മുഖ്യലേഖനം | അമാനുഷികശക്തിക്ക് പിന്നിൽ എന്താണ്?
അമാനുഷികശക്തിയുടെ മായാവലയത്തിൽ!
“ചെകുത്താന്മാരും യക്ഷികളും പ്രേതങ്ങളും കൊടികുത്തി വാണിടത്ത് ഇന്ന് ബാധകൂടലും ബാധയൊഴിപ്പിക്കലും ഒക്കെ അരങ്ങുതകർക്കുന്നു.”—ഒരു ദിനപ്പത്രം (The Wall Street Journal).
വശ്യസുന്ദരികളായ യക്ഷികൾ, കുട്ടിച്ചാത്തന്മാർ, മന്ത്രവാദികൾ, പ്രേതങ്ങൾ! ഇന്നത്തെ പുസ്തകങ്ങളിലും ചലച്ചിത്രങ്ങളിലും വീഡിയോ ഗെയിമുകളിലും ഇടംപിടിച്ചിരിക്കുന്ന അമാനുഷികകഥാപാത്രങ്ങളിൽ ചിലർ മാത്രമാണ് ഇവർ. ആളുകൾ ഇവയിൽ മനംമയങ്ങുന്നത് എന്തുകൊണ്ടാണ്?a
ഹിന്ദുസ്ഥാൻ ടൈംസ് എന്ന ദിനപ്പത്രം റിപ്പോർട്ട് ചെയ്തതനുസരിച്ച് കുറച്ച് വർഷങ്ങൾക്കു മുമ്പ് ഇന്ത്യയിൽ ഒരു സർവേ നടത്തിയപ്പോൾ, 46 ശതമാനം ആളുകൾ പ്രേതങ്ങളിൽ വിശ്വസിക്കുന്നതായി കണ്ടെത്തി. എന്നാൽ ഈ അടുത്ത് നടത്തിയ മറ്റൊരു സർവേപ്രകാരം അത് 56 ശതമാനത്തിലേക്ക് ഉയർന്നിരിക്കുന്നതായും രേഖപ്പെടുത്തി. സാമൂഹ്യശാസ്ത്ര പ്രൊഫസറായ ക്ലോഡ് ഫിഷർ എഴുതി: “ആത്മാക്കളോടു സംസാരിക്കുന്നവരോട് ഉപദേശം ചോദിക്കുന്ന, പ്രേതങ്ങളിലും പ്രേതാലയങ്ങളിലും വിശ്വസിക്കുന്ന അമേരിക്കയിലെ ചെറുപ്പക്കാരുടെ എണ്ണം അങ്ങനെ വിശ്വസിക്കുന്ന പ്രായമായവരെക്കാൾ ഇരട്ടിയാണ്.”
മനുഷ്യരിൽ ദുഷ്ടാത്മാക്കളുടെ ബാധ കയറുന്നു എന്നതുപോലുള്ള കഥകളുടെ തിരിച്ചുവരവ് ഭയപ്പെടുത്തുന്ന ഒന്നാണ്. എന്നാൽ അതിൽ നമ്മൾ അതിശയിക്കേണ്ടതില്ല. കാരണം, “കഴിഞ്ഞ ദശാബ്ദത്തിലെ ചെകുത്താന്മാരും യക്ഷികളും പ്രേതങ്ങളും ആണ് ഇന്ന് ബാധകൂടൽ എന്ന രീതിയിൽ വൻവിജയം നേടിക്കൊണ്ടിരിക്കുന്നത്” എന്ന് മുമ്പ് പറഞ്ഞ ഒരു ദിനപ്പത്രത്തിൽ (The Wall Street Journal) മീഖായേൽ കാലിയ എഴുതി.
ഒരു റിപ്പോർട്ട് പറയുന്നപ്രകാരം, “ലോകത്തെവിടെയുമുള്ള 25 ശതമാനംമുതൽ 50 ശതമാനംവരെയുള്ള ആളുകൾ പ്രേതങ്ങളിൽ വിശ്വസിക്കുന്നു. മിക്ക സംസ്കാരങ്ങളിലെയും സാഹിത്യകൃതികളുടെ ഒരു സവിശേഷതയാണ് പ്രേതകഥകൾ.” സാമൂഹ്യശാസ്ത്ര പ്രൊഫസർമാരായ ക്രിസ്റ്റഫർ ബേഡറും കാർസൺ മെക്കനും ഐക്യനാടുകളിൽ നടത്തിയ ഒരു സർവേയനുസരിച്ച്, “70 മുതൽ 80 ശതമാനംവരെ അമേരിക്കക്കാർ ഏതെങ്കിലുമൊരു അമാനുഷികശക്തിയിലെങ്കിലും ശക്തമായി വിശ്വസിക്കുന്നവരാണ്.”
ഭൂതവിദ്യയും അമാനുഷികശക്തികളും ഒക്കെ വെറുമൊരു കുട്ടിക്കളിയാണോ?
a അമാനുഷികശക്തി: “ശാസ്ത്രത്തിനോ പ്രകൃതിനിയമങ്ങൾക്കോ വിശദീകരിക്കാൻ കഴിയാത്ത” നിഗൂഢമായ എന്തോ ഒന്ന്.—മിറിയം വെബ്സ്റ്റേഴ്സ് ഡിക്ഷ്ണറി.