വഞ്ചന! എവിടെയും!
പശ്ചിമാഫ്രിക്കയിൽ മലമ്പനിക്കുള്ള ഒരു വ്യാജമരുന്നു കഴിച്ച് അവശനിലയിലായ 12 വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവന്റെ അമ്മ പക്ഷേ ലൈസൻസുള്ള ഒരു മരുന്നുകടയിൽനിന്നാണ് ആ മരുന്നു വാങ്ങിയത്. “കഴിഞ്ഞ 15 വർഷമായി വ്യാജമരുന്നുകൾ വിപണിയിലുണ്ട്” എന്ന് ഒരു ഡോക്‌ടർ പറയുന്നു.a
കുഞ്ഞിനു കൊടുത്തുകൊണ്ടിരിക്കുന്ന പാലിന്റെ മേന്മയുടെ കാര്യത്തിൽ ആ മാതാപിതാക്കൾക്ക് യാതൊരു സംശയവുമില്ലായിരുന്നു. അത്ര പേരുകേട്ട ഒരു കമ്പനിയുടെ ഉത്‌പന്നത്തെ ആരു സംശയിക്കാൻ? എന്നാൽ അതിൽ മാരകമായ ഒരു പദാർഥം അടങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞ നിമിഷം അവർ നടുങ്ങിപ്പോയി! എന്തു പറയാൻ. . . ആ മാരകവിഷം ആ കുഞ്ഞിന്റെ ജീവനെടുത്തു. ഒരു ഏഷ്യൻ രാജ്യത്ത് നടന്നതാണിത്.
ഒരു അമേരിക്കൻ ബിസിനസ്സുകാരൻ നിക്ഷേപകരെ പറ്റിച്ച് കോടിക്കണക്കിന് ഡോളറുമായി മുങ്ങി. ആയിരക്കണക്കിനാളുകളുടെ പെൻഷൻ തുകയാണ് വെള്ളത്തിലായത്. “നൂറ്റാണ്ടിലെ ഏറ്റവും വലിയ തട്ടിപ്പ്” എന്നാണ് മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്.
ഇന്നത്തെ ലോകത്തിൽ വിശ്വാസവഞ്ചനയ്‌ക്ക് ഇരയാകാത്ത ആരുംതന്നെ ഉണ്ടെന്നു തോന്നുന്നില്ല. വലിയൊരളവോളം, അടുത്തകാലത്തെ ആഗോള സാമ്പത്തിക പ്രതിസന്ധിപോലും “വ്യാപകമായ വിശ്വാസപാതകം” എന്ന് ഫ്രഞ്ച് പത്രമായ ലെ മൊൺട് വിശേഷിപ്പിച്ച വഞ്ചനയുടെ ഫലമായിരുന്നു.
എന്തുകൊണ്ടാണ് ലോകത്തിൽ വഞ്ചനയും തട്ടിപ്പും ഇത്ര വ്യാപകമായിരിക്കുന്നത്? നമുക്കു വിശ്വസിക്കാൻ പറ്റിയ ആരെങ്കിലുമുണ്ടോ? (g10-E 10)
[അടിക്കുറിപ്പ്]
a പാരീസിൽ പ്രസിദ്ധീകരിക്കുന്ന ലേ ഫീഗെറൊ എന്ന പത്രം റിപ്പോർട്ടു ചെയ്‌തത്.