ലോകത്തെ വീക്ഷിക്കൽ
കൊച്ചുകുട്ടികളും ടെലിവിഷനും
രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾ ടെലിവിഷൻ കാണുന്നതു നല്ലതല്ലെന്ന് അമേരിക്കൻ ബാലചികിത്സാ അക്കാദമി അഭിപ്രായപ്പെടുന്നതായി ദ ടൊറന്റോ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. മാതാപിതാക്കളുമായും തങ്ങളെ നോക്കുന്ന മറ്റു മുതിർന്നവരുമായും സമ്പർക്കം ഉണ്ടായിരിക്കേണ്ടത് ശിശുക്കളെയും കൊച്ചുകുട്ടികളെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ് എന്ന് ജനനശേഷമുള്ള ആദ്യ വർഷങ്ങളിലെ മസ്തിഷ്ക വളർച്ചയെ കുറിച്ചുള്ള ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ടിവി കാണുന്നത് “അവരുടെ സാമൂഹിക, വൈകാരിക, ഗ്രഹണ പ്രാപ്തികളുടെ വളർച്ചയ്ക്ക് ആവശ്യമായ സഹവാസത്തിനു തടസ്സം സൃഷ്ടി”ച്ചേക്കാം. എല്ലാ വിദഗ്ധരും ഈ അഭിപ്രായത്തോടു യോജിക്കുന്നില്ല. ഉദാഹരണത്തിന്, മാതാപിതാക്കളുടെ മേൽനോട്ടത്തിൽ ഉയർന്ന ഗുണനിലവാരമുള്ള പരിപാടികൾ ദിവസവും—30 മിനിറ്റിൽ താഴെ മാത്രം—കാണുന്നത് ഒരു കുട്ടിയ്ക്ക് “മാതാവിനാലോ പിതാവിനാലോ പഠിപ്പിക്കപ്പെടാനുള്ള അവസരം” പ്രദാനം ചെയ്യുന്നു എന്ന് കനേഡിയൻ ബാലചികിത്സാ സൊസൈറ്റി പറയുന്നു. എന്നിരുന്നാലും, കൊച്ചു കുട്ടികളെ ഉറക്കുന്ന മുറിയിൽ ടെലിവിഷനോ കമ്പ്യൂട്ടറുകളോ വെക്കരുതെന്നും കുട്ടികളെ അടക്കിയിരുത്തുന്ന റോൾ ടിവി ഏറ്റെടുക്കുന്ന സ്ഥിതിവിശേഷം വരുത്തരുതെന്നും മേൽപ്പറഞ്ഞ രണ്ടു സംഘടനകളും ഒരുപോലെ സമ്മതിക്കുന്നു. എപ്പോഴും ടിവി കണ്ടുകൊണ്ടിരിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിച്ചേക്കാമെന്നതുകൊണ്ട് “പുറത്തിറങ്ങി കളിക്കാനോ വീടിനകത്തുതന്നെ ജിഗ്സോ പസിൽ പോലെ ബുദ്ധിയുപയോഗിച്ചുള്ള കളികളിൽ ഏർപ്പെടാനോ പുസ്തകങ്ങൾ വായിക്കാനോ ഒക്കെ അവരെ പ്രോത്സാഹിപ്പിക്കണം” എന്നു നിർദേശിക്കപ്പെട്ടിരിക്കുന്നു.
ജോലിസ്ഥലത്ത് അനുഭവിക്കുന്ന നൈരാശ്യം
ജോലിക്കിടയിൽ ചില ആളുകൾ പൊട്ടിത്തെറിക്കുകയോ അക്രമാസക്തരാകുകയോ ചെയ്യുന്നത് എന്തുകൊണ്ടാണ്? അത് അവർ സമ്മർദം അനുഭവിക്കുന്നതുകൊണ്ടു മാത്രമല്ല പിന്നെയോ അവർക്ക് നൈരാശ്യം ഒട്ടും സഹിക്കാൻ പറ്റാത്തതുകൊണ്ടും കൂടെയായിരിക്കാം എന്ന് ടൊറന്റോയിലെ ഒരു മനശ്ശാസ്ത്രജ്ഞനായ സാം ക്ലാറൈക്ക് പറയുന്നു. “ചോര നീരാക്കിയിട്ടും അർഹിക്കുന്ന പ്രതിഫലം തൊഴിലുടമയിൽനിന്ന് തങ്ങൾക്കു കിട്ടുന്നില്ലെന്നു” കരുതുന്ന തൊഴിലാളികളിൽ ആണ് ഇത്തരം സ്വഭാവവിശേഷം വളർന്നുവരുന്നത് എന്ന് അദ്ദേഹം കരുതുന്നതായി ഗ്ലോബ് ആന്റ് മെയ്ൽ വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. കോപം ദീർഘകാലം മനസ്സിൽ വെച്ചുകൊണ്ടിരിക്കുന്നത് “ആരോഗ്യത്തിനു വളരെ ദോഷം ചെയ്യും” എന്ന് ക്ലാറൈക്ക് മുന്നറിയിപ്പു നൽകുന്നു. മസ്തിഷ്കാഘാതമോ ഹൃദയസ്തംഭനമോ ഉണ്ടാകാൻ അത് ഇടയാക്കും. നിരാശയെ നേരിടാൻ പഠിക്കാനും യഥാർഥത്തിൽ തങ്ങൾക്ക് എന്തുമാത്രം ജോലി ചെയ്യാൻ കഴിയും എന്നതിനെ കുറിച്ച് തൊഴിലുടമകളുമൊത്ത് ശാന്തമായി ചർച്ച ചെയ്യാനും അദ്ദേഹം തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നു. തൊഴിലുടമകൾക്കും അദ്ദേഹം ചില ബുദ്ധിയുപദേശങ്ങൾ നൽകുന്നു. ഉദാഹരണത്തിന്, ഒരു തൊഴിലാളി തളർന്ന് അവശനായതുപോലെ കാണപ്പെട്ടാൽ കൂടുതലായ സഹായം നൽകുകയോ അയാളുടെ ജോലി ഭാരം കുറച്ചുകൊടുക്കുകയോ ചെയ്യുക. അല്ലെങ്കിൽ അവരോട് ഒരു ദിവസത്തെ അവധിയെടുത്തുകൊള്ളാൻ പറയുക.
പാടുന്നത് മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കുന്നു
പാട്ടു പാടുമ്പോൾ, നമ്മുടെ മനസ്സിന് അയവു വരുത്തുകയും നമ്മെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന ചില രാസവസ്തുക്കൾ മസ്തിഷ്കത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നുവെന്ന് ജർമൻ വർത്തമാനപത്രമായ ഷ്റ്റുറ്റ്ഗാർറ്റ നാച്ച്റിച്ച്റ്റെൻ റിപ്പോർട്ട് ചെയ്യുന്നു. പാടുന്നത്, മസ്തിഷ്കത്തിലെ “വികാരങ്ങൾ ഉണ്ടാകാൻ ഇടയാക്കുന്ന [രാസവസ്തുക്കളുടെ] തന്മാത്ര”കളെ പ്രവർത്തനക്ഷമമാക്കുമെന്ന് ഗവേഷകർ പറയുന്നു. അതുകൊണ്ട് “പാട്ടു പാടുന്നത് വികാരങ്ങൾ പ്രകടമാക്കാനുള്ള മാർഗം മാത്രമല്ല, വികാരങ്ങൾ സൃഷ്ടിക്കാനുള്ള മാർഗം കൂടിയാണെന്നു പറയപ്പെടുന്ന”തായി റിപ്പോർട്ട് പ്രസ്താവിക്കുന്നു. പാട്ടു പാടൽ “പഴഞ്ചൻ സമ്പ്രദായമാ”ണെന്ന് അല്ലെങ്കിൽ തങ്ങളുടെ സ്വരം അത്ര നല്ലതല്ലെന്ന് പലർക്കും തോന്നുന്നു, അതുകൊണ്ട് പാട്ടും സംഗീതവും അവർ മാധ്യമങ്ങൾക്കായി വിട്ടുകൊടുത്തിരിക്കുന്നു എന്ന് സംഗീത അധ്യാപകർ പറയുന്നു. എന്നാൽ പാട്ടുപാടുന്നത് പ്രയോജനങ്ങൾ കൈവരുത്തുന്നു എന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.
വിളകൾ മോഷണം പോകുന്നു
സീജെനെ റ്റ്സൈറ്റുങ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ജർമനിയിൽ പല ഇടങ്ങളിലും വിളമോഷണം വർധിച്ചിരിക്കുന്നതായി കർഷകർ പരാതിപ്പെടുന്നു. ചില മോഷ്ടാക്കൾ ബക്കറ്റുകണക്കിനു വെള്ളരിക്കകളാണ് കടത്തിക്കൊണ്ടു പോകുന്നത്. ചെറിയ വാനുകളിൽ അസ്പരാഗസ് തണ്ടുകൾ കൂമ്പാരം കൂട്ടിയിട്ടു കൊണ്ടുപോകുന്നവരുമുണ്ട് ഇക്കൂട്ടത്തിൽ. ഒരിടത്ത് 7,000 സ്ട്രോബെറി ചെടികളാണ് മോഷണം പോയത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതുകൊണ്ടാകാം ചിലർ ഭക്ഷ്യവിളകൾ മോഷ്ടിക്കുന്നത്. എന്നാൽ മറ്റു ചിലർ ഒരു നേരമ്പോക്കിനു വേണ്ടിയാണ് ഇത്തരം മോഷണം നടത്തുന്നത്. മോഷണം നടന്ന വയലുകൾക്കരികിൽ “കാറുകൾ” കണ്ടതായി കർഷകർ റിപ്പോർട്ടു ചെയ്യുന്നു. മിക്കവരുടെയും കൃഷിഭൂമി അവരുടെ വീടിരിക്കുന്ന സ്ഥലത്തുനിന്ന് വളരെ അകലെയാണ്. അതുകൊണ്ട് മോഷ്ടാക്കൾ കൂടുതൽ ധൈര്യം കാട്ടുന്നു. മോഷ്ടാക്കളെ അടുപ്പിക്കാതിരിക്കാൻ കൃഷിസ്ഥലത്തു നിറയെ ചാണകം വിതറാൻ ഒരു കൺസൽട്ടന്റ് കർഷകരോട് നിർദേശിക്കുന്നു.
ആയുസ്സു കൂട്ടാൻ സാമൂഹിക സമ്പർക്കം വർധിപ്പിക്കൂ!
പള്ളിയിലും ഹോട്ടലിലും പോകുക, കായിക പരിപാടികളും സിനിമകളും കാണാൻ പോകുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നവർ, മിക്കപ്പോഴും വീട്ടിൽത്തന്നെ ചടഞ്ഞു കൂടിയിരിക്കുന്നവരെ അപേക്ഷിച്ച് ശരാശരി രണ്ടര വർഷം കൂടുതൽ ജീവിച്ചിരിക്കുന്നതായി ഹാർവാർഡ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നു. അത്തരം പ്രവർത്തനങ്ങളിലെ ശാരീരികമായ ഉൾപ്പെടൽ ആയുസ്സ് വർധിപ്പിക്കുന്നു എന്ന കാര്യം ദീർഘകാലമായി അറിവുള്ളതാണ് എന്ന് പഠനത്തിനു നേതൃത്വം നൽകിയ ഹാർവാർഡ് സർവകലാശാലയിലെ തോമസ് ഗ്ലാസ് പറഞ്ഞു. എന്നിരുന്നാലും, “ജീവിത സായാഹ്നത്തിൽ അർഥവത്തായ ഒരു ഉദ്ദേശ്യം ഉണ്ടായിരിക്കുന്നത് ആയുസ്സു വർധിപ്പിക്കുന്നതിൽ ഒരു വലിയ പങ്കു വഹിക്കുന്നു എന്നതിന്, ഇന്നോളം ലഭിച്ചിട്ടുള്ളതിലേക്കും ഒരുപക്ഷേ ഏറ്റവും ശക്തമായ തെളിവ്” ഈ പഠനം പ്രദാനം ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ പ്രവർത്തനക്ഷമരായിരിക്കുന്നത് മിക്കവാറും എല്ലാവരുടെയും കാര്യത്തിൽ ആയുസ്സു വർധിപ്പിക്കുന്നതായി ഗ്ലാസ് അഭിപ്രായപ്പെട്ടു.
ലോകത്തിലെ ഏറ്റവും പുരാതനമായ കപ്പൽച്ചേതങ്ങൾ
പൊ.യു.മു. 750-നോടടുത്ത് തകർന്ന രണ്ടു ഫിനീഷ്യൻ കപ്പലുകളുടെ അവശിഷ്ടങ്ങൾ സമുദ്രശാസ്ത്രജ്ഞർ കണ്ടെത്തിയതായി ഫ്രഞ്ച് മാസികയായ സ്യാൻസ് ഏ ആവെനിർ റിപ്പോർട്ടു ചെയ്യുന്നു. 15-ഉം 18-ഉം മീറ്റർ നീളമുള്ള ഈ കപ്പലുകൾ ഇസ്രായേലിന്റെ തീരദേശത്തുനിന്നു മാറി കടലിൽ ഏതാണ്ട് 500 മീറ്റർ താഴ്ചയിലാണ് കണ്ടെത്തിയത്. പുറങ്കടലിൽ കണ്ടെത്തപ്പെട്ടിട്ടുള്ള ഏറ്റവും പഴയ കപ്പലുകളാണ് ഇവ. വീഞ്ഞു നിറച്ച മൺഭരണികളുമായി സോരിലെ തുറമുഖത്തുനിന്ന് ഒരുപക്ഷേ ഈജിപ്തിനെ അല്ലെങ്കിൽ ഉത്തരാഫ്രിക്കൻ നഗരമായ കാർത്തേജിനെ ലക്ഷ്യമാക്കി പുറപ്പെട്ടതായിരുന്നു ഈ കപ്പലുകൾ. പ്രസ്തുത കപ്പലുകൾ കണ്ടെത്തിയ റോബർട്ട് ബാല്ലർഡ് ഇങ്ങനെ പറഞ്ഞതായി ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുകയുണ്ടായി: “സമുദ്രത്തിന് ആഴം കൂടുതലായതുകൊണ്ടും അതിന്റെ അടിത്തട്ടിൽ മർദം വളരെ ഉയർന്നതായതുകൊണ്ടും അവിടേക്ക് സൂര്യപ്രകാശം കടന്നുചെല്ലാത്തതുകൊണ്ടും അതിന്റെ ആഴങ്ങളിൽ നാം വിചാരിച്ചതിനെക്കാൾ അധികമായി ചരിത്രം പരിരക്ഷിക്കപ്പെട്ടിരിക്കുന്നു.” “പുരാതന ഫൊയിനീഷ്യൻ നാവിക സംസ്കാരത്തെ സംബന്ധിച്ച ഗവേഷണത്തിൽ ഒരു പുതിയ അധ്യായം തുറക്കാൻ” ഈ കണ്ടെത്തൽ “സഹായിക്കു”മെന്ന് ഗവേഷകർ പറയുകയുണ്ടായി.
സമ്മർദം കുറയ്ക്കാനുള്ള മാർഗങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത്
അടുത്ത കാലത്ത് ലോകത്തെ മൊത്തം പ്രതിനിധീകരിക്കുന്ന 30 രാജ്യങ്ങളിൽനിന്നുള്ള 1,000 പേരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സർവേ നടത്തുകയുണ്ടായി. സമ്മർദം കുറയ്ക്കാൻ അല്ലെങ്കിൽ ഇല്ലാതാക്കാൻ ഉള്ള മാർഗങ്ങളിൽ ഏറ്റവും പ്രിയപ്പെടുന്നത് ഏതാണെന്നു ചോദിപ്പോൾ സർവേയിൽ പങ്കെടുത്തവരിൽ 56 ശതമാനത്തിന്റെയും ഉത്തരം ‘സംഗീതം’ എന്നായിരുന്നുവെന്ന് റോയിറ്റെഴ്സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. ഏഷ്യയിലെ വികസിത രാജ്യങ്ങളിൽ നിന്നുള്ളവരിൽ 46 ശതമാനം ഇക്കാര്യത്തിൽ സംഗീതത്തിന് ഒന്നാം സ്ഥാനം നൽകിയപ്പോൾ വടക്കേ അമേരിക്കയിൽ നിന്ന് 64 ശതമാനമായിരുന്നു അങ്ങനെ അഭിപ്രായപ്പെട്ടത്. മൊത്തത്തിലുള്ള അഭിപ്രായം കണക്കിലെടുക്കുമ്പോൾ രണ്ടാം സ്ഥാനം ടിവി കാണലിനും മൂന്നാം സ്ഥാനം കുളിക്കലിനും ആയിരുന്നു. “സംഗീതം ശ്രവിക്കാൻ വേണ്ടിവരുന്ന ചെലവും റേഡിയോ, ടിവി, സിഡി പ്ലെയർ, ഇന്റർനെറ്റ് തുടങ്ങി പല മാധ്യമങ്ങളിലൂടെയും ഉള്ള അതിന്റെ ലഭ്യതയും കണക്കിലെടുക്കുമ്പോൾ ലോകത്തിന്റെ പകുതിയലധികവും സമ്മർദം കുറയ്ക്കാനുള്ള മാർഗമെന്ന നിലയിൽ സംഗീതം ശ്രവിക്കുന്നതിൽ അതിശയിക്കാനില്ല” എന്ന് റോപ്പർ സ്റ്റാർച്ച് വേൾഡ്വൈഡ് എന്ന കമ്പനി നടത്തിയ ആ സർവേയ്ക്കു നേതൃത്വം നൽകിയ ടോം മില്ലെർ പറഞ്ഞു.
ദാരിദ്ര്യം—ഒരു ആഗോള പ്രശ്നം
ലോകത്തിൽ ദാരിദ്ര്യം വർധിക്കുന്നതിൽ ലോക ബാങ്കിന്റെ പ്രസിഡന്റ് ജെയിംസ് ഡി. വൊൾഫൻസോൺ അടുത്തയിടെ ഉത്കണ്ഠ പ്രകടിപ്പിച്ചു. 600 കോടി വരുന്ന ലോകജനസംഖ്യയുടെ മൂന്നിൽ ഒരു ഭാഗം ഇന്നും കടുത്ത ദാരിദ്ര്യത്തിൽത്തന്നെയാണ് കഴിയുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി മെക്സിക്കോ നഗരത്തിലെ ലാ ഹൊർനാഡാ എന്ന വർത്തമാനപത്രം റിപ്പോർട്ടു ചെയ്തു. ഭൂവാസികളിൽ പകുതിയും ദിവസം 2 ഡോളറിൽ കുറഞ്ഞ വരുമാനംകൊണ്ടും അതിൽത്തന്നെ 100 കോടി ആളുകൾ ദിവസം ഒരു ഡോളറിൽ കുറഞ്ഞ വരുമാനംകൊണ്ടുമാണ് കഴിഞ്ഞുകൂടുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശ്രമത്തിൽ ലോക ബാങ്കു കൈവരിച്ച പുരോഗതിയിൽ അദ്ദേഹം അഭിമാനം കൊള്ളുന്നുണ്ടെങ്കിലും ദാരിദ്ര്യം വിപുലവ്യാപകമാണെന്നും ആ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടേയില്ലെന്നും ഉള്ളതിന് അദ്ദേഹം ചില തെളിവുകൾ നിരത്തുകയുണ്ടായി. അദ്ദേഹം ഇപ്രകാരം പറഞ്ഞു: “ദാരിദ്ര്യം ഒരു ആഗോള പ്രശ്നമാണെന്നു നാം തിരിച്ചറിയണം.”
സംശയം തോന്നിയാൽ കളഞ്ഞേക്കുക
ബ്ലൂ ചീസിൽ കാണുന്നതുപോലുള്ള ചില പൂപ്പലുകൾ ഭക്ഷ്യയോഗ്യമാണ്. എന്നാൽ മറ്റുള്ള പൂപ്പലുകൾ അപകടകാരികളാണ്, വിശേഷിച്ചും ആരോഗ്യസ്ഥിതി മോശമായവർക്ക്. യുസി ബെർക്ലി വെൽനസ് ലെറ്റർ ആണ് ഈ മുന്നറിയിപ്പു നൽകുന്നത്. റൊട്ടിയിലും ധാന്യംകൊണ്ടുള്ള ഉത്പന്നങ്ങളിലും കാണപ്പെടുന്നവ ഏറ്റവും വിഷമുള്ള പൂപ്പലുകളിൽ പെടുന്നു. ആഹാരസാധനങ്ങൾക്കു പുറത്ത് പറ്റിപ്പിടിച്ചിരിക്കുന്നതായി നാം കാണുന്ന പൂപ്പലുകൾക്ക് പലപ്പോഴും വേരു പോലുള്ള ഭാഗങ്ങളുണ്ട്. അവ ആഹാരസാധനത്തിനുള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. തന്നെയുമല്ല, പൂപ്പൽ ഉത്പാദിപ്പിക്കുന്ന വിഷങ്ങൾ, ആഹാരസാധനങ്ങൾ വേവിച്ചാലും നശിപ്പിക്കപ്പെടുന്നില്ല. വെൽനസ് ലെറ്റർ പിൻവരുന്ന നിർദേശങ്ങൾ നൽകുന്നു:
◼ ഭക്ഷ്യസാധനങ്ങൾ കഴിയുമെങ്കിൽ ശീതീകരിച്ചു സൂക്ഷിക്കുക, പൂപ്പൽ പിടിക്കുന്നതിനു മുമ്പ് ഉപയോഗിച്ചു തീർക്കുക.
◼ മുന്തിരിങ്ങകളും ബെറികളും പോലുള്ള ചെറിയ പഴങ്ങൾക്ക് പൂപ്പൽ പിടിച്ചിട്ടുണ്ടെങ്കിൽ അവ കളയുക. ഭക്ഷിക്കുന്നതിനു തൊട്ടു മുമ്പു മാത്രമേ പഴം കഴുകാവൂ, കാരണം ഈർപ്പം പൂപ്പൽ പിടിക്കുന്നതിന് ഇടയാക്കും.
◼ ആപ്പിൾ, ഉരുളക്കിഴങ്ങ്, കോളിഫ്ളവർ, സവോള തുടങ്ങിയവ പോലെ കട്ടിയും വലിപ്പവുമുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും കാര്യത്തിൽ ചെറിയൊരു ഭാഗത്തു മാത്രമേ പൂപ്പൽ ബാധിച്ചിട്ടുള്ളുവെങ്കിൽ അത് മുറിച്ചു കളഞ്ഞിട്ട് ഉപയോഗിക്കാവുന്നതാണ്. എന്നാൽ പീച്ചും തണ്ണിമത്തങ്ങയും പോലുള്ള മാംസളമായ പഴങ്ങളിൽ പൂപ്പൽ ബാധിക്കുകയാണെങ്കിൽ അവ തിന്നരുത്.
◼ കട്ടിയുള്ള ചീസാണെങ്കിൽ പൂപ്പൽ പിടിച്ച ഭാഗം കുറഞ്ഞത് രണ്ടോ മൂന്നോ സെന്റിമീറ്റർ കനത്തിൽമുറിച്ചു കളഞ്ഞിട്ട് ബാക്കിയുള്ളത് ഉപയോഗിക്കാവുന്നതാണ്. എന്നാൽ മൃദുവായ തരം ചീസോ തൈരോ റൊട്ടിയോ മാംസമോ ബാക്കി വന്ന വിഭവങ്ങളോ അണ്ടിപ്പരിപ്പോ പീനട്ട് ബട്ടറോ സിറപ്പോ ടിന്നിലടച്ച ഭക്ഷണസാധനങ്ങളോ ഒക്കെയാണെങ്കിൽ പൂപ്പൽ ബാധിച്ചാൽ അവ ഉപയോഗിക്കുകയേ അരുത്.
ആഹാരസാധനങ്ങൾ ഗ്രില്ലിൽ വെച്ച് പൊള്ളിച്ചെടുക്കുമ്പോൾ സൂക്ഷിക്കുക
“മാംസം നന്നായി വേവിക്കാതെ കഴിക്കുന്നത് ആരോഗ്യത്തിനു നന്നല്ലെന്ന് നാം എപ്പോഴും കേൾക്കാറുള്ളതാണ്. എന്നാൽ സമീപ വർഷങ്ങളിൽ, മാംസം അമിതമായി വേവിക്കുന്നത്—വിശേഷിച്ചും, മത്സ്യവും മാംസവും കനലടുപ്പിനു മുകളിലായി, ഗ്രില്ലിൽ വെച്ച് കരിഞ്ഞുപോകാനിടയാകുംവിധം ഉയർന്ന ചൂടിൽ ചുട്ടെടുക്കുകയോ പൊള്ളിച്ചെടുക്കുകയോ ചെയ്യുന്നത്—ആരോഗ്യത്തിനു കൂടുതൽ സ്ഥായിയായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നു മനസ്സിലാക്കി”യതായി കാനഡയുടെ നാഷണൽ പോസ്റ്റ് വർത്തമാനപത്രം പറയുന്നു. മാംസം അപ്രകാരം ഉയർന്ന ചൂടിൽ പാകം ചെയ്യുന്നത് അത് കരിഞ്ഞുപോകാനും ഹെറ്റെറോസൈക്ലിക്ക് അമീനുകൾ (എച്ച്സിഎ-കൾ) എന്നറിയപ്പെടുന്ന, കാൻസർ ഉളവാക്കുന്ന സംയുക്തങ്ങൾ രൂപംകൊള്ളാനും ഇടയാക്കുന്നു. മേൽപ്പറഞ്ഞ രീതിയിൽ ഉയർന്ന ചൂടിൽ ചുടുന്നതിനോ പൊള്ളിക്കുന്നതിനോ മുമ്പ് ഇറച്ചിയിൽ “അമ്ലാംശമുള്ള നാരങ്ങാനീരോ ഓറഞ്ചുനീരോ വിനാഗിരിയോ” പുരട്ടിവെക്കുന്നത് അപകടത്തെ ഇല്ലാതാക്കുമെന്ന് റിപ്പോർട്ട് പറയുന്നു. “അമ്ലാംശമുള്ള നാരങ്ങാനീരും മറ്റും പുരട്ടിവെച്ച ശേഷം പൊള്ളിച്ചെടുത്ത ഇറച്ചിയിൽ, അങ്ങനെ ചെയ്യാതെ പൊള്ളിച്ചെടുത്ത ഇറച്ചിയെ അപേക്ഷിച്ച് എച്ച്സിഎ-കൾ 92-99 ശതമാനം കുറവായിരുന്നുവെന്നും അത് പുരട്ടിവെക്കുന്നത് 40 മിനിറ്റു നേരത്തേക്കായാലും രണ്ടു ദിവസത്തേക്കായാലും വ്യത്യാസമൊന്നും സംഭവിക്കുന്നില്ലെന്നും” അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കാൻസർ റിസർച്ചിലെ ഗവേഷകർ നടത്തിയ തുടർച്ചയായ പരീക്ഷണങ്ങൾ “വെളിപ്പെടുത്തി.”