ലോകത്തെ വീക്ഷിക്കൽ
കാനഡയിലെ കൗമാരപ്രായക്കാരും മതവും
“അതിശയകരമെന്നു പറയട്ടെ, കാനഡയിലെ കൗമാരപ്രായക്കാരിൽ 80 ശതമാനം ദൈവത്തിൽ വിശ്വസിക്കുന്നു.” എന്നാൽ “അവരിൽ 15 ശതമാനം മാത്രമേ ക്രമമായി ഒരു മത സ്ഥാപനത്തിൽ പോകുന്നുള്ളൂ” എന്ന് വാൻകൂവർ സൺ എന്ന വർത്തമാനപത്രം പറയുന്നു. ഇത്ര വലിയൊരു അന്തരം എന്തുകൊണ്ടാണ്? “പല മത ശുശ്രൂഷകളും വിരസമാണ്” എന്നതാണു ചിലരെ പിന്തിരിപ്പിക്കുന്നത്. അതുപോലെ തന്നെ “പഠിപ്പിക്കലുകളുടെ വഴക്കമില്ലായ്മയും ചെറുപ്പക്കാരുടെ താത്പര്യത്തെ കെടുത്തിക്കളയുന്നു.” പത്രം കൂട്ടിച്ചേർക്കുന്നു: “ക്രിസ്തീയ പുരോഹിതന്മാരുടെ ലൈംഗിക ദുഷ്പെരുമാറ്റത്തെ കുറിച്ചും, സിക്ക് കലാപങ്ങളെ കുറിച്ചും, യഹൂദ തീവ്രവാദികളെ കുറിച്ചും, ഹൈന്ദവ ആക്രമണകാരികളെ കുറിച്ചും ഉള്ള പത്രത്തലക്കെട്ടുകളും സംഘടിത മതത്തിന്റെ പ്രതിച്ഛായയ്ക്കു വല്ലാതെ മങ്ങലേൽപ്പിച്ചിരിക്കുന്നു. അഭിപ്രായ വോട്ടെടുപ്പുകൾ കാണിക്കുന്നത് കാനഡയിൽ വെറും 39 ശതമാനം കൗമാരപ്രായക്കാർക്കേ മതനേതാക്കന്മാരിൽ വിശ്വാസമുള്ളൂ എന്നാണ്. 1984-ൽ അത് 62 ശതമാനം ആയിരുന്നു.” റിപ്പോർട്ട് ഇങ്ങനെ ഉപസംഹരിക്കുന്നു: “ഒന്നുകിൽ പുരോഹിതന്മാരുടെ ആത്മാർഥമായ സ്വാഗതം കൗമാരപ്രായക്കാരിലേക്ക് എത്തുന്നില്ല അല്ലെങ്കിൽ പൊതുജന സംസ്കാരം മത സ്ഥാപനങ്ങളുമായി ശത്രുതയിലാണ്. അതുമല്ലെങ്കിൽ, ആത്മീയ സന്ദേശത്തിന് യുവജനങ്ങളുടെ താത്പര്യത്തെ ഉണർത്താൻ കഴിയുന്നില്ല. അല്ലെങ്കിൽ ഒരുപക്ഷേ, ഈ സംഗതികൾ എല്ലാം അതിനു കാരണമായിരിക്കാം.”
വായുവേഗത്തിൽ പായുന്ന പാറ്റകൾ
പാറ്റയെ പിടിക്കാൻ ശ്രമിച്ചിട്ടുള്ളവർക്കറിയാം അതിന്റെ ബുദ്ധിമുട്ട്. അവയുടെ വേഗത്തിനു പിന്നിലെ രഹസ്യം എന്താണ്? ഉദരത്തിന്റെ ഇരുവശത്തും ഉള്ള ചെറുരോമങ്ങളുടെ സഹായത്താൽ അവയ്ക്കു ശത്രുക്കൾ ഉണ്ടാക്കുന്ന ഏറ്റവും നേരിയ വായുചലനവും അത് ഏതു ദിശയിൽ നിന്നാണു വരുന്നതെന്നും തിരിച്ചറിയാൻ കഴിയും എന്നതാണ് ഒരു സംഗതി. കൂടാതെ അസാധാരണ പ്രവർത്തനക്ഷമതയുള്ള ഒരു നാഡീ വ്യവസ്ഥയാണ് അവയ്ക്കുള്ളത്. അതിന്റെ ഫലമായി അവയ്ക്ക് സെക്കൻഡിന്റെ നൂറിൽ ഒരംശം കൊണ്ട് അപകടം മനസ്സിലാക്കി രക്ഷപ്പെടാൻ കഴിയും. ബെർലീനർ മോർഗൻപോസ്റ്റ് എന്ന വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച് ഹീബ്രു യൂണിവേഴ്സിറ്റി ഓഫ് ജറൂസലേമിലെ ജെഫ്രി കാംഹിയും സഹപ്രവർത്തകരും ഒരു ഹൈസ്പീഡ് ക്യാമറയുടെ സഹായത്താൽ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. സെക്കൻഡിൽ ഒരു മീറ്റർ എന്ന വേഗത്തിൽ പാറ്റകൾക്ക് ഓടാൻ കഴിയുമെന്നും ഇങ്ങനെ ഓടവെ സെക്കൻഡിൽ 25 പ്രാവശ്യം വരെ അവയ്ക്കു ദിശ മാറ്റാൻ കഴിയുമെന്നും അവർ കണ്ടെത്തി. കാംഹി ഇങ്ങനെ പറഞ്ഞതായി ന്യൂ സയന്റിസ്റ്റ് മാസിക പ്രസ്താവിച്ചു: “ശരീരം ഇത്ര കൂടെക്കൂടെ തിരിക്കാനുള്ള കഴിവു മറ്റൊരു ജീവിക്കും ഉള്ളതായി ഞങ്ങൾക്കറിയില്ല. ക്ഷണിക്കപ്പെടാത്ത അതിഥിയായി വീടുകളിൽ വലിഞ്ഞുകയറി വരാതിരുന്നെങ്കിൽ പാറ്റകൾക്ക് അവ അർഹിക്കുന്ന ആദരവു തന്നെ തീർച്ചയായും ലഭിച്ചേനെ.”
ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയമോ?
മാക്സ് പ്ലാങ്ക് സാമുദ്രിക സൂക്ഷ്മജീവിശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞയായ ഹൈഡി ഷുൽറ്റ്സ് ആഫ്രിക്കയിലെ നമീബിയൻ തീരത്തിനടുത്തായി, സമുദ്രത്തിന്റെ അടിത്തട്ടിലുള്ള ഊറൽമണ്ണിൽ ഒരു ഭീമൻ ബാക്ടീരിയത്തെ കണ്ടെത്തുകയുണ്ടായി. ഈ ബാക്ടീരിയത്തിന്റെ വ്യാസം 0. 75 മില്ലിമീറ്റർ ആണ്. അറിയപ്പെടുന്ന മറ്റേതൊരു ബാക്ടീരിയത്തെക്കാളും 100 ഇരട്ടി വലിപ്പം ഉണ്ട് അതിന്. ലണ്ടനിലെ ദ ടൈംസ് ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ഒരു സാധാരണ ബാക്ടീരിയത്തിന്, ജനിച്ചയുടനെയുള്ള ഒരു എലിയുടെ അത്രയും വലിപ്പമുണ്ടെന്നു സങ്കൽപ്പിക്കുകയാണെങ്കിൽ ഇതിന് ഒരു നീല തിമിംഗിലത്തിന്റെ അത്രയും വലിപ്പം ഉണ്ടായിരിക്കും.” തിയോമാർഗരിറ്റ നമീബിയെൻസിസ് എന്നു വിളിക്കപ്പെടുന്ന ഈ ജീവികൾ ഒരു ചരടിൽ കോർത്ത മുത്തുകൾ പോലെ അന്യോന്യം ബന്ധപ്പെട്ടുകിടക്കുന്നു. ദ ടൈംസ് പറയുന്നതനുസരിച്ച് ഈ ബാക്ടീരിയ “കടൽവെള്ളത്തിലെ നൈട്രേറ്റുകളുടെ സഹായത്തോടെ സൾഫൈഡുകളെ ഓക്സീകരിക്കുകയും അവ ഉപയോഗിച്ച് സ്വയം പോഷിപ്പിക്കുകയും ചെയ്യുന്നു.”
ഗംഗാനദിയിൽ ശവങ്ങളുടെ പ്രളയം
“മോക്ഷം അഥവാ, പുനർജന്മചക്രത്തിൽ നിന്ന് ആത്മാവിന് മുക്തി ലഭിക്കും എന്ന വിശ്വാസത്തിൽ നൂറ്റാണ്ടുകളായി, ഹിന്ദുക്കൾ തങ്ങളുടെ മരിച്ച ബന്ധുക്കളുടെ ശവശരീരങ്ങൾ ഗംഗാനദിയിൽ ഒഴുക്കിയിരിക്കുന്നു” എന്ന് ഇലക്ട്രോണിക് ടെലിഗ്രാഫ് പറയുന്നു. “2,500 കിലോമീറ്റർ നീളമുള്ള ഗംഗാനദിക്ക് നല്ല ആഴമുണ്ടായിരുന്ന കാലത്ത് അഴുകിത്തുടങ്ങിയ നൂറുകണക്കിനു ജഡങ്ങൾ അതിന്റെ ശക്തമായ പ്രവാഹത്തിൽ പെട്ട് ഒഴുകിപ്പോയിരുന്നു. എന്നാൽ വ്യവസായ സ്ഥാപനങ്ങൾ പുറന്തള്ളുന്ന പാഴ്വസ്തുക്കളുടെ ഫലമായി വർഷങ്ങളിലൂടെ നദിയുടെ ആഴവും ഒഴുക്കും കുറഞ്ഞിരിക്കുന്നു.” ഇതു നിമിത്തം ജഡങ്ങൾ “ഈ പാഴ്വസ്തുക്കളിലും നദിയിലെ പായലിലും മറ്റും ആഴ്ചകളോളം തടഞ്ഞു കിടക്കുന്നു.” 1980-കളുടെ അവസാനത്തിൽ മാംസഭുക്കുകളായ ആയിരക്കണക്കിന് ആമകളെ നദിയിൽ ഇട്ടുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ ഗവൺമെന്റ് ശ്രമിച്ചെങ്കിലും 1994-ൽ ആ പദ്ധതി ഉപേക്ഷിച്ചു. എന്തുകൊണ്ടെന്നാൽ നദിയിലെ ശവശരീരങ്ങളുടെ എണ്ണം ആമകൾക്കു തിന്നുതീർക്കാവുന്നതിലും വളരെ കൂടുതൽ ആയിരുന്നു. കൂടാതെ, ആ ആമകളെത്തന്നെ ആളുകൾ അനധികൃതമായി പിടിച്ചുകൊണ്ടു പോകാൻ തുടങ്ങി. മരിച്ച ബന്ധുക്കളെ ദഹിപ്പിക്കുകയോ നദിതീരത്തെ മണലിൽ കുഴിച്ചിടുകയോ ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു പുതിയ പ്രചരണപരിപാടി ഇപ്പോൾ ആവിഷ്കരിച്ചിരിക്കുകയാണ്.
ലിംബോ അപ്രത്യക്ഷമായോ?
ലിംബോ—പരമ്പരാഗത കത്തോലിക്കാ വിശ്വാസമനുസരിച്ച് മാമ്മോദീസാ മുക്കുന്നതിനു മുമ്പ് മരിച്ചുപോകുന്ന കുഞ്ഞുങ്ങളുടെ ആത്മാക്കൾ പോകുന്ന സ്ഥലം—കത്തോലിക്കാ ദൈവശാസ്ത്രത്തിൽനിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. ലിംബോ ഒരിക്കലും വിശ്വാസപ്രമാണത്തിന്റെ ഭാഗമായില്ലെങ്കിലും, അത് “മരണാനന്തര ജീവിതത്തിൽ” ‘സ്വർഗത്തിലോ നരകത്തിലോ പോകാത്തവർക്കായി’ ഒരു സ്ഥാനം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഫലമായി “12-ാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞന്മാർ രൂപംനൽകിയ” ഒരു പഠിപ്പിക്കലായിരുന്നു. മേൽപ്പറഞ്ഞവരിൽ “മാമ്മോദീസാ മുക്കുന്നതിനു മുമ്പു മരിച്ചുപോകുന്ന നിഷ്കളങ്കരായ നവജാതശിശുക്കളും നല്ല ജീവിതം നയിച്ച അവിശ്വാസികളും” ഉൾപ്പെട്ടിരുന്നു. വത്തിക്കാൻ ഭാഷ്യകാരനായ മാർക്കോ പൊളിറ്റി, ലാ റേപ്പൂബ്ലിക്കാ എന്ന വർത്തമാനപത്രത്തിൽ ഇങ്ങനെ എഴുതി: “ലിംബോ കണ്ടുപിടിക്കപ്പെട്ട ശേഷം അതിനു സഭാ പഠിപ്പിക്കലുകളിൽ ഒരു പ്രധാനപ്പെട്ട സ്ഥാനം തന്നെ ഉണ്ടായിരുന്നു”. എന്നാൽ 1992-ൽ പുറത്തിറക്കിയ സാർവദേശീയ വേദപാഠം ഉൾപ്പെടെയുള്ള കുറേക്കൂടെ അടുത്തകാലത്തെ വേദപാഠങ്ങളിൽ ലിംബോയെ കുറിച്ചുള്ള ഒറ്റ പരാമർശം പോലും കാണാനില്ല. “യഥാർഥത്തിൽ കഴിഞ്ഞ ഏതാനും ദശകങ്ങൾകൊണ്ട് മരണാനന്തര ജീവിതത്തെ കുറിച്ചുള്ള സങ്കൽപ്പത്തിന് ഒരു സമൂല മാറ്റം സംഭവിച്ചിരിക്കുന്നു” എന്ന് പൊളിറ്റി വിശദീകരിക്കുന്നു. മാമ്മോദീസാ മുക്കുന്നതിനു മുമ്പു മരിക്കുന്ന ശിശുക്കൾ നേരെ സ്വർഗത്തിലേക്കു പോകുന്നു എന്നാണ് ഇപ്പോൾ പല ദൈവശാസ്ത്രജ്ഞന്മാരും പറയുന്നത്. ഇറ്റാലിയൻ ദൈവശാസ്ത്രജ്ഞനായ പീനോ സ്കാബിനി പറയുന്നു: “വെളിപ്പെടുത്തപ്പെട്ട സംഗതികളുടെ അടിസ്ഥാന ഘടകങ്ങൾ—യേശു പറഞ്ഞ നിത്യജീവനും പുനരുത്ഥാനവും—പരിശോധിക്കാനുള്ള ഒരു പ്രവണത ഇന്നുണ്ട്.”
തട്ടിക്കൊണ്ടുപോകൽ എന്ന ബിസിനസ്
“തട്ടിക്കൊണ്ടുപോകൽ എന്നത് . . . മെക്സിക്കോ, കൊളംബിയ, ഹോങ്കോംഗ്, റഷ്യ എന്നിവിടങ്ങളിൽ തഴച്ചുവളരുന്ന ഒരു ബിസിനസ് ആയിത്തീർന്നിരിക്കുന്നു” എന്ന് യു.എസ്. ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് പ്രസ്താവിച്ചു. “മോചനമൂല്യം ആവശ്യപ്പെട്ടുകൊണ്ടു ലോകവ്യാപകമായി നടക്കുന്ന തട്ടിക്കൊണ്ടുപോകലുകളുടെ എണ്ണം കഴിഞ്ഞ മൂന്നു വർഷങ്ങളിലും മുൻകാല റെക്കോർഡുകൾ ഭേദിച്ചിരിക്കുന്നു.” ഇതുവരെ, തട്ടിക്കൊണ്ടുപോകലുകളുടെ കാര്യത്തിൽ ഒന്നാമതു നിൽക്കുന്നത് ലാറ്റിൻ അമേരിക്കയാണ്. 1995-നും 1998-നും മധ്യേ 6,755 തട്ടിക്കൊണ്ടുപോകലുകളാണ് അവിടെ നടന്നത്. ഏഷ്യയും വിദൂരപൗരസ്ത്യദേശങ്ങളും (617) യൂറോപ്പും (271) ആഫ്രിക്കയും (211) മധ്യപൂർവദേശങ്ങളും (118) വടക്കേ അമേരിക്കയും (80) അതിനു പുറകിലായി സ്ഥാനം പിടിച്ചിരിക്കുന്നു. പ്രാദേശിക വ്യാപാരികളെയും ഭൂവുടമകളെയും ആണ് കൂടുതലും തട്ടിക്കൊണ്ടുപോകാറുള്ളതെങ്കിലും ആരുംതന്നെ—ദയാകാരുണ്യ സ്ഥാപനങ്ങളുടെ പ്രവർത്തകർ, ബിസിനസ് സംബന്ധമായി യാത്ര ചെയ്യുന്നവർ, വിനോദസഞ്ചാരികൾ തുടങ്ങിയവർ—അതിൽ നിന്ന് ഒഴിവുള്ളവരല്ല. മോചനമൂല്യം കൊടുക്കുന്നതിനും അതുപോലെതന്നെ മധ്യസ്ഥത വഹിക്കുന്നവർക്കും മനശ്ശാസ്ത്ര ഉപദേഷ്ടാക്കന്മാർക്കും മറ്റും കൊടുക്കുന്നതിനും ഉള്ള പണം ലഭിക്കുന്നതിന് അന്താരാഷ്ട്ര കമ്പനികൾ ഇപ്പോൾ തട്ടിക്കൊണ്ടുപോകൽ-മോചനമൂല്യം ഇൻഷ്വറൻസ് പോളിസികൾ വാങ്ങുന്നു. തട്ടിക്കൊണ്ടുപോകുന്നവർ ഒരു ബിസിനസ് സ്ഥാപനം പോലെതന്നെ സുസംഘടിതമായി പ്രവർത്തിക്കുന്നു. അതായത്, അവർ കമ്പോള ഗവേഷണം നടത്തുകയും ഭാവി ഇരകളെ തട്ടിക്കൊണ്ടുപോകുന്നതിലെ അപകടസാധ്യത വിലയിരുത്തുകയും ചെയ്യുന്നു. സാധാരണ, ബന്ദികളോട് അവർ നല്ല രീതിയിലാണു പെരുമാറുക. അങ്ങനെ ചെയ്താൽ രക്ഷപ്പെടൽ ശ്രമങ്ങൾ കുറയുകയും പണം കിട്ടാനുള്ള സാധ്യത വർധിക്കുകയും ചെയ്യുമെന്ന് അവർക്ക് അറിയാം. “ലോകവ്യാപകമായി നടക്കുന്ന 10 തട്ടിക്കൊണ്ടുപോകലുകളിൽ 1 മാത്രമേ ബന്ദിയുടെ മരണത്തിൽ കലാശിക്കുന്നുള്ളൂ,” എന്ന് മാസിക പറയുന്നു. എന്നാൽ അത് ഈ മുന്നറിയിപ്പു നൽകുന്നു: “പ്രാദേശിക പൊലീസുകാരെ സൂക്ഷിക്കുക. പലപ്പോഴും തട്ടിക്കൊണ്ടുപോകുന്നവരുമായി അവർ കൈകോർത്തു പ്രവർത്തിക്കുന്നു.”
പ്രാർഥിക്കുന്നതിന് വെബ്ബ് സൈറ്റിൽ മാർഗനിർദേശം
അടുത്തകാലത്ത് ചർച്ച് ഓഫ് ഇംഗ്ലണ്ട്, ഇന്റർനെറ്റിൽ അതിന്റെ വെബ്ബ് സൈറ്റ് തുറന്നു. പ്രാർഥിക്കേണ്ടത് എങ്ങനെയാണെന്ന് അതിൽ വിശദീകരിച്ചിരിക്കുന്നു. ദൈവം എല്ലാ പ്രാർഥനകളും കേൾക്കുന്നു എന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് പ്രാർഥനയുടെ കാര്യത്തിൽ പുതിയ പുതിയ രീതികൾ ഉപയോഗിക്കാൻ ചർച്ച് ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. “ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സംഗീതമോ ഒരു കല്ലോ തൂവലോ പൂവോ മെഴുകുതിരിയോ ഉപയോഗിക്കുക. നിങ്ങളുടെ കൈ പ്രയോജനപ്പെടുത്തുക. പ്രാർഥനയിൽ ഉൾപ്പെടുത്തേണ്ട വ്യത്യസ്ത കാര്യങ്ങളെ കുറിച്ചു നിങ്ങളെ ഓർപ്പിക്കാൻ വിരലുകൾക്കു കഴിയും.” ഉദാഹരണത്തിന് ഏറ്റവും ശക്തിയുള്ള തള്ളവിരലിന് വീടും കുടുംബവും പോലെ നിങ്ങളുടെ ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന സംഗതികൾക്കായി പ്രാർഥിക്കണമെന്ന് നിങ്ങളെ ഓർമിപ്പിക്കാൻ കഴിയും. അതുപോലെതന്നെ “ലോകത്തിൽ അധികാരമുള്ള ആളുകൾക്കു” വേണ്ടി പ്രാർഥിക്കാൻ നീളമുള്ള നടുവിരലിനും “നിങ്ങൾക്കു വേണ്ടിത്തന്നെ പ്രാർഥിക്കാൻ” ചെറുവിരലിനും നിങ്ങളെ ഓർമിപ്പിക്കാൻ കഴിയും. ഈ കണ്ടുപിടിത്തങ്ങളെ കുറിച്ച് ദ ടൈംസ് പറയുന്നു: “വെബ്ബ് സൈറ്റിലെ ഉള്ളടക്കം രാഷ്ട്രം എത്രമാത്രം ലൗകിക ചിന്താഗതി ഉള്ളതായിത്തീർന്നിരിക്കുന്നു എന്നാണ് ചർച്ച് കരുതുന്നത് എന്നതിന്റെ സൂചനയാണ്. പ്രാർഥന എന്ന വിഷയത്തെ തോട്ടത്തിലെ കള പറിക്കുന്നതിനോടോ ഭക്ഷണക്രമം പാലിക്കുന്നതിനോടോ അത് ഉപമിക്കുന്നു: ‘കുറേശ്ശെയായി കൂടെക്കൂടെ ചെയ്യുന്നതാണ് ഉത്തമം, പക്ഷേ അത് ഉപേക്ഷിക്കരുത്.’”
അമ്ലവും പല്ലിന്റെ കേടും
“പഞ്ചസാര മാത്രമാണ് പല്ലിൽ പൊത്തുകൾ ഉണ്ടാക്കുന്നതെന്ന ചിന്താഗതി ആളുകൾ ഉപേക്ഷിക്കുകയും വായ് അമ്ലത ഉള്ളതാക്കിത്തീർക്കുന്ന ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കുകയും വേണം” എന്ന് വായുടെ ആരോഗ്യം: ഭക്ഷണവും മറ്റു ഘടകങ്ങളും (ഇംഗ്ലീഷ്) എന്ന റിപ്പോർട്ടിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായ മൈക്ക് എഡ്ഗാർ പറയുന്നു. അമ്ലാംശമുള്ള ഭക്ഷണം കഴിക്കുകയോ പ്രഭാതഭക്ഷണത്തിന് ഓറഞ്ച് ജ്യൂസ് കുടിക്കുകയോ ചെയ്യുന്നവർ അര മണിക്കൂറെങ്കിലും കഴിയാതെ പല്ലു തേക്കരുതെന്ന് ഈ റിപ്പോർട്ടു നിർദേശിക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ വായിലെ അമ്ലത്തിന്റെ അളവ് ഒരു നിശ്ചിത പരിധി കവിയുമ്പോൾ പല്ലിന്റെ ഇനാമൽ മയമുള്ളതാകുന്നു. അപ്പോൾ പല്ലുതേച്ചാൽ അത് അൽപ്പാൽപ്പമായി തേഞ്ഞുപോകും. പകരം, ചീസും നിലക്കടലയും പോലെ മാംസ്യം ധാരാളം അടങ്ങിയ ആഹാരം കഴിച്ചുകൊണ്ട് വായിലെ അമ്ലത്തെ നിർവീര്യമാക്കാനാണു നിർദേശിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ അമ്ലാംശമുള്ള ഭക്ഷണം കഴിച്ച് 20 മിനിട്ടിനുള്ളിൽ ഇതു ചെയ്തിരിക്കണം എന്ന് ലണ്ടനിലെ ദ ടൈംസ് പറയുന്നു.
ജാപ്പനീസ് പാവ പരിഹാരമോ?
തങ്ങളുടെ പേരക്കുട്ടികളിൽ നിന്നു വളരെ അകലെ താമസിക്കുന്നവരും അവരെ അപൂർവമായി മാത്രം കാണാൻ അവസരം ലഭിക്കുന്നവരുമായ മുത്തശ്ശീമുത്തശ്ശന്മാരുടെ പ്രശ്നത്തിന് ഒരു പരിഹാരവുമായി ഇതാ ടോക്കിയോയിലെ ഒരു കമ്പനി മുന്നോട്ടു വന്നിരിക്കുന്നു. കുഞ്ഞിന്റെ ഒരു ചിത്രം കമ്പനിക്ക് അയച്ചു കൊടുത്താൽ ആറാഴ്ചയ്ക്കുള്ളിൽ അതുപോലെ തന്നെയുള്ള ഒരു പാവക്കുട്ടി റെഡി. “അത് അവിടംകൊണ്ട് അവസാനിക്കുന്നില്ല,” എന്ന് ന്യൂ സയന്റിസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. “പാവയ്ക്കുള്ളിലെ ഒരു ഡിജിറ്റൽ മൈക്രോചിപ്പ് റെക്കോർഡർ കുഞ്ഞ് പുറപ്പെടുവിക്കുന്ന അവ്യക്ത ശബ്ദങ്ങൾ റെക്കോർഡു ചെയ്യുന്നതിനാൽ കുഞ്ഞിന്റെ ശബ്ദം പോലും നിങ്ങൾക്കു കേൾക്കാൻ കഴിയും. പാവയുടെ കൈ പിടിക്കുകയേ വേണ്ടൂ അത് കുഞ്ഞിന്റെ ശബ്ദം—മറ്റെന്തെങ്കിലും റെക്കോർഡു ചെയ്താൽ അതും—കേൾപ്പിക്കും. ദ നിക്കേ വീക്ക്ലി പറയുന്നതനുസരിച്ച്, 400 ഡോളർ [16,000 രൂപ] വില വരുന്ന ഈ പാവ കൂടുതലും ഓർഡർ ചെയ്യുന്നത് തങ്ങളുടെ പേരക്കുട്ടികളെ ഒന്നു കാണാൻ പോലും കിട്ടാത്ത മുത്തശ്ശീമുത്തശ്ശന്മാരാണ്.”