യുവജനങ്ങൾ ചോദിക്കുന്നു. . .
അവിവാഹിത മാതാക്കൾക്ക് തങ്ങളുടെ സാഹചര്യം ഏററവും മെച്ചമായി എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും?
നടുക്കം, അവഗണനാബോധം, ഭയം, കോപം, നിരാശ, മോഹഭംഗം—എന്നിങ്ങനെ വിവിധങ്ങളായിരുന്നു ലിൻഡയുടെ വികാരങ്ങൾ.a പരിശോധന അവളുടെ ഏററവും വലിയ ഭയത്തെ ഉറപ്പാക്കി—അവൾ മൂന്നു മാസം ഗർഭിണിയായിരുന്നു. അവിവാഹിതയായ വെറും 15 വയസ്സുകാരി ലിൻഡ. അവൾ ഐക്യനാടുകളിൽ ഓരോവർഷവും ഗർഭിണികളായിത്തീരുന്ന ഒരു ലക്ഷം കൗമാരപ്രായക്കാരികളിൽ ഒരുവൾ മാത്രമാണ്. എന്നിരുന്നാലും കൗമാര ഗർഭധാരണം ഒരു ആഗോള പ്രശ്നമാണ്. അത് എല്ലാ വർഗങ്ങളിലേക്കും സാമൂഹിക സാമ്പത്തിക വിഭാഗങ്ങളിലേക്കും കടന്നുചെല്ലുന്നു.
ഗർഭധാരണം അസന്തുഷ്ടമായ കുടുംബ ജീവിതത്തിൽനിന്ന് തങ്ങളെ രക്ഷപെടുത്തുമെന്ന് അല്ലെങ്കിൽ കാമുകനുമായുള്ള ബന്ധം സുദൃഢമാക്കുമെന്ന് ചില കൗമാരക്കാരികൾ വിഭാവന ചെയ്യുന്നു. മററുചിലർ അന്തസ്സിന്റെ ഒരു പ്രതീകമായോ സ്വന്തമെന്നു പറഞ്ഞു കൊണ്ടുനടക്കാനും സ്നേഹം പകരാനുമുള്ള ഒന്നായോ കുഞ്ഞിനെ കാണുന്നു. എന്നാൽ ഒററയ്ക്കുള്ള മാതൃത്വത്തിന്റെ ഞെട്ടിപ്പിക്കുന്ന യാഥാർഥ്യം അത്തരം ഭാവനകളെ ഉടൻതന്നെ കാററിൽപ്പറത്തും. വിഷമകരവും പലപ്പോഴും വേദനാകരവുമായ തിരഞ്ഞെടുപ്പുകൾ എടുക്കാൻ അവിവാഹിതയായ ഒരു മാതാവ് നിർബന്ധിതയാകുന്നു. സാമ്പത്തിക പ്രശ്നങ്ങൾ, വൈകാരിക നൈരാശ്യങ്ങൾ, ഏകാന്തത, ഒരു ഇണയുടെ സഹായമില്ലാതെ കുഞ്ഞിനെ വളർത്തിക്കൊണ്ടുവരുന്നതിലെ സമ്മർദങ്ങൾ എന്നിവയോട് അവൾക്ക് മല്ലിടേണ്ടി വന്നേക്കാം. വിവാഹത്തിനുമുമ്പുള്ള ലൈംഗികതയുൾപ്പെടെയുള്ള “ദുർന്നടപ്പു വിട്ടു ഓടാ”ൻ നമ്മുടെ സ്രഷ്ടാവ് ക്രിസ്ത്യാനികളോടു കൽപ്പിക്കുന്നത് അപ്പോൾ നല്ല കാരണത്തോടെയാണ്.—1 കൊരിന്ത്യർ 6:18; യെശയ്യാവു 48:17.
യഹോവയുടെ സാക്ഷികളുടെയിടയിൽ ലൈംഗിക അധാർമികത അനുവദനീയമല്ല. (1 കൊരിന്ത്യർ 5:11-13) എങ്കിലും, ചെറുപ്പക്കാരായ അവിവാഹിത മാതാക്കൾ അവരുടെയിടയിലുണ്ട്. ചിലർ ദൈവിക നിലവാരങ്ങളെക്കുറിച്ച് പഠിക്കുന്നതിനുമുമ്പ് ഗർഭിണികളായിത്തീർന്നവരാണ്. ചിലർ ക്രിസ്ത്യാനികളായി വളർത്തപ്പെട്ടിട്ട് അധാർമികതയിലേക്കു വഴുതിവീണവരാണ്. സഭയിൽനിന്നു ശിക്ഷണം ലഭിക്കുമ്പോൾ ചിലർ തങ്ങളുടെ തെററുകൾ സംബന്ധിച്ച് അനുതപിക്കുന്നു. ദൈവവചനം അത്തരം ചെറുപ്പക്കാർക്കു വേണ്ടി എന്തു സഹായവും മാർഗനിർദേശവുമാണ് നൽകുന്നത്?b
ഞാൻ പിതാവിനെ വിവാഹം ചെയ്യണമോ?
ഗർഭച്ഛിദ്രം ദൈവനിയമത്തിനെതിരാണെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (പുറപ്പാടു 20:13; താരതമ്യം ചെയ്യുക: പുറപ്പാടു 21:22, 23; സങ്കീർത്തനം 139:14-16.) കുട്ടിയെ ഗർഭം ധരിച്ചിരിക്കുന്നത് അനഭിലഷണീയമായ സാഹചര്യങ്ങളിലാണെങ്കിലും തന്റെ കുഞ്ഞിനുവേണ്ടി കരുതാനുള്ള ഉത്തരവാദിത്വം ഒററയ്ക്കുള്ള ഒരു മാതാവിനുണ്ടെന്നും ബൈബിൾ പഠിപ്പിക്കുന്നു. (1 തിമൊഥെയൊസ് 5:8) കുട്ടിയെ ദത്തുകൊടുക്കുന്നതിനു പകരം പെൺകുട്ടിതന്നെ അതിനെ വളർത്തിയെടുക്കുന്നതാണ് മിക്ക കേസുകളിലും ഏററവും അഭികാമ്യമായിരിക്കുന്ന സംഗതി.c
തന്നെത്താൻ ഒരു കുട്ടിയെ വളർത്തിക്കൊണ്ടുവരുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് ഓർക്കുമ്പോൾ കുട്ടിയുടെ പിതാവിനെ വിവാഹം കഴിക്കുന്നത് ബുദ്ധിയായിരിക്കുമെന്ന് ചില മാതാക്കൾ വിചാരിച്ചേക്കാം. എന്നാൽ പല കൗമാര പിതാക്കൻമാർക്കും അമ്മയോടോ കുഞ്ഞിനോടോ ഒരു കടപ്പാടും തോന്നാറില്ല. മാത്രമല്ല, മിക്ക യുവ പിതാക്കൻമാരും ഇപ്പോഴും സ്കൂൾ പ്രായക്കാരാണ്, തൊഴിൽരഹിതരുമാണ്. “വിവാഹത്തിനു മുമ്പുള്ള പ്രസവം ഒഴിവാക്കുന്നതിനു വേണ്ടി മാത്രം നടത്തുന്ന, കെട്ടുറപ്പുള്ളതാകാൻ സാധ്യതയില്ലാത്ത ഒരു വിവാഹം” എന്ന് ഒരു ഗവേഷകൻ വിളിക്കുന്നതിലേക്കു കടക്കുന്നത് കാര്യങ്ങളെ ഒന്നുകൂടി വഷളാക്കുകയേ ഉള്ളൂ. “കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ” വിവാഹം കഴിക്കാവൂ എന്നു ബൈബിൾ ക്രിസ്ത്യാനികളെ ഉപദേശിക്കുന്നു എന്ന കാര്യവും ഓർമിക്കുക. (1 കൊരിന്ത്യർ 7:39) ഇതു മനസ്സിലാക്കിക്കൊണ്ട് (തുടക്കത്തിൽ പരാമർശിച്ചിരിക്കുന്ന) ലിൻഡ തന്റെ കുട്ടിയുടെ 18 വയസ്സുള്ള പിതാവിനെ വിവാഹം കഴിക്കുന്നില്ല എന്നു തീരുമാനിച്ചു. അവൾ ഇപ്രകാരം വിശദീകരിക്കുന്നു: “അദ്ദേഹത്തിന് ദൈവത്തിലോ ബൈബിളിലോ യാതൊരു താത്പര്യവുമില്ല.”
യുവ പിതാവിനെ രംഗത്തുനിന്ന് തീർത്തും പുറന്തള്ളണമെന്ന് ഇത് അവശ്യം അർഥമാക്കുന്നില്ല. കുട്ടി വലുതാകുമ്പോൾ തനിക്കു ജൻമം നൽകിയ പിതാവാരാണെന്നറിയാൻ ആഗ്രഹിച്ചേക്കാം. അതല്ലെങ്കിൽ കുട്ടിയുമായി ഒരു ബന്ധം സ്ഥാപിക്കാനോ അവന് കുറച്ചു സാമ്പത്തിക പിന്തുണ നൽകാനോ ഉള്ള ഏതെങ്കിലും ധാർമിക കടപ്പാട് യുവ പിതാവിനോ അയാളുടെ മാതാപിതാക്കൾക്കോ തോന്നിയേക്കാം. എന്നാൽ, തങ്ങളുടെ മകൾക്ക് ആ ചെറുപ്പക്കാരനുമായി കൂടുതലായ യാതൊരു ഇടപാടും വേണ്ട എന്നു പെൺകുട്ടിയുടെ മാതാപിതാക്കൾ ഒരുപക്ഷേ തീരുമാനിച്ചേക്കാം. (1 തെസ്സലൊനീക്യർ 4:3) എന്നിരുന്നാലും, ചില രാജ്യങ്ങളിൽ കോടതികൾ, ജൻമം നൽകിയ അവിവാഹിതരായ പിതാക്കൻമാർക്ക് വിവാഹിതരായ പിതാക്കൻമാർക്കുള്ളതുപോലെ നിയമാവകാശങ്ങൾ അനുവദിച്ചുകൊടുത്തിട്ടുണ്ട്. അതുകൊണ്ട് അവിവാഹിതനായ പിതാവും അയാളുടെ കുടുംബവും തമ്മിൽ മര്യാദാപൂർവകമായ ഒരു ബന്ധം നിലനിർത്തുന്നത് കുഞ്ഞിന്റെ അവകാശി ആരെന്നതു സംബന്ധിച്ച ഒരു കടുത്ത പോരാട്ടം ഒഴിവാക്കിയേക്കാം.d യുവ പിതാവുമായി കുറെയൊക്കെ ഇടപാടുകൾ പുലർത്തുന്നത് ആവശ്യമായിരുന്നേക്കാമെങ്കിലും അത് ശൃംഗാരപരമോ ധാർമികനിലവാരങ്ങൾ വിട്ടുവീഴ്ച ചെയ്യപ്പെടാൻ സാധ്യതയുള്ളതോ ആയ രീതിയിലായിരിക്കരുത്. പക്വതയുള്ള ഒരാളുടെ മേൽനോട്ടം പൊതുവേ നല്ലതാണ്.
സഹായം ലഭിക്കൽ
കൗമാര ഗർഭധാരണത്തെ അതിജീവിക്കൽ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “കുഞ്ഞിനെ വളർത്താൻ തീരുമാനിക്കുമ്പോൾ നിങ്ങൾ പെട്ടെന്ന് പ്രായപൂർത്തിയായ അവസ്ഥ തിരഞ്ഞെടുക്കുകയാണ്. . . . കടപ്പാടുകളോ ഉത്തരവാദിത്വങ്ങളോ താരതമ്യേന കുറവായിരുന്ന, ഉത്കണ്ഠകൾ കുറവായിരുന്ന നിങ്ങളുടെ ഒരു ഭാഗം കൈവിടുകയാണ്.” അതുകൊണ്ട് ഒരു കൗമാര മാതാവിന് സഹായവും പിന്തുണയും ആവശ്യമാണ്. അനുയോജ്യമായ വൈദ്യ സാഹിത്യങ്ങൾ (പബ്ലിക്ക് ലൈബ്രറിയിൽ അനായാസേന ലഭ്യമായിരുന്നേക്കാവുന്നവ) വായിക്കുന്നത് തന്റെ ശിശുസംരക്ഷണ വൈദഗ്ധ്യങ്ങളിൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ ഭീരുവായ ഒരു യുവമാതാവിനെ വളരെയധികം സഹായിച്ചേക്കാം.
മാതാപിതാക്കളുടെ പിന്തുണ വിശേഷാൽ വിലയേറിയതാണ്. ശിശുവളർത്തൽ സംബന്ധിച്ച അനുഭവപരിചയത്തിന്റെ ഒരു യഥാർഥ സ്വർണ ഖനിതന്നെയായിരിക്കാം ഒരുവളുടെ മാതാവ്. സഹായം ചോദിക്കുന്നത് അത്ര പന്തിയായി തോന്നുകയില്ലായിരിക്കാമെന്നതു സത്യംതന്നെ. പെൺകുട്ടിയുടെ മാതാപിതാക്കൾ അപ്പോഴും വ്രണിതരും കുപിതരുമായിരുന്നേക്കാം. അവർക്ക് ഗർഭധാരണം തങ്ങളുടെ സ്വന്തം ജീവിതശൈലിയിൽ ഒരു പ്രതികൂല ഫലം ഉളവാക്കിയേക്കുമോ എന്ന ഭയവും കാണും. “എന്റെ മാതാപിതാക്കളെ അത് അലോസരപ്പെടുത്തി. എന്തുകൊണ്ടെന്നാൽ അവർക്ക് ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എന്റെ കുഞ്ഞു കാരണം അതൊന്നും ചെയ്യാൻ കഴിയുന്നില്ലെന്ന് അവർ പറയുന്നു,” 17 വയസ്സുകാരി ഡോണ അനുസ്മരിക്കുന്നു. എന്നാൽ കാലക്രമത്തിൽ മിക്ക മാതാപിതാക്കളും അവരുടെ വേദനാകരമായ വികാരങ്ങളെ തരണംചെയ്ത് ഏതെങ്കിലും തരത്തിലുള്ള സഹായത്തിനു മുതിരുന്നു. താൻ വരുത്തിവെച്ച വേദന സമ്മതിച്ചുപറഞ്ഞുകൊണ്ടും ആത്മാർഥമായി മാപ്പു ചോദിച്ചുകൊണ്ടും അനുതാപിയായ ഒരു യുവതിക്ക് പിരിമുറുക്കം കുറയ്ക്കാൻ വളരെയധികം ചെയ്യാൻ കഴിയും.—താരതമ്യം ചെയ്യുക: ലൂക്കൊസ് 15:21.
പെൺകുട്ടിയുടെ മാതാപിതാക്കൾ സഹായിക്കാൻ വിസമ്മതിക്കുന്നവരോ അല്ലെങ്കിൽ തങ്ങളോടൊപ്പം മകളെ താമസിപ്പിക്കാൻ ഗതിയില്ലാത്തവരോ ആണെങ്കിലെന്ത്? പൊതുജന സഹായം ലഭ്യമായിട്ടുള്ള രാജ്യമാണെങ്കിൽ അവിവാഹിത മാതാവിന് അതു പ്രയോജനപ്പെടുത്തുകയല്ലാതെ ഗത്യന്തരമില്ല—കുറഞ്ഞത് ആരംഭത്തിലെങ്കിലും. അത്തരം കരുതലുകൾ പ്രയോജനപ്പെടുത്താൻ ബൈബിൾ ക്രിസ്ത്യാനികളെ അനുവദിക്കുന്നു. എന്നാൽ ഇതു കഷ്ടി വരുമാനത്തിൽ കഴിയുന്നതിനെ അർഥമാക്കും. “എന്റെ ഏററവും വലിയ പ്രശ്നം പണമാണ്. ആഹാരവും കുഞ്ഞിന്റെ നാപ്കിനുകളും എനിക്കു വാങ്ങാം, എന്നാൽ പിന്നൊന്നിനും പണമില്ല,” 17 വയസ്സുകാരി ഷാരോൻ പറയുന്നു. കാലക്രമത്തിൽ നിങ്ങൾക്ക് പുറത്തൊരു ജോലി കണ്ടെത്താൻ കഴിഞ്ഞേക്കാം. മാതൃത്വം, ജോലി, ആത്മീയ പ്രവർത്തനങ്ങൾ ഇവയെല്ലാം സമനിലയിൽ കൊണ്ടുപോകുന്നത് എളുപ്പമായിരിക്കില്ല. എന്നാൽ അതു ചെയ്തിട്ടുള്ളവരുണ്ട്.
ഒരുമിച്ചു താമസിക്കുമ്പോൾ ജ്ഞാനവും വകതിരിവും ഉപയോഗിക്കൽ
സ്വന്തം കാലിൽ നിൽക്കാനായി ഇറങ്ങിത്തിരിച്ചുകൊണ്ട് സാഹസം കാട്ടുന്നതിനു പകരം മാതാപിതാക്കൾ സമ്മതിക്കുന്നെങ്കിൽ, വീട്ടിൽ കഴിയുന്നത് യഥാർഥ പ്രയോജനങ്ങൾ തന്നെ കൈവരുത്തിയേക്കാം. വീട്ടിലുള്ള താമസത്തിന് സാധാരണമായി ചെലവു കുറവാണ്. മാത്രമല്ല, വീട്ടിലെ പരിചിതമായ ചുററുപാടുകൾ സുരക്ഷിതത്വ ബോധവും ഭദ്രതയും പ്രദാനം ചെയ്യുന്നു. വീട്ടിൽ താമസിക്കുന്നത് തന്റെ സ്കൂൾ പഠനം തുടർന്നുകൊണ്ടുപോകുന്നതു പെൺകുട്ടിക്ക് ഏറെ എളുപ്പമാക്കുന്നു. സെക്കണ്ടറി സ്കൂൾ പാസ്സാകുന്നതുമൂലം ദരിദ്രജീവിതത്തിൽനിന്ന് കരകയറാനുള്ള ഒരു പെൺകുട്ടിയുടെ സാധ്യതകൾ വളരെയധികം വർധിക്കുന്നു.e
മൂന്നു തലമുറകൾ ഒരു വീട് പങ്കിടുമ്പോൾ അവിടെയുള്ള ഏവർക്കും സമ്മർദവും പിരിമുറുക്കവും ഉളവാകുന്നു. ഇടുങ്ങിയ മുറികളിൽ ഒററയ്ക്കുള്ള മാതാവിന് കഴിയേണ്ടിവന്നേക്കാം. കുഞ്ഞിന്റെ കരച്ചിൽ തങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുമ്പോൾ മാതാപിതാക്കൾക്കും ഉടപ്പിറന്നോർക്കും അതിനോടു പരിചയിക്കേണ്ടിവന്നേക്കാം. കുടുംബത്തിന്റെ ചിട്ട തകരാറിലായേക്കാം. എന്നാൽ സദൃശവാക്യങ്ങൾ 24:3 ഇപ്രകാരം പറയുന്നു: “ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു; വിവേകംകൊണ്ടു അതു സ്ഥിരമായിവരുന്നു.” അതെ, ഉൾപ്പെട്ടിരിക്കുന്ന എല്ലാവരും നിസ്വാർഥ സ്നേഹവും പരിഗണനയും പ്രകടമാക്കുന്നെങ്കിൽ കുടുംബത്തിൽ ഉരസൽ ലഘൂകരിക്കാം.
സ്വന്തം ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറിക്കൊണ്ട് എല്ലാ ജോലിയും വല്യമ്മ ചെയ്തുകൊള്ളുമെന്ന് യുവമാതാവ് പ്രതീക്ഷിച്ചാലും പ്രശ്നങ്ങൾ തലപൊക്കും. (താരതമ്യം ചെയ്യുക: ഗലാത്യർ 6:5.) അല്ലെങ്കിൽ ക്ഷേമതത്പരയായ വല്യമ്മ തന്റെ പേരക്കിടാവിന്റെ സംരക്ഷണം വാസ്തവത്തിൽ നിർബന്ധമായി ഏറെറടുത്തെന്നും വരാം. കൗമാര ഗർഭധാരണത്തെ നേരിടൽ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം സൂചിപ്പിക്കുന്നു: “അവിവാഹിതയായ ഒരു മകളുടെ കുഞ്ഞിനെ തങ്ങളുടെ സ്വന്തം കുഞ്ഞെന്നപോലെ വളർത്തിക്കൊണ്ടുവരുന്ന വല്യമ്മവല്യപ്പൻമാർ കുടുംബ കലഹവും കുഴച്ചിലും വർധിപ്പിച്ചേക്കാം.” ഒരു വല്യമ്മയുടെ സഹായവും പിന്തുണയും വിലതീരാത്തതാണെങ്കിലും കുട്ടിയെ വളർത്തുന്നതിനുള്ള ഉത്തരവാദിത്വം തിരുവെഴുത്തുകൾ മാതാപിതാക്കളെയാണ് ഭരമേൽപ്പിക്കുന്നത്. (എഫെസ്യർ 6:1, 4) അതുകൊണ്ട് തെററിദ്ധാരണകൾ ഒഴിവാക്കുന്നതിന് തുറന്ന ആശയവിനിമയവും സഹകരണവും വളരെയധികം സഹായിക്കുന്നു.—സദൃശവാക്യങ്ങൾ 15:22.
നിങ്ങൾ ഒററയ്ക്കല്ല
വിവാഹത്തിനു വെളിയിൽ ഒരു കുഞ്ഞുണ്ടായിരിക്കുന്നത് വിഷമകരമായ സംഗതിയാണെങ്കിലും ജീവിതം അതുകൊണ്ട് അവസാനിക്കുന്നില്ല. തെററുകൾ സംബന്ധിച്ച് അനുതപിക്കുന്നവരോട് ദൈവം ‘ധാരാളം ക്ഷമിക്കു’ന്നു. (യെശയ്യാവു 55:7) ഇതിനെക്കുറിച്ചു ധ്യാനിക്കുന്നത് ഇടയ്ക്കിടയ്ക്കു പൊന്തിവരുന്ന ആത്മനിന്ദാപരമായ വികാരങ്ങളെ തരണം ചെയ്യാൻ ഒററയ്ക്കുള്ള ഒരു മാതാവിനെ സഹായിക്കുന്നു. നിരാശ തോന്നുമ്പോൾ അവൾക്ക് യഹോവയെ ആശ്രയിക്കാനും പ്രാർഥനയിൽ അവനെ സമീപിക്കാനും കഴിയും. കുട്ടിയെ വളർത്തിക്കൊണ്ടുവരുന്നതിന് അവൾക്ക് യഹോവയോടു സഹായം അഭ്യർഥിക്കാൻ കഴിയും.—താരതമ്യം ചെയ്യുക: ന്യായാധിപൻമാർ 13:8.
യഹോവ ക്രിസ്തീയ സഭയിലൂടെയും പിന്തുണ നൽകുന്നു. യഹോവയുടെ സാക്ഷികൾ അധാർമികത പൊറുക്കുന്നില്ലെങ്കിലും ദൈവത്തെ പ്രസാദിപ്പിക്കാനായി തങ്ങളുടെ ജീവിതത്തിൽ അനുതാപപൂർവം മാററം വരുത്തുന്നവരോട് അവർ പരിഗണന കാണിക്കുന്നു. (റോമർ 15:7; കൊലൊസ്സ്യർ 1:10) ഒററയ്ക്കുള്ള ഒരു മാതാവിന് പ്രായോഗികമായ കുറെ സഹായം നൽകുന്നതിനായി വിവേചനാപൂർവകമായ വഴികൾ ആരായാൻ സഭയിലുള്ള ചിലർ പ്രേരിതരായേക്കാം. (താരതമ്യം ചെയ്യുക: ആവർത്തനപുസ്തകം 24:17-20; യാക്കോബ് 1:27.) ആവശ്യമായിരിക്കുമ്പോൾ കുറഞ്ഞപക്ഷം ഒരു സുഹൃത്തും ഒരു നല്ല ശ്രോതാവും ആയിരിക്കാൻ കഴിയും. (സദൃശവാക്യങ്ങൾ 17:17) മാതാപിതാക്കൾ ഗുരുതരമായ ഒരു പാപം ചെയ്തെങ്കിലും കുട്ടി നിരപരാധിയാണ്. അതുകൊണ്ട് മാതാവ് ശരിയായ ഒരു മനോഭാവം കാണിക്കുന്നപക്ഷം സഭയ്ക്ക് സഹായഹസ്തം നീട്ടാവുന്നതാണ്.
ദൈവനിയമങ്ങൾ ആദ്യംതന്നെ ലംഘിക്കാതിരുന്നിരുന്നെങ്കിൽ എത്രയോ മെച്ചമായിരുന്നു! എന്നാൽ തങ്ങളുടെ പിഴച്ച ഗതി നിമിത്തം അനുതപിക്കുകയും അനുതാപപൂർവം പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള തെററുകാർക്ക് തങ്ങളുടെ സാഹചര്യം ഏററവും മെച്ചമായി കൈകാര്യം ചെയ്യുന്നതിന് യഹോവയുടെ സഹായം ഉറപ്പായും ഉണ്ടായിരിക്കും.
[അടിക്കുറിപ്പുകൾ]
a പേരുകളിൽ ചിലത് മാററിയിട്ടുണ്ട്.
b ഈ ലേഖനത്തിലെ ചില ആശയങ്ങൾ അഗമ്യഗമനത്തിന്റെയോ ബലാൽസംഗത്തിന്റെയോ ഇരകൾക്കു സഹായകരമായിരുന്നേക്കാമെങ്കിലും ഇത് അങ്ങനെയുള്ളവരെ ഉദ്ദേശിച്ചുള്ളതല്ല.
c ഞങ്ങളുടെ 1990, മേയ് 8 (ഇംഗ്ലീഷ്) ലക്കത്തിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . കൗമാര ഗർഭധാരണം—ഒരു പെൺകുട്ടി എന്തു ചെയ്യണം?” കാണുക.
d 1988, ഒക്ടോബർ 22 ലക്കത്തിലെ “കുട്ടിയെ ആർക്കു കിട്ടുന്നു?” എന്ന ലേഖനം കാണുക.
e ജോലിസാധ്യതയുള്ള വൈദഗ്ധ്യങ്ങൾ അഭ്യസിപ്പിക്കുന്ന ഗവൺമെൻറ് പരിപാടികൾ ചിലർ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അമ്മ ക്ലാസ്സിൽ പങ്കെടുക്കുമ്പോൾ അവിടെത്തന്നെ കുഞ്ഞിനു സംരക്ഷണം നൽകുന്ന പരിപാടികളുമുണ്ട്.
[23-ാം പേജിലെ ചിത്രം]
ഒരു അവിവാഹിത മാതാവിന് സഹായവും പിന്തുണയും ആവശ്യമാണ്