നിങ്ങളുടെ അഭിവൃദ്ധി പ്രസിദ്ധമാക്കുക
1 നിങ്ങൾ ആദ്യം രാജ്യസന്ദേശം കേട്ട ആ സമയത്തേക്കു പിന്തിരിഞ്ഞു ചിന്തിക്കുക. ലളിതമായ സത്യങ്ങൾ പരിജ്ഞാനത്തിനും ഗ്രാഹ്യത്തിനുമായുള്ള നിങ്ങളുടെ ആഗ്രഹത്തെ ഉത്തേജിപ്പിച്ചു. നിങ്ങളുടെ ജീവിതരീതിക്കു മാറ്റങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യം കാണാൻ പെട്ടെന്നുതന്നെ നിങ്ങൾക്കു കഴിഞ്ഞു. കാരണം യഹോവയുടെ വഴികൾ നിങ്ങളുടെ വഴികളെക്കാൾ വളരെ ഉന്നതമാണ്. (യെശ. 55:8, 9) നിങ്ങൾ പുരോഗതി വരുത്തി, നിങ്ങളുടെ ജീവിതത്തെ സമർപ്പിച്ചു, സ്നാപനമേറ്റു.
2 ചില ആത്മീയ പുരോഗതികൾ വരുത്തിയ ശേഷവും കീഴടക്കേണ്ടതായ ബലഹീനതകൾ പിന്നെയും ഉണ്ടായിരുന്നു. (റോമ. 12:2) ഒരുപക്ഷേ നിങ്ങൾക്കു മാനുഷഭയം ഉണ്ടായിരുന്നു, അതു വയൽസേവനത്തിൽ പങ്കുപറ്റുന്നതിനു നിങ്ങളെ വൈമനസ്യമുള്ളവനാക്കി. അല്ലെങ്കിൽ ഒരുപക്ഷേ ദൈവാത്മാവിന്റെ ഫലങ്ങൾ പ്രകടമാക്കുന്നതിൽ നിങ്ങൾ വീഴ്ചവരുത്തിയിരുന്നു. പിൻമാറി നിൽക്കുന്നതിനു പകരം നിങ്ങൾക്കുവേണ്ടി ദിവ്യാധിപത്യ ലാക്കുകൾ വെച്ചുകൊണ്ടു പുരോഗമിക്കുന്നതിൽ നിങ്ങൾ ദൃഢചിത്തനായിരുന്നു.
3 നിങ്ങൾ സമർപ്പണം നടത്തിയിട്ട് അനേകവർഷങ്ങൾ പിന്നിട്ടിരിക്കാം. പിന്തിരിഞ്ഞു നോക്കുമ്പോൾ നിങ്ങൾക്കു നിങ്ങളിൽതന്നെ എന്തു പുരോഗതികൾ കാണാൻ കഴിയുന്നു? നിങ്ങളുടെ ലക്ഷ്യങ്ങളിൽ ചിലതു നിങ്ങൾ നേടിയെടുത്തിട്ടുണ്ടോ? നിങ്ങൾക്കു “പ്രാരംഭത്തിൽ ഉണ്ടായിരുന്ന” അതേ ഉത്സാഹം ഉണ്ടോ? (എബ്രാ. 3:14, NW) “നിന്റെ അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരേണ്ടതിന്നു ഇതു കരുതുക, ഇതിൽ തന്നേ ഇരുന്നുകൊൾക” എന്നു പൗലോസ് തിമോത്തിയെ ഉദ്ബോധിപ്പിച്ചപ്പോൾ അവൻ അപ്പോൾത്തന്നെ വർഷങ്ങളിലെ അനുഭവപരിചയവും പക്വതയുമുള്ള ഒരു ക്രിസ്ത്യാനിയായിരുന്നു.—1 തിമൊ. 4:15.
4 വ്യക്തിപരമായ പരിശോധന ആവശ്യം: നമ്മുടെ കഴിഞ്ഞകാല ഗതി വിശകലനം ചെയ്യുമ്പോൾ നമുക്കു പ്രാരംഭത്തിൽ ഉണ്ടായിരുന്ന ചില ബലഹീനതകൾ ഇപ്പോഴും ഉണ്ടെന്നു നാം കണ്ടെത്തുന്നുവോ? നാം വെച്ച ചില ലാക്കുകളിൽ എത്തുന്നതിൽ പരാജയപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ എന്തുകൊണ്ട്? നമുക്കു സദുദ്ദേശ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും നാം കാലവിളമ്പം വരുത്തിയിരിക്കാം. ഒരുപക്ഷേ ജീവിതോത്ക്കണ്ഠകളോ ഈ വ്യവസ്ഥിതിയുടെ സമ്മർദങ്ങളോ നമ്മെ പിടിച്ചുനിർത്തുന്നതിനു നാം അനുവദിച്ചിരിക്കാം.—ലൂക്കൊ. 17:28-30.
5 കഴിഞ്ഞു പോയതു സംബന്ധിച്ചു നമുക്കു കാര്യമായി ഒന്നും ചെയ്യാനാവില്ലെങ്കിലും ഭാവിയെക്കുറിച്ചു നമുക്കു ചിലതു തീർച്ചയായും ചെയ്യാൻ കഴിയും. നാം എവിടെ കുറവുള്ളവരാണെന്നു നിർണയിക്കാൻ നമ്മെ സംബന്ധിച്ചു സത്യസന്ധമായ ഒരു വിലയിരുത്തൽ നടത്താൻ കഴിയും, എന്നിട്ട് പുരോഗമിക്കുന്നതിനു ശ്രദ്ധാപൂർവമായ ഒരു ശ്രമം ചെലുത്തുക. ദൈവാത്മാവിന്റെ ഫലങ്ങളായ ആത്മനിയന്ത്രണം, താഴ്മ, ദീർഘക്ഷമ തുടങ്ങിയവ പ്രകടിപ്പിക്കുന്നതിൽ നാം കൂടുതൽ പുരോഗമിക്കേണ്ടതുണ്ടായിരിക്കാം. (ഗലാ. 5:22, 23) മറ്റുള്ളവരുമായി ഒത്തുപോകുന്നതിനോ മൂപ്പൻമാരുമായി സഹകരിക്കുന്നതിനോ നമുക്കു ബുദ്ധിമുട്ടുണ്ടെങ്കിൽ നാം താഴ്മയും മനസ്സിന്റെ എളിമയും നട്ടുവളർത്തുന്നതു പ്രധാനമാണ്.—ഫിലി. 2:2, 3.
6 സേവനപദവികൾക്കുവേണ്ടി എത്തിപ്പിടിച്ചുകൊണ്ട് നമുക്കു നമ്മുടെ അഭിവൃദ്ധി പ്രസിദ്ധമാക്കാൻ കഴിയുമോ? കൂടുതലായ പരിശ്രമത്താൽ സഹോദരൻമാർക്ക് ശുശ്രൂഷാദാസൻമാരോ മൂപ്പൻമാരോ ആയി യോഗ്യത പ്രാപിക്കാൻ കഴിഞ്ഞേക്കാം. നമ്മിൽ ചിലർക്ക് സാധാരണപയനിയർമാരായി പേർചാർത്താൻ കഴിഞ്ഞേക്കാം. അനേകർക്കും സഹായപയനിയറിങ് എത്തിപ്പിടിക്കാവുന്ന ഒരു ലാക്ക് ആയിരുന്നേക്കാം. മററുചിലർ വ്യക്തിപരമായ പഠനശീലത്തിൽ പുരോഗതി വരുത്തുന്നതിന്, സഭായോഗങ്ങളിൽ കൂടുതൽ ഉത്സാഹപൂർവം പങ്കുപറ്റുന്നവരായിത്തീരുന്നതിന്, അല്ലെങ്കിൽ സഭാപ്രസാധകരെന്ന നിലയിൽ കൂടുതൽ ഫലപ്രദരായിത്തീരുന്നതിനു ശ്രമിച്ചേക്കാം.
7 എവിടെ അഭിവൃദ്ധി വരുത്തണമെന്നു തീരുമാനിക്കേണ്ടത് തീർച്ചയായും ഓരോ വ്യക്തിയുമാണ്. “പക്വത പ്രാപിക്കു”ന്നതിനുള്ള ആത്മാർഥമായ ശ്രമങ്ങൾ നമ്മുടെ സന്തോഷത്തെ അത്യന്തം വർധിപ്പിക്കുകയും നമ്മെ സഭയിൽ ഏറെ ഫലപ്രദരായ അംഗങ്ങളാക്കിത്തീർക്കുകയും ചെയ്യുമെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാം.—എബ്രാ. 6:1, NW.