ഡാന്യൂബ്—അതിനു സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!
ജർമനിയിലെ ഉണരുക! ലഖകൻ
എക്കാലത്തെയും അതി വിഖ്യാതരായ ജർമൻകാർ ഇരുൾ മൂടിയ കണ്ണുകളാൽ ഡാന്യൂബ് നദിയെ ഉറ്റുനോക്കിക്കൊണ്ടു നിൽക്കുകയാണ്, ഒന്നര നൂറ്റാണ്ടിലധികമായി. എങ്ങനെയാണ് അതു സാധ്യമാവുക? ബവേറിയൻ രാജാവായ ലൂഡ്വിച്ച് ഒന്നാമൻ 1842-ൽ വാൽഹാലa എന്നു വിളിക്കപ്പെടുന്ന, പുരാതന ഗ്രീക്ക് ശിൽപ്പമാതൃകയിലുള്ള ഒരു മാർബിൾ ക്ഷേത്രം പണികഴിപ്പിക്കുകയുണ്ടായി. മൃതിയടഞ്ഞ പ്രശസ്തരായ ജർമൻകാരുടെ ബഹുമാനാർഥം ആയിരുന്നു അത്.
ജർമനിയിലെ റെയ്ജൻസ്ബർഗിനടുത്തുള്ള ഒരു കുന്നിൻചെരുവിൽ ഡാന്യൂബിന് അഭിമുഖമായി തലയുയർത്തി നിൽക്കുന്ന, ജർമൻ മഹാത്മാക്കളുടെ ബഹുമാനാർഥമുള്ള ഈ സ്മാരക മന്ദിരത്തിലാണ്—ഏഥൻസിലെ അക്രോപൊളീസിലുള്ള പാർത്തിനോണിന്റെ മാതൃകയിലുള്ളത്—പുകഴ്പെറ്റ സ്ത്രീപുരുഷന്മാരുടെ അനവധി ഊർധ്വകായ പ്രതിമകൾ ഉള്ളത്.
എത്ര സമുചിതമായ രംഗസംവിധാനം! ബീഥോവൻ, ഐൻസ്റ്റീൻ, ഗോഥെ, ഗുട്ടൻബർഗ്, കെപ്ലെർ, ലൂഥർ തുടങ്ങിയ പ്രശസ്തരടക്കമുള്ള രാജകുമാരന്മാർ, കവികൾ, രാഷ്ട്രതന്ത്രജ്ഞർ, ശാസ്ത്രജ്ഞർ, സംഗീതജ്ഞർ എന്നിവർക്ക് ഡാന്യൂബ് നദി നല്ല പരിചിതമായിരുന്നു. അവരിൽ അനേകരും അതിന്റെ തീരങ്ങളിൽ താമസിച്ചിട്ടുണ്ട്, അതു കുറുകെ കടന്നിട്ടുണ്ട്, അതിനെ പാടിപ്പുകഴ്ത്തിയിട്ടുണ്ട്. സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, ഡാന്യൂബ് എന്തെല്ലാം കഥകൾ പറഞ്ഞേനെ!
കേവലമൊരു ജലപ്രവാഹമല്ല
“ഒരു ഭൂമിശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം നദികൾ എക്കലിന്റെയും വാണിജ്യത്തിന്റെയും വാഹകരാണ്,” ചരിത്രകാരനായ നോർമാൻ ഡേവീസ് എഴുതുന്നു. “ഒരു ചരിത്രകാരനാകട്ടെ, അവ സംസ്കാരത്തിന്റെയും പ്രത്യയശാസ്ത്രങ്ങളുടെയും വാഹകരാണ്, ചിലപ്പോഴൊക്കെ ഏറ്റുമുട്ടലുകളുടെയും. അവ ജീവിതം പോലെ തന്നെയാണ്” എന്നും അദ്ദേഹം എഴുതുന്നു. പത്തു രാജ്യങ്ങളുടെ—ജർമനി, ഓസ്ട്രിയ, സ്ലോവാക്യ, ഹംഗറി, ക്രൊയേഷ്യ, യുഗോസ്ലാവിയ, ബൾഗേറിയ, റൊമാനിയ, മോൾഡോവ, യൂക്രെയ്ൻ—അതിർത്തികളെ തൊട്ടുതലോടിയാണ് ഡാന്യൂബ് നദി ഒഴുകുന്നത്. അതുകൊണ്ടുതന്നെ ഇത് വൈവിധ്യമാർന്ന സംസ്കാരങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും സംഘട്ടനങ്ങൾക്കും സാക്ഷ്യം വഹിച്ചിരിക്കുന്നു. ഡാന്യൂബ് നദീതീരത്തുള്ള അനവധി സമൂഹങ്ങൾ യൂറോപ്പിന്റെ, ലോകത്തിന്റെ തന്നെയും, ചരിത്രത്തിൽ സുപ്രധാന പങ്കു വഹിക്കുന്നതിൽ അതിശയിക്കാനില്ല.
ഉദാഹരണത്തിന്, വിയന്നയുടെ കാര്യം പരിചിന്തിക്കുക. നൃത്തസംഗീത ശാലകളും തിയറ്ററുകളും മ്യൂസിയങ്ങളും ചരിത്ര സ്മാരകങ്ങളും ഗ്രന്ഥശാലകളും അനവധിയായുള്ള ഓസ്ട്രിയയുടെ തലസ്ഥാനമായ ഈ നഗരം വളരെക്കാലമായി ലോകത്തിലെ സാംസ്കാരിക കേന്ദ്രങ്ങളിലൊന്നാണ്. നൂറ്റാണ്ടുകളായി ഇത് മദ്യശാലകൾക്കും കോഫിഹൗസുകൾക്കും പേരുകേട്ടതാണ്. വിയന്നയിലെ ഫിൽഹാർമോണിക് ഓർക്കെസ്ട്ര ലോകത്തിലെ മേത്തരം സംഗീത ഗ്രൂപ്പുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. 1365-ൽ സ്ഥാപിതമായ വിയന്ന സർവകലാശാലയാണ് ജർമൻ ഭാഷാലോകത്തിലെ ഏറ്റവും പഴക്കംചെന്ന സർവകലാശാല.
പ്രത്യയശാസ്ത്രങ്ങളോടുള്ള ബന്ധത്തിൽ, ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലുള്ള വിയന്നയെ “ആധുനിക ലോകത്തെ രൂപപ്പെടുത്താൻ പോന്ന നല്ലതോ ചീത്തയോ ആയ ആശയസങ്കൽപ്പങ്ങളുടെ വിളനിലം” എന്നു വിശേഷിപ്പിക്കുന്നു. സിയോണിസത്തിന്റെ സ്ഥാപകനായ തിയോഡർ ഹെസ്ൽ, മാനസികാപഗ്രഥന ശാസ്ത്രത്തിന്റെ പിതാവായ സിഗ്മണ്ട് ഫ്രോയ്ഡ്, പ്രത്യേകിച്ചൊരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത അഡോൾഫ് ഹിറ്റ്ലർ എന്നിവർ വർഷങ്ങളോളമുള്ള അവിടുത്തെ താമസത്താൽ കുറെയൊക്കെ സ്വാധീനിക്കപ്പെട്ട വ്യക്തികളിൽ ചിലർ മാത്രമാണ്.
“കാട്ടാളത്തത്തിൽനിന്നു സംസ്കാരത്തെ” വേർതിരിക്കൽ
“മുൻകാലങ്ങളിൽ, യൂറോപ്യൻ ഉപഭൂഖണ്ഡത്തിലെ വലിയ അതിർത്തി രേഖകളിലൊന്ന് ഡാന്യൂബ് നദി ആയിരുന്നു” എന്നു നോർമാൻ ഡേവീസ് പറയുന്നു. അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു: “എഡി 1-ാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യത്തിന്റെ അതിർത്തിയായി കണക്കാക്കിയിരുന്ന ഡാനുവിയുസ് (ലാറ്റിനിൽ) . . . കാട്ടാളത്തത്തിൽ നിന്നും സംസ്കാരത്തെ വേർതിരിച്ചിരുന്നു.”
റോമാ സാമ്രാജ്യത്തിന്റെയും പിൽക്കാലത്ത് വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെയും ചരിത്രത്തിൽ ഒട്ടനവധി ഡാന്യൂബ് നഗരങ്ങൾ പ്രമുഖ പങ്കു വഹിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, സ്ളോവാക്യയിലെ ഒരു സാംസ്കാരിക കേന്ദ്രവും അതിന്റെ ഇപ്പോഴത്തെ തലസ്ഥാനവുമായ ബ്രാറ്റിസ്ലാവ 1526 മുതൽ 1784 വരെ ഹംഗറിയുടെ തലസ്ഥാനമായിരുന്നു. ഡാന്യൂബിന് 300 അടി ഉയരത്തിൽ സ്ഥിതി ചെയ്തിരുന്ന ഒരു രാജകീയ സൗധമായിരുന്നു കുറെ കാലത്തേക്ക് ഓസ്ട്രിയൻ രാജകുടുംബത്തിന്റെ വസതി. 1741-ൽ ഫ്രാൻസിന്റെയും ബവേറിയയുടെയും സേനകളുടെ ഭീഷണിയെ വിയന്ന നേരിട്ടപ്പോൾ, പിന്നീട് ചക്രവർത്തിനി ആയിത്തീർന്ന മരിയാ തെരേസ അഭയം തേടി അവിടെനിന്നു പലായനം ചെയ്തു.
ഹാബ്സ്ബർഗ് രാജകുടുംബത്തിൽ പെട്ടവളായിരുന്നു മരിയാ തെരേസ. പരമാധികാരം കയ്യാളിയിരുന്ന ആ രാജവംശത്തെ—യൂറോപ്പിലെ ഏറ്റവും വലിയ രാജവംശങ്ങളിലൊന്ന്—പ്രതിനിധീകരിക്കുന്ന ഊർധ്വകായ പ്രതിമകൾ വാൽഹാലയിൽ ധാരാളമുണ്ട്.b 10-ാം നൂറ്റാണ്ടുവരെ ചുവടുപിടിച്ചു ചെല്ലാവുന്ന ഈ പ്രമുഖ കുടുംബം 13-ാം നൂറ്റാണ്ടിൽ അധികാരത്തിലേറുകയും ക്രമേണ മധ്യയൂറോപ്പിന്റെ സിംഹഭാഗത്തെയും—തന്ത്രപ്രധാനമായ വിവാഹബന്ധങ്ങളിലൂടെ—തങ്ങളുടെ നിയന്ത്രണാത്മക സ്വാധീനത്തിൻ കീഴിലാക്കുകയും ചെയ്തു. ഹാബ്സ്ബർഗ് സിംഹാസനത്തിന് അവകാശിയായ ഫ്രാൻസിസ് ഫെർഡിനാൻഡ് 1914-ൽ സാരെയെവോയിൽ വെച്ച് വധിക്കപ്പെട്ടു. ആ സംഭവമാണ് ഒന്നാം ലോകമഹായുദ്ധത്തിനു തിരികൊളുത്തിയത്.
രക്തപങ്കിലമായ വെള്ളം
ഡാന്യൂബ് നദിയെ തുടർച്ചയായ രാഷ്ട്രീയ മാറ്റങ്ങൾക്കു വിധേയമാക്കിക്കൊണ്ട് സാമ്രാജ്യങ്ങൾ വാഴുകയും വീഴുകയും ചെയ്തിട്ടുണ്ട്. 11-ഉം 12-ഉം നൂറ്റാണ്ടുകളിലെ ബൈസാന്റിയം സാമ്രാജ്യത്തിന്റെ അതിരായിരുന്നു ഇത്. പിന്നീട്, ബെൽഗ്രേഡ്, ബുഡാപെസ്റ്റ് എന്നിവ പോലുള്ള ഡാന്യൂബ് പട്ടണങ്ങൾ തുർക്കികൾ കയ്യടക്കിയപ്പോൾ ഇത് ഭൂരിഭാഗവും ഓട്ടോമാൻ സാമ്രാജ്യത്തിലൂടെ ആണ് ഒഴുകിയിരുന്നത്. വിജയിച്ചില്ലെങ്കിലും, 1529-ലും പിന്നെ 1683-ലും വിയന്നയെ പോലും ഉപരോധത്തിലാക്കാൻ ശ്രമം നടന്നു.
ഒരു ജർമൻ ഗ്രന്ഥകാരനായ വെർണർ ഹൈഡർ ഇങ്ങനെ പറയുന്നതിൽ അതിശയിക്കാനില്ല: “ചരിത്ര പ്രാധാന്യത്തിന്റെ കാര്യത്തിൽ ഡാന്യൂബിനോട് കിടപിടിക്കുന്ന മറ്റൊരു നദിയും യൂറോപ്പിലില്ല.” മറ്റൊരു ഗ്രന്ഥകാരൻ പറയുന്നത്, “മുൻകാലങ്ങളിൽ ഹൂൺ വർഗക്കാർ, ടാർട്ടാർ വർഗക്കാർ, മംഗോളിയർ, തുർക്കികൾ എന്നിവർക്ക് പൂർവദേശത്തുനിന്നു യൂറോപ്പിലേക്കുള്ള സുപ്രധാന ആക്രമണപാതയായി ഇത് ഉതകി” എന്നാണ്.
ഈ അടുത്ത കാലത്തെ യുദ്ധങ്ങളിലും ഡാന്യൂബിന്റെ അതിരുകൾ അതിലംഘിക്കപ്പെട്ടിട്ടുണ്ട്. ഗ്രന്ഥകാരനായ വില്യം എൽ ഷൈറർ ഇങ്ങനെ എഴുതുന്നു: “[1941] ഫെബ്രുവരി 28-ാം തീയതി രാത്രി ജർമൻ സൈന്യം റൊമേനിയയിൽ നിന്ന് ഡാന്യൂബ് കുറുകെ കടന്ന് ബൾഗേറിയയിലെ തന്ത്രപ്രധാന സ്ഥാനങ്ങൾ കയ്യടക്കി.” നാലു വർഷം കഴിഞ്ഞ്, 1945-ൽ, “ഏപ്രിൽ 13-ന് വിയന്ന പിടിച്ചടക്കിയ റഷ്യക്കാർ ഡാന്യൂബിന്റെ മേൽഭാഗത്തേക്കു മുന്നേറിയ സമയത്ത്, യു.എസ്. തേർഡ് ആർമി ആ റഷ്യക്കാരെ ലക്ഷ്യമാക്കി നദിയിലൂടെ നീങ്ങുകയായിരുന്നു.”
സംസ്കാരത്തോടും പ്രത്യയശാസ്ത്രങ്ങളോടും ബന്ധപ്പെട്ട ഡാന്യൂബിന്റെ കഥ മിക്കപ്പോഴും ഏറ്റുമുട്ടലുകളുടെ കഥ ആയിരുന്നിട്ടുണ്ട്. മനുഷ്യ പോരാട്ടങ്ങളിൽ അതിലെ വെള്ളത്തിനു പലപ്പോഴും നിണവർണം കൈവന്നിട്ടുണ്ട്. മറ്റു വിധങ്ങളിലും അതു കളങ്കിതമാണ്.
നീലിമ പൊയ്പോയിരിക്കുന്നു
1867-ൽ യോഹാൻ സ്ട്രോസ് ജൂനിയർ “നീലയാം ഡാന്യൂബ്” എന്ന നൃത്തഗാനം രചിച്ച സമയത്ത്, അതിലെ ജലം തെളിഞ്ഞ നീലാകാശത്തെ സ്ഫുടമായും വ്യക്തമായും പ്രതിഫലിപ്പിച്ചിരുന്നു. എന്നാൽ ഇന്നോ?
ജർമനിയിലെ ബ്ലാക്ക് ഫോറസ്റ്റിലെ അതിന്റെ പ്രഭവസ്ഥാനം മുതൽ തെക്കുകിഴക്കുള്ള കരിങ്കടൽ വരെ ഡാന്യൂബ് നദി 2,850 കിലോമീറ്റർ ചുറ്റിവളഞ്ഞാണ് ഒഴുകുന്നത്. വോൾഗ കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും നീളമുള്ള രണ്ടാമത്തെ നദിയാണ് ഇത്. ഇതിന്റെ നീർവാർച്ചാ പ്രദേശം 8,17,000 ചതുരശ്ര കിലോമീറ്റർ ഉൾക്കൊള്ളുന്നതാണ്. എന്നുവരികിലും, വിയന്നയ്ക്കും ബുഡാപെസ്റ്റിനും ഇടയ്ക്കുള്ള ഒരു ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഗാബ്സിക്കോവോ അണക്കെട്ടിന്റെ നിർമാണം പാരിസ്ഥിതിക പ്രശ്നങ്ങൾ ഉളവാക്കിയിട്ടുണ്ട്. ഒരു പ്രസിദ്ധീകരണം പറയുന്നത്, ഈ അണക്കെട്ടു നിമിത്തം “ഡാന്യൂബ് നദീതടത്തിലെ ഭൂഗർഭജലവിതാനം ഗണ്യമായി താണുപോകുകയും ആയിരക്കണക്കിനു ഹെക്ടർ വനഭൂമിയും ചതുപ്പുനിലങ്ങളും വരണ്ടുപോകുകയും ഡാമിന് കീഴ്ഭാഗത്തുള്ള ചില പ്രദേശങ്ങളിൽ മത്സ്യ ലഭ്യത 80 ശതമാനത്തോളം കുറഞ്ഞുപോകുകയും ചെയ്തിരിക്കുന്നു” എന്നാണ്.
സംസാരിക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ തന്നെ, മനുഷ്യരുടെ അനാസ്ഥയും അത്യാഗ്രഹവും ഡാന്യൂബിനെ കുറ്റവാളിയും അതേസമയം ബലിയാടും ആക്കിയത് എങ്ങനെയെന്നു പറയാൻ ഇന്ന് അതു മടിച്ചേക്കും. “ലോകത്തിലെ ഏറ്റവും മലിനീകൃത കടൽ” എന്ന് റഷ്യൻ വർത്തമാനപ്പത്രമായ റോസിസ്കയ ഗസിയറ്റ വിശേഷിപ്പിക്കുന്ന കരിങ്കടലിനെ അങ്ങനെയാക്കി തീർക്കുന്നതിൽ മറ്റു മൂന്ന് പ്രമുഖ നദികളോടൊപ്പം ഡാന്യൂബും ഒരു പങ്കു വഹിച്ചിരിക്കുന്നു. കഴിഞ്ഞ 30 വർഷമായി, “യൂറോപ്പിന്റെ പകുതി ഭാഗത്തിനും വൻതോതിൽ ഫോസ്ഫറസ് സംയുക്തങ്ങൾ, രസം, ഡിഡിറ്റി, പെട്രോളിയം, മറ്റു വിഷ മാലിന്യങ്ങൾ എന്നിവ നിക്ഷേപിക്കാനുള്ള ഒരു അഴുക്കുചാലായി മാറിയിരിക്കുന്ന” കരിങ്കടൽ “മരണവേദന അനുഭവിക്കുകയാണ്” എന്നും അതേ പത്രം റിപ്പോർട്ടു ചെയ്യുന്നു.
ഡാന്യൂബ് നദീതടം അനുഭവിച്ച ദുരിതങ്ങളുടെ കഥ എത്ര ദാരുണമാണ്! ഈ നദി കരിങ്കടലിൽ ചേരുന്നിടമായ യൂക്രെയിനിലെ ഇസ്മയിലിന്റെ സമീപ പ്രദേശങ്ങളിലുള്ള പാരിസ്ഥിതിക ഹാനി ഭയാനകമാണ്. ഇവിടെ സാധാരണമായി കണ്ടുവന്നിരുന്ന ഞാറപ്പക്ഷികൾ ഇപ്പോൾ വിരളമായിത്തീർന്നിരിക്കുന്നു. ഈ പ്രദേശത്തെ “വൈവിധ്യ സമ്പന്നമായ സസ്യ-ജന്തുജാലങ്ങളെ” എന്നേക്കുമായി സംരക്ഷിക്കുകയാണെങ്കിൽ “അത് അന്താരാഷ്ട്ര പരിസ്ഥിതി നിയന്ത്രണത്തിന് ഒരു മാതൃകയായിരിക്കും” എന്ന് ജേയോ എന്ന ജർമൻ മാസിക പറയുന്നു.
താമസിയാതെ നല്ലൊരു കഥ പറയാനുണ്ടാകും
നദിയുടെ പ്രഭവസ്ഥാനത്തിന് ഏതാണ്ട് 60 കിലോമീറ്റർ വടക്കുകിഴക്കുള്ള ഒരു പോഷകനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പട്ടണമായ തൈൽഫിംഗനിൽ 1902-ൽ ഒരു പുതിയ താമസക്കാരി വന്നുചേർന്നു. അവളുടെ പേർ മാർഗാരേത്ത ദേമൂട്ട് എന്നായിരുന്നു. ജർമൻ ഭാഷയിൽ “ദേമൂട്ട്” എന്നാൽ “താഴ്മ” എന്നർഥം. ആസന്നമായ “സുവർണ യുഗ”ത്തെ (golden age) കുറിച്ച് അവൾ പ്രസംഗിച്ചതുകൊണ്ട് പെട്ടെന്നുതന്നെ അവിടുത്തുകാർ അവളെ ഗോൾഡൻ ഗ്രേറ്റൽ എന്നു വിളിക്കാൻ തുടങ്ങി. അതിനുശേഷം അധികം താമസിയാതെ, ജർമനിയിലെ ആദ്യത്തെ യഹോവയുടെ സാക്ഷികളുടെ സഭകളിലൊന്ന് തൈൽഫിംഗനിൽ സ്ഥാപിതമായി.
1997-ൽ, പത്തു രാജ്യങ്ങളിലുള്ള ഡാന്യൂബ് സമൂഹങ്ങളിലെ 258 സഭകളിലായി 21,687 യഹോവയുടെ സാക്ഷികൾ ദൈവത്തിന്റെ സ്ഥാപിത രാജ്യത്തെ കുറിച്ചുള്ള ആ സുവാർത്ത ഐക്യത്തോടെ പ്രസംഗിക്കുന്നുണ്ടായിരുന്നു.
ഭൂമി എന്നേക്കും നിലനിൽക്കുമെന്നും അതിൽ നിവാസികൾ ഉണ്ടായിരിക്കുമെന്നും ദൈവം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ, ഡാന്യൂബ് നദിക്ക് അനിശ്ചിത കാലത്തേക്ക് ഒഴുകാൻ സാധിച്ചേക്കും. (സങ്കീർത്തനം 104:5; യെശയ്യാവു 45:18) അങ്ങനെയെങ്കിൽ അപൂർണ സംസ്കാരങ്ങൾ, പിഴവുപറ്റിയ മാനുഷ പ്രത്യയശാസ്ത്രങ്ങൾ, രക്തരൂക്ഷിതമായ പോരാട്ടങ്ങൾ എന്നിവയുടെ, നൂറ്റാണ്ടുകൾ ദൈർഘ്യമുള്ള ചരിത്രവിവരണങ്ങൾക്കു ശേഷം അവസാനമായി ഈ നദിക്കു പറയാൻ സന്തോഷമേകുന്ന കഥകളും ഉണ്ടായിരിക്കും എന്നത് എത്ര സംതൃപ്തിദായകമാണ്. സന്തുഷ്ടരും ആരോഗ്യവാന്മാരുമായ ആളുകൾ അതിന്റെ തീരങ്ങളിൽ വാസമുറപ്പിക്കും, ഭാഷകളാലോ രാഷ്ട്രീയ അതിർത്തികളാലോ അവർ മേലാൽ വേർതിരിക്കപ്പെടുകയില്ല. സകലരും തങ്ങളുടെ ശബ്ദമുയർത്തി മഹാ സ്രഷ്ടാവിനെ പുകഴ്ത്തും. മൃതിയടഞ്ഞവരെ ബഹുമാനിക്കാനായി ഒരു വാൽഹാലയുടെ ആവശ്യം മേലാൽ ഉണ്ടായിരിക്കില്ല, കാരണം യോഗ്യരായ എല്ലാവരും ജീവനിലേക്കു വരും.—യോഹന്നാൻ 5:28, 29.
അത്തരത്തിൽ ആഹ്ലാദഭരിതയായ ഡാന്യൂബിനെ കുറിച്ചുള്ള ആശയം, “പ്രവാഹങ്ങൾ [“നദികൾ,” NW] കൈകൊട്ടട്ടെ . . . അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു; ഭൂലോകത്തെ നീതിയോടും ജാതികളെ നേരോടുംകൂടെ വിധിക്കും” എന്ന സങ്കീർത്തനം 98:8, 9-ലെ വാക്കുകൾ നമ്മെ നന്നായി അനുസ്മരിപ്പിക്കുന്നു. മനോഹരിയായ ഡാന്യൂബ് എന്ന നീലനദിക്ക് അപ്പോൾ വീണ്ടും പറയാൻ കഴിയുന്ന പുളകപ്രദമായ കഥയെ കുറിച്ചു വിഭാവന ചെയ്യൂ!
[അടിക്കുറിപ്പുകൾ]
a മരിയാ തെരേസ, റുഡോൾഫ് ഒന്നാമൻ, മാക്സ്മിലിയൻ ഒന്നാമൻ, ചാൾസ് അഞ്ചാമൻ എന്നിവരും അങ്ങനെ ആദരിക്കപ്പെടുന്നു.
b ജർമൻ ഐതിഹ്യപ്രകാരം വാൽഹാല, ദേവന്മാരുടെ വാസമന്ദിരം ആയിരുന്നു; നോഴ്സ് പുരാണമനുസരിച്ച്, മൃതിയടഞ്ഞ പടയാളികളുടെ വീരസ്വർഗവും.
[16, 17 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
ഡാന്യൂബിന്റെ തീരത്ത്
ഉൾമ്, ജർമനി
ആൽബെർട്ട് ഐൻസ്റ്റീൻ ജനിച്ചത് 1879-ൽ ഉൾമിൽ വെച്ചാണ്. അദ്ദേഹത്തിന്റെ ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ ആധുനിക ലോക ചരിത്രം വാർത്തെടുക്കുന്നതിൽ ഒരു വലിയ പങ്കുവഹിച്ചിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോൾത്തന്നെ അദ്ദേഹം “മനുഷ്യ ചരിത്രത്തിലെ സർഗശേഷിയുള്ള ധിഷണാശാലികളിൽ ഒരാളായി അംഗീകരിക്കപ്പെട്ടിരുന്നു” എന്നു പറയപ്പെടുന്നു.
[ചിത്രം]
വെൽറ്റെൺബർഗ്, ജർമനി
റെയ്ജൻസ്ബർഗ്, ജർമനി
അവിടെയാണ്, 12-ാം നൂറ്റാണ്ടിൽ ഡാന്യൂബിന് കുറുകെ സ്റ്റൈനെർന ബ്രൂയെക്ക (കൽപ്പാലം) പണിയപ്പെട്ടത്. അക്കാലത്തെ ഒരു നിർമാണ അത്ഭുതമായി അത് കരുതപ്പെട്ടിരുന്നു. ദീർഘകാലം കഴിഞ്ഞ് ജ്യോതിശ്ശാസ്ത്രജ്ഞനായ കെപ്ലെർ 1630-ൽ മരണമടഞ്ഞതും അവിടെവെച്ചാണ്.
മൗട്ട്ഹൗസെൻ, ഓസ്ട്രിയ
ഡാന്യൂബിന്റെ തീരത്തെ ഈ കൊച്ചു പ്രദേശത്ത് ഒരു നാസി തടങ്കൽപ്പാളയം സ്ഥിതി ചെയ്തിരുന്നു. അവിടെ ജയിലിലാക്കപ്പെട്ട പതിനായിരക്കണക്കിനാളുകളിൽ ചിലർ യഹോവയുടെ സാക്ഷികളായിരുന്നു. പിൽക്കാലത്തു അവരുടെ ഭരണസംഘത്തിലെ ഒരംഗമായിത്തീർന്ന മാർട്ടിൻ പോയറ്റ്സിംഗർ അവരിൽ ഒരാളായിരുന്നു.
[ചിത്രം]
വിയന്ന, ഓസ്ട്രിയ
[ചിത്രം]
ബ്രാറ്റിസ്ലാവ, സ്ലൊവാക്യ
[കടപ്പാട്]
ബെൽഗ്രേഡ്, യൂഗോസ്ലാവിയ
“നൂറുകണക്കിനു വർഷം” നീണ്ടുനിന്ന “രാഷ്ട്രീയവും സൈനികവുമായ പോരാട്ടങ്ങൾ” ബെൽഗ്രേഡിൽ നടന്നുവെന്നും ആക്രമിച്ചെത്തിയ സൈന്യങ്ങൾ “30-ലേറെ പ്രാവശ്യം ബെൽഗ്രേഡിനെ കീഴടക്കി നശിപ്പിച്ചു” എന്നും ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പ്രസ്താവിക്കുന്നു.
നിക്കൊപോൾ, ബൾഗേറിയ
പൊ.യു 629-ൽ ബൈസാന്റിയത്തിലെ ചക്രവർത്തി ഹെരക്ലൈയസ് ഈ പട്ടണം സ്ഥാപിച്ചതു മുതൽ ഇത് തന്ത്രപ്രധാനമായ ഒരു സ്ഥലമായിരുന്നു. 1396-ൽ ഓട്ടോമാൻ സുൽത്താനായ ബൈയസിദ് ഒന്നാമൻ ഹംഗറിയിലെ അക്കാലത്തെ സിഗിസ്മണ്ട് രാജാവിനെ തോൽപ്പിച്ചു. അന്നുമുതലാണ് തുർക്കികളുടെ അഞ്ചു നൂറ്റാണ്ടു നീണ്ടുനിന്ന ഭരണം തുടങ്ങിയത്.
ജൂർജൂ, റൊമേനിയ
റൊമേനിയയിലെ ആദ്യത്തെ റെയിൽപ്പാത, ജൂർജൂവിനെ ഏതാണ്ട് 65 കിലോമീറ്റർ വടക്കുള്ള ബ്യൂക്കറെസ്റ്റുമായി ബന്ധിപ്പിച്ചു. 1954-ൽ ഡാന്യൂബിന് കുറുകെയുള്ള ഒരു ഇരട്ടത്തട്ടുള്ള ഹൈവേ റെയിൽപ്പാലം റൊമേനിയയെ ബൾഗേറിയയുമായി ബന്ധിപ്പിച്ചു. ശുഭപ്രതീക്ഷയോടെ അതിനു സൗഹൃദ പാലം എന്നു പേരിടുകയും ചെയ്തു.
[ഭുപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ജർമനി
ബ്ലാക്ക് ഫോറസ്റ്റ്
തൈൽഫിംഗൻ
ഉൾമ്
വെൽറ്റെൺബർഗ്
റെയ്ജൻസ്ബർഗ്
വാൽഹാല
ഓസ്ട്രിയ
മൗട്ട്ഹൗസെൻ
വിയന്ന
സ്ലൊവാക്യ
ബ്രാറ്റിസ്ലാവ
ഗാബ്സിക്കോവോ അണക്കെട്ട്
ഹംഗറി
ബുഡാപെസ്റ്റ്
ക്രൊയേഷ്യ
യൂഗോസ്ലാവിയ
ബെൽഗ്രേഡ്
ബൾഗേറിയ
നിക്കൊപോൾ
റൊമേനിയ
ജൂർജൂ
ബ്യൂക്കറെസ്റ്റ്
മൊൾഡോവ
യൂക്രെയിൻ
ഇസ്മയിൽ
ഡാന്യൂബ് നദീതടം
കരിങ്കടൽ
[18-ാം പേജിലെ ചതുരം/ചിത്രം]
ബുഡാപെസ്റ്റ്, ഹംഗറി
ഡാന്യൂബിന്റെ റാണി എന്ന് ഒരിക്കൽ അറിയപ്പെട്ടിരുന്ന ബുഡാപെസ്റ്റ് മുഖ്യമായും ഡാന്യൂബിന്റെ പടിഞ്ഞാറെ ഭാഗമായ ബുഡായും കിഴക്കെ ഭാഗമായ പെസ്റ്റും ചേർന്നതാണ്. 1900-ാം ആണ്ടോടെ, അവിടത്തെ ജനസംഖ്യയുടെ ഏകദേശം നാലിലൊന്നും യഹൂദർ—രണ്ടാം ലോകമഹായുദ്ധകാലത്ത് മിക്കവാറും ഉന്മൂലമായ സമൂഹം—ആയിരുന്നു.