വിശ്വാസ്യത പ്രതിസന്ധിയിൽ—എന്തുകൊണ്ട്?
‘ഇക്കാലത്ത് നിങ്ങൾക്ക് ആരെയെങ്കിലും വാസ്തവത്തിൽ വിശ്വസിക്കാനാകുമോ? മോഹഭംഗം സംഭവിച്ച ചിലർ ഇങ്ങനെ ചോദിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകാം. അല്ലെങ്കിൽ, വൈകാരികമായി ബുദ്ധിമുട്ട് ഉളവാക്കിയ എന്തെങ്കിലും നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചപ്പോൾ നിങ്ങൾ അപ്രകാരം ചോദിച്ചിട്ടുണ്ടാകാം.
സ്ഥാപനങ്ങളിലും വ്യക്തികളിലുമുള്ള അവിശ്വാസം ലോകവ്യാപകം ആണെന്നുള്ളതിൽ സംശയമില്ല. മിക്കപ്പോഴും ഈ അവിശ്വാസം നീതീകരിക്കപ്പെടുന്നു. തിരഞ്ഞെടുപ്പിനു മുമ്പു മിക്ക രാഷ്ട്രീയക്കാരും നടത്തുന്ന വാഗ്ദാനങ്ങൾ അവർ പാലിക്കും എന്നു വാസ്തവത്തിൽ ആരെങ്കിലും കരുതുന്നുണ്ടോ? 1990-ൽ ജർമനിയിലെ 1,000 വിദ്യാർഥികളിൽ നടത്തിയ ഒരു സർവേയിൽ, രാഷ്ട്രീയക്കാർക്കു ലോക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് 16.5 ശതമാനം പേർ വിശ്വാസം പ്രകടിപ്പിച്ചപ്പോൾ അതിന്റെ ഇരട്ടി ആളുകൾ അക്കാര്യത്തിൽ ബലമായ സംശയം പ്രകടിപ്പിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള രാഷ്ട്രീയക്കാരുടെ പ്രാപ്തിയിലും മനസ്സൊരുക്കത്തിലും തങ്ങൾക്കു വിശ്വാസമില്ലെന്നു ഭൂരിപക്ഷം പേരും പറഞ്ഞു.
ഷ്റ്റുറ്റ്ഗാർറ്റ നാച്ച്റിച്ച്റ്റൻ എന്ന പത്രം ഇങ്ങനെ പരാതിപ്പെട്ടു: “ബഹുഭൂരിപക്ഷം രാഷ്ട്രീയക്കാരുടെ കാര്യത്തിലും സ്വന്തം താത്പര്യങ്ങളാണ് ഒന്നാമത്. അതു കഴിഞ്ഞുള്ള സ്ഥാനമേ, ഉണ്ടെങ്കിൽത്തന്നെ, സമ്മതിദായകരുടെ താത്പര്യങ്ങൾക്കുള്ളൂ.” മറ്റു രാജ്യങ്ങളിലുള്ള ആളുകളും അതിനോടു യോജിക്കുന്നു. ഒരു രാജ്യത്തെക്കുറിച്ച് ദ യൂറോപ്യൻ എന്ന പത്രം ഇങ്ങനെ പറഞ്ഞു: “രാഷ്ട്രീയക്കാരോടുള്ള യുവജനങ്ങളുടെ വിശ്വാസക്കുറവിന് ഈടുറ്റ കാരണമുണ്ട്, മുതിർന്നവരും അതേ മനോഭാവം ഉള്ളവരാണ്.” ‘സമ്മതിദായകർ രാഷ്ട്രീയ പാർട്ടികൾക്ക് എതിരെ വോട്ട് ചെയ്ത് മിക്കപ്പോഴും അവയെ അധികാരത്തിൽനിന്നു പുറത്താക്കുന്നു’ എന്ന് അതു പ്രസ്താവിച്ചു. ആ പത്രം തുടർന്ന് ഇങ്ങനെ പറഞ്ഞു: “[അവിടുത്തെ] യുവജനങ്ങളുടെ അവിശ്വാസവും ലക്ഷ്യബോധം ഇല്ലായ്മയും അവരോടൊപ്പം സമയം ചെലവഴിക്കുന്ന ഏതൊരുവനും പെട്ടെന്നുതന്നെ ശ്രദ്ധിക്കുന്നു.” എന്നാൽ, ഒരു ജനാധിപത്യ ഭരണകൂടത്തിനു പൊതുജന വിശ്വാസം ഇല്ലാതെ കാര്യമായ നേട്ടം ഒന്നും കൈവരിക്കാൻ സാധിക്കില്ല. മുൻ യു.എസ്. പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡി ഒരിക്കൽ ഇപ്രകാരം അഭിപ്രായപ്പെട്ടു: “ഫലപ്രദമായ ഭരണകൂടത്തിന്റെ അടിസ്ഥാനം പൊതുജന വിശ്വാസമാണ്.”
സാമ്പത്തിക രംഗത്തെ വിശ്വാസ്യത സംബന്ധിച്ചാണെങ്കിൽ, പെട്ടെന്നുള്ള സാമ്പത്തിക തിരിച്ചടികളും ശീഘ്രമായി ധനികരാകാനുള്ള പദ്ധതികളുടെ പരാജയവും അനേകരെ സംശയാലുക്കൾ ആക്കിയിരിക്കുന്നു. 1997 ഒക്ടോബറിൽ ലോക ഓഹരി വിപണി അനിയന്ത്രിതമായി ആടിയുലഞ്ഞപ്പോൾ ഒരു വാർത്താ മാസിക “അസാധാരണവും ചിലപ്പോഴൊക്കെ അയുക്തികവുമായ അവിശ്വാസ”ത്തെ കുറിച്ചും “അവിശ്വാസ വ്യാപനത്തെ” കുറിച്ചും സംസാരിച്ചു. “ഭരണകൂടത്തിന്റെ നിലനിൽപ്പുതന്നെ . . . അപകടത്തിലാണെന്നു തോന്നുമാറ് [ഒരു ഏഷ്യൻ രാജ്യത്ത്] വിശ്വാസം അത്രമാത്രം ഇല്ലാതായിത്തീർന്നു” എന്നും അതു പ്രസ്താവിച്ചു. വ്യക്തമായ വസ്തുതയെ അത് ഇപ്രകാരം സംക്ഷേപിച്ചു: “സമ്പദ്വ്യവസ്ഥകൾ വിശ്വാസ്യതയിൽ അധിഷ്ഠിതമാണ്.”
വിശ്വാസ്യത പകരുന്നതിൽ മതവും പരാജയപ്പെടുന്നു. ക്രിസ്റ്റ് ഇൻ ഡേയർ ഗേജൻവാർട്ട് എന്ന ജർമൻ മതമാസിക ദുഃഖത്തോടെ ഇങ്ങനെ പറഞ്ഞു: “ജനങ്ങൾക്ക് സഭയിലുള്ള വിശ്വാസം കുറഞ്ഞു വരുകയാണ്.” സഭയിൽ കാര്യമായോ കുറച്ചെങ്കിലുമോ വിശ്വാസമുള്ള ജർമൻകാരുടെ എണ്ണം 1986-നും 1992-നും ഇടയ്ക്ക് 40 ശതമാനത്തിൽ നിന്ന് 33 ശതമാനമായി കുറഞ്ഞു. മുൻ പൂർവ ജർമനിയിൽ അത് 20 ശതമാനത്തിൽ താഴെയായി എന്നതാണു വാസ്തവം. നേരേമറിച്ച്, സഭയിൽ ഒട്ടുംതന്നെയോ പൂർണമായോ വിശ്വാസം ഇല്ലാത്തവരുടെ എണ്ണം മുൻ പശ്ചിമ ജർമനിയിൽ 56 ശതമാനത്തിൽ നിന്ന് 66 ശതമാനമായും മുൻ പൂർവ ജർമനിയിൽ 71 ശതമാനമായും വർധിച്ചു.
മാനുഷ സമുദായത്തിന്റെ മൂന്നു താങ്ങുതൂണുകളായ രാഷ്ട്രീയം, സാമ്പത്തികം, മതം എന്നിവയ്ക്കു പുറമേയുള്ള മണ്ഡലങ്ങളിലും വിശ്വാസക്കുറവ് പ്രകടമായി തീർന്നിരിക്കുന്നു. മറ്റൊരു ദൃഷ്ടാന്തമാണ് നിയമ വ്യവസ്ഥ. കുറ്റകൃത്യ നിയമങ്ങളിലെ പഴുതുകൾ, നിയമം നീതിനിഷ്ഠമായി നടപ്പാക്കുന്നതിലെ വൈതരണികൾ, സംശയാസ്പദമായ കോടതി വിധികൾ എന്നിവ ജനങ്ങളുടെ വിശ്വാസം ഏറെ ദുർബലമാക്കിയിരിക്കുന്നു. ടൈം മാഗസിൻ പറയുന്നത് അനുസരിച്ച്, “പൗരന്മാരുടെയും പൊലീസിന്റെയും നൈരാശ്യം, കൊടിയ കുറ്റവാളികളെ ചുരുങ്ങിയ കാലത്തിനുള്ളിൽ ജയിൽ മോചിതരാക്കുന്ന [നീതിന്യായ] വ്യവസ്ഥയിൽ അവർക്ക് വിശ്വാസം ഇല്ലാതായിരിക്കുന്ന ഘട്ടത്തോളം എത്തിയിരിക്കുന്നു.” പൊലീസിന്റെ അഴിമതിയും ക്രൂരതയും സംബന്ധിച്ച ആരോപണങ്ങൾ ഹേതുവായി പൊലീസിലുള്ള വിശ്വാസവും കുത്തനെ കുറഞ്ഞിരിക്കുന്നു.
രാജ്യാന്തര രാഷ്ട്രീയത്തിന്റെ കാര്യത്തിൽ, അലസിപ്പോയ സമാധാന സംഭാഷണങ്ങളും ലംഘിക്കപ്പെടുന്ന വെടിനിർത്തലുകളും അവിശ്വാസത്തെ സൂചിപ്പിക്കുന്നു. മധ്യപൂർവ ദേശത്ത് സമാധാനം കൈവരിക്കുന്നതിലെ പ്രധാന മാർഗതടസ്സം കൃത്യമായി തിരിച്ചറിയിച്ചുകൊണ്ട് ഐക്യരാഷ്ട്രങ്ങളിലെ യു.എസ്. സ്ഥാനപതിയായ ബിൽ റിച്ചാഡ്സൺ ലളിതമായി ഇങ്ങനെ പറയുന്നു: “അവിടെ അവിശ്വാസം നിലനിൽക്കുന്നു.”
അതേസമയം, ഏറെയും വ്യക്തിപരമായ ഒരു തലത്തിലേക്കു വരാം. പ്രശ്നങ്ങൾ നേരിടുമ്പോൾ സഹാനുഭൂതിക്കും ആശ്വാസത്തിനുമായി ആളുകൾ സാധാരണ ആശ്രയിക്കാറ് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ആണ്. അവരിൽ പോലും അനേകർക്കും വിശ്വാസം ഇല്ലാതായിരിക്കുന്നു. എബ്രായ പ്രവാചകനായ മീഖാ വിവരിച്ചതിനോടു വളരെ സമാനമായ സാഹചര്യമാണ് ഇത്: “കൂട്ടുകാരനെ വിശ്വസിക്കരുതു; സ്നേഹിതനിൽ ആശ്രയിക്കരുതു; നിന്റെ മാർവ്വിടത്തു ശയിക്കുന്നവളോടു പറയാതവണ്ണം നിന്റെ വായുടെ കതകു കാത്തുകൊൾക.”—മീഖാ 7:5.
കാലത്തിന്റെ ഒരു അടയാളം
ജർമൻ മനശ്ശാസ്ത്രജ്ഞനായ ആർഥർ ഫിഷർ അടുത്തയിടെ പിൻവരുന്ന പ്രകാരം പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടു: “സമൂഹത്തിന്റെ വികസനത്തിലും ഒരുവന്റെ വ്യക്തിപരമായ ഭാവിയിലുമുള്ള വിശ്വാസം വാസ്തവത്തിൽ എല്ലാ മണ്ഡലങ്ങളിലും വൻതോതിൽ കുറഞ്ഞിരിക്കുകയാണ്. സമൂഹത്തിലെ സ്ഥാപനങ്ങൾക്കു തങ്ങളെ സഹായിക്കാൻ കഴിയുമോ എന്ന് യുവജനങ്ങൾ സംശയിക്കുന്നു. രാഷ്ട്രീയമോ മതപരമോ മറ്റേതെങ്കിലും തരത്തിലുള്ളതോ ആയ ഒരു സംഘടനയിലും അവർക്കു യാതൊരു വിശ്വാസവും ഇല്ലാത്ത അവസ്ഥയിലേക്ക് ആണ് കാര്യങ്ങൾ നീങ്ങുന്നത്.” വ്യവസ്ഥാപിത അധികാരങ്ങളോടും സ്ഥാപനങ്ങളോടും വിദഗ്ധരോടുമുള്ള ഒരു “സന്ദേഹ സംസ്കാര”ത്തെക്കുറിച്ച് സാമൂഹിക ശാസ്ത്രജ്ഞനായ ഉൾറിക് ബെക് പറയുന്നതിൽ തെല്ലും അതിശയമില്ല.
അത്തരം ഒരു സംസ്കാരത്തിൽ, ആളുകൾ ഉൾവലിയാനും സമസ്ത അധികാരത്തെയും നിരസിക്കാനും മറ്റുള്ളവരുടെ ഉപദേശമോ മാർഗനിർദേശമോ കൂടാതെ സ്വതന്ത്രമായി തീരുമാനങ്ങൾ എടുത്തുകൊണ്ട് തന്നിഷ്ടപ്രകാരം ജീവിക്കാനും പ്രവണത കാട്ടുന്നു. ചിലർ അമിതമായി സംശയാലുക്കളായി തീരുന്നു. തങ്ങൾക്കു മേലാൽ വിശ്വാസം അർപ്പിക്കാൻ സാധിക്കില്ലെന്ന് അവർ കരുതുന്നവരുമായി ഇടപെടുമ്പോൾ പരിഗണന ഇല്ലാത്തവർ ആയിരിക്കാനും ഇടയുണ്ട്. ഈ മനോഭാവം, ബൈബിൾ വിവരിക്കുന്ന തരത്തിലുള്ള അനാരോഗ്യകരമായ ഒരു അവസ്ഥ ഉന്നമിപ്പിക്കുന്നു: “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും.” (2 തിമൊഥെയൊസ് 3:1-5; സദൃശവാക്യങ്ങൾ 18:1) വിശ്വാസ്യതയുടെ കാര്യത്തിൽ ഇന്നുള്ള പ്രതിസന്ധി തീർച്ചയായും നമ്മുടെ കാലത്തിന്റെ, അതേ, “അന്ത്യകാല”ത്തിന്റെ ഒരു അടയാളമാണ്.
വിശ്വാസ്യത പ്രതിസന്ധിയിൽ ആയിരിക്കുന്ന, മേൽ വിവരിച്ചിരിക്കുന്ന തരത്തിലുള്ള ആളുകൾ നിറഞ്ഞ ഒരു ലോകത്ത് ജീവിതം പൂർണമായും ആസ്വദിക്കുക സാധ്യമല്ല. എന്നാൽ കാര്യങ്ങൾക്കു മാറ്റം വരുമെന്നു ചിന്തിക്കുന്നതു ന്യായയുക്തമാണോ? വിശ്വാസ്യത സംബന്ധിച്ച ഇന്നത്തെ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കുമോ? സാധിക്കുമെങ്കിൽ എങ്ങനെ, എപ്പോൾ?