്തുന്നു. ഗ്രീക്കുകാരുടെ പുരാതന സാഹിത്യരൂപങ്ങളായ മഹാകാവ്യങ്ങൾ, ഇതിഹാസങ്ങൾ, ദുഃഖപര്യവസായിയായ നാടകങ്ങൾ എന്നിവയിലൊക്കെ വിധിസങ്കൽപ്പം കഥാഗതിയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമായിരുന്നു. ഗ്രീക്കു പുരാണങ്ങളിൽ, മൊയ്റൈ എന്നു വിളിക്കപ്പെട്ട ഒരു ദൈവത്രയത്തിലെ മൂന്നു ദേവിമാരായിരുന്നു മനുഷ്യന്റെ വിധി തീരുമാനിച്ചിരുന്നത്. ജീവിതമെന്ന നൂൽനൂൽക്കുന്നത് ക്ലൊഥൊയും അതിന്റെ ദൈർഘ്യം നിശ്ചയിക്കുന്നത് ലാച്ചെസിസും അനുവദിച്ച സമയം തീരുമ്പോൾ അതു മുറിക്കുന്നത് ആട്രോപ്പോസും ആയിരുന്നു. റോമാക്കാർക്കും പാർക്കൈ എന്ന ഒരു സമാന ദൈവത്രയം ഉണ്ടായിരുന്നു.
തങ്ങളുടെ വിധി എന്താണെന്ന് അറിയാൻ റോമാക്കാരും ഗ്രീക്കുകാരും വളരെ ആകാംക്ഷയുള്ളവർ ആയിരുന്നു. അതുകൊണ്ട് അവർ ബാബിലോണിൽനിന്ന് ജ്യോതിഷവും ഭാവികഥന വിദ്യയും കടമെടുത്ത് അവയെ വികസിപ്പിച്ചു. ഭാവി മുൻകൂട്ടി പറയാൻ സഹായിച്ചിരുന്ന സംഭവങ്ങളെ റോമാക്കാർ അടയാളങ്ങൾ എന്നർഥമുള്ള പോർട്ടെന്റ എന്നാണു വിളിച്ചിരുന്നത്. ഈ അടയാളങ്ങൾ നൽകിയ സന്ദേശങ്ങളെ ഓമിന എന്നും. പൊ.യു.മു. 3-ാം നൂറ്റാണ്ടോടെ ജ്യോതിഷം ഗ്രീസിൽ പ്രചാരമാർജിച്ചിരുന്നു. പൊ.യു.മു. 62-ലാണ് അറിയപ്പെടുന്നതിൽ വെച്ച് ആദ്യത്തെ ഗ്രീക്ക് ജാതകം പ്രത്യക്ഷപ്പെട്ടത്. ഗ്രീക്കുകാർ ജ്യോതിഷത്തിൽ അതീവ തത്പരർ ആയിരുന്നതുകൊണ്ട്, “ഒരു വിദൂരദ്വീപിലെ നിവാസികൾക്ക് പുതിയൊരു രോഗം പിടിപെടുന്നതുപോലെ അത് അവരുടെ ഇടയിൽ പടർന്നു പിടിച്ചു” എന്നു പ്രൊഫസർ ഗിൽബർട്ട് മറി പറയുന്നു.
ഭാവി അറിയാനായി ഗ്രീക്കുകാരും റോമാക്കാരും വെളിച്ചപ്പാടുകളുടെ അല്ലെങ്കിൽ മധ്യവർത്തികളുടെ സഹായം തേടിയിരുന്നു. ഇവരിലൂടെ ദൈവങ്ങൾ മനുഷ്യരോട് ആശയവിനിമയം നടത്തുന്നതായി അവർ കരുതിപ്പോന്നു. (പ്രവൃത്തികൾ 16:16-19 താരതമ്യം ചെയ്യുക.) ഈ വിശ്വാസങ്ങളുടെ ഫലം എന്തായിരുന്നു? തത്ത്വചിന്തകനായ ബെർട്രൻഡ് റസ്സൽ ഇങ്ങനെ പറഞ്ഞു: “ഭയം പ്രത്യാശയുടെ സ്ഥാനം കയ്യടക്കി; ക്രിയാത്മകമായ എന്തെങ്കിലും ചെയ്യുക എന്നതല്ല, പകരം ദുർവിധിയിൽനിന്നു രക്ഷപ്പെടുക എന്നതായിത്തീർന്നു ജീവിതലക്ഷ്യം.” ഇത്തരം കാര്യങ്ങൾ ക്രൈസ്തവലോകത്തിലും വിവാദ വിഷയങ്ങളായി മാറി.
വിധിയെ കുറിച്ചുള്ള “ക്രിസ്തീയ” സംവാദങ്ങൾ
ഭാവിയെയും വിധിയെയും കുറിച്ചുള്ള ഗ്രീക്ക്, റോമാ വിശ്വാസങ്ങൾ ശക്തമായി സ്വാധീനം ചെലുത്തിയിരുന്ന ഒരു തലമുറയിലാണ് ആദിമ ക്രിസ്ത്യാനികൾ ജീവിച്ചിരുന്നത്. ഉദാഹരണത്തിന്, സഭാ പിതാക്കന്മാർ എന്നു വിളിക്കപ്പെട്ടവർ അരിസ്റ്റോട്ടിൽ, പ്ലേറ്റോ തുടങ്ങിയ ഗ്രീക്ക് തത്ത്വചിന്തകരുടെ കൃതികളിൽനിന്നു വളരെയധികം ആശയങ്ങൾ കടമെടുത്തു. സർവജ്ഞാനിയും സർവശക്തനുമായ, ‘ആരംഭത്തിങ്കൽ തന്നേ അവസാനം’ പറയുന്നവനായ ദൈവം എന്ന ആശയത്തെ സ്നേഹസമ്പന്നനായ ദൈവം എന്ന ആശയവുമായി പൊരുത്തപ്പെടുത്താൻ എങ്ങനെ കഴിയും എന്നതായിരുന്നു അവർ പരിഹരിക്കാൻ ശ്രമിച്ച ഒരു പ്രശ്നം. (യെശയ്യാവു 46:10; 1 യോഹന്നാൻ 4:8) ആരംഭത്തിൽത്തന്നെ ദൈവത്തിന് അവസാനം അറിയാമായിരുന്നെങ്കിൽ, തീർച്ചയായും അവന് പാപത്തിലേക്കുള്ള മനുഷ്യന്റെ വീഴ്ചയെയും അതിന്റെ ദുരന്തപൂർണമായ പരിണത ഫലങ്ങളെയും കുറിച്ച് മുൻകൂട്ടി അറിയാമായിരുന്നിരിക്കണം എന്ന് അവർ ന്യായവാദം ചെയ്തു.
എന്നാൽ, മനസ്സിൽ പിടിക്കേണ്ട സുപ്രധാന സംഗതികളിൽ ഒന്ന് ഇച്ഛാസ്വാതന്ത്ര്യം എന്ന ആശയം ആണെന്ന് പ്രഗത്ഭരായ ആദ്യകാല ക്രിസ്തീയ എഴുത്തുകാരിൽ ഒരുവനായിരുന്ന ഓറിജൻ വാദിച്ചു. “മനുഷ്യന് ഇച്ഛാസ്വതന്ത്ര്യം ഉണ്ടെന്നു വളരെ വ്യക്തമായി കാണിക്കുന്ന നിരവധി ഭാഗങ്ങൾ തീർച്ചയായും തിരുവെഴുത്തുകളിൽ ഉണ്ട്,” അദ്ദേഹം എഴുതി.
നമ്മുടെ പ്രവൃത്തികൾക്ക് ഉത്തരവാദി ബാഹ്യമായ ഏതോ ശക്തിയാണെന്നു പറയുന്നത് “ശരിയോ ന്യായയുക്തമോ അല്ല. പ്രത്യുത, അത് ഇച്ഛാസ്വാതന്ത്ര്യം എന്ന ആശയത്തെ എതിർക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെ കണ്ടുപിടിത്തമാണ്” എന്ന് ഓറിജൻ പറഞ്ഞു. ഓരോരോ കാലത്തും എന്തൊക്കെ സംഭവിക്കുമെന്നു മുൻകൂട്ടി അറിയാൻ ദൈവത്തിനു സാധിക്കുമെങ്കിലും, അവൻ ഒരു പ്രത്യേക സംഭവം നടക്കാൻ ഇടയാക്കുകയോ അല്ലെങ്കിൽ അതു സംഭവിക്കാൻ തക്കവണ്ണം എന്തെങ്കിലും കരുക്കൾ നീക്കുകയോ ചെയ്യുന്നു എന്ന് അതിന് അർഥമില്ലെന്ന് ഓറിജൻ വാദിച്ചു. എന്നാൽ എല്ലാവരും അതിനോടു യോജിച്ചില്ല.
സഭാപിതാവായിരുന്ന അഗസ്റ്റിൻ, ജീവിതത്തിലുണ്ടാകുന്ന കാര്യങ്ങളിൽ ഇച്ഛാസ്വാതന്ത്ര്യത്തിനുള്ള പങ്കിനെ കുറച്ചുകാണിച്ചുകൊണ്ട് (പൊ.യു. 354-430) ഈ വാദഗതിയെ സങ്കീർണമാക്കി. ജനസ്വാധീനമുള്ള ഒരു വ്യക്തിയായിരുന്ന അദ്ദേഹം, ക്രൈസ്തവലോകത്തിൽ മുൻനിർണയ വിശ്വാസത്തിനു ദൈവശാസ്ത്രപരമായ അടിസ്ഥാനം നൽകി. അദ്ദേഹത്തിന്റെ കൃതികൾ, വിശേഷിച്ചും ദെ ലിബെറോ ആർബിറ്റ്റ്യോ, മധ്യയുഗങ്ങളിൽ വളരെയധികം വിവാദങ്ങൾക്കു വഴിതെളിച്ചു. ഇത് മതനവീകരണത്തിൽ കലാശിച്ചു. മുൻനിർണയം എന്ന പഠിപ്പിക്കലിനെപ്രതി ക്രൈസ്തവലോകത്തിൽ വലിയ പിളർപ്പുണ്ടാകുകയും ചെയ്തു.a
വ്യാപകമായ വിശ്വാസം
വിധിവിശ്വാസവുമായി ബന്ധപ്പെട്ട ആശയങ്ങൾ പാശ്ചാത്യ ലോകത്തു മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ, അതു തലയിൽ വരച്ചിരിക്കുന്നതാണ് എന്ന അർഥത്തിൽ മെക്തൂബ് എന്ന പദം മുസ്ലീങ്ങൾ ഉപയോഗിക്കാറുണ്ട്. ഇത് വിധിയിലുള്ള അവരുടെ വിശ്വാസം പ്രകടമാക്കുന്നു. പൂർവ ദേശത്തെ പല മതങ്ങളും, ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന കാര്യങ്ങളിൽ അയാൾക്കുള്ള പങ്കിനെ ഊന്നിപ്പറയുന്നു എന്നതു ശരിയാണെങ്കിലും അവയുടെ പഠിപ്പിക്കലുകളിൽ വിധിവിശ്വാസത്തിന്റെ തെളിവുകൾ കാണാം.
ഉദാഹരണത്തിന്, മുജ്ജന്മ പ്രവൃത്തികളുടെ ഫലം അനുഭവിക്കേണ്ടത് അനിവാര്യമാണെന്ന വിശ്വാസമാണ് ഹിന്ദുമതത്തിലെയും ബുദ്ധമതത്തിലെയും കർമഫല സിദ്ധാന്തത്തിന് ആധാരം. ചൈനയിൽ കണ്ടെത്തിയിട്ടുള്ള ഏറ്റവും പുരാതനമായ ലിഖിതങ്ങൾ ഭാവികഥന വിദ്യക്ക് ഉപയോഗിച്ചിരുന്ന ആമയുടെ തോടിന്മേലുള്ളവയാണ്. അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ ആദിവാസികൾക്കും വിധിവിശ്വാസം ഉണ്ടായിരുന്നു. ഉദാഹരണത്തിന് ആസ്ടെക്കുകാർ വ്യക്തികളുടെ ഭാവി കാണിക്കുന്ന ഭാവികഥന കലണ്ടറുകൾ ഉണ്ടാക്കിയിരുന്നു. വിധിവിശ്വാസം ആഫ്രിക്കയിലും സർവസാധാരണമാണ്.
വിധിവിശ്വാസത്തിനു പരക്കെയുള്ള അംഗീകാരം വാസ്തവത്തിൽ ഒരു ഉയർന്ന ശക്തിയിൽ വിശ്വസിക്കാനുള്ള അടിസ്ഥാനപരമായ ആവശ്യം മനുഷ്യനുണ്ടെന്നു കാണിക്കുന്നു. മനുഷ്യന്റെ മതങ്ങൾ എന്ന തന്റെ ഇംഗ്ലീഷ് പുസ്തകത്തിൽ ജോൺ ബി. നോസ് സമ്മതിക്കുന്നു: “മനുഷ്യന് തന്നെത്താൻ സ്ഥിതി ചെയ്യാൻ കഴിയില്ലെന്നും അവൻ തന്നെത്താൻ അല്ല സ്ഥിതി ചെയ്യുന്നതെന്നും എല്ലാ മതങ്ങളും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പറയുന്നുണ്ട്. പ്രകൃതിശക്തികളുമായും ചുറ്റുമുള്ള സമൂഹവുമായും അവന് അഭേദ്യമായ ബന്ധമുണ്ട്. അവൻ അവയെ ആശ്രയിക്കുന്നു. ലോകത്തിൽനിന്നു വേറിട്ടു നിൽക്കാൻ കഴിയുന്ന സ്വതന്ത്രമായ ഒരു കേന്ദ്ര ശക്തിയല്ല താൻ എന്ന ബോധം അസ്പഷ്ടമായോ പ്രസ്പഷ്ടമായോ അവനുണ്ട്.”
ദൈവത്തിൽ വിശ്വസിക്കുകയെന്ന ആവശ്യത്തിനു പുറമേ, നമുക്കു ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയാനുള്ള അടിസ്ഥാനപരമായ ഒരു ആവശ്യവും നമുക്കുണ്ട്. എങ്കിലും, സർവശക്തനായ ഒരു സ്രഷ്ടാവിനെ അംഗീകരിക്കുന്നതും മാറ്റം വരുത്താനാകാത്ത വിധത്തിൽ അവൻ നമ്മുടെ വിധി നിശ്ചയിച്ചിരിക്കുന്നു എന്നു വിശ്വസിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. നമ്മുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നമുക്ക് എന്തു പങ്കുണ്ട്? അതിൽ ദൈവത്തിന് എന്തു പങ്കാണുള്ളത്?
[അടിക്കുറിപ്പുകൾ]
a ഇതിന്റെ കൂട്ടുമാസികയായ വീക്ഷാഗോപുരത്തിന്റെ 1995 ഫെബ്രുവരി 15 ലക്കം 3, 4 പേജുകൾ കാണുക.
[5-ാം പേജിലെ ചിത്രം]
ഒരു ബാബിലോണിയൻ ജ്യോതിഷ കലണ്ടർ, പൊ.യു.മു. 1000
[കടപ്പാട്]
Musée du Louvre, Paris
[7-ാം പേജിലെ ചിത്രം]
മൂന്നു ദേവിമാർ മനുഷ്യന്റെ ഭാവി നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നതായി ഗ്രീക്കുകാരും റോമാക്കാരും വിശ്വസിച്ചിരുന്നു
[കടപ്പാട]
Musée du Louvre, Paris
[7-ാം പേജിലെ ചിത്രം]
ഈജിപ്തിലെ ഐസിസ്, “വിധിയുടെയും ഭാവിയുടെയും ഭരണാധികാരിണി” ആണ്
[കടപ്പാട്]
Musée du Louvre, Paris
[8-ാം പേജിലെ ചിത്രം]
ഭാവികഥനത്തിനായി ഉപയോഗിച്ചിരുന്ന ആമത്തോടിന്മേലുള്ള പുരാതന ചൈനീസ് ലിഖിതങ്ങൾ
[കടപ്പാട്]
Institute of History and Philology, Academia Sinica, Taipei
[8-ാം പേജിലെ ചിത്രം]
ഈ പേർഷ്യൻ പെട്ടിമേൽ കാണുന്നത് രാശിചക്ര ചിഹ്നങ്ങളാണ്
[കടപ്പാട്]
Photograph taken by courtesy of the British Museum