പൊതുജനങ്ങളെ ഉദ്ദേശിച്ചുള്ള പ്രസംഗങ്ങൾ തയ്യാറാകൽ
വാരംതോറും, യഹോവയുടെ സാക്ഷികളുടെ മിക്ക സഭകളും ഒരു തിരുവെഴുത്തു വിഷയത്തെ ആസ്പദമാക്കി പരസ്യപ്രസംഗം നടത്തുന്നതിനുള്ള ക്രമീകരണം ചെയ്യുന്നു. നിങ്ങൾ ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ആണെങ്കിൽ, മികച്ച രീതിയിൽ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരാളാണെന്നു നിങ്ങൾ തെളിയിക്കുന്നുവോ? എങ്കിൽ, ഒരു പരസ്യപ്രസംഗം നടത്താൻ നിങ്ങൾക്കു ക്ഷണം ലഭിച്ചേക്കാം. ഈ സേവന പദവിക്കായി യോഗ്യത പ്രാപിക്കാൻ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പതിനായിരക്കണക്കിനു സഹോദരന്മാരെ സഹായിച്ചിരിക്കുന്നു. ആകട്ടെ, ഒരു പരസ്യപ്രസംഗം നടത്താൻ നിയമനം ലഭിക്കുമ്പോൾ എവിടെയാണു തുടങ്ങേണ്ടത്?
ബാഹ്യരേഖ പഠിക്കുക
ഗവേഷണം ചെയ്തു തുടങ്ങുന്നതിനു മുമ്പായി ബാഹ്യരേഖ വായിക്കുക, അതിലെ വിവരങ്ങളുടെ പൊരുൾ മനസ്സിലാക്കുന്നതുവരെ അതേക്കുറിച്ചു ധ്യാനിക്കുക. പ്രതിപാദ്യവിഷയം അതായത് പ്രസംഗത്തിന്റെ ശീർഷകം മനസ്സിൽ ഉറപ്പിച്ചു നിറുത്തുക. നിങ്ങൾ സദസ്സിനെ എന്താണു പഠിപ്പിക്കാൻ പോകുന്നത്? എന്താണു നിങ്ങളുടെ ലക്ഷ്യം?
മുഖ്യ തലക്കെട്ടുകൾ ഏതെല്ലാം എന്ന് നോക്കുക. ആ മുഖ്യ പോയിന്റുകൾ അപഗ്രഥിക്കുക. അവയിൽ ഓരോന്നും പ്രതിപാദ്യവിഷയവുമായി ഏതു വിധത്തിലാണു ബന്ധപ്പെട്ടിരിക്കുന്നത്? ഓരോ മുഖ്യ പോയിന്റിനു കീഴിലും നിരവധി ഉപ പോയിന്റുകൾ കൊടുത്തിട്ടുണ്ട്, ആ ഉപ പോയിന്റുകളെ പിന്തുണയ്ക്കുന്ന പോയിന്റുകൾ അവയ്ക്കു കീഴിലും. ബാഹ്യരേഖയുടെ ഓരോ ഭാഗവും തൊട്ടു മുമ്പത്തെ ഭാഗത്തെ അടിസ്ഥാനമാക്കി വികസിപ്പിച്ചിരിക്കുന്നതെങ്ങനെ, അത് തൊട്ടടുത്ത ഭാഗത്തേക്കു നയിക്കുന്നതെങ്ങനെ, പ്രസംഗത്തിന്റെ ലക്ഷ്യം കൈവരിക്കാൻ അത് സഹായകമായിരിക്കുന്നതെങ്ങനെ എന്നെല്ലാം പരിചിന്തിക്കുക. പ്രതിപാദ്യവിഷയം, പ്രസംഗത്തിന്റെ ലക്ഷ്യം, മുഖ്യ പോയിന്റുകൾ ആ ലക്ഷ്യം സാധിച്ചെടുക്കുന്ന വിധം എന്നിവ മനസ്സിലാക്കി കഴിഞ്ഞാൽ നിങ്ങൾക്കു പ്രസംഗം വികസിപ്പിച്ചു തുടങ്ങാവുന്നതാണ്.
ആദ്യം പ്രസംഗത്തെ ഓരോ മുഖ്യ പോയിന്റ് വീതമുള്ള നാലോ അഞ്ചോ ചെറിയ പ്രസംഗങ്ങളായി കാണുന്നതു സഹായകമായിരുന്നേക്കാം. ഇവ ഓരോന്നു വീതം തയ്യാറാകുക.
തന്നിരിക്കുന്ന ബാഹ്യരേഖ, പ്രസംഗം തയ്യാറാകാനുള്ള ഒരു ഉപകരണമാണ്. അല്ലാതെ പ്രസംഗം നടത്തുമ്പോൾ ഉപയോഗിക്കാനുള്ള നോട്ടല്ല. അതിനെ ഒരു അസ്ഥികൂടത്തോട് ഉപമിക്കാൻ കഴിയും. നിങ്ങൾ അതിൽ മാംസവും ഒരു ഹൃദയവും വെച്ചുപിടിപ്പിച്ച് അതിനു ജീവൻ പകരേണ്ടതുണ്ട്.
തിരുവെഴുത്തുകളുടെ ഉപയോഗം
യേശുക്രിസ്തുവും അവന്റെ ശിഷ്യന്മാരും തിരുവെഴുത്തുകളെ ആധാരമാക്കിയാണു പഠിപ്പിച്ചത്. (ലൂക്കൊ. 4:16-21; 24:27; പ്രവൃ. 17:2, 3) നിങ്ങൾക്കും അതുതന്നെ ചെയ്യാൻ കഴിയും. തിരുവെഴുത്തുകൾ ആയിരിക്കണം നിങ്ങളുടെ പ്രസംഗത്തിന്റെ അടിസ്ഥാനം. തന്നിരിക്കുന്ന ബാഹ്യരേഖയിലെ പ്രസ്താവനകൾ വെറുതെ വിശദീകരിച്ച് എങ്ങനെ ബാധകമാകുന്നു എന്നു പറയുന്നതിനു പകരം, തിരുവെഴുത്തുകൾ ആ പ്രസ്താവനകളെ പിന്താങ്ങുന്നത് എങ്ങനെയെന്നു മനസ്സിലാക്കുക. എന്നിട്ട് തിരുവെഴുത്തുകളിൽനിന്നു പഠിപ്പിക്കുക.
പ്രസംഗം തയ്യാറാകുമ്പോൾ ബാഹ്യരേഖയിൽ കൊടുത്തിരിക്കുന്ന ഓരോ തിരുവെഴുത്തും പരിശോധിക്കുക. സന്ദർഭം മനസ്സിലാക്കുക. ചില വാക്യങ്ങൾ സഹായകമായ പശ്ചാത്തല വിവരങ്ങൾ മാത്രമായിരിക്കാം നൽകുന്നത്. പ്രസംഗത്തിന്റെ സമയത്ത് അവയെല്ലാം വായിക്കുകയോ അവയെ കുറിച്ച് അഭിപ്രായം പറയുകയോ ചെയ്യേണ്ടതില്ല. നിങ്ങളുടെ സദസ്സിന് ഏറ്റവും അനുയോജ്യമായ വാക്യങ്ങൾ തിരഞ്ഞെടുക്കുക. അച്ചടിച്ച ബാഹ്യരേഖയിലെ തിരുവെഴുത്തുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പക്ഷം, ഒരുപക്ഷേ നിങ്ങൾക്കു കൂടുതലായ തിരുവെഴുത്തുകൾ ഉപയോഗിക്കേണ്ടി വരില്ല.
നിങ്ങളുടെ പ്രസംഗത്തിന്റെ വിജയം എത്ര തിരുവെഴുത്തുകൾ ഉപയോഗിക്കുന്നു എന്നതിനെ അല്ല, പിന്നെയോ പഠിപ്പിക്കലിന്റെ ഗുണനിലവാരത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. തിരുവെഴുത്തുകൾ പരിചയപ്പെടുത്തുന്ന സമയത്ത് അവ എന്തിനാണ് ഉപയോഗിക്കുന്നത് എന്നു പറയുക. അവ എങ്ങനെ ബാധകമാകുന്നു എന്നു കാണിച്ചുകൊടുക്കുന്നതിനു സമയമെടുക്കുക. ഒരു തിരുവെഴുത്തു വായിച്ചു കഴിഞ്ഞ് അതിനെ കുറിച്ചു ചർച്ചചെയ്യുന്ന സമയത്ത് ബൈബിൾ തുറന്നുതന്നെ വെക്കുക. സദസ്സിലുള്ളവരും സാധ്യതയനുസരിച്ച് അതുതന്നെ ചെയ്യും. അവരുടെ താത്പര്യം ഉണർത്താനും ദൈവവചനത്തിൽനിന്നു കൂടുതൽ നന്നായി പ്രയോജനം നേടാൻ അവരെ സഹായിക്കാനും നിങ്ങൾക്ക് എങ്ങനെ കഴിയും? (നെഹെ. 8:8, 12) വിശദീകരിക്കുകയും ദൃഷ്ടാന്തീകരിക്കുകയും ബാധകമാകുന്നത് എങ്ങനെയെന്നു വ്യക്തമാക്കുകയും ചെയ്യുന്നതിനാൽ നിങ്ങൾക്ക് അതിനു കഴിയും.
വിശദീകരിക്കൽ. ഒരു മുഖ്യ തിരുവെഴുത്തു വിശദീകരിക്കാൻ തയ്യാറാകുന്ന സമയത്ത് സ്വയം ഇങ്ങനെ ചോദിക്കുക: ‘ഇതിന്റെ അർഥമെന്താണ്? ഞാൻ ഇത് എന്റെ പ്രസംഗത്തിൽ ഉപയോഗിക്കുന്നത് എന്തിനാണ്? ഈ വാക്യത്തെ കുറിച്ചു സദസ്യരുടെ മനസ്സിൽ ഉയർന്നുവരുന്ന ചോദ്യങ്ങൾ എന്തെല്ലാം ആയിരിക്കാം?’ സന്ദർഭം, പശ്ചാത്തലം, എഴുതിയ ചുറ്റുപാട്, വാക്കുകളുടെ ശക്തി, നിശ്വസ്ത ലേഖകന്റെ ഉദ്ദേശ്യം ഇവ നിങ്ങൾ വിശകലനം ചെയ്യേണ്ടതുണ്ട്. ഇതിനു ഗവേഷണം ആവശ്യമാണ്. “വിശ്വസ്തനും വിവേകിയുമായ അടിമ” പ്രദാനം ചെയ്തിരിക്കുന്ന പ്രസിദ്ധീകരണങ്ങളിൽ മൂല്യവത്തായ വളരെയേറെ വിവരങ്ങൾ നിങ്ങൾ കണ്ടെത്തും. (മത്താ. 24:45-47, NW) വാക്യത്തെ കുറിച്ചുള്ള സകല വിശദാംശങ്ങളും നൽകാൻ ശ്രമിക്കരുത്. എന്നാൽ ചർച്ചചെയ്യുന്ന പോയിന്റിനോടുള്ള ബന്ധത്തിൽ ആ വാക്യം പരിചിന്തിച്ചത് എന്തുകൊണ്ടെന്നു വിശദീകരിക്കുക.
ദൃഷ്ടാന്തീകരിക്കൽ. കാര്യങ്ങൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനോ നിങ്ങൾ ചർച്ചചെയ്ത ഒരു പോയിന്റ് അല്ലെങ്കിൽ തത്ത്വം ഓർത്തിരിക്കാനോ സദസ്സിനെ സഹായിക്കുക എന്നതാണു ദൃഷ്ടാന്തങ്ങളുടെ ഉദ്ദേശ്യം. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഗ്രഹിക്കാനും ഇപ്പോൾത്തന്നെ അറിയാവുന്ന ഒരു സംഗതിയുമായി അവയെ ബന്ധിപ്പിക്കാനും ദൃഷ്ടാന്തങ്ങൾ ആളുകളെ സഹായിക്കുന്നു. യേശു തന്റെ പ്രസിദ്ധമായ ഗിരിപ്രഭാഷണത്തിൽ അതാണു ചെയ്തത്. ‘ആകാശത്തിലെ പറവകൾ,’ “വയലിലെ താമര,” ‘ഇടുക്കുവാതിൽ,’ ‘പാറമേൽ പണിത വീട്’ ഇവയും മറ്റനേകം പദപ്രയോഗങ്ങളും അവന്റെ പഠിപ്പിക്കലിനെ മനസ്സിൽ തറയുന്നതും വ്യക്തവും അവിസ്മരണീയവും ആക്കിത്തീർത്തു.—മത്താ. 5-7 അധ്യാ.
ബാധകമാകുന്നത് എങ്ങനെയെന്നു വ്യക്തമാക്കൽ. തിരുവെഴുത്തു വിശദീകരിക്കുന്നതും ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചു വ്യക്തമാക്കുന്നതും അറിവു പകരും. എന്നാൽ ആ അറിവു ബാധകമാക്കുമ്പോഴാണു ഫലങ്ങൾ ലഭിക്കുക. ബൈബിളിലെ സന്ദേശത്തിന് അനുസൃതമായി പ്രവർത്തിക്കേണ്ടത് സദസ്സിലുള്ളവരുടെ ഉത്തരവാദിത്വമാണെന്നുള്ളതു ശരിതന്നെ. എന്നാൽ എന്താണു ചെയ്യേണ്ടതെന്നു തിരിച്ചറിയാൻ നിങ്ങൾക്ക് അവരെ സഹായിക്കാനാകും. ചർച്ച ചെയ്യുന്ന തിരുവെഴുത്ത് സദസ്സിനു മനസ്സിലാകുന്നുണ്ടെന്നും അവതരിപ്പിക്കുന്ന പോയിന്റിനോടുള്ള ബന്ധത്തിൽ അതിന്റെ പ്രസക്തി അവർ തിരിച്ചറിയുന്നുണ്ടെന്നും ഉറപ്പായി കഴിഞ്ഞാൽ, വിശ്വാസത്തിലും നടത്തയിലും അതിനുള്ള സ്വാധീനം വ്യക്തമാക്കാൻ സമയമെടുക്കുക. സത്യത്തിന്റെ ഏതു വശത്തെ കുറിച്ചാണോ ചർച്ചചെയ്യുന്നത് അതിനു നിരക്കാത്ത തെറ്റായ ആശയങ്ങളോ നടത്തയോ ഉപേക്ഷിക്കുന്നതിന്റെ പ്രയോജനങ്ങൾ എടുത്തുകാട്ടുക.
തിരുവെഴുത്തുകൾ ബാധകമാകുന്നത് എങ്ങനെയെന്നു വിശദീകരിക്കാനായി തയ്യാറാകുമ്പോൾ, വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നുള്ളവരും നാനാതരം സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നവരും ആയ ആളുകളാണു സദസ്സിലുള്ളത് എന്ന കാര്യം ഓർമിക്കുക. പുതിയ താത്പര്യക്കാരും യുവജനങ്ങളും പ്രായമായവരും വ്യക്തിപരമായ പലതരം പ്രശ്നങ്ങളുമായി മല്ലിടുന്നവരും അക്കൂട്ടത്തിൽ ഉണ്ടായിരിക്കാം. നിങ്ങളുടെ പ്രസംഗത്തെ പ്രായോഗികവും യഥാർഥ ജീവിതത്തിന് ഇണങ്ങുന്നതുമായ ഒന്ന് ആക്കിത്തീർക്കുക. ഏതാനും പേരെ മാത്രം മനസ്സിൽവെച്ചു നൽകുന്നതു പോലുള്ള ബുദ്ധിയുപദേശം ഒഴിവാക്കുക.
പ്രസംഗകന്റെ തീരുമാനങ്ങൾ
പ്രസംഗവുമായി ബന്ധപ്പെട്ട ചില തീരുമാനങ്ങൾ ഇതിനോടകംതന്നെ നിങ്ങൾക്കായി എടുത്തുകഴിഞ്ഞിരിക്കുന്നു. മുഖ്യ പോയിന്റുകൾ ഏതൊക്കെയാണെന്നും ഓരോ മുഖ്യ തലക്കെട്ടും ചർച്ച ചെയ്യാൻ നിങ്ങൾ എത്രമാത്രം സമയം എടുക്കണമെന്നും വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള തീരുമാനങ്ങൾ നിങ്ങളുടേതാണ്. ചില ഉപ പോയിന്റുകൾ കൂടുതൽ സമയം എടുത്തു ചർച്ചചെയ്യാനും മറ്റുള്ളവയ്ക്കു കുറച്ചു സമയം മാത്രം എടുക്കാനും നിങ്ങൾ തീരുമാനിച്ചേക്കാം. എല്ലാ ഉപ പോയിന്റുകളും തുല്യ പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ടതാണെന്നു കരുതരുത്. അങ്ങനെ ചെയ്യുന്ന പക്ഷം, കാര്യങ്ങൾ ഓടിച്ചു ചർച്ച ചെയ്തു തീർക്കേണ്ടി വന്നേക്കാം, ഇതാകട്ടെ, സദസ്യരിൽ വീർപ്പുമുട്ടൽ ഉളവാക്കുകയും ചെയ്തേക്കാം. കൂടുതൽ വികസിപ്പിക്കേണ്ട പോയിന്റേത്, ഹ്രസ്വമായി മാത്രം പരാമർശിക്കുകയോ മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ ചെറുതായി ഒന്നു സൂചിപ്പിക്കുകയോ ചെയ്യേണ്ട പോയിന്റേത് എന്ന് നിങ്ങൾക്ക് എങ്ങനെ നിർണയിക്കാൻ കഴിയും? സ്വയം ഇങ്ങനെ ചോദിക്കുക: ‘ഏതെല്ലാം പോയിന്റുകൾ പ്രസംഗത്തിന്റെ കേന്ദ്ര ആശയം അവതരിപ്പിക്കാൻ എന്നെ സഹായിക്കും? എന്റെ സദസ്സിനു പ്രയോജനം ചെയ്യാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള പോയിന്റുകൾ ഏതെല്ലാമാണ്? പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും തിരുവെഴുത്തും ബന്ധപ്പെട്ട പോയിന്റും വിട്ടുകളഞ്ഞാൽ അവതരിപ്പിച്ചുവരുന്ന തെളിവുകളുടെ കണ്ണി മുറിഞ്ഞുപോകുമോ?’
ഊഹാപോഹങ്ങളോ വ്യക്തിപരമായ അഭിപ്രായമോ കുത്തിത്തിരുകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ദൈവപുത്രനായ യേശുക്രിസ്തു പോലും ‘സ്വയമായിട്ട്’ ഒന്നും സംസാരിച്ചില്ല. (യോഹ. 14:10) ബൈബിൾ ചർച്ച ചെയ്യപ്പെടുന്നതു കേൾക്കാനാണ് ആളുകൾ യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു വരുന്നത് എന്നു തിരിച്ചറിയുക. നിങ്ങൾ ഒരു മികച്ച പ്രസംഗകനായി കണക്കാക്കപ്പെടുന്നെങ്കിൽ, സാധ്യതയനുസരിച്ച് അതിന്റെ കാരണം നിങ്ങൾ നിങ്ങളിലേക്കുതന്നെ ശ്രദ്ധ ക്ഷണിക്കുന്നതിനു പകരം എല്ലായ്പോഴും ദൈവവചനത്തിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു എന്നതാണ്. ഇതു നിമിത്തം നിങ്ങളുടെ പ്രസംഗങ്ങൾ വിലമതിക്കപ്പെടുന്നു.—ഫിലി. 1:10, 11.
അസ്ഥികൂടത്തിൽ മാംസം വെച്ചുപിടിപ്പിക്കുന്നതു പോലെ, ലളിതമായ ഒരു ബാഹ്യരേഖയെ തിരുവെഴുത്തിന്റെ സമ്പുഷ്ടമായ വിശദീകരണംകൊണ്ടു നിറച്ചുകഴിഞ്ഞ സ്ഥിതിക്ക് നിങ്ങൾ ഇനി ആ പ്രസംഗം പരിശീലിക്കുകയാണു വേണ്ടത്. ഉച്ചത്തിൽ പറഞ്ഞു പരിശീലിക്കുന്നതു പ്രയോജനകരമാണ്. എല്ലാ പോയിന്റുകളും മനസ്സിൽ വ്യക്തമായി ഉണ്ട് എന്ന് ഉറപ്പു വരുത്തുന്നതാണു പ്രധാനം. മാംസം പിടിപ്പിച്ച ആ അസ്ഥികൂടത്തിന് ഹൃദയം വെച്ചുപിടിപ്പിക്കുകയും ജീവൻ പകരുകയും ചെയ്യുന്നതുപോലെ, നിങ്ങളുടെ പരിപാടിയിലൂടെ ഹൃദയംഗമമായും ജീവസ്സുറ്റ വിധത്തിലും സത്യം ഉത്സാഹപൂർവം അവതരിപ്പിക്കാൻ നിങ്ങൾക്കു കഴിയണം. പ്രസംഗം നടത്തുന്നതിനു മുമ്പ് സ്വയം ഇങ്ങനെ ചോദിക്കുക: ‘ഈ പ്രസംഗംകൊണ്ട് എന്തു സാധിക്കാനാണു ഞാൻ പ്രതീക്ഷിക്കുന്നത്?’ കൂടാതെ ഇങ്ങനെയും ചോദിക്കുക: ‘മുഖ്യ പോയിന്റുകൾ മുന്തിനിൽക്കുന്നുണ്ടോ? എന്റെ പ്രസംഗം ശരിക്കും തിരുവെഴുത്തുകളിൽ അധിഷ്ഠിതമാണോ? ഓരോ മുഖ്യ പോയിന്റും സ്വാഭാവികമായിത്തന്നെ അടുത്തതിലേക്കു നയിക്കുന്നുണ്ടോ? ഈ പ്രസംഗം യഹോവയോടും അവന്റെ കരുതലുകളോടും ഉള്ള വിലമതിപ്പു വളർത്തുന്നുവോ? ഉപസംഹാരം പ്രതിപാദ്യവിഷയവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുകയും എന്തു ചെയ്യണമെന്നു സദസ്യർക്കു കാണിച്ചു കൊടുക്കുകയും അതിന് അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ടോ?’ ഈ ചോദ്യങ്ങൾക്ക് ഉവ്വ് എന്ന് ഉത്തരം പറയാൻ കഴിയുന്നെങ്കിൽ, സഭയുടെ പ്രയോജനത്തിനും യഹോവയുടെ സ്തുതിക്കുമായി ‘പരിജ്ഞാനംകൊണ്ട് നന്മ ചെയ്യാൻ’ പറ്റിയ ഒരു സ്ഥാനത്താണു നിങ്ങൾ.—സദൃ. 15:2, NW.