നിശ്ശബ്ദ ലോകത്തിൽനിന്നുള്ള ലോയിഡയുടെ യാത്ര
ലോയിഡയുടെ അമ്മ പറഞ്ഞ പ്രകാരം
പിറക്കാൻ പോകുന്ന കുഞ്ഞിന് എന്തെങ്കിലും വൈകല്യമുണ്ടായിരിക്കുമോ എന്ന് ഏതൊരു അമ്മയെയും പോലെ ഞാനും ഭയന്നിരുന്നു. എന്നിട്ടും, അവൾ ജനിച്ച സമയത്തെ ഹൃദയഭേദകമായ കരച്ചിൽ—ഡോക്ടർ കൊടിൽ ഉപയോഗിച്ചപ്പോൾ അബദ്ധവശാൽ അവളുടെ പൂണെല്ല് (collarbone) ഒടിഞ്ഞുപോയതായിരുന്നു കാരണം—താങ്ങാൻമാത്രം ഞാൻ എന്റെ മനസ്സിനെ ഒരുക്കിയിരുന്നില്ല എന്നതാണു സത്യം. അവൾ, ലോയിഡ, എന്റെ മൂന്നാമത്തെ കുട്ടിയാണ്. പൂണെല്ല് നേരെയാക്കുന്നതിനു നടത്തിയ ഒരു ശസ്ത്രക്രിയയെത്തുടർന്ന് ഏതാനും ആഴ്ചകൾക്കു ശേഷം അവളെയുംകൊണ്ട് ഞങ്ങൾക്കു വീട്ടിൽ വരാനായി. എന്നാൽ, ഞങ്ങളുടെ സന്തോഷം അധികം നീണ്ടുനിന്നില്ല.
അവൾക്കു സാരമായ എന്തോ തകരാറുണ്ടെന്ന് അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ വ്യക്തമായിത്തീർന്നു. കൊടുത്ത മരുന്നുകളൊക്കെ പനി, അതിസാരം, അപസ്മാരത്തിന്റേതുപോലുള്ള നിയന്ത്രണാതീതമായ പേശീസങ്കോചം തുടങ്ങി പല തരത്തിലുള്ള പാർശ്വഫലങ്ങൾ ഉളവാക്കി. ഈ പാർശ്വഫലങ്ങൾ ചികിത്സിച്ചു മാറ്റാൻ ആയിരുന്നു അടുത്ത ശ്രമം. അത് അവളുടെ അവസ്ഥ ഒന്നുകൂടി വഷളാക്കിയതേയുള്ളൂ. അധികം താമസിയാതെ, ലോയിഡയ്ക്കു തന്റെ ശരീരചലനങ്ങൾ നിയന്ത്രിക്കാൻ കഴിയാതായി. ഒടുവിൽ, അവൾക്ക് മസ്തിഷ്ക നാഡീസ്തംഭനമാണെന്നു ഡോക്ടർമാർ വിധിയെഴുതി. ജീവിതത്തിൽ ഒരിക്കലും നടക്കാനോ സംസാരിക്കാനോ എന്തിന്, ഞങ്ങൾ പറയുന്നതു മനസ്സിലാക്കാൻ പോലും അവൾക്കു കഴിയില്ലെന്ന് അവർ ഞങ്ങളോടു പറഞ്ഞു.
ആശയവിനിമയം ചെയ്യാനുള്ള ആദ്യകാല ശ്രമങ്ങൾ
ഡോക്ടർമാർ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും, ലോയിഡയ്ക്കു പല കാര്യങ്ങളും മനസ്സിലാക്കാൻ കഴിയുമെന്ന് എനിക്കു തോന്നി. അതുകൊണ്ട്, ഞാൻ അവളെ ലളിതമായ പുസ്തകങ്ങൾ വായിച്ചുകേൾപ്പിച്ചു. ഒപ്പം, അക്ഷരമാല പഠിപ്പിച്ചുകൊടുക്കാനും കഠിനമായി ശ്രമിച്ചു. പക്ഷേ, ലോയിഡയ്ക്കു സംസാരിക്കാൻ കഴിയുമായിരുന്നില്ല. എന്നുമാത്രമല്ല, ഞാൻ പഠിപ്പിക്കുന്നത് എന്തെങ്കിലും അവളുടെ കുഞ്ഞുമനസ്സിൽ പതിയുന്നുണ്ട് എന്നതിന്റെ ഒരു ചെറിയ സൂചനയെങ്കിലും തരാൻ അവൾക്കു കഴിയുമായിരുന്നില്ല. അവൾക്ക് എന്തെങ്കിലും മനസ്സിലാകുന്നുണ്ടോ എന്നറിയാൻ ഒരു മാർഗവുമില്ലായിരുന്നു.
വർഷങ്ങൾ കടന്നുപോകവെ, ലോയിഡയെ പഠിപ്പിക്കാനുള്ള എന്റെ ശ്രമങ്ങൾ വൃഥാവിലാകുകയാണെന്ന് എനിക്കു തോന്നി. എന്നിട്ടും, അവളെ വായിച്ചുകേൾപ്പിക്കുന്നതിനു ഞാൻ ഒരുപാടു സമയം ചെലവഴിച്ചിരുന്നു. ഞങ്ങളുടെ ഏറ്റവും ഇളയ മകൾ നോയെമിയും ഒത്തുള്ള കുടുംബ ബൈബിൾ അധ്യയനത്തിലും ഞങ്ങൾ അവളെ ഉൾപ്പെടുത്തി. മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ, എന്റെ ബൈബിൾ കഥാ പുസ്തകം എന്നീ പുസ്തകങ്ങൾ ഉപയോഗിച്ചായിരുന്നു അധ്യയനം നടത്തിയിരുന്നത്.a ഈ പുസ്തകങ്ങളിലെ പല അധ്യായങ്ങളും ഞാൻ അവളെ പലയാവർത്തി വായിച്ചുകേൾപ്പിച്ചു.
നമ്മൾ അതിയായി സ്നേഹിക്കുന്ന ഒരാളുമായി ആശയവിനിമയം നടത്താൻ സാധിക്കാതെ വരുന്നതിന്റെ വേദന പറഞ്ഞറിയിക്കാനാകില്ല. അവളെ ഞാൻ പാർക്കിൽ കൊണ്ടുപോകുമ്പോഴെല്ലാം അവൾ നിറുത്താതെ കരയുമായിരുന്നു. മറ്റു കുട്ടികളെ പോലെ ഓടിനടന്നു കളിക്കാൻ കഴിയാത്തതിന്റെ സങ്കടംകൊണ്ടാണ് അതെന്നു ഞാൻ കരുതി. ഒരിക്കൽ, സ്കൂൾ പാഠപുസ്തകത്തിൽ നിന്ന് അവളുടെ ചേച്ചി എന്നെ വായിച്ചുകേൾപ്പിക്കുന്ന സമയത്ത് പൊടുന്നനെ അവൾ വിതുമ്പിക്കരഞ്ഞു. എന്തോ ഒന്ന് അവളെ അലട്ടുന്നുണ്ടായിരുന്നു എന്നതു വ്യക്തം. പക്ഷേ എത്ര ആലോചിച്ചിട്ടും അതെന്താണെന്ന് എനിക്കു മനസ്സിലായില്ല. ആകെക്കൂടി ഏതാനും അസ്പഷ്ട ശബ്ദങ്ങൾ മാത്രമായിരുന്നു അവൾക്കു പുറപ്പെടുവിക്കാനാകുമായിരുന്നത്. അവളുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ—ഭക്ഷണം, വെള്ളം, ഉറക്കം, മലമൂത്രവിസർജനം—ഞങ്ങളെ അറിയിക്കാൻ ഉതകുന്ന ഏതാനും ശബ്ദങ്ങൾ മാത്രം.
ഒമ്പതാമത്തെ വയസ്സിൽ ഞങ്ങൾ അവളെ പ്രത്യേകാവശ്യങ്ങളുള്ള കുട്ടികൾക്കു വേണ്ടിയുള്ള ഒരു സ്കൂളിൽ ചേർത്തു. ആ സ്കൂളിൽ ചെലവഴിച്ച അടുത്ത മൂന്നു വർഷങ്ങളിൽ അവളുടെ അവസ്ഥ പക്ഷേ മോശമാകുകയാണുണ്ടായത്. ആരുടെയെങ്കിലും സഹായമില്ലാതെ ഏതാനും ചുവടുകൾ പോലും മുന്നോട്ടു വെക്കാൻ അവൾ ഭയന്നു. മാത്രമല്ല, ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതും അവൾ ഏതാണ്ടു പൂർണമായിത്തന്നെ നിറുത്തി. അവളെ വീട്ടിൽ ഇരുത്തി പഠിപ്പിക്കുന്നതാണു നല്ലത് എന്നു ഞാനും ഭർത്താവും തീരുമാനിച്ചു.
അടുത്ത ആറു വർഷങ്ങളിൽ, ലോയിഡയെ പഠിപ്പിക്കാനായി എന്നാലാകുന്നതെല്ലാം ഞാൻ ചെയ്തു. അവൾ പകർത്തിയെഴുതും എന്ന പ്രതീക്ഷയിൽ ഞാൻ ഒരു ബ്ലാക്ക്ബോർഡിൽ അക്ഷരങ്ങൾ എഴുതിയിടുമായിരുന്നു. പക്ഷേ, യാതൊരു ഫലവുമുണ്ടായില്ല. എന്തായിരുന്നു അവളുടെ പ്രശ്നം? ഞാൻ പഠിപ്പിക്കുന്നതൊന്നും മനസ്സിലാകാത്തതായിരുന്നോ? അതോ, കൈകളുടെ ചലനം നിയന്ത്രിക്കാൻ കഴിയാത്തതുകൊണ്ട് എഴുതാൻ പറ്റാഞ്ഞതായിരുന്നോ?
18 വയസ്സായപ്പോഴേക്കും, ലോയിഡയുമായി ആശയവിനിമയം നടത്താതെ ഒരു നിവൃത്തിയും ഇല്ലെന്നായി. അതുകൊണ്ട്, എന്റെ മോളുമായി ആശയവിനിമയം നടത്താൻ സഹായിക്കണേ എന്നു ഞാൻ യഹോവയോട് ഉള്ളുരുകി പ്രാർഥിച്ചു. തികച്ചും അപ്രതീക്ഷിതമായ ഒരു വിധത്തിലാണ് ഈ പ്രാർഥനയ്ക്കുള്ള ഉത്തരം എനിക്കു ലഭിച്ചത്.
നിശ്ശബ്ദത ഭഞ്ജിച്ചുകൊണ്ട്. . .
ഒരിക്കൽ ഞങ്ങളുടെ പെൺമക്കൾ ഞങ്ങളുടെ കിടക്കറ മോടികൂട്ടാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ചുവരിലെ പഴയ വാൾപേപ്പറുകൾ മാറ്റുന്നതിനുമുമ്പ്, നോയെമി ഏതാനും പേരുകൾ അവിടെ എഴുതി. ബൈബിളിലെ ചില പേരുകളും പിന്നെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും. വെറുതെ ഒരു കൗതുകത്തിന്റെ പുറത്ത്, എന്റെ മോൾ രൂറ്റ് ലോയിഡയോടു ചോദിച്ചു, ഇക്കൂട്ടത്തിൽ “യഹോവ” എന്ന് എഴുതിയിരിക്കുന്നത് എവിടെയാണ് എന്നറിയാമോ എന്ന്. അതിശയകരമെന്നു പറയട്ടെ, ലോയിഡ നേരെ ചുവരിന് അടുത്തേക്കു ചെന്നു. എന്നിട്ട്, ദൈവത്തിന്റെ നാമം എഴുതിയിരുന്നതിന്റെ തൊട്ടരുകിൽ തല ചേർത്തുവെച്ചു. അങ്ങനെയെങ്കിൽ, ലോയിഡയ്ക്കു ബാക്കിയുള്ള പേരുകളും മനസ്സിലാകുന്നുണ്ടോ എന്നറിയാൻ രൂറ്റിന് ആകാംക്ഷയായി. രൂറ്റിനെ അതിശയിപ്പിക്കും വിധം അവൾ പറഞ്ഞ എല്ലാ പേരുകളും ലോയിഡ ഒന്നൊന്നായി ചുവരിൽ നിന്നു കാണിച്ചുകൊടുത്തു, മുമ്പൊരിക്കലും അവൾ എഴുതി കണ്ടിട്ടില്ലാത്ത പേരുകൾ പോലും! ഉടനടി, രൂറ്റ് ഞങ്ങളെ എല്ലാവരെയും വിളിച്ചുവരുത്തി. അതേ, ലോയിഡയ്ക്കു വായിക്കാൻ കഴിഞ്ഞു!
ക്രമേണ, ലോയിഡയ്ക്കു ഞങ്ങളോടു “സംസാരിക്കാൻ” പറ്റിയ ഒരു മാർഗം ഞങ്ങൾ രൂപപ്പെടുത്തിയെടുത്തു. നീണ്ട ഇടനാഴിയിലെ ചുവരിൽ, അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ഞങ്ങൾ ഒട്ടിച്ചുവെച്ചു. (കൈയിൽ പിടിക്കാവുന്ന തരത്തിലുള്ള ഒരു ബോർഡിൽ എഴുതിയിരിക്കുന്ന ചെറിയ അക്ഷരങ്ങൾ ചൂണ്ടിക്കാണിച്ചുതരാൻ ലോയിഡയ്ക്ക് ആകുമായിരുന്നില്ല, കാരണം ഓരോ അക്ഷരവും ചൂണ്ടിക്കാണിക്കാൻ പാകത്തിന് തന്റെ കൈയുടെ ചലനത്തെ നിയന്ത്രിക്കാനുള്ള ശേഷി അവൾക്കില്ലായിരുന്നു.) ഞങ്ങളുമായി ആശയവിനിമയം ചെയ്യാൻ ആഗ്രഹിക്കുമ്പോഴൊക്കെ അവൾക്ക് ആ ചുവരിനടുത്തുകൂടെ നടന്ന്, താൻ പറയാൻ ആഗ്രഹിക്കുന്ന വാക്കുകളിലെ അക്ഷരങ്ങൾ ചുവരിൽ നിന്നു കാണിച്ചുതരാൻ കഴിയുമായിരുന്നു. എന്നാൽ അത് അവളെ വളരെയധികം ക്ഷീണിപ്പിച്ചിരുന്നു. കാരണം, ഒറ്റ ഒരു പേജിൽ കൊള്ളുന്ന വിവരങ്ങൾ ഞങ്ങളോടു പറയണമെങ്കിൽ അവൾ ഫലത്തിൽ കിലോമീറ്ററുകളോളം നടക്കണമായിരുന്നു! മാത്രമല്ല, അതിനു മണിക്കൂറുകൾതന്നെ വേണ്ടിവരുമായിരുന്നു!
ഇതൊക്കെയാണെങ്കിലും, ഞങ്ങളോടു “സംസാരിക്കാൻ” കഴിയുന്നതിൽ ലോയിഡയ്ക്ക് അടക്കാനാകാത്ത ആഹ്ലാദമുണ്ട്. അവൾ ഞങ്ങളോട് ഏറ്റവും ആദ്യം ‘പറഞ്ഞത്’ എന്താണെന്നോ? “യഹോവയുടെ സഹായത്താൽ എനിക്ക് ഇപ്പോൾ ആശയവിനിമയം നടത്താൻ കഴിയും. അതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.” അതിശയമടക്കാനാവാതെ ഞങ്ങൾ ലോയിഡയോടു ചോദിച്ചു: “പകലെല്ലാം ഇവിടിരുന്ന് നീ എന്തു ചെയ്യുകയായിരുന്നു?” ഞങ്ങളോടു പറയാനുള്ള കാര്യങ്ങളെല്ലാം വാക്കുകളാക്കി മാറ്റാൻ ശ്രമിക്കുകയായിരുന്നു എന്ന് അവൾ പറഞ്ഞു. 18 വർഷമായി, ഞങ്ങളുമായി ആശയവിനിമയം നടത്താനാകാതെ അവൾ വീർപ്പുമുട്ടുകയായിരുന്നത്രെ. “രൂറ്റ് സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ ഞാൻ അവളുടെ പാഠപുസ്തകം എടുത്തു വായിച്ചു. എന്റെ വായ് അനക്കി ഏതാനും ശബ്ദങ്ങൾ ഞാൻ പുറപ്പെടുവിച്ചതായിരുന്നു. പക്ഷേ ആർക്കും എന്നെ മനസ്സിലായില്ല. അതുകൊണ്ടാണ് ഞാൻ മിക്കപ്പോഴും കരയുമായിരുന്നത്,” അവൾ പറഞ്ഞു.
അവളെ കൂടുതൽ നന്നായി മനസ്സിലാക്കാൻ കഴിയാതിരുന്നതിനു ഞാൻ അവളോടു നിറകണ്ണുകളോടെ മാപ്പുചോദിച്ചു. അപ്പോൾ ലോയിഡ ഇങ്ങനെ പറഞ്ഞു: “എന്റെ അമ്മ ഒരുപാടു നല്ല അമ്മയാണ്. ഒരിക്കലും അമ്മയ്ക്ക് എന്നെ മടുത്തില്ലല്ലോ. അമ്മയുടെ കൂടെയായിരിക്കുമ്പോഴെല്ലാം എനിക്കു വളരെയധികം സന്തോഷം തോന്നിയിട്ടുണ്ട്. ഞാൻ അമ്മയെ ഒരുപാടു സ്നേഹിക്കുന്നു. അതുകൊണ്ട് ഇനി കരയേണ്ട, കേട്ടോ.”
ആത്മീയ പുരോഗതി
ലോയിഡയ്ക്ക് അപ്പോൾത്തന്നെ ബൈബിൾ സംബന്ധമായ പരിജ്ഞാനം ഉണ്ടായിരുന്നു. അവൾ ചില ബൈബിൾ വാക്യങ്ങൾ മനഃപാഠമാക്കിയിട്ടുമുണ്ടായിരുന്നു. താമസിയാതെ തന്നെ, സഭാ വീക്ഷാഗോപുര അധ്യയനത്തിൽ—ആഴ്ച തോറും നടത്തുന്ന, ചോദ്യോത്തര രൂപത്തിലുള്ള ബൈബിൾ ചർച്ച—തനിക്കും അഭിപ്രായങ്ങൾ പറയണമെന്ന് അവൾ ഞങ്ങളെ അറിയിച്ചു. അവൾ എങ്ങനെയാണിതു ചെയ്യുക? ഞങ്ങളിൽ ഒരാൾ അധ്യയന ലേഖനം മുഴുവൻ അവളെ വായിച്ചു കേൾപ്പിക്കുമായിരുന്നു. അതിനുശേഷം, ഉത്തരം പറയാൻ ആഗ്രഹിക്കുന്ന ഒരു ചോദ്യം അവൾതന്നെ തിരഞ്ഞെടുക്കും. ചുവരിലെ അക്ഷരങ്ങൾ ഉപയോഗിച്ച് അവൾ ഉത്തരം പറയുമ്പോൾ ഞങ്ങൾ അത് എഴുതിയെടുക്കും. എന്നിട്ട്, യോഗസമയത്ത് ഞങ്ങളിൽ ഒരാൾ ലോയിഡയുടെ ഉത്തരം വായിക്കും. “യോഗത്തിൽ പങ്കെടുക്കാൻ കഴിയുമ്പോൾ എനിക്ക് എത്ര സന്തോഷമാണെന്നോ തോന്നുക. കാരണം ഞാനും സഭയുടെ ഭാഗമാണെന്ന തോന്നൽ അത് എന്നിൽ ഉളവാക്കുന്നു,” ലോയിഡ ഒരിക്കൽ ഞങ്ങളോടു പറഞ്ഞു.
20 വയസ്സായപ്പോൾ ലോയിഡ സ്നാപനമേൽക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. യഹോവയ്ക്കു സ്വയം സമർപ്പിക്കുക എന്നതിന്റെ അർഥമെന്താണെന്ന് അറിയാമോ എന്നു ചോദിച്ചപ്പോൾ, ഏഴു വർഷങ്ങൾക്കു മുമ്പേ താൻ യഹോവയ്ക്കു സമർപ്പിച്ചുകഴിഞ്ഞു എന്നാണ് അവൾ പറഞ്ഞത്. അന്നവൾക്കു വെറും 13 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അവൾ പറയുന്നു: “ഞാൻ യഹോവയോടു പ്രാർഥിച്ചു, എന്നിട്ട് എന്നേക്കും അവനെ സേവിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞു.” 1997 ഓഗസ്റ്റ് 2-ാം തീയതി, ലോയിഡ യഹോവയ്ക്കുള്ള തന്റെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. “യഹോവയ്ക്കു നന്ദി, എന്റെ ഏറ്റവും വലിയ സ്വപ്നം യാഥാർഥ്യമായിരിക്കുന്നു!” അവൾ ഞങ്ങളോടു പറഞ്ഞു.
ദൈവരാജ്യത്തെക്കുറിച്ച് അയൽക്കാരോടും ബന്ധുക്കളോടുമെല്ലാം സംസാരിക്കുന്നത് ലോയിഡയ്ക്ക് ഇഷ്ടമുള്ള കാര്യമാണ്. ഞങ്ങൾ തെരുവു സാക്ഷീകരണം നടത്തുമ്പോൾ ചിലപ്പോഴൊക്കെ അവൾ ഞങ്ങളോടൊപ്പം വരാറുണ്ട്. ആളില്ലാ ഭവനങ്ങളിൽ ഇട്ടിട്ടുപോരുന്നതിന് അവൾ ഞങ്ങൾക്ക് ഒരു കത്തും തയ്യാറാക്കി തന്നിട്ടുണ്ട്. പ്രായമായവരിലും രോഗികളിലും അവൾ പ്രത്യേക താത്പര്യമെടുക്കുന്നു. ഉദാഹരണത്തിന്, ഞങ്ങളുടെ സഭയിലെ കാൽ മുറിച്ചുകളഞ്ഞ ഒരു സഹോദരിയെക്കുറിച്ച് ലോയിഡ ഇങ്ങനെ പറഞ്ഞു: “നടക്കാനാവാത്തതിന്റെ വിഷമം എന്താണെന്ന് എനിക്കറിയാം,” അതുകൊണ്ട്, ഈ സഹോദരിയെ പ്രോത്സാഹിപ്പിക്കുന്നതിന് അവൾ ഒരു കത്തു തയ്യാറാക്കി. ഇനി, മറ്റൊരു സഭയിൽ ഹൈറോ എന്ന ഒരു ആൺകുട്ടിയുണ്ട്, അവന്റെ കഴുത്തു മുതൽ താഴേക്കു തളർന്നുപോയിരിക്കുന്നു. ആ കുട്ടിയുടെ സ്ഥിതിയെക്കുറിച്ച് അറിഞ്ഞപ്പോൾ ലോയിഡ അവന് ഒരു കത്തെഴുതി. അതിന്റെ ഒരു ഭാഗം ഇങ്ങനെയായിരുന്നു: “പെട്ടെന്നുതന്നെ യഹോവ നമ്മുടെ അസുഖങ്ങളെല്ലാം ഭേദമാക്കും. പറുദീസയിൽ ആരും ദുരിതമനുഭവിക്കില്ല. അപ്പോൾ നമുക്കു രണ്ടുപേർക്കും കൂടെ ഒരു ഓട്ടമത്സരം നടത്തണം, കേട്ടോ. എന്തൊരു രസമായിരിക്കും അത്, അല്ലേ? ഓർക്കുമ്പോൾ തന്നെ എനിക്കു ചിരിവരുന്നു. രോഗങ്ങൾ ഒന്നുമില്ലാതെ യഹോവ നമ്മെ സൃഷ്ടിച്ചതുപോലെതന്നെ, നാം വീണ്ടും ആയിത്തീരുന്ന അവസ്ഥയെക്കുറിച്ച് ഒന്നോർത്തുനോക്കൂ, . . . എത്ര അത്ഭുതകരമായിരിക്കും അത്?”
സഹിച്ചുനിൽക്കാൻ സഹായിക്കപ്പെടുന്നു
ലോയിഡയുടെ മുമ്പത്തെ പെരുമാറ്റങ്ങളെക്കുറിച്ച് എനിക്കു പിടികിട്ടാതിരുന്ന പല കാര്യങ്ങളും ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. ഉദാഹരണത്തിന്, കടുത്ത വിഷാദം അനുഭവപ്പെട്ടിരുന്നതിനാൽ ചെറുപ്പത്തിൽ ആരും തന്നെ കെട്ടിപ്പിടിക്കുന്നത് തനിക്ക് ഇഷ്ടമില്ലായിരുന്നു എന്ന് അവൾ പറയുന്നു. “എന്റെ സഹോദരിമാർക്ക് സംസാരിക്കാനും പഠിക്കാനും കഴിയുമ്പോൾ എനിക്ക് അതിനു കഴിയാത്തതു തികച്ചും അന്യായമായിതോന്നി. എനിക്ക് എന്തു ദേഷ്യം തോന്നിയിരുന്നെന്നോ. മരിക്കുന്നതാണ് ഭേദം എന്നുപോലും ചിലപ്പോൾ തോന്നിയിട്ടുണ്ട്,” അവൾ പറഞ്ഞു.
ആശയവിനിമയം ചെയ്യാൻ കഴിയുന്നുണ്ടെങ്കിലും ലോയിഡയുടെ മുന്നിൽ ഇപ്പോഴും പല വെല്ലുവിളികളും ഉണ്ട്. ഉദാഹരണത്തിന്, എല്ലാ മാസവും തന്നെ അവൾക്ക് അപസ്മാരത്തിന്റേതുപോലുള്ള ലക്ഷണങ്ങളുടെ ഒരു പരമ്പരതന്നെ ഉണ്ടാകാറുണ്ട്. അങ്ങനെ വരുമ്പോഴെല്ലാം, അവൾക്കു ശ്വാസം കിട്ടാത്തതു പോലെ ആകും, അവളുടെ കൈയും കാലുമെല്ലാം കോച്ചിവലിയുകയും ചെയ്യും. ഇതുകൂടാതെ, ചെറിയ ഒരു അസുഖം പോലും—ഒരു ചെറിയ ജലദോഷം മതി—അവളെ വല്ലാതെ ക്ഷീണിപ്പിക്കും. ചിലപ്പോഴൊക്കെ തന്റെ അവസ്ഥ ഓർത്ത് അവൾ നിരാശയിലാണ്ടു പോകാറുണ്ട്. എന്നാൽ സഹിച്ചുനിൽക്കാൻ അവളെ സഹായിക്കുന്നത് എന്താണ്? അവൾ തന്നെ പറയട്ടെ:
“പ്രാർഥന വിലതീരാത്ത ഒരു സഹായമാണ്. യഹോവയോടു സംസാരിക്കുമ്പോൾ, അവനുമായി അടുത്ത ബന്ധം ആസ്വദിക്കുമ്പോൾ, എനിക്ക് അതിരറ്റ സന്തോഷമാണു തോന്നുന്നത്. അതുപോലെതന്നെ, രാജ്യഹാളിലെ മറ്റുള്ളവരിൽ നിന്നു ലഭിക്കുന്ന സ്നേഹവും ശ്രദ്ധയും ഞാൻ വളരെയധികം വിലമതിക്കുന്നു. ശാരീരികമായ കുഴപ്പങ്ങൾ ഉണ്ടായിട്ടും, എന്നെ ഉറ്റു സ്നേഹിക്കുന്ന, ഒത്തിരി നല്ല ഒരു അപ്പനെയും അമ്മയെയും കിട്ടിയതിൽ ഞാൻ എത്ര അനുഗൃഹീതയാണ്! എന്റെ സഹോദരിമാർ എനിക്കു വേണ്ടി ചെയ്തുതന്നിട്ടുള്ളതും എനിക്ക് ഒരിക്കലും മറക്കാനാവില്ല. ചുവരിൽ അന്ന് മനോഹരമായി എഴുതിയ ആ വാക്കുകൾ എന്റെ ജീവിതം രക്ഷിച്ചു. യഹോവയുടെയും എന്റെ കുടുംബത്തിന്റെയും സ്നേഹമില്ലായിരുന്നെങ്കിൽ, എന്റെ ജീവിതത്തിന് ഇന്ന് ഒരർഥവും ഉണ്ടാകില്ലായിരുന്നു.”
[അടിക്കുറിപ്പ്]
a വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്. മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ എന്ന പുസ്തകം ഇപ്പോൾ അച്ചടിക്കുന്നില്ല.
[24-ാം പേജിലെ ചിത്രം]
ലോയിഡയും കുടുംബാംഗങ്ങളും