പാഠം 33
ഉത്സാഹവും ഊഷ്മളതയും പ്രകടമാക്കൽ
1. ഉത്സാഹത്തെ എന്ത് ഉത്തേജിപ്പിക്കും?
1 ഉത്സാഹം ഒരു പ്രസംഗത്തിന്റെ ജീവനാണ്. നിങ്ങൾ പറയുന്നതുസംബന്ധിച്ചു നിങ്ങൾക്ക് ഉത്സാഹമില്ലെങ്കിൽ, തീർച്ചയായും നിങ്ങളുടെ സദസ്സിന് അതുണ്ടായിരിക്കയില്ല. അതു നിങ്ങളെ പ്രചോദിപ്പിക്കുന്നില്ലെങ്കിൽ, അത് അവരെ പ്രചോദിപ്പിക്കുകയില്ല. എന്നാൽ ഒരു പ്രസംഗകനെന്നനിലയിൽ യഥാർഥ ഉത്സാഹം പ്രകടമാക്കുന്നതിന്, നിങ്ങൾക്കു പറയാനുളളതു സദസ്സു കേൾക്കേണ്ടതുണ്ടെന്നുളള ദൃഢമായ ബോധ്യം നിങ്ങൾക്കുണ്ടായിരിക്കണം. അവർക്ക് ഏററവും പ്രയോജനകരമായ പോയിൻറുകൾ തിരഞ്ഞെടുക്കുകയും നിങ്ങളുടെ ശ്രോതാക്കൾ അവയുടെ മൂല്യത്തെ യഥാർഥമായി വിലമതിക്കത്തക്ക ഒരു വിധത്തിൽ അവയെ കരുപ്പിടിപ്പിക്കുകയും ചെയ്തുകൊണ്ടു പ്രസംഗം തയ്യാറാക്കിയപ്പോൾ നിങ്ങൾ അവരെ പരിഗണിച്ചുവെന്നാണ് അതിന്റെ അർഥം. നിങ്ങൾ അതു ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഉത്സാഹത്തോടെ പ്രസംഗിക്കാനുളള പ്രേരണ തോന്നും, നിങ്ങളുടെ സദസ്സു പ്രതികരിക്കുകയും ചെയ്യും.
2-5. ഒരു സജീവ പ്രസംഗാവതരണം ഉത്സാഹം പ്രകടമാക്കുന്നതെങ്ങനെ?
2 സജീവമായ അവതരണത്താൽ ഉത്സാഹം പ്രകടമാക്കുന്നു. നിങ്ങളുടെ അവതരണത്തിന്റെ ജീവനാൽ ഉത്സാഹം അത്യന്തം വ്യക്തമായി പ്രകടമാക്കപ്പെടുന്നു. നിങ്ങൾക്കു മനോഭാവത്തിൽ ഉദാസീനനോ ഉൻമേഷമില്ലാത്തവനോ ആയിരിക്കാവുന്നതല്ല. നിങ്ങളുടെ മുഖഭാവത്തിലും ശബ്ദസ്വരത്തിലും സംസാരരീതിയിലും നിങ്ങൾ പൂർണമായും സജീവനായിരിക്കണം. അതിന്റെ അർഥം നിങ്ങൾ ശക്തിയോടും ഊർജസ്വലതയോടുംകൂടെ സംസാരിക്കണമെന്നാണ്. നിങ്ങൾക്കു മർക്കടമുഷ്ടി പാടില്ലെങ്കിലും ബോധ്യമുളളവനായി തോന്നിക്കണം. നിങ്ങൾ ഉത്സാഹമുളളവനായിരിക്കണമെന്നിരിക്കെ, ഒരിക്കലും വികാരാവേശം കൊളളരുത്. ആത്മനിയന്ത്രണം നഷ്ടപ്പെടുകയെന്നാൽ നിങ്ങളുടെ സദസ്സു നഷ്ടമാകുക എന്നാണർഥം.
3 ഉത്സാഹം പകരുന്നതാണ്. നിങ്ങളുടെ പ്രസംഗംസംബന്ധിച്ചു നിങ്ങൾക്ക് ഉത്സാഹമുണ്ടെങ്കിൽ ആ ഉത്സാഹം നിങ്ങളുടെ സദസ്സിൽ വ്യാപരിക്കും. ക്രമത്തിൽ, നല്ല സദസ്യസമ്പർക്കമുളളപ്പോൾ, അതു നിങ്ങളിലേക്കു തിരിച്ചു പ്രതിഫലിക്കുകയും നിങ്ങളുടെ സ്വന്തം ഉത്സാഹത്തെ സജീവമാക്കി നിർത്തുകയും ചെയ്യും. നേരെമറിച്ച്, നിങ്ങൾ നിർജീവനാണെങ്കിൽ നിങ്ങളോടുകൂടെ നിങ്ങളുടെ സദസ്സും നിർജീവമാകും.
4 നാം ദൈവത്തിന്റെ ആത്മാവുകൊണ്ടു ജ്വലിക്കണമെന്നു പൗലോസ് പറയുന്നു. നിങ്ങൾ അങ്ങനെയാണെങ്കിൽ, നിങ്ങളുടെ സജീവമായ പ്രസംഗാവതരണം ദൈവാത്മാവു നിങ്ങളുടെ സദസ്സിലേക്കു കവിഞ്ഞൊഴുകാനിടയാക്കുകയും സദസ്സിനെ പ്രവർത്തനത്തിനു പ്രേരിപ്പിക്കുകയും ചെയ്യും. അപ്പല്ലോസ് തന്റെ പ്രസംഗത്തിൽ അങ്ങനെയുളള ആത്മാവു പ്രകടമാക്കി. അദ്ദേഹം വാഗ്വൈഭവമുളള ഒരു പ്രസംഗകനെന്നു വിളിക്കപ്പെടുന്നു.—റോമ. 12:11; പ്രവൃ. 18:25; ഇയ്യോ. 32:18-20; യിരെ. 20:9.
5 ഒരു പ്രസംഗത്തെക്കുറിച്ച് ഉത്സാഹഭരിതനാകുന്നതിനു നിങ്ങൾക്കു മൂല്യവത്തായ ചിലതു പറയാനുണ്ടെന്നു ബോധ്യമുണ്ടായിരിക്കണം. ഒരു പ്രസംഗകനെന്ന നിലയിൽ നിങ്ങളെ ആദ്യം ഉത്തേജിപ്പിക്കുന്ന എന്തെങ്കിലും നിങ്ങൾക്ക് ഉണ്ടെന്നു തോന്നുന്നതുവരെ നിങ്ങൾ അവതരിപ്പിക്കാൻ പോകുന്ന വിവരങ്ങൾ തയ്യാറാകുക. അതു പുതിയ വിവരങ്ങൾ ആയിരിക്കണമെന്നില്ല. എന്നാൽ വിഷയത്തോടുളള നിങ്ങളുടെ സമീപനം പുതുമയുളളതായിരിക്കാൻ കഴിയും. നിങ്ങളുടെ സദസ്യരെ അവരുടെ ആരാധനയിൽ ബലപ്പെടുത്തുന്ന എന്തെങ്കിലും, അവരെ മെച്ചപ്പെട്ട ശുശ്രൂഷകരോ ക്രിസ്ത്യാനികളോ ആക്കുന്ന എന്തെങ്കിലും, അവർക്കുവേണ്ടി നിങ്ങൾക്കുണ്ടെന്നു നിങ്ങൾ വിചാരിക്കുന്നുവെങ്കിൽ അപ്പോൾ പ്രസംഗം സംബന്ധിച്ച് ഉത്സാഹഭരിതനായിരിക്കാൻ നിങ്ങൾക്കു സകല കാരണവുമുണ്ട്, നിസ്സംശയമായി നിങ്ങൾ ഉത്സാഹഭരിതനായിരിക്കുകയും ചെയ്യും.
6-9. ഒരുവന്റെ പ്രസംഗത്തിലെ വിവരങ്ങൾക്ക് അവതരണത്തിലെ ഉത്സാഹത്തോട് എന്തു ബന്ധമുണ്ട്?
6 വിവരങ്ങൾക്കനുയോജ്യമായ ഉത്സാഹം. പ്രസംഗത്തിലെ വൈവിധ്യത്തിനുവേണ്ടിയും സദസ്സിന്റെ പ്രയോജനത്തിനുവേണ്ടിയും മുഴുപ്രസംഗത്തിലും ഉടനീളം നിങ്ങളുടെ ഉത്സാഹം വളരെ ഉയർന്ന ഒരു തലത്തിൽ നിലനിർത്തരുത്. നിങ്ങൾ അതു ചെയ്യുന്നുവെങ്കിൽ, അവർ പ്രവർത്തിച്ചുതുടങ്ങുന്നതിനുമുമ്പുപോലും ക്ഷീണിതരാകും. ഇതു പ്രസംഗാവതരണത്തിൽ വൈവിധ്യം അനുവദിക്കാൻ വേണ്ടത്ര വൈവിധ്യമുളള വിവരങ്ങൾ തയ്യാറാകേണ്ടതിന്റെ ആവശ്യത്തിനു വീണ്ടും ദൃഢത കൊടുക്കുന്നു. നിങ്ങൾ ചർച്ചചെയ്യുന്ന ചില പോയിൻറുകൾ സ്വാഭാവികമായി മററുളളവയെക്കാൾ കൂടുതൽ ഉത്സാഹം ആവശ്യമാക്കിത്തീർക്കുന്നു എന്നാണതിന്റെ അർഥം, അവ നിങ്ങളുടെ പ്രസംഗത്തിലുടനീളം വിദഗ്ധമായി നെയ്തുചേർക്കേണ്ടതാണ്.
7 വിശേഷിച്ചു മുഖ്യ പോയിൻറുകൾ ഉത്സാഹപൂർവം അവതരിപ്പിക്കപ്പെടണം. പ്രസംഗത്തിൽ അത്യുച്ചങ്ങൾ, നിങ്ങൾ വളർത്തിക്കൊണ്ടുവരുന്ന പാരമ്യങ്ങൾ ഉണ്ടായിരിക്കണം. ഇവ നിങ്ങളുടെ പ്രസംഗത്തിന്റെ സമുന്നത പോയിൻറുകളാകയാൽ സാധാരണയായി അവയായിരിക്കും സദസ്സിനെ പ്രേരിപ്പിക്കാൻ, നിങ്ങളുടെ വാദത്തിന്റെ സംബന്ധമോ നിങ്ങളുടെ ന്യായങ്ങളോ ബുദ്ധ്യുപദേശമോ ബോധ്യമാക്കാൻ, ഉദ്ദേശിച്ചിരിക്കുന്ന പോയിൻറുകൾ. സദസ്സിനെ ബോധ്യപ്പെടുത്തിയിരിക്കെ, ഇനി നിങ്ങൾ അവരെ ഉത്തേജിപ്പിക്കേണ്ടതുണ്ട്, നിങ്ങളുടെ നിഗമനങ്ങളുടെ പ്രയോജനങ്ങൾ, ഈ ബോധ്യങ്ങൾ അനുസരിക്കുന്നതിനാൽ കൈവരുന്ന സന്തോഷങ്ങളും പദവികളും, പ്രകടമാക്കേണ്ടതുണ്ട്. ഇത് ഉത്സാഹപൂർവകമായ അവതരണം ആവശ്യമാക്കിത്തീർക്കുന്നു.
8 എന്നിരുന്നാലും, ഇതൊക്കെയാണെങ്കിലും, മററു സമയങ്ങളിൽ നിങ്ങളുടെ അവതരണങ്ങളിൽ നിങ്ങൾ ഉദാസീനതയിലേക്കു പിൻമാറരുത്. നിങ്ങൾ ഒരിക്കലും നിങ്ങളുടെ വിഷയത്തോടുളള ശക്തമായ വികാരം നഷ്ടപ്പെടുത്തുകയോ ഏതെങ്കിലും താത്പര്യക്കുറവു പ്രകടമാക്കുകയോ ചെയ്യരുത്. ഒരു മാൻ തെളിഞ്ഞ ഒരു ചെറിയ പ്രദേശത്തു ശാന്തമായി മേയുന്നതു മനസ്സിൽ വിഭാവനചെയ്യുക. കാഴ്ചയിൽ പ്രശാന്തമെങ്കിലും അപകടത്തിന്റെ ഏററവും കുറഞ്ഞ സൂചനയിൽപോലും ഭയങ്കരമായി കുതിച്ചു പായാനുളള ശക്തി അതിന്റെ മെല്ലിച്ച കാലുകളിൽ ലീനമായിട്ടുണ്ട്. അതു സുഖാവസ്ഥയിലാണ്, എന്നാൽ നിരന്തരം ജാഗ്രത പുലർത്തുന്നു. സകല ഉത്സാഹത്തോടുംകൂടെ സംസാരിക്കാത്തപ്പോൾപോലും നിങ്ങൾക്ക് അങ്ങനെയായിരിക്കാൻ കഴിയും.
9 അപ്പോൾ ഇതിന്റെയെല്ലാം അർഥമെന്താണ്? സജീവമായ പ്രസംഗാവതരണം ഒരിക്കലും നിർബന്ധിതമല്ല. അതിന് ഒരു കാരണമുണ്ടായിരിക്കണം, നിങ്ങളുടെ വിവരങ്ങൾ നിങ്ങൾക്ക് ആ കാരണം പ്രദാനംചെയ്യണം. നിങ്ങളുടെ ഉത്സാഹം വിവരത്തിന് അനുയോജ്യമാണോയെന്നുളളതിൽ നിങ്ങളുടെ ഉപദേശകൻ തത്പരനായിരിക്കും. അതു വളരെ അധികമായിരുന്നോ അതോ തീരെ കുറവായിരുന്നോ അതോ അസ്ഥാനത്തായിരുന്നോ? തീർച്ചയായും, അദ്ദേഹം നിങ്ങളുടെ സ്വന്തം വ്യക്തിഗത വ്യക്തിത്വത്തെ കണക്കിലെടുക്കും, എന്നാൽ നിങ്ങൾക്കു ലജ്ജയോ മടിയോ ഉണ്ടെങ്കിൽ അദ്ദേഹം നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിങ്ങൾ പറയുന്നതെല്ലാം സംബന്ധിച്ച് അമിതമായി ആവേശഭരിതനാണെന്നു തോന്നുന്നുവെങ്കിൽ നിങ്ങൾക്കു മുന്നറിയിപ്പു നൽകുകയും ചെയ്യും. അതുകൊണ്ട്, നിങ്ങളുടെ ഉത്സാഹത്തെ വിവരങ്ങൾക്ക് അനുയോജ്യമാക്കുകയും നിങ്ങളുടെ ഉത്സാഹഭരിതമായ അവതരണം ഉടനീളം സന്തുലിതമായിരിക്കാൻതക്കവണ്ണം വിവരങ്ങൾ വ്യത്യാസപ്പെടുത്തുകയും ചെയ്യുക.
**********
10-12. ഊഷ്മളതയും വികാരാനുഭവവും എന്നതിനാൽ എന്ത് അർഥമാക്കുന്നു?
10 ഉത്സാഹം ഊഷ്മളതയോടും വികാരാനുഭവത്തോടും അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, അവയുടെ പ്രകടനം വ്യത്യസ്ത വികാരങ്ങളാൽ ഉത്തേജിപ്പിക്കപ്പെടുകയും നിങ്ങളുടെ സദസ്സിൽ വ്യത്യസ്ത ഫലങ്ങൾ ഉളവാക്കുകയും ചെയ്യുന്നു. ഒരു പ്രസംഗകനെന്ന നിലയിൽ നിങ്ങളുടെ വിവരങ്ങൾ നിമിത്തം നിങ്ങൾ സാധാരണയായി ഉത്സാഹഭരിതനാണ്, എന്നാൽ സദസ്സിനെ സഹായിക്കാനുളള ആഗ്രഹത്തോടെ അവരെക്കുറിച്ചു ചിന്തിക്കുമ്പോൾ നിങ്ങൾ ഊഷ്മളതയുളളവനാണ്. പ്രസംഗ ഗുണദോഷച്ചീട്ടിൽ പട്ടികപ്പെടുത്തിയിരിക്കുന്ന “തീക്ഷ്ണതയും വികാരാനുഭവവും” ചിന്താപൂർവകമായ ശ്രദ്ധ അർഹിക്കുന്നു.
11 നിങ്ങൾ ഊഷ്മളതയും വികാരാനുഭവവും പ്രകടമാക്കുന്നുവെങ്കിൽ, നിങ്ങൾ സ്നേഹവും ദയയും മൃദുലാനുകമ്പയും പ്രകടമാക്കുന്ന ഒരാളാണെന്നു സദസ്സ് അറിയും. അവർ തണുപ്പുളള ഒരു രാത്രിയിൽ ഒരു തീയിങ്കലേക്കെന്നപോലെ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും. ഒരു സജീവമായ അവതരണം ഉത്തേജകമാണ്, എന്നാൽ മൃദുല വികാരവും ആവശ്യമാണ്, മനസ്സിനെ മാത്രം പ്രേരിപ്പിച്ചാൽ പോര. നിങ്ങൾ ഹൃദയത്തെ പ്രേരിപ്പിക്കണം.
12 ദൃഷ്ടാന്തത്തിന്, സ്നേഹത്തെയും ദീർഘക്ഷമയെയും ദയയെയും സൗമ്യതയെയുംകുറിച്ച്, നിങ്ങളുടെ സ്വന്തം രീതിയിൽ ആ ഗുണങ്ങളുടെ കുറെ പ്രതിഫലനമില്ലാതെ ഗലാത്യർ 5:22, 23-ൽനിന്നു വായിക്കുന്നത് ഉചിതമായിരിക്കുമോ? ഒന്നു തെസ്സലോനീക്യർ 2:7, 8-ലെ പൗലോസിന്റെ വാക്കുകളിൽ പ്രകടിതമായിരിക്കുന്ന മൃദുലവികാരവും ശ്രദ്ധിക്കുക. ഇവ ഊഷ്മളതയും വികാരാനുഭവവും ആവശ്യമാക്കിത്തീർക്കുന്ന മൊഴികളാണ്. അത് എങ്ങനെ പ്രകടമാക്കണം?
13, 14. മുഖഭാവങ്ങളിൽ ഊഷ്മളത എങ്ങനെ പ്രകടമാക്കാൻ കഴിയും?
13 മുഖഭാവത്തിൽ പ്രകടമാകുന്ന ഊഷ്മളത. സദസ്സിനോടു നിങ്ങൾക്ക് ഊഷ്മളമായ ഒരു വികാരമുണ്ടെങ്കിൽ, അതു നിങ്ങളുടെ മുഖത്തു പ്രകടമാകണം. അതു പ്രകടമാകുന്നില്ലെങ്കിൽ, നിങ്ങൾക്ക് അവരോട് ആത്മാർഥമായ ഊഷ്മളത ഉണ്ടെന്ന് അവർക്കു ബോധ്യമാകാതിരുന്നേക്കാം. എന്നാൽ അതു യഥാർഥമായിരിക്കണം. അത് ഒരു മുഖംമൂടിപോലെ ധരിക്കാവുന്നതല്ല. ഊഷ്മളതയെയും വികാരാനുഭവത്തെയും, വികാരാത്മകതയും വൈകാരികത്വവുമായി കൂട്ടിക്കുഴയ്ക്കുകയുമരുത്. ദയാപുരസ്സരമായ ഒരു മുഖഭാവം നിഷ്ക്കളങ്കതയെയും ആത്മാർഥതയെയും പ്രകടമാക്കും.
14 അധികവും സൗഹാർദതയുളള സദസ്സുകളോടാണു നിങ്ങൾ സംസാരിക്കുന്നത്. അതുകൊണ്ട്, നിങ്ങൾ യഥാർഥമായി സദസ്സിനെ നോക്കുന്നുവെങ്കിൽ, നിങ്ങൾക്ക് അവരോട് ഊഷ്മളത തോന്നും. നിങ്ങൾക്കു സ്വസ്ഥതയും സൗഹൃദവും തോന്നും. സദസ്സിൽ വിശേഷാൽ സൗഹാർദത നിറഞ്ഞ മുഖമുളള ഒരാളെ തിരഞ്ഞെടുക്കുക. ആ ആളിനോട് ഏതാനും മിനിററുകൾ വ്യക്തിപരമായി സംസാരിക്കുക. മറെറാരാളെ തിരഞ്ഞെടുത്ത് അയാളോടു സംസാരിക്കുക. ഇതു നിങ്ങൾക്കു നല്ല സദസ്യസമ്പർക്കം നൽകുമെന്നു മാത്രമല്ല, നിങ്ങൾ സദസ്സിനോട് അടുക്കുന്നതായി കണ്ടെത്തുകയും ചെയ്യും. പ്രതികരണമായുളള നിങ്ങളുടെ ഊഷ്മള മുഖഭാവം സദസ്സിനെ നിങ്ങളിലേക്ക് അടുപ്പിക്കും.
15-19. ഒരു പ്രസംഗകന്റെ ശബ്ദത്തിൽ ഊഷ്മളതയും വികാരാനുഭവവും പ്രകടമാകാൻ എന്തിടയാക്കുമെന്നു ചൂണ്ടിക്കാട്ടുക.
15 ശബ്ദത്തിന്റെ സ്വരത്തിൽ പ്രകടമാകുന്ന ഊഷ്മളതയും വികാരാനുഭവവും. നിങ്ങളുടെ ശബ്ദസ്വരത്തിനാൽ ഒരളവുവരെ നിങ്ങളുടെ വികാരങ്ങളെ മൃഗങ്ങൾക്കുപോലും വ്യാഖ്യാനിക്കാൻ കഴിയുമെന്നു നന്നായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അപ്പോൾ, സ്വരംകൊണ്ടുതന്നെ ഊഷ്മളതയും വികാരാനുഭവവും പ്രകടമാക്കുന്ന ഒരു ശബ്ദത്തോട് ഒരു സദസ്സ് എത്രയധികം പ്രതികരിക്കും?
16 നിങ്ങൾ സദസ്സിൽനിന്നു യഥാർഥത്തിൽ വേർപെട്ടതായി വിചാരിക്കുന്നുവെങ്കിൽ, നിങ്ങൾ പറയുന്ന വാക്കുകളോടു സദസ്സ് എങ്ങനെ പ്രതികരിക്കുമെന്നതിലുപരി ആ വാക്കുകളെക്കുറിച്ചുതന്നെ നിങ്ങൾ ചിന്തിക്കുന്നുവെങ്കിൽ, ജാഗ്രതയുളള ഒരു സദസ്സിൽനിന്ന് അതു മറച്ചുവെക്കുക പ്രയാസമായിരിക്കും. എന്നാൽ നിങ്ങളുടെ താത്പര്യം നിങ്ങൾ ആരോടു സംസാരിക്കുന്നുവോ അവരിൽ ആത്മാർഥമായി കേന്ദ്രീകരിച്ചിരിക്കുകയും നിങ്ങൾ ചിന്തിക്കുന്നതുപോലെ അവർ ചിന്തിക്കത്തക്കവണ്ണം നിങ്ങളുടെ ആശയങ്ങൾ അവരെ ധരിപ്പിക്കാൻ നിങ്ങൾക്ക് ആത്മാർഥമായ ഒരു ആഗ്രഹം ഉണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കിൽ നിങ്ങളുടെ വികാരാനുഭവം നിങ്ങളുടെ ഏതു സ്വരഭേദത്തിലും പ്രതിഫലിക്കും.
17 എന്നിരുന്നാലും ഇതു സ്പഷ്ടമായി ആത്മാർഥമായ ഒരു താത്പര്യമായിരിക്കണം. ഉത്സാഹത്തിനു കഴിയുന്നതുപോലെ യഥാർഥ ഊഷ്മളതയെ ഒന്നിനും അനുകരിക്കാൻ കഴിയുകയില്ല. ഒരു പ്രസംഗകൻ ഒരിക്കലും കപടഭാവത്തിലുളള ഒരു മധുരിമയുടെ ധാരണ കൊടുക്കരുത്. തീക്ഷ്ണതയെയും വികാരാനുഭവത്തെയും വികാരാത്മകതയുമായി അല്ലെങ്കിൽ വികാരജീവിയുടെ വിലകുറഞ്ഞ ഭാവപ്രകടനമായ വിറയ്ക്കുന്ന ശബ്ദവുമായി കൂട്ടിക്കുഴയ്ക്കരുത്.
18 നിങ്ങൾക്കു ദുസ്സഹമായ ഒരു പരുക്കൻ ശബ്ദമാണുളളതെങ്കിൽ സംസാരത്തിൽ ഊഷ്മളത പ്രകടമാക്കുക പ്രയാസമായിരിക്കും. അങ്ങനെയുളള ഏതു പ്രശ്നത്തെയും തരണംചെയ്യുന്നതിനു നിങ്ങൾ ബോധപൂർവവും ഉത്സാഹപൂർവവും ശ്രമിക്കണം. അതു ശബ്ദഗുണത്തിന്റെ ഒരു സംഗതിയാണ്, അതിനു സമയമാവശ്യമാണ്, എന്നാൽ നിങ്ങളുടെ ശബ്ദത്തിന്റെ ഊഷ്മളതയെ മെച്ചപ്പെടുത്തുന്നതിന് ഉചിതമായ ശ്രദ്ധയ്ക്കും ശ്രമത്തിനും വളരെയധികം ചെയ്യാൻ കഴിയും.
19 തികച്ചും യാന്ത്രികമായ ഒരു നിലപാടിൽ നിങ്ങളെ സഹായിച്ചേക്കാവുന്ന ഒരു സംഗതി ഹ്രസ്വമായ, മുറിച്ച, സ്വരങ്ങൾ സംസാരത്തെ ദുസ്സഹമാക്കുന്നുവെന്ന് ഓർക്കുന്നതാണ്. സ്വരങ്ങൾ നീട്ടാൻ പഠിക്കുക. ഇത് അവയെ മൃദുലമാക്കുകയും സ്വതവേ നിങ്ങളുടെ സംസാരത്തെ സ്വരപ്രകാശനത്തിൽ കൂടുതൽ ഊഷ്മളമാക്കുകയും ചെയ്യും.
20, 21. ഒരു പ്രസംഗത്തിലെ വിവരങ്ങൾ അവതരണത്തിലെ ഊഷ്മളതയെയും വികാരാനുഭവത്തെയും ഏതു വിധത്തിൽ ബാധിക്കുന്നു?
20 വിവരത്തിന് അനുയോജ്യമായ ഊഷ്മളതയും വികാരാനുഭവവും. ഉത്സാഹത്തിന്റെ കാര്യത്തിലെന്നപോലെ, സംസാരത്തിൽ നിങ്ങൾ ഉൾക്കൊളളിക്കുന്ന ഊഷ്മളതയും വികാരാനുഭവവും നിങ്ങൾ എന്തു പറയുന്നുവെന്നതിനെ ഒരു വലിയ അളവിൽ ആശ്രയിച്ചിരിക്കുന്നു. ഇതിന്റെ ഒരു ദൃഷ്ടാന്തമാണു മത്തായി 23-ൽ ശാസ്ത്രിമാരെയും പരീശൻമാരെയും യേശു കുററം വിധിക്കുന്നതിനെക്കുറിച്ചുളള വിവരണം. അപലപനത്തിന്റെ ഈ പൊളളിക്കുന്ന വാക്കുകൾ വിരസവും നിർജീവവുമായ ഒരു വിധത്തിൽ അവിടുന്നു പറയുന്നതിനെക്കുറിച്ചു നമുക്കു സങ്കല്പിക്കാവുന്നതല്ല. എന്നാൽ ഈ രോഷത്തിന്റെയും ക്രോധത്തിന്റെയും പ്രകടനത്തിൻമധ്യേ ഊഷ്മളതയും മൃദുലവികാരവും നിറഞ്ഞ ഒരു വാചകമുണ്ട്, യേശുവിന്റെ സഹാനുഭൂതി പ്രകടമാക്കുന്നതുതന്നെ, ഈ വാക്കുകളിൽ: “—കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല.” ഇവിടെ സ്പഷ്ടമായി മൃദുല വികാരം സൂചിപ്പിക്കപ്പെട്ടിരിക്കുന്നു, എന്നാൽ “നിങ്ങളുടെ ഭവനം ശൂന്യമായിത്തീരും” എന്ന അടുത്ത പ്രസ്താവന അതേ വികാരം വഹിക്കുന്നില്ല. ആ സ്വരം പരിത്യജനത്തിന്റെ, വെറുപ്പിന്റെ ഒന്നാണ്.
21 അപ്പോൾ ഊഷ്മളതയും വികാരാനുഭവവും എവിടെയാണ് അനുയോജ്യമായിരിക്കുന്നത്? വയൽശുശ്രൂഷയിലോ ഒരു വിദ്യാർഥിപ്രസംഗത്തിലോ നിങ്ങൾ പറയുന്ന കാര്യങ്ങളിൽ മിക്കതും ഈ ശൈലിക്കു ചേരും, എന്നാൽ നിങ്ങൾ ന്യായവാദംചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും പ്രബോധിപ്പിക്കുകയും സഹതപിക്കുകയും മററും ചെയ്യുമ്പോൾ വിശേഷാൽ അങ്ങനെതന്നെയാണ്. ഊഷ്മളതയുളളവരായിരിക്കാൻ ഓർക്കുമ്പോൾ, ഉചിതമായിരിക്കുമ്പോൾ ഉത്സാഹമുളളവരായിരിക്കാൻ മറക്കരുത്. എല്ലാററിലും സമനിലയുളളവരായിരിക്കുക, എന്നാൽ നിങ്ങൾ പറയുന്നതിനെല്ലാം സാധ്യമാകുന്നടത്തോളം പൂർണമായ ഭാവം പ്രകടമാക്കുക.