നിങ്ങളുടെ ഭാവി നിങ്ങൾക്കു തിരഞ്ഞെടുക്കാം
ഭാവികഥനത്തെ “വലിയ ഒരു ബൗദ്ധിക നേട്ടമായി പ്രാചീന ലോകത്തെമ്പാടുമുള്ള” ആളുകൾ കരുതിപ്പോന്നപ്പോൾ “എബ്രായ പ്രവാചകർ ആ കലയെ അപലപിക്കുകയാണ് ചെയ്തത്” എന്ന് പുരാവസ്തു ഗവേഷകയായ ജോവാൻ ഓട്ട്സ് പറയുന്നു. കാരണം?
വിധിയിൽ വിശ്വസിക്കുന്ന ജനതകളായിരുന്നു ചുറ്റും ഉണ്ടായിരുന്നതെങ്കിലും ഒരു അജ്ഞാത ശക്തി തങ്ങളുടെ ജീവിതത്തെ രൂപപ്പെടുത്തുന്നു എന്ന ആശയം പുരാതന ഇസ്രായേല്യർ തള്ളിക്കളഞ്ഞു. ആ ജനതയ്ക്കു ദൈവം നൽകിയ നിർദേശങ്ങളിൽ ഒന്ന് ഇതായിരുന്നു: “പ്രശ്നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ, മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ . . . എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു.”—ആവർത്തനപുസ്തകം 18:10, 11.
വിധിവിശ്വാസമോ ഭാവികഥനക്കാരുടെ സഹായമോ ഇല്ലാതെതന്നെ ഇസ്രായേല്യർക്ക് തങ്ങളുടെ ഭാവി സംബന്ധിച്ച് ശുഭാപ്തിവിശ്വാസം ഉണ്ടായിരിക്കാൻ കഴിയുമായിരുന്നു. “മനുഷ്യനും ലോകവും ഏതോ അന്ധമായ ഒരു ശക്തിയുടെ കളിപ്പാവകൾ അല്ലെന്നും ദൈവത്തിന് മനുഷ്യനെ കുറിച്ച് ഒരു ഉദ്ദേശ്യം ഉണ്ടായിരുന്നെന്നും” ആ ജനത വിശ്വസിച്ചിരുന്നു എന്ന് തേയോ എന്ന ഫ്രഞ്ച് കാത്തലിക് വിജ്ഞാനകോശം പറയുന്നു. ആ ഉദ്ദേശ്യം എന്തായിരുന്നു?
വിധിയും ഇച്ഛാസ്വാതന്ത്ര്യവും
തന്റെ നിയമങ്ങൾ അനുസരിക്കുന്നപക്ഷം ഇസ്രായേല്യർക്ക് സമാധാനവും സമൃദ്ധിയും ഉണ്ടാകുമെന്നു ദൈവം വാഗ്ദാനം ചെയ്തു. (ലേവ്യപുസ്തകം 26:3-6) കൂടാതെ, ഭൂമിയിൽ നീതിനിഷ്ഠമായ അവസ്ഥകൾ സ്ഥാപിക്കുന്ന ഒരു മിശിഹായ്ക്കു വേണ്ടി അവർ പ്രതീക്ഷാപൂർവം കാത്തിരുന്നു. (യെശയ്യാവു 11-ാം അധ്യായം) എന്നാൽ, ദൈവം അത്തരം കാര്യങ്ങൾ വാഗ്ദാനം ചെയ്തിരുന്നു എന്നതുകൊണ്ട് അവർ കയ്യുംകെട്ടി ഇരുന്നാൽ പോരായിരുന്നു. പകരം അവരോട് ഇപ്രകാരം പറയപ്പെട്ടു: “ചെയ്വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക.”—സഭാപ്രസംഗി 9:10.
ഈ ആശയത്തിൽ ഇച്ഛാസ്വാതന്ത്ര്യത്തിന് ഒരു സുപ്രധാന പങ്കുണ്ടായിരുന്നു. ദൈവത്തെ സേവിച്ചുകൊണ്ട് സ്വന്തം ഭാവി രൂപപ്പെടുത്താനുള്ള സ്വാതന്ത്ര്യം ഇസ്രായേല്യർക്ക് ഉണ്ടായിരുന്നു. ദൈവം അവരോട് ഇങ്ങനെ വാഗ്ദാനം ചെയ്തു: “നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ സ്നേഹിക്കയും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ അവനെ സേവിക്കയും ചെയ്തുകൊണ്ടു ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന എന്റെ കല്പനകൾ ജാഗ്രതയോടെ അനുസരിച്ചാൽ ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന്നു ഞാൻ തക്കസമയത്തു നിങ്ങളുടെ ദേശത്തിന്നു വേണ്ടുന്ന മുൻമഴയും പിൻമഴയും പെയ്യിക്കും.” (ആവർത്തനപുസ്തകം 11:13, 14) ഇസ്രായേൽ അനുസരണം കാട്ടിയപ്പോൾ അവർക്കു ദൈവത്തിന്റെ അനുഗ്രഹം ലഭിച്ചു.
ഇസ്രായേൽ ജനത, ദൈവം വാഗ്ദാനം ചെയ്ത ദേശത്തു പ്രവേശിക്കുന്നതിനു മുമ്പ് അവൻ അവർക്ക് ഒരു തിരഞ്ഞെടുപ്പു നൽകി: “ഇതാ, ഞാൻ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു.” (ആവർത്തനപുസ്തകം 30:15) ഓരോ വ്യക്തിയുടെയും ഭാവി അയാളുടെ സ്വന്തം പ്രവർത്തനങ്ങളെയും തീരുമാനങ്ങളെയും ആശ്രയിച്ചായിരുന്നു. ദൈവത്തെ സേവിക്കുന്നത് ജീവനും അനുഗ്രഹവും കൈവരുത്തുമായിരുന്നു, അങ്ങനെ ചെയ്യാൻ വിസമ്മതിക്കുന്നതാകട്ടെ കഷ്ടപ്പാടും. എന്നാൽ ഇന്നോ?
കാര്യവും കാരണവും
നമ്മെ നിയന്ത്രിക്കുന്ന ഒട്ടേറെ പ്രകൃതി നിയമങ്ങൾ ഉണ്ട്, നമ്മുടെ നന്മയ്ക്കായിട്ടാണ് അവ വെച്ചിരിക്കുന്നത്. അവയിൽ ഒന്നാണ് കാര്യ-കാരണ നിയമം, അല്ലെങ്കിൽ ബൈബിൾ പറയുന്ന പ്രകാരം, “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും” എന്ന ആശയം. (ഗലാത്യർ 6:7) ഈ തത്ത്വം നാം മനസ്സിലാക്കിക്കഴിഞ്ഞാൽ ഭാവിയിൽ സംഭവിക്കാനിടയുള്ള ചില കാര്യങ്ങൾ മനസ്സിലാക്കുക സാധ്യമാണ്.
സൂക്ഷിച്ചു വണ്ടിയോടിക്കുന്ന ഒരു വ്യക്തിയെ അപേക്ഷിച്ച് അശ്രദ്ധമായി അമിത വേഗത്തിൽ വണ്ടിയോടിക്കുന്ന ഒരാൾക്ക് അപകടം പിണയാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ, പുകവലിക്കാത്ത ഒരാളെ അപേക്ഷിച്ച് പുകവലിക്കുന്ന ആൾക്ക് അർബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. ആരംഭത്തിൽ പ്രതിപാദിച്ച തീവ്രവാദി അക്രമം പോലുള്ള സംഭവങ്ങൾക്ക് നാം ഇരകളാകാനുള്ള സാധ്യത കുറവായതുകൊണ്ട് അവ സംഭവിച്ചേക്കുമോ എന്നു കണക്കുകൂട്ടി സമയം പാഴാക്കേണ്ടതില്ല. വിധിവിശ്വാസം നമ്മെ എവിടെയും കൊണ്ടെത്തിക്കില്ല. വർത്തമാനകാലത്തെയോ ഭാവികാലത്തെയോ കാര്യങ്ങളെ സംബന്ധിച്ച് യാതൊരു വിവരവും അതു നമുക്കു നൽകുന്നില്ല. വ്യാജത്തിൽ വിശ്വസിക്കുന്നത് ഭാവിയെ സംബന്ധിച്ച് യഥാർഥമായ യാതൊരു ഉറപ്പും നൽകുന്നില്ല. അതുപോലെതന്നെയാണ് എല്ലാറ്റിന്റെയും പിന്നിൽ ദൈവത്തിന്റെ കരങ്ങൾ ഉണ്ടെന്ന വിശ്വാസവും.
നിങ്ങളുടെ ഭാവി എന്തായിരിക്കും?
നമ്മുടെ ഭാവി മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടില്ല, വർത്തമാനകാലത്തെ കാര്യങ്ങളാണ് അതിനെ രൂപപ്പെടുത്തുന്നത്. ജീവിതം ദൈവത്തിൽനിന്നുള്ള ഒരു ദാനമാണെങ്കിലും, നമ്മുടെ വർത്തമാനകാലവും ഭാവിയും നിർണയിക്കുന്നതിൽ നമുക്ക് ഒരു സുപ്രധാന പങ്കുണ്ടെന്ന് ബൈബിൾ വ്യക്തമായി സൂചിപ്പിക്കുന്നു. നമുക്കു ദൈവത്തെ സന്തോഷിപ്പിക്കാനോ ദുഃഖിപ്പിക്കാനോ സാധിക്കും എന്നത് ഒരളവുവരെ നമ്മുടെ ജീവിതത്തിന്മേലുള്ള നിയന്ത്രണം അവൻ നമുക്കു നൽകിയിരിക്കുന്നു എന്നു കാണിക്കുന്നു.—ഉല്പത്തി 6:6; സങ്കീർത്തനം 78:40; സദൃശവാക്യങ്ങൾ 27:11.
കൂടാതെ, ഭാവി നമ്മുടെ സഹിഷ്ണുതയും ജീവിതഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിശുദ്ധ തിരുവെഴുത്തുകൾ കൂടെക്കൂടെ ഊന്നിപ്പറയുന്നു. എല്ലാ കാര്യങ്ങളും മുൻനിർണയിക്കപ്പെട്ടതാണെങ്കിൽ അങ്ങനെ പറയുന്നതിൽ യാതൊരു കഴമ്പുമില്ല. (മത്തായി 24:13; ലൂക്കൊസ് 10:25-28) നാം ദൈവത്തോട് അനുസരണമുള്ളവരും വിശ്വസ്തരും ആയിരുന്നാൽ നമുക്ക് ഏതു തരത്തിലുള്ള ഭാവി പ്രതീക്ഷിക്കാൻ കഴിയും?
മനുഷ്യവർഗത്തിനു വളരെ ശോഭനമായ ഒരു ഭാവി ഉണ്ടെന്നു ബൈബിൾ പ്രകടമാക്കുന്നു. ഭൂമി സമാധാനവും സുരക്ഷിതത്വവും കളിയാടുന്ന ഒരു പറുദീസയായി മാറും. (സങ്കീർത്തനം 37:9-11; 46:8, 9) ആ ഭാവി സുനിശ്ചിതമാണ്, കാരണം സർവശക്തനായ സ്രഷ്ടാവ് തന്റെ വാഗ്ദാനം തീർച്ചയായും നിവർത്തിക്കും. (യെശയ്യാവു 55:11) എന്നാൽ പറുദീസയിലെ ജീവിതമാകുന്ന അനുഗ്രഹം നമുക്കു ലഭിക്കുമോ ഇല്ലയോ എന്നത് ആശ്രയിച്ചിരിക്കുന്നത് വിധിയെ അല്ല. പകരം, ഇപ്പോൾ അനുസരണയോടെ ദൈവേഷ്ടം ചെയ്യുന്നതിന്റെ പ്രതിഫലമെന്ന നിലയിലാണ് നാം അത് ആസ്വദിക്കുക. (2 തെസ്സലൊനീക്യർ 1:6-8; വെളിപ്പാടു 7:14, 15) ദൈവം നമുക്ക് സ്വതന്ത്ര ഇച്ഛാശക്തി നൽകിയിരിക്കുന്നു. അവൻ നമ്മെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “ജീവനെ തിരഞ്ഞെടുത്തുകൊൾക.” (ആവർത്തനപുസ്തകം 30:19, 20) നിങ്ങളുടെ തിരഞ്ഞെടുപ്പ് എന്തായിരിക്കും? നിങ്ങളുടെ ഭാവി വിധിയുടെ കരങ്ങളിൽ അല്ല, നിങ്ങളുടെ കരങ്ങളിൽതന്നെയാണ്.
[10-ാം പേജിലെ ചിത്രം]
അനുസരണമുള്ള മനുഷ്യവർഗത്തിന് ദൈവം അത്ഭുതകരമായ ഒരു ഭാവി ഉദ്ദേശിച്ചിരിക്കുന്നു