പാഠം 27
വാചാപ്രസംഗം
നിങ്ങൾ പ്രസംഗത്തിനായി വളരെയേറെ ശ്രമം ചെയ്‌തിരിക്കാം. നിങ്ങളുടെ പക്കൽ വിജ്ഞാനപ്രദമായ വിവരങ്ങളും മികച്ച യുക്തിയും ഉണ്ടായിരിക്കാം. പ്രസംഗം ഒഴുക്കോടെ അവതരിപ്പിക്കാനും നിങ്ങൾക്കു കഴിയുമായിരിക്കാം. എന്നാൽ സദസ്സിന്റെ ശ്രദ്ധ വിഭജിതമാണെങ്കിൽ—അതായത് അവരുടെ മനസ്സ് കൂടെക്കൂടെ മറ്റു കാര്യങ്ങളിലേക്കു വ്യതിചലിക്കുന്നതു നിമിത്തം നിങ്ങൾ പറയുന്നതിന്റെ അറ്റവും മുറിയും മാത്രമേ അവർ കേൾക്കുന്നുള്ളുവെങ്കിൽ—നിങ്ങളുടെ അവതരണം എത്രത്തോളം ഫലപ്രദമാണെന്നു പറയാൻ കഴിയും? പ്രസംഗത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു നിറുത്താൻ അവർക്കു ബുദ്ധിമുട്ട് അനുഭവപ്പെടുന്നെങ്കിൽ, നിങ്ങൾ അവരുടെ ഹൃദയത്തിൽ എത്തിച്ചേരാൻ സാധ്യതയുണ്ടോ?
അത്തരം ഒരു പ്രശ്‌നത്തിന്റെ കാരണങ്ങൾ എന്തായിരിക്കാം? നിരവധി ഘടകങ്ങൾ അതിന് ഇടയാക്കിയേക്കാം. ഒട്ടുമിക്കപ്പോഴും അതിനു കാരണം ഒരു വാചാപ്രസംഗം നടത്താൻ സാധിക്കാതെ വരുന്നതാണ്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, പ്രസംഗകൻ തന്റെ നോട്ടിൽ കൂടെക്കൂടെ നോക്കുന്നു, അല്ലെങ്കിൽ അദ്ദേഹത്തിന്റെ അവതരണ ശൈലി അങ്ങേയറ്റം ഔപചാരികമാണ്. ഈ പ്രശ്‌നങ്ങൾ വാസ്‌തവത്തിൽ പ്രസംഗം തയ്യാറാകുന്ന രീതിയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു.
നിങ്ങൾ ആദ്യം പ്രസംഗം മുഴുവനും എഴുതുകയും പിന്നീട് അതിനെ ബാഹ്യരേഖാ രൂപത്തിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നെങ്കിൽ, വാചാപ്രസംഗം നടത്തുന്നതിനു ബുദ്ധിമുട്ട് അനുഭവപ്പെടാനിടയുണ്ട്. അതെന്തുകൊണ്ടാണ്? കാരണം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന പദങ്ങൾ ഏതൊക്കെയെന്നു നിങ്ങൾ തിരഞ്ഞെടുത്തു കഴിഞ്ഞു. ബാഹ്യരേഖ ഉപയോഗിച്ചാണു നിങ്ങൾ പ്രസംഗം അവതരിപ്പിക്കുന്നതെങ്കിൽ കൂടി, ആദ്യം പ്രസംഗം മുഴുവനും എഴുതിയപ്പോൾ ഉപയോഗിച്ച പദങ്ങൾ ഓർത്തെടുക്കാൻ നിങ്ങൾ ശ്രമം നടത്തുന്നതായിരിക്കും. എഴുത്തുഭാഷ കൂടുതൽ ഔപചാരികവും അതിലെ വാചകഘടന അനുദിന സംഭാഷണത്തിൽ ഉപയോഗിക്കുന്നതിനെക്കാൾ കൂടുതൽ സങ്കീർണവുമാണ്. നിങ്ങളുടെ അവതരണത്തിലും ഇതു പ്രതിഫലിക്കും.
പ്രസംഗം വിശദമായി എഴുതുന്നതിനു പകരം പിൻവരുന്ന പ്രകാരം ചെയ്യുക: (1) ഒരു പ്രതിപാദ്യവിഷയവും അതു വികസിപ്പിക്കുന്നതിന് നിങ്ങൾ ഉപയോഗിക്കാൻ പോകുന്ന, വിഷയത്തിന്റെ മുഖ്യ വശങ്ങളും തിരഞ്ഞെടുക്കുക. ഹ്രസ്വമായ ഒരു പ്രസംഗത്തിന്, രണ്ടു മുഖ്യ പോയിന്റുകൾ മതിയായേക്കും. ദൈർഘ്യമേറിയ ഒരു പ്രസംഗത്തിന് നാലോ അഞ്ചോ എണ്ണം ഉണ്ടായിരിക്കാവുന്നതാണ്. (2) ഓരോ മുഖ്യ പോയിന്റിനടിയിലും അതു വികസിപ്പിക്കാനായി നിങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന മുഖ്യ തിരുവെഴുത്തുകൾ കുറിക്കുക; കൂടാതെ ദൃഷ്ടാന്തങ്ങളും മുഖ്യ വാദമുഖങ്ങളും രേഖപ്പെടുത്തുക. (3) പ്രസംഗത്തിന്റെ മുഖവുര എങ്ങനെ വേണമെന്നതിനെ കുറിച്ചു ചിന്തിക്കുക. ഒന്നോ രണ്ടോ വാചകങ്ങൾ എഴുതിവെക്കുക പോലും ചെയ്യാവുന്നതാണ്. ഉപസംഹാരം എങ്ങനെ വേണമെന്നും ആസൂത്രണം ചെയ്യുക.
ഈ രീതിയിൽ പറയാനുള്ള വിവരങ്ങൾ തയ്യാറായിക്കഴിഞ്ഞാൽ പിന്നെ, പ്രസംഗത്തിന്റെ അവതരണത്തിനായി തയ്യാറാകുക. ഇത് വളരെ പ്രധാനമാണ്. എന്നാൽ പ്രസംഗം മനഃപാഠമാക്കുക എന്ന ഉദ്ദേശ്യത്തിൽ അത് പദാനുപദം പുനരവലോകനം ചെയ്യരുത്. വാചാപ്രസംഗത്തിന്റെ കാര്യത്തിൽ, പ്രസംഗത്തിന്റെ അവതരണം തയ്യാറാകുമ്പോൾ പദങ്ങൾക്കല്ല മറിച്ച് അവതരിപ്പിക്കപ്പെടേണ്ട ആശയങ്ങൾക്കു വേണം ഊന്നൽ നൽകാൻ. ആശയങ്ങൾ യുക്തിസഹമായ പരസ്‌പര ബന്ധത്തോടെ ഒന്നിനു പുറകെ ഒന്നായി മനസ്സിലേക്ക് അനായാസം ഒഴുകിയെത്തുന്നതുവരെ അവ പുനരവലോകനം ചെയ്യേണ്ടതാണ്. നിങ്ങളുടെ പ്രസംഗത്തിന്റെ ഘടന യുക്തിസഹമായി വികസിപ്പിച്ചിരിക്കുന്നതും നന്നായി ചിട്ടപ്പെടുത്തിയതും ആണെങ്കിൽ, ഇത് ബുദ്ധിമുട്ടായിരിക്കില്ല. മാത്രമല്ല, അവതരണം നടത്തുമ്പോഴാകട്ടെ ആശയങ്ങൾ സ്വാഭാവികമായും സുഗമമായും ഒഴുകിയെത്തുകയും ചെയ്യും.
നേട്ടങ്ങൾ പരിചിന്തിക്കുക. വാചാപ്രസംഗരീതിയുടെ ഒരു പ്രധാന നേട്ടം, സ്വാഭാവികതയോടെ ആയിരിക്കും നിങ്ങൾ സംസാരിക്കുക എന്നതാണ്. ആളുകൾ ഏറ്റവും നന്നായി പ്രതികരിക്കുന്നതും ഇത്തരം സംസാരരീതിയോടാണ്. നിങ്ങളുടെ അവതരണം കൂടുതൽ ജീവസ്സുറ്റതായിരിക്കും, അതുകൊണ്ടുതന്നെ സദസ്സിന് അത് ഏറെ രസകരമായി തോന്നുകയും ചെയ്യും.
ഇത്തരം പ്രസംഗരീതി ശ്രോതാക്കളുമായി പരമാവധി ദൃഷ്ടിസമ്പർക്കം പുലർത്താൻ നിങ്ങളെ പ്രാപ്‌തരാക്കുന്നു. അതാകട്ടെ അവരുമായുള്ള നിങ്ങളുടെ ആശയവിനിമയം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പറയുന്ന ഓരോ വാചകത്തിലെയും പദങ്ങൾക്കായി നിങ്ങൾ നോട്ടിനെ ആശ്രയിക്കുന്നില്ലാത്തതിനാൽ, നിങ്ങൾക്കു വിഷയം നന്നായി അറിയാമെന്നു മാത്രമല്ല പറയുന്ന കാര്യങ്ങൾ നിങ്ങൾ ആത്മാർഥമായി വിശ്വസിക്കുന്നുവെന്നും കരുതാൻ ശ്രോതാക്കൾ കൂടുതൽ ചായ്‌വുള്ളവരായിരിക്കും. അങ്ങനെ ഈ രീതി, ഊഷ്‌മളമായ, സംഭാഷണ ശൈലിയിലുള്ള, ഹൃദയത്തിൽനിന്നു വരുന്ന, സദസ്സിന്റെ ഹൃദയത്തിൽ എത്തിച്ചേരുന്ന ഒരു അവതരണം സാധ്യമാക്കുന്നു.
വാചാപ്രസംഗരീതി വഴക്കവും സാധ്യമാക്കുന്നു. ഭേദഗതി വരുത്താനാകാത്തവിധം വിവരങ്ങൾ അയവില്ലാതെ ക്രമീകരിക്കപ്പെട്ടതല്ല. പ്രസംഗം നടത്തേണ്ട ദിവസം രാവിലെ നിങ്ങളുടെ വിഷയവുമായി നേരിട്ടു ബന്ധമുള്ള ഒരു പ്രമുഖ വാർത്ത നിങ്ങൾ അറിയാനിടയാകുന്നു എന്നിരിക്കട്ടെ. അതിനെ കുറിച്ചു പരാമർശിക്കുന്നത് ഉചിതമായിരിക്കില്ലേ? അല്ലെങ്കിൽ, ഒരുപക്ഷേ പ്രസംഗം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ, സദസ്സിൽ സ്‌കൂൾ പ്രായത്തിലുള്ള നിരവധി കുട്ടികളുണ്ടെന്നു നിങ്ങൾ മനസ്സിലാക്കുന്നു എന്നിരിക്കട്ടെ. അവതരിപ്പിക്കപ്പെടുന്ന വിവരങ്ങൾ തങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത് എങ്ങനെയെന്നു മനസ്സിലാക്കാൻ അവരെ സഹായിക്കുക എന്ന ലക്ഷ്യത്തിൽ നിങ്ങളുടെ ദൃഷ്ടാന്തങ്ങളിലും വിവരങ്ങൾ എങ്ങനെ ബാധകമാകുന്നു എന്നു വിശദീകരിക്കുന്ന വിധത്തിലും ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നത് എത്ര നന്നായിരിക്കും!
വാചാപ്രസംഗരീതിയുടെ മറ്റൊരു നേട്ടം അതിനു നിങ്ങളുടെ സ്വന്തം മനസ്സിനെ ഉത്തേജിപ്പിക്കാൻ കഴിയും എന്നതാണ്. വിലമതിപ്പുള്ള, അനുകൂലമായി പ്രതികരിക്കുന്ന ഒരു സദസ്സിനു മുന്നിൽ പരിപാടി അവതരിപ്പിക്കുമ്പോൾ നിങ്ങളുടെതന്നെ ഉത്സാഹം വർധിക്കുന്നു. തത്‌ഫലമായി നിങ്ങൾ ആശയങ്ങൾ വിപുലീകരിക്കുകയോ ദൃഢതയ്‌ക്കായി ചില പോയിന്റുകൾ ആവർത്തിക്കാൻ സമയമെടുക്കുകയോ ചെയ്യുന്നു. സദസ്സിന്റെ താത്‌പര്യം കുറഞ്ഞുവരികയാണെന്നു കാണുന്നപക്ഷം, മനസ്സ് മറ്റു കാര്യങ്ങളിൽ വ്യാപൃതമായിരിക്കുന്ന ആളുകളോടു വെറുതെ സംസാരിക്കുന്നതിനു പകരം, പ്രശ്‌നത്തെ തരണം ചെയ്യുന്നതിനുള്ള പടികൾ നിങ്ങൾക്കു സ്വീകരിക്കാനാകും.
അപകടങ്ങൾ ഒഴിവാക്കുക. വാചാപ്രസംഗത്തിന്റെ കാര്യത്തിൽ ചില അപകടങ്ങൾ പതിയിരിപ്പുണ്ട് എന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അനുവദിച്ചിരിക്കുന്നതിലും കൂടുതൽ സമയം എടുക്കാനുള്ള പ്രവണതയാണ് ഒന്ന്. പ്രസംഗം നടത്തുന്നതിനിടയിൽ നിങ്ങൾ കൂടുതലായ ഒട്ടേറെ ആശയങ്ങൾ ഉൾപ്പെടുത്തുന്ന പക്ഷം യഥാസമയം പ്രസംഗം തീർക്കാൻ കഴിയാതെ വന്നേക്കാം. പ്രസംഗത്തിന്റെ ഓരോ ഭാഗത്തിനും അനുവദിച്ചിരിക്കുന്ന സമയം നിങ്ങളുടെ ബാഹ്യരേഖയിൽ കുറിക്കുന്ന പക്ഷം നിങ്ങൾക്ക് ഈ പ്രശ്‌നം പരിഹരിക്കാനാകും. എന്നിട്ട് ആ സമയത്തോട് അടുത്തു പറ്റിനിൽക്കുക.
അമിത ആത്മവിശ്വാസമാണ് മറ്റൊരു അപകടം. അനുഭവസമ്പന്നരായ പ്രസംഗകർക്കാണ് പ്രത്യേകിച്ചും ഈ പ്രശ്‌നം ഉണ്ടാകുന്നത്. പരസ്യമായി പ്രസംഗങ്ങൾ നടത്തി പരിചയിച്ചു കഴിഞ്ഞ സ്ഥിതിക്ക്, അവിടുന്നും ഇവിടുന്നുമൊക്കെ കുറെ ആശയങ്ങൾ പെട്ടെന്നു ശേഖരിച്ച് നിയമിത സമയം തികയ്‌ക്കാൻ വലിയ പ്രയാസമൊന്നുമില്ലെന്ന് ചിലർ കരുതിയേക്കാം. എന്നാൽ താഴ്‌മയും യഹോവതന്നെ മഹാ പ്രബോധകനായിരിക്കുന്ന ഒരു വിദ്യാഭ്യാസ പരിപാടിയിലാണു നാം പങ്കെടുക്കുന്നത് എന്ന വസ്‌തുതയോടുള്ള വിലമതിപ്പും ഓരോ നിയമനവും പ്രാർഥനാപൂർവം കൈകാര്യം ചെയ്യാനും നന്നായി തയ്യാറാകാനും നമ്മെ പ്രചോദിപ്പിക്കേണ്ടതാണ്.—യെശ. 30:20, NW; റോമ. 12:6-8.
ഇനി ചിലർ, പറയാനുള്ളത് മറന്നുപോയേക്കാം എന്നു ഭയക്കുന്നവരാണ്. വാചാപ്രസംഗം നടത്തി പരിചയമില്ലാത്ത പ്രസംഗകരെയാണ് ഇതു വിശേഷാൽ ബാധിക്കുന്നത്. എന്നാൽ അത് ഉണ്ടാകാനുള്ള സാധ്യത, ഫലപ്രദമായ പ്രസംഗരീതിയായ, വാചാപ്രസംഗരീതി എന്ന പുരോഗതിയുടെ പടിയിലേക്ക് കാലെടുത്തു വെക്കുന്നതിൽനിന്നു നിങ്ങളെ പിന്തിരിപ്പിക്കരുത്. നന്നായി തയ്യാറാകുക, യഹോവയുടെ ആത്മാവിന്റെ സഹായത്തിനായി അവനിലേക്കു നോക്കുക.—യോഹ. 14:26.
പദങ്ങളെ കുറിച്ചുള്ള അമിതമായ ചിന്ത മറ്റു ചില പ്രസംഗകരെ വാചാപ്രസംഗം നടത്തുന്നതിൽനിന്നു തടയുന്നു. വാചാപ്രസംഗത്തിൽ വായനാ പ്രസംഗത്തിലേതു പോലുള്ള അളന്നുതൂക്കിയ പദങ്ങളും വ്യാകരണ കൃത്യതയും കണ്ടെന്നു വരില്ല. എന്നാൽ ഹൃദ്യമായ സംഭാഷണ ശൈലി അതിന്റെ എല്ലാ കുറവും നികത്തുന്നതായിരിക്കും. ആളുകൾ ഏറ്റവും എളുപ്പം പ്രതികരിക്കുന്നത് തങ്ങൾക്ക് അനായാസം മനസ്സിലാകുന്ന വാക്കുകളിലും സങ്കീർണമല്ലാത്ത വാചകങ്ങളിലും അവതരിപ്പിക്കപ്പെടുന്ന ആശയങ്ങളോടാണ്. നിങ്ങൾ നന്നായി തയ്യാറാകുന്ന പക്ഷം, ഉചിതമായ പദങ്ങൾ സ്വാഭാവികമായി വന്നുകൊള്ളും. നിങ്ങൾ അത് മനഃപാഠമാക്കിയതുകൊണ്ടല്ല, പകരം ആശയങ്ങൾ വേണ്ടത്ര പുനരവലോകനം ചെയ്‌തിരിക്കുന്നതുകൊണ്ട്. അനുദിന സംഭാഷണത്തിൽ നല്ല ഭാഷ ഉപയോഗിക്കുന്നെങ്കിൽ സ്റ്റേജിൽ ആയിരിക്കുമ്പോൾ അതു തനിയെ വന്നുകൊള്ളും.
ഏതു തരം നോട്ടുകളാണ് ഉപയോഗിക്കേണ്ടത്? പരിശീലനംകൊണ്ട് കാലക്രമത്തിൽ, പ്രസംഗത്തിലെ ഓരോ പോയിന്റിനെയും സൂചിപ്പിക്കുന്നതിന് ഏതാനും വാക്കുകൾ മാത്രം എഴുതിയ ഒരു ബാഹ്യരേഖ ഉപയോഗിച്ചു പ്രസംഗം നടത്താൻ നിങ്ങൾക്കു സാധിച്ചേക്കാം. ഇവയും നിങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന തിരുവെഴുത്തുകളും എളുപ്പത്തിൽ നോക്കാൻ കഴിയത്തക്കവണ്ണം ഒരു കാർഡിലോ ഒരു ഷീറ്റ് കടലാസിലോ കുറിച്ചിടാവുന്നതാണ്. വയൽശുശ്രൂഷയിൽ പങ്കെടുക്കുമ്പോൾ, മിക്ക സന്ദർഭങ്ങളിലും നിങ്ങൾ ലളിതമായ ഒരു ബാഹ്യരേഖ മനഃപാഠമാക്കുന്നതായിരിക്കും. മടക്കസന്ദർശനത്തിനായി നിങ്ങൾ ഒരു വിഷയത്തെ കുറിച്ചു ഗവേഷണം ചെയ്‌തിരിക്കുന്നെങ്കിൽ നിങ്ങൾക്ക് ഹ്രസ്വമായ ഏതാനും കുറിപ്പുകൾ ഒരു കടലാസിൽ എഴുതി ബൈബിളിൽ വെക്കാവുന്നതാണ്. അല്ലെങ്കിൽ കേവലം “ചർച്ചയ്‌ക്കുവേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ” എന്നതിൽനിന്നുള്ള ഒരു ബാഹ്യരേഖയോ തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ എന്ന പുസ്‌തകത്തിൽനിന്നുള്ള വിവരങ്ങളോ ചർച്ചയ്‌ക്കുള്ള അടിസ്ഥാനമായി ഉപയോഗിക്കാവുന്നതാണ്.
എന്നിരുന്നാലും, ഏതാനും ആഴ്‌ചകൾക്കുള്ളിൽ പല യോഗ പരിപാടികളും സാധ്യതയനുസരിച്ച് പരസ്യ പ്രസംഗങ്ങളും നടത്താൻ നിങ്ങൾക്കു നിയമനം ലഭിച്ചിരിക്കുന്നെങ്കിൽ, താരതമ്യേന വിപുലമായ നോട്ടുകൾ ആവശ്യമായി വന്നേക്കാം. എന്തിനാണ്? ഓരോ നിയമനവും കൈകാര്യം ചെയ്യുന്നതിനു മുമ്പ് വിവരങ്ങൾ ഓർമയിലേക്കു കൊണ്ടുവരാൻ. അപ്പോൾ പോലും, പരിപാടി അവതരിപ്പിക്കുന്ന സമയത്തു പദങ്ങൾക്കായി നിങ്ങൾ നോട്ടിനെ വളരെയധികം ആശ്രയിക്കുന്നെങ്കിൽ—അതായത്, മിക്കവാറും എല്ലാ വാചകങ്ങളും പറയുന്ന സമയത്ത് അതിൽ നോക്കുന്നെങ്കിൽ—വാചാപ്രസംഗത്തിന്റെ പ്രയോജനങ്ങൾ നിങ്ങൾക്കു നഷ്ടമാകും. നിങ്ങൾ വിപുലമായ നോട്ടാണ് ഉപയോഗിക്കുന്നതെങ്കിൽ, നിങ്ങളുടെ ബാഹ്യരേഖയായി വർത്തിക്കുന്ന ഏതാനും പദങ്ങളിലും തിരുവെഴുത്തു പരാമർശങ്ങളിലും മാത്രം എളുപ്പത്തിൽ കണ്ണോടിക്കാൻ കഴിയത്തക്കവിധം അവ അടയാളപ്പെടുത്തുക.
പരിചയസമ്പന്നനായ ഒരു പ്രസംഗകന്റെ പ്രസംഗാവതരണത്തിൽ സാധാരണഗതിയിൽ മികച്ചു നിൽക്കേണ്ടത് വാചാപ്രസംഗരീതി ആണെങ്കിലും മറ്റ് അവതരണരീതികൾ ഉൾപ്പെടുത്തുന്നതും പ്രയോജനകരമായിരുന്നേക്കാം. മുഖവുരയിലും ഉപസംഹാരത്തിലും നല്ല സദസ്യ സമ്പർക്കത്തോടൊപ്പം ശ്രദ്ധാപൂർവകമായ പദഘടനയോടുകൂടിയ ശക്തമായ പ്രസ്‌താവനകൾ ആവശ്യമായതിനാൽ ഏതാനും വാചകങ്ങൾ മനഃപാഠമാക്കി പറയുന്നതു ഫലകരമായിരുന്നേക്കാം. വസ്‌തുതകളെ കുറിച്ചുള്ള പ്രസ്‌താവനകളോ സംഖ്യകളോ ഉദ്ധരണികളോ തിരുവെഴുത്തുകളോ വരുമ്പോൾ അവ വായിക്കുന്നതാണ് ഉചിതം. എന്നാൽ അവയുടെ വായന ഫലപ്രദമായി നിർവഹിക്കണം.
മറ്റുള്ളവർ വിശദീകരണം ആവശ്യപ്പെടുമ്പോൾ. ചില സമയങ്ങളിൽ മുൻകൂട്ടിയുള്ള തയ്യാറാകൽ കൂടാതെ നമുക്ക് നമ്മുടെ വിശ്വാസങ്ങളെ കുറിച്ചു വിശദീകരിക്കേണ്ടി വരാറുണ്ട്. വയൽസേവനത്തിൽ നാം കണ്ടുമുട്ടുന്ന ആരെങ്കിലും തടസ്സവാദം ഉന്നയിക്കുമ്പോൾ ഇതു സംഭവിച്ചേക്കാം. ബന്ധുക്കളോടൊപ്പമോ ജോലിസ്ഥലത്തോ സ്‌കൂളിലോ ആയിരിക്കുമ്പോഴും സമാനമായ സാഹചര്യങ്ങൾ ഉയർന്നുവന്നേക്കാം. നമ്മുടെ വിശ്വാസങ്ങളെയും ജീവിതരീതിയെയും കുറിച്ചു വിശദീകരണങ്ങൾ നൽകാൻ ഗവൺമെന്റ് അധികാരികളും ആവശ്യപ്പെട്ടേക്കാം. തിരുവെഴുത്തുകൾ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.”—1 പത്രൊ. 3:15.
പത്രൊസും യോഹന്നാനും യഹൂദ ന്യായാധിപസംഘത്തോടു മറുപടി പറഞ്ഞത് എങ്ങനെയെന്നു ശ്രദ്ധിക്കുക. പ്രവൃത്തികൾ 4:19, 20-ൽ ആണ് അതു രേഖപ്പെടുത്തിയിരിക്കുന്നത്. വെറും രണ്ടു വാചകങ്ങളിൽ അവർ തങ്ങളുടെ നിലപാടു വ്യക്തമാക്കി. അപ്പൊസ്‌തലന്മാരെ അഭിമുഖീകരിക്കുന്ന വാദവിഷയം ന്യായാധിപസംഘത്തെയും അഭിമുഖീകരിക്കുന്നതായി ചൂണ്ടിക്കാണിച്ചുകൊണ്ട് തങ്ങളുടെ സദസ്സിന് അനുയോജ്യമായ ഒരു വിധത്തിൽ അവർ അതു ചെയ്‌തു. പിന്നീട്, സ്‌തെഫാനൊസിന് എതിരെ വ്യാജാരോപണങ്ങൾ ചുമത്തി അവനെ അതേ ന്യായാധിപസംഘത്തിന്റെ മുമ്പാകെ ഹാജരാക്കി. അവന്റെ ശക്തമായ തത്‌ക്ഷണ മറുപടി പ്രവൃത്തികൾ 7:2-53-ൽ വായിക്കുക. അവൻ തന്റെ വിവരങ്ങൾ എങ്ങനെയാണു ചിട്ടപ്പെടുത്തിയത്? അവൻ ചരിത്രാനുക്രമത്തിൽ സംഭവങ്ങൾ അവതരിപ്പിച്ചു. അനുയോജ്യമായ ഒരു ഘട്ടത്തിൽ, അവൻ ഇസ്രായേൽ ജനത പ്രകടമാക്കിയ മത്സരാത്മക മനോഭാവത്തിന് ഊന്നൽ കൊടുത്തു സംസാരിക്കാൻ തുടങ്ങി. ഉപസംഹാരത്തിൽ, ന്യായാധിപസംഘം ദൈവപുത്രന്റെ വധത്തിന് ഉത്തരവാദികളായിരുന്നുകൊണ്ട് അതേ മനോഭാവം പ്രകടമാക്കിയതായി അവൻ ചൂണ്ടിക്കാണിച്ചു.
നിങ്ങളുടെ വിശ്വാസങ്ങളെ കുറിച്ചു തത്‌ക്ഷണം വിശദീകരണങ്ങൾ നൽകേണ്ട ഒരു സാഹചര്യത്തിൽ, ഫലകരമായി സംസാരിക്കാൻ നിങ്ങളെ എന്തു സഹായിക്കും? അർത്ഥഹ്‌ശഷ്ടാവ് രാജാവ് ഉന്നയിച്ച ചോദ്യത്തിന് ഉത്തരം കൊടുക്കുന്നതിനു മുമ്പ് നിശ്ശബ്ദം പ്രാർഥിച്ച നെഹെമ്യാവിന്റെ രീതി അനുകരിക്കുക. (നെഹെ. 2:4) അടുത്തതായി, മനസ്സിൽ പെട്ടെന്ന് ഒരു ബാഹ്യരേഖ ഉണ്ടാക്കിയെടുക്കുക. അടിസ്ഥാന പടികൾ ഈ വിധത്തിൽ പട്ടികപ്പെടുത്താവുന്നതാണ്: (1) വിശദീകരണത്തിൽ ഉൾക്കൊള്ളിക്കേണ്ട ഒന്നോ രണ്ടോ പോയിന്റുകൾ തിരഞ്ഞെടുക്കുക (തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ പുസ്‌തകത്തിൽനിന്നുള്ള പോയിന്റുകൾ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്). (2) ആ പോയിന്റുകളെ പിന്താങ്ങാൻ ഏതൊക്കെ തിരുവെഴുത്തുകളാണു നിങ്ങൾ ഉപയോഗിക്കാൻ പോകുന്നതെന്നു തീരുമാനിക്കുക. (3) ചോദ്യകർത്താവ് ശ്രദ്ധിക്കാൻ മനസ്സു കാണിക്കുന്ന വിധത്തിൽ വിശദീകരണം നയപൂർവം എങ്ങനെ തുടങ്ങാമെന്ന് ആസൂത്രണം ചെയ്യുക. എന്നിട്ട് സംസാരിച്ചു തുടങ്ങുക.
സമ്മർദത്തിൻ കീഴിൽ ആയിരിക്കുമ്പോൾ, എന്താണു ചെയ്യേണ്ടതെന്നു നിങ്ങൾ ഓർമിക്കുമോ? യേശു തന്റെ അനുഗാമികളോട് ഇങ്ങനെ പറഞ്ഞു: “എങ്ങിനെയോ എന്തോ പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറവാനുള്ളതു ആ നാഴികയിൽ തന്നേ നിങ്ങൾക്കു ലഭിക്കും. പറയുന്നതു നിങ്ങൾ അല്ല, നിങ്ങളിൽ പറയുന്ന നിങ്ങളുടെ പിതാവിന്റെ ആത്മാവത്രേ.” (മത്താ. 10:19, 20) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്കു നൽകപ്പെട്ട അത്ഭുതകരമായ ‘ജ്ഞാനത്തിന്റെ വചനം’ നിങ്ങൾക്കു ലഭിക്കുമെന്ന് ഇതിനർഥമില്ല. (1 കൊരി. 12:8) എന്നാൽ യഹോവ ക്രിസ്‌തീയ സഭയിലെ തന്റെ ദാസന്മാർക്കായി പ്രദാനം ചെയ്യുന്ന വിദ്യാഭ്യാസ പരിപാടി നിങ്ങൾ പതിവായി പ്രയോജനപ്പെടുത്തുന്നെങ്കിൽ, ആവശ്യമുള്ള വിവരങ്ങൾ ആവശ്യമായ സമയത്ത് പരിശുദ്ധാത്മാവ് നിങ്ങളെ ഓർമിപ്പിക്കും.—യെശ. 50:4.
നിസ്സംശയമായും, വാചാപ്രസംഗരീതിക്ക് വളരെ ഫലപ്രദമായിരിക്കാൻ കഴിയും. സഭയിൽ നിയമനങ്ങൾ ലഭിക്കുമ്പോൾ ഈ അവതരണരീതി ശീലിക്കുന്ന പക്ഷം, തത്‌ക്ഷണം മറുപടി പറയേണ്ടി വരുന്ന സാഹചര്യങ്ങളിൽ അങ്ങനെ ചെയ്യുക ബുദ്ധിമുട്ട് ആയിരിക്കില്ല. കാരണം ബാഹ്യരേഖ തയ്യാറാക്കുന്ന വിധം രണ്ടിലും ഏതാണ്ട് ഒരുപോലെയാണ്. പിന്മാറരുത്. വാചാപ്രസംഗ രൂപേണ കാര്യങ്ങൾ അവതരിപ്പിക്കാൻ പഠിക്കുന്നത് വയൽശുശ്രൂഷ കൂടുതൽ ഫലകരമാക്കാൻ നിങ്ങളെ സഹായിക്കും. കൂടാതെ നിങ്ങൾക്കു സഭയിൽ പ്രസംഗങ്ങൾ നടത്താനുള്ള പദവി ഉണ്ടെങ്കിൽ, നിങ്ങൾ സദസ്സിന്റെ ശ്രദ്ധ പിടിച്ചുനിറുത്താനും അവരുടെ ഹൃദയത്തെ സ്‌പർശിക്കാനും സാധ്യതയേറും.