കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ
സ്വയം നിയന്ത്രിക്കാൻ കുട്ടികളെ പഠിപ്പിക്കാം
പ്രശ്നം
നിങ്ങളുടെ ആറ് വയസ്സുകാരന് ഒട്ടും ആത്മനിയന്ത്രണം ഉള്ളതായി നിങ്ങൾക്ക് തോന്നുന്നില്ല. എന്തെങ്കിലും വേണമെന്നു തോന്നിയാൽ അത് അപ്പോൾത്തന്നെ അവനു കിട്ടണം! ദേഷ്യം വന്നാൽ അവൻ ഉച്ചത്തിൽ അലറിക്കരയും. ‘ഇത് കുട്ടികളുടെ സാധാരണ പ്രകൃതമാണോ?’ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ‘ഇത് തനിയെ മാറുമോ, അതോ സ്വയം നിയന്ത്രിക്കാൻ അവനെ പഠിപ്പിക്കേണ്ട സമയമാണോ ഇത്?’a
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
ഇന്നത്തെ സമൂഹം ആത്മനിയന്ത്രണത്തിന് തുരങ്കംവെക്കുന്നു. “എന്തും അനുവദിച്ചുകൊടുക്കുന്ന നമ്മുടെ സമൂഹത്തിൽ നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ പ്രവർത്തിക്കാം എന്ന സന്ദേശമാണ് മുതിർന്നവരും കുട്ടികളും നിരന്തരം കേട്ടുകൊണ്ടിരിക്കുന്നത്” എന്ന് ഡോക്ടർ ഡേവിഡ് വോൾഷ് എഴുതുന്നു.b
ചെറുപ്രായത്തിൽത്തന്നെ ആത്മനിയന്ത്രണം പഠിപ്പിക്കേണ്ടത് പ്രധാനമാണ്. വർഷങ്ങൾ നീളുന്ന ഒരു പഠനത്തിന്റെ ഭാഗമായി ഗവേഷകർ ഒരു കൂട്ടം നാലു വയസ്സുകാർക്ക് ഓരോ ചോക്കലേറ്റ് കൊടുത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾക്കു വേണമെങ്കിൽ ഈ ചോക്കലേറ്റ് ഇപ്പോൾത്തന്നെ കഴിക്കാം. എന്നാൽ, അല്പനേരം കാത്തിരിക്കുകയാണെങ്കിൽ നിങ്ങൾക്ക് മറ്റൊരു ചോക്കലേറ്റ് കൂടി ലഭിക്കും. ക്ഷമയോടെ കാത്തിരിക്കുന്നതിനുള്ള പ്രതിഫലമാണ് അത്.’ വർഷങ്ങൾക്കു ശേഷം ഹൈസ്കൂൾപഠനം പൂർത്തിയായപ്പോൾ നാലാമത്തെ വയസ്സിൽ ആത്മനിയന്ത്രണം കാണിച്ചിരുന്ന ആ കുട്ടികളായിരുന്നു അവരുടെ സഹപാഠികളെക്കാൾ വൈകാരികതലത്തിലും സാമൂഹികതലത്തിലും സ്കൂൾപഠനത്തിലും മികച്ചുനിന്നത്.
കുട്ടികളെ ആത്മനിയന്ത്രണം പഠിപ്പിക്കാതിരിക്കുന്നതിന്റെ പരിണതഫലം ദാരുണമായേക്കാം. ചെറുപ്രായത്തിൽ കുട്ടികൾക്കുണ്ടാകുന്ന അനുഭവങ്ങളിലൂടെ അവരുടെ തലച്ചോറിലെ പ്രവർത്തനങ്ങൾക്ക് മാറ്റങ്ങൾ വരുത്താനാകുമെന്ന് ഗവേഷകർ വിശ്വസിക്കുന്നു. അതിന്റെ അർഥം എന്താണെന്ന് ഡോക്ടർ ഡാൻ കിൻഡ്ലൻ വിശദീകരിക്കുന്നു: “തങ്ങളുടെ ഊഴം വരുന്നതുവരെ കാത്തിരിക്കണമെന്നും യഥാർഥ സംതൃപ്തി ലഭിക്കാൻ സമയവും ശ്രമവും ആവശ്യമാണെന്നും പ്രലോഭനങ്ങൾ ചെറുത്തുനിൽക്കണമെന്നും നമ്മൾ കുട്ടികളെ പഠിപ്പിക്കണം. അങ്ങനെ ചെയ്യാതെ കുട്ടികളെ നമ്മൾ അമിതമായി ലാളിച്ചാൽ നല്ല സ്വഭാവഗുണമുള്ള കുട്ടികളുടെ തലച്ചോറിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഇവരിൽ ഉണ്ടാകുകയില്ല.”c
നിങ്ങൾക്ക് ചെയ്യാനാകുന്നത്
മാതൃക വെക്കുക. നിങ്ങൾ ആത്മനിയന്ത്രണം പാലിക്കുന്ന വ്യക്തിയാണോ? ഉദാഹരണത്തിന്, ഗതാഗതക്കുരുക്കിൽപ്പെടുമ്പോൾ നിങ്ങളുടെ സമനില നഷ്ടപ്പെടുന്നതാണോ കുട്ടി കാണുന്നത്? ഇനി, നിങ്ങൾ കടയിൽ ക്യൂ പാലിക്കാതിരിക്കുകയോ മറ്റുള്ളവർ സംസാരിക്കുമ്പോൾ ഇടയ്ക്കുകയറുകയോ ചെയ്യുന്നുണ്ടോ? “കുട്ടികളെ ആത്മനിയന്ത്രണം പഠിപ്പിക്കാനുള്ള ഏറ്റവും മെച്ചമായ വഴി നിങ്ങൾതന്നെ മാതൃക വെക്കുന്നതാണ്” എന്ന് കിൻഡ്ലൻ എഴുതുന്നു.—ബൈബിൾതത്ത്വം: റോമർ 12:9.
പരിണതഫലങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുക. പ്രേരണകൾ ചെറുക്കുന്നതുകൊണ്ട് പ്രയോജനങ്ങളുണ്ടെന്നും പകരം, അവയ്ക്ക് വഴങ്ങിക്കൊടുത്താൽ വലിയ വില നൽകേണ്ടിവരുമെന്നും കുട്ടിയുടെ പ്രായം കണക്കിലെടുത്തുകൊണ്ട് ഉചിതമായ രീതിയിൽ പഠിപ്പിക്കുക. ഉദാഹരണത്തിന്, ആരെങ്കിലും കുട്ടിയോട് മോശമായി പെരുമാറിയതുകൊണ്ട് അവൻ ദേഷ്യത്തിലാണെന്ന് വിചാരിക്കുക. ഈ സാഹചര്യത്തിൽ തന്നോടുതന്നെ ഇങ്ങനെ ചോദിക്കാൻ അവനെ സഹായിക്കുക: ‘ഒരാൾ ചെയ്തതിന് പകരം ചെയ്താൽ അത് എന്നെ ആശ്വസിപ്പിക്കുമോ അതോ പ്രശ്നത്തെ കൂടുതൽ വഷളാക്കുമോ? പ്രശ്നം മെച്ചമായി കൈകാര്യം ചെയ്യാൻ നല്ല മാർഗം വേറെയുണ്ടോ? ഒരുപക്ഷെ, ഒന്നുമുതൽ പത്തുവരെ എണ്ണാനും അങ്ങനെ കോപത്തെ തണുപ്പിക്കാനും കഴിയുമോ? അല്ലെങ്കിൽ അവിടെനിന്ന് മാറിപ്പോകുന്നതാണോ കൂടുതൽ ഉചിതമായിരിക്കുന്നത്?’—ബൈബിൾതത്ത്വം: ഗലാത്യർ 6:7.
കുട്ടിയെ പ്രോത്സാഹിപ്പിക്കുക. ഏതെങ്കിലും കാര്യത്തിൽ നിങ്ങളുടെ കുട്ടി ആത്മസംയമനം പാലിക്കുന്നെങ്കിൽ അവനെ അഭിനന്ദിക്കുക. എല്ലായ്പോഴും ഉൾപ്രേരണകളെ അടിച്ചമർത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും എന്നാൽ, അങ്ങനെ ചെയ്യുന്നതാണ് യഥാർഥ കരുത്തെന്നും അവനെ ബോധ്യപ്പെടുത്തുക. “ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 25:28) അതിനു വിപരീതമായി, “ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും. . . ശ്രേഷ്ഠൻ” ആണ്.—സദൃശവാക്യങ്ങൾ 16:32.
പരിശീലിപ്പിക്കുക. അഭിനയിച്ച് കാണിക്കാനായി പലതരം കളികൾ ആസൂത്രണം ചെയ്യുക. “ഇങ്ങനെയൊരു സാഹചര്യമുണ്ടായാൽ നീ എന്തു ചെയ്യും?,” “നല്ല തിരഞ്ഞെടുപ്പും മോശം തിരഞ്ഞെടുപ്പും” തുടങ്ങിയ കളികൾ. ഉണ്ടാകാൻ സാധ്യതയുള്ള ചില സാഹചര്യങ്ങളെക്കുറിച്ചും അതിനോടു എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നതിനെക്കുറിച്ചും ചർച്ച ചെയ്യുക. കൂടാതെ, പ്രതികരിച്ച വിധം “നല്ലതോ” “ചീത്തയോ” എന്നും വിലയിരുത്തുക. നിങ്ങൾക്കു ചെയ്യാവുന്ന മറ്റ് മാർഗങ്ങളെക്കുറിച്ചും ചിന്തിക്കാവുന്നതാണ്: പാവകളോ ചിത്രരചനകളോ മറ്റു രീതികളോ ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ പരിശീലനം ആസ്വാദ്യകരവും വിജ്ഞാനപ്രദവും ആക്കിത്തീർക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെയുള്ള നിങ്ങളുടെ ലക്ഷ്യം, ആത്മസംയമനം പാലിക്കുന്നതാണ് എടുത്തുചാടി പ്രവർത്തിക്കുന്നതിനെക്കാൾ നല്ലത് എന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക എന്നതായിരിക്കണം.—ബൈബിൾതത്ത്വം: സദൃശവാക്യങ്ങൾ 29:11.
ക്ഷമയുള്ളവരായിരിക്കുക. “ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു” എന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 22:15) അതുകൊണ്ട്, നിങ്ങളുടെ കുട്ടി ഒറ്റദിവസംകൊണ്ട് ആത്മനിയന്ത്രണം ഉള്ളവനായിത്തീരുമെന്ന് പ്രതീക്ഷിക്കരുത്. “ഇത് വളരെക്കാലം എടുത്ത് പതിയെപ്പതിയെ മുന്നോട്ട് നീങ്ങുന്ന ഒരു പ്രക്രിയയാണ്, അതിന്റെ ഘട്ടങ്ങൾ പുരോഗതി, തകർച്ച, പിന്നീട് കൂടുതൽ പുരോഗതി ഈ വിധത്തിലായിരിക്കും” എന്ന് നിങ്ങളുടെ കുട്ടിയെ നന്നായി പഠിപ്പിക്കുക (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. എന്നിരുന്നാലും, അതിനായി നിങ്ങൾ എടുക്കുന്ന ഏതൊരു ശ്രമവും തക്ക മൂല്യമുള്ളതാണ്. ആ പുസ്തകം തുടർന്ന് ഇങ്ങനെ പറയുന്നു: “തന്നെത്തന്നെ നിയന്ത്രിക്കുന്ന ഒരു കുട്ടി തന്റെ 12-ാം വയസ്സിൽ മയക്കുമരുന്ന് ഉപയോഗിക്കാനോ 14-ാം വയസ്സിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാനോ ഉള്ള സാധ്യത കുറവാണ്.” ◼ (g15-E 08)
a ആൺകുട്ടികളെക്കുറിച്ചാണ് ഈ ലേഖനം പറഞ്ഞിരിക്കുന്നതെങ്കിലും, ഇതിലെ തത്ത്വങ്ങൾ പെൺകുട്ടികൾക്കും ബാധകമാണ്.
b പറ്റില്ല: എല്ലാ പ്രായത്തിലുമുള്ള കുട്ടികൾ കേൾക്കേണ്ടത് എന്തുകൊണ്ട്—മാതാപിതാക്കൾക്ക് അത് എങ്ങനെ പറയാം? (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽനിന്ന്.
c അമിതലാളന—ലാളനയുടെ യുഗത്തിൽ സ്വഭാവഗുണമുള്ള കുട്ടികളായി വളർത്തുക (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽനിന്ന്.