പാഠം 38
നിങ്ങളുടെ പുരോഗതി പ്രകടമാകട്ടെ
1, 2. നമ്മളെല്ലാം പുരോഗതി വരുത്തുന്നതിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കേണ്ടത് എന്തുകൊണ്ട്?
1 ഈ പുസ്തകത്തിലെ സകല പാഠങ്ങളും ശ്രദ്ധാപൂർവം പഠിക്കുകയും ബാധകമാക്കുകയും ചെയ്തിരിക്കെ നിങ്ങൾ ഇപ്പോൾ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽനിന്നു ബിരുദം നേടാൻ ഒരുങ്ങിയിരിക്കുകയാണോ? അല്ല, എന്തുകൊണ്ടെന്നാൽ ഇതു ശുശ്രൂഷാപരിശീലനത്തിന്റെ തുടർന്നുകൊണ്ടിരിക്കുന്ന ഒരു പരിപാടിയാണ്. ദൈവികപരിജ്ഞാനം സമ്പാദിക്കുന്നതിന്റെയും നിങ്ങൾ പഠിക്കുന്നതു പ്രായോഗികമാക്കുന്നതിന്റെയും കാര്യത്തിൽ ബിരുദസമ്പാദനമില്ല. പകരം, ഉത്സാഹമുളള ഒരു വിദ്യാർഥിയെന്ന നിലയിൽ നിങ്ങൾക്കു നിങ്ങളെ പരിചയമുളളവർക്കു നിരീക്ഷിക്കാവുന്ന പുരോഗതി വരുത്തുന്നതിൽ തുടരാൻ കഴിയും.
2 തന്റെ യുവ സഹാരാധകനായ തിമോഥെയോസിന്റെ ‘പുരോഗതി സകല ആളുകൾക്കും പ്രകടമാകേണ്ടതിന് പരസ്യവായനയിലും പ്രബോധനത്തിലും പഠിപ്പിക്കലിലും തുടർന്നു ദത്തശ്രദ്ധനായിരിക്കാൻ, അദ്ദേഹം പഠിച്ചിരുന്ന കാര്യങ്ങളെക്കുറിച്ചു വിചിന്തനംചെയ്യാൻ, അവയിൽ മുഴുകിയിരിക്കാൻ,’ അപ്പോസ്തലനായ പൗലോസ് പ്രോത്സാഹിപ്പിച്ചു. (1 തിമോ. 4:13, 15, NW) അതേ ദൈവത്തിന്റെ ഒരു ആരാധകനെന്ന നിലയിൽ നിങ്ങൾക്കും നിങ്ങളുടെ പുരോഗതി മററുളളവർക്കു പ്രകടമാക്കാൻ കഴിയും. മേലാൽ പുരോഗമിക്കാൻ അവസരമില്ലാത്ത ഘട്ടത്തിൽ ഒരിക്കലും എത്താതെ നിങ്ങൾക്ക് അപ്രകാരം തുടർന്നു ചെയ്തുകൊണ്ടിരിക്കാൻ കഴിയും. യഥാർഥമായ സകല പരിജ്ഞാനത്തിന്റെയും ഉറവു യഹോവയാണ്, ആ ഉറവ് ഉൻമേഷദായകമായ വെളളത്തിന്റെ ആഴമറിഞ്ഞിട്ടില്ലാത്ത ഒരു കിണർപോലെയാണ്. നമുക്ക് അതിന്റെ ആഴങ്ങൾ പൂർണമായി അളക്കാൻ ഒരിക്കലും കഴിയില്ലെങ്കിലും അതിൽനിന്ന് അനിശ്ചിതകാലത്തോളം ജീവനും നവോൻമേഷവും പ്രാപിച്ചുകൊണ്ടിരിക്കാൻ കഴിയും. (റോമ. 11:33, 34; യെശ. 55:8, 9) അപ്പോൾ നിങ്ങളുടെ പുരോഗതി കാണികൾക്ക് എങ്ങനെ പ്രകടമായിത്തീരാൻ കഴിയും?
3, 4. ശുശ്രൂഷാസ്കൂളിലും മററു സഭാമീററിംഗുകളിലും എങ്ങനെ പുരോഗതി പ്രകടമാക്കപ്പെടുന്നു?
3 പുരോഗതി പ്രകടമാകുന്ന വിധങ്ങൾ. നിങ്ങളുടെ പുരോഗതി ദൃശ്യമാകുന്ന ഒരു വിധം നിങ്ങളുടെ ശുശ്രൂഷാസ്കൂൾപ്രസംഗങ്ങളിലാണ്. നിങ്ങൾ വലിയ പുരോഗതി വരുത്തിയിട്ടില്ലെന്നു നിങ്ങൾക്കു തോന്നിയേക്കാം, എന്നാൽ നിങ്ങളെക്കാളധികം മററുളളവർ നിങ്ങളുടെ പുരോഗതി ശ്രദ്ധിച്ചേക്കാം. ഈ കാര്യത്തിൽ, നമ്മളെല്ലാം, വളരാൻ വളരെക്കാലം വേണ്ടായിരുന്നെങ്കിലെന്ന് ആശിക്കുന്ന കുട്ടിയെപ്പോലെയാണ്, എന്നാൽ ബന്ധുക്കൾ സന്ദർശിക്കുമ്പോൾ “ഓ നീ എത്ര വളർന്നിരിക്കുന്നു!” എന്ന് അവർ ഉദ്ഘോഷിക്കുന്നു. നിങ്ങൾ സ്കൂളിൽ നടത്തിയ ആദ്യ പ്രസംഗത്തെക്കുറിച്ചുതന്നെ പിന്തിരിഞ്ഞു ചിന്തിക്കുക. നിങ്ങൾ അത് ഓർക്കുന്നുണ്ടോ? നിങ്ങൾ അടുത്ത കാലത്തു നടത്തിയ പ്രസംഗങ്ങളുമായി അതു താരതമ്യംചെയ്യുക. അതിനുശേഷം നിങ്ങൾ വളരെയധികം പഠിക്കുകയും വിലപ്പെട്ട പരിചയം നേടുകയും ചെയ്തിരിക്കുന്നു, ഇല്ലേ? അപ്പോൾ മുന്നേറിക്കൊണ്ടിരിക്കുക.
4 പുരോഗതി പ്രകടമാകുന്നതു ശുശ്രൂഷാസ്കൂളിലെ പ്രസംഗങ്ങളിൽ മാത്രമല്ല. സഭാമീററിംഗുകളിലും അതു ശ്രദ്ധിക്കപ്പെടുന്നു. നിങ്ങൾ യോഗങ്ങൾക്കു ക്രമമായി ഹാജരാകുന്നുണ്ടോ? ഉണ്ടെങ്കിൽ, അതു നിങ്ങൾ പുരോഗതി വരുത്തുന്നുണ്ടെന്ന്, നമ്മുടെ ആത്മീയ ക്ഷേമത്തിനുവേണ്ടിയുളള യഹോവയുടെ കരുതലുകളെ നിങ്ങൾ വിലമതിക്കുന്നുവെന്ന്, പ്രകടമാക്കുന്നു. കൂടാതെ, യോഗങ്ങളിൽ പറയുന്ന അഭിപ്രായങ്ങളുടെ ഗുണത്തിനു പുരോഗതിയുടെ തെളിവു നൽകാൻ കഴിയും. അഭിപ്രായങ്ങൾ വെറുതെ വായിക്കാതെ സ്വന്ത വാക്കുകളിൽ പറയുന്നവർ പുരോഗതി പ്രകടമാക്കുന്നു. സമാനമായി, പഠിക്കുന്ന വിവരങ്ങൾക്കു നമ്മുടെ ജീവിതത്തിലുളള അർഥവും മൂല്യവും സംബന്ധിച്ച് അഭിപ്രായം പറയുന്നവർ തങ്ങൾ വിവേചന വളർത്തിയെടുക്കുന്നുവെന്നു പ്രകടമാക്കുന്നു. അങ്ങനെ, എന്തു പുരോഗതി വരുത്തിയിരിക്കുന്നു എന്നു പരിഗണിക്കുമ്പോൾ യോഗങ്ങളിലെ ക്രമമായ ഹാജരും അവയിലുളള ഒരുവന്റെ വ്യക്തിപരമായ പങ്കുപററലിന്റെ ഗുണവും ശ്രദ്ധാർഹമാണ്.
5. ഒരുവന്റെ വയൽശുശ്രൂഷയിലെ പുരോഗതിക്കു തെളിവു നൽകുന്നത് എന്ത്?
5 വയൽശുശ്രൂഷയിൽ നിങ്ങൾ വരുത്തിയിരിക്കുന്ന പുരോഗതി സംബന്ധിച്ചെന്ത്? വയൽസേവനത്തിനു തുടക്കമിടവേ ആ ആദ്യത്തെ വാതിലിനെ സമീപിച്ചപ്പോൾ നിങ്ങൾക്ക് എങ്ങനെയുളള തോന്നലുണ്ടായി എന്ന് ഓർക്കുക. അതും വീട്ടുവാതിൽക്കലെ നിങ്ങളുടെ ഇപ്പോഴത്തെ പ്രാപ്തിയും താരതമ്യംചെയ്യുക. അഭിവൃദ്ധി ഉണ്ടായിട്ടുണ്ട്, ഇല്ലേ? എന്നിരുന്നാലും, പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോഴത്തെ ഫലപ്രദത്വത്തിൽ കൂടുതലായ അഭിവൃദ്ധിക്ക് ഇടമുണ്ടെന്നു നിങ്ങൾ തിരിച്ചറിയുന്നുണ്ടെന്നുളളതിനു സംശയമില്ല. കൂടാതെ, സാധ്യമായ സേവനത്തിന്റെ എല്ലാ വശങ്ങളിലും നിങ്ങൾക്കു തികവേറിയ ഒരു പങ്കുണ്ടായിരിക്കാൻ കഴിയുമോ? അപ്പോസ്തലനായ പൗലോസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “ദൈവപ്രസാദം ലഭിപ്പാന്തക്കവണ്ണം നിങ്ങൾ എങ്ങനെ നടക്കേണം എന്നു ഞങ്ങളോടു ഗ്രഹിച്ചതുപോലെ,—നിങ്ങൾ നടക്കുന്നതുപോലെതന്നെ—ഇനിയും അധികം വർദ്ധിച്ചു”വരുക. (1 തെസ്സ. 4:1) യഹോവയുടെ സേവനത്തിൽ തികവേറിയ പങ്കു വഹിച്ചുകൊണ്ടു നിങ്ങൾ പുരോഗതി വരുത്തിക്കൊണ്ടേയിരിക്കുമ്പോൾ, നിങ്ങളുടെ പ്രസംഗവും പഠിപ്പിക്കലും കൂടുതൽ ഫലപ്രദമായിത്തീരുമെന്നു മാത്രമല്ല, യഹോവയെ സേവിക്കുന്ന പദവിയോടുളള നിങ്ങളുടെ വിലമതിപ്പു ആഴമുളളതായിത്തീരുകയും ചെയ്യും. വീട്ടുകാരുടെ പ്രതികരണം നല്ലതല്ലാത്തപ്പോൾപോലും, ജനങ്ങൾക്കു തന്റെ സന്ദേശം എത്തിച്ചുകൊടുക്കാൻ യഹോവയാൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നത് ഒരു പദവിയായി നിങ്ങൾ പരിഗണിക്കും.
6. ഒരുവന്റെ സംഭാഷണത്തിന് ആത്മീയ വളർച്ചയെ പ്രതിഫലിപ്പിക്കാൻ കഴിയുന്നത് എങ്ങനെ?
6 ഒരുവന്റെ പുരോഗതി സംഭാഷണത്തിലും പ്രകടമാണ്. ‘ഹൃദയത്തിന്റെ സമൃദ്ധിയിൽനിന്ന് ഒരുവന്റെ വായ് സംസാരിക്കുന്നു’ എന്നു യേശു പറഞ്ഞു. (ലൂക്കൊ. 6:45) ഒരുവന്റെ സംഭാഷണം യഹോവയിലും അവിടുത്തെ ഉദ്ദേശ്യങ്ങളിലും വർധമാനമായ അളവിൽ കേന്ദ്രീകരിക്കുമ്പോൾ പുരോഗതി ഉണ്ടായിട്ടുണ്ടെന്നു പ്രകടമാണ്. യഹോവയോടുളള ആ വ്യക്തിയുടെ വിലമതിപ്പു വർധിക്കുന്നുണ്ടെന്നും അയാൾ ദൈവത്തോടു കൂടുതൽ അടുക്കുന്നുണ്ടെന്നും അതു പ്രകടമാക്കുന്നു. നാം അവിടുത്തോട് എത്രയധികം അടുത്തുചെല്ലുന്നുവോ അത്രയധികം അതു നമുക്ക് ഒരു സംരക്ഷണമായി ഉതകും.
7. ബൈബിൾതത്ത്വങ്ങൾ ബാധകമാക്കുന്നതിലെ പുരോഗതി എവിടെ പ്രകടമായിരിക്കും?
7 അനുദിന ജീവിതത്തിലെ ബൈബിൾതത്ത്വങ്ങളുടെ ബാധകമാക്കലിലും പുരോഗതി പ്രകടമാണ്. നിങ്ങൾ യഹോവയുടെ വചനത്തോടു പരിചയപ്പെടുന്നതിനുമുമ്പു ചെയ്തിരുന്നതിൽനിന്നു വ്യത്യസ്തമായിട്ടാണ് ഇപ്പോൾ കാര്യങ്ങൾ ചെയ്യുന്നതെന്നു നിങ്ങൾ കണ്ടെത്തുന്നുവെന്നതു സത്യമല്ലേ? യഹോവയുടെ വിധത്തിൽ കാര്യങ്ങൾ ചെയ്യുന്നതിലുളള ഈ പുരോഗതി എല്ലായിടത്തുമുളള നിങ്ങളുടെ പ്രവർത്തനത്തിൽ പ്രതിഫലിക്കാനിടയുണ്ട്. നിങ്ങളുടെ ഭവനത്തിലും കുടുംബത്തിലെ മററംഗങ്ങളോടുളള ഇടപെടലുകളിലും അതു പ്രകടമാകുന്നു. നിങ്ങൾ ഉത്തരവാദിത്വങ്ങൾ വഹിക്കുന്ന വിധത്തിൽ അതു പ്രതിഫലിക്കുന്നു. നിങ്ങളുടെ ലൗകികജോലിയിൽ നിങ്ങൾ ബൈബിൾതത്ത്വങ്ങൾ പ്രായോഗികമാക്കാൻ കൂടുതൽ ശ്രദ്ധാലുവാണ്. ഇതെല്ലാം നിങ്ങൾ ഒരളവിലുളള പുരോഗതി വരുത്തിയിരിക്കുന്നുവെന്നതിന്റെ തെളിവാണ്. എന്നാൽ ഇവിടെയും കൂടുതൽ പൂർണമായി ബൈബിൾതത്ത്വങ്ങൾ ബാധകമാക്കാൻ ശ്രമിച്ചുകൊണ്ടു നമുക്കെല്ലാം അഭിവൃദ്ധിക്കായി പ്രവർത്തിക്കാൻ കഴിയും.
8, 9. മററു പ്രസാധകരെ സഹായിക്കാൻ നാം നമ്മേത്തന്നെ ലഭ്യമാക്കുന്നുവെങ്കിൽ അത് എന്തു സൂചിപ്പിക്കുന്നു, ഇതിന് ഏത് അവസരങ്ങളുണ്ട്?
8 നിങ്ങളേത്തന്നെ ലഭ്യമാക്കുക. പുരോഗതി പ്രകടമാക്കാനുളള മറെറാരു മാർഗം യഹോവയുടെ സേവനത്തിൽ കൂടിയ അളവിൽ നമ്മേത്തന്നെ ലഭ്യമാക്കുകയാണ്. സങ്കീർത്തനം 110:3 ഇങ്ങനെ പ്രസ്താവിക്കുന്നു: “നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു.” അതു നിങ്ങളെ സംബന്ധിച്ചു സത്യമായിരിക്കുന്നുവോ? അതു നിങ്ങളെ സംബന്ധിച്ചു ഭാവിയിൽ ഏറിയ അളവിൽപ്പോലും സത്യമായിരിക്കാൻ കഴിയുമോ?
9 മററുളളവരെ സഹായിക്കാൻ ലഭ്യമായിരുന്നുകൊണ്ട്, അവരിൽ യഥാർഥ താത്പര്യം പ്രകടമാക്കിക്കൊണ്ട്, നിങ്ങൾക്കു സന്നദ്ധത പ്രകടമാക്കാൻ കഴിയും. ഏതെങ്കിലും വിധത്തിൽ സഹോദരൻമാരെയോ സഹോദരിമാരെയോ സഹായിക്കാൻ സഭയിലെ മൂപ്പൻമാർ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. യോഗങ്ങൾക്കു വന്നെത്താൻ അവർക്കു സഹായം ആവശ്യമായിരുന്നേക്കാം. സഹായിക്കാൻ നിങ്ങൾ ലഭ്യമാണോ? നിങ്ങളുടെ സഹായത്തിനുവേണ്ടി ആരെങ്കിലും അപേക്ഷിക്കുന്നതുവരെ നിങ്ങൾ കാത്തിരിക്കേണ്ടതുമില്ല. സഹായം ആവശ്യമാണെന്നു തോന്നുന്നവർക്ക് അതു വാഗ്ദാനംചെയ്തുകൊണ്ടു നിങ്ങൾക്കു സന്നദ്ധത പ്രകടമാക്കരുതോ? ആരെങ്കിലും രോഗിയാണോ, അല്ലെങ്കിൽ ആശുപത്രിയിലാക്കപ്പെട്ടിരിക്കുകയാണോ? മൂപ്പൻമാർ ഇതു നിങ്ങളുടെ ശ്രദ്ധയിലേക്കു വരുത്തുന്നതുവരെ നിങ്ങൾ കാത്തിരിക്കേണ്ടയാവശ്യമില്ല. എന്നാൽ നിങ്ങൾക്കു മുൻകൈയെടുക്കാനും അവരെ സന്ദർശിക്കാനും കഴിയും, അല്ലെങ്കിൽ നിങ്ങൾക്ക് ആവശ്യമറിയാമെങ്കിൽ മറേറതെങ്കിലും വിധത്തിൽ സഹായിക്കാൻ കഴിയും. നിങ്ങൾക്കു നിങ്ങളുടെ ഭവനത്തിൽ ക്രമമായ ഒരു കുടുംബ ബൈബിളധ്യയനമുണ്ടോ? അത്തരമൊരു അധ്യയനമില്ലാത്ത പുതുതായി സഹവസിക്കുന്ന ഒരു കുടുംബത്തെ ഈ അധ്യയനത്തിൽ ചേരാൻ ഇടവിട്ടിടവിട്ട് ക്ഷണിക്കുകയാണെങ്കിൽ അത് അവർക്കു സഹായകമായിരിക്കുമോ? അല്ലെങ്കിൽ നിങ്ങൾ വയൽശുശ്രൂഷക്ക് ഒററയ്ക്കാണു പോകുന്നതെങ്കിൽ, കൂട്ടിക്കൊണ്ടുപോകാമെന്നു നിങ്ങൾ സമ്മതിക്കുകയാണെങ്കിൽ പോരാൻ കഴിയുന്ന മററുളളവർ ഉണ്ടോ? നിങ്ങളോടുകൂടെ പോരാൻ മറെറാരു പ്രസാധകനെ ക്ഷണിക്കുന്നതിനു മുന്നമേ ആസൂത്രണം ചെയ്യാൻ പാടില്ലേ? അതെ, യഹോവയുടെ ദാസൻമാർ ഈ നാളുകളിൽ വളരെ തിരക്കുളളവരാണ്, എന്നാൽ മററു സഹോദരീസഹോദരൻമാർക്കു സഹായം കൊടുക്കാനുളള നിങ്ങളുടെ സന്നദ്ധത നമ്മുടെ പുരോഗതിയുടെ ഒരു അളവാണ്. “ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നൻമ ചെയ്യുക.”—ഗലാ. 6:10.
10, 11. ഒന്നു തിമൊഥെയൊസ് 3:1-നു ചേർച്ചയായി സഹോദരൻമാർക്ക് എങ്ങനെ തങ്ങളേത്തന്നെ ലഭ്യമാക്കാൻ കഴിയും?
10 നിങ്ങൾ ഒരു സഹോദരനാണെങ്കിൽ, സഭയിൽ നേതൃത്വം വഹിക്കുന്നവർക്കുവേണ്ടി ദൈവവചനത്തിൽ വിവരിച്ചിരിക്കുന്ന യോഗ്യതകളിലെത്തിച്ചേരുന്നതിനു ശ്രമിച്ചുകൊണ്ടു നിങ്ങൾക്കു നിങ്ങളേത്തന്നെ ലഭ്യമാക്കാൻ കഴിയും. ഒന്നു തിമൊഥെയൊസ് 3:1, മേൽവിചാരകത്വത്തിന് എത്തിപ്പിടിക്കുന്നവരെ ശ്ലാഘിക്കുന്നു. ഇതു ശ്രദ്ധ പിടിച്ചെടുക്കാൻ തന്നെത്തന്നെ മുമ്പോട്ടു തളളിവിടുകയോ മററുളളവരുമായി മത്സരിക്കുകയോ ചെയ്യുന്ന സംഗതിയല്ല. അത് ആവശ്യമായ ഏതു പദവിയിലും സേവിക്കുന്നതിന് ഒരുവൻ യോഗ്യതയും സന്നദ്ധതയുമുളള പക്വതയുളള ഒരു ക്രിസ്ത്യാനിയാണെന്ന്, “പ്രായമേറിയ ഒരു പുരുഷൻ” ആണെന്ന്, സ്വയം തെളിയിക്കാൻ ശ്രമിക്കുന്ന സംഗതിയാണ്. പഠിപ്പിക്കലിലും പ്രസംഗത്തിലും സഭാപരമായ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നതിലും നേതൃത്വമെടുക്കാൻ ഓരോ സഭയിലും അനേകം “പ്രായമേറിയ പുരുഷൻമാരുടെയും” “ശുശ്രൂഷാദാസൻമാരുടെയും” ആവശ്യമുണ്ട്.
11 മനസ്സൊരുക്കമുളളവർക്കു സഭയിൽ അനേകം പദവികൾ ആസ്വദിക്കാൻ കഴിയും. സേവനയോഗത്തിലെ പ്രകടനങ്ങളിൽ പങ്കെടുക്കുന്നതിനോ, സന്നദ്ധത പ്രകടമാക്കിയിട്ടുളളതിനാലും കൊടുക്കപ്പെട്ട ഏതു ജോലിയും ചെയ്യുന്നതിൽ ഉത്തരവാദിത്വമുളളവരെന്നു പ്രകടമാക്കിയിട്ടുളളതിനാലും മൂപ്പൻമാരെയോ ശുശ്രൂഷാദാസൻമാരെയോ സഹായിക്കുന്നതിനോ, അവരോട് ആവശ്യപ്പെട്ടേക്കാം. ആവശ്യം സംജാതമാകുമ്പോൾ അവരുടെ സന്നദ്ധതയും പുരോഗതിയും ദാസൻമാരെന്ന നിലയിൽ ശുപാർശചെയ്യപ്പെടാവുന്ന സഹോദരൻമാരായി അവരെ അടയാളപ്പെടുത്തിയേക്കാം. അവർ നിയമിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? യഹോവ തന്റെ വചനത്തിൽ വിവരിച്ചിരിക്കുന്ന യോഗ്യതകളിൽ ഇപ്പോൾ എത്തിച്ചേർന്നുകൊണ്ട് അവർ സന്നദ്ധത പ്രകടമാക്കിയിരിക്കുന്നതിനാലും പുരോഗമിച്ചിരിക്കുന്നതിനാലും തന്നെ. ദാസൻമാരായി നിയമിക്കപ്പെടുന്നവർ സഭാകാര്യങ്ങൾ നോക്കുന്നതിൽ കൂടുതലായ പരിശീലനത്തിന് ആനുകാലിക രാജ്യശുശ്രൂഷാസ്കൂളുകളിലേക്കു ക്ഷണിക്കപ്പെടുന്നു.
12, 13. തങ്ങളേത്തന്നെ ലഭ്യമാക്കാൻ സന്നദ്ധരും പ്രാപ്തരുമായ അനേകർക്കു മററ് ഏതു പദവികൾ ലഭ്യമാണ്?
12 സന്നദ്ധരും സാഹചര്യം അനുവദിക്കുന്നവരുമാണെങ്കിൽ എല്ലാവർക്കും ആസ്വദിക്കാവുന്ന കൂടുതലായ പദവികളുണ്ട്. പതിനായിരക്കണക്കിനു മററുളളവർ ചെയ്തിട്ടുളളതുപോലെ, നിങ്ങൾക്കു കാലികമായി ഒരു സഹായപയനിയറായി നിങ്ങളേത്തന്നെ അർപ്പിക്കാൻ കഴിയുമോ? ഒരുപക്ഷേ നിങ്ങൾക്ക് ഒരു നിരന്തരപയനിയറാകാനും അവരുടെ വളർന്നുവരുന്ന സംഖ്യയിൽ ചേരാനും കഴിയും. നിങ്ങളുടെ വ്യക്തിപരമായ സാഹചര്യങ്ങളും യഹോവയുടെ സേവനംസംബന്ധിച്ച നിങ്ങളുടെ വീക്ഷണവും മറെറാരു സ്ഥലത്തു സേവിക്കുന്നതിനു മാറിപ്പാർക്കാൻ പോലും സന്നദ്ധനാകത്തക്ക തരത്തിലുളളതാണോ, ആവശ്യമായിരിക്കുന്നത് അതാണെങ്കിൽ? പ്രത്യേകപയനിയർമാർ എന്ന നിലയിലോ ഗിലെയാദ്സ്കൂളിലേക്കും മിഷനറി പ്രവർത്തനത്തിനും പൊയ്ക്കൊണ്ടോ ആവശ്യമേറെയുളളടത്തു സേവിക്കാൻ മാറിപ്പാർത്തിരിക്കുന്ന പ്രസാധകർ എന്ന നിലയിലോ അനേകർ ഇതു ചെയ്തിരിക്കുന്നു. ചിലർ ലോകത്തെമ്പാടുമുളള വിവിധ ബഥേൽഭവനങ്ങളിൽ സേവനം ഏറെറടുത്തിരിക്കുന്നു. അവർ മനസ്സോടെ യഹോവക്കു തങ്ങളേത്തന്നെ അർപ്പിച്ചിരിക്കുന്നതിനാൽ അതിയായി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.
13 ജീവിക്കാൻ പുളകപ്രദമായ കാലങ്ങളാണിത്. ഈ “അന്ത്യനാളുകളിൽ” യഹോവ ഭൂമിയിൽ അത്ഭുതകരമായ ഒരു പ്രസംഗവേലയും പഠിപ്പിക്കൽവേലയും ചെയ്യിക്കുകയാണ്. സേവനത്തിന്റെ ഏതെങ്കിലും വശത്തിനായുളള ക്ഷണം യഹോവ നീട്ടിത്തരുന്നുവെങ്കിൽ നിങ്ങളോടുതന്നെ ചോദിക്കുക: “ഇത് യഹോവ എന്നോടു പറയുന്ന എന്തെങ്കിലുമാണോ?” നിങ്ങളുടെ സ്വന്തം സാഹചര്യങ്ങൾ, നിങ്ങളുടെ സ്വന്തം ഹൃദയം, പരിശോധിക്കുക. ഇപ്പോൾത്തന്നെ നിങ്ങൾ ഒരളവിലുളള പുരോഗതി വരുത്തിയിരിക്കാനും, തീർച്ചയായും കുറെ സന്നദ്ധത പ്രകടമാക്കാനും വളരെ സാധ്യതയുണ്ട്, അതു നല്ലതുതന്നെ. എന്നാൽ തികവേറിയ ഒരു അളവിൽ നിങ്ങളേത്തന്നെ ലഭ്യമാക്കിക്കൊണ്ടു നിങ്ങളുടെ പുരോഗതി പ്രകടമാക്കാൻ കഴിയുന്ന മററു മാർഗങ്ങളുണ്ടോ? യഹോവയുടെ മാർഗനിർദേശത്തോടുളള പ്രതികരണത്തിൽ വളർച്ചപ്രാപിക്കുകയും അവിടുത്തെ വഴികാട്ടലിനു കീഴ്പ്പെടുകയും ചെയ്യുമ്പോൾ നിങ്ങൾ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും. വാസ്തവമിതാണെന്നു ലോകമാസകലമുളള യഹോവയുടെ സന്നദ്ധദാസൻമാർക്കു സാക്ഷ്യപ്പെടുത്താൻ കഴിയും. തീർച്ചയായും, എല്ലാററിലുംവെച്ച് ഏററവും വലിയ അനുഗ്രഹം, ദൈവത്തിന്റെ പുതിയ ലോകത്തിലെ നിത്യജീവൻ, നമ്മുടെ പുരോഗതിയെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടാണു ദൈവവചനം ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നത്: “നിന്റെ അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരേണ്ടതിന്നു [നിന്റെ പുരോഗതി എല്ലാവർക്കും പ്രകടമാകേണ്ടതിന്, NW] ഇതു കരുതുക, ഇതിൽതന്നേ ഇരുന്നുകൊൾക. നിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക; ഇതിൽ ഉറെച്ചുനില്ക്ക; അങ്ങനെ ചെയ്താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.”—1 തിമൊ. 4:15, 16.
_