വിസ്മയം ജനിപ്പിക്കുന്ന മസൽ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു
വെള്ളം പിടിക്കാത്ത സൂപ്പർ പശ ഉണ്ടാക്കുന്നതും ഒരു വാക്വം ക്ലീനർ പോലെ പ്രവർത്തിക്കുന്നതും ജീനുകളുടെ കേടുപോക്കലിനെ കുറിച്ച് ശാസ്ത്രജ്ഞരെ പഠിപ്പിക്കുന്നതും എന്താണ്? മസൽ എന്ന് അറിയപ്പെടുന്ന ചിപ്പിവർഗത്തിൽപ്പെട്ട ഒരു ചെറുജീവി!
മസലുകൾ ലോകത്തിൽ എല്ലായിടത്തുമുണ്ട്. ചില ഇനങ്ങൾ കടലിൽ വസിക്കുന്നു. മറ്റു ചിലവ ഉള്ളത് ശുദ്ധജല അരുവികളിലും തടാകങ്ങളിലുമാണ്. ഇരട്ടവാൽവുള്ള തോടിനകത്തെ അതിന്റെ മൃദുവായ ശരീരം മാന്റിൽ എന്നു വിളിക്കപ്പെടുന്ന ഒരു ചർമസമാന അവയവംകൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. തോടുള്ള എല്ലാ ജീവികളുടെയും കാര്യത്തിലെന്നപോലെ, മസലിന്റെ മാന്റിൽ അതിന്റെ ആഹാരത്തിൽനിന്നും അതുപോലെ ചുറ്റുമുള്ള വെള്ളത്തിൽനിന്നും വലിച്ചെടുക്കുന്ന കാൽസ്യവും കാർബൺ ഡൈ ഓക്സൈഡും ഉപയോഗിച്ച് തോട് ഉണ്ടാക്കുന്നു. അതുപോലെ മനുഷ്യരായ നാം ചെയ്യുകയാണെന്നു സങ്കൽപ്പിക്കുക. എങ്കിൽ നമുക്കു ശിലാംശങ്ങൾ ഉള്ളിലേക്കെടുത്ത് അവിടെവെച്ച് അവ സംസ്കരിച്ച് തനിയെ ഭിത്തികളും മേൽക്കൂരകളും ആയിത്തീരുന്ന പൂർവനിർമിത നിർമാണ സാമഗ്രികൾ പുറത്തേക്കു വിടേണ്ടിവരും! എന്നാൽ ഗവേഷകരെ ആവേശം കൊള്ളിക്കുന്നത് മസലിന്റെ തോടല്ല, അതിന്റെ ഉദരത്തിന് അടിയിലായി കാണുന്ന, ചലനത്തിന് ഉപയോഗിക്കുന്ന മാംസപാളിയാണ്.
മസലിന്റെ സൂപ്പർപശ
ഒരു മസലിനെ പാറയിൽനിന്നു പറിച്ചെടുക്കാൻ ശ്രമിക്കുക, അത് എത്ര ശക്തിയോടെ പറ്റിപ്പിടിച്ചിരിക്കുന്നു എന്നത് നിങ്ങളെ അമ്പരപ്പിക്കും. വിശന്നുവലഞ്ഞ കടൽപ്പക്ഷികളുടെ കൂർത്ത കൊക്കുകളിൽനിന്നും സമുദ്രത്തിലെ ഊറ്റമായ തിരമാലകളിൽനിന്നും സ്വയം സംരക്ഷിക്കാൻ അവയ്ക്ക് അത് ആവശ്യമാണ്. പാറകളിന്മേൽ ഇത്ര ശക്തമായി പറ്റിപ്പിടിച്ചിരിക്കാൻ അവയെ പ്രാപ്തമാക്കുന്നത് എന്താണ്? ഒരിടത്ത് വാസമുറപ്പിക്കാൻ ഉദ്ദേശിക്കുമ്പോൾ മസൽ അതിന്റെ ശരീരത്തിന്റെ അടിയിലായി സ്ഥിതി ചെയ്യുന്ന, നാക്കിന്റെ ആകൃതിയിലുള്ള മാംസപാളി പുറത്തേക്കു നീട്ടി ഉറപ്പുള്ള പ്രതലത്തെ കുത്തിനോക്കുന്നു. ഈ മാംസപാളിയോടു ചേർന്ന് അതിന്റെ അത്രയുംതന്നെ നീളമുള്ള ഒരു പോതിലേക്ക് ചില പ്രത്യേക ഗ്രന്ഥികൾ പ്രോട്ടീനുകളുടെ മിശ്രിതമായ ഒരു ലായനി സ്രവിപ്പിക്കുന്നു. ഈ ലായനി കട്ടിപിടിച്ച് രണ്ടു സെന്റിമീറ്റർ നീളത്തിൽ ഇലാസ്തികതയുള്ള നേർത്ത ഒരു നൂലായി മാറുന്നു. പിന്നീട് ഈ നൂലിന്റെ അറ്റത്തുള്ള പാഡുപോലുള്ള ഒരു ചെറിയ അവയവം അൽപ്പം പശ ഉത്പാദിപ്പിക്കുന്നു. അതിനുശേഷം മസൽ അതിന്റെ മാംസപാളി ഉള്ളിലേക്കു വലിക്കുന്നു, അങ്ങനെ പറ്റിപ്പിടിച്ചിരിക്കാൻ മസലിനെ സഹായിക്കുന്ന നൂലുകളിൽ ആദ്യത്തേത് പൂർത്തിയാകുന്നു. വളരെ വിദഗ്ധമായി ക്രമീകരിക്കപ്പെട്ട ഈ നൂലുകളുടെ കൂട്ടത്തെ തന്തുകജട എന്നു വിളിക്കുന്നു. മസലിനെ അതിന്റെ വാസസ്ഥാനത്ത് പറ്റിപ്പിടിച്ചിരിക്കാൻ സഹായിക്കുന്ന ഈ തന്തുകജട, ഒരു കൂടാരത്തെ കെട്ടിനിറുത്താൻ ഉപയോഗിക്കുന്ന കയറുകൾ പോലെയാണ് വർത്തിക്കുന്നത്. ഇത്രയും കാര്യങ്ങൾ ചെയ്തുതീർക്കാൻ ഈ കൊച്ചു ജീവിക്ക് എത്ര സമയം വേണമെന്ന് അറിയാമോ? വെറും മൂന്നോ നാലോ മിനിട്ട്.—ചിത്രം കാണുക.
വിഷാംശമില്ലാത്ത, എത്ര ചെറിയ വിള്ളലുകളിലും പിളർപ്പുകളിലും ഇറങ്ങിച്ചെല്ലാൻ പാകത്തിന് വഴക്കമുള്ള, ഏതു പ്രതലത്തിലും വെള്ളത്തിന്റെ അടിയിൽ പോലും ഒട്ടിപ്പിടിക്കാൻ കഴിയുന്ന വളരെ ശക്തിയേറിയ ഒരു പശയെ കുറിച്ചു സങ്കൽപ്പിക്കുക. കപ്പലുകൾ വെള്ളത്തിൽനിന്നു കരയ്ക്കു കയറ്റാതെതന്നെ നന്നാക്കാൻ കപ്പൽ നിർമാതാക്കൾ അതു തീർച്ചയായും ഉപയോഗിക്കും. വാഹനങ്ങൾ തുരുമ്പ് പിടിക്കുന്നത് ഒഴിവാക്കാൻ ഒട്ടും വെള്ളം പിടിക്കാത്ത ഒരു പെയിന്റ് ഉണ്ടെങ്കിൽ വാഹനങ്ങളുടെ ബോഡി നിർമാതാക്കൾ അതു തീർച്ചയായും വിലമതിക്കും. ഒടിഞ്ഞ അസ്ഥികൾ കൂട്ടിയോജിപ്പിക്കാനും മുറിവു കൂട്ടാനും ഉള്ള സുരക്ഷിതമായ ഒരു പശ ശസ്ത്രക്രിയാവിദഗ്ധർ വളരെ ഇഷ്ടപ്പെടും. പല്ലിലെ ദ്വാരങ്ങൾ അടയ്ക്കാനും പൊട്ടിപ്പോയ പല്ലുകൾ കൂട്ടിപ്പിടിപ്പിക്കാനും ദന്തഡോക്ടർമാർക്ക് അത് ഉപയോഗിക്കാൻ കഴിയും. അത്തരം ഒരു പശയുടെ ഉപയോഗത്തിന്റെ പട്ടിക ഇങ്ങനെ നീണ്ടുപോകുന്നു.
എന്നാൽ, മസലുകളെ ഉപയോഗിച്ച് ഇത്തരം ശക്തിയേറിയ ഒരു പശ ഉണ്ടാക്കാൻ സാധിക്കുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നില്ല. അത്തരത്തിലുള്ള ഒരു ഗ്രാം പശ ഉണ്ടാക്കാൻ 10,000 മസലുകൾ വേണ്ടിവരും. അതുകൊണ്ട് ലോകത്തിൽ ഇന്ന് ആവശ്യമുള്ള സൂപ്പർപശ ഉണ്ടാക്കാൻ വേണ്ടത്ര മസലുകളെ ശേഖരിച്ചാൽ അവയ്ക്കു വംശനാശം സംഭവിക്കും. ഇപ്പോൾത്തന്നെ അവയിൽ പല വർഗങ്ങളും വംശനാശത്തിന്റെ വക്കിലാണ്. എന്നാൽ, അമേരിക്കയിലെ ഗവേഷകർ മസലിന്റെ പശയിൽ കാണപ്പെടുന്ന അഞ്ചു പ്രോട്ടീനുകളിലെ ജീനുകൾ വേർതിരിച്ച് ക്ലോൺ ചെയ്തെടുത്തിരിക്കുന്നു. വ്യവസായ ശാലകൾക്കു പരീക്ഷണ അടിസ്ഥാനത്തിൽ ഉപയോഗിക്കാൻ കഴിയുമാറ് അവർ പരീക്ഷണശാലകളിൽ അതു വൻതോതിൽ ഉത്പാദിപ്പിക്കാൻ പരിപാടിയിട്ടിരിക്കുകയാണ്. ഈ പ്രോട്ടീനുകളിൽ ഒന്നിനെ കുറിച്ച് ബ്രിട്ടനിലെ ശാസ്ത്രജ്ഞരും ഗവേഷണം നടത്തുന്നുണ്ട്. എന്നാൽ മസൽ അവരെക്കാളൊക്കെ ഒരു പടി മുന്നിലാണ്. ഓരോ പ്രതലത്തിനും വേണ്ട അനുയോജ്യമായ പ്രോട്ടീൻ മിശ്രിതം എങ്ങനെ തയ്യാറാക്കണം എന്നതു സംബന്ധിച്ച സഹജജ്ഞാനം ഉള്ളത് മസലുകൾക്കു മാത്രമാണ്. തന്മാത്രാ ജീവശാസ്ത്രകാരനായ റോബെർട്ടോ ഇങ്ങനെ ചോദിച്ചു: “ആ വിദ്യ നിങ്ങൾ എങ്ങനെ അനുകരിക്കും?”
വാക്വം ക്ലീനർ
മസലുകൾ വെള്ളം അരിച്ചെടുത്താണ് തീറ്റി കണ്ടെത്തുന്നത്. മിക്ക വർഗങ്ങളിലെയും ഓരോ മസലും ദിവസവും നിരവധി ലിറ്റർ വെള്ളം അരിക്കുന്നതിനായി അതിന്റെ ശരീരത്തിലൂടെ കടത്തിവിടുന്നു. ഭക്ഷണവും ഓക്സിജനും മാത്രമല്ല, ഹാനികരമായ ബാക്ടീരിയകളും രാസവിഷപദാർഥങ്ങളും പോലുള്ള മലിനീകാരികളെയും അത് അരിച്ചെടുക്കുന്നു. മസലുകളുടെ ഈ പ്രാപ്തി അവയെ മികച്ച ജലശുദ്ധീകരണകാരികൾ ആക്കുന്നു. ജലം മലിനമായി തുടങ്ങിയോ എന്നു കണ്ടെത്താനുള്ള സൂചനികളായും അവയെ ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന്, നോർവേ തീരത്തിന് അടുത്തുള്ള എണ്ണപ്പാടത്തിനു ചുറ്റും നൂറുകണക്കിനു മസലുകളെ ഇട്ടിട്ടുണ്ട്. ഏതാനും മാസങ്ങൾ കൂടുമ്പോൾ ശാസ്ത്രജ്ഞന്മാർ അവയെ എടുത്ത് അവയുടെ തോടുകൾക്കുള്ളിലെ മലിനീകരണ തോത് പരിശോധിക്കും. കടലിലേക്കു തള്ളപ്പെടുന്ന രാസപദാർഥങ്ങൾ കടൽ ജീവികൾക്കു ഹാനികരമാകുന്നുണ്ടോ എന്ന് അറിയാനാണ് ഇത്. 1986 മുതൽ വടക്കേ അമേരിക്കയിലെങ്ങും കടലിലെയും തടാകങ്ങളിലെയും വെള്ളങ്ങളിൽ പ്രവർത്തിച്ചുവരുന്ന മസൽനിരീക്ഷണ പദ്ധതിയിൽ മസലുകളെയും ചിപ്പികളെയും ഉപയോഗിക്കുന്നുണ്ട്. വർഷംതോറും ഈ മസലുകളെ പരിശോധിച്ച് അവയുടെ ശരീരത്തിൽ എത്രമാത്രം രാസപദാർഥങ്ങൾ അടിഞ്ഞിട്ടുണ്ട് എന്നു നോക്കുകവഴി ജലത്തിന്റെ ഗുണനിലവാരത്തിൽ വരുന്ന മാറ്റങ്ങളെ കുറിച്ച് ഗവേഷകർക്കു മനസ്സിലാക്കാനാകും. എത്രയോ പ്രയോജനപ്രദമാണ് അത്!
ശുദ്ധജലാശയങ്ങളിൽ കാണുന്ന മസലിന്റെ ഒരു വർഗമാണ് വരകളുള്ള സീബ്രാ മസൽ, അതിനെ ഒരു ക്ഷുദ്രജീവിയായിട്ടാണ് പലപ്പോഴും കണക്കാക്കുന്നത്. പൂർവ യൂറോപ്പിൽ കാണുന്ന, തള്ളവിരലിലെ നഖത്തിന്റെ അത്രയും വലിപ്പമുള്ള ഈ മസൽ വടക്കേ അമേരിക്കയിൽ എത്തിയത് യാദൃച്ഛികമായാണെന്നു തോന്നുന്നു. 1980-കളുടെ മധ്യത്തിൽ അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെ സഞ്ചരിച്ച് അവിടെ എത്തിയ ഒരു കപ്പൽ അതിൽ അടിഭാരമായി ഉപയോഗിച്ചിരുന്ന വെള്ളം പുറത്തു കളഞ്ഞതിന്റെ കൂട്ടത്തിലായിരിക്കാം ഈ മസൽ അവിടെ എത്തിയത്. സ്വാഭാവിക ശത്രുക്കളിൽനിന്നു ദൂരെ എത്തിയ സീബ്രാ മസലുകൾ അമേരിക്കയിലെ പഞ്ച മഹാതടാകങ്ങളിലും അവയോടു ചേർന്നുള്ള ജലമാർഗങ്ങളിലും ത്വരിതഗതിയിൽ പെരുകി. വെള്ളം വലിച്ചെടുക്കുന്ന പൈപ്പുകളിലും അതുപോലെ ബോട്ടുകളിലും പാലങ്ങളിലും തൂണുകളിലുമൊക്കെ വാസമുറപ്പിച്ച അവ കോടിക്കണക്കിനു രൂപയുടെ നഷ്ടം വരുത്തിവെച്ചിട്ടുണ്ട്. കൂടാതെ, അവ തദ്ദേശവാസികളായ ചില മസൽവർഗങ്ങളുടെ എണ്ണം കുറയാനും ഇടയാക്കിയിരിക്കുന്നു.
എങ്കിലും ഈ മസലുകളെക്കൊണ്ട് ഒരു നേട്ടമുണ്ട്. സീബ്രാ മസലുകൾ വെള്ളം അരിച്ചെടുത്ത് ഇരതേടുന്നതിൽ മിടുക്കരാണ്. പൊങ്ങിക്കിടക്കുന്ന ആൽഗകളെ അകത്താക്കിക്കൊണ്ട് അവ മങ്ങിയ ജലാശയത്തെ തെളിമയുള്ളത് ആക്കുന്നു. അതിന്റെ ഫലമായി, ജലാന്തര ഹരിതസസ്യങ്ങൾക്കു വീണ്ടും തഴച്ചുവളരാൻ കഴിയുമെന്നു മാത്രമല്ല, ഈ സസ്യങ്ങൾ മറ്റു ജീവികൾക്കു പാർപ്പിടസ്ഥാനമായി ഉതകുകയും ചെയ്യും. ഈ മസലുകളുടെ അരിച്ചെടുക്കൽ വൈദഗ്ധ്യം ഉപയോഗപ്പെടുത്തിക്കൊണ്ട് പൊതു ജലസ്രോതസ്സുകളിൽനിന്നു ഹാനികരമായ ബാക്ടീരിയകളെ നീക്കം ചെയ്യാനും മലിനജല ശുദ്ധീകരണ ശാലകളിൽനിന്നു മാലിന്യങ്ങൾ മാറ്റാനുമുള്ള ശ്രമത്തിലാണ് ഗവേഷകർ ഇപ്പോൾ.
മറ്റു കഴിവുകൾ
ചില ശുദ്ധജല മസലുകൾ സ്വാഭാവികമായ മുത്തുകൾ ഉണ്ടാക്കുന്നുവെന്നും അവയിൽ ചിലത് വളരെ വിലപിടിപ്പുള്ളവ ആണെന്നും നിങ്ങൾക്ക് അറിയാമായിരുന്നോ? നിങ്ങൾ മുത്തുച്ചിപ്പിയുടെ അകത്തെ പാളി പതിപ്പിച്ച ആഭരണങ്ങൾ ധരിക്കുകയോ മുത്തുബട്ടണുകൾ ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടായിരിക്കാം, അവയും ഒരുപക്ഷേ മസലുകളിൽനിന്ന് ആയിരിക്കാം ലഭിച്ചത്. തിളങ്ങുന്ന മഴവിൽവർണ മുത്തുച്ചിപ്പി ലഭിക്കുന്നതും മസലുകളുടെ തോടിലെ അകത്തെ പാളിയിൽ നിന്നാണ്. കൃത്രിമ മുത്തുനിർമാണ വ്യവസായത്തിൽ അതു മിക്കപ്പോഴും ഉപയോഗിക്കാറുണ്ട്. മസലിന്റെ തോടിൽനിന്നു മുറിച്ചെടുക്കുന്ന വളരെ ചെറിയ ഒരു മുത്തുച്ചിപ്പി മണി ഒരു ചിപ്പിയുടെ ഉള്ളിലേക്കു കടത്തിവെക്കുന്നു. അപ്പോൾ ഉത്തേജിതമാകുന്ന ചിപ്പി, മുത്തുപാളികൾകൊണ്ട് അതിനെ മൂടാൻ തുടങ്ങുന്നു. അങ്ങനെ ഒടുവിൽ ഒരു മുത്തു ലഭിക്കുന്നു.
തീർച്ചയായും, ചില മസലുകൾ നമുക്കു ഭക്ഷണമായും ഉതകുന്നു! നൂറ്റാണ്ടുകളായി മനുഷ്യർ മസലുകളുടെ ഉള്ളിലെ മൃദുലമായ, പോഷകസമൃദ്ധമായ മാംസം പല രീതികളിൽ പാകംചെയ്തു ഭക്ഷിച്ചിട്ടുണ്ട്. ഫ്രഞ്ചു വീടുകളിൽ ചെന്നാൽ നിങ്ങൾക്ക്, വെളുത്ത വീഞ്ഞും ചെറിയ ഒരുതരം ഉള്ളിയും ചേർത്ത് ആവികയറ്റിയ മസൽ ഇറച്ചിയുടെ രുചി അറിയാൻ സാധിക്കും. മ്യൂൾ മാരിനിയെർ എന്നാണ് ആ വിഭവത്തിന്റെ പേര്. വിവിധ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ ഒരു വിഭവമായ ‘പിയെല്ലെ’യിൽ മസൽ ഇറച്ചിയും ഉണ്ടായിരിക്കാൻ സ്പാനിഷുകാർ പ്രിയപ്പെടുന്നു. എന്നാൽ, വറുത്തെടുത്ത നീണ്ട ഉരുളക്കിഴങ്ങിൻ കഷണങ്ങളോടൊപ്പം ചൂടോടെ അതു കഴിക്കാനാണ് ബെൽജിയംകാർക്ക് ഇഷ്ടം. ലോകമെമ്പാടും മസൽ ശേഖരണം ഒരു വലിയ ബിസിനസ്സാണ്. എന്നാൽ, ചില യൂറോപ്യൻ രാജ്യങ്ങളിൽ കുടുംബവകയായി ഈ ബിസിനസ് നടത്താറുണ്ട്. ഒരു മുന്നിറിയിപ്പിൻ വാക്ക്: രുചിയേറിയ ഈ ഭക്ഷ്യവസ്തു ഒന്നു പരീക്ഷിച്ചു നോക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ആശ്രയയോഗ്യമായ ഒരു ഉറവിടത്തിൽനിന്നാണ് അവ ലഭിക്കുന്നത് എന്ന് ഉറപ്പു വരുത്തുക. വെള്ളം മാലിന്യങ്ങളില്ലാതെ തികച്ചും ശുദ്ധമാണെന്ന് ഉറപ്പുണ്ടെങ്കിലേ അതിൽനിന്നു മസൽ ശേഖരിക്കാവൂ.
മസലുകൾ ഇനിയും എന്തെല്ലാം രഹസ്യങ്ങൾ വെളിപ്പെടുത്തിയേക്കാം എന്ന് ആർക്കറിയാം? ഇവയിൽ ചിലത് ഒരു നൂറ്റാണ്ടിലേറെക്കാലം ജീവിക്കുന്നുവത്രേ! മസലുകൾക്ക് ശുദ്ധരക്തം പമ്പുചെയ്യുന്ന ചെറിയ ഒരു ഹൃദയം ഉണ്ട്, എന്നാൽ അതിനു തലച്ചോറില്ല. അപ്പോൾ മുകളിൽ വിവരിച്ച വിസ്മയകരമായ കാര്യങ്ങളെല്ലാം അത് എങ്ങനെയാണു നിർവഹിക്കുന്നത്? ബൈബിൾ ഇങ്ങനെ ഉത്തരം നൽകുന്നു: “ഭൂമിയോടു സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും; സമുദ്രത്തിലെ മത്സ്യം നിന്നോടു വിവരിക്കും. യഹോവയുടെ കൈ ഇതു പ്രവർത്തിച്ചിരിക്കുന്നു എന്നു ഇവയെല്ലാംകൊണ്ടു ഗ്രഹിക്കാത്തവനാർ?”—ഇയ്യോബ് 12:8, 9.(g01 9/22)
[24-ാം പേജിലെ ചതുരം/ചിത്രം]
ജീൻ കേടുപോക്കുന്നവൻ
ആഴക്കടൽ മസലുകൾ ഭൂമിയിലേക്കും വെച്ച് ഏറ്റവും പ്രതികൂലമായ അവസ്ഥകളുള്ള ഒരു സ്ഥലത്ത്—മിഡ് അറ്റ്ലാന്റിക്ക് റിഡ്ജിൽ—ആണു ജീവിക്കുന്നത്. അവിടെ അങ്ങേയറ്റം വിഷകരമായ രാസപദാർഥങ്ങൾ പുറത്തേക്കു തള്ളുന്ന ഉഷ്ണജല ഉറവുകൾ ഉണ്ട്. അവ ഈ മസലുകളുടെ ജനിതകഘടനയെ നിരന്തരം തകരാറിലാക്കുന്നു. എന്നാൽ, പ്രത്യേക തരത്തിലുള്ള രാസാഗ്നികൾ ഈ മസലുകളുടെ ഡിഎൻഎ-യുടെ കേടുപോക്കാൻ സഹായിക്കുന്നു. രോഗത്താലോ പ്രായത്താലോ തകരാറിലായ മനുഷ്യ ഡിഎൻഎ-യെ എങ്ങനെ കേടുപോക്കാൻ കഴിയുമെന്ന് അറിയാൻ ശാസ്ത്രജ്ഞർ ഈ രാസാഗ്നികളെ കുറിച്ചു പഠിച്ചുവരുകയാണ്.
[23-ാം പേജിലെ രേഖാചിത്രം/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
പല മസലുകളും ഉപയോഗിക്കുന്ന പറ്റിപ്പിടിക്കൽ സംവിധാനം
മാംസപാളി
തണ്ട്
ബൈസാൽ നാരുകൾ
നാര്
പ്ലാക്
[22-ാം പേജിലെ ചിത്രം]
മസലുകൾ മികച്ച ജലശുദ്ധീകരണകാരികളാണ്
[കടപ്പാട്]
Ontario Ministry of Natural Resources/Michigan Sea Grant
[23-ാം പേജിലെ ചിത്രം]
ഏഷ്യൻ പച്ച മസൽ
നീല മസൽ
സീബ്രാ മസൽ
കാലിഫോർണിയ മസൽ
വില്ലോസ ഐറിസ് മസൽ
(മസലുകളുടെ യഥാർഥ വലിപ്പമല്ല കൊടുത്തിരിക്കുന്നത്)
[കടപ്പാട്]
ഏഷ്യൻ പച്ച: Courtesy of Mote Marine Laboratory;
സീബ്രാ: S. van Mechelen/University of Amsterdam/Michigan Sea Grant;
വില്ലോസ ഐറിസ് മസലും, താഴെ ഇടത്തെ ചിത്രവും: © M. C. Barnhart
[24-ാം പേജിലെ ചിത്രം]
വിവിധ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ ഒരു സ്പാനിഷ് വിഭവമായ പിയെല്ലെയിൽ മിക്കപ്പോഴും മസൽ അടങ്ങിയിരിക്കുന്നു