യോദ്ധാക്കൾ സമാധാനകാംക്ഷികൾ ആയിത്തീരുന്നു
രണ്ടാം ലോകമഹായുദ്ധ കാലത്ത് കാമിക്കാസി ദൗത്യസേനയിൽ സേവിക്കാൻ പരിശീലിപ്പിക്കപ്പെട്ട റ്റോഷിയാക്കി നിവാ എന്ന ഒരു ജാപ്പനീസ് പൈലറ്റിന്റെ ജീവിതകഥ 2003 ജനുവരി 8 ലക്കം ഉണരുക!യിൽ ഉണ്ടായിരുന്നു. 1945 ആഗസ്റ്റിൽ, ക്യോട്ടോയ്ക്കു സമീപമുള്ള ഒരു വ്യോമസേനാ താവളത്തിൽ യു.എസ്.-ന്റെ പടക്കപ്പലുകൾക്കുനേരെ ചാവേർ ആക്രമണം നടത്താനുള്ള ഉത്തരവും കാത്തിരിക്കുകയായിരുന്നു താനെന്ന് നിവാ അതിൽ എഴുതിയിരുന്നു. എന്നാൽ ആ ഉത്തരവ് ഒരിക്കലും വന്നില്ല, കാരണം ഏതാനും ദിവസങ്ങൾക്കുള്ളിൽ യുദ്ധം അവസാനിച്ചു. വർഷങ്ങൾക്കുശേഷം നിവാ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. ദൈവത്തെ പ്രസാദിപ്പിക്കുന്നവർ യുദ്ധത്തിൽ പങ്കെടുക്കുകയില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. എവിടെ ജീവിക്കുന്നവരായാലും ഏതു ദേശക്കാരായാലും അവർ സഹമനുഷ്യരെ ബഹുമാനിക്കുന്നു. (1 പത്രൊസ് 2:17) ഒരു യോദ്ധാവായിരുന്ന നിവാ ഒരു സമാധാനകാംക്ഷിയായി മാറിയിരിക്കുന്നു. അദ്ദേഹം ഇപ്പോൾ ദൈവവചനത്തിൽനിന്നുള്ള ഐക്യത്തിന്റെ സന്ദേശം മറ്റുള്ളവരുമായി പങ്കുവെക്കുന്നു.
ഐക്യനാടുകളിൽനിന്നുള്ള റസ്സൽ വെർട്ട്സ്, നിവായുടെ കഥകേട്ട് അത്ഭുതപ്പെട്ടു. കാരണം അദ്ദേഹവും അതേ യുദ്ധത്തിൽ പൊരുതിയിരുന്നു, പക്ഷേ മറുപക്ഷത്തായിരുന്നെന്നു മാത്രം. നിവായ്ക്കുള്ള കത്തിൽ വെർട്ട്സ് ഇങ്ങനെ എഴുതി: “1945 ആഗസ്റ്റിൽ ക്യോട്ടോയ്ക്കടുത്ത് ആക്രമണത്തിനായി താങ്കൾ തയ്യാറെടുത്തിരിക്കുകയായിരുന്നു എന്നു പറഞ്ഞല്ലോ, അതേസമയത്ത്, എനിക്ക് ആ ആക്രമണത്തിനായുള്ള അവസാനഘട്ട പരിശീലനം ലഭിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ യുദ്ധം അവസാനിച്ചില്ലായിരുന്നെങ്കിൽ മിക്കവാറും നമ്മൾ രണ്ടുപേരും ഇരുപക്ഷത്തുമായി യുദ്ധക്കളത്തിൽ കൊല്ലപ്പെടുമായിരുന്നു. താങ്കളെയും കുടുംബത്തെയും പോലെ ഞാനും ഭാര്യയും പിന്നീട് യഹോവയുടെ സാക്ഷികൾ ആയിത്തീർന്നു. ഒരിക്കൽ പരസ്പരം കൊല്ലാൻ നിശ്ചയിച്ചുറച്ച ബദ്ധശത്രുക്കളായിരുന്ന നമ്മൾ രണ്ടുപേരും ഇപ്പോൾ സുഹൃത്തുക്കൾ മാത്രമല്ല സഹോദരന്മാർ കൂടിയാണ് എന്നറിയുന്നത് എത്ര പുളകപ്രദമാണ്!”
റ്റോഷിയാക്കി നിവായെയും റസ്സൽ വെർട്ട്സിനെയും പോലെ ബദ്ധശത്രുക്കളായിരുന്ന അനേകർ ഇന്ന് സമാധാനത്തിലും ഐക്യത്തിലും ജീവിക്കുന്നു. കാരണം അവർ ദൈവവചനമായ ബൈബിൾ പഠിക്കുകയും അതിലെ തത്ത്വങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തിരിക്കുന്നു. യഹോവയുടെ സാക്ഷികളുടെ ഇടയിൽ യഹൂദരും അറബികളും, അർമേനിയക്കാരും തുർക്കികളും, ജർമൻകാരും റഷ്യക്കാരും, ഹൂട്ടുകളും ടൂട്സികളും ഉണ്ട്. തങ്ങൾ യഥാർഥ ക്രിസ്ത്യാനികൾ ആണെന്ന് ഇവരെല്ലാം തെളിയിച്ചുകൊണ്ടിരിക്കുന്നു. അതേ, യേശുക്രിസ്തു അതുതന്നെയാണു പറഞ്ഞത്: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.”—യോഹന്നാൻ 13:35. (g04 9/8)
[27-ാം പേജിലെ ചിത്രങ്ങൾ]
റ്റോഷിയാക്കി നിവായും റസ്സൽ വെർട്ട്സും രണ്ടാം ലോകമഹായുദ്ധ കാലത്ത്