പാൻറ്റാനൽ—വശ്യമനോഹരമായ ഒരു പരിസ്ഥിതി സംരക്ഷണകേന്ദ്രം
ബ്രസീലിലെ ഉണരുക! ലേഖകൻ
നദിയിലേക്കു ബിയർ കുപ്പി എറിയരുത് എന്നു ഷെറോനിമൂ പറഞ്ഞപ്പോൾ വിനോദസഞ്ചാരിക്കു ദേഷ്യം വന്നു. “ഈ നദിയെന്താ നിങ്ങളുടെ സ്വന്തമാണോ?” അയാൾ ചോദിച്ചു. “അല്ല, ഇതു നമ്മുടെ എല്ലാവരുടെയുമാണ്. പക്ഷേ നിങ്ങൾ ഇങ്ങനെ ചപ്പുചവറുകൾ ഇതിലേക്ക് എറിഞ്ഞു കൊണ്ടിരുന്നാൽ അധികം താമസിയാതെ നമുക്കാർക്കും ഇവിടെ നിന്നു മീൻ പിടിക്കാൻ പറ്റാതാകും” ഷെറോനിമൂ മറുപടി നൽകി.
പാൻറ്റാനൽ—ബ്രസീൽ, ബൊളീവിയ, പരാഗ്വേ എന്നീ രാജ്യങ്ങളുടെ ഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിസ്തൃതമായ പ്രദേശം—ഇന്ന് നേരിടുന്ന ഒരു ഭീഷണി മാത്രമേ ഈ സംഭവം വെളിപ്പെടുത്തുന്നുള്ളൂ. പാൻറ്റാനൂ എന്ന പോർച്ചുഗീസ് വാക്കിന്റെ അർഥം “ചതുപ്പ് നിലം അഥവാ വെള്ളം കെട്ടികിടക്കുന്ന ചെളി പ്രദേശം” എന്നാണ്. പക്ഷേ, പാൻറ്റാനൽ അൽപം ചെരിവുള്ള ഒരു പ്രദേശമായതിനാൽ അവിടെയുള്ള വെള്ളം കെട്ടിക്കിടക്കുന്നതിനു പകരം സാവധാനം സുഗമമായി ഒഴുകുന്നു. അതുകൊണ്ട്, ഫലഭൂയിഷ്ഠമായ ഈ പ്രദേശം നിറയെ വിവിധ തരത്തിലുള്ള പുല്ലുകൾ വളർന്നുനിൽക്കുന്നു. വിസ്തൃതമായ ഈ പ്രദേശത്തെ കുറിച്ചു നിങ്ങൾക്കു കൂടുതൽ അറിയണമെന്നുണ്ടോ? എങ്കിൽ, ലോകത്തിലെ അതിമനോഹരമായ പരിസ്ഥിതി സംരക്ഷണകേന്ദ്രങ്ങളിൽ ഒന്നിലേക്കുള്ള യാത്രയിൽ എന്റെ ഒപ്പം പോരൂ. ഒരു കൂട്ടം വിനോദസഞ്ചാരികളും എന്നോടൊപ്പം ഉണ്ട്.
ചീങ്കണ്ണികളും അനക്കൊണ്ടകളും!
സാവൊ പൗലോയിൽ നിന്ന് ഞങ്ങൾ ബസിൽ കൊറൂമ്പായിലേക്കു തിരിക്കുന്നു. സാവൊ പൗലോയിൽ നിന്നു പടിഞ്ഞാറേക്ക് ഏകദേശം 1,200 കിലോമീറ്റർ യാത്ര ചെയ്താലാണ് അവിടെ എത്തിച്ചേരാനാകുക. പാൻറ്റാനൽ പ്രദേശത്തേക്കു കടക്കുമ്പോൾ ഞങ്ങളെ സ്വാഗതം ചെയ്യാനെന്ന പോലെ അസാമാന്യവലിപ്പമുള്ള പക്ഷികൾ ഞങ്ങളുടെ തലയ്ക്കു മുകളിൽ വട്ടമിട്ടു പറക്കുന്നു. അക്കൂട്ടത്തിൽ ജാബിരു (ടൂയിയൂയിയൂ എന്നും അറിയപ്പെടുന്നു) എന്ന പക്ഷിയുമുണ്ട്. 2.6 മീറ്റർ ചിറകുവിസ്താരമുള്ള ഈ പക്ഷിക്കു പറന്നുയരാൻ ഒരു റൺവേ തന്നെ വേണം! “ചിറകുകൾ ശക്തിയായി അടിക്കുമ്പോൾ വായുവുമായുള്ള ഉരസൽ മൂലം വലിയ ചിറകടി ശബ്ദം ഉണ്ടാകുന്നു” എന്നു പാൻറ്റാനലിൽ രണ്ടു വർഷം ചെലവഴിച്ച ആറോൾഡൂ പാലൂ ജൂനിയർ എഴുതുന്നു. അദ്ദേഹം തുടരുന്നു: “[ജാബിരുവിന്റെ] ഇണചേരൽ ചടങ്ങുകൾക്കിടയിൽ രണ്ടോ മൂന്നോ ആൺപക്ഷികൾ ഒരുമിച്ചു കുത്തനെ പറന്നുയരും . . . , എന്നിട്ട് അവ ആരെയും അത്ഭുതപ്പെടുത്തുമാറ് പൊടുന്നനെ താഴേക്കു കൂപ്പുകുത്തും.” അവയുടെ ഈ ആകാശ കസർത്തുകൾ “വളരെ ദൂരെ നിന്നു നോക്കിയാൽ പോലും കാണാൻ കഴിയും.”
പാൻറ്റാനലിൽ ഒരിക്കൽ കൂടി വരണ്ട കാലാവസ്ഥ വന്നെത്തിയിരിക്കുന്നു. ജലനിരപ്പ് താഴ്ന്നു പോയിരിക്കുന്നു. അതുകൊണ്ട്, പക്ഷികൾക്കു മത്സ്യങ്ങളെ വളരെ എളുപ്പം പിടിക്കാൻ കഴിയും. അതാ നോക്കൂ, അവിടെ ഒരു ജാബിരുവും കൊക്കും ചീങ്കണ്ണികളുടെ ഇടയ്ക്കു മീൻ പിടിക്കുകയാണ്! ചീങ്കണ്ണികളാണെങ്കിൽ, അപകടകാരികളായ പിരാനാ മത്സ്യങ്ങളെ അകത്താക്കുന്ന തിരക്കിലാണ്. ഈ മത്സ്യങ്ങളുടെ പല്ലുകൾ ഉളി പോലെ മൂർച്ചയുള്ളതാണ് എന്നും ചോരയൊലിക്കുന്ന ഇര അവയെ പെട്ടെന്ന് ആകർഷിക്കും എന്നും ഒരുപക്ഷേ നിങ്ങൾക്ക് അറിയാമായിരിക്കും. അതുകൊണ്ട്, അവയുടെ അരികത്തേക്കു പോകാൻ നമുക്കു താത്പര്യമില്ലെങ്കിലും, ഈ ചീങ്കണ്ണികളുടെ മട്ടു കണ്ടാൽ അവ ഈ അപകടത്തെ കുറിച്ചൊക്കെ മറന്നുപോയെന്നു തോന്നും, അവയ്ക്കാണെങ്കിൽ അപകടമൊന്നും സംഭവിക്കുന്നില്ല താനും.
കടത്തുബോട്ടിൽ ഒരു നദി കുറുകെ കടന്ന ശേഷം, വാഹനത്തിൽ ഞങ്ങൾ അവിടുത്തെ ഒരു ഫാം സന്ദർശിക്കാൻ പോകുന്നു. പൊടുന്നനെ ഞങ്ങളുടെ ഡ്രൈവർ വണ്ടിനിറുത്തുന്നു. എന്നിട്ട്, പൊടി പാറുന്ന റോഡിനു കുറുകെ ഇഴഞ്ഞുനീങ്ങുന്ന ഭീമാകാരനായ ഒരു പാമ്പിനെ ചൂണ്ടി കാണിക്കുന്നു. അദ്ദേഹം പറയുന്നു: “അത് ഒരു അനക്കൊണ്ടയാണ്. വേഗം ഫോട്ടോ എടുത്തോളൂ. വല്ലപ്പോഴും മാത്രമേ അവയെ ഇത്ര അടുത്തു കാണാൻ കിട്ടുകയുള്ളൂ!” അതിനെ ഒന്നു നോക്കിയപ്പോൾ തന്നെ എന്റെ ഹൃദയമിടിപ്പിനു വേഗം കൂടുന്നത് ഞാനറിഞ്ഞു. 9 മീറ്റർ വരെ നീളം വെക്കുന്ന അനക്കൊണ്ട ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളിൽ ഒന്നാണ്. കുറ്റിക്കാട്ടിലേക്ക് അതു പൊടുന്നനെ മറയുമ്പോൾ അനക്കൊണ്ടയ്ക്കു നീളം മാത്രമല്ല വേഗവും ഉണ്ടെന്നു ഞാൻ മനസ്സിലാക്കുന്നു. എന്തായാലും അതു കണ്ണിൽ നിന്നു മറഞ്ഞതിൽ എനിക്കു വിഷമമൊന്നുമില്ല. അധികം നേരം അതവിടെ ഉണ്ടായിരുന്നെങ്കിൽ, കൈയുടെ വിറ കാരണം ഫോട്ടോ എടുത്താൽ ശരിയാവില്ലായിരുന്നു എന്ന് എനിക്കു തീർച്ചയാണ്!
പാൻറ്റാനേറൂവിന്റെ ജീവിതം
പാൻറ്റാനലിൽ വളരെയധികം കന്നുകാലിപ്പറ്റങ്ങൾ ഉണ്ട്. അവയെ സംരക്ഷിക്കുക എന്നതാണ് ഒരു പാൻറ്റാനേറൂവിന്റെ ജോലി. വാസ്തവത്തിൽ, അയാൾ ഇടയനും കർഷകനും കൂടെയാണ്. അമേരിക്കൻ ഇന്ത്യക്കാരും ആഫ്രിക്കക്കാരും സ്പാനീഷുകാരും ആയ നിവാസികളുടെ പിന്മുറക്കാരനാണ് പാൻറ്റാനേറൂ. കുതിരകളെ മെരുക്കിയെടുക്കുന്നതോടൊപ്പം അയാൾ കന്നുകാലിപ്പറ്റങ്ങളെ ഫാമിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ മേയിക്കുകയും ചെയ്യുന്നു. അനേകം കന്നുകാലിപ്പറ്റങ്ങളെ നാം അവിടെ കാണുന്നു. ഓരോ പറ്റത്തിലും ഏകദേശം ആയിരം കന്നുകാലികൾ വീതം ഉണ്ട്. ഒരു പറ്റത്തെ നയിക്കാൻ ആറു പേരാണ് ഉള്ളത്. ഏറ്റവും മുമ്പേ വെപ്പുകാരനും തൊട്ടുപുറകെ കാളക്കൊമ്പു കൊണ്ട് ഉണ്ടാക്കിയ കാഹളവും പിടിച്ചു കൊണ്ട് പറ്റം സൂക്ഷിപ്പുകാരനും നടക്കുന്നു. അതിനു പുറകെയാണ് ഇടയന്മാർ നടക്കുക. ഇടയന്മാരിൽ ഒരാൾ കന്നുകാലിപ്പറ്റത്തിന്റെ ഉടമസ്ഥനാണ്. ബാക്കിയുള്ളവർ, കൂട്ടം തെറ്റിപ്പോകുന്നവയെയും സാവധാനത്തിൽ നടക്കുന്നവയെയും കൂട്ടത്തിലേക്കു ചേർത്തു നടത്തുന്നു.
തുടക്കത്തിൽ പരാമർശിച്ച ഷെറോനിമൂ ഒരു പാൻറ്റാനേറൂ ആണ്. ആബോബ്രാൽ നദിയിലൂടെ യന്ത്രബോട്ടിൽ സഞ്ചരിക്കുന്നതാണ് എളുപ്പമെങ്കിലും അദ്ദേഹം ഞങ്ങളെയും കൊണ്ട് വള്ളത്തിൽ തുഴഞ്ഞുനീങ്ങുകയാണ്. അത് അദ്ദേഹത്തെ ക്ഷീണിതനാക്കുന്നുവെങ്കിലും എഞ്ചിന്റെ ശബ്ദം കൊണ്ടു പക്ഷികളെ ഭയപ്പെടുത്തുന്നതിനെക്കാൾ മെച്ചമാണ് അത് എന്ന് അദ്ദേഹം കരുതുന്നു. പാൻറ്റാനൽ ഭവനത്തോടുള്ള സ്നേഹവും താത്പര്യവുമാണ് അദ്ദേഹത്തിന്റെ ഭയാദരവു നിറഞ്ഞ സ്വരത്തിൽ തുളുമ്പി നിൽക്കുന്നത്. “അതാ, അവിടെ നദിക്കരയിൽ ഒരു ചീങ്കണ്ണി വെയിൽ കാഞ്ഞുകിടക്കുന്നതു കണ്ടോ,” അദ്ദേഹം പറയുന്നു. കുറച്ചു കൂടി മുന്നോട്ടു ചെല്ലുമ്പോൾ, അദ്ദേഹം രണ്ട് നീർനായ്ക്കളുടെ മാളം ചൂണ്ടി “അത് അവയുടെ വീടാണ്. എപ്പോഴും ഞാൻ അവയെ അവിടെ കാണാറുണ്ട്” എന്നു പറയുന്നു. ദാഹം ശമിപ്പിക്കുന്നതിനു വേണ്ടി ഷെറോനിമൂ കൂടെക്കൂടെ പുഴയിൽനിന്നു തന്റെ കപ്പിൽ വെള്ളം നിറയ്ക്കുന്നുണ്ട്. “ഈ വെള്ളത്തിൽ അഴുക്കില്ലേ?” ഞങ്ങൾ അദ്ദേഹത്തോടു ചോദിക്കുന്നു. “ഇതു വരെയില്ല. വേണമെങ്കിൽ അൽപ്പം കുടിച്ചു നോക്കിക്കൊള്ളൂ,” അദ്ദേഹം പ്രതിവചിക്കുന്നു. പക്ഷേ, ഞങ്ങൾക്ക് അത്ര വിശ്വാസം പോരാ.
ജീവിതത്തെ കുറിച്ചു ശുഭാപ്തി വിശ്വാസം നിറഞ്ഞ കാഴ്ചപ്പാടാണ് ഒരു പാൻറ്റാനേറൂവിന് ഉള്ളത്. അവന് ഒരുപാടു മോഹങ്ങളൊന്നുമില്ല, തൊഴിലാണ് അവന്റെ വിനോദം. വെട്ടം വീഴുമ്പോഴേ വീട്ടിൽ നിന്നിറങ്ങിയാൽ പിന്നെ നന്നേ ഇരുട്ടുമ്പോഴാണ് അവൻ കൂടണയുക. അവനു മാസാമാസം ഒരു ചെറിയ ശമ്പളവും (ഏകദേശം 4,000 രൂപ—അവരുടെ നാട്ടിലെ ഏറ്റവും കുറഞ്ഞ വേതനമാണത്) താമസസൗകര്യവും ലഭിക്കും. കൂടാതെ, ഒരു നിശ്ചിത തുക കൊടുത്താൽ ആഹാരവും കിട്ടും—ഇറച്ചിയാണെങ്കിൽ അവന് മതിവരുവോളം തിന്നാം. ഒരു കർഷകൻ പറയുന്നു: “എന്റെ ഫാമിൽ ഒരു പാൻറ്റാനേറൂവിന് ഇഷ്ടമുള്ളതെന്തും ഇഷ്ടംപോലെ കഴിക്കാൻ സ്വാതന്ത്ര്യമുണ്ട്. അവൻ ഒരു അടിമയല്ല. തൃപ്തി തോന്നാത്ത പക്ഷം അവനു പറയാം: ‘മുതലാളി, എനിക്ക് എന്റെ പണം തന്നേക്കൂ. ഞാൻ പോകുകയാണ്.’”
കൂടുകൾ ഇല്ലാത്തൊരു മൃഗശാല
ഞങ്ങൾ താമസിച്ച അതിഥിമന്ദിരം സ്ഥിതി ചെയ്യുന്ന ഫാമിൽ ധാരാളം പക്ഷിമൃഗാദികൾ ഉണ്ട്. മാക്കതത്തകൾ, തത്തകൾ, പാരക്കീറ്റുകൾ, ജാബിരുകൾ, അമേരിക്കൻ പുള്ളിപ്പുലികൾ, കാപ്പിബാറകൾ, ചെമന്ന മാനുകൾ തുടങ്ങി പലതും. ഗ്വാനാ ഇന്ത്യൻ ഗോത്രത്തിലെ പിൻതലമുറക്കാരിൽ ഒരാൾ—അദ്ദേഹത്തിന്റെ കുടുംബം 100 വർഷമായി പാൻറ്റാനലിൽ ആണു താമസം—ഞങ്ങളോടു പറഞ്ഞു: “ഞങ്ങൾ ഇവിടത്തെ പക്ഷികൾക്കു തീറ്റ കൊടുക്കാറുണ്ട്. ഇവയിൽ പലതിനെയും അനധികൃത നായാട്ടുകാരെന്നു സംശയിച്ചവരുടെ പക്കൽ നിന്നും വനപാലകർ പിടിച്ചെടുത്തതാണ്.” തുടക്കത്തിൽ അവിടെ ആകെ 18 പാരക്കീറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത് എന്നും എന്നാൽ ഇപ്പോൾ ഏതാണ്ട് 100 എണ്ണം ഉണ്ടെന്നും അദ്ദേഹത്തിന്റെ ഭാര്യ ഞങ്ങളോടു പറയുകയുണ്ടായി. “അവയുടെ ആവാസകേന്ദ്രത്തിലേക്കു തന്നെ അവയെ തിരികെവിടാനാണ് ഞങ്ങളുടെ പരിപാടി,” അവർ കൂട്ടിച്ചേർക്കുന്നു.
കൂടുകൾ ഇല്ലാത്ത ഈ മൃഗശാലയിൽ, പന്നികളുടെയും കോഴിക്കുഞ്ഞുങ്ങളുടെയുമൊക്കെ അരികിൽ ശാന്തമായി ആഹാരം കൊത്തിത്തിന്നുന്ന മാക്കതത്തകളുടെ ചിത്രങ്ങൾ ഞങ്ങൾ എടുക്കുകയുണ്ടായി. പാൻറ്റാനലിലെ പ്രകൃതിരമണീയതയും പക്ഷി-മൃഗജാലങ്ങളുടെ സമൃദ്ധിയും ലോകമെമ്പാടുനിന്നും വന്നെത്തുന്ന വിനോദസഞ്ചാരികളെ തെല്ലൊന്നുമല്ല ആഹ്ലാദിപ്പിക്കുന്നത്. ഇവിടത്തെ സൂര്യാസ്തമയം ഒന്നു കാണേണ്ടതു തന്നെയാണ്! ഒരുദിവസം സൂര്യാസ്തമയ സമയത്ത്, ചേക്കേറാൻ കൂടുകളിലേക്ക് പറന്നുപോകുന്ന പക്ഷിക്കൂട്ടങ്ങളെയും നോക്കി സർവതും മറന്നു നിൽക്കുകയായിരുന്നു ജപ്പാനിൽ നിന്ന് എത്തിയ ഒരു യുവ വിനോദസഞ്ചാരിണി. അപ്പോഴാണ് ഫാമിലെ പണിക്കാരൻ അവരോട് അതു പറഞ്ഞത്—“സൂക്ഷിക്കണേ, ഇവിടെ അമേരിക്കൻ പുള്ളിപ്പുലികൾ ഉണ്ട്!” അതു കേട്ട പാതി കേൾക്കാത്ത പാതി അവൾ ജീവനും കൊണ്ട് തന്റെ മുറിയിലേക്ക് ഓടിക്കളഞ്ഞു. എന്നാൽ പിറ്റേന്നായപ്പോഴേക്കും പേടിയൊക്കെ മാറിയ അവൾ മാക്കതത്തകൾക്കു ബിസ്കറ്റു കൊടുക്കുന്ന കാഴ്ചയാണു ഞങ്ങൾ കണ്ടത്. വായിൽ ബിസ്കറ്റു കടിച്ചുപിടിച്ചുകൊണ്ട് അവൾ പക്ഷിയെ തീറ്റിക്കുന്ന ഒരു ചിത്രം പോലും ഞങ്ങൾ എടുക്കുകയുണ്ടായി. അവളുടെ പേടിയൊക്കെ അപ്പോഴേക്കും പൊയ്പ്പോയിരുന്നു!
ഒരു ദിവസം നന്നേ വെളുപ്പിന്, സൂര്യോദയത്തിനു മുമ്പേ, നക്ഷത്രങ്ങളെ കാണുന്നതിനു ഞങ്ങൾ പുറത്തിറങ്ങി നോക്കി. കൈയെത്തിച്ചു തൊടാവുന്ന അകലത്തിലാണ് അവയെന്നു ഞങ്ങൾക്കു തോന്നിപ്പോയി. അവർണനീയമായ ഒരു കാഴ്ചയായിരുന്നു അത്! ഇവിടെ പാൻറ്റാനലിൽ, ഞങ്ങൾ നിശ്ശബ്ദതയുടെ സ്വരം “കേട്ടു.” കണ്ണുകൾ ഒപ്പിയെടുത്ത ദൃശ്യങ്ങളും കാതുകളിൽ പതിഞ്ഞ ധ്വനികളും ഈ പറുദീസാ സമാനമായ പ്രദേശത്തിനു വേണ്ടി സ്രഷ്ടാവിനു നന്ദി പറയാൻ ഞങ്ങളെ പ്രേരിപ്പിച്ചു. ഒരു പരസ്യ ലഘുലേഖ ഇപ്രകാരം പറയുന്നു: “പറുദീസ എന്ന ഒന്ന് എവിടെയെങ്കിലും ഉണ്ടോ എന്ന് ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ, ‘പാൻറ്റാനൽ തീർച്ചയായും അതിന്റെ ഒരു ഭാഗമാണ്’ എന്നു നിങ്ങൾക്കു പറയാം.”
ഒരു പരിസ്ഥിതി സംരക്ഷണകേന്ദ്രം മലിനീകരിക്കപ്പെട്ടിരിക്കുന്നു
പാൻറ്റാനലിനെ ചൂഴ്ന്നു നിൽക്കുന്ന ഭീഷണിയെ കുറിച്ചു ചർച്ച ചെയ്യുന്നതിനു കഴിഞ്ഞ 20 വർഷമായി പത്രങ്ങളും മറ്റും വർധിച്ച പ്രാധാന്യം നൽകിയിട്ടുണ്ട്. അതിന്റെ ആവാസവ്യവസ്ഥ മലിനീകരിക്കപ്പെടുന്ന വിവിധ വിധങ്ങളെ കുറിച്ചു പാൻറ്റാനൽ എന്ന തന്റെ പുസ്തകത്തിൽ ആറോൾഡൂ പാലൂ ജൂനിയർ എഴുതിയിരിക്കുന്നു. അവ ചുരുക്കത്തിൽ ചുവടെ ചേർക്കുന്നു.
◼ നദികളിൽ എക്കൽ അടിഞ്ഞുകൂടൽ. “സമീപ വർഷങ്ങളിൽ, ടാക്വാരി നദിയിൽ വളരെയധികം എക്കൽ അടിഞ്ഞുകൂടിയിട്ടുള്ളതിനാൽ നദീമുഖത്തിനു സമീപം ജലഗതാഗതം അസാധ്യമായി തീർന്നിരിക്കുകയാണ്. ഇതു നദിക്കരകളിൽ താമസിക്കുന്നവർ . . . ഒറ്റപ്പെട്ടു പോകുന്നതിലേക്കു നയിച്ചിരിക്കുന്നു. പാൻറ്റാനലിലേക്ക് ഒഴുകിയെത്തുന്ന മറ്റു നദികളിലും ഇതു തന്നെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.”
◼ വരൾച്ചാ പരിവൃത്തി. “മുൻ കാലങ്ങളിൽ സംഭവിച്ചിട്ടുള്ളതു പോലെ, 15-ഓ 20-ഓ വർഷത്തെ വരൾച്ചാ പരിവൃത്തി ഉണ്ടായാൽ, അത് ഈ പ്രദേശത്തെ സസ്യ-ജന്തുജാലങ്ങളുടെ മേൽ വിപത്കരമായ ഫലങ്ങൾ ഉളവാക്കിയേക്കും . . . എന്നു ഞാൻ ഭയപ്പെടുന്നു.”
◼ സസ്യനാശിനികളും മെർക്കുറിയും. പാൻറ്റാനലിനു വെളിയിൽ നടത്തുന്ന യന്ത്രവത്കൃത കൃഷിക്കു സസ്യനാശിനികൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവ ഒന്നുകിൽ ഭൂഗർഭ ജലത്തിലേക്ക് അരിച്ചിറങ്ങുകയും സമീപത്തു കൂടി ഒഴുകുന്ന നദികളെ വിഷലിപ്തമാക്കുകയും ചെയ്യുന്നു. അല്ലെങ്കിൽ, ഉപരിതല ജലം അതിനെ മണ്ണിനോടൊപ്പം നദികളിലേക്ക് അടിച്ചൊഴുക്കിക്കൊണ്ടു പോകുന്നു. ഇതിന്റെ ഫലമായി നദികളിൽ എക്കൽ അടിഞ്ഞുകൂടിയിരിക്കുന്നു. പോക്കോണെ പാൻറ്റാനലിനു വലിയ ഭീഷണി ഉയർത്തുന്ന മറ്റൊന്ന് സ്വർണഖനനമാണ്. ഇതു വഴി ജലത്തിൽ മെർക്കുറി കലരുന്നു.”
◼ നായാട്ട്. “നിയമവിരുദ്ധമെങ്കിലും, പാൻറ്റാനലിന്റെ മിക്ക ഭാഗങ്ങളിലും യാതൊരു നിയന്ത്രണവുമില്ലാതെ ഇതു നടക്കുന്നുണ്ട്. തങ്ങളുടെ പ്രകൃതി സമ്പത്ത് കാത്തുസൂക്ഷിക്കുന്ന വിരലിലെണ്ണാവുന്ന പ്രബുദ്ധരായ ചില കർഷകരെയും വിനോദസഞ്ചാര വ്യവസായത്തിലൂടെയുള്ള സാമ്പത്തിക നേട്ടങ്ങൾക്കു വേണ്ടി അവയെ സംരക്ഷിക്കുന്ന മറ്റു ചിലരെയും ഒഴിച്ചാൽ, ജന്തുജാലങ്ങളുടെയും പ്രകൃതിരമണീയതയുടെയുമെല്ലാം നിലനിൽപ്പ് പൂർണമായും പ്രകൃതിസമ്പത്തിനെ ചൂഷണം ചെയ്യാൻ തക്കംപാർത്തിരിക്കുന്ന ആളുകളുടെ അപ്പപ്പോഴത്തെ താത്പര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.”
കോൺക്രീറ്റ് വനത്തിലേക്കുള്ള മടക്കയാത്ര
സാവൊ പൗലോയിലേക്കുള്ള മടക്കയാത്രയിൽ പക്ഷേ എത്ര വ്യത്യസ്തമായ ഒരു ചിത്രമാണു ഞങ്ങളുടെ മുന്നിൽ തെളിയുന്നത്! മഞ്ഞനിറത്തിലും നീലാരുണവർണത്തിലുമുള്ള ഈപ്പുകൾ, ചെമന്ന സാൽവിയ ചെടികൾ എന്നിവയ്ക്കു പകരം അംബരചുംബികളായ കെട്ടിടങ്ങളാണ് എങ്ങും. നിറയെ മീനുകൾ ഉള്ള, ശുദ്ധമായ, പളുങ്കുപോലത്തെ വെള്ളമുള്ള നദികൾക്കു പകരം അഴുക്കു ചാലുകളായി മാറിയിരിക്കുന്ന നദികളാണു ഞങ്ങൾ കാണുന്നത്. പക്ഷികളുടെ ശ്രുതിമധുരമായ ഗാനങ്ങൾക്കു പകരം ആയിരക്കണക്കിന് ട്രക്കുകളുടെയും കാറുകളുടെയും കാതടപ്പിക്കുന്ന കോലാഹലങ്ങളാണ് ചുറ്റിലും. സ്വച്ഛമായ നീലാകാശത്തിനു പകരം ഞങ്ങൾക്കു കാണാൻ കഴിയുന്നത് “വായു: മോശം” എന്നെഴുതിയിരിക്കുന്ന അടയാളപ്പലകകൾ ആണ്. മനുഷ്യരും മൃഗങ്ങളും സമാധാനത്തിൽ വസിക്കുന്ന ദൃശ്യത്തിനു പകരം മനുഷ്യൻ മനുഷ്യനെ തന്നെ ഭയം നിറഞ്ഞ കണ്ണുകളോടെ നോക്കുന്നതാണു ഞങ്ങൾ കാണുന്നത്.
പാൻറ്റാനലിൽ ഞങ്ങൾ രണ്ടാഴ്ച തങ്ങുകയുണ്ടായി. അതുപക്ഷേ, പൊക്കോൺ, നിക്കോലാൻഡ്യ, അബോബ്രൽ, നാബിലെക്കെ, പൈയാഗ്വാസ് എന്നിങ്ങനെയുള്ള വിചിത്ര നാമങ്ങളോടു കൂടിയ അതിന്റെ വ്യത്യസ്ത പ്രദേശങ്ങളെ കുറിച്ചു മനസ്സിലാക്കാൻ ഒട്ടും തികഞ്ഞില്ല. ഈ പ്രദേശങ്ങൾക്ക് ഓരോന്നിനും അതിന്റേതായ പ്രത്യേകതകൾ ഉണ്ട്. എന്നിരുന്നാലും, അത് അത്യന്തം അവിസ്മരണീയമായ ഒരു അനുഭവം തന്നെയായിരുന്നു. കണ്ണുകൾക്ക് ലേപനം പോലെയും കാതുകൾക്ക് ഇമ്പകരമായ ഗാനം പോലെയും ഹൃദയത്തിന് ഓജസ്സേകുന്ന ഒരു ഔഷധം പോലെയും ആണ് അവിടത്തെ സസ്യ-ജന്തുജാലങ്ങൾ.
[15-ാം പേജിലെ ഭൂപടങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ബ്രസീൽ
ബൊളീവിയ
പരാഗ്വേ
പാൻറ്റാനൽ
[കടപ്പാട്]
Mountain High Maps® Copyright © 1997 Digital Wisdom, Inc.
[16-ാം പേജിലെ ചിത്രം]
ഒരു അമേരിക്കൻ പുള്ളിപ്പുലി
[16, 17 പേജുകളിലെ ചിത്രം]
ഒരു മഞ്ഞ സ്വാളോടെയിൽ
[17-ാം പേജിലെ ചിത്രം]
വെള്ള പെരുമുണ്ടികൾ
[കടപ്പാട്]
Georges El Sayegh
[17-ാം പേജിലെ ചിത്രം]
ഒരു അനക്കൊണ്ടയും ചീങ്കണ്ണിയും
[കടപ്പാട്]
Georges El Sayegh
[18-ാം പേജിലെ ചിത്രം]
ഒരു മാക്കതത്ത
[കടപ്പാട്]
Georges El Sayegh
[18-ാം പേജിലെ ചിത്രം]
ആറിഞ്ചു നീളം വരുന്ന ഈ പിരാനാ മത്സ്യങ്ങൾക്ക് ഉളിപോലെ മൂർച്ചയുള്ള പല്ലുകൾ ആണുള്ളത്
[കടപ്പാട്]
© Kjell B. Sandved/Visuals Unlimited
[15-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Georges El Sayegh