അപകടങ്ങൾ—വിധിയോ സാഹചര്യങ്ങളോ?
സുന്ദരിയായ യുവ മോഡലായിരുന്ന ക്രിസ്ററീനാ, ബ്രസീലിലെ സാവങ്പോളോയിൽ തിരക്കുള്ള നാവേ ഡി സുയോ അവന്യൂ കുറുകെ കടക്കുമ്പോൾ സമീപിച്ചുകൊണ്ടിരുന്ന ബസ് അവൾ കണ്ടില്ല. ഡ്രൈവർ വണ്ടി നിർത്താൻ കിണഞ്ഞു ശ്രമിച്ചു, എന്നാൽ വൈകിപ്പോയിരുന്നു. ക്രിസ്ററീനായുടെ മുകളിലൂടെ വണ്ടി കയറി അവൾ മരിച്ചു.
ഈ ദാരുണമായ അപകടം ബ്രസീലിയൻ പത്രമായ യു എസ്ററാ ഡോ ഡി എസ്. പോളോയുടെ (ജൂലൈ 29, 1990) മുൻപേജിൽ റിപ്പോർട്ടു വരാനിടയാക്കി. എന്നിരുന്നാലും അത് ബ്രസീലിൽ ഓരോ വർഷവും സംഭവിക്കുന്ന 50,000 വാഹനാപകട മരണങ്ങളിൽ ഒന്നു മാത്രമായിരുന്നു. അങ്ങനെയുള്ള അപകടങ്ങളിൽ ആയിരങ്ങൾക്കുകൂടെ അംഗവൈകല്യം ഭവിക്കുന്നുവെന്നിരിക്കെ, മററു ചിലർ പരുക്കേൽക്കാതെ അതിജീവിക്കുന്നു. ആ സ്ഥിതിക്ക് ഈ പെൺകുട്ടി എന്തുകൊണ്ട് അതിജീവിച്ചില്ല? അവൾ ആ വിധത്തിൽ മരിക്കണമെന്ന് വിധിയുണ്ടായിരുന്നുവോ?
വാസ്തവമിതാണെന്ന് അസംഖ്യമാളുകൾ വാദിക്കുന്നു. അവർ വിധിയിൽ, ഒരുവന്റെ മരണസമയം പോലുള്ള മുഖ്യസംഭവങ്ങൾ മുൻ നിശ്ചയിക്കപ്പെട്ടിരിക്കുന്നുവെന്ന്, വിശ്വസിക്കുന്നു. ഈ വിശ്വാസം “വിധി ആർക്കും തടുത്തുകൂടാ,” “അവന്റെ സമയമായി,” “വരാനുള്ളത് വഴിയിൽ തങ്ങുകയില്ല” എന്നിങ്ങനെയുള്ള മൊഴികൾക്ക് ജൻമംകൊടുത്തിരിക്കുന്നു. അങ്ങനെയുള്ള ജനസംസാരങ്ങളിൽ എന്തെങ്കിലും സത്യമുണ്ടോ? നാം വിധിയുടെ കരുക്കൾ മാത്രമാണോ?
വിധിവിശ്വാസം അല്ലെങ്കിൽ സകല സംഭവങ്ങളും മുന്നമേ നിശ്ചയിക്കപ്പെട്ടിരിക്കുന്നുവെന്ന സങ്കല്പനം പുരാതന ഗ്രീക്കുകാരുടെയും റോമാക്കാരുടെയും ഇടയിൽ പ്രബലപ്പെട്ടിരുന്നു. ഇന്നുപോലും, ഈ ആശയം അനേകം മതങ്ങളിൽ പ്രാബല്യത്തിലിരിക്കുന്നു. ദൃഷ്ടാന്തത്തിന്, “അള്ളായുടെ അനുവാദത്താലും നിശ്ചിതമായ ഒരു കാലം തികയുമ്പോഴും മാത്രമല്ലാതെ ആർക്കും മരിക്കാൻ കഴികയില്ല” എന്ന ഖുറാനിലെ വാക്കുകളോട് ഇസ്ലാം പററിനിൽക്കുന്നു. വിധിയിലുള്ള വിശ്വാസം ക്രൈസ്തവലോകത്തിലും സാധാരണമാണ്, ജോൺ കാൽവിൻ പഠിപ്പിച്ച മുൻനിശ്ചയത്തിന്റെ ഉപദേശത്താൽ വളർത്തപ്പെടുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് ഒരു പ്രത്യേക അപകടം “ദൈവത്തിന്റെ ഹിത”മായിരുന്നുവെന്ന് ദുഃഖിതരായ ബന്ധുക്കളോട് വൈദികർ പറയുക സാധാരണമാണ്.
എന്നിരുന്നാലും, അപകടങ്ങൾ വിധിയുടെ ഉല്പന്നമാണെന്നുള്ള വീക്ഷണം സാമാന്യബുദ്ധിക്കും അനുഭവത്തിനും യുക്തിക്കും വിരുദ്ധമാണ്. മോട്ടോർവാഹനാപകടങ്ങൾ ദിവ്യമായ ഇടപെടലിന്റെ ഫലമായിരിക്കാവുന്നതല്ല എന്നതാണ് ഒരു സംഗതി, കാരണം ഒരു സൂക്ഷ്മമായ പരിശോധന സാധാരണയായി തികച്ചും യുക്തിസഹമായ ഒരു കാരണത്തെ വെളിപ്പെടുത്തുന്നു. മാത്രവുമല്ല, ഒരു ലൈഫ്ബെൽററ് ധരിക്കുന്നതുപോലെയുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നത് ഒരു മാരകമായ അപകടസാദ്ധ്യതയെ അതിയായി കുറയ്ക്കുന്നുവെന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമായി പ്രകടമാക്കുന്നു. ഏതെങ്കിലും സുരക്ഷിതത്വ മുൻകരുതലുകൾക്ക് യഥാർത്ഥത്തിൽ മുൻനിശ്ചയിക്കപ്പെട്ട ദൈവഹിതത്തെ പരാജയപ്പെടുത്താൻ കഴിയുമോ?
ഏതായാലും, വിധിയിലുള്ള വിശ്വാസം വിശ്വാസിയെ പ്രതികൂലമായി ബാധിക്കുന്നു. അത് വേഗതാപരിധികളെയും ട്രാഫിക്ക് അടയാളങ്ങളെയും അവഗണിക്കുകയോ മദ്യത്തിന്റെയോ മയക്കുമരുന്നുകളുടെയോ സ്വാധീനത്തിൽ വണ്ടിയോടിക്കുകയോ ചെയ്യുന്നതുപോലെയുള്ള വിമൂഢമായ പ്രവർത്തനങ്ങൾക്ക് പ്രോൽസാഹിപ്പിക്കുന്നില്ലേ? അതിലും ഗുരുതരമായി, ഒരു അപകടം തങ്ങളെ ബാധിക്കുമ്പോൾ വിധിവിശ്വാസം ദൈവത്തെ പഴിക്കാൻ ചിലയാളുകളെ പ്രേരിപ്പിക്കുന്നു. കുപിതരും നിസ്സഹായരുമായും ദൈവത്തിന് താത്പര്യമില്ലെന്ന് ബോധ്യപ്പെട്ടും കൊണ്ട് അവർ വിശ്വാസം നഷ്ടപ്പെടുത്തുകപോലും ചെയ്തേക്കാം. കവിയായിരുന്ന എമേഴ്സൺ ഉചിതമായിത്തന്നെ ഇങ്ങനെ പറയുകയുണ്ടായി: “ജീവിതത്തിലെ അതികഠിനമായ ദുരന്ത ഘടകം മൃഗീയമായ വിധിയിലോ ‘തലയിലെഴുത്തിലോ’ ഉള്ള വിശ്വാസമാണ്.”
എന്നാൽ അനിഷ്ട സംഭവങ്ങളെയും അപകടങ്ങളെയും പററി ബൈബിൾ എന്തു പറയുന്നു? ഇവ വിധിയുടെ പ്രവർത്തനങ്ങളാണെന്ന് അത് യഥാർത്ഥത്തിൽ പഠിപ്പിക്കുന്നുണ്ടോ? കൂടാതെ, നമ്മുടെ രക്ഷക്കുള്ള പ്രത്യാശയെ സംബന്ധിച്ച് അത് എന്തു പറയുന്നു? ഈ സംഗതിയിൽ നമുക്ക് എന്തെങ്കിലും തെരഞ്ഞെടുപ്പു നടത്താനുണ്ടോ? (w91 10/15)
[4-ാം പേജിലെ ആകർഷകവാക്യം]
“ജീവിതത്തിലെ അതികഠിനമായ ദുരന്ത ഘടകം മൃഗീയമായ വിധിയിലോ ‘തലയിലെഴുത്തിലോ’ ഉള്ള വിശ്വാസമാണ്.”—റാൾഫ് വാൾഡോ എമേഴ്സൺ