പുരോഗമനോന്മുഖരായിരിക്കുക—അഭിവൃദ്ധി കൈവരിക്കുക
ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാൻ നിങ്ങൾ ആദ്യമായി പഠിച്ചപ്പോൾ, നിങ്ങളിൽ അടിയുറച്ചുപോയിരുന്ന ചിന്താഗതിക്കും സംസാരരീതിക്കും പെരുമാറ്റത്തിനുമൊക്കെ ക്രമേണ മാറ്റം വരാൻ തുടങ്ങി. ഇതിലധികവും സംഭവിച്ചത് നിങ്ങൾ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പേർ ചാർത്തുന്നതിനു പോലും മുമ്പാണ്. സാധ്യതയനുസരിച്ച് ഇപ്പോൾ നിങ്ങൾ യഹോവയ്ക്കു ജീവിതം സമർപ്പിച്ചിരിക്കുന്ന ഘട്ടത്തോളം പുരോഗതി പ്രാപിച്ചിട്ടുണ്ടാകാം. ഇനി പുരോഗതി വരുത്തേണ്ടതില്ല എന്നാണോ അതിന്റെ അർഥം? ഒരിക്കലുമല്ല. സ്നാപനം വാസ്തവത്തിൽ ഒരു തുടക്കം മാത്രമാണ്.
“അഭിവൃദ്ധി എല്ലാവർക്കും പ്രകടമായിത്തീ”രുന്നതിന്, നൽകപ്പെട്ട ബുദ്ധിയുപദേശത്തെ കുറിച്ചും ഭരമേൽപ്പിക്കപ്പെട്ട സേവന പദവികളെ കുറിച്ചും ‘വിചിന്തനം ചെയ്യണം’ എന്നും അവയിൽ ‘ആമഗ്നനായിരിക്കണം’ എന്നും പൗലൊസ് ശിഷ്യനായ തിമൊഥെയൊസിനോടു പറഞ്ഞപ്പോൾ അവൻ അപ്പോൾത്തന്നെ ഒരു ക്രിസ്തീയ മൂപ്പനായി സേവിക്കുകയായിരുന്നു. (1 തിമൊ. 4:12-15, NW) നിങ്ങൾ ഒരുപക്ഷേ സത്യത്തിന്റെ മാർഗത്തിൽ നടക്കാൻ തുടങ്ങിയതേ ഉണ്ടായിരിക്കയുള്ളൂ, അല്ലെങ്കിൽ ക്രിസ്തീയ ജീവിതത്തിൽ നിങ്ങൾക്കു വളരെയേറെ അനുഭവപരിചയം ഉണ്ടായിരിക്കാം. സംഗതി എന്തായിരുന്നാലും, അഭിവൃദ്ധി കൈവരിക്കുന്നതിൽ നിങ്ങൾ തത്പരനായിരിക്കേണ്ടതുണ്ട്.
അറിവും പരിവർത്തനവും
തന്റെ സഹവിശ്വാസികൾ സത്യത്തിന്റെ ‘വീതിയും നീളവും ഉയരവും ആഴവും എന്തു എന്നു ഗ്രഹിപ്പാൻ പ്രാപ്തരാകു’ന്നതിന് അപ്പൊസ്തലനായ പൗലൊസ് പ്രാർഥിക്കുന്നതായി എഫെസ്യർ 3:14-19-ൽ നാം വായിക്കുന്നു. ആ ലക്ഷ്യത്തിൽ യേശു, സഭയെ പഠിപ്പിക്കാനും യഥാസ്ഥാനപ്പെടുത്താനും കെട്ടുപണി ചെയ്യാനും മനുഷ്യരാം ദാനങ്ങളെ നൽകി. ദൈവത്തിന്റെ നിശ്വസ്ത വചനത്തെ കുറിച്ചുള്ള ക്രമമായ ധ്യാനവും അനുഭവസമ്പന്നരായ ഉപദേഷ്ടാക്കന്മാരിൽനിന്നുള്ള മാർഗനിർദേശവും ആത്മീയമായി “വളരുവാൻ” നമ്മെ സഹായിക്കും.—എഫെ. 4:11-15.
‘നിങ്ങളുടെ മനസ്സിനെ കർമോദ്യുക്തമാക്കുന്ന ശക്തിയിൽ പുതുക്കം പ്രാപിക്കുന്നത്’ ആ വളർച്ചയിൽ ഉൾപ്പെടുന്നു. അതിന്റെ അർഥം ദൈവത്തിന്റേതിനോടും ക്രിസ്തുവിന്റേതിനോടും സമാനമായ ഒരു ശക്തമായ മാനസിക ചായ്വ് വളർത്തിയെടുക്കുക എന്നാണ്. ഇത് ‘പുതിയ വ്യക്തിത്വം ധരിക്കാൻ’ തക്കവണ്ണം അവരുടെ ചിന്താഗതിയുമായി നിരന്തരം സമ്പർക്കത്തിൽ വരുന്നത് ആവശ്യമാക്കിത്തീർക്കുന്നു. (എഫെ. 4:23, 24, NW) സുവിശേഷങ്ങൾ പഠിക്കുമ്പോൾ, ക്രിസ്തുവിന്റെ ജീവിതത്തെ കുറിച്ചുള്ള ആ വിവരണങ്ങളെ നിങ്ങൾക്കു പിൻപറ്റുന്നതിനുള്ള ഒരു മാതൃകയായി നിങ്ങൾ വീക്ഷിക്കുന്നുവോ? യേശു പ്രകടമാക്കിയ പ്രത്യേക ഗുണവിശേഷങ്ങൾ തിരിച്ചറിയാനും തുടർന്ന് സ്വന്തം ജീവിതത്തിൽ അവ അനുകരിക്കാനും നിങ്ങൾ യഥാർഥ ശ്രമം ചെയ്യുന്നുവോ?—1 പത്രൊ. 2:21.
അക്കാര്യത്തിൽ നിങ്ങൾ എത്രമാത്രം അഭിവൃദ്ധി കൈവരിച്ചിട്ടുണ്ട് എന്നതിന്റെ സൂചന ആയിരുന്നേക്കാം നിങ്ങൾ സംഭാഷണത്തിൽ ഉൾപ്പെടുത്തുന്ന വിഷയങ്ങൾ. പുതിയ വ്യക്തിത്വം ധരിച്ചിരിക്കുന്നവർ സത്യസന്ധമല്ലാത്തതോ ദ്രോഹകരമോ സഭ്യമല്ലാത്തതോ നിഷേധാത്മകമോ ആയ സംസാരത്തിൽ ഏർപ്പെടുന്നില്ല. പകരം, അവരുടെ സംസാരം ‘കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആത്മികവർദ്ധനെക്ക്’ ഉതകുന്നതാണ്. (എഫെ. 4:25, 26, 29, 31; 5:3, 4; യൂദാ 16) സ്വകാര്യ ജീവിതത്തിൽ ആയാലും സഭായോഗങ്ങളിൽ ആയാലും, അവരുടെ സംസാരവും അഭിപ്രായങ്ങളും സത്യം അവരുടെ ജീവിതത്തിനു പരിവർത്തനം വരുത്തുന്നു എന്നു വെളിപ്പെടുത്തുന്നു.
മേലാൽ നിങ്ങൾ ‘ഉപദേശത്തിന്റെ ഓരോ കാററിനാൽ അലഞ്ഞുഴലുന്നി’ല്ലെങ്കിൽ അതും അഭിവൃദ്ധിയുടെ ഒരു തെളിവാണ്. (എഫെ. 4:14) ഉദാഹരണത്തിന്, പുതിയ പുതിയ ആശയങ്ങളോ ആദർശങ്ങളോ വിനോദരൂപങ്ങളോകൊണ്ട് ലോകം നിങ്ങളെ വീർപ്പുമുട്ടിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾ എങ്ങനെയാണു പ്രതികരിക്കുന്നത്? ആത്മീയ ഉത്തരവാദിത്വങ്ങൾക്കായി ഉപയോഗിക്കേണ്ട സമയം അത്തരം കാര്യങ്ങൾക്കായി ചെലവിടാൻ നിങ്ങൾക്കു പ്രലോഭനം തോന്നുന്നുവോ? അങ്ങനെ ചെയ്യുന്നത് ആത്മീയ പുരോഗതിയെ മുരടിപ്പിച്ചേക്കാം. അതിലും എത്രയോ ബുദ്ധിയാണ് ആത്മീയ പ്രവർത്തനങ്ങൾക്കായി സമയം വിലയ്ക്കു വാങ്ങുന്നത്!—എഫെ. 5:15, 16, NW.
മറ്റുള്ളവരോട് ഇടപെടുന്ന വിധം നിങ്ങൾ എത്രമാത്രം ആത്മീയ അഭിവൃദ്ധി കൈവരിച്ചിട്ടുണ്ട് എന്നതിന്റെ മറ്റൊരു സൂചനയായിരുന്നേക്കാം. സഹോദരങ്ങളോട് ‘മനസ്സലിവുള്ളവരായിരിക്കാനും ക്ഷമിക്കാനും’ നിങ്ങൾ പഠിച്ചിരിക്കുന്നുവോ?—എഫെ. 4:32.
യഹോവയുടെ ഹിതപ്രകാരം കാര്യങ്ങൾ ചെയ്യുന്നതിലുള്ള നിങ്ങളുടെ പുരോഗതി സഭയിലും വീട്ടിലും പ്രകടമായിരിക്കണം. കൂടാതെ, സ്കൂളിലും പൊതുസ്ഥലങ്ങളിലും ലൗകികജോലി സ്ഥലത്തുമൊക്കെ അതു ദൃശ്യമായിരിക്കണം. (എഫെ. 5:21–6:9) അത്തരം സാഹചര്യങ്ങളിലെല്ലാം നിങ്ങൾ ദൈവിക ഗുണങ്ങൾ ഏറെ മെച്ചമായി പ്രതിഫലിപ്പിക്കുന്നപക്ഷം, നിങ്ങളുടെ അഭിവൃദ്ധി പ്രകടമായിത്തീരുകയാണ്.
നിങ്ങളുടെ വരം ഉപയോഗിക്കുക
യഹോവ നമ്മെ ഓരോരുത്തരെയും കഴിവുകളും പ്രാപ്തികളും ഭരമേൽപ്പിച്ചിട്ടുണ്ട്. നമ്മിലൂടെ അനർഹദയ പ്രകടമാക്കാൻ അവനു കഴിയുന്ന ഒരു വിധത്തിൽ മറ്റുള്ളവർക്കായി നാം അവ ഉപയോഗിക്കാൻ അവൻ പ്രതീക്ഷിക്കുന്നു. ഇതു സംബന്ധിച്ച് അപ്പൊസ്തലനായ പത്രൊസ് എഴുതി: “ഓരോരുത്തന്നു വരം ലഭിച്ചതുപോലെ . . . ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ [“ദൈവത്തിന്റെ അനർഹദയയുടെ നല്ല കാര്യസ്ഥന്മാരായി അന്യോന്യം ശുശ്രൂഷ ചെയ്യുന്നതിൽ അത് ഉപയോഗിക്കുക,” NW].” (1 പത്രൊ. 4:10) ഈ കാര്യസ്ഥപദവി നിങ്ങൾ എങ്ങനെയാണു കൈകാര്യം ചെയ്യുന്നത്?
പത്രൊസ് ഇങ്ങനെ തുടരുന്നു: “ഒരുത്തൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്നപോലെ . . . ആകട്ടെ.” (1 പത്രൊ. 4:11) ഈ വാക്യം, ദൈവവചനത്തിനു പൂർണ ചേർച്ചയിൽ പ്രസംഗിക്കാനും അങ്ങനെ ദൈവത്തിനു മഹത്ത്വം കൈവരുത്താനും ഉള്ള ഉത്തരവാദിത്വത്തിന് അടിവരയിടുന്നു. പ്രസംഗിക്കുന്ന വിധവും യഹോവയെ മഹത്ത്വപ്പെടുത്തേണ്ടതുണ്ട്. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലൂടെ ലഭിക്കുന്ന പരിശീലനം നിങ്ങളുടെ വരം ആ വിധത്തിൽ—മറ്റുള്ളവരെ സഹായിച്ചുകൊണ്ട് യഹോവയ്ക്കു മഹത്ത്വം കരേറ്റാനായി—ഉപയോഗിക്കുന്നതിനു നിങ്ങളെ സഹായിക്കും. നിങ്ങളുടെ ലക്ഷ്യം അതായിരിക്കെ, സ്കൂളിലെ നിങ്ങളുടെ പുരോഗതി എങ്ങനെയാണ് അളക്കേണ്ടത്?
പ്രസംഗ ബുദ്ധിയുപദേശ ഫാറത്തിലെ എത്ര പോയിന്റുകളിൽ അഭിവൃദ്ധി കൈവരിച്ചു എന്നതിന്റെയോ ഏതുതരം നിയമനങ്ങളാണു നിങ്ങൾക്കു ലഭിച്ചിരിക്കുന്നത് എന്നതിന്റെയോ അടിസ്ഥാനത്തിൽ പുരോഗതി അളക്കുന്നതിനു പകരം, സ്കൂളിലെ പരിശീലനം നിങ്ങളുടെ സ്തുതിയാഗത്തിന്റെ ഗുണം എത്രമാത്രം മെച്ചപ്പെടുത്തിയിട്ടുണ്ട് എന്നു ചിന്തിക്കുക. വയലിൽ കൂടുതൽ മെച്ചപ്പെട്ട ശുശ്രൂഷകരായിത്തീരാൻ സ്കൂൾ നമ്മെ സജ്ജരാക്കുന്നു. അതുകൊണ്ട് സ്വയം ഇങ്ങനെ ചോദിക്കുക: ‘വയൽസേവനത്തിൽ പങ്കെടുക്കുമ്പോൾ പറയാനുള്ള കാര്യങ്ങൾ ഞാൻ ശരിക്കും തയ്യാറാകുന്നുവോ? വയലിൽ കണ്ടുമുട്ടുന്നവരിൽ വ്യക്തിപരമായ താത്പര്യം കാണിക്കാൻ ഞാൻ പഠിച്ചിരിക്കുന്നുവോ? അടുത്ത തവണ ചെല്ലുമ്പോൾ ചർച്ച ചെയ്യാനായി ഒരു ചോദ്യം ചോദിച്ചിട്ടു പോന്നുകൊണ്ട് ഞാൻ മടക്കസന്ദർശനങ്ങൾക്കുള്ള അടിത്തറ പാകുന്നുവോ? എനിക്ക് ഒരു ബൈബിൾ അധ്യയനം ഉണ്ടെങ്കിൽ, വിദ്യാർഥിയുടെ ഹൃദയത്തിൽ എത്തിച്ചേരുന്ന വിധത്തിൽ പഠിപ്പിക്കുന്നതിൽ പുരോഗതി പ്രാപിക്കാൻ ഞാൻ ശ്രമിക്കുന്നുവോ?’
നിങ്ങൾക്കു ലഭിച്ചിരിക്കുന്ന സേവന പദവികളുടെ അടിസ്ഥാനത്തിൽ മാത്രം പുരോഗതി അളക്കരുത്. നിങ്ങളുടെ അഭിവൃദ്ധി നിർണയിക്കുന്ന ഘടകം, നിങ്ങൾക്ക് എന്തു നിയമനം ലഭിക്കുന്നു എന്നതല്ല, പിന്നെയോ ആ നിയമനം നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ്. പഠിപ്പിക്കൽ ഉൾപ്പെടുന്ന ഒരു നിയമനമാണു ലഭിച്ചതെങ്കിൽ സ്വയം ഇങ്ങനെ ചോദിക്കുക: ‘ഞാൻ പഠിപ്പിക്കൽ കല ശരിക്കും ഉപയോഗിച്ചോ? പരിപാടി കേട്ടിരുന്നവരുടെ ജീവിതത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്ന വിധത്തിലാണോ ഞാൻ വിവരങ്ങൾ അവതരിപ്പിച്ചത്?’
നിങ്ങളുടെ വരം ഉപയോഗിക്കാനുള്ള ഉദ്ബോധനം മുൻകൈയെടുത്തു പ്രവർത്തിക്കുന്നതിനെ സൂചിപ്പിക്കുന്നു. വയൽശുശ്രൂഷയിൽ മറ്റുള്ളവരോടൊപ്പം പ്രവർത്തിക്കുന്നതിനു നിങ്ങൾ മുൻകൈ എടുക്കുന്നുവോ? നിങ്ങളുടെ സഭയിലെ പുതിയവരോ ചെറുപ്പക്കാരോ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരോ ആയവരെ സഹായിക്കാനുള്ള അവസരങ്ങൾ നിങ്ങൾ തേടുന്നുവോ? രാജ്യഹാൾ വൃത്തിയാക്കാനോ കൺവെൻഷനുകളിലും സമ്മേളനങ്ങളിലും പല വിധങ്ങളിൽ സഹായിക്കാനോ നിങ്ങൾ സ്വമേധയാ തയ്യാറാകുന്നുവോ? നിങ്ങൾക്കു ക്രമമായ ഇടവേളകളിൽ സഹായ പയനിയറിങ് ചെയ്യാൻ കഴിയുമോ? ഒരു സാധാരണ പയനിയറായി സേവിക്കാനോ ആവശ്യം കൂടുതലുള്ള ഒരു സഭയിൽ സഹായിക്കാനോ നിങ്ങൾക്കു സാധിക്കുമോ? നിങ്ങൾ ഒരു സഹോദരൻ ആണെങ്കിൽ, ശുശ്രൂഷാദാസന്മാർക്കും മൂപ്പന്മാർക്കും ഉള്ള തിരുവെഴുത്തു യോഗ്യതകളിൽ എത്തിച്ചേരാൻ നിങ്ങൾ ശ്രമിക്കുന്നുവോ? സഹായിക്കാനും ഉത്തരവാദിത്വം സ്വീകരിക്കാനും നിങ്ങൾ സ്വമേധയാ തയ്യാറാകുന്നത് അഭിവൃദ്ധിയുടെ ലക്ഷണമാണ്.—സങ്കീ. 110:3.
അനുഭവപരിചയത്തിന്റെ പങ്ക്
ക്രിസ്തീയ ജീവിതത്തിൽ അനുഭവപരിചയം ഇല്ലാത്തതുകൊണ്ട് പോരായ്മ ഉള്ളതായി തോന്നുന്നെങ്കിൽ ധൈര്യം ആർജിക്കുക. ദൈവവചനത്തിന് “അനുഭവജ്ഞാനമില്ലാത്തവനെ ജ്ഞാനി”യാക്കിത്തീർക്കാൻ കഴിയും. (സങ്കീ. 19:7, NW; 119:130, NW; സദൃ. 1:1-4, NW) ബൈബിളിന്റെ ബുദ്ധിയുപദേശം ബാധകമാക്കുന്നത് യഹോവയുടെ തികവുള്ള ജ്ഞാനത്തിൽനിന്നു പ്രയോജനം അനുഭവിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. ഇത് വെറും അനുഭവപരിചയത്തിലൂടെ സമ്പാദിക്കാൻ കഴിയുന്ന ഏതു ജ്ഞാനത്തെക്കാളും മൂല്യവത്താണ്. എങ്കിലും, യഹോവയുടെ സേവനത്തിൽ അഭിവൃദ്ധി കൈവരിക്കവേ, നാം വിലപ്പെട്ട അനുഭവപരിചയം നേടുകതന്നെ ചെയ്യുന്നു. അതു നമുക്കു നല്ല രീതിയിൽ എങ്ങനെ ഉപയോഗിക്കാനാകും?
ജീവിതത്തിൽ വിവിധ സാഹചര്യങ്ങളെ നേരിട്ടിട്ടുള്ള ഒരു വ്യക്തിക്ക് ഇങ്ങനെ ന്യായവാദം ചെയ്യാനുള്ള പ്രലോഭനം തോന്നിയേക്കാം: ‘ഞാൻ ഈ സാഹചര്യത്തെ മുമ്പ് നേരിട്ടിട്ടുള്ളതാണ്. എന്തു ചെയ്യണമെന്ന് എനിക്കറിയാം.’ എന്നാൽ അങ്ങനെ ചിന്തിക്കുന്നതു ജ്ഞാനമായിരിക്കുമോ? സദൃശവാക്യങ്ങൾ 3:7 ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: ‘നിനക്കു തന്നേ നീ ജ്ഞാനിയായി തോന്നരുത്.’ ജീവിത സാഹചര്യങ്ങളെ കൈകാര്യം ചെയ്യുമ്പോൾ കണക്കിലെടുക്കേണ്ട ഘടകങ്ങൾ സംബന്ധിച്ച നമ്മുടെ വീക്ഷണത്തെ അനുഭവപരിചയം തീർച്ചയായും വിശാലമാക്കണം. എന്നാൽ നാം ആത്മീയ പുരോഗതി വരുത്തുന്നവരാണെങ്കിൽ, യഹോവയുടെ അനുഗ്രഹം ഉണ്ടെങ്കിലേ നമുക്കു വിജയിക്കാൻ കഴിയൂ എന്ന സംഗതി നമ്മുടെ മനസ്സിലും ഹൃദയത്തിലും ആഴത്തിൽ പതിയാനും നമ്മുടെ അനുഭവപരിചയം ഇടയാക്കണം. അതുകൊണ്ട്, സ്വന്തമായിട്ട് എല്ലാം ചെയ്യാനാകും എന്ന ഉറച്ച ആത്മവിശ്വാസത്തോടെ സാഹചര്യങ്ങളെ നേരിടുന്നതല്ല അഭിവൃദ്ധിയുടെ തെളിവ്, മറിച്ച് മാർഗനിർദേശത്തിനായി യഹോവയിലേക്കു തത്ക്ഷണം തിരിയുന്നതാണ്. അവന്റെ അനുവാദം കൂടാതെ യാതൊന്നും സംഭവിക്കില്ലെന്ന് ഉറപ്പുള്ളവരായിരിക്കുന്നതിലൂടെയും നമ്മുടെ സ്വർഗീയ പിതാവുമായി ആശ്രയത്വവും സ്നേഹവും തുളുമ്പുന്ന ഒരു ബന്ധം നിലനിറുത്തുന്നതിലൂടെയും നമുക്കു നമ്മുടെ അഭിവൃദ്ധി പ്രകടമാക്കാൻ കഴിയും.
‘മുമ്പിലുള്ളതിനായി ആയുന്നതിൽ’ തുടരുക
ആത്മീയ പക്വതയുള്ള, അഭിഷിക്തനായ ഒരു ക്രിസ്ത്യാനി ആയിരുന്നിട്ടു കൂടി ജീവന്റെ ലാക്കിൽ എത്താൻ ‘മുമ്പിലുള്ളതിനായി ആയുന്നതിൽ’ തുടരേണ്ടതുണ്ടെന്ന് അപ്പൊസ്തലനായ പൗലൊസ് തിരിച്ചറിഞ്ഞു. (ഫിലി. 3:13-16, NW) നിങ്ങൾക്കും അങ്ങനെയൊരു വീക്ഷണം ഉണ്ടോ?
നിങ്ങൾ എത്രത്തോളം പുരോഗതി വരുത്തിയിരിക്കുന്നു? പുതിയ വ്യക്തിത്വം നിങ്ങൾ എത്ര നന്നായി ധരിച്ചിരിക്കുന്നു, യഹോവയുടെ പരമാധികാരത്തിനു നിങ്ങൾ എത്ര പൂർണമായി കീഴ്പെട്ടിരിക്കുന്നു, യഹോവയെ മഹത്ത്വപ്പെടുത്താനായി നിങ്ങൾ നിങ്ങളുടെ വരങ്ങൾ എത്ര ശുഷ്കാന്തിയോടെ ഉപയോഗിക്കുന്നു എന്നിവയുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ പുരോഗതി അളക്കുക. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടവേ, ദൈവവചനത്തിൽ എടുത്തുകാട്ടിയിരിക്കുന്ന ഗുണങ്ങൾ നിങ്ങളുടെ സംസാരത്തിലും പഠിപ്പിക്കലിലും പടിപടിയായി പ്രകടമായിത്തീരേണ്ടതുണ്ട്. വളർച്ചയുടെ ഈ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അതേ, അവയിൽ ആനന്ദം കണ്ടെത്തുക. അപ്പോൾ നിങ്ങളുടെ അഭിവൃദ്ധി വളരെ പ്രകടമായിത്തീരും.