ലോകത്തെ വീക്ഷിക്കൽ
വിപത്തുകൾക്കായുള്ള ഒരുക്കം ആവശ്യം
“ലോക വിപത്ത് റിപ്പോർട്ട് 1999 (ഇംഗ്ലീഷ്) അനുസരിച്ച് കഴിഞ്ഞ വർഷം ഉണ്ടായ പ്രകൃതി വിപത്തുകൾ, രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വിപത്കരം ആയിരുന്നു” എന്ന് റെഡ്ക്രോസ്, റെഡ്ക്രെസെന്റ് സൊസൈറ്റികളുടെ അന്താരാഷ്ട്ര ഫെഡറേഷൻ പ്രസ്താവിക്കുന്നു. വരൾച്ച, മണ്ണിന്റെ കുറഞ്ഞുവരുന്ന ഫലഭൂയിഷ്ഠത, വെള്ളപ്പൊക്കം, വനനശീകരണം എന്നിവ നിമിത്തം 2.5 കോടി ജനങ്ങൾ തങ്ങളുടെ കൃഷിയിടങ്ങൾ ഉപേക്ഷിച്ച് നഗരങ്ങളിലെ പുറംപോക്കു പ്രദേശങ്ങളിലേക്കു ചേക്കേറാൻ നിർബന്ധിതരായിരിക്കുന്നു. “യുദ്ധങ്ങളും പോരാട്ടങ്ങളും നിമിത്തം ഉണ്ടാകുന്നതിനെക്കാൾ കൂടുതൽ ‘അഭയാർഥികൾ’” ആണ് ഇതിന്റെ ഫലമായി ഉണ്ടാകുന്നത്. പ്രകൃതി വിപത്തുകൾ നിമിത്തമുള്ള മരണങ്ങളുടെ 96 ശതമാനവും നടന്ന വികസ്വര രാജ്യങ്ങളാണ് ഇതിനാൽ ഏറ്റവും അധികം ബാധിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് ദുരിതാശ്വാസ ഏജൻസികളുടെ ധനശേഖരത്തിൽ 40 ശതമാനം കുറവു സംഭവിച്ചിരിക്കുന്നു. വിപത്തുകൾക്കായി ഒരുങ്ങുന്ന കാര്യത്തിലുള്ള ആളുകളുടെ മനോഭാവത്തിൽ മാറ്റം വരേണ്ടതിന്റെ ആവശ്യത്തിന് ഊന്നൽ നൽകിക്കൊണ്ട് ഫെഡറേഷന്റെ വിപത്തു നയ ഡയറക്ടറായ പീറ്റർ വാക്കർ ഇപ്രകാരം പറഞ്ഞു: “വിപത്തുകൾ ഉണ്ടായശേഷം അവയെ കുറിച്ചു ചിന്തിച്ചിട്ടു കാര്യമില്ല. . . . അഗ്നിശമന വിഭാഗത്തിന് ആവശ്യമായ പണം സ്വരൂപിക്കുന്നതിനായി ഒരു വീടിനു തീ പിടിക്കാൻ നമ്മളാരും കാത്തിരിക്കാറില്ലല്ലോ.”
മുള പൂക്കുമ്പോഴത്തെ അപകടം
വടക്കുകിഴക്കൻ ഇന്ത്യയിൽ പലയിടത്തും വിസ്തൃതമായ മുളങ്കാടുകൾ ഉണ്ട്. മണിപ്പൂരിലെയും മീസൊറമിലെയും മുളകൾ പൂക്കാൻ തുടങ്ങിയപ്പോൾ ആ സംസ്ഥാനങ്ങളിലെ ആളുകൾക്കിടയിൽ പരിഭ്രാന്തി പടർന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഈ പ്രദേശങ്ങളിൽ കാണപ്പെടുന്ന മൗടൊങ് എന്നു പേരുള്ള ഒരു പ്രത്യേക ഇനം മുള പൂക്കുമ്പോൾ എലികൾ അങ്ങോട്ട് ആകർഷിക്കപ്പെടുന്നു. ഏതാണ്ട് 50 വർഷം കൂടുമ്പോഴാണ് ഇതു പൂക്കുന്നത്. ഈ പൂക്കൾ തിന്നുന്ന എലികൾ വളരെ വേഗം പെറ്റുപെരുകുകയും ഭക്ഷ്യവിളകൾക്കു നാശം വരുത്തുകയും ചെയ്യും. ഇത് ക്രമേണ ക്ഷാമത്തിന് ഇടയാക്കുന്നു. ദ ടൈംസ് ഓഫ് ഇൻഡ്യ പറയുന്നതനുസരിച്ച് 1954/55-ൽ മുള പൂത്തതിനു ശേഷം 1957-ൽ ഒരു ക്ഷാമം ഉണ്ടായി. മറ്റൊരു ക്ഷാമം ഉണ്ടാകുന്നതു തടയാൻ മീസൊറം ഗവൺമെന്റ് എലികളെ കൊല്ലുന്നതിനുള്ള ഒരു പദ്ധതി ആവിഷ്കരിച്ചു. ഒരു എലിവാലിന് ഒരു രൂപ വീതം അവർ വാഗ്ദാനം ചെയ്തു. കഴിഞ്ഞ ഏപ്രിൽ ആയപ്പോഴേക്കും ഏകദേശം 90,000 വാലുകൾ ശേഖരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. മാത്രമല്ല, ഈ എലിവേട്ട തുടർന്നുകൊണ്ടു പോകുന്നതിനായി പണപ്പിരിവും നടക്കുന്നുണ്ടായിരുന്നു.
കാൻസറിന് എതിരെ തക്കാളി
പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കാൻസർ വളർച്ചയെ തടയാൻ തക്കാളിയിലെ ഒരു പദാർഥത്തിനു കഴിഞ്ഞേക്കും എന്ന് കാൻസർ ഗവേഷണത്തിനായുള്ള അമേരിക്കൻ സമിതിയുടെ അടുത്ത കാലത്തെ ചില പഠനങ്ങൾ കാണിക്കുന്നു. തക്കാളിക്ക് ചെമന്ന നിറം നൽകുന്ന ലൈകൊപിൻ എന്ന പദാർഥത്തിനു പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ, അർബുദകാരികളായ മുഴകളുടെ വലിപ്പവും മെറ്റാസ്റ്റസിസിന്റെ—മറ്റു ശരീരകലകളിലേക്കുള്ള കാൻസറിന്റെ വ്യാപനം—നിരക്കും കുറയ്ക്കാൻ കഴിഞ്ഞേക്കുമത്രേ. യു.എസ്. നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് “തക്കാളിക്കും അതിന്റെ എല്ലാ ഉത്പന്നങ്ങൾക്കും, പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കാൻസറിന് എതിരെ മാത്രമല്ല, ആഗ്നേയഗ്രന്ഥിയെയും ശ്വാസകോശങ്ങളെയും വൻകുടലിന്റെ ഭാഗമായ കോളണിനെയും ബാധിക്കുന്ന കാൻസറിന് എതിരെയും പ്രവർത്തിക്കാൻ കഴിയുമെന്നു വെളിപ്പെടുത്തി.”
കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ
‘മാനസികാരോഗ്യ ഫൗണ്ടേഷ’ന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ബ്രിട്ടനിൽ, 20 വയസ്സിൽ താഴെയുള്ള യുവജനങ്ങളിൽ അഞ്ചിൽ ഒരാൾ വീതം മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. “ഗവൺമെന്റും വിദഗ്ധരും മാധ്യമങ്ങളും കുട്ടികളുടെ ശാരീരിക ക്ഷേമത്തിലും വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളിലും വളരെയധികം ശ്രദ്ധപതിപ്പിക്കുമ്പോൾത്തന്നെ” അവർ “വൈകാരികമായി പല പ്രശ്നങ്ങളും അനുഭവിക്കുന്നു” എന്ന് ഫൗണ്ടേഷൻ ഡയറക്ടർ, ജൂൺ മക്കെറോ അഭിപ്രായപ്പെട്ടു. ഇതിന്റെ പിന്നിൽ പല ഘടകങ്ങൾ ഉണ്ടായിരിക്കാമെന്നു റിപ്പോർട്ടു പറയുന്നു. കുട്ടികൾ “കുരുന്നുപ്രായം മുതൽ തന്നെ പരീക്ഷകളിലൂടെയും വിലയിരുത്തലുകളിലൂടെയും തങ്ങളെത്തന്നെ സമപ്രായക്കാരുമായി താരതമ്യം ചെയ്യാൻ നിർബന്ധിതരായിത്തീരുന്നു.” തങ്ങൾ ഒന്നിനും കൊള്ളാത്തവരാണെന്ന ധാരണയോടെയാണു മിക്ക കുട്ടികളും സ്കൂൾ വിടുന്നത്. “തീരുമാനങ്ങൾ എടുക്കാനും ആത്മവിശ്വാസവും പൊരുത്തപ്പെടൽ പ്രാപ്തിയും വർധിപ്പിക്കാനും” കുട്ടികളെ സഹായിക്കുന്ന, വീടിനു വെളിയിലുള്ള കളികളുടെ സ്ഥാനം ഇപ്പോൾ കമ്പ്യൂട്ടറും ടെലിവിഷനും കയ്യടക്കിയിരിക്കുന്നു. പരസ്യങ്ങൾ, “ഇല്ലാത്ത വസ്തുക്കൾ ഉണ്ടായിരിക്കാനും മറ്റുള്ളവരെ പോലെ ആയിത്തീരാനുമുള്ള ആഗ്രഹം ഉണർത്തുന്നു.” കൂടാതെ, ദ ഡെയ്ലി ടെലഗ്രാഫ് പറയുന്നതനുസരിച്ച് വിവാഹമോചന നിരക്ക് 50 ശതമാനത്തോളം എത്തിയിരിക്കുന്നതിനാലും ജോലിക്കു പോകുന്ന മാതാപിതാക്കളുടെ എണ്ണം വർധിച്ചിരിക്കുന്നതിനാലും കുട്ടികളുടെ സമ്മർദം “വളരെ കൂടിയിരിക്കുന്നു, കാരണം അവർക്കു തങ്ങളുടെ കുടുംബങ്ങളുടെ വൈകാരിക ഭദ്രതയിൽ ആശ്രയിക്കാൻ കഴിയുന്നില്ല.”
മുകളിലേക്കു പോകുന്നത് താഴേക്കു വരുന്നു
ആകാശത്തേക്കു നിറയൊഴിച്ചുകൊണ്ട് പുതുവർഷപ്പിറവി ആഘോഷിക്കുന്ന രീതി ഐക്യനാടുകളുടെ ചില ഭാഗങ്ങളിലും പല ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും സർവസാധാരണം ആയിത്തീർന്നിട്ടുണ്ട്. എന്നാൽ അങ്ങനെ ചെയ്യാതിരിക്കാൻ ആളുകളെ പൊലീസ് പ്രോത്സാഹിപ്പിക്കുന്നു. ലോസാഞ്ചലസിലെ പൊലീസ് മേധാവിയായ വില്ലി വില്യംസ് പറയുന്നു: “നിങ്ങൾ ആകാശത്തേക്കു വെടിവെച്ചാൽ തീർച്ചയായും ആ വെടിയുണ്ട താഴെ എവിടെയെങ്കിലും വന്നു വീഴും.” ചിലപ്പോൾ അത് ആരുടെയെങ്കിലും തലയിലായിരിക്കും വീഴുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ഐക്യനാടുകളിൽ ഒരു ഡസനിലേറെ പേർ ഈ രീതിയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ, ആളുകൾക്കു പരിക്കും വസ്തുവകകൾക്കു നാശവും സംഭവിച്ചതായുള്ള നൂറുകണക്കിനു കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ചിലപ്പോൾ കിലോമീറ്ററുകൾ അകലെ നിന്നു വന്ന വെടിയുണ്ടകളാണ് ഇതിനിടയാക്കിയിട്ടുള്ളത്. വെടിയുണ്ടകൾ വായുവിൽ വെച്ച് ശിഥിലമായി പോകുമെന്നോ ആർക്കും ഒരു ഉപദ്രവവും ഉണ്ടാക്കാതെ താഴെ വന്നു വീഴുമെന്നോ ആണ് ആകാശത്തേക്കു നിറയൊഴിക്കുന്ന പലരും കരുതുന്നത്. എന്നാൽ ആ ധാരണ തികച്ചും തെറ്റാണ്. കാരണം കുത്തനെ മുകളിലേക്കു പായിക്കുന്ന ഒരു വെടിയുണ്ടയ്ക്കു വളരെയധികം ശക്തിയോടെ താഴേക്കു വരാൻ കഴിയും. അത്തരം ഒരു വെടിയുണ്ടയ്ക്ക് ഒരുവന്റെ “ത്വക്കിലൂടെയും ഒരു കുഞ്ഞിന്റെ തലയോടിന്റെ മൃദുവായ ഭാഗത്തുകൂടെയും തുളച്ചു കയറാൻ തക്ക ശക്തിയുണ്ട്. കണ്ണു പൊട്ടിപ്പോകുന്നതിനും അത് ഇടയാക്കിയേക്കാം” എന്നു ഹ്യൂസ്റ്റൺ പൊലീസ് ഡിപ്പാർട്ടുമെന്റിന്റെ വക്താവായ ഫ്രെഡ് കിംഗ് പറഞ്ഞു.
മത അസഹിഷ്ണുത വർധിക്കുന്നു
യൂറോപ്പിൽ, പുതിയ മതങ്ങൾ എന്നു വിളിക്കപ്പെടുന്നവയ്ക്കു “പീഡനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന നാനാതരം ഉപദ്രവങ്ങൾ കൂടെക്കൂടെ” സഹിക്കേണ്ടിവരുന്നു എന്ന് മനുഷ്യാവകാശ സംഘടനയായ അന്താരാഷ്ട്ര ഹെൽസിങ്കി ഫെഡറേഷൻ പറഞ്ഞതായി കാത്തലിക് ഇന്റർനാഷണൽ റിപ്പോർട്ടു ചെയ്യുന്നു. മനസ്സാക്ഷി സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഉന്നമിപ്പിക്കാമെന്ന തങ്ങളുടെ വാഗ്ദാനങ്ങളെ എല്ലാം കാറ്റിൽപ്പറത്തുന്ന തരം നിയമനടപടികൾ ന്യൂനപക്ഷ മതങ്ങൾക്ക് എതിരായി കൈക്കൊള്ളാൻ പല ഗവൺമെന്റുകളും ശ്രമിക്കുകയാണ്. “അപകടകാരികളായ മതഭേദങ്ങളെ” കുറിച്ചുള്ള വിവാദപരമായ പാർലമെന്റ് റിപ്പോർട്ടുകളും ശിക്ഷാർഹമായ കൂട്ടങ്ങളുടെ പട്ടികയിൽ അവയെ ഉൾപ്പെടുത്തിയിരിക്കുന്നതും ജർമനി, ഫ്രാൻസ്, ബെൽജിയം എന്നീ രാജ്യങ്ങളിൽ അസഹിഷ്ണുതയും വിവേചനവും വർധിക്കുന്നതിന് ഇടയാക്കിയിരിക്കുന്നു. എന്നിരുന്നാലും, ഈ മതപ്രസ്ഥാനങ്ങളെ കുറിച്ചുള്ള പ്രസ്താവനകൾ ഊതിപ്പെരുപ്പിച്ചവ ആണെന്നും “വളരെ ചുരുക്കം” ചിലതേ സമൂഹത്തിന് യഥാർഥത്തിൽ ഭീഷണി ഉയർത്തുന്നുള്ളുവെന്നും, അതിർവരമ്പുകളില്ലാത്ത മനുഷ്യാവകാശങ്ങൾ എന്ന സംഘടനയുടെ പ്രസിഡന്റായ വില്ലി ഫോട്രേ ചൂണ്ടിക്കാണിക്കുന്നു. പ്രശ്നങ്ങളിൽ ഒരേസമയം “കക്ഷികളും ജഡ്ജിമാരും” ആയി വർത്തിച്ചുകൊണ്ടും “ചർച്ചകൾക്കു പകരം ഏറ്റുമുട്ടൽ” പ്രോത്സാഹിപ്പിച്ചുകൊണ്ടും മുഖ്യധാരാ സഭകൾ പ്രശ്നം രൂക്ഷമാക്കിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ആവശ്യത്തിന് ഉറക്കം കിട്ടുന്നുണ്ടോ?
“പതിവായി പകൽ സമയത്ത് അൽപ്പനേരം ഉറങ്ങേണ്ടി വരുന്നവരും യോഗങ്ങൾക്കിടയിൽ ഉറക്കം തൂങ്ങുന്നവരും ശ്രദ്ധകേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരും” ഒക്കെ രാത്രിയിൽ ആവശ്യത്തിന് ഉറക്കം കിട്ടാത്തവരാണ് എന്ന് ടൊറന്റോ സ്റ്റാർ വർത്തമാനപത്രം പറയുന്നു. ഓരോ രാത്രിയും ഏഴു മുതൽ ഒമ്പതു വരെ മണിക്കൂർ ഉറങ്ങിയാൽ മാത്രമേ മിക്ക ആളുകൾക്കും പകൽ സമയത്ത് നന്നായി പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. അതു ലഭിക്കുന്നതിനു വിദഗ്ധർ നൽകുന്ന ചില നിർദേശങ്ങൾ ഇതാ: ഉറക്കത്തിന് ഒരു മുഖ്യസ്ഥാനം നൽകുക. കിടക്കുന്നതിനു മുമ്പ് മനസ്സിന് അയവു വരുത്തുന്ന എന്തെങ്കിലും ചെയ്യുക. സാവകാശം നടക്കുന്നത് സഹായകമായിരുന്നേക്കാം. എന്നാൽ ഉറങ്ങാൻ പോകുന്നതിനു തൊട്ടുമുമ്പുള്ള മൂന്നു മണിക്കൂർ സമയത്ത് ആയാസകരമായ വ്യായാമം ചെയ്യുന്നത് ഒഴിവാക്കണം. എല്ലാ ദിവസവും ഒരേ സമയത്തു തന്നെ ഉറങ്ങാൻ കിടക്കുകയും എഴുന്നേൽക്കുകയും ചെയ്യുക. രാത്രിയിൽ എപ്പോഴെങ്കിലും ഉണരുകയാണെങ്കിൽ പ്രശ്നങ്ങളെ കുറിച്ചോർത്ത് തല പുണ്ണാക്കുകയോ പരിഹാരമാർഗങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയോ ചെയ്യുന്നതിനു പകരം സന്തോഷകരമായ സംഗതികളെ കുറിച്ചു മാത്രം ചിന്തിക്കുക. അര മണിക്കൂർ കഴിഞ്ഞിട്ടും ഉറക്കം വരുന്നില്ലെങ്കിൽ എഴുന്നേറ്റ്, ആസ്വാദ്യമായ വായന പോലെ മനസ്സിന് അയവു വരുത്തുന്ന എന്തെങ്കിലും ചെയ്യുക. ഉറങ്ങാൻ പോകുന്നതിനു മുമ്പ് അമിതമായി തിന്നുകയോ കുടിക്കുകയോ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക, എന്നാൽ വിശന്നു കത്തുന്ന വയറുമായും ഉറങ്ങാൻ പോകരുത്.
ബാലജന കുറ്റകൃത്യം വർധിക്കുന്നു
ഹെസ്സിഷാ നീഡെസാക്സിഷെ ആൾജെമൈനെ എന്ന വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച് കഴിഞ്ഞവർഷം, ജർമനിയിൽ കുട്ടികളുടെ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിച്ചു. മറ്റുള്ളവർക്കു “ദേഹോപദ്രവം ഏൽപ്പിച്ചതായി സംശയിക്കപ്പെട്ട കുട്ടികളുടെ എണ്ണ”ത്തിൽ 14.1 ശതമാനം വർധനവുണ്ടായി. 14 വയസ്സിൽ താഴെയുള്ള, കുറ്റക്കാരെന്നു സംശയിക്കപ്പെടുന്ന കുട്ടികളുടെ സംഖ്യയിലെ 5.9 ശതമാനം വർധനവ്—1,52,774—ആയിരുന്നു വിശേഷാൽ ശ്രദ്ധാർഹം. ഈ സ്ഥിതിവിശേഷത്തെ “വളരെ ഞെട്ടിക്കുന്നത്” എന്നു വിശേഷിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രിയായ ഓട്ടോ ഷില്ലി, അതിന്റെ വ്യാപനം തടയാൻ കൂടുതൽ ശക്തമായ നടപടികൾ എടുക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞു. ഗവൺമെന്റിനു സഹായിക്കാൻ കഴിയുമെങ്കിലും—പ്രത്യേകിച്ചും വിദ്യാഭ്യാസം, തൊഴിൽ എന്നിങ്ങനെയുള്ള മേഖലകളിൽ—കുറ്റകൃത്യം തടയുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നത് കുടുംബങ്ങളാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കാനഡയിലെ ഏറ്റവും പുതിയ പ്രദേശം
1999 ഏപ്രിൽ 1-ന് കാനഡയുടെ ഭാഗമായിത്തീർന്ന ഏറ്റവും പുതിയ പ്രദേശമാണ് അതിന്റെ വടക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന നൂനാവൂട്ട്. 1949-ൽ ന്യൂഫൗണ്ട്ലൻഡ് കാനഡയുടെ ഭാഗമായി തീർന്നതിനുശേഷം ആദ്യമായാണ് രാജ്യത്തിന്റെ ഭൂപടത്തിൽ ഒരു മാറ്റം വരുന്നത്. ടൊറന്റോ സ്റ്റാറിൽ വന്ന ഒരു റിപ്പോർട്ട് അനുസരിച്ച് കാനഡയുടെ ഭൂപ്രദേശത്തിന്റെ ഏകദേശം അഞ്ചിൽ ഒന്നു വരും നൂനാവൂട്ട്. അതിന് രാജ്യത്തെ ഏറ്റവും വലിയ പ്രവിശ്യയായ ക്യൂബെക്കിനെക്കാൾ വലിപ്പം ഉണ്ട്. കാനഡയിൽ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ളതും ഏറ്റവും കൂടുതൽ ചെറുപ്പക്കാരുള്ളതുമായ പ്രദേശം എന്ന പ്രത്യേകതയും അതിനുണ്ട്. ഏകദേശം 27,000 പേർ ഈ പ്രദേശത്തു താമസിക്കുന്നു, അവരിൽ 56 ശതമാനവും 25 വയസ്സിൽ താഴെയുള്ളവരാണ്. ഇനുവിറ്റ് ജനതയും കേന്ദ്ര ഗവൺമെന്റും തമ്മിൽ അധിനിവേശവും ആദിവാസികളുടെ അവകാശങ്ങളും സംബന്ധിച്ച് ഉണ്ടാക്കിയ ഒരു കരാർ പ്രകാരം നിലവിൽ വന്നതാണ് ഇനൂക്റ്റിറ്റൂട്ട് ഭാഷയിൽ “ഞങ്ങളുടെ ദേശം” എന്നർഥമുള്ള നൂനാവുട്ട്.