യുവജനങ്ങൾ ചോദിക്കുന്നു
സോഷ്യൽ നെറ്റ്വർക്കിങ്—ഞാൻ അറിഞ്ഞിരിക്കേണ്ടത്—ഭാഗം 2
താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതു കാര്യത്തിനായിരിക്കും നിങ്ങൾ പ്രാധാന്യം കൊടുക്കുക? പ്രാധാന്യം അനുസരിച്ച് ഓരോന്നിനും നമ്പർ നൽകുക:
___ എന്റെ സ്വകാര്യത
___ എന്റെ സമയം
___ എന്റെ സത്പേര്
___ എന്റെ സൗഹൃദങ്ങൾ
നിങ്ങൾ ഒന്നാം സ്ഥാനം നൽകിയത് ഏതിനാണെങ്കിലും, ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതായി നിങ്ങൾ കരുതുന്ന ആ കാര്യത്തെയും അതോടൊപ്പം കൊടുത്തിരിക്കുന്ന മറ്റു മൂന്നു സംഗതികളെയും സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റിന്റെ ഉപയോഗം അപകടത്തിലാക്കിയേക്കാം.
നിങ്ങൾക്ക് ഒരു സോഷ്യൽ നെറ്റ്വർക്കിങ് അക്കൗണ്ട് ആവശ്യമാണോ? അത് തീരുമാനിക്കേണ്ടത് നിങ്ങളുടെ മാതാപിതാക്കളാണ്.a (സദൃശവാക്യങ്ങൾ 6:20) കാരണം, സോഷ്യൽ നെറ്റ്വർക്കുകൊണ്ട് പ്രയോജനങ്ങളുണ്ടെങ്കിലും ഇന്റർനെറ്റിന്റെ മറ്റേതൊരു ഉപയോഗത്തിലും എന്നപോലെ അതിൽ അപകടങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. അതുകൊണ്ട് സോഷ്യൽ നെറ്റ്വർക്കിൽ ചേരേണ്ടതില്ല എന്ന് അച്ഛനമ്മമാർ പറയുന്നെങ്കിൽ അത് അനുസരിക്കുക.—എഫെസ്യർ 6:1.
സോഷ്യൽ നെറ്റ്വർക്ക് ഉപയോഗിക്കാൻ അച്ഛനമ്മമാർ നിങ്ങളെ അനുവദിച്ചിട്ടുണ്ടെങ്കിൽ അതിൽ പതിയിരിക്കുന്ന അപകടങ്ങൾ എങ്ങനെ ഒഴിവാക്കാം? സോഷ്യൽ നെറ്റ്വർക്കിന്റെ ഉപയോഗം നിങ്ങളുടെ സ്വകാര്യതയെയും സമയത്തെയും ബാധിക്കുന്നത് എങ്ങനെയെന്ന് കഴിഞ്ഞ ലേഖനത്തിൽ നാം കാണുകയുണ്ടായി. നിങ്ങളുടെ സത്പേരിനെയും സൗഹൃദങ്ങളെയും അത് എങ്ങനെ അപകടത്തിലാക്കിയേക്കാം എന്ന് ഈ ലേഖനം വിശദീകരിക്കുന്നു.
സത്പേര്
സത്പേര് കാത്തുസൂക്ഷിക്കുക എന്നാൽ നിങ്ങളെക്കുറിച്ച് മോശമായി ചിന്തിക്കാൻ മറ്റുള്ളവർക്ക് ഒരു കാരണവും നൽകാതിരിക്കുക എന്നാണ്. ഉദാഹരണത്തിന്, നിങ്ങൾ ഒരു പുതിയ കാർ വാങ്ങിയെന്ന് വിചാരിക്കുക. ഒരു പോറൽ പോലുമില്ലാത്ത ആ വാഹനം അതേനിലയിൽത്തന്നെ സൂക്ഷിക്കണമെന്നായിരിക്കും നിങ്ങളുടെ ആഗ്രഹം. പക്ഷേ, നിങ്ങളുടെ അശ്രദ്ധകൊണ്ട് ഒരു അപകടത്തിൽപ്പെട്ട് ആ കാർ തകർന്നു തരിപ്പണമായാൽ നിങ്ങൾക്ക് എന്തു തോന്നും?
ശ്രദ്ധിച്ചില്ലെങ്കിൽ, സോഷ്യൽ നെറ്റ്വർക്ക് ഉപയോഗിക്കുമ്പോൾ നിങ്ങളുടെ സത്പേരിന്റെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചേക്കാം. “അശ്രദ്ധമായി കൊടുക്കുന്ന ഒരൊറ്റ ചിത്രമോ അഭിപ്രായമോ മതി നിങ്ങളുടെ പേര് ചീത്തയാകാൻ,” കാര എന്ന പെൺകുട്ടി പറയുന്നു. ചിത്രങ്ങളും അഭിപ്രായങ്ങളും നിങ്ങളുടെ സത്പേരിനെ ബാധിച്ചേക്കാവുന്നത് എങ്ങനെയെന്ന് നോക്കുക.
● നിങ്ങളുടെ ചിത്രങ്ങൾ. മറ്റുള്ളവർ ‘നിങ്ങളുടെ സത്പ്രവൃത്തികൾ കാണട്ടെ’ എന്ന് പത്രോസ് അപ്പൊസ്തലൻ എഴുതുകയുണ്ടായി. (1 പത്രോസ് 2:12) സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റിൽ മറ്റുള്ളവരുടെ ഫോട്ടോകൾ കാണുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നാറുള്ളത്?
“കുടിച്ച് മത്തരായിരിക്കുന്നതുപോലെയുള്ള ഫോട്ടോകളാണ് വളരെ മാന്യരായി ഞാൻ കരുതിയിരുന്ന ചിലർ സൈറ്റിൽ കൊടുത്തിരിക്കുന്നത്.”—അനാ, 19.
“അനാവശ്യ ശ്രദ്ധയാകർഷിക്കുന്ന വിധത്തിലുള്ള ഫോട്ടോകൾ സൈറ്റിൽ ഇട്ടിരിക്കുന്ന ചില പെൺകുട്ടികളെ എനിക്കറിയാം. നേരിൽ കാണുന്ന ആളുകളേയല്ല സോഷ്യൽ നെറ്റ്വർക്കിൽ.”—കാര, 19.
സോഷ്യൽ നെറ്റ്വർക്കിങ് പേജിലെ ഫോട്ടോയിൽ ഒരു വ്യക്തി, (1) മോശം വികാരങ്ങൾ ഉണർത്തിയേക്കാവുന്നതരം വസ്ത്രം ധരിച്ചിരിക്കുന്നതായോ (2) കുടിച്ച് ലഹരിപിടിച്ചിരിക്കുന്നതായോ കണ്ടാൽ അയാളെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നും?
1 ․․․․․
2 ․․․․․
● നിങ്ങളുടെ അഭിപ്രായങ്ങൾ. “ദുഷിച്ചതൊന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്” എന്നാണ് ബൈബിൾ പറയുന്നത്. (എഫെസ്യർ 4:29) പക്ഷേ, മര്യാദയില്ലാത്ത ഭാഷയും ഗോസിപ്പും അസഭ്യവിഷയങ്ങളും സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകളിൽ കടന്നുവരാറുണ്ടെന്ന് ചിലർ പറയുന്നു.
“സോഷ്യൽ നെറ്റ്വർക്കിൽ എന്തുംചെയ്യാൻ പലർക്കും ഒരു ചമ്മലുമില്ല. ഉറക്കെ പറയാൻ മടിക്കുന്ന കാര്യങ്ങൾപോലും ടൈപ്പ് ചെയ്യുമ്പോൾ അത്ര മോശമായി അവർക്കു തോന്നാറേയില്ല. അസഭ്യമായിരിക്കില്ല നിങ്ങൾ എഴുതുന്നത്. പക്ഷേ, ശൃംഗാരവും ധിക്കാരവും അശ്ലീലവും പ്രതിധ്വനിക്കുന്നതായിരിക്കാം നിങ്ങളുടെ വാക്കുകൾ.”—ഡാനിയേല, 19.
സോഷ്യൽ നെറ്റ്വർക്കിലായിരിക്കുമ്പോൾ എന്തുംചെയ്യാൻ ആളുകൾക്ക് യാതൊരു സങ്കോചവുമില്ലാത്തത് എന്തുകൊണ്ടായിരിക്കാം?
․․․․․
നിങ്ങൾ സൈറ്റിൽ കൊടുക്കുന്ന അഭിപ്രായങ്ങളും ഫോട്ടോകളും അത്ര കാര്യമാക്കേണ്ടതുണ്ടോ? തീർച്ചയായും! “സ്കൂളിൽ അത് വലിയൊരു സംസാരവിഷയം തന്നെയാണ്,” കൗമാരക്കാരിയായ ജെയ്ൻ പറയുന്നു. “സോഷ്യൽ നെറ്റ്വർക്കിങ് പേജുകൾ നോക്കി ഉദ്യോഗാർഥികളുടെ വ്യക്തിത്വം അളക്കുന്ന തൊഴിൽദാതാക്കളെക്കുറിച്ചും ഞങ്ങൾ സംസാരിക്കാറുണ്ട്.”
ജോലിക്കാരെ നിയമിക്കുന്നതിനുമുമ്പ് താൻ അവരുടെ നെറ്റ്വർക്കിങ് പേജ് നോക്കാറുള്ളതായി ഫേസ്ബുക്ക് ഫോർ പേരന്റ്സ് എന്ന തന്റെ പുസ്തകത്തിൽ ഡോ. ബി.ജെ ഫോഗ് പറയുന്നു. “ആളുകളെ തിരഞ്ഞെടുക്കുമ്പോൾ ഇത് അവശ്യം കണക്കിലെടുക്കേണ്ട ഒന്നാണെന്ന് ഞാൻ കരുതുന്നു. ഒരാളുടെ വെബ്പേജ് കാണാനായാൽ, അതിൽ അനാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ ഞാൻ അയാളെ ജോലിക്കെടുക്കില്ല. എന്റെ കൂടെ ജോലി ചെയ്യുന്നവർ നല്ല വിവേചനയുള്ളവരായിരിക്കണം എന്ന് എനിക്കു നിർബന്ധമുണ്ട്.”
ഇനി, നിങ്ങൾ ഒരു ക്രിസ്ത്യാനിയാണെങ്കിൽ മനസ്സിൽപ്പിടിക്കേണ്ട പ്രധാനപ്പെട്ട ഒന്നുണ്ട്. നിങ്ങളുടെ പേജ് കാണുമ്പോൾ മറ്റുള്ളവർക്ക്, അവർ സഹാരാധകരാണെങ്കിലും അല്ലെങ്കിലും, എന്തു തോന്നും എന്ന് ചിന്തിക്കുക. “ഒരുതരത്തിലും ഞങ്ങൾ ഇടർച്ചയ്ക്കു കാരണമുണ്ടാക്കുന്നില്ല” എന്ന് പൗലോസ് അപ്പൊസ്തലൻ എഴുതുകയുണ്ടായി.—2 കൊരിന്ത്യർ 6:3; 1 പത്രോസ് 3:16.
നിങ്ങൾക്ക് ചെയ്യാനാകുന്നത്
സോഷ്യൽ നെറ്റ്വർക്ക് ഉപയോഗിക്കാൻ നിങ്ങളെ അനുവദിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ സൈറ്റിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ ഒന്നു വിലയിരുത്തുക: ‘ഈ ഫോട്ടോകൾ എന്നെക്കുറിച്ച് എന്തു വെളിപ്പെടുത്തുന്നു? മറ്റുള്ളവർ എന്നെ ഇങ്ങനെ കാണാനാണോ ഞാൻ ആഗ്രഹിക്കുന്നത്? എന്റെ ഈ ഫോട്ടോകൾ അച്ഛനമ്മമാരെയോ ഒരു ക്രിസ്തീയ മൂപ്പനെയോ ഒരു തൊഴിൽദാതാവിനെയോ കാണിക്കാൻ കൊള്ളാവുന്നതാണോ?’ അവസാനത്തെ ഈ രണ്ടുചോദ്യങ്ങൾക്ക് അല്ല എന്നാണ് ഉത്തരമെങ്കിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുക. 21 വയസ്സുള്ള കെയ്റ്റ് ചെയ്തത് അതാണ്. “വെബ്പേജിലുള്ള എന്റെ ചിത്രത്തെക്കുറിച്ച് ഒരു ക്രിസ്തീയ മൂപ്പൻ എന്നോട് സംസാരിച്ചതിൽ എനിക്ക് വളരെയധികം നന്ദിയുണ്ട്. എന്റെ പേര് മോശമാകരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.”
ഇനി, നിങ്ങൾ കൊടുത്തിരിക്കുന്നതും മറ്റുള്ളവർ നിങ്ങളുടെ പേജിൽ കൊടുത്തിരിക്കുന്നതുമായ അഭിപ്രായങ്ങൾ ശ്രദ്ധാപൂർവം അവലോകനം ചെയ്യുക; “മൗഢ്യഭാഷണം, അശ്ലീലഫലിതം” എന്നിവ അനുവദിക്കരുത്. (എഫെസ്യർ 5:3, 4) “ചിലരുടെ അഭിപ്രായങ്ങളിൽ മോശമായ വാക്കുകളോ ദ്വയാർഥപ്രയോഗങ്ങളോ ഒക്കെ ഉണ്ടായിരിക്കാം. അവ നിങ്ങളുടെ അഭിപ്രായമല്ലെങ്കിലും അതു നിങ്ങളുടെ സത്പേര് കളയും. കാരണം ആ പേജ് നിങ്ങളുടേതാണ്,” 19 വയസ്സുള്ള ജെയ്ൻ പറയുന്നു.
സൈറ്റിൽ കൊടുത്തിരിക്കുന്ന ഫോട്ടോകളും അഭിപ്രായങ്ങളും സത്പേരിനെ ബാധിക്കാതിരിക്കാൻ എന്തെല്ലാം മുൻകരുതലുകളാണ് നിങ്ങൾ എടുത്തിരിക്കുന്നത്?
․․․․․
സൗഹൃദങ്ങൾ
നിങ്ങൾക്ക് ഒരു പുതിയ കാർ ഉണ്ടെങ്കിൽ വഴിയിൽക്കാണുന്ന ഏതൊരാളെയും അതിൽ കയറ്റുമോ? ഇതുപോലൊരു സാഹചര്യമാണ് സോഷ്യൽ നെറ്റ്വർക്കിലും ഉള്ളത്. അതിൽ ഒരു അക്കൗണ്ട് ഉണ്ടായിരിക്കാൻ അച്ഛനമ്മമാർ നിങ്ങളെ അനുവദിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ ‘ചങ്ങാതിക്കൂട്ടത്തിലേക്ക്’ ആരെയെല്ലാം ചേർക്കും എന്ന കാര്യത്തിൽ വളരെ ശ്രദ്ധിക്കണം. ആകട്ടെ, നിങ്ങൾ ആരെയെല്ലാം തിരഞ്ഞെടുക്കും?
“ചിലർക്ക് എങ്ങനെയെങ്കിലും സുഹൃത്തുക്കളുടെ എണ്ണംകൂട്ടിയാൽ മതി; എത്ര കൂടുതലുണ്ടോ അത്രയും നല്ലത്. ഒരു പരിചയമില്ലാത്തവരെപ്പോലും അവർ കൂട്ടത്തിൽ ചേർത്തേക്കാം.”—നയീഷ, 16.
“പണ്ടെങ്ങോ അറ്റുപോയ ബന്ധങ്ങൾ വിളക്കിച്ചേർക്കാൻ സോഷ്യൽ നെറ്റ്വർക്ക് സഹായിക്കും. പക്ഷേ അതിന് ശ്രമിക്കാതിരിക്കുന്നതായിരിക്കും പലപ്പോഴും നല്ലത്.”—എലെൻ, 25.
നിങ്ങൾക്ക് ചെയ്യാനാകുന്നത്
നിർദേശം: ലിസ്റ്റ് പുനഃപരിശോധിക്കുക. നിങ്ങളുടെ സുഹൃത്തുക്കളുടെ ലിസ്റ്റ് പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുക. ഓരോരുത്തരുടെയും കാര്യത്തിൽ ഇങ്ങനെ ചോദിക്കാനാകും:
1. ‘ഈ വ്യക്തിയുടെ യഥാർഥമുഖം എനിക്കറിയാമോ?’
2. ‘ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങളും ചിത്രങ്ങളും എങ്ങനെയുള്ളതാണ്?’
3. ‘ഈ വ്യക്തി എന്നെ നല്ല രീതിയിൽ സ്വാധീനിക്കുന്ന ഒരാളാണോ?’
“എല്ലാ മാസവും എന്റെ ‘സുഹൃത്തുക്കളുടെ ലിസ്റ്റ്’ ഞാൻ പരിശോധിക്കാറുണ്ട്. എനിക്ക് അത്ര പരിചയമില്ലാത്ത ആരെങ്കിലും ലിസ്റ്റിൽ ഉണ്ടെങ്കിൽ അഥവാ ചിലരുടെ സൗഹൃദം എനിക്ക് അസ്വസ്ഥത ഉളവാക്കുന്നെങ്കിൽ ഞാൻ അവരെ ലിസ്റ്റിൽനിന്നു നീക്കും.”—ഇവാന, 17.
നിർദേശം: നിലവാരങ്ങൾ വെക്കുക. സാധാരണഗതിയിൽ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ നാം ചില പരിധികൾ വെക്കാറുണ്ട്. സോഷ്യൽ നെറ്റ്വർക്കിലൂടെ സുഹൃത്തുക്കളെ കണ്ടെത്തുമ്പോഴും അത്തരം ചില അതിർവരമ്പുകൾ വെക്കേണ്ടതാണ്. (1 കൊരിന്ത്യർ 15:33) ലിയാൻ എന്ന യുവതി പറയുന്നു: “എന്റെ പോളിസി ഇതാണ്: അസ്വസ്ഥതയുണ്ടാക്കുന്ന എന്തെങ്കിലും നിങ്ങളുടെ പേജിൽ കണ്ടാൽ എന്റെ ‘കൂട്ടുകാരുടെ ലിസ്റ്റിൽനിന്ന്’ ഞാൻ നിങ്ങളുടെ പേര് വെട്ടും. പിന്നെ ഒരിക്കലും ഞാൻ നിങ്ങളെ ലിസ്റ്റിൽ ചേർക്കില്ല. ഇനി, എനിക്ക് പരിചയമില്ലാത്ത ഒരാളാണ് നിങ്ങളെങ്കിൽ ഞാൻ നിങ്ങളെ എന്റെ സുഹൃത്താക്കുകയുമില്ല.” മറ്റുപലരും ഇതുപോലെയുള്ള നിയന്ത്രണങ്ങൾ വെച്ചിട്ടുണ്ട്.
“കാണുന്നവരെയെല്ലാം കൂട്ടുകാരാക്കിയാൽ വലിയ പ്രശ്നമായേക്കാം. അതുകൊണ്ട് ഞാൻ അതിന് നിൽക്കാറില്ല.”—എറിൻ, 21.
“സ്കൂളിൽ കൂടെ പഠിച്ചിരുന്നവർ പലരും സോഷ്യൽ നെറ്റ്വർക്കിങ്ങിലൂടെ എന്നോട് കൂട്ടുകൂടാൻ ശ്രമിക്കാറുണ്ട്. അന്ന് ഞാൻ ഇക്കൂട്ടരെ കഴിവതും അകറ്റി നിറുത്തിയിരുന്നതാണ്. ആ സ്ഥിതിക്ക് അവരുമായി ഇപ്പോൾ എന്തിന് സൗഹൃദം തുടങ്ങണം?”—അലക്സ്, 21.
സോഷ്യൽ നെറ്റ്വർക്കിൽ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നിങ്ങൾ വെച്ചിരിക്കുന്ന നിലവാരങ്ങൾ എന്തെല്ലാമാണ്? താഴെ എഴുതുക.
․․․․․ (g11-E 08)
“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്സൈറ്റിൽ കാണാവുന്നതാണ്.
[അടിക്കുറിപ്പ്]
a ഏതെങ്കിലും ഒരു പ്രത്യേക നെറ്റ്വർക്കിങ് സൈറ്റിന്റെ ഉപയോഗത്തെ ഉണരുക! പ്രോത്സാഹിപ്പിക്കുകയോ കുറ്റംവിധിക്കുകയോ ചെയ്യുന്നില്ല. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ബൈബിൾ തത്ത്വങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ക്രിസ്ത്യാനികൾ ഉറപ്പുവരുത്തണം.—1 തിമൊഥെയൊസ് 1:5, 19.
[18-ാം പേജിലെ ആകർഷക വാക്യം]
ഒരു ബൈബിൾ പഴമൊഴി പറയുന്നു: “ഏറെ സമ്പത്തിനെക്കാൾ സൽപേരാണ് അഭിലഷണീയം.”—സുഭാഷിതങ്ങൾ (സദൃശവാക്യങ്ങൾ) 22:1, ഓശാന ബൈബിൾ
[20-ാം പേജിലെ ചതുരം]
മാതാപിതാക്കളോടു ചോദിച്ചുനോക്കുക
ഈ ലേഖനത്തിലും കഴിഞ്ഞ ലേഖനത്തിലും ചർച്ചചെയ്തിരിക്കുന്ന കാര്യങ്ങൾ മാതാപിതാക്കളുമായി സംസാരിക്കുക. നിങ്ങളുടെ (1) സ്വകാര്യത (2) സമയം (3) സത്പേര് (4) സൗഹൃദങ്ങൾ എന്നിവയെ ഇന്റർനെറ്റിന്റെ ഉപയോഗം എങ്ങനെ ബാധിക്കുന്നു എന്ന് ചോദിക്കുക.
[21-ാം പേജിലെ ചതുരം]
മാതാപിതാക്കളോട് ഒരു വാക്ക്
ഇന്റർനെറ്റ് ലോകത്തെക്കുറിച്ച് നിങ്ങളെക്കാൾ ഏറെ നിങ്ങളുടെ കുട്ടികൾക്ക് അറിയാമായിരിക്കും. പക്ഷേ നിങ്ങളെപ്പോലെ കാര്യങ്ങളെ ശരിയായവിധത്തിൽ വിലയിരുത്താനുള്ള പ്രാപ്തി അവർക്കില്ല. (സദൃശവാക്യങ്ങൾ 1:4; 2:1-6) ഇന്റർനെറ്റ് സുരക്ഷാ വിദഗ്ധയായ പെറി അഫ്റ്റാബ് പറയുന്നതുപോലെ, “കുട്ടികൾക്ക് സാങ്കേതികവിദ്യയെക്കുറിച്ച് നന്നായി അറിയാം; പക്ഷേ ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാവുന്നത് മാതാപിതാക്കൾക്കാണ്.”
സമീപകാലത്ത് സോഷ്യൽ നെറ്റ്വർക്കുകൾ ഏറെ ജനപ്രീതിയാർജിച്ചിട്ടുണ്ട്. ആകട്ടെ, നിങ്ങളുടെ കുട്ടിക്ക് ഇത് ഉപയോഗിക്കാനുള്ള പക്വതയായോ? അത് തീരുമാനിക്കേണ്ടത് നിങ്ങളാണ്. ഒരു കാർ ഓടിക്കുന്നതുപോലെ, ഒരു ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് കൈകാര്യം ചെയ്യുന്നതുപോലെ വളരെയധികം ശ്രദ്ധയോടെ ഉപയോഗിക്കേണ്ട ഒന്നാണ് സോഷ്യൽ നെറ്റ്വർക്ക്. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.
സ്വകാര്യത. വളരെയധികം വിവരങ്ങൾ ഇന്റർനെറ്റിൽ നൽകുന്നതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് മിക്ക ചെറുപ്പക്കാരും ചിന്തിക്കാറില്ല. വീടിനെക്കുറിച്ചും വീട്ടിലുണ്ടായിരിക്കുന്ന സമയത്തെക്കുറിച്ചും പഠിക്കുന്ന സ്കൂളിനെക്കുറിച്ചും എല്ലാം അവർ അതിലൂടെ വെളിപ്പെടുത്തുമ്പോൾ നിങ്ങളുടെ കുടുംബത്തിന്റെ സുരക്ഷയാണ് ബലികഴിക്കപ്പെടുന്നത്.
നിങ്ങൾക്ക് ചെയ്യാനാകുന്നത്. വാഹനങ്ങളൊന്നും വരുന്നില്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷമേ റോഡ് കുറുകെ കടക്കാവൂ എന്ന് മക്കൾ കുഞ്ഞായിരുന്നപ്പോൾ നിങ്ങൾ പറഞ്ഞുകൊടുത്തിട്ടുണ്ടാകാം. ഇപ്പോൾ അവർ കുറേക്കൂടി വളർന്നു. ഇന്റർനെറ്റ് സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കണം എന്ന് പറഞ്ഞുകൊടുക്കേണ്ട കടമ ഇപ്പോൾ നിങ്ങൾക്കുണ്ട്. ‘സ്വകാര്യത’യെക്കുറിച്ച് കഴിഞ്ഞ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും 2009 ജനുവരി ലക്കം ഉണരുക!-യുടെ 12-17 പേജുകളും കാണുക. ആ വിവരങ്ങൾ നിങ്ങളുടെ മക്കളുമായി ചർച്ചചെയ്യാനാകും. ഇന്റർനെറ്റ് സുരക്ഷിതമായി ഉപയോഗിക്കുന്നതിന് ആവശ്യമായ “ജ്ഞാനവും വകതിരിവും” മക്കൾക്ക് പകർന്നുകൊടുക്കാൻ കഠിനശ്രമം ചെയ്യുക.—സദൃശവാക്യങ്ങൾ 3:21.
സമയം. ആളുകളിൽ ഒരുതരം ആസക്തി ഉളവാക്കാൻ സോഷ്യൽ നെറ്റ്വർക്കുകൾക്കു കഴിയും. 23-കാരനായ റിക്ക് പറയുന്നു: “ഒരു അക്കൗണ്ട് തുടങ്ങി കുറച്ചു നാളുകൾക്കകംതന്നെ എനിക്ക് അതിൽനിന്നു കണ്ണെടുക്കാൻ വയ്യാത്ത സ്ഥിതിയായി. ചിത്രങ്ങളും അഭിപ്രായങ്ങളും നോക്കി മണിക്കൂറുകളോളം ഞാൻ ഇരിക്കുമായിരുന്നു.”
നിങ്ങൾക്ക് ചെയ്യാനാകുന്നത്. 2011 ഏപ്രിൽ ലക്കം ഉണരുക!-യിൽ വന്ന “യുവജനങ്ങൾ ചോദിക്കുന്നു . . . ഞാൻ ഇലക്ട്രോണിക് ഉപകരണങ്ങളുടെ അടിമയാണോ?” എന്ന ലേഖനവും വിശേഷിച്ച് 18-ാം പേജിലെ “സോഷ്യൽ നെറ്റ്വർക്കിങ് എന്റെയൊരു ബലഹീനതയായിരുന്നു” എന്ന ചതുരവും കുട്ടികളോടൊപ്പം വായിച്ച് ചർച്ചചെയ്യുക. ഇന്റർനെറ്റ് ഉപയോഗിക്കുന്നതിൽ ‘മിതത്വം’ ശീലിക്കാനും നിശ്ചയിച്ചിരിക്കുന്ന സമയപരിധി പാലിക്കാനും കുട്ടിയെ സഹായിക്കുക. (1 തിമൊഥെയൊസ് 3:2) ഇന്റർനെറ്റിൽമാത്രം ഒതുങ്ങുന്നതല്ല ജീവിതം എന്നും മക്കൾക്ക് പറഞ്ഞുകൊടുക്കാൻ മറക്കരുത്.
സത്പേര്. “ഒരു കൊച്ചുകുഞ്ഞുപോലും തന്റെ പ്രവൃത്തികൊണ്ട് താൻ ശരിയോ തെറ്റോ എന്നു കാണിക്കുന്നു” എന്ന് ഒരു ബൈബിൾ പഴമൊഴി പറയുന്നു. (സദൃശവാക്യങ്ങൾ 20:11, പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ് വേർഷൻ) കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ഇത് വിശേഷാൽ സത്യമാണ്. പക്ഷേ, അവർ അതിൽ കൊടുക്കുന്ന കാര്യങ്ങൾ അവരെ മാത്രമല്ല ബാധിക്കുക. സോഷ്യൽ നെറ്റ്വർക്ക് ഒരു പൊതുവേദിയായതുകൊണ്ട് കുടുംബത്തിന്റെതന്നെ സത്പേര് നശിപ്പിക്കാൻ അതിനുകഴിയും.
നിങ്ങൾക്ക് ചെയ്യാനാകുന്നത്. ഒരുവൻ എങ്ങനെയുള്ള വ്യക്തിയാണെന്ന് ഇത്തരം സൈറ്റുകളിൽ നൽകുന്ന കാര്യങ്ങൾ വെളിപ്പെടുത്തും. കുട്ടികൾ അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയാണ് ഇത്. ഇന്റർനെറ്റിൽ ഒരിക്കൽ കൊടുക്കുന്ന വിവരങ്ങൾ പിന്നെ അതിൽനിന്ന് മായ്ക്കാൻ കഴിയില്ല എന്നതും അവർ തിരിച്ചറിയണം. “ഇന്റർനെറ്റിൽ നൽകുന്ന വിവരങ്ങൾ എക്കാലത്തും അതിൽത്തന്നെ കാണും എന്ന യാഥാർഥ്യം കുട്ടികൾക്ക് എളുപ്പം മനസ്സിലാവില്ലെങ്കിലും അവരെ അക്കാര്യത്തെക്കുറിച്ച് ബോധവൽക്കരിച്ചേ മതിയാവൂ,” സൈബർസേഫ് എന്ന പുസ്തകത്തിൽ ഡോ. ഗ്വെൻ ഷൂർഗിൻ ഓകീഫ് പറയുന്നു. “ഒരാളോടു നേരിട്ടു പറയാൻ മടിക്കുന്ന കാര്യങ്ങളൊന്നും ഇന്റർനെറ്റിലും വെളിപ്പെടുത്തരുതെന്ന് അത് ഉപയോഗിക്കുന്ന കുട്ടികളെ കൂടെക്കൂടെ ഓർമിപ്പിക്കേണ്ടതുണ്ട്.”
സൗഹൃദങ്ങൾ. “നാലാളുകൾക്കിടയിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നവരാണ് മിക്ക ചെറുപ്പക്കാരും. അതിനുവേണ്ടി ഒരു പരിചയവുമില്ലാത്തവരെയും യാതൊരു നിലവാരങ്ങളില്ലാത്തവരെയും ഒക്കെ സുഹൃത്തുക്കളാക്കാൻ അവർക്ക് മടിയില്ല,” 23 വയസ്സുള്ള റ്റാനിയ പറയുന്നു.
നിങ്ങൾക്ക് ചെയ്യാനാകുന്നത്. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നിലവാരങ്ങൾ വെക്കാൻ മക്കളെ സഹായിക്കുക. സുഹൃത്തുക്കളുടെ സുഹൃത്തുക്കളെ തന്റെ കൂട്ടുകാരുടെ ലിസ്റ്റിൽ ചേർക്കാൻ 22 വയസ്സുള്ള അലീസിയ തയ്യാറല്ല. അവൾ പറയുന്നു: “നേരിൽ കണ്ടിട്ടില്ലാത്ത, എനിക്കറിയില്ലാത്ത ആളുകളെ എന്റെ കൂട്ടുകാർക്ക് പരിചയമുണ്ടെന്ന ഒറ്റക്കാരണത്താൽ ഞാൻ എന്റെ ലിസ്റ്റിൽ ചേർക്കില്ല.”
മകളുടെ കൂട്ടുകാരെക്കുറിച്ചും അവളുടെ വെബ്പേജിലുള്ള വിവരങ്ങളെക്കുറിച്ചും ഒക്കെ അറിയാൻ ടിമ്മും ജൂലിയയും ഒരു നെറ്റ്വർക്കിങ് അക്കൗണ്ട് തുടങ്ങി. “അവൾ പരിചയത്തിലാകുന്ന ആളുകളെല്ലാം ഞങ്ങളുടെ വീട്ടിലേക്കുവരുന്ന അതിഥികളെപ്പോലെയാണ്. അതുകൊണ്ട് അവർ ആരൊക്കെയാണെന്ന് ഞങ്ങൾക്കറിയണം. അതിനുവേണ്ടി അവളുടെ സുഹൃത്തുക്കളുടെ ലിസ്റ്റിൽ ഞങ്ങളെയും ചേർക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു,” ജൂലിയ പറയുന്നു.
[19-ാം പേജിലെ ചിത്രം]
അശ്രദ്ധയോടെ ഓടിക്കുന്ന ഒരു കാർ അപകടത്തിൽപ്പെട്ടേക്കാം; മാന്യമല്ലാത്ത ചിത്രങ്ങളും അഭിപ്രായങ്ങളും നിങ്ങളുടെ സത്പേര് കളഞ്ഞേക്കാം
[20-ാം പേജിലെ ചിത്രം]
പരിചയമില്ലാത്ത ഒരാൾ കൈകാണിച്ചാൽ നിങ്ങൾ അയാളെ കാറിൽ കയറ്റുമോ? അങ്ങനെയെങ്കിൽ ഒരു പരിചയവുമില്ലാത്ത ഒരാളുമായി ഇന്റർനെറ്റിലൂടെ എന്തിന് സൗഹൃദം സ്ഥാപിക്കണം?