ഞങ്ങളുടെ വായനക്കാരിൽനിന്ന്
നഴ്സുമാർ ഞാൻ ഒരു നഴ്സായി ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഏകദേശം മൂന്നു വർഷമായി. രോഗവും കഷ്ടപ്പാടും അനുഭവിക്കുന്നവരുമായി ഇത്ര അടുത്ത് ഇടപഴകേണ്ടിവരിക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. “നഴ്സുമാർ—അവർ ഇല്ലായിരുന്നെങ്കിൽ നാം എന്തു ചെയ്തേനെ!” (ഡിസംബർ 8, 2000) എന്ന ലേഖന പരമ്പരയിൽ മറ്റുള്ളവർ ഞങ്ങളുടെ വേലയെ വിലമതിക്കുന്നുണ്ടെന്നു വായിച്ചത് എത്ര പ്രോത്സാഹജനകമായിരുന്നെന്നോ! നഴ്സുമാരുടെ ആവശ്യമില്ലാത്ത ഒരു കാലം പെട്ടെന്നുതന്നെ വരുമെന്ന ബൈബിളിന്റെ വാഗ്ദാനം അതിലേറെ പ്രോത്സാഹജനമാണ്.—യെശയ്യാവു 33:24.
ജെ. എസ്. ബി., ബ്രസീൽ
ഞാനും ഭർത്താവും ഔട്ട്പേഷ്യന്റ് നഴ്സിങ് സേവനം നടത്തിവരികയാണ്. ഈ പരമ്പര ഞങ്ങൾക്കു വലിയ പ്രോത്സാഹനമായിരുന്നു. തൊഴിലിനോടും രോഗികളോടുമുള്ള ഞങ്ങളുടെ മനോഭാവം മെച്ചപ്പെടുത്തുന്നതിന് ഇതു സഹായിച്ചു. അഭിനന്ദനങ്ങൾ!
എസ്. എസ്., ജർമനി
നഴ്സുമാർക്ക് രണ്ടാം സ്ഥാനം മാത്രമേയുള്ളൂ എന്നാണ് ഞാൻ എല്ലായ്പോഴും വിചാരിച്ചിരുന്നത്. എന്നാൽ രോഗിയുടെ മനസ്സിന്റെ വേദന അകറ്റുന്നതിൽ നഴ്സുമാർക്ക് വളരെ വലിയ പങ്കുണ്ടെന്നും വളരെ തിരക്കുള്ള ഡോക്ടർമാർക്ക് പലപ്പോഴും നൽകാനാവാത്ത വൈകാരിക പിന്തുണയും സാന്ത്വനവും അവർ രോഗികൾക്കു നൽകുന്നുവെന്നും മനസ്സിലാക്കാൻ ഈ ലേഖനങ്ങൾ എന്നെ സഹായിച്ചു. നഴ്സിങ്ങിനു പഠിക്കുന്ന എന്റെ പല മുൻ സഹപാഠികൾക്കും ഞാൻ ഈ മാസികയുടെ പ്രതികൾ അയച്ചുകൊടുത്തു.
എഫ്. ജി., ഇറ്റലി
സമാനുഭാവത്തോടെ സുസൂക്ഷ്മം തയ്യാറാക്കിയ ഈ ലേഖനങ്ങൾക്കു നന്ദി. അനേകം വിധങ്ങളിൽ പക്വത നേടാൻ നഴ്സിങ് എന്നെ സഹായിച്ചിട്ടുണ്ട്. ജീവിതത്തിന്റെ ഉദ്ദേശ്യത്തെ കുറിച്ചു ചിന്തിക്കാനും ബൈബിൾ പഠിക്കാനും എന്നെ പ്രേരിപ്പിച്ച ഘടകങ്ങളിൽ ഒന്നാണ് ഇത്. എനിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ വിലമതിപ്പിൻ പ്രകടനമാണ് ഈ ഉണരുക! ദീർഘകാലം അത് എനിക്കു പ്രോത്സാഹനമായി ഉതകും!
ജെ. ഡി., ചെക്ക് റിപ്പബ്ലിക്ക്
ഈ ലേഖന പരമ്പരയ്ക്കു നന്ദി. അനേകം വർഷങ്ങളായി ഞാൻ ഒരു രജിസ്റ്റേർഡ് നഴ്സായി സേവിച്ചു വരുന്നു. എനിക്ക് രോഗികളോട് വളരെ സഹാനുഭൂതി തോന്നാറുണ്ട്, അവരുടെ കണ്ണിൽ മരുന്ന് ഒഴിക്കുമ്പോൾ എന്റെ കണ്ണു നിറയുന്ന അളവോളം പോലും. ലോകത്തെമ്പാടുമുള്ള നഴ്സുമാർ ഈ ഉണരുക! വളരെ വിലമതിക്കുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്.
എൽ.എ.ആർ., ഐക്യനാടുകൾ (g01 7/8)
സമുദ്രങ്ങൾ “സമുദ്രങ്ങൾ അവയുടെ അഗാധ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു” (നവംബർ 22, 2000, [ഇംഗ്ലീഷ്]) എന്ന ലേഖന പരമ്പര ഞാൻ ഇന്നു വായിച്ചു. ഞാനൊരു പ്രകൃതിസ്നേഹിയാണ്. എന്നാൽ സമുദ്രത്തിന്റെ ആഴങ്ങളെ കുറിച്ച് എനിക്ക് കാര്യമായ അറിവൊന്നും ഇല്ലായിരുന്നു. ഒരാൾ ഭൂമിയെയും അതിന്റെ അത്ഭുതങ്ങളെയും കുറിച്ച് പഠിക്കുന്നതിന് അനുസൃതമായി, തുടർച്ചയായ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഈ ഗ്രഹത്തോടും അപരിമേയ ജ്ഞാനമുള്ള അതിന്റെ സ്രഷ്ടാവിനോടുമുള്ള അയാളുടെ ബഹുമാനം വർധിക്കേണ്ടതാണ്.
സി. എഫ്., ഇറ്റലി
വിസ്മയകരമായ ഈ ലേഖന പരമ്പരയ്ക്കു നന്ദി. കുഴൽപ്പുഴുവിനെ പോലുള്ള ജീവികൾ ഉണ്ടെന്നു പോലും മിക്കവർക്കും അറിയില്ലാത്ത സ്ഥിതിക്ക് യഹോവ എന്തിനാണ് അവയെ സൃഷ്ടിച്ചതെന്ന് ഞാൻ എപ്പോഴും ചിന്തിച്ചിരുന്നു. ഈ ജീവികളുടെ അസ്തിത്വം ഭൂമിയുടെ ശുചിത്വം സംബന്ധിച്ച യഹോവയുടെ കരുതലിന്റെ പ്രകടനമാണെന്ന ആശയം എനിക്ക് ഇഷ്ടപ്പെട്ടു. നാമെല്ലാം അത്തരം കരുതൽ പ്രകടമാക്കേണ്ടതാണ്.
എച്ച്. എസ്., ബ്രിട്ടൻ
ശരിക്കും ആഴിയുടെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന് അവിടത്തെ അത്ഭുതങ്ങൾ കാണുകയും ഒപ്പം വിശദവും വിജ്ഞാനപ്രദവുമായ ഒരു വിശദീകരണം ലഭിക്കുകയും ചെയ്ത പ്രതീതിയാണ് ഈ ലേഖന പരമ്പര വായിച്ചപ്പോൾ ഉണ്ടായത്. ദൈവത്തിന്റെ സൃഷ്ടികളിൽ പ്രകടമായ അവന്റെ ഗുണങ്ങൾ കൂടുതൽ വ്യക്തമായി കാണാൻ അത് എന്നെ സഹായിച്ചു.
ജെ.എം.എം., സാംബിയ (g01 7/22)
അനസ്തേഷ്യ “വേദനയുടെ ലോകത്തുനിന്നു മുക്തി—അനസ്തേഷ്യയിലൂടെ” (ഡിസംബർ 22, 2000) എന്ന ലേഖനത്തിൽ 1840-കൾക്കു മുമ്പ് അനസ്തേഷ്യ ഇല്ലായിരുന്നു എന്നു നിങ്ങൾ പറയുന്നു. എന്നാൽ 1840-കൾക്ക് വളരെ മുമ്പുതന്നെ സെയ്ഷൂ ഹാനാവോക്കാ ജപ്പാനിൽ ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയിരുന്നു.
എസ്. എ., ജപ്പാൻ
പൊതുവെ, വൈദ്യശാസ്ത്ര ലോകം അനസ്തേഷ്യ ഉപയോഗിച്ചു തുടങ്ങിയത് 1840-കൾക്കു ശേഷം മാത്രമാണ്. എന്നാൽ “ജപ്പാനെ കുറിച്ചുള്ള കൊഡാൻഷ എൻസൈക്ലോപീഡിയ” പറയുന്നതനുസരിച്ച് സെയ്ഷൂ ഹാനാവോക്കാ (1760-1835) “ആറ് പച്ചമരുന്നുകൾ” ഒരുമിച്ചു ചേർത്ത് “മാഫൂട്ട്സൂസാൻ” എന്ന അനസ്തെറ്റിക് സ്വഭാവമുള്ള ഒരു മിശ്രിതം തയ്യാറാക്കി. “1805-ൽ, അതായത് ബോസ്റ്റണിലെ മസാച്ചുസെറ്റ്സ് ജനറൽ ആശുപത്രിയിൽ ആദ്യമായി ഈഥർ ഉപയോഗിച്ചതിന് ഏകദേശം 40 വർഷം മുമ്പ്,” അദ്ദേഹം “അത് ഒരു സ്തനാർബുദ ശസ്ത്രക്രിയയിൽ വിജയകരമായി ഉപയോഗിച്ചു.” അതേത്തുടർന്ന് അനേകം ശസ്ത്രക്രിയകളിൽ സെയ്ഷൂ ഇത് ഉപയോഗിക്കുകയുണ്ടായി.—പത്രാധിപർ(g01 7/22)