ഞങ്ങളുടെ വായനക്കാരിൽനിന്ന്
സൂര്യൻ സൂര്യൻ, ചന്ദ്രൻ, നമ്മുടെ സുന്ദരമായ ഭൂമി എന്നിവയ്ക്കെല്ലാം ഞാൻ പലപ്പോഴും യഹോവയ്ക്കു നന്ദി നൽകാറുണ്ടെങ്കിലും അവയെക്കുറിച്ചൊന്നും കൂടുതലായി ചിന്തിച്ചിരുന്നില്ല. “നമ്മുടെ സൂര്യന്റെ അനന്യസാധാരണ സവിശേഷതകൾ” (ഏപ്രിൽ 8, 2001) എന്ന ലേഖനം വായിച്ചപ്പോൾ ദൈവത്തിന്റെ ഉദാരവും അമൂല്യവുമായ ദാനങ്ങൾക്കായി അവനു ഹൃദയംഗമമായ നന്ദി അർപ്പിക്കാൻ ഞാൻ പ്രേരിതയായി.
ബി. പി., ഐക്യനാടുകൾ (g01 12/08)
എനിക്ക് ഒമ്പതു വയസ്സ് ഉണ്ട്. സൂര്യനെ കുറിച്ചുള്ള ഈ ലേഖനം പോലെ ഇത്ര താത്പര്യജനകമായ ലേഖനങ്ങൾ എഴുതുന്നതിനു നിങ്ങളോടു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഉണരുക!-യിൽനിന്നു ഞാൻ ശരിക്കും വളരെയധികം കാര്യങ്ങൾ പഠിക്കുന്നുണ്ട്.
എ. ബി., ഐക്യനാടുകൾ (g01 12/08)
മുടി ഞാനൊരു കേശാലങ്കാര വിദഗ്ധയാണ്. “തലമുടി—ഒരു അടുത്ത വീക്ഷണം” (മേയ് 8, 2001) എന്ന ലേഖനം വായിച്ചപ്പോൾ വളരെ സന്തോഷം തോന്നി. ഞാൻ എന്റെ മാഡത്തിന് ഉണരുക!യുടെ ഒരു കോപ്പി കൊടുത്തു. അവർക്ക് അതു വളരെ ഇഷ്ടമായി. അവിടെ ജോലി ചെയ്യുന്ന മറ്റു പെൺകുട്ടികൾക്കും അവർ അതു നൽകി. ആ പ്രായോഗിക വിവരങ്ങൾക്കു നന്ദി.
ഡി. എൽ., റൊമേനിയ (g01 12/08)
“ആലൊപിഷ്യ—മുടി കൊഴിച്ചിലുമായി നിശ്ശബ്ദം കഴിഞ്ഞുകൂടൽ” (ഏപ്രിൽ 22, 1991, ഇംഗ്ലീഷ്) എന്ന ഒരു മുൻ ലേഖനത്തെ കുറിച്ചുള്ള അടിക്കുറിപ്പിനു നന്ദി. 17 വർഷമായി ഞാൻ ഈ പ്രശ്നവുമായി ജീവിക്കുന്നു. ബാഹ്യാകാരത്തിന് അങ്ങേയറ്റം പ്രാധാന്യം കൽപ്പിക്കുന്ന ഇന്നത്തെ ലോകത്തിൽ വ്യത്യസ്തരായ ആരെയും അംഗീകരിക്കാൻ സമൂഹം തയ്യാറാകുന്നില്ല. യഹോവയും അവന്റെ സംഘടനയും എന്നെ പിന്തുണയ്ക്കുന്നു എന്ന് അറിയുന്നതു പ്രോത്സാഹജനകമാണ്.
എം. ജി., ഇറ്റലി (g01 12/08)
മുത്തശ്ശീമുത്തശ്ശന്മാർ “യുവജനങ്ങൾ ചോദിക്കുന്നു . . . ഞാൻ എന്റെ മുത്തശ്ശീമുത്തശ്ശന്മാരെ അടുത്തറിയേണ്ടത് എന്തുകൊണ്ട്?” (മേയ് 8, 2001) എന്ന ലേഖനത്തിനു നന്ദി. എനിക്ക് എന്റെ മുത്തശ്ശിയുമായി ഒരു പ്രത്യേക സ്നേഹബന്ധമാണ് ഉണ്ടായിരുന്നത്. എന്റെ മാതാപിതാക്കൾ വിവാഹമോചനം നേടിയ സമയത്ത് തോരാത്ത കണ്ണീരും നൂറുനൂറു ചോദ്യങ്ങളുമായി കഴിഞ്ഞ എന്നെ സഹായിക്കാൻ എപ്പോഴും എന്റെ മുത്തശ്ശി ഉണ്ടായിരുന്നു. പ്രസംഗവേലയ്ക്ക് എന്നെ കൂടെ കൊണ്ടുപോകുകവഴി ശുശ്രൂഷയോടുള്ള സ്നേഹം മുത്തശ്ശി എന്നിൽ ഉൾനട്ടു. മുത്തശ്ശിയുടെ കാൽച്ചുവടുകൾ പിൻപറ്റിക്കൊണ്ട് നാലു വർഷം മുമ്പ് ഞാനും മുഴുസമയ ശുശ്രൂഷ ഏറ്റെടുത്തു. അൽസൈമേഴ്സ് രോഗം വന്ന് എന്നെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നപ്പോഴും പറുദീസയെ കുറിച്ചുള്ള തിരുവെഴുത്തുകൾ വായിച്ചുകൊടുക്കുമ്പോൾ മുത്തശ്ശിയുടെ കണ്ണുകൾ തിളങ്ങുന്നതു ഞാൻ കണ്ടിരുന്നു. 2000 സെപ്റ്റംബറിൽ മുത്തശ്ശി മരിച്ചു. മുത്തശ്ശീമുത്തശ്ശന്മാരുടെ വില യുവജനങ്ങളെ പഠിപ്പിക്കുന്നതിനു വളരെ നന്ദി.
സി. ആർ., ഐക്യനാടുകൾ (g01 12/22)
എന്റെ മാതാപിതാക്കൾ വിവാഹമോചനം നേടിയിട്ട് പത്തു വർഷമായി. എന്റെ അമ്മയോടു വിശ്വസ്തയായിരിക്കണം എന്നു സ്വയം തീരുമാനിച്ചുകൊണ്ട് ഞാൻ എന്റെ പിതാവിന്റെ കുടുംബവുമായുള്ള സകല ബന്ധങ്ങളും വിച്ഛേദിച്ചു. എന്നാൽ ഈ ലേഖനം വായിച്ചപ്പോൾ എന്റെ മുത്തശ്ശീമുത്തശ്ശന്മാരുമായി നല്ല ഒരു ബന്ധം ഉണ്ടായിരിക്കുന്നതിന്റെ പ്രാധാന്യവും പ്രയോജനങ്ങളും എനിക്കു കാണാൻ കഴിഞ്ഞു. ആ ബന്ധം നട്ടുവളർത്തുന്നതിനുള്ള ചില ബൈബിളധിഷ്ഠിത നിർദേശങ്ങൾ ഈ ലേഖനത്തിൽനിന്ന് എനിക്കു ലഭിച്ചു.
ജി. വി., ഐക്യനാടുകൾ (g01 12/22)
എന്റെ മുത്തശ്ശീമുത്തശ്ശന്മാർ നാലു പേരും ക്രിസ്ത്യാനികൾ അല്ല. എങ്കിലും ഞാൻ അവരുമായി നല്ല ഒരു ബന്ധം ആസ്വദിക്കുന്നു. സഭയിലും എനിക്ക് ഒരു “വല്ല്യമ്മച്ചി” ഉണ്ട്—70-ന് അടുത്തു പ്രായമുള്ള ഒരു ക്രിസ്തീയ സഹോദരി. എനിക്ക് എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ അവർ എന്നെ ബൈബിളിൽനിന്നു വാക്യങ്ങൾ വായിച്ചു കേൾപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ചിലപ്പോൾ വെറുതെ എന്റെ കൈ പിടിച്ചുകൊണ്ടോ തോളിൽ കൈയിട്ടുകൊണ്ടോ എന്നെ ആശ്വസിപ്പിക്കും. ഞങ്ങൾ തമ്മിൽ പ്രായ വ്യത്യാസം ഉണ്ടെന്ന തോന്നൽ പോലും ചിലപ്പോൾ എനിക്ക് ഉണ്ടാകാറില്ല.
എം. കെ., ജപ്പാൻ (g01 12/22)