ലോകത്തെ വീക്ഷിക്കൽ
രോഗ സംക്രമണം
“ടാപ്പു തുറക്കുന്നതോ ഫോണെടുക്കുന്നതോ പോലുള്ള നിസ്സാരമായ പ്രവൃത്തികളിലൂടെപോലും സാംക്രമിക രോഗങ്ങൾ പകരാനിടയുണ്ട്” എന്ന് ലണ്ടനിലെ ദ ഗാർഡിയൻ പറയുന്നു. കടുത്ത ജലദോഷം ഉള്ള ഒരാൾ മൂക്കു ചീറ്റിയിട്ട് ആ കൈകൊണ്ട് ടാപ്പ് തുറക്കുമ്പോൾ “1,000-ത്തിലേറെ വൈറസുകൾ അതിന്റെ പിടിയിൽ” പറ്റിപ്പിടിക്കാൻ ഇടയുണ്ട് എന്ന് യു.എസ്.എ.-യിലെ ടൂസോനിലുള്ള അരിസോണ സർവകലാശാലയിലെ ശാസ്ത്രജ്ഞർ റിപ്പോർട്ടു ചെയ്യുകയുണ്ടായി. മറ്റൊരാൾ വന്ന് ടാപ്പിൽ തൊടുമ്പോൾ ഈ വൈറസുകളിൽ പലതും അയാളുടെ ശരീരത്തിൽ കടന്നുകൂടിയേക്കാം. അയാൾ ആ കൈകൊണ്ട് തന്റെ വായിലോ മൂക്കിലോ കണ്ണിലോ തൊടുന്നെങ്കിൽ ജലദോഷം പിടിപെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. “ടെലഫോൺ റിസീവറുകൾ 39 ശതമാനം ബാക്ടീരിയയുടെയും 66 ശതമാനം വൈറസുകളുടെയും സംക്രമണത്തിന് ഇടയാക്കിയപ്പോൾ ടാപ്പുകൾ 28 ശതമാനം ബാക്ടീരിയയുടെയും 34 ശതമാനം വൈറസുകളുടെയും സംക്രമണത്തിന് ഇടയാക്കി”യതായി ഒരു ബാക്ടീരിയത്തെയും ബാക്ടീരിയൽ വൈറസിനെയും ഉൾപ്പെടുത്തിക്കൊണ്ടു നടത്തിയ പരിശോധനകൾ വെളിപ്പെടുത്തി. അണുബാധിതമായ വിരൽകൊണ്ട് കീഴ്ച്ചുണ്ടിൽ തൊടുന്നത് ഈ രോഗാണുക്കളിൽ മൂന്നിലൊന്നിലധികം അവിടെ എത്തുന്നതിന് ഇടയാക്കും. റോട്ടാവൈറസുകൾ മൂലമുണ്ടാകുന്ന രോഗങ്ങളും സാൽമൊണെല്ല വരുത്തുന്ന അതിസാരവും കഴുകാത്ത കൈകളിലൂടെ ഈ രീതിയിൽ അനായാസം സംക്രമിക്കപ്പെട്ടേക്കാം. (g01 5/8)
മസ്തിഷ്കം ഉപയോഗിക്കുക
“മസ്തിഷ്കം ഉപയോഗപ്പെടുത്തുന്ന പക്ഷം, ജീവിതകാലം മുഴുവനും അതിന്റെ പ്രാപ്തി നിലനിറുത്താനായേക്കും” എന്ന് വാൻകൂവർ സൺ എന്ന പത്രം പ്രസ്താവിക്കുന്നു. “വായിക്കുക, വായിക്കുക, വായിക്കുക,” യു.എസ്.എ.-യിലെ ഒഹായോയിലുള്ള കെയ്സ് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിലെ ഡോ. ആമിർ സോയാസിന് പറയാനുള്ളത് അതാണ്. പ്രായമാകുമ്പോൾ മസ്തിഷ്ക പ്രാപ്തി തകരാറു കൂടാതെ നിലനിറുത്തുന്നതിന് മാനസികമായി വെല്ലുവിളി ഉയർത്തുന്ന തരം ഹോബികൾ തിരഞ്ഞെടുക്കുക, പുതിയ ഭാഷ പഠിക്കുക, ഒരു സംഗീതോപകരണം വായിക്കാൻ പഠിക്കുക, അല്ലെങ്കിൽ ഉത്തേജനാത്മകമായ സംഭാഷണങ്ങളിൽ ഏർപ്പെടുക. “മസ്തിഷ്കത്തെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് എന്തും” തിരഞ്ഞെടുക്കാൻ ഡോ. സോയാസ് പറയുന്നു. ടിവി കാണുന്നത് കുറയ്ക്കാനും അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നു. “ടിവി കാണുമ്പോൾ നിങ്ങളുടെ മസ്തിഷ്കത്തിന് ഒരു വ്യായാമവും ലഭിക്കുന്നില്ല” എന്ന് അദ്ദേഹം പറയുന്നു. മസ്തിഷ്കം ആരോഗ്യമുള്ളതായിരിക്കണമെങ്കിൽ ആരോഗ്യമുള്ള ധമനികളിലൂടെ അതിലേക്ക് ഓക്സിജൻ പമ്പു ചെയ്യപ്പെടേണ്ടതുണ്ട് എന്ന് സൺ കൂട്ടിച്ചേർക്കുന്നു. അതുകൊണ്ട് ഹൃദ്രോഗവും പ്രമേഹവും തടയുന്നതിന് സഹായകമായ അതേ സംഗതികൾ, അതായത് വ്യായാമവും ശരിയായ ഭക്ഷണക്രമവും മസ്തിഷ്കത്തിനും സഹായമേകുന്നു. (g01 5/22)
ഉറക്കം ഒരു അവശ്യ സംഗതി
“ഉറക്കമില്ലായ്മ അല്ലെങ്കിൽ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിമിത്തം ദക്ഷിണാഫ്രിക്കക്കാരിൽ ചുരുങ്ങിയത് നാലിലൊരു വിഭാഗം പാതി ജീവനോടെയാണ് ജോലി ചെയ്യുന്നത്” എന്ന് ദക്ഷിണാഫ്രിക്കൻ പത്രമായ ദ നറ്റാൽ വിറ്റ്നസ് പ്രസ്താവിക്കുന്നു. ഉറക്കം അത്യന്തം പ്രധാനപ്പെട്ട നാഡീ പ്രേഷകങ്ങളെ വീണ്ടും ഉത്പാദിപ്പിക്കാൻ മസ്തിഷ്കത്തെ പ്രാപ്തമാക്കുന്നു എന്ന് ഉറക്കത്തെ കുറിച്ചു ഗവേഷണം നടത്തുന്ന ഡോ. ജെയിംസ് മാസ് പറയുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, നല്ല ഓർമശക്തിയും സർഗാത്മകതയും പ്രശ്നപരിഹാര പ്രാപ്തിയും പഠനശേഷിയും ഉണ്ടായിരിക്കുന്നതിന് വേണ്ടത്ര ഉറക്കം ലഭിച്ചേ തീരൂ. ആവശ്യത്തിന് ഉറങ്ങാതിരുന്നാൽ അത് വിഷാദം, ശുണ്ഠി, ഉത്കണ്ഠ എന്നിവയ്ക്ക് ഇടയാക്കിയേക്കാം. കൂടാതെ, നർമബോധം, മറ്റുള്ളവരുമായി ഇടപഴകാനുള്ള കഴിവ്, ശ്രദ്ധാപ്രാപ്തി, ഓർമശക്തി, ആശയവിനിമയ പ്രാപ്തി, തീരുമാന ശേഷി, ഉത്പാദനക്ഷമത, ജീവിതത്തിന്റെ ഗുണമേന്മ എന്നിവ കുറയുന്നതിനും കാരണമായേക്കാം. വേണ്ടത്ര ഉറക്കം ലഭിക്കാതിരിക്കുന്നത് അപകടങ്ങളിലും മറ്റും ചെന്നുചാടുന്നതിനുള്ള സാധ്യത വർധിപ്പിച്ചേക്കാം. അഞ്ചോ അതിൽ താഴെയോ മണിക്കൂർ മാത്രം ഉറങ്ങുന്നത് വൈറസുകളോടുള്ള പ്രതിരോധശേഷി കുറയുന്നതിനും ഇടയാക്കും. “ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് നാം നമ്മുടെ ആയുസ്സിന്റെ മൂന്നിലൊന്ന്, അതായത് ഓരോ രാത്രിയിലും ശരാശരി എട്ടു മണിക്കൂർ, ഉറക്കത്തിനായി ചെലവിട്ടേ തീരൂ” എന്ന് മാസ് പറയുന്നു. (g01 5/8)
വെട്ടുക്കിളി ശല്യത്തിന് ഒരു പ്രതിവിധി
ലണ്ടനിലെ ദ ഡെയ്ലി ടെലഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച്, “ചൈനയിൽ 25 വർഷത്തിനുള്ളിൽ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ വെട്ടുക്കിളി ബാധയെ ചെറുക്കുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച താറാവുകളുടെയും കോഴികളുടെയും ഒരു സൈന്യത്തെ ഉപയോഗിച്ചുവരികയാണ്. ഈ സൈന്യത്തിന്റെ അംഗബലം 7,00,000 വരും.” 2000-ത്തിലെ വേനൽക്കാലത്ത് വെട്ടുക്കിളി കൂട്ടങ്ങൾ രാജ്യത്തിന്റെ വടക്കും കിഴക്കും ഭാഗങ്ങളിലുള്ള 41 ലക്ഷം ഏക്കർ വിളകളും പടിഞ്ഞാറേ അറ്റത്തുള്ള ഷിൻജിയാങ്ങിലെ 96 ലക്ഷം ഏക്കർ പുൽപ്രദേശങ്ങളും തിന്നുമുടിച്ചു. വിസിലടി കേൾക്കുന്ന ഉടനെ വെട്ടുക്കിളികളെ പിടികൂടി അകത്താക്കാനുള്ള പരിശീലനം താറാവുകൾക്കും കോഴികൾക്കും നൽകിയിരിക്കുന്നു. പക്ഷികളെ പരിശീലിപ്പിച്ച് ഈ ഉദ്ദേശ്യത്തിനായി ഉപയോഗിച്ചുവരുന്ന ഷിൻജിയാങ്ങിലെ വെട്ടുക്കിളി-മൂഷിക നിയന്ത്രണ ഓഫീസിന്റെ ഉപതലവനായ ജൗ സിൻച്വുൻ പറയുന്നു: “വെട്ടുക്കിളികൾ കോഴികളുടെ ഇഷ്ട ഭക്ഷണം ആണെന്ന് കർഷകർക്ക് അറിയാമായിരുന്നു. അതുകൊണ്ട് ഞങ്ങൾ ചില പരീക്ഷണങ്ങൾ നടത്തി. താറാവുകൾക്ക് കോഴികളെക്കാൾ കൂടുതൽ വെട്ടുക്കിളികളെ [ഓരോന്നിനും ഒരു ദിവസം 400 എണ്ണത്തെ വരെ] തിന്നാൻ കഴിയുമെന്നും മോശമായ കാലാവസ്ഥയിൽ അവയ്ക്ക് കോഴികളെക്കാൾ നന്നായി പിടിച്ചുനിൽക്കാൻ കഴിയുമെന്നും കഴുകനും മരപ്പട്ടിയും ഒന്നും അവയെ പിടികൂടുകയില്ലെന്നും ഞങ്ങൾ കണ്ടെത്തി. ഞങ്ങൾ അവയെ പുൽപ്പുറത്തേക്ക് അഴിച്ചുവിട്ടിട്ട് വിസിലൂതും. അപ്പോൾ അവ വെട്ടുക്കിളികളെ പിടിച്ച് അകത്താക്കും.” വിളകളിൽ കീടനാശിനികളും മറ്റും വിതറുന്ന വിമാനങ്ങളും വെട്ടുക്കിളികളെ കൊല്ലുന്ന സൂക്ഷ്മജീവികളും ഉൾപ്പെടുന്ന ഒരു പദ്ധതിയുടെ ഭാഗമാണ് ഈ പക്ഷികളും. (g01 5/8)
ഉച്ചയ്ക്കത്തെ സമ്മർദം നിറഞ്ഞ ഇടവേളകൾ
“തൊഴിൽ ഭ്രാന്തന്മാർ ഉച്ചയ്ക്ക് ഊണു കഴിക്കുന്നതിനു പകരം തങ്ങളുടെ ഇരിപ്പിടത്തിൽത്തന്നെ ഇരുന്നുകൊണ്ട് സാൻഡ്വിച്ച് തിന്നാൻ ഇഷ്ടപ്പെടുന്നു” എന്ന് ലണ്ടനിലെ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഒരു ശരാശരി ബ്രിട്ടൻകാരന്റെ “ഉച്ചയ്ക്കത്തെ ഇടവേള” ഇപ്പോൾ വെറും 36 മിനിറ്റാണെന്ന് അടുത്തകാലത്തെ ഗവേഷണം കാണിക്കുന്നു. ഉച്ചയ്ക്കത്തെ ഇടവേള സമ്മർദം ലഘൂകരിക്കുന്നു എന്ന് വൈദ്യരംഗത്തെ വിദഗ്ധർ പറയുന്നു. എന്നാൽ ചില തൊഴിലുടമകൾ ഉച്ചയ്ക്കത്തെ ഇടവേളയ്ക്ക് യോഗങ്ങൾ ക്രമീകരിക്കുന്നു. അങ്ങനെ തൊഴിലാളികൾക്ക് ഒട്ടും ഇടവേള ലഭിക്കുന്നില്ല. പ്രസ്തുത റിപ്പോർട്ട് സമാഹരിച്ച ഗവേഷണ സംഘടനയായ ഡാറ്റാമോണിറ്റർ ഇപ്രകാരം പ്രസ്താവിക്കുന്നു: “തൊഴിലാളികളിൽനിന്ന് കൂടുതൽ ആവശ്യപ്പെടുകയും സമയത്തെ അങ്ങേയറ്റം വിലപിടിപ്പുള്ള ഒരു സംഗതിയായി കരുതുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ വലയിൽ കുരുങ്ങിയിരിക്കുന്ന പലരും ഉച്ചയ്ക്കത്തെ ഇടവേള ഒരു അസൗകര്യമായി കരുതുന്നു. അവർക്കത് ഇന്ധനം സ്വീകരിക്കുന്നതിനുള്ള ഒരു സ്റ്റോപ്പ് മാത്രമാണ്.” ഡാറ്റാമോണിറ്റർ വിശകലന വിദഗ്ധയായ സെറാ നുന്നി ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “നമ്മൾ ആഗോള വിപണികളിൽ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. ‘ഞാൻ അത് പിന്നെ ചെയ്തോളാം,’ എന്ന് മേലാൽ ആർക്കും പറയാൻ കഴിയില്ല. അത് ഇപ്പോൾ തന്നെ ചെയ്തേ തീരൂ.” (g01 5/22)
ശൈത്യകാലം—മിത്രമോ ശത്രുവോ?
തണുപ്പും ഈർപ്പവും നിറഞ്ഞ കാലാവസ്ഥ നിങ്ങളുടെ ആരോഗ്യത്തിന് അവശ്യം ഹാനികരമായിരിക്കുന്നില്ലെന്ന് ജർമൻ ആരോഗ്യ വാർത്താപത്രികയായ ആപോറ്റേകൻ ഉംഷൗ റിപ്പോർട്ടു ചെയ്യുന്നു. മറിച്ച്, ശൈത്യകാലത്ത് ക്രമമായി നടക്കാൻ പോകുന്നത് ഹൃദയത്തെയും രക്തപര്യയന വ്യവസ്ഥയെയും ഉത്തേജിപ്പിക്കുകയും നിങ്ങളുടെ മുഴു ശരീരത്തെയും കരുത്തുറ്റതാക്കുകയും ചെയ്യുന്നു എന്ന് വൈദ്യ കാലാവസ്ഥാവിജ്ഞാനിയായ ഡോ. ആൻഷെലാ ഷൂ പറയുന്നു. ചൂടാക്കിയ മുറിക്കുള്ളിൽ ചടഞ്ഞുകൂടിയിരിക്കുന്നത് താപനിലയിലെ വ്യത്യാസങ്ങളോട് ശരിയായ വിധത്തിൽ പ്രതികരിക്കാനുള്ള ശരീരത്തിന്റെ പ്രാപ്തി നഷ്ടപ്പെടുന്നതിന് ഇടയാക്കിയേക്കാം. ഇത് രോഗബാധ, ക്ഷീണം, തലവേദന എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നതായി കരുതപ്പെടുന്നു. എന്നാൽ “മോശമായ” കാലാവസ്ഥയിൽ ക്രമമായി വ്യായാമം ചെയ്യുന്നത് ശരീരത്തെ കരുത്തുറ്റതാക്കുകയും അതിന്റെ സഹനശേഷി വർധിപ്പിക്കുകയും ചെയ്യും. അങ്ങനെയാകുമ്പോൾ ശരീരത്തെ തണുപ്പ് അത്ര വേഗം ബാധിക്കാനിടയില്ല. (g01 5/8)
ബ്രിട്ടനിലെ മത പരിവർത്തനങ്ങൾ
ബ്രിട്ടീഷുകാർ ഇന്ന് മുമ്പെന്നത്തെക്കാൾ വേഗത്തിൽ, അതായത് ആഴ്ചതോറും ഏകദേശം 1,000 പേർ എന്ന നിരക്കിൽ, മതം മാറിക്കൊണ്ടിരിക്കുന്നു എന്ന് ദ സൺഡേ ടെലിഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നു. “ആംഗ്ലിക്കൻ സഭക്കാർ റോമൻ കത്തോലിക്കരും റോമൻ കത്തോലിക്കർ ആംഗ്ലിക്കൻ സഭക്കാരും യഹൂദന്മാർ ബുദ്ധമതക്കാരും മുസ്ലീങ്ങൾ ആംഗ്ലിക്കൻ സഭക്കാരും റോമൻ കത്തോലിക്കർ യഹൂദന്മാരും ആയി മാറിക്കൊണ്ടിരിക്കുകയാണ്.” ഇസ്ലാം, ബുദ്ധമതം, നവ യുഗ പ്രസ്ഥാനങ്ങൾ, വിജാതീയ മതങ്ങൾ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ മതപരിവർത്തിതരെ ലഭിക്കുന്നത്. ഒരു ഇസ്ലാംമത പരിവർത്തിതനായ ഇംഗ്ലണ്ടിലെ ഡാർബി സർവകലാശാലയിലെ ഡോ. അഹമ്മദ് ആൻഡ്രൂസ് പറയുന്നു: “ഈ രാജ്യത്ത് 5,000-ത്തിനും 10,000-ത്തിനും ഇടയ്ക്ക് വെള്ളക്കാരായ മുസ്ലീം പരിവർത്തിതർ ഉണ്ട്. അവരിൽ ഞാനറിയുന്ന മിക്കവരും മുമ്പ് കത്തോലിക്കരായിരുന്നു.” ബുദ്ധമതത്തിലേക്കു പരിവർത്തനം ചെയ്യപ്പെട്ടവരിൽ 10 മുതൽ 30 വരെ ശതമാനം യഹൂദന്മാരാണ്. ചർച്ച് ഓഫ് ഇംഗ്ലണ്ട്, സ്ത്രീകൾക്ക് വൈദിക പട്ടം നൽകാൻ തീരുമാനിച്ചതോടെയാണ് കത്തോലിക്കാ മതത്തിലേക്കുള്ള ആംഗ്ലിക്കൻ പരിവർത്തനങ്ങൾ ഉച്ചകോടിയിലെത്തിയത്. റബി ജോനാഥൻ റോമെയ്ൻ പറയുന്നതനുസരിച്ച്, “ആളുകൾക്ക് ഒരു ആത്മീയ ശൂന്യത അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ട് അവർ തങ്ങളുടെ സ്വന്തം മത പശ്ചാത്തലങ്ങൾക്കു വെളിയിലേക്കു നോക്കുന്നു.” (g01 5/22)
ജീവിതശൈലിയും കാൻസറും
“നിങ്ങളുടെ [ജനിതക] ഘടന എന്താണ് എന്നതിനെക്കാൾ നിങ്ങൾ എവിടെയാണ്, എന്തു ചെയ്യുന്നു, നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കുന്നു തുടങ്ങിയ സംഗതികൾ കാൻസർ വരാനുള്ള സാധ്യതയെ വളരെയേറെ സ്വാധീനിക്കുന്നതായി 90,000-ത്തോളം ഇരട്ടകളിൽ നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയിരിക്കുന്നു” എന്ന് ലണ്ടനിലെ പത്രമായ ദ ഗാർഡിയൻ റിപ്പോർട്ടു ചെയ്യുന്നു. ഈ പഠനം നടത്തിയ ഗവേഷക സംഘത്തിനു നേതൃത്വം നൽകിയത് സ്വീഡനിലെ കാരോളിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. പോൾ ലിച്ച്റ്റെൻഷ്റ്റൈൻ ആണ്. അദ്ദേഹം പറയുന്നു: “പരിസ്ഥിതി ഘടകങ്ങൾ ജീൻ ഘടകങ്ങളെക്കാൾ പ്രാധാന്യം അർഹിക്കുന്നു.” ഭക്ഷണക്രമം 30 ശതമാനം കാൻസറുകൾക്ക് ഇടയാക്കുന്നതായി കാണപ്പെടുമ്പോൾ പുകവലിയാണ് വേറെ 35 ശതമാനത്തോളം കാൻസറുകൾക്ക് കാരണം എന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥി, വൻകുടൽ, മലാശയം, സ്തനം എന്നിവയെ ബാധിക്കുന്ന കാൻസറുകളിൽ ജനിതക ഘടകങ്ങൾ ഒരു പങ്കു വഹിക്കുന്നുണ്ടെന്നുള്ളതു ശരിയാണ്. എന്നാൽ ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡിലുള്ള ഇംപിരിയൽ കാൻസർ റിസർച്ച് ഫണ്ടിലെ ഡോ. റ്റിം കി ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നു. ‘കുടുംബത്തിൽ ആർക്കെങ്കിലും [കാൻസർ] ഉണ്ടായിട്ടുണ്ടെങ്കിൽ കൂടി നിങ്ങൾ എങ്ങനെ ജീവിതം നയിക്കുന്നു എന്നതാണ് അതിനെക്കാൾ വളരെയേറെ പ്രാധാന്യം അർഹിക്കുന്ന സംഗതി. പുകവലിക്കാതിരിക്കുക, ഭക്ഷണക്രമത്തിന്റെ കാര്യത്തിൽ ശ്രദ്ധ പാലിക്കുക. ഈ സംഗതികൾ കാൻസർ പിടിപെടാനുള്ള സാധ്യത കുറയ്ക്കുകതന്നെ ചെയ്യും.’ (g01 5/22)