പാഠം 25
ബാഹ്യരേഖയുടെ ഉപയോഗം
ബാഹ്യരേഖ ഉപയോഗിച്ചു സംസാരിക്കുന്നതിനെ കുറിച്ച് ഓർക്കുമ്പോൾ പലർക്കും പരിഭ്രമം തോന്നുന്നു. പറയാൻ പോകുന്നതെല്ലാം അതേപടി കടലാസിൽ എഴുതിപ്പിടിപ്പിക്കുകയോ മനഃപാഠമാക്കുകയോ ചെയ്യുന്നതാണ് അവർക്കു കൂടുതൽ ധൈര്യം പകരുന്നത്.
എങ്കിലും, പറയാനുള്ളതെല്ലാം അപ്പാടെ എഴുതിയ ഒരു നോട്ടിന്റെ സഹായം കൂടാതെയാണ് നാമെല്ലാം ദിവസവും സംസാരിക്കുന്നത് എന്നതാണു വാസ്‌തവം. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊത്തു സംഭാഷണം നടത്തുമ്പോൾ നാം അങ്ങനെ ചെയ്യുന്നു. വയൽശുശ്രൂഷയിൽ പങ്കെടുക്കുമ്പോൾ നാം അതു ചെയ്യുന്നു. സ്വകാര്യമായോ ഒരു കൂട്ടത്തെ പ്രതിനിധീകരിച്ചോ ഹൃദയംഗമമായ പ്രാർഥനകൾ നടത്തുമ്പോഴും നാം അതു ചെയ്യുന്നു.
നിങ്ങൾ പ്രസംഗം നടത്തുമ്പോൾ ഒരു സമ്പൂർണ നോട്ടാണോ ബാഹ്യരേഖയാണോ ഉപയോഗിക്കുന്നത് എന്നുള്ളത് എന്തെങ്കിലും വ്യത്യാസം വരുത്തുന്നുവോ? പറയാനുള്ളതെല്ലാം അതേപടി എഴുതിയ ഒരു നോട്ടിൽനിന്നു വായിക്കുന്നത് കൃത്യത ഉറപ്പാക്കാനും തിരഞ്ഞെടുത്ത വാക്കുകൾതന്നെ ഉപയോഗിക്കാനും സഹായിച്ചേക്കാമെങ്കിലും, ആളുകളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന കാര്യത്തിൽ അതിനു പരിമിതികളുണ്ട്. സാധാരണഗതിയിൽ, ഏതാനും വാചകങ്ങളിൽ കൂടുതൽ വായിക്കുമ്പോൾ നിങ്ങളുടെ വായനയുടെ വേഗവും സ്വരത്തിനു വ്യതിയാനം വരുത്തുന്ന രീതിയും സ്വതവേയുള്ള സംഭാഷണ ശൈലിയിൽനിന്നു മാറിപ്പോകും. നിങ്ങൾ സദസ്സിനെ ശ്രദ്ധിക്കുന്നതിൽ അധികമായി നോട്ടിൽ ശ്രദ്ധിക്കുന്നെങ്കിൽ, സദസ്സിലുള്ള പലരും നിങ്ങളുടെ പ്രസംഗത്തിനു വേണ്ടത്ര ശ്രദ്ധ കൊടുത്തെന്നു വരില്ല. എന്നാൽ സദസ്സിലുള്ളവരെ കുറിച്ചു നിങ്ങൾ യഥാർഥത്തിൽ ചിന്തിക്കുന്നുണ്ടെന്നും അവരുടെ സാഹചര്യങ്ങൾക്കു ചേരുന്ന രീതിയിൽ വിവരങ്ങൾ വികസിപ്പിക്കുകയാണെന്നും അവർക്കു തോന്നുന്നെങ്കിൽ അതീവ ശ്രദ്ധയോടെ അവർ നിങ്ങളുടെ പ്രസംഗം കേട്ടിരുന്നേക്കാം. ഒരു പ്രസംഗം ശരിക്കും പ്രചോദനാത്മകം ആയിരിക്കുന്നതിന് അതു വാചാപ്രസംഗമായി അവതരിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്.
അനുദിന ജീവിതത്തിൽ നമ്മെ സഹായിക്കാൻ രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ് ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ. സുഹൃത്തുക്കളെ കണ്ടുമുട്ടുമ്പോൾ ഏറ്റവും നല്ല പദങ്ങൾതന്നെ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ നാം ഒരു കടലാസു പുറത്തെടുത്ത് നമ്മുടെ ആശയങ്ങൾ അതിൽ നോക്കി അവരെ വായിച്ചുകേൾപ്പിക്കാറില്ല. വയൽസേവനത്തിനു പോകുമ്പോൾ, ആളുകളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്ന ചില ആശയങ്ങൾ മറന്നുപോയെങ്കിലോ എന്നു ഭയന്ന് നാം പറയാനുള്ളതെല്ലാം എഴുതിയ ഒരു നോട്ട് കൂടെ കൊണ്ടുപോയി അതിൽനിന്നു വായിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ എങ്ങനെ സാക്ഷീകരിക്കണമെന്നു സ്‌കൂളിൽ പ്രകടിപ്പിച്ചു കാണിക്കുമ്പോൾ കഴിയുന്നത്ര സ്വാഭാവികമായ രീതിയിൽ സംസാരിച്ചു ശീലിക്കുക. നന്നായി തയ്യാറാകുന്ന പക്ഷം, ചർച്ച ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്ന മുഖ്യ ആശയങ്ങൾ ഓർമിച്ചെടുക്കുന്നതിന് സാധാരണ, മനസ്സിൽ കുറിച്ചിട്ടതോ കടലാസിൽ എഴുതിയതോ ആയ ഒരു ബാഹ്യരേഖ ധാരാളം മതിയെന്നു മനസ്സിലാകും. എന്നാൽ, ഒരു ബാഹ്യരേഖ ഉപയോഗിച്ചു വിവരങ്ങൾ അവതരിപ്പിക്കുന്നതിന് ആവശ്യമായ ആത്മധൈര്യം നിങ്ങൾക്ക് എങ്ങനെ വികസിപ്പിച്ചെടുക്കാൻ കഴിയും?
ആശയങ്ങൾ ചിട്ടപ്പെടുത്തുക. ഒരു ബാഹ്യരേഖ ഉപയോഗിച്ചു വിവരങ്ങൾ അവതരിപ്പിക്കുന്നതിന് ആശയങ്ങൾ ചിട്ടപ്പെടുത്തേണ്ട ആവശ്യമുണ്ട്. അതിന്റെ അർഥം നിങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന പദങ്ങൾ തിരഞ്ഞെടുക്കണമെന്നല്ല, പകരം സംസാരിക്കുന്നതിനു മുമ്പു ചിന്തിക്കണമെന്നു മാത്രമാണ്.
അനുദിന ജീവിതത്തിൽ, എടുത്തുചാട്ടക്കാരനായ ഒരു വ്യക്തി വീണ്ടുവിചാരമില്ലാതെ ഓരോന്നു വിളിച്ചുപറയുകയും പിന്നീട് അവയെ ചൊല്ലി ഖേദിക്കുകയും ചെയ്യുന്നു. ഇനി, ഒരാശയത്തിൽനിന്ന് അടുത്തതിലേക്കും അവിടെനിന്നു മറ്റൊന്നിലേക്കും പെട്ടെന്നു പെട്ടെന്നു മാറിക്കൊണ്ട് ലക്ഷ്യബോധമില്ലാതെ സംസാരിക്കുന്നവരാണു മറ്റു ചിലർ. സംസാരിക്കാൻ തുടങ്ങുന്നതിനു മുമ്പ് അൽപ്പം സമയമെടുത്ത് ലളിതമായ ഒരു ബാഹ്യരേഖയ്‌ക്കു മനസ്സിൽ രൂപംകൊടുക്കുന്ന പക്ഷം ഈ രണ്ടു പ്രശ്‌നങ്ങളെയും തരണംചെയ്യാൻ കഴിയും. ആദ്യം നിങ്ങളുടെ ലക്ഷ്യം മനസ്സിൽ ഉറപ്പിച്ചുനിറുത്തുക. അടുത്തതായി ആ ലക്ഷ്യത്തിൽ എത്തിച്ചേരാൻ നിങ്ങൾ എടുക്കേണ്ട പടികൾ തിരഞ്ഞെടുക്കുക. എന്നിട്ട് സംസാരിച്ചു തുടങ്ങുക.
നിങ്ങൾ വയൽസേവനത്തിനുള്ള തയ്യാറെടുപ്പു നടത്തുകയാണോ? സാക്ഷീകരണ ബാഗ് ഒരുക്കാൻ മാത്രമല്ല, നിങ്ങളുടെ ആശയങ്ങൾ ചിട്ടപ്പെടുത്താനും സമയമെടുക്കുക. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിർദേശിച്ചിരിക്കുന്ന അവതരണങ്ങളിൽ ഒന്നാണു നിങ്ങൾ ഉപയോഗിക്കാൻ തീരുമാനിക്കുന്നതെങ്കിൽ, അതിലെ മുഖ്യ ആശയങ്ങൾ മനസ്സിൽ വ്യക്തമായി പതിയുന്നതിന് അതു പലവുരു വായിക്കുക. അതിന്റെ രത്‌നച്ചുരുക്കം ഹ്രസ്വമായ ഒന്നോ രണ്ടോ വാചകങ്ങളിൽ പറഞ്ഞുനോക്കുക. നിങ്ങളുടെ വ്യക്തിത്വത്തിനും നിങ്ങളുടെ പ്രദേശത്തെ സാഹചര്യങ്ങൾക്കും ഇണങ്ങുന്ന രീതിയിൽ പദങ്ങൾക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്തുക. മനസ്സിൽ ഒരു ബാഹ്യരേഖ ഉണ്ടായിരിക്കുന്നതു സഹായമായിരിക്കും. അതിൽ എന്തൊക്കെ ഉൾപ്പെടുത്താനാകും? (1) മുഖവുര എന്ന നിലയിൽ നിങ്ങളുടെ പ്രദേശത്തെ അനേകർക്കും താത്‌പര്യമുള്ള ഒരു കാര്യം പരാമർശിക്കാവുന്നതാണ്. അഭിപ്രായം പറയാനായി മറ്റേ വ്യക്തിയെ ക്ഷണിക്കുക. (2) ആ വിഷയത്തെ കുറിച്ചു നിങ്ങൾക്കു പങ്കുവെക്കാൻ കഴിയുന്ന ഏതെങ്കിലും ഒരു പ്രത്യേക ആശയവും ആശ്വാസം കൈവരുത്താൻ എന്തു ചെയ്യുമെന്നാണു ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്നത് എന്നു കാണിക്കുന്ന ഒന്നോ രണ്ടോ തിരുവെഴുത്തുകളും മനസ്സിൽ പിടിക്കുക. അവസരമുണ്ടെങ്കിൽ, യഹോവ തന്റെ രാജ്യം, അതായത് സ്വർഗീയ ഗവൺമെന്റ് മുഖേന ഇതു ചെയ്യുമെന്ന് ഊന്നിപ്പറയുക. (3) നിങ്ങൾ ചർച്ച ചെയ്‌ത കാര്യങ്ങൾ സംബന്ധിച്ച് എന്തെങ്കിലും നടപടിയെടുക്കാൻ ആ വ്യക്തിയെ പ്രോത്സാഹിപ്പിക്കുക. സാഹിത്യങ്ങൾ നൽകുകയും ബൈബിൾ അധ്യയനം വാഗ്‌ദാനം ചെയ്യുകയും ആവാം. അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ചെയ്യാൻ കഴിയും. ചർച്ച തുടരുന്നതിനുള്ള സുനിശ്ചിത ക്രമീകരണങ്ങളും ചെയ്യാനാകും.
അത്തരം ഒരു അവതരണത്തിന് നിങ്ങൾക്കു മനസ്സിലുള്ള ഒരു ബാഹ്യരേഖയേ ആകെക്കൂടി വേണ്ടിവന്നേക്കുകയുള്ളൂ. ഇനി, നിങ്ങൾ വയലിൽ നടത്തുന്ന ആദ്യ സംഭാഷണത്തിനു മുമ്പ് ഒരു ലിഖിത ബാഹ്യരേഖയിൽ നോക്കാൻ ആഗ്രഹിക്കുന്നുവെന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ, ആ ബാഹ്യരേഖ സാധ്യതയനുസരിച്ച് മുഖവുരയിൽ ഉപയോഗിക്കാൻ ആവശ്യമായ ഏതാനും പദങ്ങളും ഒന്നോ രണ്ടോ തിരുവെഴുത്തുകളെ കുറിച്ചുള്ള കുറിപ്പുകളും ഉപസംഹാരത്തിൽ നിങ്ങൾ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ ഒരു ഹ്രസ്വമായ കുറിപ്പും മാത്രം ഉൾപ്പെട്ടതായിരിക്കും. അത്തരം ഒരു ബാഹ്യരേഖ തയ്യാറാകുന്നതും ഉപയോഗിക്കുന്നതും കാടുകയറി സംസാരിക്കുന്നതിൽനിന്നു നമ്മെ തടയുന്നു. അങ്ങനെ, ഓർത്തിരിക്കാൻ എളുപ്പമുള്ള വ്യക്തമായ ഒരു സന്ദേശം അവതരിപ്പിക്കാൻ അതു നമ്മെ സഹായിക്കുന്നു.
നിങ്ങളുടെ പ്രദേശത്തുള്ളവർ ഒരു പ്രത്യേക ചോദ്യമോ തടസ്സവാദമോ കൂടെക്കൂടെ ഉന്നയിക്കാറുണ്ടെങ്കിൽ, അതേക്കുറിച്ചു ഗവേഷണം ചെയ്യുന്നതു നന്നായിരുന്നേക്കാം. സാധാരണഗതിയിൽ നിങ്ങൾക്ക് ആകെ വേണ്ടത് രണ്ടോ മൂന്നോ അടിസ്ഥാന പോയിന്റുകളും അവയ്‌ക്ക് ആധാരമായ തിരുവെഴുത്തുകളും ആയിരിക്കും. “ചർച്ചയ്‌ക്കുവേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ” അല്ലെങ്കിൽ തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ എന്ന പുസ്‌തകത്തിലെ തടിച്ച അക്ഷരത്തിലുള്ള ഉപതലക്കെട്ടുകൾ നിങ്ങൾക്ക് ആവശ്യമായ ബാഹ്യരേഖയായി ഉതകിയേക്കാം. മറ്റൊരു ഉറവിൽനിന്നു കണ്ടെത്തിയ നല്ലൊരു ഉദ്ധരണി ഉൾപ്പെടുത്താൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. ഹ്രസ്വമായ ഒരു ബാഹ്യരേഖ എഴുതിയുണ്ടാക്കുക. എന്നിട്ട് ഉദ്ധരണിയുടെ ഫോട്ടോക്കോപ്പി അതിന്റെ കൂട്ടത്തിൽ വെക്കുക. ഫോട്ടോക്കോപ്പി എടുക്കുക സാധ്യമല്ലെങ്കിൽ അതു ബാഹ്യരേഖയിൽ എഴുതി ചേർക്കാവുന്നതാണ്. വയൽസേവനത്തിനു കൊണ്ടുപോകാനുള്ള സാധനങ്ങളുടെ കൂട്ടത്തിൽ ഇവ സൂക്ഷിക്കുക. വീട്ടുകാരൻ ചോദ്യമോ തടസ്സവാദമോ ഉന്നയിക്കുമ്പോൾ, നിങ്ങളുടെ വിശ്വാസങ്ങളെ കുറിച്ചു ന്യായം ചോദിക്കുന്നവർക്ക് ഉത്തരം നൽകാൻ നിങ്ങൾ സന്തോഷമുള്ളവനാണെന്ന് ആ വ്യക്തി തിരിച്ചറിയട്ടെ. (1 പത്രൊ. 3:15) ബാഹ്യരേഖയെ അടിസ്ഥാനമാക്കി അയാൾക്ക് ഉത്തരം നൽകുക.
നിങ്ങൾ നിങ്ങളുടെ കുടുംബത്തെയോ പുസ്‌തകാധ്യയന കൂട്ടത്തെയോ സഭയെയോ പ്രതിനിധീകരിച്ചു പ്രാർഥിക്കാൻ പോകുകയാണെങ്കിൽ അപ്പോഴും ആശയങ്ങൾ ചിട്ടപ്പെടുത്തുന്നതു പ്രയോജനകരമാണ്. ലൂക്കൊസ് 11:2-4 കാണിക്കുന്നതനുസരിച്ച്, അർഥവത്തായ പ്രാർഥനയ്‌ക്കുള്ള ലളിതമായ ഒരു ബാഹ്യരേഖ യേശു തന്റെ ശിഷ്യന്മാർക്കു നൽകി. യെരൂശലേം ദേവാലയത്തിന്റെ സമർപ്പണ വേളയിൽ ശലോമോൻ ദീർഘമായ ഒരു പ്രാർഥന നടത്തി. അവൻ പ്രാർഥനാ വിഷയത്തെ കുറിച്ചു വ്യക്തമായും മുന്നമേ ചിന്തിക്കുകയുണ്ടായി. ആദ്യം അവൻ യഹോവയിലും ദാവീദിനോടുള്ള അവന്റെ വാഗ്‌ദാനത്തിലും തുടർന്ന് ആലയത്തിലും പിന്നെ ഒന്നൊന്നായി പ്രത്യേക സാഹചര്യങ്ങളിലും നിശ്ചിത വിഭാഗക്കാരായ ആളുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. (1 രാജാ. 8:22-53) നമുക്ക് ഈ ഉദാഹരണങ്ങളിൽനിന്നു പ്രയോജനം അനുഭവിക്കാൻ കഴിയും.
ലളിതമായ പ്രസംഗ ബാഹ്യരേഖ തയ്യാറാക്കുക. നിങ്ങളുടെ ബാഹ്യരേഖ പ്രസംഗം നടത്തുമ്പോൾ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതാണോ? അതിൽ എത്രമാത്രം വിവരങ്ങൾ ഉണ്ടായിരിക്കണം?
ബാഹ്യരേഖ, ആശയങ്ങൾ ഓർമിക്കുന്നതിനു നിങ്ങളെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്ന കാര്യം മറക്കരുത്. മുഖവുരയായി ഉപയോഗിക്കുന്നതിന് ഏതാനും വാചകങ്ങൾ എഴുതിവെക്കുന്നതു പ്രയോജനകരമാണെന്നു നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ അതേത്തുടർന്ന്, വാക്കുകൾക്കു പകരം ആശയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾ പ്രസ്‌തുത ആശയങ്ങൾ വാചകരൂപത്തിൽ എഴുതിവെക്കുന്നെങ്കിൽ, ഹ്രസ്വമായ വാചകങ്ങളായിരിക്കും അഭികാമ്യം. നിങ്ങൾ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഏതാനും മുഖ്യ പോയിന്റുകൾ നിങ്ങളുടെ ബാഹ്യരേഖയിൽ വ്യക്തമായി മുന്തിനിൽക്കണം. ഇതിന്, ആ പോയിന്റുകൾ വലിപ്പം കൂടിയ അക്ഷരങ്ങളിൽ എഴുതുകയോ അവയുടെ അടിയിൽ വരയ്‌ക്കുകയോ ചായപെൻസിലോ മറ്റോകൊണ്ട് അവ അടയാളപ്പെടുത്തുകയോ ചെയ്യാവുന്നതാണ്. ഓരോ മുഖ്യ പോയിന്റിന്റെയും അടിയിൽ, അതു വികസിപ്പിക്കുമ്പോൾ നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന വിവരങ്ങൾ പട്ടികപ്പെടുത്തുക. നിങ്ങൾ വായിക്കാൻ ഉദ്ദേശിക്കുന്ന വാക്യങ്ങൾ ഏവയെന്നു കുറിച്ചിടുക. തിരുവെഴുത്ത് ബൈബിളിൽനിന്നു നേരിട്ടു വായിക്കുന്നതാണു സാധാരണഗതിയിൽ ഏറ്റവും നല്ലത്. നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ദൃഷ്ടാന്തങ്ങൾ രേഖപ്പെടുത്തുക. ലൗകിക ഉറവിൽനിന്നുള്ള ശ്രദ്ധേയവും അനുയോജ്യവുമായ ഏതെങ്കിലും ഉദ്ധരണിയും നിങ്ങൾക്ക് ഉൾപ്പെടുത്താവുന്നതാണ്. അവതരിപ്പിക്കാൻ നിശ്ചിത വസ്‌തുതകൾ ഉണ്ടായിരിക്കത്തക്കവണ്ണം വേണ്ടത്ര വിവരങ്ങൾ നോട്ടിൽ ഉൾപ്പെടുത്തുക. ബാഹ്യരേഖ വെടിപ്പുള്ളതാണെങ്കിൽ അത് ഉപയോഗിക്കുക കൂടുതൽ എളുപ്പമായിരിക്കും.
ചിലർ അവശ്യം വേണ്ട കാര്യങ്ങൾ മാത്രം ഉൾപ്പെടുന്ന ബാഹ്യരേഖകളാണ് ഉപയോഗിക്കുന്നത്. ഏതാനും മുഖ്യ പദങ്ങളും പ്രസംഗകൻ ഓർമയിൽനിന്ന് ഉദ്ധരിക്കാൻ പോകുന്ന തിരുവെഴുത്തുകളെ കുറിച്ചുള്ള കുറിപ്പുകളും ആശയങ്ങൾ ഓർമിച്ചെടുക്കാൻ അദ്ദേഹത്തെ സഹായിക്കുന്ന വരകളും/ചിത്രങ്ങളും അടങ്ങുന്നതായിരിക്കാം അത്തരമൊരു ബാഹ്യരേഖ. ലളിതമായ ഈ കുറിപ്പുകൾ ഉപയോഗിച്ച് പ്രസംഗകനു തന്റെ വിവരങ്ങൾ യുക്തിസഹമായ ക്രമത്തിലും സംഭാഷണശൈലിയിലും അവതരിപ്പിക്കാൻ കഴിയും. അതാണ് ഈ പാഠത്തിന്റെ ഉദ്ദേശ്യവും.
ഈ പുസ്‌തകത്തിന്റെ 39 മുതൽ 42 വരെയുള്ള പേജുകളിൽ “ബാഹ്യരേഖ തയ്യാറാക്കൽ” എന്ന ശീർഷകത്തോടുകൂടിയ ഒരു ഭാഗമുണ്ട്. “ബാഹ്യരേഖയുടെ ഉപയോഗം” എന്ന ശീർഷകത്തിലുള്ള ഈ പാഠം പഠിക്കുന്ന സമയത്ത് ആ വിവരങ്ങൾ വായിക്കുന്നതു വളരെ സഹായകമായിരിക്കും.
ബാഹ്യരേഖ ഉപയോഗിക്കേണ്ട വിധം. എന്നിരുന്നാലും, ഈ ഘട്ടത്തിൽ നിങ്ങളുടെ ലക്ഷ്യം പ്രസംഗം ബാഹ്യരേഖാ രൂപത്തിൽ കേവലം തയ്യാറാക്കുകയല്ല, പിന്നെയോ ബാഹ്യരേഖ ഫലപ്രദമായി ഉപയോഗിക്കുക എന്നതാണ്.
ബാഹ്യരേഖയുടെ ഉപയോഗത്തിലെ ആദ്യഘട്ടം അതിലെ വിവരങ്ങളുടെ അവതരണത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പാണ്. പ്രതിപാദ്യവിഷയത്തിൽ കണ്ണോടിക്കുക. മുഖ്യ പോയിന്റുകൾ ഓരോന്നും വായിക്കുക. ഓരോ മുഖ്യ പോയിന്റും പ്രതിപാദ്യവിഷയവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു നിങ്ങളോടുതന്നെ പറയുക. ഓരോ മുഖ്യ പോയിന്റിനും എത്രമാത്രം സമയം നീക്കിവെക്കാൻ കഴിയുമെന്നു കുറിച്ചിടുക. അടുത്തതായി, ആദ്യത്തെ മുഖ്യ പോയിന്റിലേക്കു തിരികെച്ചെന്ന് അതു പഠിക്കുക. ആ പോയിന്റ് വികസിപ്പിക്കാനായി നിങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന വാദമുഖങ്ങളും തിരുവെഴുത്തുകളും ദൃഷ്ടാന്തങ്ങളും ഉദാഹരണങ്ങളും പുനരവലോകനം ചെയ്യുക. നിങ്ങളുടെ പ്രസംഗത്തിന്റെ ആ ഭാഗം വ്യക്തമായി മനസ്സിൽ പതിയുന്നതുവരെ അവ പലവുരു അവലോകനം ചെയ്യുക. ബാക്കിയുള്ള ഓരോ മുഖ്യ പോയിന്റും ഇതുപോലെതന്നെ പഠിക്കുക. സമയത്തു തീർക്കുന്നതിന് എന്തെങ്കിലും വിട്ടുകളയേണ്ടി വരുന്ന പക്ഷം വേണ്ടെന്നുവെക്കാൻ കഴിയുന്നത് ഏതാണെന്നു നോക്കുക. തുടർന്ന്, മുഴു പ്രസംഗവും വീണ്ടും അവലോകനം ചെയ്യുക. വാക്കുകൾക്കല്ല മറിച്ച് ആശയങ്ങൾക്കു ശ്രദ്ധ കൊടുക്കുക. പ്രസംഗം മനഃപാഠമാക്കരുത്.
പ്രസംഗം നടത്തുമ്പോൾ സദസ്സുമായി നല്ല ദൃഷ്ടിസമ്പർക്കം പുലർത്താൻ നിങ്ങൾക്കു കഴിയണം. ഒരു തിരുവെഴുത്തു വായിച്ചശേഷം, നോട്ടിലേക്കു തിരികെ പോകാതെ ബൈബിൾ ഉപയോഗിച്ചുതന്നെ അതേക്കുറിച്ചു ന്യായവാദം ചെയ്യാൻ സാധാരണഗതിയിൽ നിങ്ങൾക്കു കഴിയണം. അതുപോലെതന്നെ നിങ്ങൾ ഒരു ദൃഷ്ടാന്തം ഉപയോഗിക്കുന്നെങ്കിൽ, സദസ്യരെ നോട്ടിൽനിന്നു വായിച്ചു കേൾപ്പിക്കുന്നതിനു പകരം, കൂട്ടുകാരോട് എന്നതുപോലെ അവരോട് അതു പറയുക. പ്രസംഗിക്കുമ്പോൾ, നോട്ടിൽ നോക്കി ആയിരിക്കരുത് ഓരോ വാചകവും പറയേണ്ടത്, ഹൃദയത്തിൽനിന്നു വേണം സംസാരിക്കാൻ. അപ്പോൾ നിങ്ങൾ ശ്രോതാക്കളുടെ ഹൃദയങ്ങളിൽ എത്തിച്ചേരും.
ഒരു ബാഹ്യരേഖ ഉപയോഗിച്ചു സംസാരിക്കാനുള്ള കലയിൽ പ്രാവീണ്യം നേടുമ്പോൾ അത് ഒരു മികച്ച പരസ്യ പ്രസംഗകൻ ആയിത്തീരുന്നതിലെ വളരെ പ്രധാനപ്പെട്ട ഒരു ചുവടുവെപ്പായിരിക്കും.