യുവജനങ്ങൾ ചോദിക്കുന്നു . . .
ഉത്തരവാദിത്വങ്ങളിൽനിന്ന് ഒളിച്ചോടുന്ന പിതാക്കന്മാർ—അവർക്ക് യഥാർഥത്തിൽ ഒളിച്ചോടാനാകുമോ?
‘ഞാൻ ഒരു അമ്മയാകാൻ പോകുകയാണ്’ എന്നവൾ പറഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി. കുഞ്ഞിനെ ആരു നോക്കും? ഒരു കുടുംബത്തെ പോറ്റാനുള്ള സ്ഥാനത്തല്ലായിരുന്നു ഞാൻ. മുങ്ങിയാലോ എന്നു ഞാൻ ആലോചിച്ചു.”—ജിം.a
“ഓരോ വർഷവും കൗമാര പ്രായക്കാരായ പത്തു ലക്ഷത്തോളം പെൺകുട്ടികൾ . . . ഗർഭിണികളാകുന്നു”ണ്ടെന്ന് അലൻ ഗുറ്റ്മാക്കർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഒരു റിപ്പോർട്ടു പറയുന്നു. “കൗമാര പ്രായക്കാർക്കിടയിലുള്ള പ്രസവങ്ങളുടെ 78 ശതമാനത്തിനും കാരണം അവിഹിത ബന്ധങ്ങളാണ്.”
മുൻകാലങ്ങളിലൊക്കെ, പുരുഷന്മാർക്കു സ്വന്തം കുട്ടികളെ നോക്കാനുള്ള ഒരു കടപ്പാടു തോന്നിയിരുന്നു. എന്നാൽ കൗമാരക്കാരായ പിതാക്കന്മാർ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്ന പ്രകാരം, “അവിഹിത ബന്ധത്തിലൂടെ ഗർഭം ധരിക്കുന്നവർക്കും അതിനു കാരണക്കാർ ആകുന്നവർക്കും [ഒരുകാലത്ത്] തോന്നിയിരുന്ന നാണക്കേടും മാനക്കേടും ഒന്നും ഇന്നുള്ളവർക്കില്ല.” ചില ജനസമുദായങ്ങളിലെ യുവജനങ്ങൾക്കിടയിൽ ഒരു കുട്ടിയെ ജനിപ്പിക്കുക എന്നത് അന്തസ്സിന്റെ ഒരു പ്രതീകം പോലുമാണ്! എന്നിരുന്നാലും, തങ്ങൾ ജനിപ്പിച്ച കുട്ടികളോടു മിക്ക പുരുഷന്മാരും ദീർഘകാല പ്രതിബദ്ധത ഉള്ളവരല്ല. പലരും ക്രമേണ അകന്നുമാറുകയോ പൊയ്ക്കളയുകയോ ചെയ്യുന്നു.b
എന്നാൽ ഒരു ചെറുപ്പക്കാരന് തന്റെ അധാർമിക നടത്തയുടെ ഫലങ്ങളിൽ നിന്ന് പൂർണമായും രക്ഷപ്പെടാനാകുമോ? ഇല്ല എന്നാണു ബൈബിൾ പറയുന്നത്. ബൈബിൾ ഈ മുന്നറിയിപ്പു നൽകുന്നു: “വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.” (ഗലാത്യർ 6:7) നാം കാണാൻ പോകുന്നതുപോലെ, ലൈംഗിക അധാർമികത ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ജീവിതത്തിൽ ഉളവാക്കുന്ന പ്രത്യാഘാതങ്ങൾ മിക്കപ്പോഴും ജീവിതകാലം മുഴുവൻ നീണ്ടുനിന്നേക്കാം. ലൈംഗിക അധാർമികതയിൽനിന്ന് ഒഴിഞ്ഞിരിക്കുക എന്ന ബൈബിളിന്റെ വ്യക്തമായ കൽപ്പന അനുസരിച്ചുകൊണ്ട് യുവജനങ്ങൾക്ക് അത്തരം ദാരുണ ഫലങ്ങൾ ഒഴിവാക്കാൻ കഴിയും.
തലയൂരുന്നത് അത്ര എളുപ്പമല്ല
ഒരു കുട്ടിയെ വളർത്തിക്കൊണ്ടുവരുന്നതിന് സമയം, പണം, വ്യക്തിപരമായ സ്വാതന്ത്ര്യം എന്നിവയുടെ നല്ലൊരു ശതമാനംതന്നെ മാറ്റിവെക്കേണ്ടതുണ്ട്. അവിവാഹിതരായ കൊച്ചു പിതാക്കന്മാർ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “‘മറ്റാരുടെയെങ്കിലും പരിപാലനം ഏറ്റെടുക്കു’ന്നത് പണനഷ്ടം വരുത്തിവെക്കുന്നെങ്കിൽ ചില ചെറുപ്പക്കാർ അതിനു തയ്യാറാകില്ല.” എന്നിരുന്നാലും പലരും തങ്ങളുടെ സ്വാർഥതയ്ക്ക് കനത്ത വില ഒടുക്കേണ്ടിവരുന്നു. ഉദാഹരണമായി, സ്വന്തം കുട്ടികളെ നോക്കാത്ത പുരുഷന്മാർക്കെതിരെ മിക്ക രാജ്യങ്ങളിലെയും കോടതികളും നിയമനിർമാതാക്കളും വളരെ കർശനമായ നടപടികൾ സ്വീകരിക്കുന്നു. പിതൃത്വം നിയമപരമായി തെളിഞ്ഞാൽ, തുടർന്നുള്ള വർഷങ്ങളിലെല്ലാം കുട്ടിക്കു ചെലവിനു കൊടുക്കാൻ ചെറുപ്പക്കാരായ പിതാക്കന്മാരോട് ആവശ്യപ്പെട്ടേക്കാം. വാസ്തവത്തിൽ അവർ അത് ചെയ്യേണ്ടതാണുതാനും. അതിനുവേണ്ടി ചെറുപ്പക്കാരിൽ പലരും പഠിത്തം നിറുത്താനോ കുറഞ്ഞ വേതനമുള്ള ഒരു തൊഴിൽ ചെയ്യാനോ നിർബന്ധിതരായിത്തീരുന്നു. സ്കൂൾ പ്രായത്തിലുള്ള ഗർഭധാരണവും കുട്ടികളെ പരിപാലിക്കലും (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “എത്ര ചെറുപ്പത്തിലേ പിതാവാകുന്നുവോ അത്രയും കുറവായിരിക്കും ലഭിക്കുന്ന ഔദ്യോഗിക വിദ്യാഭ്യാസവും.” ചെലവിനുള്ള തുക നൽകാൻ ഒരുവനു കഴിയാതെ വരുന്നെങ്കിൽ അതു കുമിഞ്ഞുകൂടി വലിയൊരു കടമായിത്തീർന്നേക്കാം.
തീർച്ചയായും, എല്ലാ ചെറുപ്പക്കാരും തങ്ങളുടെ കുട്ടികളോടു നിർദ്ദയമായിട്ടാണ് ഇടപെടുന്നത് എന്നു പറയാനാവില്ല. പലർക്കും ആദ്യമൊക്കെ വളരെ നല്ല ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നേക്കാം. ഒരു സർവേ വെളിപ്പെടുത്തുന്നതനുസരിച്ച് കൗമാരക്കാരായ പിതാക്കന്മാരിൽ 75 ശതമാനവും തങ്ങളുടെ കുട്ടി ജനിച്ചപ്പോൾ ആശുപത്രിയിൽ ചെന്നുകണ്ടു. എന്നാൽ താമസിയാതെതന്നെ, ആ പിതാക്കന്മാരിൽ മിക്കവരും ഒരു കുട്ടിയെ വളർത്തുന്നതിന്റെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ പേറാനാവാതെ കുഴങ്ങുന്നു.
അനുയോജ്യമായ ഒരു തൊഴിൽ ലഭിക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യമോ അനുഭവപരിചയമോ തങ്ങൾക്കില്ലെന്നു പലരും കണ്ടെത്തുന്നു. സാമ്പത്തികമായി സഹായിക്കാൻ കഴിയാത്തതു നിമിത്തം ലജ്ജിതരായി അവർ മെല്ലെ തടിതപ്പുന്നു. എന്നുവരികിലും, വർഷങ്ങളോളം അവരെ മനസ്സാക്ഷിക്കുത്ത് അലട്ടിയേക്കാം. ഒരു ചെറുപ്പക്കാരൻ ഇങ്ങനെ സമ്മതിച്ചുപറയുന്നു: “എന്റെ മകന് എന്തു സംഭവിച്ചുകാണും എന്നു ഞാൻ ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട്. . . . [അവനെ] ഇട്ടിട്ടു പോന്നതിൽ എനിക്കു വിഷമമുണ്ട്, പക്ഷേ ഇപ്പോൾ എനിക്ക് അവനെ നഷ്ടമായിരിക്കുന്നു. ഒരുനാൾ അവൻ എന്നെ തേടിയെത്തിയേക്കാം.”
കുട്ടികളോടു ചെയ്യുന്ന ദ്രോഹം
ഉത്തരവാദിത്വങ്ങളിൽനിന്ന് ഒളിച്ചോടുന്ന പിതാക്കന്മാർക്ക് വല്ലാത്ത നാണക്കേടും—സ്വന്തം കുട്ടിയോടു ചെയ്ത ദ്രോഹത്തെ കുറിച്ചോർത്ത്—തോന്നിയേക്കാം. ഒരു കുട്ടിക്കു മാതാപിതാക്കൾ രണ്ടുപേരും വേണം, ബൈബിളും അങ്ങനെയാണു സൂചിപ്പിക്കുന്നത്. (പുറപ്പാടു 20:12; സദൃശവാക്യങ്ങൾ 1:8, 9) ഒരു പിതാവെന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വങ്ങളിൽനിന്ന് ഒരുവൻ ഒളിച്ചോടുമ്പോൾ, അതുമൂലം ഉണ്ടാകാൻ ഇടയുള്ള അനവധി പ്രശ്നങ്ങളിലേക്ക് തന്റെ കുട്ടിയെ തള്ളിവിടുകയായിരിക്കും അയാൾ ചെയ്യുന്നത്. യു.എസ്. ഡിപ്പാർട്ടുമെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് ഇങ്ങനെ പറയുന്നു: “മാതാവ് മാത്രമുള്ള കുടുംബങ്ങളിലെ കൊച്ചു കുട്ടികൾ പൊതുവെ മാതാവും പിതാവുമുള്ള കുടുംബങ്ങളിലെ കുട്ടികളെ അപേക്ഷിച്ച് വാചാപരീക്ഷയിലും കണക്കു പരീക്ഷയിലും താഴ്ന്ന നിലവാരം പുലർത്തുന്നു. മാതാപിതാക്കളിൽ ഒരാൾ മാത്രം വളർത്തിക്കൊണ്ടുവരുന്ന, 7-നും 10-നും ഇടയ്ക്കു പ്രായമുള്ള കുട്ടികൾക്കു പൊതുവെ താഴ്ന്ന ഗ്രേഡ് ലഭിക്കുന്നതായി കാണുന്നു, അവർക്കു പെരുമാറ്റ സംബന്ധമായ കൂടുതൽ പ്രശ്നങ്ങൾ ഉണ്ട്, അതുപോലെതന്നെ മാറാരോഗങ്ങളുടെയും മാനസിക തകരാറുകളുടെയും നിരക്ക് അവർക്കിടയിൽ പൊതുവെ കൂടുതലായിരിക്കും. മാതാവ് മാത്രമുള്ള കുടുംബങ്ങളിൽ വളർത്തപ്പെടുന്ന കൗമാരപ്രായക്കാരും യുവജനങ്ങളും കൗമാര ഗർഭധാരണം, ഹൈസ്കൂളിൽനിന്നു പുറത്തുപോരൽ, ജയിൽ ശിക്ഷ അനുഭവിക്കൽ എന്നിങ്ങനെയുള്ള പ്രശ്നങ്ങളിൽ കുടുങ്ങാനുള്ള വർധിച്ച സാധ്യത ഉണ്ട്. കൂടാതെ തൊഴിലോ വിദ്യാഭ്യാസമോ ഒന്നും ഇല്ലാത്ത ഒരവസ്ഥയിലാകുന്നു അവർ.”
അറ്റ്ലാന്റിക് മന്ത്ലി എന്ന മാസിക ഈ നിഗമനത്തിലെത്തുന്നു: “വർധിച്ചുവരുന്ന സാമൂഹികവും ശാസ്ത്രീയവുമായ തെളിവുകൾ കാണിക്കുന്നതനുസരിച്ച്, വിവാഹമോചനം നിമിത്തം താറുമാറായ കുടുംബങ്ങളിലെ കുട്ടികളും അവിഹിത ബന്ധത്താൽ ജനിച്ച കുട്ടികളും ജീവിതത്തിന്റെ വ്യത്യസ്ത മണ്ഡലങ്ങളിൽ മാതാപിതാക്കൾ രണ്ടുപേരും ഉള്ള കുടുംബങ്ങളിലെ കുട്ടികളെ അപേക്ഷിച്ച് കൂടുതൽ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതായി കാണാൻ കഴിയും. മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളിലെ കുട്ടികൾ ദരിദ്രരാകാനുള്ള സാധ്യത ആറു മടങ്ങാണ്. അവർ മിക്കവാറും ദരിദ്രരായിത്തന്നെ തുടരുകയും ചെയ്യുന്നു.”
എല്ലാ വ്യക്തികളുടെയും കാര്യത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കണമെന്നില്ല. കാരണം, കൂട്ടങ്ങളിൽ നടത്തിയ സ്ഥിതിവിവരക്കണക്കു സംബന്ധമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ അപകടസാധ്യതകളാണ് ഇവയെല്ലാം. മോശമായ കുടുംബ പശ്ചാത്തലങ്ങളിൽ ആയിരുന്നിട്ടും ചില കുട്ടികൾ മെച്ചപ്പെട്ട, നല്ല സമനിലയുള്ള, പക്വതയുള്ള, മുതിർന്നവരായിത്തീരാറുണ്ട്. അപ്പോൾപ്പോലും, സ്വന്തം കുട്ടിയെ ഉപേക്ഷിച്ചുപോയ ചെറുപ്പക്കാരൻ കുറ്റബോധത്താൽ വെന്തുരുകിയേക്കാം. “യഥാർഥത്തിൽ അവന്റെ ജീവിതം എന്നേക്കുമായി താറുമാറാക്കി കളഞ്ഞോ എന്നു ഞാൻ ഭയപ്പെടുന്നു” എന്ന് അവിവാഹിതനായ ഒരു പിതാവ് പറയുന്നു—കൗമാരക്കാരായ പിതാക്കന്മാർ (ഇംഗ്ലീഷ്).
പിന്തുണ നൽകുന്നതിന്റെ വെല്ലുവിളി
ചെറുപ്പക്കാരായ എല്ലാ പിതാക്കന്മാരും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നവരല്ല. ചില പിതാക്കന്മാർക്കു സ്വന്തം കുട്ടികളോട് ഉചിതമായിത്തന്നെ ഒരു ധാർമിക കടപ്പാടു തോന്നുകയും അവരെ വളർത്തുന്നതിൽ സഹായിക്കാൻ അവർ ആത്മാർഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാൽ മിക്കപ്പോഴും അങ്ങനെ ചെയ്യുക വളരെ ബുദ്ധിമുട്ടാണ്. കാരണം, അവിവാഹിതനായ ഒരു പിതാവിനു നിയമപരമായ അവകാശങ്ങളൊന്നുംതന്നെ ഉണ്ടായിരിക്കാനിടയില്ല. തന്റെ കുട്ടിയുമായി അയാൾക്ക് എത്രത്തോളം സമ്പർക്കം ആകാം എന്നു തീരുമാനിക്കുന്നത് പെൺകുട്ടിയും അവളുടെ മാതാപിതാക്കളും ആയിരിക്കാം. “കുഞ്ഞിന്റെ കാര്യങ്ങളിൽ ഇടപെടാനുള്ള അവസരത്തിനായി എപ്പോഴും തക്കം പാർത്തിരിക്കേണ്ട ഗതികേടാണുള്ളത്,” തുടക്കത്തിൽ പരാമർശിച്ച ജിം പറയുന്നു. അതുകൊണ്ട് കുട്ടിയെ ദത്തു നൽകൽ, ഗർഭച്ഛിദ്രം എന്നിങ്ങനെ ചെറുപ്പക്കാരനായ ഒരു പിതാവ് ശക്തമായി എതിർത്തേക്കാവുന്ന തീരുമാനങ്ങൾ പോലും പെൺകുട്ടിയും വീട്ടുകാരും കൂടെ എടുത്തേക്കാം.c “ഒരു അന്യന് അവനെ വിട്ടുകൊടുക്കാൻ അവരെ അനുവദിക്കുന്നതിനെ കുറിച്ച് എനിക്കു ചിന്തിക്കാനേ കഴിയുന്നില്ല. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അതല്ലാതെ മറ്റു വഴിയില്ലെന്നാണു തോന്നുന്നത്,” ചെറുപ്പക്കാരനായ ഒരു പിതാവ് വിലപിക്കുന്നു.
സ്വന്തം കുട്ടിയുടെ അമ്മയെത്തന്നെ വിവാഹം ചെയ്യാൻ ചില ചെറുപ്പക്കാർ തയ്യാറാകാറുണ്ട്.d വിവാഹം, പെൺകുട്ടിയെ നാണക്കേടിൽനിന്നു കുറെയൊക്കെ രക്ഷിക്കുമെന്നു മാത്രമല്ല കുട്ടിയെ വളർത്താൻ മാതാവും പിതാവും ഉണ്ടായിരിക്കുകയും ചെയ്യും. ദമ്പതികൾ ദുർന്നടത്തയിൽ ഏർപ്പെട്ടെങ്കിലും, അവർ യഥാർഥ സ്നേഹത്തിൽ ആയിരുന്നെന്നും വരാം. എന്നിരുന്നാലും, ഒരാൺകുട്ടിക്കു പുനരുത്പാദന പ്രാപ്തി ഉണ്ടെന്നുള്ളത്, അയാൾ ഒരു ഭർത്താവും പിതാവും ആയിരിക്കാൻ വേണ്ട മാനസികവും വൈകാരികവുമായ പക്വതയിലെത്തിയെന്ന് അർഥമാക്കുന്നില്ല. ഭാര്യക്കും കുട്ടിക്കും ചെലവിനു കൊടുക്കാനുള്ള പ്രാപ്തി അവനുണ്ടെന്നും അത് അർഥമാക്കുന്നില്ല. ഗർഭധാരണത്തിന്റെ പേരിൽ നടത്തുന്ന വിവാഹങ്ങൾ മിക്കപ്പോഴും അധികനാൾ നിലനിൽക്കാറില്ല എന്നാണു പഠനങ്ങൾ കാണിക്കുന്നത്. അതുകൊണ്ട് വിവാഹത്തിലേക്ക് എടുത്തുചാടുന്നത് എപ്പോഴും ബുദ്ധിപരമായ ഒരു പരിഹാരമല്ല.
ചെറുപ്പക്കാരായ അനേകം പുരുഷന്മാരും തങ്ങളുടെ കുട്ടികൾക്കു സാമ്പത്തിക പിന്തുണ നൽകാൻ തയ്യാറാകുന്നു. നേരത്തെ പരാമർശിച്ചതുപോലെ, അത്തരമൊരു പിന്തുണ ദീർഘകാലത്തേക്ക്, ഒരുപക്ഷേ 18-ഓ അതിലധികമോ വർഷക്കാലത്തേക്കു തുടർച്ചയായി നൽകുന്നതിനു ചെറുപ്പക്കാരനായ ഒരു പിതാവിന് യഥാർഥ നിശ്ചയദാർഢ്യം ആവശ്യമാണ്. അത്തരം തുടർച്ചയായ സാമ്പത്തിക സഹായത്തിലൂടെ അമ്മയ്ക്കും കുഞ്ഞിനും പട്ടിണിയും പരിവട്ടവും കൂടാതെ ജീവിച്ചുപോകാൻ കഴിയും.
കുട്ടിയെ വളർത്തുന്നതിന്റെ ഉത്തരവാദിത്വം രണ്ടുപേരും പങ്കിടുന്നതു സംബന്ധിച്ചെന്ത്? ഇതും വലിയ ഒരു വെല്ലുവിളി ആയിരുന്നേക്കാം. ദമ്പതികൾ പരസ്പരം കണ്ടുമുട്ടിയാൽ അവർ ഇനിയും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടേക്കുമോ എന്ന ഭയം നിമിത്തം ദമ്പതികളുടെ മാതാപിതാക്കൾ അവർ പരസ്പരം കാണുന്നതിനെ നിരുത്സാഹപ്പെടുത്തുകയോ നിരോധിക്കുകപോലുമോ ചെയ്യാറുണ്ട്. തന്റെ ഭർത്താവല്ലാത്ത ഒരു പുരുഷനുമായി കുട്ടിക്ക് ഒരു “വൈകാരിക അടുപ്പം” വേണ്ടെന്ന് ഒരു പെൺകുട്ടി സ്വയം തീരുമാനിക്കാനും മതി. എങ്ങനെ ആയിരുന്നാലും, കുട്ടിയുടെ അടുത്തു തുടർച്ചയായി വരാൻ പിതാവിനെ അനുവദിക്കുന്നെങ്കിൽ, ദമ്പതികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതു തടയാനായി ആ സമയത്ത് ഒരു മുതിർന്ന വ്യക്തി അവിടെയുണ്ടെന്നു വീട്ടുകാർ ഉറപ്പുവരുത്തുന്നതു ബുദ്ധിയായിരിക്കും.
തങ്ങളുടെ കുട്ടികളോടു കൂടുതൽ അടുക്കാൻ ആഗ്രഹിച്ചുകൊണ്ട് അവിവാഹിതരായ ചില പിതാക്കന്മാർ, കുട്ടികളെ കുളിപ്പിക്കൽ, ഭക്ഷണം കൊടുക്കൽ, വായിച്ചുകേൾപ്പിക്കൽ എന്നിങ്ങനെ മാതാപിതാക്കൾ ചെയ്യുന്ന അടിസ്ഥാനപരമായ സംഗതികൾ എങ്ങനെ ചെയ്യാമെന്നു പഠിച്ചിട്ടുണ്ട്. ബൈബിൾ നിലവാരങ്ങളോടു വിലമതിപ്പു വളർത്തിയെടുത്തിട്ടുള്ള ഒരു ചെറുപ്പക്കാരൻ ദൈവവചനത്തിലെ ചില തത്ത്വങ്ങൾ പഠിപ്പിക്കാൻപോലും ശ്രമിച്ചേക്കാം. (എഫെസ്യർ 6:4) ഒരു പിതാവ് കുട്ടിക്ക് നൽകുന്ന ചിലപ്പോഴൊക്കെയുള്ള ഇത്തരം സ്നേഹപുരസ്സരമായ പരിപാലനം ഒന്നും ചെയ്യാതിരിക്കുന്നതിനെക്കാൾ തീർച്ചയായും മെച്ചമാണെങ്കിലും, അത് ദിവസവും അവനോടൊപ്പം കഴിയുന്ന ഒരു പിതാവ് ഉണ്ടായിരിക്കുന്നതിനു തുല്യമാവില്ല. കൂടാതെ, കുട്ടിയുടെ അമ്മ എന്നെങ്കിലും വിവാഹിതയായാൽ, തന്റെ കുട്ടിയെ മറ്റൊരു പുരുഷൻ വളർത്തുന്നത് നിസ്സഹായനായി നോക്കിനിൽക്കാനേ ചെറുപ്പക്കാരനായ ഒരു പിതാവിനു കഴിയൂ.
അതുകൊണ്ട്, അവിഹിത ബന്ധത്തിലൂടെ കുട്ടിയെ ജനിപ്പിക്കുന്നത് മാതാപിതാക്കൾക്കും കുട്ടിക്കും വളരെയേറെ ദുരിതങ്ങൾ വരുത്തിവെക്കും എന്നതു വ്യക്തമാണ്. ഏറ്റവും പ്രധാനമായി, യഹോവയാം ദൈവത്തിന്റെ പ്രീതി നഷ്ടപ്പെടും എന്ന അപകടവും സ്ഥിതിചെയ്യുന്നുണ്ട്, അവൻ അവിഹിത ലൈംഗികതയെ കുറ്റംവിധിക്കുകതന്നെ ചെയ്യുന്നു. (1 തെസ്സലൊനീക്യർ 4:3) കൗമാര ഗർഭധാരണം പോലുള്ള മോശമായ ഒരു സാഹചര്യത്തെ പരമാവധി നന്നായി നേരിടാൻ ശ്രമിക്കാമെങ്കിലും അധാർമിക നടത്തയിൽ ഏർപ്പെടാതിരിക്കുക എന്നതാണ് ഏറ്റവും ജ്ഞാനപൂർവകമായ ഗതിയെന്നു മനസ്സിൽ പിടിക്കണം. ചെറുപ്പക്കാരനായ ഒരു പിതാവ് ഇങ്ങനെ സമ്മതിച്ചുപറയുന്നു: “അവിഹിത ബന്ധത്തിലൂടെ ഒരു കുട്ടിയെ ജനിപ്പിച്ചാൽ, നിങ്ങളുടെ ജീവിതം പിന്നെ ഒരിക്കലും മുമ്പത്തെപ്പോലെ ആയിരിക്കില്ല.” അതേ, ചെറുപ്പക്കാരനായ ഒരു പിതാവ് തന്റെ ആയുഷ്കാലം മുഴുവൻ താൻ ചെയ്ത തെറ്റിന്റെ അനന്തരഫലങ്ങളും പേറി ജീവിക്കേണ്ടി വന്നേക്കാം. (ഗലാത്യർ 6:8) വീണ്ടും ബൈബിളിന്റെ ബുദ്ധിയുപദേശം ജ്ഞാനപൂർവകമാണെന്നു തെളിഞ്ഞിരിക്കുന്നു: “പരസംഗം വിട്ട് ഓടുവിൻ.”—1 കൊരിന്ത്യർ 6:18, NW.
[അടിക്കുറിപ്പുകൾ]
a ചില പേരുകൾ യഥാർഥമല്ല.
b 2000 ഏപ്രിൽ 22 ലക്കം ഉണരുക!യിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . അച്ഛനായി എന്നതുകൊണ്ട് ഒരുവൻ പുരുഷനാകുമോ?” എന്ന ലേഖനവും അവിവാഹിത മാതൃത്വത്തിന് ഒരു പെൺകുട്ടിയുടെമേൽ ഉളവാക്കാൻ കഴിയുന്ന ഫലങ്ങളെക്കുറിച്ചുള്ള ഒരു ചർച്ചയ്ക്ക് 1985 ജൂലൈ 22 ലക്കത്തിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . അവിവാഹിത മാതൃത്വം—എനിക്കത് സംഭവിക്കുമോ?” (ഇംഗ്ലീഷ്) എന്ന ലേഖനവും കാണുക.
c 1995 മാർച്ച് 8 ലക്കം ഉണരുക!യിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . ഗർഭച്ഛിദ്രം—അതാണോ പരിഹാരം?” എന്ന ലേഖനം കാണുക.
d ഒരു കന്യകയെ പ്രലോഭിപ്പിച്ച് അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഒരു പുരുഷൻ അവളെ വിവാഹം ചെയ്യണമെന്ന് മോശൈക ന്യായപ്രമാണം വ്യവസ്ഥ ചെയ്തിരുന്നു. (ആവർത്തനപുസ്തകം 22:28, 29) എങ്കിലും, എല്ലായ്പോഴും അത്തരം ബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കണം എന്നില്ലായിരുന്നു, കാരണം പെൺകുട്ടിയുടെ പിതാവിന് അതിനെ എതിർക്കാൻ കഴിയുമായിരുന്നു. (പുറപ്പാടു 22:16, 17) ക്രിസ്ത്യാനികൾ ഇന്ന് ആ ന്യായപ്രമാണത്തിൻ കീഴിൽ അല്ലെങ്കിലും, വിവാഹപൂർവ ലൈംഗികത എത്ര ഗുരുതരമായ പാപമാണ് എന്നതിന് അത് ഊന്നൽ നൽകുകതന്നെ ചെയ്യുന്നു.—1989 നവംബർ 15 ലക്കം ഇംഗ്ലീഷ് വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.
[15-ാം പേജിലെ ചിത്രം]
അധാർമിക നടത്തയിൽ ഏർപ്പെടാതിരിക്കുക എന്നതാണ് ഏറ്റവും ജ്ഞാനപൂർവകമായ ഗതി