വളരെ നേരത്തെയോ വളരെ വൈകിയോ?
യേശുക്രിസ്തുവിന്റെ ജനനത്തിനു ശേഷമുള്ള 21-ാം നൂറ്റാണ്ടിനെയും മൂന്നാം സഹസ്രാബ്ദത്തെയും കുറിച്ച് ഒട്ടുവളരെ കാര്യങ്ങൾ ഇപ്പോൾ ആളുകളുടെ സംസാരവിഷയമാണ്. “സമഗ്രയുദ്ധത്തിന്റെ നൂറ്റാണ്ട് എന്ന നിലയിൽ തുടങ്ങിയ ഇരുപതാം നൂറ്റാണ്ട് ആണവയുഗമായി വളർന്ന് വിനോദയുഗമായി അവസാനിക്കുകയാണെന്നു തോന്നുന്നു” എന്ന് ന്യൂസ്വീക്ക് മാസിക പറയുകയുണ്ടായി. 1999 ഡിസംബർ 31-ന് പുതുവത്സരത്തെ വരവേൽക്കാനുള്ള ആഘോഷങ്ങൾക്കായി “ലോകമെമ്പാടുമുള്ള ഹോട്ടലുകൾ ഇപ്പോൾത്തന്നെ ബുക്കു ചെയ്യപ്പെട്ടിരിക്കുന്നു” എന്ന് 1997 ജനുവരി 22 ലക്കത്തിൽ ആ മാസിക റിപ്പോർട്ടു ചെയ്തു.
എന്നാൽ, ഈ ആഘോഷങ്ങൾ നേരത്തെയാണ് എന്നാണ് ചിലരുടെ വാദം. അനേകരും വിശ്വസിക്കുന്നതിൽനിന്നു വ്യത്യസ്തമായി, 21-ാം നൂറ്റാണ്ടും പുതിയ സഹസ്രാബ്ദവും ആരംഭിക്കുന്നത് 2000 ജനുവരി 1-ന് അല്ല, മറിച്ച് 2001 ജനുവരി 1-ന് ആണ് എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. 0 എന്ന വർഷം ഇല്ലാത്തതിനാൽ ഒന്നാം നൂറ്റാണ്ട്, 1 മുതൽ 100 വരെയും രണ്ടാം നൂറ്റാണ്ട്, 101 മുതൽ 200 വരെയും ആയിരുന്നു. ഈ വിധത്തിൽ കണക്കു കൂട്ടുമ്പോൾ, 20-ാം നൂറ്റാണ്ട് ആരംഭിച്ചത് 1901 ജനുവരി 1-ന് ആണെന്നും രണ്ടാം സഹസ്രാബ്ദം ആരംഭിച്ചത് 1001 ജനുവരി 1-ന് ആണെന്നും തന്മൂലം 20-ാം നൂറ്റാണ്ട് 2000 ഡിസംബർ 31-ന് മാത്രമേ അവസാനിക്കുകയുള്ളൂ എന്നുമാണ് ഉന്നയിക്കപ്പെടുന്ന വാദഗതി.
പരിചിന്തിക്കേണ്ട കൂടുതലായ ഒരു വശം കൂടിയുണ്ട്. ക്രിസ്തുവിന്റെ ജനനത്തിനു മുമ്പ് അല്ലെങ്കിൽ ശേഷം എന്ന അടിസ്ഥാനത്തിലാണ് നമ്മുടെ കലണ്ടർ സമയത്തെ തിരിക്കുന്നത്. നേരത്തെ വിചാരിച്ചിരുന്നതിനെക്കാൾ മുമ്പാണ് യേശു ജനിച്ചതെന്ന് പണ്ഡിതന്മാർ ഇപ്പോൾ തിരിച്ചറിയുന്നു, അപ്പോൾ കലണ്ടറിന്റെ ആധാരബിന്ദു കൃത്യതയില്ലാത്തത് ആയിത്തീരുന്നു. യേശു എപ്പോൾ ജനിച്ചു എന്നതു സംബന്ധിച്ച് ഭിന്നമായ അഭിപ്രായങ്ങളാണ് ഉള്ളത്. എന്നാൽ ബൈബിൾ കാലഗണന പൊ.യു.മു. 2 എന്ന വർഷത്തിലേക്കു വിരൽ ചൂണ്ടുന്നു. ആ കണക്കനുസരിച്ച്, ക്രിസ്തുവിന്റെ ജനനത്തിനു ശേഷമുള്ള മൂന്നാമത്തെ സഹസ്രാബ്ദം ആരംഭിക്കുന്നത് വാസ്തവത്തിൽ ഈ വർഷം ശരത്കാലത്താണ്! കൂടുതൽ വിവരങ്ങൾക്ക് ഉണരുക!യുടെ 1997 മേയ് 22 ലക്കത്തിന്റെ 28-ാം പേജും 1975 ഡിസംബർ 22 ലക്കത്തിന്റെ (ഇംഗ്ലീഷ്) 27-ാം പേജും കാണുക.a
സംഗതി എന്തായിരുന്നാലും, 21-ാം നൂറ്റാണ്ടും പുതിയ സഹസ്രാബ്ദവും ഏതാനും ആഴ്ചകൾക്കുള്ളിൽ ആരംഭിക്കുമെന്ന് ശാഠ്യപൂർവം പ്രസ്താവിക്കാതിരിക്കുന്നതായിരിക്കും ബുദ്ധി. എന്നിരുന്നാലും, ആളുകളുടെ പരക്കെയുള്ള വീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ “ഇരുപതാം നൂറ്റാണ്ട്—പരിവർത്തനത്തിന്റെ നിർണായക വർഷങ്ങൾ” എന്ന വിഷയത്തെ കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യുന്നത് ഉചിതമാണെന്ന് ഉണരുക! കരുതുന്നു.
[അടിക്കുറിപ്പ്]
a വീക്ഷാഗോപുരത്തിന്റെ 1999 നവംബർ 1 ലക്കം കൂടി കാണുക.