പാഠം 16
സമനില
പ്രസംഗം നടത്താനായി സദസ്സിനു മുന്നിലേക്കു ചെല്ലുമ്പോൾ ഒരു പ്രസംഗകനു പരിഭ്രാന്തി തോന്നുക സാധാരണമാണ്, കൂടെക്കൂടെ പ്രസംഗങ്ങൾ നടത്താത്ത വ്യക്തിയാണെങ്കിൽ പ്രത്യേകിച്ചും. വയൽശുശ്രൂഷയിൽ പങ്കെടുക്കുന്ന ഒരു പ്രസാധകന്, താൻ ആ ദിവസം ആദ്യം കയറുന്ന വീടുകളിൽ സംസാരിക്കുമ്പോൾ ഒരൽപ്പം പരിഭ്രമം തോന്നിയേക്കാം. ഒരു പ്രവാചകനായി നിയോഗം ലഭിച്ചപ്പോൾ യിരെമ്യാവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ.” (യിരെ. 1:5, 6) യഹോവ യിരെമ്യാവിനെ സഹായിച്ചു. നിങ്ങളെയും അവൻ സഹായിക്കും. ക്രമേണ, സമനില വളർത്തിയെടുക്കാൻ നിങ്ങൾക്കു കഴിയും.
സമനിലയുള്ള ഒരു പ്രസംഗകൻ സമചിത്തതയുള്ള ആളാണ്. ഇത് അദ്ദേഹത്തിന്റെ ശരീരനിലയിൽ ദൃശ്യമായിരിക്കും. അദ്ദേഹത്തിന്റെ ശരീരനില സ്വാഭാവികവും സന്ദർഭത്തിന് അനുയോജ്യവും ആയിരിക്കും. അദ്ദേഹത്തിന്റെ ഹസ്‌തചലനങ്ങൾ അർഥവത്തായിരിക്കുമെന്നു മാത്രമല്ല, ശബ്ദം ഭാവം ഉൾക്കൊള്ളുന്നതും നിയന്ത്രിതവും ആയിരിക്കും.
സമനിലയുള്ള ഒരു വ്യക്തിയെ കുറിച്ചുള്ള ഈ വർണന നിങ്ങൾക്ക് ഇണങ്ങുന്നില്ലെന്നു തോന്നുന്നുണ്ടോ? എങ്കിൽ വിഷമിക്കേണ്ട കാര്യമില്ല. നിങ്ങൾക്കു മെച്ചപ്പെടാൻ കഴിയും. എങ്ങനെ? ഒരു പ്രസംഗകനു പരിഭ്രാന്തി തോന്നുന്നതിന്റെയും സമനില ഇല്ലാതിരിക്കുന്നതിന്റെയും കാരണം നമുക്കു പരിചിന്തിക്കാം. അതിന്റെ പിന്നിലുള്ളതു ശാരീരിക കാരണങ്ങൾ ആയിരിക്കാം.
നിങ്ങൾ ഒരു വെല്ലുവിളിയെ നേരിടുകയാണ്. അതിനെ നന്നായി കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാൽ അതിനു കഴിയുമെന്ന് ഉറപ്പില്ല. ഈ സാഹചര്യത്തിൽ നിങ്ങൾക്ക് ഉത്‌കണ്‌ഠ തോന്നും. തത്‌ഫലമായി കൂടുതൽ അഡ്രിനലിൻ ഉത്‌പാദിപ്പിക്കാൻ മസ്‌തിഷ്‌കം ശരീരത്തിനു നിർദേശം കൊടുക്കുന്നു. ഫലമോ? ഹൃദയമിടിപ്പിന്റെ വേഗം കൂടുന്നു, ശ്വാസോച്ഛ്വാസ നിരക്കിൽ വ്യത്യാസം വരുന്നു, വിയർത്തൊഴുകുന്നു, അല്ലെങ്കിൽ കൈകളും കാൽമുട്ടുകളും വിറയ്‌ക്കുന്നു. ശബ്ദം ഇടറാനും അത് ഇടയാക്കിയേക്കാം. ഊർജത്തിന്റെ തോതു വർധിപ്പിച്ചുകൊണ്ട് സാഹചര്യത്തെ കൈകാര്യം ചെയ്യാൻ നിങ്ങളെ സഹായിക്കുന്നതിനുള്ള ശ്രമമാണു ശരീരം ഇവിടെ നടത്തുന്നത്. ഈ അധിക ഊർജം ക്രിയാത്മകമായി ചിന്തിക്കാനും ഉത്സാഹഭരിതമായ അവതരണം കാഴ്‌ചവെക്കാനുമായി ഉപയോഗിക്കുക എന്നതാണു വെല്ലുവിളി.
ഉത്‌കണ്‌ഠ ലഘൂകരിക്കാൻ കഴിയുന്ന വിധം. കുറെയൊക്കെ ഉത്‌കണ്‌ഠ തോന്നുക സ്വാഭാവികമാണെന്ന് ഓർമിക്കുക. എന്നിരുന്നാലും, സമനില നിലനിറുത്തുന്നതിന് ഉത്‌കണ്‌ഠ ലഘൂകരിക്കാനും സാഹചര്യത്തെ ശാന്തതയോടും അന്തസ്സോടും കൂടെ കൈകാര്യം ചെയ്യാനും നിങ്ങൾക്കു കഴിയണം. നിങ്ങൾക്ക് ഇതിന് എങ്ങനെ കഴിയും?
നന്നായി തയ്യാറാകുക. പ്രസംഗം തയ്യാറാകുന്നതിനു സമയം ചെലവിടുക. അവതരിപ്പിക്കാൻ പോകുന്ന വിഷയം നിങ്ങൾക്കു വ്യക്തമായി മനസ്സിലായെന്ന് ഉറപ്പുവരുത്തുക. ചർച്ച ചെയ്യാനുള്ള പോയിന്റുകൾ സ്വന്തമായി തിരഞ്ഞെടുക്കാവുന്ന തരത്തിലുള്ളതാണു നിങ്ങളുടെ പ്രസംഗമെങ്കിൽ, വിഷയത്തെ കുറിച്ചു സദസ്സിന് ഇപ്പോൾത്തന്നെ എന്തെല്ലാം അറിയാമെന്നതും പ്രസംഗംകൊണ്ട് എന്തു സാധിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നതും കണക്കിലെടുക്കുക. ഏറ്റവും മൂല്യവത്തായ വിവരങ്ങൾ തിരഞ്ഞെടുക്കാൻ ഇതു നിങ്ങളെ സഹായിക്കും. ഇതു ബുദ്ധിമുട്ടാണെന്നു തുടക്കത്തിൽ നിങ്ങൾക്കു തോന്നുന്നെങ്കിൽ, അനുഭവസമ്പന്നനായ ഒരു പ്രസംഗകനുമായി ഈ പ്രശ്‌നം ചർച്ച ചെയ്യുക. നിങ്ങളുടെ വിവരങ്ങളെയും സദസ്സിനെയും പ്രായോഗികമായ വിധത്തിൽ വിലയിരുത്താൻ അദ്ദേഹത്തിനു നിങ്ങളെ സഹായിക്കാനാകും. സദസ്സിനു പ്രയോജനം ചെയ്യുന്ന വിവരങ്ങൾ നിങ്ങളുടെ പക്കലുണ്ടെന്നും അവ നിങ്ങളുടെ മനസ്സിൽ വ്യക്തമാണെന്നും ഉറപ്പുള്ളപ്പോൾ അവ പങ്കുവെക്കാനുള്ള ആഗ്രഹം, പ്രസംഗം അവതരിപ്പിക്കുന്ന കാര്യത്തിലുള്ള ഉത്‌കണ്‌ഠയെ നിഷ്‌പ്രഭമാക്കിത്തീർക്കും.
മുഖവുരയ്‌ക്കു പ്രത്യേക ശ്രദ്ധ നൽകുക. പ്രസംഗം തുടങ്ങാൻ പോകുന്നത് എങ്ങനെയെന്ന് അറിഞ്ഞിരിക്കുക, തുടങ്ങി കിട്ടിയാൽ നിങ്ങളുടെ പരിഭ്രമം കുറയാൻ ഇടയുണ്ട്.
ഈ അടിസ്ഥാന പടികൾ തന്നെ വയൽശുശ്രൂഷയ്‌ക്കുള്ള തയ്യാറാകലിന്റെ കാര്യത്തിലും ബാധകമാണ്. ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്ന വിഷയത്തിനു പുറമേ ഏതു തരക്കാരോടാണു നിങ്ങൾ സാക്ഷീകരിക്കാൻ പോകുന്നത് എന്നതും പരിചിന്തിക്കുക. മുഖവുര ശ്രദ്ധാപൂർവം സംവിധാനം ചെയ്യുക. പക്വതയുള്ള പ്രസാധകരുടെ അനുഭവജ്ഞാനത്തിൽനിന്നു പ്രയോജനം നേടുക.
ഒരു കൂട്ടത്തിനു മുമ്പാകെ പ്രസംഗിക്കുമ്പോൾ പ്രസംഗം മുഴുവനായി എഴുതിയ നോട്ട് ഉപയോഗിക്കുന്നെങ്കിൽ കൂടുതൽ സമനില കൈവരുമെന്നു നിങ്ങൾ കരുതിയേക്കാം. വാസ്‌തവത്തിൽ, ഓരോ തവണ പ്രസംഗം നടത്തുമ്പോഴും കൂടുതൽ ഉത്‌കണ്‌ഠ തോന്നാനേ ഇത് ഇടയാക്കൂ. ചില പ്രസംഗകർ ഹ്രസ്വമായ നോട്ട് ഉപയോഗിക്കുമ്പോൾ മറ്റു ചിലർ വിപുലമായ നോട്ട് ഉപയോഗിക്കുന്നു എന്നതു സത്യമാണ്. എന്നാൽ നിങ്ങളെ കുറിച്ചുതന്നെ ചിന്തിക്കാതെ അവതരിപ്പിക്കുന്ന വിവരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അങ്ങനെ ഉത്‌കണ്‌ഠ ലഘൂകരിക്കാനും നിങ്ങളെ സഹായിക്കുന്നത് കടലാസിലുള്ള വാക്കുകളല്ല, പകരം സദസ്സിനു വേണ്ടി തയ്യാറാക്കിയിരിക്കുന്ന വിവരങ്ങൾ ശരിക്കും മൂല്യവത്താണ് എന്ന നിങ്ങളുടെ ഹൃദയത്തിലെ ബോധ്യമാണ്.
പരിപാടി ഉച്ചത്തിൽ അവതരിപ്പിച്ചു പരിശീലിക്കുക. അത്തരം പരിശീലനം നിങ്ങളുടെ ആശയങ്ങൾ വാക്കുകളിൽ അവതരിപ്പിക്കാൻ നിങ്ങൾക്കു കഴിയും എന്ന ബോധ്യം നിങ്ങളിൽ ജനിപ്പിക്കും. നിങ്ങൾ പരിശീലിക്കുമ്പോൾ, വിവരങ്ങൾ ഓർമയിൽ സ്ഥാനം പിടിക്കുന്നു, ആ ഓർമകൾ പ്രസംഗ സമയത്തു തത്‌ക്ഷണം ഉണർത്തപ്പെട്ടേക്കാം. പ്രസംഗം നടത്തുന്ന യഥാർഥ സാഹചര്യത്തോടു താദാത്മ്യപ്പെട്ടുകൊണ്ടു വേണം പരിശീലനം നടത്താൻ. നിങ്ങളുടെ സദസ്സിനെ ഭാവനയിൽ കാണുക. പ്രസംഗം നടത്തുമ്പോൾ ചെയ്യുന്നതു പോലെ, ഒരു മേശയ്‌ക്കരികിൽ ഇരിക്കുകയോ എഴുന്നേറ്റു നിൽക്കുകയോ ചെയ്യുക.
സഹായത്തിനായി യഹോവയോടു പ്രാർഥിക്കുക. അവൻ അത്തരം പ്രാർഥനയ്‌ക്ക് ഉത്തരം നൽകുമോ? “അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു.” (1 യോഹ. 5:14) ദൈവത്തെ മഹത്ത്വപ്പെടുത്താനും അവന്റെ വചനത്തിൽനിന്നു പ്രയോജനം നേടാൻ ആളുകളെ സഹായിക്കാനും ആഗ്രഹിക്കുന്നെങ്കിൽ, അവൻ തീർച്ചയായും നിങ്ങളുടെ പ്രാർഥനയ്‌ക്ക് ഉത്തരം നൽകും. ഈ ഉറപ്പ് നിങ്ങളുടെ നിയമനം നിറവേറ്റുന്നതിനു നിങ്ങളെ വളരെയധികം ശക്തീകരിക്കും. കൂടാതെ, ആത്മാവിന്റെ ഫലങ്ങളായ സ്‌നേഹം, സന്തോഷം, സമാധാനം, സൗമ്യത, ഇന്ദ്രിയജയം (അഥവാ ആത്മനിയന്ത്രണം) എന്നിവ നട്ടുവളർത്തവേ, സാഹചര്യങ്ങളെ സമനിലയോടെ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ മാനസിക ഭാവം നിങ്ങൾ കൈവരിക്കുന്നതായിരിക്കും.—ഗലാ. 5:22, 23.
പരിചയസമ്പത്ത് ആർജിക്കുക. വയൽസേവനത്തിൽ നിങ്ങൾ എത്രയധികം പങ്കുപറ്റുന്നുവോ അത്രയധികമായി നിങ്ങളുടെ പരിഭ്രമം കുറഞ്ഞുവരും. സഭായോഗങ്ങളിൽ നിങ്ങൾ എത്രയധികം അഭിപ്രായങ്ങൾ പറയുന്നുവോ അത്രയധികമായി മറ്റുള്ളവരുടെ മുമ്പാകെ സംസാരിക്കുന്നതു നിങ്ങൾക്ക് എളുപ്പമായിത്തീരും. സഭയിൽ നിങ്ങൾ നടത്തുന്ന പ്രസംഗങ്ങളുടെ എണ്ണം വർധിക്കുന്തോറും ഓരോ പ്രസംഗത്തിനും മുമ്പു തോന്നുന്ന ഉത്‌കണ്‌ഠയുടെ തോത് സാധ്യതയനുസരിച്ചു കുറഞ്ഞുവരും. പ്രസംഗിക്കാനായി കൂടുതൽ അവസരങ്ങൾ ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? അങ്ങനെയെങ്കിൽ, മറ്റുള്ളവർക്കു സ്‌കൂളിലെ തങ്ങളുടെ നിയമനങ്ങൾ നിർവഹിക്കാൻ കഴിയാതെ വരുന്നപക്ഷം അവ നടത്താനായി സ്വമേധയാ മുന്നോട്ടു വരിക.
മേൽപ്പറഞ്ഞ പടികൾ സ്വീകരിച്ചു കഴിഞ്ഞ്, സമനിലയുടെ അഭാവത്തെ വ്യക്തമായി വെളിപ്പെടുത്തുന്ന ലക്ഷണങ്ങൾ പരിശോധിക്കുന്നതു പ്രയോജനകരമാണ്. ആ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് അവയെ തരണം ചെയ്യേണ്ടത് എങ്ങനെയെന്നു പഠിക്കുന്നതു സമനിലയോടെ സംസാരിക്കാൻ നിങ്ങളെ സഹായിക്കും. ലക്ഷണങ്ങൾ ശാരീരികമോ സ്വനികമോ (സ്വരവുമായി ബന്ധമുള്ളത്) ആകാം.
ശാരീരിക ലക്ഷണങ്ങൾ. നിങ്ങൾക്കു സമനില ഉണ്ടോ ഇല്ലയോ എന്നു നിങ്ങളുടെ ശരീരനിലയും നിങ്ങൾ കൈകൾ ഉപയോഗിക്കുന്ന രീതിയും കണ്ടാലറിയാം. ആദ്യം കൈകളുടെ കാര്യംതന്നെ എടുക്കാം. കൈകൾ പിറകിൽ കൂട്ടിപ്പിടിക്കുക, വശങ്ങളിൽ ദൃഢമായി പിടിക്കുക അല്ലെങ്കിൽ പ്രസംഗപീഠത്തിൽ മുറുകെ പിടിക്കുക; കൈകൾ ആവർത്തിച്ചു പോക്കറ്റിലിടുകയും എടുക്കുകയും ചെയ്യുക, കോട്ടിന്റെ ബട്ടൺ ഇടുകയും ഊരുകയും ചെയ്യുക, കവിളിലേക്കോ മൂക്കിന്റെ നേരെയോ കണ്ണടയുടെ നേരെയോ കൈകൾ അലക്ഷ്യമായി നീക്കുക; വാച്ചോ പെൻസിലോ മോതിരമോ പ്രസംഗനോട്ടോ കൂടെക്കൂടെ തിരിക്കുകയോ പിടിക്കുകയോ മറ്റോ ചെയ്യുക; കൈകൊണ്ടുള്ള ആംഗ്യങ്ങൾ വിറച്ചുവിറച്ചുള്ളതോ അപൂർണമോ ആയിരിക്കുക—ഇവയെല്ലാം സമനില ഇല്ലാത്തതിന്റെ തെളിവുകളാണ്.
പാദങ്ങൾ എപ്പോഴും മാറ്റി ചവിട്ടുക, വശങ്ങളിലേക്ക് ആടുക, തീരെ വഴക്കമില്ലാത്ത രീതിയിൽ നിൽക്കുക, കൂനിക്കൂടുക, ചുണ്ടുകൾ കൂടെക്കൂടെ നനയ്‌ക്കുക, തുടരെത്തുടരെ ഉമിനീര് ഇറക്കുക, വേഗത്തിലും അൽപ്പമാത്രമായും ശ്വസിക്കുക തുടങ്ങിയവയും ആത്മവിശ്വാസം ഇല്ലാത്തതിന്റെ തെളിവുകളാണ്.
ബോധപൂർവകമായ ശ്രമം നടത്തുന്ന പക്ഷം, പരിഭ്രാന്തിയുടെ ഈ ലക്ഷണങ്ങൾ നിയന്ത്രിക്കാൻ കഴിയും. ഒരു സമയത്ത് ഒരു പോരായ്‌മ മാത്രം ലഘൂകരിക്കാൻ ശ്രമിക്കുക. പ്രശ്‌നം തിരിച്ചറിയുക, അതിനെ തടയാൻ എന്താണു ചെയ്യേണ്ടതെന്നു മുൻകൂട്ടി ചിന്തിക്കുക. ശ്രമം നടത്തുന്നെങ്കിൽ നിങ്ങളുടെ ശരീരനിലയിലും മറ്റും സമനില പ്രകടമാകുന്നതായിരിക്കും.
സ്വനിക ലക്ഷണങ്ങൾ. അസാധാരണമായി ഉയർന്ന സ്ഥായിയിലുള്ള അല്ലെങ്കിൽ വിറയാർന്ന ശബ്ദം പരിഭ്രാന്തിയുടെ ലക്ഷണമാണ്. ഒരുപക്ഷേ നിങ്ങൾ ആവർത്തിച്ചാവർത്തിച്ച് കണ്‌ഠശുദ്ധി വരുത്തുകയോ വളരെ വേഗത്തിൽ സംസാരിക്കുകയോ ചെയ്യുന്നുണ്ടാകാം. ശബ്ദത്തെ നിയന്ത്രണാധീനമാക്കാൻ ഉത്സാഹപൂർവം ശ്രമിക്കുന്നപക്ഷം ഈ പ്രശ്‌നങ്ങളും വികൃതശീലങ്ങളും തരണം ചെയ്യാനാകും.
പരിഭ്രാന്തി തോന്നുന്ന പക്ഷം സ്റ്റേജിലേക്കു പോകുന്നതിനു മുമ്പായി ഏതാനും തവണ ദീർഘശ്വാസം എടുക്കുക. നിങ്ങളുടെ മുഴു ശരീരവും അയവുള്ളതാക്കാൻ ശ്രമിക്കുക. പരിഭ്രാന്തിയെ കുറിച്ചു ചിന്തിക്കുന്നതിനു പകരം തയ്യാറാക്കിയ വിവരങ്ങൾ സദസ്സുമായി പങ്കുവെക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ് എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. സംസാരിച്ചു തുടങ്ങുന്നതിനു മുമ്പ് സദസ്സിലേക്ക് ഒരു നിമിഷം കണ്ണോടിക്കുക. സൗഹൃദഭാവമുള്ള ഒരു മുഖം കണ്ടെത്തി പുഞ്ചിരിക്കുക. മുഖവുര സാവധാനം അവതരിപ്പിക്കുക. തുടർന്ന് പ്രസംഗത്തിൽ ലയിച്ചുചേരുക.
എന്തു പ്രതീക്ഷിക്കണം? പരിഭ്രാന്തിയുടേതായ എല്ലാ തോന്നലുകളും അപ്രത്യക്ഷമാകുമെന്നു പ്രതീക്ഷിക്കരുത്. സ്റ്റേജിൽ പരിപാടികൾ നടത്തി അനേക വർഷത്തെ പരിചയമുള്ള പല പ്രസംഗകർക്കും സദസ്സിനു മുമ്പാകെ ചെന്നു നിൽക്കുന്നതിനു മുമ്പു പരിഭ്രാന്തി തോന്നാറുണ്ട്. എങ്കിലും, അവർ അതിനെ നിയന്ത്രിക്കാൻ പഠിച്ചിരിക്കുന്നു.
പരിഭ്രാന്തിയുടെ ബാഹ്യ ലക്ഷണങ്ങൾ നീക്കം ചെയ്യാൻ നിങ്ങൾ ആത്മാർഥമായി ശ്രമിക്കുന്ന പക്ഷം, സദസ്സ് നിങ്ങളെ സമനിലയുള്ള പ്രസംഗകനായി വീക്ഷിക്കും. നിങ്ങൾക്ക് ഉള്ളിൽ പരിഭ്രാന്തി തോന്നിയേക്കാമെങ്കിലും അവർ അത് അറിയാൻ ഇടയില്ല.
അഡ്രിനലിന്റെ അളവിലുള്ള വർധന പരിഭ്രാന്തിയുടെ ലക്ഷണങ്ങൾക്ക് ഇടയാക്കുന്നതോടൊപ്പം ഊർജത്തിന്റെ തോതു വർധിപ്പിക്കുന്നുവെന്ന് ഓർമിക്കുക. വികാരഭാവത്തോടെ സംസാരിക്കാൻ ഈ ഊർജം ഉപയോഗിക്കുക.
ഈ കാര്യങ്ങളൊക്കെ പരിശീലിക്കാൻ സ്റ്റേജിൽ കയറുന്നതുവരെ നിങ്ങൾ കാത്തിരിക്കേണ്ടതില്ല. അനുദിന ജീവിതത്തിൽ സമനിലയും നിയന്ത്രണവും ഉള്ളവരായിരിക്കാനും അനുയോജ്യമായ വികാരഭാവത്തോടെ സംസാരിക്കാനും പഠിക്കുക. അപ്രകാരം ചെയ്യുന്നതു സ്റ്റേജിലായിരിക്കുമ്പോഴും വയൽശുശ്രൂഷയിൽ പങ്കെടുക്കുമ്പോഴും ആത്മവിശ്വാസമുള്ളവർ ആയിരിക്കുന്നതിനു നിങ്ങളെ വളരെയധികം സഹായിക്കും. ആത്മവിശ്വാസം ഏറ്റവും ആവശ്യമുള്ള സാഹചര്യങ്ങളാണല്ലോ അവ രണ്ടും.