യുവജനങ്ങൾ ചോദിക്കുന്നു. . .
ഗർഭച്ഛിദ്രം—അതാണോ പരിഹാരം?
“എന്റെ ഗർഭപരിശോധന എനിക്കു ഗർഭമുണ്ടെന്നു സൂചിപ്പിച്ചപ്പോൾ ഞാൻ ഉടൻതന്നെ ഗർഭച്ഛിദ്രം നടത്തണമെന്ന് എന്റെ കാമുകൻ ആവശ്യപ്പെട്ടു. അതിനുവേണ്ടിയുള്ള പണം പോലും അയാൾ തന്നു” എന്നു ജൂഡി അനുസ്മരിക്കുന്നു. ജൂഡിക്കു 17 വയസ്സായിരുന്നു.a
പതിനഞ്ചു വയസ്സുകാരി മാർട്ട താൻ ഗർഭിണിയാണെന്നു കണ്ടെത്തിയപ്പോൾ, അവൾ ഗർഭച്ഛിദ്ര ക്ലിനിക്കിലെ ഒരു ഉപദേശകയോടു സംസാരിച്ചു. “അവർ സകലവും എന്നോടു വിശദീകരിച്ചു,” മാർട്ട പറയുന്നു. “എനിക്ക് ഒരു ഗർഭച്ഛിദ്രം നടത്താവുന്നതാണെന്നും അതല്ലെങ്കിൽ ഞാൻ ആഗ്രഹിക്കുന്ന പക്ഷം ഒരു ദത്തെടുക്കൽ ഏജൻസിയോ ഒരു പ്രസവശുശ്രൂഷാലയമോ കണ്ടെത്താൻ അവർ സഹായിക്കാമെന്നും എന്നോടു പറഞ്ഞു.”
ഐക്യനാടുകളിൽ മാത്രം ഓരോ വർഷവും പത്തുലക്ഷത്തിലധികം യുവതികൾ ഗർഭിണികളാകുന്നു. അവരിൽ ക്രിസ്തീയ പരിശീലനം ലഭിച്ചിരുന്നിട്ടും, “ദുർന്നടപ്പു വിട്ടൊഴി”യാൻ, അല്ലെങ്കിൽ വിവാഹപൂർവ ലൈംഗികത ഒഴിവാക്കാനുള്ള ദൈവകല്പന ലംഘിച്ച നിരവധി യുവജനങ്ങൾ ഉൾപ്പെടുന്നു. (1 തെസ്സലൊനീക്യർ 4:3) ഈ ദുർമാർഗം അനാവശ്യമായ വളരെയധികം ദുരിതത്തിൽ കലാശിക്കുന്നു. എന്നിരുന്നാലും, ഈ യുവജനങ്ങളിൽ പലരും തങ്ങളുടെ പെരുമാററഗതിയിൽ ദുഃഖിതരാകുകയും തങ്ങളുടെ ജീവിതം നേരെയാക്കാനാഗ്രഹിക്കുകയും ചെയ്യുന്നു. എന്നാൽ വിവാഹംകൂടാതെ ഒരു ശിശുവിനെ പ്രസവിക്കുന്നതിന്റെ ഭീതിദമായ പ്രതീക്ഷയെ അഭിമുഖീകരിക്കുമ്പോൾ, തങ്ങളുടെ പ്രശ്നങ്ങൾക്കുള്ള അനായാസപരിഹാരം ഒരു ഗർഭച്ഛിദ്രമായിരിക്കുമോയെന്നു ചിലർ ചിന്തിച്ചേക്കാം. ഏതായാലും, ഐക്യനാടുകളിൽ ഓരോ വർഷവും ഗർഭിണികളാകുന്ന അഞ്ചുലക്ഷത്തോളം പെൺകുട്ടികൾ ഗർഭച്ഛിദ്രം നടത്താൻ തീരുമാനിക്കുന്നു. വേണ്ടാത്ത ഒരു ഗർഭധാരണത്തിന്റെ ഏററവും നല്ല പരിഹാരമായിരിക്കാൻ യഥാർഥത്തിൽ ഇതിനു കഴിയുമോ?
ചിലർ ഗർഭച്ഛിദ്രം നടത്തുന്നത് എന്തുകൊണ്ട്
മനസ്സിലാക്കാൻ കഴിയുന്നതുപോലെ, ശക്തമായ, പരസ്പരവിരുദ്ധം പോലുമായ, വികാരങ്ങൾ സ്വാധീനം ചെലുത്തിയേക്കാം. ഒരു ചെറുപ്പക്കാരിക്കു തന്റെ ഉള്ളിൽ വളരുന്ന ശിശുവിനോടു കുറേ സ്വാഭാവിക വികാരങ്ങൾ ഉണ്ടാകാൻ നല്ല സാധ്യതയുണ്ട്. എന്നാൽ അവൾക്കു ന്യായമായ ചില ഭയാശങ്കകളും ഉണ്ടായിരിക്കാം.
ദൃഷ്ടാന്തത്തിന്, പതിനെട്ടുവയസ്സുണ്ടായിരുന്ന വിക്കി “കോളെജിൽ പോയി ഒരു മാസ്റേറഴ്സ് ഡിഗ്രി നേടാൻ പോലും ആഗ്രഹിച്ചു.” അവളുടെ ചിന്തയനുസരിച്ച്, ഒരു കുട്ടി ഉണ്ടാകുന്നത് അവളുടെ പദ്ധതികൾക്കു പ്രതിബന്ധം സൃഷ്ടിക്കും. (ടീൻ മാസിക, മാർച്ച് 1992) അതുപോലെതന്നെ മാർട്ടയും ഇങ്ങനെ നിഗമനംചെയ്തു: “നിങ്ങൾ ഒരു അമ്മയാകുകയാണെങ്കിൽ, നിങ്ങൾ കുഞ്ഞുമായി വീട്ടിൽ കഴിയണം, അതോടെ പഠിത്തവും നിർത്തണം. ഞാൻ അതിനു തയ്യാറല്ലായിരുന്നു.” ഒരു പഠനപ്രകാരം, ഗർഭച്ഛിദ്രം നടത്തുന്ന കൗമാരപ്രായക്കാരിൽ 87 ശതമാനം ഒരു കുട്ടി ഉണ്ടായാൽ അതു തങ്ങൾ ഏറെറടുക്കാൻ തയ്യാറായിക്കഴിഞ്ഞിട്ടില്ലാത്ത ഒരു വിധത്തിൽ തങ്ങളുടെ ജീവിതത്തിനു കർശനമായി മാററം വരുത്തുമെന്നു ഭയപ്പെടുന്നു.
സാമ്പത്തികപ്രയാസങ്ങളെക്കുറിച്ചുള്ള ഭയവും ഒററയ്ക്കുള്ള മാതാവിന്റെ ഉത്തരവാദിത്വങ്ങൾ കൈകാര്യംചെയ്യാൻ പ്രാപ്തയല്ലായിരിക്കാമെന്ന ഉത്ക്കണ്ഠയും അനേകർ ഗർഭച്ഛിദ്രം തിരഞ്ഞെടുക്കുന്നതിന്റെ സാധാരണ കാരണങ്ങളാണ്. വിക്കി അത് ഈ വിധത്തിൽ പ്രസ്താവിച്ചു: “എന്റെ മാതാപിതാക്കൾ വിവാഹമോചനം നടത്തിയ ഒരു കുടുംബത്തിൽനിന്നാണു ഞാൻ വന്നത്, എന്റെ അമ്മ മൂന്നു മക്കളെ തനിയേ വളർത്തി. അമ്മ പോരാട്ടം കഴിക്കുന്നതു ഞാൻ നിരീക്ഷിച്ചു . . . എന്റെ അമ്മയെപ്പോലെ ഞാൻ ഒടുവിൽ ഒററയ്ക്കുള്ള ഒരു മാതാവായിത്തീരുന്നതു ഭാവനയിൽ കാണാൻ എനിക്കു കഴിഞ്ഞു.”
മററുള്ളവരിൽനിന്നുള്ള, വിശേഷാൽ കാമുകനിൽനിന്നുള്ള, സമ്മർദവും ഒരു ഗർഭം അവസാനിപ്പിക്കുന്നതിലേക്ക് ഒരാളെ തള്ളിവിട്ടേക്കാം. ജൂഡിയുടെ കാമുകൻ അവൾക്ക് ഈ അന്ത്യശാസനം നൽകി: “നീ ഗർഭച്ഛിദ്രം നടത്തുന്നില്ലെങ്കിൽ നിന്നെ ഇനി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” നാൻസിയുടെ കാര്യത്തിൽ ഗർഭച്ഛിദ്രം നടത്താനുള്ള സമ്മർദം അവളുടെ അമ്മയിൽനിന്നും മററു ബന്ധുക്കളിൽനിന്നുമാണുണ്ടായത്.
ഗർഭച്ഛിദ്രത്തിൽ യഥാർഥത്തിൽ ഒരു ശിശുവിനെ കൊല്ലുന്നത് ഉൾപ്പെടുന്നില്ലെന്നുള്ള അബദ്ധവീക്ഷണവും ഒരു ശക്തമായ സ്വാധീനംചെലുത്തുന്നു. വിക്കി പറയുന്നു: “ഞാൻ അതിനെക്കുറിച്ച് ഒരു ശിശു എന്നു ചിന്തിക്കാൻ എന്നെത്തന്നെ അനുവദിക്കുകയില്ല. . . . ഗർഭധാരണത്തിന്റെ അഞ്ചാം ആഴ്ചയിൽ ഭ്രൂണം നിങ്ങളുടെ ചെറുവിരലിന്റെ നഖത്തെക്കാൾ ചെറുതാണെന്നു ഞാൻ മനസ്സിലാക്കി. ഞാൻ ആ ആശയത്തോടു വളരെ ശക്തമായി പററിനിന്നു. അതിന് ഒരു ചെറുവിരലിന്റെ നഖത്തിന്റെ വലിപ്പംമാത്രമേ ഉള്ളുവെങ്കിൽ അതു യഥാർഥത്തിൽ ഒരു ശിശു ആയിരുന്നില്ല. എനിക്കു ഗർഭച്ഛിദ്രവുമായി മുന്നോട്ടുപോകാൻ കഴിയത്തക്കവണ്ണം അതിനെ എന്റെ മനസ്സിൽ യഥാർഥമല്ലാത്തതാക്കാൻ ഞാൻ ശ്രമിച്ചു.”
സാങ്കേതികമായി പുരോഗമിച്ച രാഷ്ട്രങ്ങളിലെങ്കിലും, ഗർഭച്ഛിദ്രമാണു സുരക്ഷിതമെന്നും ചിലർ അവകാശപ്പെടുന്നു—ഒരു ഗർഭിണിയായ യുവതിയുടെ പ്രസവത്തെക്കാൾ സുരക്ഷിതമെന്നു സങ്കല്പം. എല്ലാം പരിഗണിക്കുമ്പോൾ, ഗർഭച്ഛിദ്രം അഭികാമ്യമാണെന്നു തോന്നിയേക്കാം. എന്നിരുന്നാലും, ഗർഭച്ഛിദ്രം തിരഞ്ഞെടുക്കുന്ന അനേകർ പിന്നീടു ഖേദിക്കുന്നുവെന്നു വസ്തുതകൾ പ്രകടമാക്കുന്നു. ഒരു സ്ത്രീ പറയുന്നു: “20-ാം വയസ്സിൽ ഞാൻ ഒരു ഗർഭച്ഛിദ്രം നടത്തി. ഇപ്പോൾ എനിക്കു 34 വയസ്സുണ്ട്, ഞാൻ ചെയ്തതിനോടു പൊരുത്തപ്പെടാൻ എനിക്കു പ്രയാസമാണ്. എന്റെ ശിശുവിനെ എനിക്കു വേണമായിരുന്നു, എന്നാൽ എന്റെ കാമുകനു വേണ്ടായിരുന്നു. ഇപ്പോഴും എനിക്കു വൈകാരികാഘാതം അനുഭവപ്പെടുന്നുണ്ട്; നിങ്ങളുടെ ശേഷിച്ച ആയുഷ്കാലംമുഴുവൻ നിങ്ങളോടുകൂടെ വേദന തങ്ങിനിൽക്കുന്നു.”
വൈകാരിക വടുക്കൾ
അനായാസ പോംവഴിയായിരിക്കുന്നതിനു പകരം, ഗർഭച്ഛിദ്രത്തിന് ഒരാളുടെ പ്രയാസങ്ങളെ സമ്മിശ്രമാക്കാൻ കഴിയും. എങ്ങനെയായാലും, അതു ശരിയും തെററുംസംബന്ധിച്ച നമ്മുടെ ആന്തരികബോധത്തിന്—ദൈവം മനുഷ്യവർഗത്തിൽ നട്ടിരിക്കുന്ന മനസ്സാക്ഷിക്കു—വിരുദ്ധമാണ്. (റോമർ 2:15) കൂടാതെ, ഗർഭച്ഛിദ്രം ഒരു യുവതി തന്റെ ഉള്ളിൽ വളരുന്ന ചെറുജീവനു തന്റെ സ്നേഹാർദ്രദയകളുടെ വാതിൽ അടച്ചുകളയേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു. (താരതമ്യം ചെയ്യുക: 1 യോഹന്നാൻ 3:17.) എത്ര സദാചാരഹീനം!
മാർട്ട പറയുന്നു: “ഏതാനും ആഴ്ചകൾ കഴിഞ്ഞുമാത്രമാണു ഞാൻ ചെയ്തതുസംബന്ധിച്ച് എനിക്കു കുററബോധവും ലജ്ജയും തോന്നിത്തുടങ്ങിയത്.” ഫെബ്രുവരി ആയതോടെ കാര്യങ്ങൾ കുറേക്കൂടെ പ്രയാസകരമായി—ആ മാസത്തിലായിരുന്നു കുട്ടി ജനിക്കുമായിരുന്നത്. എലിയാസാ ചിന്തിച്ചുപറയുന്നു: “15 വർഷം മുമ്പു ഞാൻ ഒരു ഗർഭച്ഛിദ്രം നടത്തി. അതിനെ തുടർന്ന് എനിക്കു ഗുരുതരമായ വിഷാദരോഗമുണ്ടായി, പല പ്രാവശ്യം ഒരു ക്ലിനിക്കിൽ ചികിത്സിക്കേണ്ടിവരുകയും ചെയ്തു. ഞാൻ ആത്മഹത്യചെയ്യാൻ പോലും ആഗ്രഹിച്ചു.”
എല്ലാ ചെറുപ്പക്കാരികളും ഈ വിധത്തിൽ പ്രതികരിക്കുന്നുവെന്നല്ല. ഒരു ഭ്രൂണം ഒരു ശിശുവല്ലെന്ന് അനേകർ ആത്മാർഥമായി വിശ്വസിക്കുന്നു. എന്നാൽ ഈ കാര്യം സംബന്ധിച്ചു സ്രഷ്ടാവ്—“ജീവന്റെ ഉറവ്”—എന്തു പറയുന്നു? (സങ്കീർത്തനം 36:9) യഹോവയാം ദൈവത്തിന്, ഗർഭപാത്രത്തിൽ വളർന്നുകൊണ്ടിരിക്കുന്ന അജാതശിശു കേവലം ഒരു ഭ്രൂണകലയെക്കാൾ വളരെ കവിഞ്ഞതാണ്. പിൻവരുന്നപ്രകാരം എഴുതാൻ അവൻ ദാവീദുരാജാവിനെ നിശ്വസ്തനാക്കി: “ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; . . . അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു.” (സങ്കീർത്തനം 139:16) സ്രഷ്ടാവ് അങ്ങനെ ഒരു ഭ്രൂണത്തെപ്പോലും ഒരു വ്യതിരിക്തവ്യക്തിയായി, ജീവനുള്ള ഒരു മനുഷ്യനായി, വീക്ഷിക്കുന്നു. ഈ കാരണത്താൽ, ഒരു അജാതശിശുവിന് പരുക്കേൽപ്പിക്കുന്ന ഒരാളോടു കണക്കുചോദിക്കുമെന്ന് അവൻ പ്രസ്താവിച്ചു. (പുറപ്പാടു 21:22, 23) അതെ, ദൈവത്തെ സംബന്ധിച്ചടത്തോളം, ഒരു അജാതശിശുവിനെ കൊല്ലുന്നത് ഒരു മനുഷ്യജീവൻ എടുത്തുകളയലാണ്. അതുകൊണ്ടു ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിക്കു തന്റെമേൽ സമ്മർദം ചെലുത്തിയാലും ഗർഭച്ഛിദ്രത്തെ സ്വീകാര്യമായി തിരഞ്ഞെടുക്കാൻ കഴിയില്ല.b
പിന്തുണ ലഭിക്കുന്നു
തുടക്കത്തിൽ പറഞ്ഞ ജൂഡി തന്റെ ശിശുവിനെ അലസിപ്പിക്കാതിരിക്കാൻ തീരുമാനിച്ചു. അവൾ പറയുന്നു: “എന്റെ മൂത്ത സഹോദരി കാര്യം മനസ്സിലാക്കി, അവൾ തുടക്കംമുതൽതന്നെ വിശേഷാൽ വൈകാരികമായി പിന്തുണച്ചു. ശിശു ജനിച്ച ശേഷവും എന്നെ പിന്തുണക്കുന്നതിൽ അവൾ തുടരുമെന്നുപോലും അവൾ പറഞ്ഞു. എന്റെ ഹൃദയത്തിൽ അഗാധതലത്തിൽ ശരിയാണെന്ന് എനിക്കു തോന്നിയതു ചെയ്യാൻ എനിക്കാവശ്യമായിരുന്നത് ആ പ്രോത്സാഹനമായിരുന്നു. ഞാൻ എന്റെ പദ്ധതിയുമായി മുമ്പോട്ടുപോയി, കുട്ടിയെ പ്രസവിച്ചു.” അത് ഒൻപതു വർഷംമുമ്പായിരുന്നു. എട്ടുവയസ്സുള്ള തന്റെ പുത്രനെ നോക്കിക്കൊണ്ടു ജൂഡി പറയുന്നു: “ഗർഭച്ഛിദ്രം നടത്തുന്നത് എന്റെ ജീവിതത്തിലെ ഏററവും വലിയ തെററായിരിക്കുമായിരുന്നു.”
നതീശാ എന്നു പേരുള്ള ഒരു യുവതി അതുപോലെതന്നെ പറയുന്നു: “അഞ്ചുവർഷംമുമ്പ് ഞാൻ ഒരു ഗർഭച്ഛിദ്രക്ലിനിക്കിൽ എന്റെ ഊഴം കാത്ത് ഇരിക്കുകയായിരുന്നു. എന്റെ ഊഴം വന്നപ്പോൾ ഡോക്ടറെ കാണുന്നതിനു പകരം ഞാൻ പുനർവിചിന്തനം നടത്തുകയും ക്ലിനിക്കിൽനിന്നു പുറത്തുപോകുകയും ചെയ്തു. എനിക്ക് ഇപ്പോൾ നാലുവയസ്സുള്ള നല്ലൊരു പുത്രനുണ്ട്, മറെറാരു കുട്ടി ജനിക്കാറായിരിക്കുകയാണ്, സ്നേഹമുള്ള ഒരു പിതാവിനെ വിവാഹംചെയ്തിരിക്കുകയുമാണ്.”
വിവാഹിതയാകാതെയുള്ള ഗർഭധാരണത്തെ നേരിടുന്ന ഏതൊരാളും വീണ്ടുവിചാരമില്ലാത്ത ഒരു തീരുമാനമെടുക്കരുത്. സാഹചര്യം എത്ര മോശമാണെന്നു തോന്നിയാലും, അതു തികച്ചും ആശയററതല്ല. എന്നാൽ അങ്ങനെയുള്ളവർക്കു തീർച്ചയായും പിന്തുണയും പരിപക്വമായ മാർഗനിർദേശവും ആവശ്യമാണ്. വിശേഷാൽ മാതാപിതാക്കൾ ക്രിസ്ത്യാനികളാണെങ്കിൽ, അവർക്കു ഹൃദയം കൊടുക്കുന്നത് ഒരു നല്ല തുടക്കമാണ്. (സദൃശവാക്യങ്ങൾ 23:26) അവർ ആദ്യം വ്രണിതരും കുപിതരുമായിരിക്കുമെന്നുള്ളതു സത്യംതന്നെ. എന്നാൽ ഒടുവിൽ സഹായിക്കാൻ അവർ നിർബന്ധിതരാകും. ദൃഷ്ടാന്തത്തിന്, പ്രസവത്തിനു മുമ്പത്തെ പരിചരണത്തിന് അവർ ഏർപ്പാടുചെയ്തേക്കാം. അർഹതയുള്ളവർക്കു ലഭ്യമായ ഗവൺമെൻറിന്റെ ഏതെങ്കിലും പരിപാടികൾ പ്രയോജനപ്പെടുത്തുന്നതിലും അവർക്കു സഹായിക്കാൻ കഴിയും. ഏററവും പ്രധാനമായി, സഭാമൂപ്പൻമാരിൽനിന്ന് ആവശ്യമായ ആത്മീയ സഹായം നേടാനും തെററു ചെയ്യുന്ന ആളെ അവർക്കു പ്രോത്സാഹിപ്പിക്കാൻ കഴിയും.—യാക്കോബ് 5:14, 15.
ചില അവിവാഹിത മാതാക്കൾ തങ്ങൾക്കു കുട്ടിയെ ഏററവും നന്നായി ശുശ്രൂഷിക്കാൻ കഴിയില്ലെന്നു വിചാരിച്ചുകൊണ്ടു തങ്ങളുടെ കുട്ടികളെ ദത്തെടുപ്പിനു വിട്ടുകൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ദത്തെടുപ്പു തീർച്ചയായും കുട്ടിയുടെ ജീവനെ അവസാനിപ്പിക്കുന്നതിനെക്കാൾ മെച്ചമാണെങ്കിലും ‘സ്വന്തക്കാർക്കുവേണ്ടി കരുതാൻ’ ദൈവം മാതാപിതാക്കളെ ഉത്തരവാദികളാക്കുന്നു. (1 തിമൊഥെയൊസ് 5:8) ഒററയ്ക്കുള്ള ഒരു മാതാവിനു തന്റെ കുട്ടിയെ ഭൗതികമായി ഏററവും നന്നായി പരിപാലിക്കാൻ കഴിയാതിരുന്നേക്കാം, എന്നാൽ അവൾക്ക് അതിനെക്കാളൊക്കെ പ്രധാനമായ ഒന്നു—സ്നേഹം—കൊടുക്കാൻ കഴിയും. (സദൃശവാക്യങ്ങൾ 15:17) അതുകൊണ്ടു മിക്ക സന്ദർഭങ്ങളിലും അവിവാഹിതയായ മാതാവ് സ്വയം കുട്ടിയെ വളർത്തുന്നതായിരിക്കും ഏറെ നല്ലത്.
ഒരു ശിശുവിനെ വളർത്തുന്ന ജോലി സംബന്ധിച്ചെന്ത്—തീർച്ചയായും വരുത്തേണ്ടിയിരിക്കുന്ന ജീവിതരീതിയിലെ കർശനമാററങ്ങളെസംബന്ധിച്ചെന്ത്? ഇതെല്ലാം ആകുലീകരിക്കുന്നതായി തോന്നിയേക്കാം. എന്നിരുന്നാലും, ഈ വെല്ലുവിളികളെ കൈകാര്യംചെയ്യുന്നതിന് ആളുകളെ സഹായിക്കാൻ കഴിയുന്ന പ്രായോഗിക ബുദ്ധ്യുപദേശം ബൈബിൾ നൽകുന്നു. അനുതാപമുള്ള അവിവാഹിത മാതാക്കൾക്കും ദൈവവചനത്തിൽ ഉറച്ച അടിസ്ഥാനമുള്ള ആത്മീയ സഹായത്തിൽനിന്നു പ്രയോജനമനുഭവിക്കാൻ കഴിയും. അതെ, സ്നേഹപൂർവകമായ പിന്തുണയും ഉചിതമായ മാർഗനിർദേശവുമുള്ളപ്പോൾ ഇവർക്കു സാഹചര്യത്തെ ഏററവുമധികം പ്രയോജനകരമാക്കിത്തീർക്കാൻ കഴിയും.c ഗർഭച്ഛിദ്രം കേവലം പരിഹാരം അല്ല!
[അടിക്കുറിപ്പുകൾ]
a ചില പേരുകൾ മാററിയിട്ടുണ്ട്.
b 1980 സെപ്ററംബർ 15-ലെ വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്) “ഒററയ്ക്കുള്ള മാതാവോ പിതാവോ ഇന്നത്തെ ലോകത്തിൽ വിജയകരമായി സാഹചര്യത്തെ നേരിടുന്നു” എന്നതു കാണുക. കൂടാതെ, 1994 ഒക്ടോബർ 8-ലെ ഉണരുക! ലക്കത്തിൽ “യുവജനങ്ങൾ ചോദിക്കുന്നു . . . അവിവാഹിത മാതാക്കൾക്കു തങ്ങളുടെ സാഹചര്യം ഏററവും മെച്ചമായി എങ്ങനെ കൈകാര്യംചെയ്യാൻ കഴിയും?” എന്നതും കാണുക.
c കഴിഞ്ഞ കാലത്തു തെററുചെയ്യുകയും ഒരു അജാത ജീവനെ അലസിപ്പിക്കുകയും ചെയ്ത ഏതൊരാളും എല്ലാം നഷ്ടമായി എന്നു നിഗമനംചെയ്യേണ്ടതില്ല. അനുതാപമുള്ള ദുഷ്പ്രവൃത്തിക്കാരെ യഹോവ പിന്താങ്ങുന്നുവെന്നും അവൻ ‘ധാരാളമായി ക്ഷമിക്കുന്നു’ എന്നും അങ്ങനെയുള്ളവർക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. (യെശയ്യാവു 55:7) വൈകാരികവടുക്കൾ നിലനിന്നേക്കാമെങ്കിലും “ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ, അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകററിയിരിക്കുന്നു” എന്നു സങ്കീർത്തനക്കാരൻ നമുക്ക് ഉറപ്പുനൽകിയിരിക്കുന്നു.—സങ്കീർത്തനം 103:12.
[26-ാം പേജിലെ ചിത്രം]
കാമുകർ ഗർഭച്ഛിദ്രം നടത്താൻ മിക്കപ്പോഴും പെൺകുട്ടികളുടെമേൽ സമ്മർദം ചെലുത്താൻ ശ്രമിക്കുന്നു