യുവജനങ്ങൾ ചോദിക്കുന്നു
സോഷ്യൽ നെറ്റ്വർക്കിങ്—ഞാൻ അറിഞ്ഞിരിക്കേണ്ടത്—ഭാഗം 1
“മറ്റു രാജ്യങ്ങളിലും എനിക്ക് കൂട്ടുകാരുണ്ട്. അവരുമായി ബന്ധപ്പെടാനുള്ള ഏറ്റവും നല്ല മാർഗം സോഷ്യൽ നെറ്റ്വർക്കിങ് ആണ്. അവർ അങ്ങ് അകലെയാണെങ്കിലും ഇതിലൂടെ എനിക്ക് അവരോട് സംസാരിക്കാൻ കഴിയുന്നു, ഞാൻ അത് വളരെയധികം ഇഷ്ടപ്പെടുന്നു.”—സൂ, 17.a
“സമയം പാഴാക്കുന്ന ഒരു ഏർപ്പാടാണ് സോഷ്യൽ നെറ്റ്വർക്കിങ്, സൗഹൃദങ്ങൾക്കുവേണ്ടി ഒരു ശ്രമവും ചെയ്യാൻ താത്പര്യമില്ലാത്തവർക്കു വേണ്ടിയുള്ള ഒന്ന്. നേരിട്ട് സംസാരിക്കുന്നതാണ് സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ന് ഞാൻ കരുതുന്നു.”—ഗ്രിഗറി, 19.
മേൽപ്പറഞ്ഞ അഭിപ്രായങ്ങളിൽ ഏതിനോടാണ് നിങ്ങൾ യോജിക്കുന്നത്? എന്തുതന്നെയായാലും ഒരു കാര്യം സത്യമാണ്: സോഷ്യൽ നെറ്റ്വർക്കിങ് ഇന്ന് വളരെ പ്രസിദ്ധിയാർജിച്ചിരിക്കുന്നു.b ഇതേക്കുറിച്ച് ഒന്നു ചിന്തിക്കൂ: അഞ്ചുകോടി ശ്രോതാക്കളെ സമ്പാദിക്കാൻ റേഡിയോ 38 വർഷമെടുത്തു. അത്രയുംതന്നെ പ്രേക്ഷകരെ നേടാൻ ടെലിവിഷന് 13 വർഷം വേണ്ടിവന്നു. ഇന്റർനെറ്റിനാകട്ടെ നാലുവർഷവും. എന്നാൽ, അടുത്തയിടെ ഒരു വർഷത്തിനുള്ളിൽ 20 കോടി ആളുകളാണ് സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റായ ഫേസ്ബുക്കിൽ ഇടംനേടിയത്!
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവന ശരിയോ തെറ്റോ എന്നു രേഖപ്പെടുത്തുക:
സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകൾ ഉപയോഗിക്കുന്നവരിൽ ബഹുഭൂരിപക്ഷവും കൗമാരക്കാരാണ്. ___ ശരി ___ തെറ്റ്
ഉത്തരം: തെറ്റ്. ഏറ്റവും പ്രചാരത്തിലുള്ള ഒരു സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റ് ഉപയോഗിക്കുന്നവരിൽ ഏകദേശം മൂന്നിൽ രണ്ടുഭാഗവും 25-നോ അതിനു മുകളിലോ പ്രായമുള്ളവരാണ്. അത് പുതുതായി ഉപയോഗിക്കാൻ തുടങ്ങിയവരിൽ നല്ലൊരു ശതമാനം ആളുകളും 55 വയസ്സിനുമുകളിൽ പ്രായമുള്ളവരായിരുന്നു എന്നാണ് 2009-ലെ കണക്ക്!
എന്നുവരികിലും ലക്ഷക്കണക്കിന് ചെറുപ്പക്കാർ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകൾ ഉപയോഗിക്കുന്നുണ്ട്. മിക്കവർക്കും ആശയവിനിമയത്തിന് ഇത് കൂടിയേതീരൂ. 17 വയസ്സുള്ള ജെസിക്ക പറയുന്നു: “ഞാൻ എന്റെ സോഷ്യൽ നെറ്റ്വർക്കിങ് അക്കൗണ്ട് വേണ്ടെന്നുവെച്ചു. പക്ഷേ ഫോണിലൂടെ സംസാരിക്കാൻ ആരും അത്ര മിനക്കെടാത്തതുകൊണ്ട് എനിക്ക് അത് പിന്നെയും ഉപയോഗിക്കേണ്ടിവന്നു. ഏതെങ്കിലും ഒരു നെറ്റ്വർക്കിങ് സൈറ്റിൽ അംഗമല്ലെങ്കിൽ ആളുകൾ നിങ്ങളെ ഏതാണ്ട് മറന്നതുപോലെയാണ്!”
സോഷ്യൽ നെറ്റ്വർക്കിനെ ഇത്ര ആകർഷകമാക്കുന്നത് എന്താണ്? പരസ്പരം അടുത്ത് ഇടപഴകാനുള്ള മനുഷ്യന്റെ സ്വാഭാവിക ആഗ്രഹം; അതാണ് സോഷ്യൽ നെറ്റ്വർക്കിന്റെ വിജയരഹസ്യം. ഇത് ഉപയോഗിക്കാൻ പലരെയും പ്രേരിപ്പിച്ചിരിക്കുന്ന ചില സംഗതികൾ നോക്കൂ:
1. സൗകര്യം.
“എല്ലാ കൂട്ടുകാരുമായും സൗഹൃദം നിലനിറുത്തിക്കൊണ്ടുപോകുക എന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ എല്ലാവരും ഒരേ സൈറ്റിൽത്തന്നെയുണ്ടെങ്കിൽ കാര്യം എളുപ്പമായി.”—ലേയ, 20.
“വെബ്പേജിൽ ഞാൻ ഒരു അഭിപ്രായം എഴുതിയാൽ എന്റെ എല്ലാ കൂട്ടുകാർക്കും ഞാൻ ഒരേ സമയം ഇ-മെയിൽ അയയ്ക്കുന്നതുപോലെയാണ്.”—ക്രിസ്റ്റീൻ, 20.
2. സമപ്രായക്കാരുടെ സമ്മർദം.
“ഒരു സോഷ്യൽ നെറ്റ്വർക്കിലും എനിക്ക് അക്കൗണ്ടില്ല. ‘സുഹൃത്തുക്കളുടെ ലിസ്റ്റിലേക്കു ചേരാമോ’ എന്ന് കൂട്ടുകാർ എപ്പോഴും എന്നോട് ചോദിക്കും. പക്ഷേ, ഒരു അക്കൗണ്ടില്ലാതെ ഞാൻ എന്തുചെയ്യും?”—നാറ്റ്ലി, 22.
“ഒരു സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റിലും ചേരാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നു പറയുമ്പോൾ ‘നിനക്ക് എന്തോ കുഴപ്പമുണ്ട്’ എന്നാണ് മറ്റുള്ളവർ പറയുന്നത്.”—ഈവ്, 18.
3. മാധ്യമങ്ങളുടെ സമ്മർദം.
“സോഷ്യൽ നെറ്റ്വർക്കുപോലെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നില്ലെങ്കിൽ ആരും നിങ്ങൾക്ക് കൂട്ടുകാരായുണ്ടാവില്ല. കൂട്ടുകാരില്ലെങ്കിൽ പിന്നെന്തു ജീവിതം. സോഷ്യൽ നെറ്റ്വർക്കിൽ ഇല്ലെങ്കിൽ നിങ്ങൾ ഒന്നുമല്ല എന്നാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്.”—കാട്രീന, 18.
4. സ്കൂൾ.
“എന്റെ അധ്യാപകരെല്ലാം സോഷ്യൽ നെറ്റ്വർക്കിലുണ്ട്. പരീക്ഷകളെക്കുറിച്ചുള്ള വിവരങ്ങളൊക്കെ അറിയിക്കാൻ ചിലർ അത് ഉപയോഗിക്കുന്നു. കണക്കുകളും മറ്റും മനസ്സിലായില്ലെങ്കിൽ ടീച്ചറിന്റെ വെബ്പേജിൽ അക്കാര്യം സൂചിപ്പിച്ചാൽ മതി, അതിലൂടെത്തന്നെ ടീച്ചർ എനിക്കതു പറഞ്ഞുതരും.”—മരീന, 17.
5. ജോലി.
“തൊഴിലന്വേഷകർക്ക് മറ്റുള്ളവരുമായി ബന്ധപ്പെടാനുള്ള നല്ലൊരു വേദിയാണ് സോഷ്യൽ നെറ്റ്വർക്ക്. ചിലപ്പോൾ ഒരു ജോലി കണ്ടെത്താൻ ഇത് അവരെ സഹായിക്കാറുമുണ്ട്.”—ആമി, 20.
“ജോലിയുമായി ബന്ധപ്പെട്ട് ഞാൻ നെറ്റ്വർക്കിങ് സൈറ്റ് ഉപയോഗിക്കുന്നു. ഇടപാടുകാരെ പുതിയ ഗ്രാഫിക് ഡിസൈൻ പ്രോജക്ടുകൾ കാണിക്കാൻ ഇത് ഒരു സഹായമാണ്.”—ഡേവിഡ്, 21.
നിങ്ങൾക്ക് ഒരു സോഷ്യൽ നെറ്റ്വർക്കിങ് അക്കൗണ്ട് ആവശ്യമുണ്ടോ? അത് തീരുമാനിക്കേണ്ടത് നിങ്ങളുടെ മാതാപിതാക്കളാണ്.c (സദൃശവാക്യങ്ങൾ 6:20) സോഷ്യൽ നെറ്റ്വർക്കിൽ ചേരേണ്ടതില്ല എന്ന് അച്ഛനമ്മമാർ പറയുന്നെങ്കിൽ അത് അനുസരിക്കുക.—എഫെസ്യർ 6:1.
ചില മാതാപിതാക്കൾ തങ്ങളുടെ മുതിർന്ന കുട്ടികളെ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകൾ ഉപയോഗിക്കാൻ അനുവദിക്കാറുണ്ട്. കുട്ടികൾ അത് എങ്ങനെ ഉപയോഗിക്കുന്നു എന്ന് അവർ നിരീക്ഷിക്കുകയും ചെയ്യുന്നു. നിങ്ങളുടെ മാതാപിതാക്കൾ അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അവർ നിങ്ങളുടെ സ്വകാര്യതയിൽ കൈകടത്തുകയാണോ? ഒരിക്കലുമല്ല. സോഷ്യൽ നെറ്റ്വർക്കുകൊണ്ട് പ്രയോജനങ്ങളുണ്ടെങ്കിലും ഇന്റർനെറ്റിന്റെ മറ്റേതൊരു ഉപയോഗത്തിലും എന്നപോലെ അതിൽ വളരെയധികം അപകടങ്ങളും പതിയിരിപ്പുണ്ട്. അതുകൊണ്ടാണ് നിങ്ങൾ അത് എങ്ങനെ ഉപയോഗിക്കുന്നു എന്ന കാര്യത്തിൽ അച്ഛനമ്മമാർ ശ്രദ്ധയുള്ളവരായിരിക്കുന്നത്. ആകട്ടെ, സോഷ്യൽ നെറ്റ്വർക്ക് ഉപയോഗിക്കാൻ നിങ്ങൾക്ക് അനുവാദമുണ്ടെങ്കിൽ അതിലെ ചതിക്കുഴികൾ എങ്ങനെ ഒഴിവാക്കാം?
‘നെറ്റിന്റെ വഴിയിൽ’ ശ്രദ്ധയോടെ
ഒരു വിധത്തിൽ പറഞ്ഞാൽ, ഇന്റർനെറ്റ് ഉപയോഗിക്കുന്നത് കാർ ഓടിക്കുന്നതുപോലെയാണ്. ലൈസൻസുള്ള എല്ലാവരും നല്ല ഡ്രൈവർമാരായിരിക്കില്ല എന്ന് നിങ്ങൾക്കറിയാമല്ലോ? പലപ്പോഴും ഡ്രൈവർമാരുടെ അശ്രദ്ധ വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുന്നു.
ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ കാര്യത്തിലും ഇത് സത്യമാണ്. ചിലർ ഉത്തരവാദിത്വത്തോടെ “ഡ്രൈവ് ചെയ്യുന്നു,” മറ്റുചിലർ അശ്രദ്ധമായി. ഇന്റർനെറ്റ് ലോകത്തിലെ ഒരു അപകടമേഖലയാണ് സോഷ്യൽ നെറ്റ്വർക്ക്. നിങ്ങൾ അതിലൂടെ ശ്രദ്ധാപൂർവം “ഡ്രൈവ് ചെയ്യുമെന്ന്” വിശ്വാസമുള്ളതുകൊണ്ടാണ് അതുപയോഗിക്കാൻ അച്ഛനമ്മമാർ നിങ്ങളെ അനുവദിക്കുന്നത്. അങ്ങനെയെങ്കിൽ നിങ്ങൾ ഏതുതരത്തിലുള്ള “ഡ്രൈവറാണ്?” “ജ്ഞാനവും വകതിരിവും” നിങ്ങളുടെ പ്രവർത്തനങ്ങളിൽ ദൃശ്യമാണോ?—സദൃശവാക്യങ്ങൾ 3:21.
സോഷ്യൽ നെറ്റ്വർക്ക് ഉപയോഗിക്കുമ്പോൾ വിശേഷശ്രദ്ധ നൽകേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ രണ്ടുവശങ്ങളെക്കുറിച്ച് ഈ ലേഖനത്തിൽ നാം ചർച്ചചെയ്യും—നിങ്ങളുടെ സ്വകാര്യതയും സമയവും. സത്പേരും സൗഹൃദങ്ങളും എന്ന മറ്റ് രണ്ടുവശങ്ങൾ അടുത്തലേഖനത്തിലും.
സ്വകാര്യത
സോഷ്യൽ നെറ്റ്വർക്കിൽ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യമില്ലെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. കാരണം, പരമാവധി ആളുകളുമായി പരിചയത്തിലാകുക എന്നതാണല്ലോ സോഷ്യൽ നെറ്റ്വർക്കിന്റെ ലക്ഷ്യംതന്നെ. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ ദുരന്തങ്ങളായിരിക്കും!
വലിയ ഒരു തുകയുമായി നിങ്ങൾ കൂട്ടുകാരോടൊപ്പം പോകുകയാണ് എന്ന് സങ്കൽപ്പിക്കുക. വഴിയെ പോകുന്ന എല്ലാവരും കാണത്തക്കവിധത്തിൽ ആയിരിക്കുമോ ആ പണം നിങ്ങൾ കൊണ്ടുപോകുക? എങ്കിൽ അത് മണ്ടത്തരമായിരിക്കും. ‘എന്നെ കൊള്ളയടിച്ചോളൂ’ എന്ന് ആരോടെങ്കിലും പറയുന്നതുപോലെയായിരിക്കും അത്. നിങ്ങൾക്ക് മിടുക്കുണ്ടെങ്കിൽ മറ്റാരും കാണാത്തവിധത്തിൽ സമർഥമായി പണം മറച്ചുപിടിക്കും.
നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളെ നിങ്ങളുടെ കൈവശമുള്ള പണം ആയി കണക്കാക്കാം. ഇത് മനസ്സിൽപ്പിടിച്ചുകൊണ്ട് താഴെക്കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചിന്തിക്കുക. തികച്ചും അപരിചിതനായ ഒരു വ്യക്തിയോട് ഇതിൽ ഏതെല്ലാം കാര്യങ്ങളായിരിക്കും നിങ്ങൾ പറയാൻ മടിക്കുക.
___ എന്റെ അഡ്രസ്സ്
___ എന്റെ ഇ-മെയിൽ അഡ്രസ്സ്
___ ഞാൻ പഠിക്കുന്ന സ്കൂൾ
___ ഞാൻ വീട്ടിലുള്ള സമയം
___ വീട്ടിൽ ആരും ഇല്ലാത്ത സമയം
___ എന്റെ ഫോട്ടോകൾ
___ എന്റെ കാഴ്ചപ്പാടുകൾ
___ എന്റെ ഇഷ്ടാനിഷ്ടങ്ങൾ
അങ്ങേയറ്റം തുറന്നിടപെടുന്ന പ്രകൃതമായിരിക്കാം നിങ്ങളുടേത്. എങ്കിൽപ്പോലും മേൽപ്പറഞ്ഞ കാര്യങ്ങളിൽ ചിലതെങ്കിലും എല്ലാവരോടും പറയാൻ പാടില്ലെന്ന് നിങ്ങൾ സമ്മതിക്കും. പക്ഷേ പല ചെറുപ്പക്കാരും, എന്തിന് മുതിർന്നവർപോലും, അറിയാതെ അത്തരം വിവരങ്ങൾ അപരിചിതരുമായി പങ്കുവെച്ചിരിക്കുന്നു എന്നതാണ് യാഥാർഥ്യം! അത്തരം ചതിക്കുഴിയിൽ വീഴാതിരിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
സോഷ്യൽ നെറ്റ്വർക്ക് ഉപയോഗിക്കാൻ നിങ്ങൾക്ക് അനുവാദമുണ്ടെങ്കിൽ സ്വകാര്യത ഉറപ്പുവരുത്താനുള്ള അതിലെ ക്രമീകരണങ്ങൾ നന്നായി മനസ്സിലാക്കി അവ ഉപയോഗിക്കുക. ഇത്തരം പ്രൈവസി സെറ്റിങ്ങുകൾ ക്രമീകരിക്കാൻ നെറ്റ്വർക്കിങ് സൈറ്റിനെ മാത്രം ആശ്രയിക്കുന്നെങ്കിൽ നിങ്ങൾ വിചാരിക്കുന്നതിലും കൂടുതൽ ആളുകൾ നിങ്ങളുടെ വെബ്പേജ് കാണുകയും അതിൽ അഭിപ്രായങ്ങൾ എഴുതുകയും ചെയ്തേക്കാം. അക്കാരണത്താലാണ് അലിസൺ എന്ന യുവതി തന്റെ വെബ്പേജിന്റെ പ്രൈവസി സെറ്റിങ് തനിയെ ചെയ്യാൻ തീരുമാനിച്ചത്. തന്നിമിത്തം അവളുടെ ഏറ്റവും അടുത്ത കൂട്ടുകാർക്കുമാത്രമേ അവൾ എഴുതുന്ന അഭിപ്രായങ്ങൾ വായിക്കാൻ കഴിയുകയുള്ളൂ. അവൾ പറയുന്നു: “എന്റെ ചില കൂട്ടുകാരുടെ കൂട്ടുകാരെ എനിക്കു പരിചയമില്ലായിരുന്നു. അതുകൊണ്ടുതന്നെ എന്നെക്കുറിച്ചുള്ള വിവരങ്ങൾ അങ്ങനെയുള്ളവർ കാണുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല.”
ഏറ്റവും അടുത്ത കൂട്ടുകാരുമായി മാത്രമാണ് നിങ്ങൾ നെറ്റ്വർക്ക് പങ്കുവെക്കുന്നതെങ്കിൽപ്പോലും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. 21 വയസ്സുള്ള കോറിൻ പറയുന്നത് ഇങ്ങനെയാണ്: “കൂട്ടുകാരുടെ അഭിപ്രായങ്ങൾ വായിക്കുന്നത് പതിയെപ്പതിയെ ഒരു ആസക്തിയായി മാറും. പിന്നീട്, നിങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾ വെളിപ്പെടുത്താൻ തുടങ്ങും; ഒരുപക്ഷേ, പറയാൻ പാടില്ലാത്തതുപോലും.”
പൂർണമായ അളവിലുള്ള “സ്വകാര്യത” ഇന്റർനെറ്റിൽ അസാധ്യമാണ് എന്ന കാര്യം മറക്കരുത്. സൈബർസേഫ് എന്ന തന്റെ പുസ്തകത്തിൽ ഗ്വെൻ ഷൂർഗിൻ ഓകീഫ് ഇങ്ങനെ പറയുന്നു: “വലിയ വെബ്സൈറ്റുകൾ, ലഭിക്കുന്ന വിവരങ്ങളുടെ കോപ്പികൾ സൂക്ഷിക്കാറുണ്ട്. നാം വെബ്സൈറ്റിനു കൊടുക്കുന്ന വിവരങ്ങൾ പൂർണമായി ഇല്ലാതാക്കാനാകില്ല എന്നതാണ് സത്യം; അതിന്റെ കോപ്പി എവിടെയെങ്കിലുമൊക്കെ ഉണ്ടാകും. മറിച്ചു ചിന്തിക്കുന്നത് വിഡ്ഢിത്തമാണ്.”
സമയം
നിങ്ങളുടെ സ്വകാര്യതയെ മാത്രമല്ല സമയത്തെയും പണത്തോട് താരതമ്യം ചെയ്യാനാകും. പണത്തിന്റെ കാര്യത്തിലെന്നപോലെ സമയവും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതുണ്ട്. (സഭാപ്രസംഗി 3:1) സോഷ്യൽ നെറ്റ്വർക്കിങ് ഉൾപ്പെടെ ഇന്റർനെറ്റിന്റെ ഏതൊരു ഉപയോഗത്തിലും പക്ഷേ ഇത് അത്ര എളുപ്പമല്ല.d
“ഒരു മിനിട്ടുനേരത്തേക്ക് എന്നു പറഞ്ഞാണ് പലപ്പോഴും ഞാൻ ഇന്റർനെറ്റ് ഉപയോഗിക്കാൻ തുടങ്ങാറ്. പക്ഷേ, ഒരു മണിക്കൂർ കഴിഞ്ഞാലും ഞാൻ അതിന്റെ മുമ്പിലായിരിക്കും.”—അമാൻഡ, 18.
“സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ, സൈറ്റിൽ ഞാൻ കൊടുത്തിരിക്കുന്ന വിവരങ്ങളെക്കുറിച്ച് മറ്റുള്ളവർക്കുള്ള അഭിപ്രായങ്ങളും അവർ സൈറ്റിൽ കൊടുത്തിരിക്കുന്ന വിവരങ്ങളും നോക്കി മണിക്കൂറുകളോളം ഞാൻ ചെലവഴിക്കും. എനിക്ക് അതിനോട് വല്ലാത്ത ഒരു ഭ്രമമായിരുന്നു.”—കാര, 16.
“ഫോണിലും ഇന്റർനെറ്റ് കണക്ഷൻ ഉണ്ടായിരുന്നതുകൊണ്ട് സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും അവിടെ ആയിരിക്കുമ്പോഴും ഞാൻ അതിൽത്തന്നെയായിരുന്നു. തിരിച്ചു വീട്ടിലെത്തിയാൽ കമ്പ്യൂട്ടറിന്റെ മുന്നിലേക്ക് ഓടും. ഞാൻ അതിന് അടിപ്പെട്ടുപോയെന്ന് അറിയാമായിരുന്നെങ്കിലും അതിൽനിന്ന് ഊരിപ്പോരാൻ എനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല.”—റെയ്ൻ, 17.
സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റ് ഉപയോഗിക്കാൻ അച്ഛനമ്മമാർ നിങ്ങളെ അനുവദിച്ചിട്ടുണ്ടെങ്കിൽ ഓരോ ദിവസവും എത്രമാത്രം സമയം അതിൽ ചെലവഴിക്കുന്നതായിരിക്കും ഉചിതമെന്ന് ചിന്തിക്കുക. എന്നിട്ട് ഒരു മാസക്കാലം, നിങ്ങൾ അതിൽ ചെലവഴിച്ച സമയം നിരീക്ഷിക്കുക. സമയപരിധിക്കപ്പുറം പോയിട്ടില്ല എന്ന് ഉറപ്പുവരുത്തുക. സമയം പണത്തിനു തുല്യമാണ്; അതു “കൊള്ളയടിക്കാൻ” സോഷ്യൽ നെറ്റ്വർക്കിനെ ഒരിക്കലും അനുവദിക്കരുത്. വളരെ പ്രധാനപ്പെട്ട വേറെ ചില കാര്യങ്ങളും ജീവിതത്തിൽ ഉണ്ട് എന്ന് മനസ്സിൽപ്പിടിക്കുക.—എഫെസ്യർ 5:15, 16; ഫിലിപ്പിയർ 1:10.
സോഷ്യൽ നെറ്റ്വർക്കിൽ പരിധിയിലേറെ സമയം ചെലവഴിക്കാതിരിക്കാൻ ചില ചെറുപ്പക്കാർ വളരെയധികം ശ്രദ്ധിക്കുന്നു. ചിലരുടെ അഭിപ്രായങ്ങൾ കേൾക്കൂ:
“അക്കൗണ്ട് ഉപയോഗിക്കാതായപ്പോൾ എനിക്ക് ആവശ്യത്തിലേറെ സമയം ലഭിച്ചു, ഞാൻ ശരിക്കും ഫ്രീയായി! അടുത്തിടെ ഞാൻ അത് വീണ്ടും ഉപയോഗിക്കാൻ തുടങ്ങിയെങ്കിലും ഒരിക്കലും അതിരുവിടാറില്ല. ദിവസങ്ങളോളം ഞാൻ അത് നോക്കാറുപോലുമില്ല. ചിലപ്പോഴൊക്കെ അക്കാര്യം മറന്നുതന്നെ പോകും. സോഷ്യൽ നെറ്റ്വർക്കിങ് വീണ്ടും ഒരു പ്രശ്നമായിത്തീർന്നാൽ അത് ഇനിയും വേണ്ടെന്നുവെക്കാൻ എനിക്കു മടിയില്ല.”—അലിസൺ, 19.
“ഏറെ സമയം നെറ്റ്വർക്കിൽ ചെലവഴിക്കുന്നു എന്നു തോന്നിയാൽ ഞാൻ ‘നെറ്റ്വർക്കിന് ഒരു അവധി കൊടുക്കും.’ അതായത് ഏതാനും മാസത്തേക്ക് ഞാൻ അക്കൗണ്ട് ഉപയോഗിക്കില്ല. ഞാൻ അതിന് അടിമയാണെന്ന് ഇപ്പോൾ എനിക്കു തോന്നാറില്ല. എന്തെങ്കിലും ആവശ്യമുള്ളപ്പോൾ മാത്രമാണ് ഞാൻ അത് ഉപയോഗിക്കുന്നത്.”—ആൻ, 22.
സോഷ്യൽ നെറ്റ്വർക്കിങ് —അതിന്റെ പിന്നിലെ യാഥാർഥ്യം
സോഷ്യൽ നെറ്റ്വർക്കിങ്ങിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. അതു മനസ്സിലാക്കാൻ സഹായിക്കുന്നതാണ് താഴെക്കൊടുത്തിരിക്കുന്ന ചോദ്യം. നിങ്ങളുടെ ഉത്തരത്തിനുനേരെ ✔ ചെയ്യുക.
സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റ് പ്രധാനമായും എന്താണ്?
(എ) ___ ഒരു ബിസിനസ്സ്.
(ബി) ___ ഒരു സാമൂഹിക കൂട്ടായ്മ.
(സി) ___ ഒരു വിനോദോപാധി.
ശരിയുത്തരം ഏതാണ്? നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഉത്തരം ‘എ’ ആണ്. അതെ, സോഷ്യൽ നെറ്റ്വർക്ക് എന്നത് മുഖ്യമായും ഒരു ബിസിനസ്സാണ്. പരസ്യത്തിലൂടെ ലാഭമുണ്ടാക്കുക എന്ന കച്ചവടക്കണ്ണാണ് അതിനുപിന്നിൽ. കൂടുതൽ ആളുകൾ സൈറ്റ് ഉപയോഗിക്കാൻ തുടങ്ങുകയും അവരുടെ വിവരങ്ങൾ വ്യാപകമായി കൈമാറുകയും ചെയ്യുമ്പോൾ പരസ്യം ചെയ്യുന്നവർക്കാണ് നെറ്റ്വർക്ക് ഏറെ ഗുണം ചെയ്യുന്നത്. കാരണം, നിങ്ങളോ മറ്റുള്ളവരോ കൂടുതൽ സമയം നെറ്റ്വർക്കിൽ ചെലവഴിക്കുമ്പോൾ കൂടുതൽ പരസ്യങ്ങളും കാണാൻ ഇടവരുമല്ലോ.
ഇതിനർഥം, നിങ്ങളുടെ അഭിപ്രായങ്ങൾ കൂടുതൽ ആളുകളുമായി പങ്കുവെക്കുന്നതുകൊണ്ടോ കൂടുതൽ സമയം ഇന്റർനെറ്റിൽ ചെലവഴിക്കുന്നതുകൊണ്ടോ സോഷ്യൽ നെറ്റ്വർക്കിന് ഒന്നും നഷ്ടപ്പെടാനില്ല എന്നാണ്, പരസ്യക്കാർക്കാണെങ്കിൽ ലാഭവും. അതുകൊണ്ട് സോഷ്യൽ നെറ്റ്വർക്ക് ഉപയോഗിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുക. എത്രത്തോളം സമയം അതിനായി ചെലവഴിക്കുന്നു എന്ന് സുസൂക്ഷ്മം നിരീക്ഷിക്കുക. (g11-E 07)
അടുത്ത ലേഖനത്തിൽ. . .
സോഷ്യൽ നെറ്റ്വർക്കിങ് നിങ്ങളുടെ സത്പേരിനെയും സൗഹൃദങ്ങളെയും ബാധിക്കുന്നത് എങ്ങനെ?
“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്സൈറ്റിൽ കാണാവുന്നതാണ്.
[അടിക്കുറിപ്പുകൾ]
a പേരുകൾക്ക് മാറ്റം വരുത്തിയിരിക്കുന്നു.
b സോഷ്യൽ നെറ്റ്വർക്ക് എന്നത് അതിൽ അംഗത്വമുള്ള ഒരുകൂട്ടം സുഹൃത്തുക്കൾ തമ്മിൽ പരസ്പരം ആശയവിനിമയം നടത്താൻ സഹായിക്കുന്ന ഒരു വെബ്സൈറ്റാണ്.
c ഏതെങ്കിലും ഒരു പ്രത്യേക നെറ്റ്വർക്കിങ് സൈറ്റിന്റെ ഉപയോഗത്തെ ഉണരുക! പ്രോത്സാഹിപ്പിക്കുകയോ കുറ്റംവിധിക്കുകയോ ചെയ്യുന്നില്ല. എന്നാൽ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ബൈബിൾ തത്ത്വങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ക്രിസ്ത്യാനികൾ ഉറപ്പുവരുത്തണം.—1 തിമൊഥെയൊസ് 1:5, 19.
d കൂടുതൽ വിവരങ്ങൾക്കായി 2011 ഏപ്രിൽ ലക്കം ഉണരുക!-യിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . ഞാൻ ഇലക്ട്രോണിക് ഉപകരണങ്ങളുടെ അടിമയാണോ?” എന്ന ലേഖനം കാണുക. “സോഷ്യൽ നെറ്റ്വർക്കിങ് എന്റെയൊരു ബലഹീനതയായിരുന്നു” എന്ന 18-ാം പേജിലെ ചതുരവും.
[15-ാം പേജിലെ ആകർഷക വാക്യം]
5 കോടി ശ്രോതാക്കളെ സമ്പാദിക്കാൻ റേഡിയോ 38 വർഷമെടുത്തു
[15-ാം പേജിലെ ആകർഷക വാക്യം]
അടുത്തയിടെ ഒരു വർഷത്തിനുള്ളിൽ 20 കോടിയിലധികം ആളുകളാണ് സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റായ ഫേസ്ബുക്കിൽ ഇടംനേടിയത്
[17-ാം പേജിലെ ചതുരം]
മാതാപിതാക്കളോടു ചോദിച്ചുനോക്കുക
നെറ്റ്വർക്കിങ് സൈറ്റിലെ പ്രൈവസി സെറ്റിങ്ങുകളെക്കുറിച്ച് അച്ഛനമ്മമാരോട് സംസാരിക്കുക. ഏതൊക്കെ വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കുന്നതായിരിക്കും ഉചിതം, എന്തുകൊണ്ട്? ഒരു ഇന്റർനെറ്റ് സൈറ്റിലും കൊടുക്കരുതാത്ത വിവരങ്ങൾ എന്തൊക്കെയാണ്? ഇന്റർനെറ്റിലൂടെയുള്ള സൗഹൃദങ്ങളും നേരിട്ടുള്ള സൗഹൃദങ്ങളും സമനിലയിൽ കൊണ്ടുപോകാൻ എങ്ങനെ കഴിയും? ഇക്കാര്യത്തിൽ നിങ്ങൾ എന്തെല്ലാം മാറ്റങ്ങൾ വരുത്താനാണ് അച്ഛനമ്മമാർ നിർദേശിക്കുന്നത്?
[16-ാം പേജിലെ ചിത്രം]
സോഷ്യൽ നെറ്റ്വർക്കിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ വിചാരിക്കുന്നത്ര രഹസ്യമായിരിക്കണമെന്നില്ല
[17-ാം പേജിലെ ചിത്രം]
സമയം പണം പോലെയാണ്. ഒരു സ്ഥലത്തുതന്നെ അത് ചെലവഴിച്ചുതീർത്താൽ ഒരാവശ്യം വരുമ്പോൾ ഉണ്ടായെന്നുവരില്ല