ഭാഗം 5
ബാബിലോണിലെ തടവുമുതൽ യെരൂശലേമിന്റെ മതിലുകൾ വീണ്ടും പണിയുന്നതുവരെ
ബാബിലോണിൽ തടവിലായിരിക്കെ ഇസ്രായേല്യർക്ക് വിശ്വാസത്തിന്റെ അനേകം പരിശോധനകൾ നേരിട്ടു. ശദ്രക്കും മേശക്കും അബേദ്നെഗോവും തീച്ചൂളയിൽ എറിയപ്പെട്ടു; എങ്കിലും ദൈവം അവരെ ജീവനോടെ വെളിയിൽ കൊണ്ടുവന്നു. പിന്നീട് പേർഷ്യക്കാരും മേദ്യരും ചേർന്ന് ബാബിലോൺ കീഴടക്കിയതിനുശേഷം ദാനീയേൽ ഒരു സിംഹക്കുഴിയിൽ എറിയപ്പെട്ടു. എങ്കിലും ദൈവം സിംഹങ്ങളുടെ വായ് അടച്ചുകൊണ്ട് അവനെയും സംരക്ഷിച്ചു.
ഒടുവിൽ, പേർഷ്യൻ രാജാവായ കോരെശ് ഇസ്രായേല്യരെ സ്വതന്ത്രരാക്കി. അവർ ബാബിലോണിലേക്ക് തടവുകാരായി കൊണ്ടുപോകപ്പെട്ട് 70 വർഷം കഴിഞ്ഞ് സ്വന്തം നാട്ടിലേക്കു മടങ്ങിവന്നു. അവർ യെരൂശലേമിലേക്കു മടങ്ങിവന്നപ്പോൾ ആദ്യം ചെയ്ത സംഗതികളിലൊന്ന് യഹോവയുടെ ആലയത്തിന്റെ പണി ആരംഭിക്കുക എന്നതായിരുന്നു. എങ്കിലും ശത്രുക്കൾ പെട്ടെന്നുതന്നെ അവരുടെ വേല തടഞ്ഞു. അതുകൊണ്ട് അവർ യെരൂശലേമിൽ മടങ്ങിയെത്തി ഏതാണ്ട് 22 വർഷം കഴിഞ്ഞാണ് ആലയത്തിന്റെ പണി പൂർത്തിയായത്.
അടുത്തതായി, ആലയത്തെ മനോഹരമാക്കാനായി എസ്രാ യെരൂശലേമിലേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ചു നാം പഠിക്കുന്നു. ഇത് ആലയം പൂർത്തിയായി ഏതാണ്ട് 47 വർഷത്തിനുശേഷമായിരുന്നു. എസ്രായുടെ യാത്രയ്ക്കു 13 വർഷത്തിനുശേഷം നെഹെമ്യാവ് യെരൂശലേമിന്റെ തകർന്ന മതിലുകൾ പുതുക്കിപ്പണിയുന്നതിനു സഹായിച്ചു. ഈ കാലംവരെയുള്ള 152 വർഷത്തെ ചരിത്രം നമുക്ക് അഞ്ചാം ഭാഗത്തു കാണാം.