വേനലവധിക്ക് ഏതു പടമായിരിക്കും പുറത്തിറങ്ങുന്നത്?
വേനൽക്കാലത്ത് എന്തു ചെയ്യാനാണു നിങ്ങൾക്ക് ഇഷ്ടം? സുഖകരമായ കാലാവസ്ഥയാണെങ്കിൽ ബീച്ചിലോ പാർക്കിലോ ഒക്കെയായി പുറത്തു സമയം ചെലവഴിക്കാനായിരിക്കാം നിങ്ങൾ താത്പര്യപ്പെടുക.
എന്നാൽ ചലച്ചിത്രവ്യവസായം, ആളുകൾ വേനൽക്കാലത്തിന്റെ നല്ലൊരു പങ്കും തീയേറ്ററുകളിൽ ചെലവഴിച്ചുകാണാനാണ് ആഗ്രഹിക്കുന്നത്. ഐക്യനാടുകളിൽത്തന്നെ, ചുരുങ്ങിയത് 35,000 സിനിമാസ്ക്രീനുകളെങ്കിലും ഉണ്ട്. സമീപ വർഷങ്ങളിൽ, ആ രാജ്യത്തെ ബോക്സ്-ഓഫീസുകൾ (സിനിമാടിക്കറ്റ് വിൽക്കുന്ന സ്ഥലങ്ങൾ) തങ്ങളുടെ വരുമാനത്തിന്റെ ഏതാണ്ട് 40 ശതമാനവും വാരിക്കൂട്ടിയത് വേനൽക്കാലത്താണ്.a “ക്രിസ്തുമസ്സ്കാലത്തെ ആദായക്കൊയ്ത്തുപോലെതന്നെയാണ് ഇതും,” മൂവിലൈൻ മാസികയുടെ എക്സിക്യുട്ടിവ് എഡിറ്ററായ ഹൈഡി പാർക്കർ പറയുന്നു.
എന്നാൽ മുമ്പ് സ്ഥിതി ഇതായിരുന്നില്ല. അന്നൊക്കെ വേനൽക്കാലത്ത് യു.എസ്.-ലെ തീയേറ്ററുകളിൽ സിനിമ കാണാൻ എത്തുന്നവരുടെ എണ്ണം കുറവായിരുന്നു. തന്മൂലം ആ സമയങ്ങളിൽ തീയേറ്റർ ഉടമകൾക്ക് ഷോയുടെ എണ്ണം വെട്ടിച്ചുരുക്കേണ്ടതായോ തീയേറ്ററുകൾ അടച്ചിടേണ്ടതായോ വന്നിരുന്നു. അങ്ങനെയിരിക്കെ, 1970-കളുടെ മധ്യത്തോടെ എയർ-കണ്ടീഷൻ തീയേറ്ററുകൾ രംഗത്തെത്തി. പൊരിവെയിലിൽനിന്നുള്ള സങ്കേതമെന്ന നിലയിൽ ഈ സിനിമാശാലകൾ ജനലക്ഷങ്ങളെ ആകർഷിക്കാൻ തുടങ്ങി. വേനൽ, കുട്ടികൾക്ക് അവധിക്കാലവുംകൂടെ ആയതിനാൽ സിനിമാനിർമാതാക്കൾ ലാഭം കൊയ്യാനുള്ള നല്ലൊരവസരമായി അതിനെ വീക്ഷിച്ചു. താമസിയാതെ വേനൽക്കാല ബ്ലോക്ക്ബസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.b അത് നാം കാണാൻ പോകുന്നതുപോലെ സിനിമാ നിർമാണത്തെയും വിപണനത്തെയും മാറ്റിമറിച്ചു.
[അടിക്കുറിപ്പുകൾ]
a ഐക്യനാടുകളിൽ വേനൽ സിനിമാ സീസൺ, മേയിൽ ആരംഭിച്ച് സെപ്റ്റംബർ മാസത്തിലും തുടരും.
b സാധാരണഗതിയിൽ, 450 കോടി രൂപയോ അതിലധികമോ ലാഭം വാരുന്ന സിനിമകളെയാണ് “ബ്ലോക്ക്ബസ്റ്റർ” ഗണത്തിൽ പെടുത്തുന്നത്. എന്നാൽ ചിലപ്പോൾ, ബോക്സ്-ഓഫീസിലെ കളക്ഷൻ കണക്കിലെടുക്കാതെ, കേവലം ഹിറ്റാകുന്ന പടങ്ങളെ വിശേഷിപ്പിക്കാനും ഈ പദം ഉപയോഗിക്കാറുണ്ട്.