പാഠം 37
സമനിലയും വ്യക്തിപരമായ ആകാരവും
1-9. സമനിലയെയും ആത്മധൈര്യത്തെയും നിർവചിക്കുക, ഇവ എങ്ങനെ നേടാമെന്നു പറയുക.
1 സമനിലയുളള ഒരു പ്രസംഗകൻ പിരിമുറുക്കമില്ലാത്ത പ്രസംഗകനാണ്. അയാൾ ശാന്തതയും മനഃസാന്നിധ്യവുമുളളയാളാണ്, എന്തുകൊണ്ടെന്നാൽ അയാൾക്കു സാഹചര്യം നിയന്ത്രണാധീനമാണ്. മറിച്ച്, സമനിലയുടെ അഭാവം ആത്മധൈര്യത്തിന്റെ കുറവിനെ പ്രകടമാക്കുന്നു. രണ്ടും ഒത്തുചേർന്നുപോകുന്നു. അതുകൊണ്ടാണ് “ആത്മധൈര്യവും സമനിലയും” പ്രസംഗ ഗുണദോഷച്ചീട്ടിൽ കേവലം ഒരു പോയിൻറായി പട്ടികപ്പെടുത്തിയിരിക്കുന്നത്.
2 ആത്മധൈര്യവും സമനിലയും ഒരു പ്രസംഗകന്റെ ഭാഗത്ത് അഭിലഷണീയമായിരിക്കെ, അവയെ അമിത ആത്മവിശ്വാസവുമായി കൂട്ടിക്കുഴയ്ക്കാൻ പാടില്ല. അതു പൊങ്ങച്ച ഭാവത്താലോ, ഇരിക്കുകയാണെങ്കിൽ, ഞെളിയുകയോ അമിതമായി അയഞ്ഞ മട്ടിൽ കൂനിക്കുനിഞ്ഞിരിക്കുകയോ ചെയ്യുന്നതിനാലോ, വീടുതോറും പ്രസംഗിക്കുകയാണെങ്കിൽ കട്ടിളക്കാലിൽ അശ്രദ്ധമായി ചാരിനിൽക്കുന്നതിനാലോ പ്രകടമാക്കപ്പെടുന്നു. നിങ്ങളുടെ അവതരണത്തിലെ എന്തെങ്കിലും, അമിതവിശ്വാസത്തോടുകൂടിയ ഒരു മനോഭാവത്തെ സൂചിപ്പിക്കുന്നുവെങ്കിൽ സ്കൂൾ മേൽവിചാരകൻ നിങ്ങൾക്കു സ്വകാര്യബുദ്ധ്യുപദേശം നൽകുമെന്നതിനു സംശയമില്ല, എന്തുകൊണ്ടെന്നാൽ അദ്ദേഹത്തിന്റെ താത്പര്യം നിങ്ങളുടെ ശുശ്രൂഷയുടെ ഫലപ്രദത്വത്തെ തടസ്സപ്പെടുത്തിയേക്കാവുന്നതായി നിങ്ങൾ നൽകുന്ന അത്തരം ഏതു ധാരണയെയും തരണംചെയ്യുന്നതിനു നിങ്ങളെ സഹായിക്കാനായിരിക്കും.
3 എന്നിരുന്നാലും, നിങ്ങൾ ഒരു പുതിയ പ്രസംഗകനാണെങ്കിൽ, പ്ലാററ്ഫാറത്തെ സമീപിക്കുമ്പോൾ നിങ്ങൾക്കു പേടിയും ലജ്ജയും തോന്നാൻ കൂടുതൽ സാധ്യതയുണ്ട്. നിങ്ങൾ ഫലപ്രദമല്ലാത്ത ഒരു അവതരണം നടത്തുമെന്നു വിശ്വസിക്കാനിടയാക്കാവുന്ന ഒരു യഥാർഥ ഭയവും അസ്വസ്ഥതയും നിങ്ങൾക്കുണ്ടായിരിക്കാം. ഇത് ഇങ്ങനെയായിരിക്കണമെന്നില്ല. ആത്മധൈര്യവും സമനിലയും ഉത്സുകമായ പരിശ്രമത്താലും അവ ഇല്ലാത്തതിന്റെ കാരണംസംബന്ധിച്ച അറിവിനാലും നേടാൻ കഴിയും.
4 ചില പ്രസംഗകർക്ക് ആത്മധൈര്യം ഇല്ലാത്തത് എന്തുകൊണ്ടാണ്? പൊതുവേ രണ്ടു കാരണങ്ങളിൽ ഒന്നിനാൽ അല്ലെങ്കിൽ രണ്ടിനാലും. ഒന്നാമത്, തയ്യാറാകലിന്റെ അഭാവം അല്ലെങ്കിൽ വിവരങ്ങളെക്കുറിച്ചുളള തെററായ വീക്ഷണം. രണ്ടാമത്, പ്രസംഗകരെന്ന നിലയിലുളള തങ്ങളുടെ യോഗ്യതയെ സംബന്ധിച്ച ഒരു നിഷേധാത്മക മനോഭാവം.
5 നിങ്ങൾക്ക് ആത്മധൈര്യം നൽകുന്നത് എന്താണ്? അടിസ്ഥാനപരമായി, നിങ്ങൾ നിങ്ങളുടെ ഉദ്ദേശ്യം സാധിക്കാൻ പ്രാപ്തനാകുമെന്നുളള ഒരു അറിവോ വിശ്വാസമോ ആണ്. സാഹചര്യം നിയന്ത്രണാധീനമാണെന്നും നിയന്ത്രിക്കാൻ കഴിയുമെന്നുമുളള ഉറപ്പാണത്. ഇതിനു പ്ലാററ്ഫാറത്തിൽ കുറെ പരിചയം ആവശ്യമായിരിക്കാം. പല പ്രസംഗങ്ങൾ നടത്തിയിട്ടുളളതിനാൽ ഇതും വിജയപ്രദമായിരിക്കുമെന്നു നിങ്ങൾക്കു ന്യായമായി ഉറപ്പുണ്ടായിരിക്കാൻ കഴിയും. എന്നാൽ നിങ്ങൾ താരതമ്യേന പുതിയ ആളായാലും നിങ്ങളുടെ മുൻപ്രസംഗങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്, തന്നിമിത്തം ന്യായമായ തോതിൽ ഈ ഗുണം പ്രകടമാക്കാൻ നിങ്ങൾ പെട്ടെന്നുതന്നെ പ്രാപ്തനായിത്തീരേണ്ടതാണ്.
6 നിങ്ങൾ പരിചയസമ്പന്നനാണെങ്കിലും അല്ലെങ്കിലും ആത്മധൈര്യത്തിനുളള മറെറാരു മർമപ്രധാനമായ യോഗ്യത വിവരങ്ങൾസംബന്ധിച്ച നിങ്ങളുടെ പരിജ്ഞാനവും ഈ വിവരങ്ങൾ മൂല്യവത്താണെന്നുളള ബോധ്യവുമാണ്. അതിന്റെ അർഥം നിങ്ങളുടെ വിഷയംസംബന്ധിച്ചു മുന്നമേയുളള സമഗ്ര തയ്യാറാകൽ എന്നു മാത്രമല്ല, അവതരണത്തിനായുളള ശ്രദ്ധാപൂർവകമായ തയ്യാറാകൽ എന്നുകൂടെയാണ്. അതു നിങ്ങളുടെ സ്വന്തം ദിവ്യാധിപത്യപുരോഗതിക്കും അതുപോലെതന്നെ ഹാജരാകുന്ന സഹോദരൻമാരുടെ പ്രയോജനത്തിനും വേണ്ടിയാണെന്നു നിങ്ങൾ തിരിച്ചറിയുന്നുവെങ്കിൽ, നിങ്ങൾ പ്രാർഥനാനിരതമായ ഒരു മനോഭാവത്തോടെ പ്ലാററ്ഫാറത്തെ സമീപിക്കും. നിങ്ങൾ വിഷയത്തിൽ ലയിക്കുകയും നിങ്ങളെത്തന്നെയും നിങ്ങളുടെ ഭയത്തെയും മറക്കുകയും ചെയ്യും. നിങ്ങൾ മനുഷ്യരെയല്ല, ദൈവത്തെ പ്രസാദിപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നതായിരിക്കും.—ഗലാ. 1:10; പുറ. 4:10-12; യിരെ. 1:8.
7 അതിന്റെ അർഥം പറയാൻപോകുന്ന സകലവും സംബന്ധിച്ചു നിങ്ങൾക്കു ബോധ്യമുണ്ടായിരിക്കണമെന്നാണ്. ഇതിങ്ങനെയാണെന്നു നിങ്ങളുടെ തയ്യാറാകലിൽ ഉറപ്പുവരുത്തുക. രസകരവും സജീവവുമായ ഒരു പ്രസംഗം തയ്യാറാക്കാൻ നിങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തശേഷവും പ്രസംഗത്തിന് ഓജസ്സ് പോരെന്ന് അല്ലെങ്കിൽ അതു നിർജീവമാണെന്നു നിങ്ങൾ വിചാരിക്കുന്നുവെങ്കിൽ, സജീവമായ ഒരു സദസ്സു നിങ്ങളുടെ പ്രസംഗത്തെ ഊഷ്മളമാക്കുമെന്ന് ഓർക്കുക. അതുകൊണ്ട്, നിങ്ങളുടെ സ്വന്തം അവതരണത്താൽ സദസ്സിനെ സജീവമാക്കുക, അവരുടെ താത്പര്യം അവതരിപ്പിക്കാനുളളതിൽ നിങ്ങൾക്ക് ആത്മധൈര്യം പകരും.
8 ഒരു ഡോക്ടർ രോഗത്തിന്റെ ലക്ഷണങ്ങൾ ആരായുന്നതുപോലെ നിങ്ങളുടെ ഉപദേശകൻ മനഃസാന്നിധ്യത്തിന്റെ അഭാവത്തിലേക്കു വ്യക്തമായി വിരൽചൂണ്ടുന്ന ലക്ഷണങ്ങളെ ശ്രദ്ധിക്കും. നല്ല ഡോക്ടർ നിങ്ങളുടെ രോഗത്തിന്റെ ലക്ഷണങ്ങൾക്കല്ല, കാരണങ്ങൾക്കു പരിഹാരം വരുത്താൻ ശ്രമിക്കുന്നതുപോലെ, ആത്മധൈര്യത്തിന്റെയും സമനിലയുടെയും കുറവിനുളള യഥാർഥ കാരണങ്ങളെ തരണംചെയ്യാൻ സഹായിക്കുന്നതിനു നിങ്ങളുടെ ഉപദേശകൻ ശ്രമിക്കും. എന്നിരുന്നാലും, ലക്ഷണങ്ങൾ അറിയുന്നതും അവയെ നിയന്ത്രിക്കാൻ പഠിക്കുന്നതും, ആ ലക്ഷണങ്ങളുടെ അടിസ്ഥാനകാരണങ്ങളെ തരണംചെയ്യുന്നതിനു യഥാർഥമായി നിങ്ങളെ സഹായിക്കും. അവ എന്തൊക്കെയാണ്?
9 പൊതുവേ പറഞ്ഞാൽ, തളംകെട്ടിനിൽക്കുന്ന വികാരങ്ങൾക്ക് അല്ലെങ്കിൽ പിരിമുറുക്കത്തിനു രണ്ടു ബഹിർഗമനമാർഗങ്ങളുണ്ട്. അവയെ ശാരീരികമായ തെളിവുകളെന്നും സ്വനികമായ പ്രത്യക്ഷതകൾ എന്നും രണ്ടായി തരംതിരിക്കാൻ കഴിയും. ഏതെങ്കിലും അളവിൽ അവ പ്രകടമാക്കപ്പെടുമ്പോൾ ആ ആളിനു സമനിലയില്ലെന്നു നാം പറയുന്നു.
10, 11. ശാരീരികനിലക്ക് ആത്മധൈര്യത്തിന്റെ കുറവിനെ വെളിപ്പെടുത്താൻ കഴിയുന്നതെങ്ങനെ?
10 ശാരീരികനിലയിൽ സമനില പ്രകടം. അപ്പോൾ സമനിലയുടെ ഒന്നാമത്തെ തെളിവു നിങ്ങളുടെ ശാരീരികനിലയിൽ പ്രകടമാണ്. നിങ്ങൾക്ക് ആത്മധൈര്യം കുറവാണെങ്കിൽ നിങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. ഒന്നാമതു കൈകളുടെ കാര്യം പരിഗണിക്കുക: പിറകിൽ കെട്ടിയിരിക്കുന്നതോ വശത്തു ദൃഢമായി പിടിച്ചിരിക്കുന്നതോ സ്പീക്കേഴ്സ് സ്ററാൻഡിൽ മുറുക്കിപ്പിടിച്ചിരിക്കുന്നതോ ആയ കൈകൾ; ആവർത്തിച്ചു പോക്കററിലിടുന്നതും പുറത്തെടുക്കുന്നതും കോട്ടിന്റെ ബട്ടൺ ഇടുന്നതും ഊരുന്നതും ലക്ഷ്യമില്ലാതെ കവിളിലേക്കോ മൂക്കിന്റെ നേരേയോ കണ്ണടയുടെ നേരേയോ നീക്കുന്നതുമായ കൈകൾ; പൂർത്തിയാക്കാത്ത ആംഗ്യങ്ങൾ; ഒരു വാച്ചോ ഒരു പെൻസിലോ ഒരു മോതിരമോ പ്രസംഗനോട്ടോ പിടിച്ചു കളിക്കൽ. അല്ലെങ്കിൽ പാദങ്ങളുടെ നിരന്തര ഇളക്കലും ശരീരത്തിന്റെ അങ്ങോട്ടുമിങ്ങോട്ടുമുളള ആട്ടവും പരിഗണിക്കുക; പുറം അച്ചുകോൽപോലെയാക്കൽ അല്ലെങ്കിൽ മുട്ടുവളയ്ക്കൽ; ചുണ്ടുകൾ കൂടെക്കൂടെ നനയ്ക്കുന്നതും ആവർത്തിച്ചുളള വിഴുങ്ങലും സത്വരവും ബാഹ്യമാത്രവുമായ ശ്വസനവും.
11 ഭയത്തിന്റെ ഈ തെളിവുകളെല്ലാം ബോധപൂർവമായ ശ്രമത്താൽ നിയന്ത്രിക്കാൻ അല്ലെങ്കിൽ കുറയ്ക്കാൻ കഴിയും. ആ ശ്രമം നടത്തുന്നുവെങ്കിൽ നിങ്ങൾ നിങ്ങളുടെ ശാരീരികനിലയിൽ സമനിലയുടെ ഒരു ധാരണ നൽകുന്നതാണ്. തന്നിമിത്തം സ്വാഭാവികമായും ഒരുപോലെയും ശ്വസിക്കുക. അയവുവരുത്താൻ ഒരു സുനിശ്ചിതശ്രമം നടത്തുക. നിങ്ങൾ സംസാരിക്കാൻ തുടങ്ങുന്നതിനു മുമ്പ് അല്പം നിൽക്കുക. നിങ്ങളുടെ സദസ്സ് അനുകൂലമായി പ്രതികരിക്കേണ്ടതാണ്, ക്രമത്തിൽ ഇതു നിങ്ങൾ തേടുന്ന ആത്മധൈര്യം നേടാൻ നിങ്ങളെ സഹായിക്കും. സദസ്സിനെക്കുറിച്ച് ഉത്കണ്ഠപ്പെടാതെ അല്ലെങ്കിൽ നിങ്ങളേക്കുറിച്ചുതന്നെ ചിന്തിക്കാതെ നിങ്ങളുടെ വിവരങ്ങളിൽ കേന്ദ്രീകരിക്കുക.
12-14. ഒരുവന്റെ ശബ്ദം ആത്മധൈര്യത്തിന്റെ അഭാവത്തെ വെളിപ്പെടുത്തുന്നുവെങ്കിൽ, സമനില നേടാൻ എന്തു ചെയ്യാൻ കഴിയും?
12 നിയന്ത്രിതശബ്ദത്തിൽ സമനില പ്രകടമാകുന്നു. ഭയപ്രകടനത്തിന്റെ ശബ്ദസംബന്ധമായ തെളിവുകളാണ് അസാധാരണമായ ഉച്ചസ്ഥായി, ശബ്ദത്തിന്റെ വിറയൽ, ആവർത്തിച്ചുളള തൊണ്ടശുദ്ധീകരണം, പിരിമുറുക്കം നിമിത്തം അനുസ്വനരാഹിത്യത്താലുളള സ്വരത്തിന്റെ ഒരു അസാധാരണ നേർമ എന്നിവ. ഉത്സാഹപൂർവകമായ പരിശ്രമത്താൽ ഈ പ്രശ്നങ്ങളെയും വികൃതശീലങ്ങളെയും ജയിച്ചടക്കാൻ കഴിയും.
13 പ്ലാററ്ഫാറത്തിലേക്കു നടക്കുമ്പോൾ അല്ലെങ്കിൽ നിങ്ങളുടെ പ്രസംഗനോട്ടുകൾ ക്രമീകരിക്കുമ്പോൾ ധൃതി കൂട്ടരുത്. എന്നാൽ പിരിമുറുക്കം അയയ്ക്കുകയും നിങ്ങൾ തയ്യാറാക്കിയിരിക്കുന്ന കാര്യങ്ങൾ പങ്കുവെക്കുന്നതിൽ സന്തുഷ്ടനായിരിക്കുകയും ചെയ്യുക. പ്രസംഗിക്കാൻ തുടങ്ങുമ്പോൾ നിങ്ങൾക്കു ഭയമുണ്ടെന്ന് അറിയാമെങ്കിൽ, അപ്പോൾ പതിവിലേറെ സാവധാനത്തിൽ സാധാരണമെന്നു നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ താണ സ്ഥായിയിൽ മുഖവുര അവതരിപ്പിക്കാൻ നിങ്ങൾ ഒരു പ്രത്യേകശ്രമം ചെയ്യണം. ഇതു ഭയത്തെ നിയന്ത്രിക്കുന്നതിനു സഹായിക്കും. ആംഗ്യംകാട്ടലും നിർത്തലും പിരിമുറുക്കം നീക്കുന്നതിനു സഹായിക്കുമെന്നു നിങ്ങൾ കണ്ടെത്തും.
14 ഈ കാര്യങ്ങളെല്ലാം പ്രാവർത്തികമാക്കുന്നതിനു പ്ലാററ്ഫാറത്തിലേക്കു പോകുന്നതുവരെ കാത്തിരിക്കരുത്. നിങ്ങളുടെ ദൈനംദിനസംസാരത്തിൽ സമനിലയും നിയന്ത്രണവുമുളളവരായിരിക്കാൻ പഠിക്കുക. അതു പ്ലാററ്ഫാറത്തിലും വയൽശുശ്രൂഷയിലും നിങ്ങൾക്ക് ആത്മധൈര്യം നൽകുന്നതിനു വളരെയധികം പ്രയോജനപ്പെടും, അവിടെ അത് ഏററവും അത്യന്താപേക്ഷിതമാണല്ലോ. ശാന്തമായ ഒരു അവതരണം നിങ്ങളുടെ സദസ്സിനെ സ്വസ്ഥരാക്കും, തന്നിമിത്തം അവർ വിവരങ്ങളിൽ കേന്ദ്രീകരിക്കാൻ പ്രാപ്തരായിരിക്കും. യോഗങ്ങളിൽ ക്രമമായി അഭിപ്രായം പറയുന്നത് ഒരു കൂട്ടത്തിന്റെ മുമ്പാകെ പ്രസംഗിക്കുന്നതിൽ തഴക്കം നേടുന്നതിനു നിങ്ങളെ സഹായിക്കും.
**********
15. നല്ല വ്യക്തിപരമായ ആകാരം വളരെ മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ട്?
15 നല്ല വ്യക്തിപരമായ ആകാരത്തിനു സമനില ഉണ്ടായിരിക്കാൻ നിങ്ങളെ സഹായിക്കാൻ കഴിയും, എന്നാൽ മററു കാരണങ്ങളാലും അതു മൂല്യവത്താണ്. അതിനു വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെങ്കിൽ, തന്റെ ആകാരം യഥാർഥത്തിൽ താൻ പറയുന്നതിനു ശ്രദ്ധ കൊടുക്കാതിരിക്കാൻതക്കവണ്ണം സദസ്സിനെ വ്യതിചലിപ്പിക്കുന്നുവെന്നു ശുശ്രൂഷകൻ കണ്ടെത്തിയേക്കാം. മറിച്ച് അദ്ദേഹം തന്നിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്, തീർച്ചയായും അദ്ദേഹം അതു ചെയ്യാനാഗ്രഹിക്കുന്നില്ല. ഒരാൾ തന്റെ വ്യക്തിപരമായ ആകാരംസംബന്ധിച്ച് അങ്ങേയററം അശ്രദ്ധനാണെങ്കിൽ, താൻ ഏതു സ്ഥാപനത്തിന്റെ ഭാഗമായിരിക്കുന്നുവോ ആ സ്ഥാപനത്തെ മററുളളവർ പുച്ഛത്തോടെ വീക്ഷിക്കാനും താൻ അവതരിപ്പിക്കുന്ന സന്ദേശത്തെ ത്യജിക്കാനും പോലും അയാൾ ഇടയാക്കിയേക്കാം. ഇതു പാടില്ലാത്തതാണ്. അതുകൊണ്ട്, പ്രസംഗഗുണദോഷ ഫാറത്തിൽ “വ്യക്തിപരമായ ആകാരം” ഒടുവിലാണു പട്ടികപ്പെടുത്തിയിരിക്കുന്നതെങ്കിലും അതിനെ തീരെ പ്രാധാന്യം കുറഞ്ഞതായി വീക്ഷിക്കരുത്.
16-21. ഉചിതമായ വസ്ത്രധാരണവും ചമയവുംസംബന്ധിച്ച് എന്തു ബുദ്ധ്യുപദേശം നൽകപ്പെടുന്നു?
16 ഉചിതമായ വസ്ത്രധാരണവും ചമയവും. അങ്ങേയററത്തെ വസ്ത്രധാരണരീതികൾ ഒഴിവാക്കണം. ക്രിസ്തീയശുശ്രൂഷകൻ തന്നിലേക്കുതന്നെ ശ്രദ്ധ ആകർഷിക്കുന്ന ലോകഭ്രമങ്ങൾ അനുകരിക്കുകയില്ല. അയാൾ അമിതമായ വേഷം, അല്ലെങ്കിൽ വസ്ത്രത്തിലേക്കു ശ്രദ്ധ തിരിച്ചുവിടത്തക്ക രീതിയിൽ കണക്കിലധികം തിളക്കമുളള വസ്ത്രധാരണം ഒഴിവാക്കും. കൂടാതെ, അശ്രദ്ധമായ ഒരു രീതിയിൽ വസ്ത്രധാരണം നടത്താതിരിക്കാനും അയാൾ ശ്രദ്ധിക്കും. നല്ല വസ്ത്രധാരണം ഒരുവൻ ഒരു പുതിയ സ്യൂട്ടു ധരിക്കണമെന്ന് ആവശ്യപ്പെടുന്നില്ല. എന്നാൽ ഒരുവന് എല്ലായ്പോഴും വെടിപ്പും വൃത്തിയും ഉളളവനായിരിക്കാൻ കഴിയും. പാൻറ്സ് തേച്ചതായിരിക്കണം, ടൈ നേരെ കെട്ടണം. ഇവ ആർക്കും ചെയ്യാവുന്ന കാര്യങ്ങളാണ്.
17 ഒന്നു തിമൊഥെയൊസ് 2:9-ൽ കാണപ്പെടുന്ന, അപ്പോസ്തലനായ പൗലോസ് രേഖപ്പെടുത്തിയ, വസ്ത്രധാരണത്തെ സംബന്ധിച്ച ബുദ്ധ്യുപദേശം ഇന്നത്തെ ക്രിസ്തീയ സ്ത്രീകൾക്ക് ഉചിതമാണ്. സഹോദരൻമാരെ സംബന്ധിച്ചു സത്യമായിരിക്കുന്നതുപോലെ, അവർ തങ്ങളിലേക്കു തന്നെ ശ്രദ്ധ ആകർഷിക്കത്തക്ക ഒരു വിധത്തിൽ വസ്ത്രധാരണം നടത്തരുത്, വിനയത്തിന്റെ അഭാവത്തെ പ്രകടമാക്കുന്ന ലൗകിക വസ്ത്രധാരണരീതികളിലെ അമിതത്വങ്ങൾ സ്വീകരിക്കുന്നതും അവരെ സംബന്ധിച്ച് ഉചിതമായിരിക്കുകയില്ല.
18 തീർച്ചയായും, എല്ലാവരും ഒരുപോലെ വസ്ത്രധാരണം നടത്തുകയില്ലെന്ന് ഓർത്തിരിക്കേണ്ടതാണ്. അവർ അങ്ങനെ ചെയ്യാൻ പ്രതീക്ഷിക്കരുത്. ആളുകൾക്കു വ്യത്യസ്ത അഭിരുചികളുണ്ട്, ഇതു തികച്ചും ഉചിതമാണ്. ഉചിതമായ വസ്ത്രധാരണമെന്നു പരിഗണിക്കപ്പെടുന്നതു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യാസപ്പെട്ടുമിരിക്കുന്നു, എന്നാൽ സദസ്സിലുളളവരുടെ മനസ്സിൽ അനുകൂലമല്ലാത്ത സൂചനകൾ കൊടുക്കുന്ന വിധത്തിലുളള വസ്ത്രധാരണം ഒഴിവാക്കുന്നതും നമ്മുടെ യോഗങ്ങൾക്കു വരുന്നവരെ ഇടറിക്കുന്നത് ഒഴിവാക്കുന്നതും എല്ലായ്പോഴും നല്ലതാണ്.
19 സ്കൂളിലോ സേവനയോഗത്തിലോ പ്രസംഗങ്ങൾ നടത്തുമ്പോഴത്തെ സഹോദരൻമാരുടെ ഉചിതമായ വസ്ത്രധാരണം സംബന്ധിച്ചാണെങ്കിൽ, ഒരു പരസ്യപ്രസംഗം നടത്തുന്ന സഹോദരനെപ്പോലെ അതേ പൊതു വിധത്തിൽ അവർ വസ്ത്രധാരണം ചെയ്തിരിക്കണമെന്നു പറയാവുന്നതാണ്. നിങ്ങളുടെ പ്രദേശത്തു പരസ്യപ്രസംഗങ്ങൾ നടത്തുന്നവർ ഒരു സ്യൂട്ട്കോട്ടും ടൈയും ധരിക്കുന്നതു പതിവാണെങ്കിൽ അതു ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പ്രസംഗങ്ങൾ നടത്തുമ്പോഴും ഉചിതമായ വേഷമാണ്, കാരണം നിങ്ങൾ പരസ്യപ്രസംഗത്തിനുവേണ്ടി പരിശീലിപ്പിക്കപ്പെടുകയാണല്ലോ.
20 ശരിയായ ചമയത്തിനും ശ്രദ്ധ കൊടുക്കണം. മുടിചീകാതിരിക്കുന്നത് ഒരു മോശമായ ധാരണ ജനിപ്പിച്ചേക്കാം. ഈ കാര്യത്തിൽ ഒരുവൻ വെടിപ്പുളള ഒരു ആകാരം കാഴ്ചവെക്കാൻ ന്യായമായ ശ്രദ്ധ ചെലുത്തേണ്ടതാണ്. അതുപോലെതന്നെ, സഭയിലെ പുരുഷൻമാർക്കു യോഗങ്ങളിൽ നിയമനങ്ങൾ ഉളളപ്പോൾ അവർ നന്നായി ഷേവുചെയ്യുന്നതിൽ ശ്രദ്ധിക്കണം.
21 ഉചിതമായ വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും ഈ കാര്യം സംബന്ധിച്ച ബുദ്ധ്യുപദേശത്തെക്കുറിച്ചാണെങ്കിൽ, അഭിനന്ദനത്തിന് അവസരമുളളപ്പോൾ അത് എല്ലായ്പോഴും പ്ലാററ്ഫാറത്തിൽനിന്നു കൊടുക്കുന്നത് ഉചിതമാണ്. യഥാർഥത്തിൽ, തങ്ങളുടെ വസ്ത്രധാരണത്തിനും ചമയത്തിനും ഉചിതമായ ശ്രദ്ധ കൊടുക്കുന്നവരെ അഭിനന്ദിക്കുമ്പോൾ അത് ആ നല്ല ദൃഷ്ടാന്തം പിന്തുടരാൻ മററുളളവരെ പ്രോത്സാഹിപ്പിക്കുന്നു. എന്നിരുന്നാലും, വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽ മെച്ചപ്പെടേണ്ട ആവശ്യമുളളപ്പോൾ, സ്കൂൾ മേൽവിചാരകൻ പ്ലാററ്ഫാറത്തിൽനിന്നു വിദ്യാർഥിയെ ബുദ്ധ്യുപദേശിക്കാതെ ദയാപുരസ്സരമായ ഒരു വിധത്തിൽ സ്വകാര്യമായി ഈ നിർദേശങ്ങൾ കൊടുക്കുന്നതു മെച്ചമായിരിക്കാം.
22-28. നിലക്ക് ഒരുവന്റെ വ്യക്തിപരമായ ആകാരത്തെ ബാധിക്കാൻ കഴിയുന്നത് എങ്ങനെയെന്നു ചർച്ചചെയ്യുക.
22 ഉചിതമായ നില. വ്യക്തിപരമായ ആകാരത്തിൽ ഉചിതമായ നിലയും ഉൾപ്പെട്ടിരിക്കുന്നു. വീണ്ടും, എല്ലാവരും ഒരുപോലെയല്ല നിൽക്കുന്നത്, വഴക്കമില്ലാത്ത ഒരു നിശ്ചിതനിലപാടിനോടു സഹോദരൻമാരെ അനുരൂപപ്പെടുത്താൻ ശ്രമംചെയ്യരുത്. എന്നിരുന്നാലും, അനഭിലഷണീയവും സന്ദേശത്തിൽനിന്ന് അകററി വ്യക്തിയിലേക്കു ശ്രദ്ധ ആകർഷിക്കുന്നതുമായ കടന്ന നിലകൾ തിരുത്താനോ നീക്കംചെയ്യാനോ കഴിയത്തക്കവണ്ണം അവയ്ക്ക് കുറെ ശ്രദ്ധ കൊടുക്കേണ്ടതാണ്.
23 ദൃഷ്ടാന്തത്തിന്, എല്ലാവരും തങ്ങളുടെ പാദങ്ങൾ ഒരുപോലെയല്ല വെക്കുന്നത്. പൊതുവേ പറഞ്ഞാൽ, നിങ്ങൾ നേരേ നിൽക്കുന്നടത്തോളം കാലം എങ്ങനെ നിൽക്കുന്നു എന്നതു വലിയ വ്യത്യാസം ഉളവാക്കുന്നില്ല. എന്നാൽ പ്രസംഗകൻ ഒരു കുതിരപ്പുറത്താണെന്നു വിചാരിക്കുന്നുവെന്ന ധാരണ സദസ്സിനു കൊടുക്കത്തക്കവണ്ണം അയാൾ പാദങ്ങൾ വളരെ അകററി നിൽക്കുന്നുവെങ്കിൽ അതു വളരെ അലോസരപ്പെടുത്തുന്നതായിരിക്കാൻ കഴിയും.
24 അതുപോലെതന്നെ ഒരു പ്രസംഗകൻ നേരേ നിൽക്കാതെ കുനിഞ്ഞുനിൽക്കുമ്പോൾ, അയാൾക്കു സുഖമുളളതായി തോന്നുന്നില്ലാത്തതിനാൽ സദസ്സിന്റെ ഭാഗത്ത് അയാളോട് അനുകമ്പയുടെ ഒരു തോന്നൽ ഉളവാകുന്നു. തീർച്ചയായും ഇത് അവതരണത്തിന്റെ വിലയിടിക്കുന്നു. അവരുടെ ചിന്തകൾ അയാൾ പറയുന്നതിലല്ല, പിന്നെയോ അയാളിലാണ്.
25 ഒരു കാൽ മറേറ കാലിന്റെ പിന്നിൽ ചുററി ഒററക്കാലിൽ നിൽക്കുന്നതു സ്പഷ്ടമായ സമനിലക്കുറവിനെ തെളിയിക്കുന്നു, ഒരുവന്റെ കൈകൾ പോക്കററുകളിലേക്കു തളളിക്കൊണ്ടു നിൽക്കുന്നതും അങ്ങനെതന്നെ. ഇവ ഒഴിവാക്കേണ്ട കാര്യങ്ങളാണ്.
26 അതുപോലെതന്നെ, ഒരു സ്പീക്കേഴ്സ് സ്ററാൻഡ് ഉണ്ടെങ്കിൽ ഒരു പ്രസംഗകൻ ചിലപ്പോഴൊക്കെ അതിൽ തന്റെ കൈകൾ വെക്കുന്നതു തെററല്ലെങ്കിലും, തീർച്ചയായും അയാൾ അതിൽ ഊന്നി നിൽക്കരുത്, വയൽശുശ്രൂഷയിൽ ഒരു പ്രസാധകൻ കട്ടളയിൽ ചാരിനിൽക്കുകയില്ലാത്തതുപോലെതന്നെ. അത് ഒരു നല്ല കാഴ്ചയല്ല.
27 എന്നിരുന്നാലും, വ്യക്തികൾ വ്യത്യസ്തരാണെന്നു വീണ്ടും ഊന്നിപ്പറയേണ്ടിയിരിക്കുന്നു. എല്ലാവരും ഒരുപോലെ നിൽക്കുന്നില്ല. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ ശ്രദ്ധ കൊടുക്കേണ്ടത് ഒരുവന്റെ അവതരണത്തിൽനിന്നു ശ്രദ്ധ തെററിക്കുന്ന അനഭിലഷണീയമായ അതിർകടന്ന നിലപാടുകൾക്കു മാത്രമാണ്.
28 ഒരുവന്റെ നിലയുടെ തിരുത്തൽ തീർച്ചയായും തയ്യാറാകലിന്റെ ഒരു സംഗതിയാണ്. നിങ്ങൾ ഈ ദിശയിൽ മെച്ചപ്പെടേണ്ട ആവശ്യമുണ്ടെങ്കിൽ, മുന്നമേ ചിന്തിക്കുകയും പ്ലാററ്ഫാറത്തിൽ കയറുമ്പോൾ നിങ്ങൾ സംസാരിച്ചുതുടങ്ങുന്നതിനു മുമ്പു ശരിയായ നില അവലംബിക്കണമെന്ന് അറിഞ്ഞിരിക്കുകയും വേണം. ഇതും ഓരോ ദിവസവും ഉചിതമായ നില ശീലിച്ചുകൊണ്ടു തിരുത്താൻ കഴിയുന്ന ഒന്നാണ്.
29-31. നമ്മുടെ ഉപകരണങ്ങൾ വെടിപ്പുളളതായിരിക്കേണ്ടത് എന്തുകൊണ്ട്?
29 വെടിപ്പുളള ഉപകരണം. ഒരുവൻ വീട്ടുവാതിൽക്കൽ സംഭാഷണം നടത്തുമ്പോഴോ പ്ലാററ്ഫാറത്തിൽനിന്ന് ഒരു പ്രസംഗം നടത്തുമ്പോഴോ അയാൾ ഉപയോഗിക്കുന്ന ബൈബിളിൽനിന്നു കുറെ കടലാസുകൾ താഴെ വീഴുന്നുവെങ്കിൽ, ഇതു സ്പഷ്ടമായും ശ്രദ്ധ തെററിക്കുന്നതാണ്. അതു മോശമായ ഒരു തോന്നൽ ഉളവാക്കുന്നു. ബൈബിളിൽ ഒരിക്കലും യാതൊന്നും വെക്കരുതെന്ന് ഇതിനർഥമില്ല. എന്നാൽ ഒരുവന്റെ പ്രസംഗത്തിന്റെ വിലയിടിക്കുന്ന പ്രയാസങ്ങൾ പൊന്തിവരാൻ തുടങ്ങുമ്പോൾ, അത് ഉചിതമായ ആകാരത്തിനു കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതാണെന്നു സൂചിപ്പിക്കുന്നു. നിങ്ങളുടെ ബൈബിളിന്റെ ബാഹ്യ അവസ്ഥയും പരിശോധിക്കുന്നതു നല്ലതാണ്. വളരെയധികമായ ഉപയോഗം നിമിത്തം അതു ചെളിപിടിക്കുകയോ ജീർണിക്കുകയോ വെടിപ്പില്ലാത്തതായി കാണപ്പെടുകയോ ചെയ്തേക്കാം. അതുകൊണ്ടു പ്ലാററ്ഫാറത്തിലോ വയൽശുശ്രൂഷയിലോ ഉപയോഗിക്കുന്ന ബൈബിൾ നാം സഹായിക്കാൻ ആഗ്രഹിക്കുന്നവരെ മുഷിപ്പിക്കുമോയെന്നു തിട്ടപ്പെടുത്തുന്നതു നല്ലതാണ്.
30 ഒരുവന്റെ സാഹിത്യബാഗിനെ സംബന്ധിച്ചും ഇതു സത്യമാണ്. ഒരു സാഹിത്യബാഗ് ഭംഗിയായി നിറയ്ക്കാവുന്ന അനേകം മാർഗങ്ങളുണ്ട്. എന്നാൽ നാം വീട്ടുവാതിൽക്കലേക്കു ചെല്ലുകയും നമ്മുടെ ബാഗിൽനിന്ന് ഒരു പ്രസിദ്ധീകരണം എടുക്കുകയും ചെയ്യുമ്പോൾ അതു കണ്ടുപിടിക്കുന്നതിന് കടലാസുകളുടെ ഒരു കൂട്ടത്തിലൂടെ പരതേണ്ടതുണ്ടെങ്കിൽ, അല്ലെങ്കിൽ നാം ഒരു മാസിക വലിച്ചെടുക്കുമ്പോൾ മററു വസ്തുക്കൾ വാതിൽപ്പടിയിൽ വീഴുന്നുവെങ്കിൽ അതുസംബന്ധിച്ചു ചിലതു ചെയ്തേ മതിയാവൂ.
31 പ്രസംഗകന്റെ ബാഹ്യപോക്കററുകളിൽ വ്യക്തമായി കാണാവുന്ന പേനകളും പെൻസിലുകളും മററു വസ്തുക്കളും നിറച്ചിരിക്കുകയാണെങ്കിൽ അതും തികച്ചും സദസ്സിന്റെ ശ്രദ്ധ തെററിക്കുന്നതായിരിക്കാൻ കഴിയും. ഈ സാധനങ്ങൾ എവിടെ ഒരുവൻ സൂക്ഷിക്കണം എന്നതുസംബന്ധിച്ചു നിയമമൊന്നും ഉണ്ടാക്കരുത്, എന്നാൽ അവ അവയിലേക്കുതന്നെ ശ്രദ്ധ ആകർഷിക്കുകയും പ്രസംഗത്തിൽനിന്നു ശ്രദ്ധ അകററുകയും ചെയ്തുതുടങ്ങുമ്പോൾ ചില ക്രമീകരണങ്ങൾ ചെയ്യേണ്ടതുണ്ട്.
32-34. നമ്മുടെ ആകാരത്തിൽ മുഖഭാവങ്ങൾ എന്തു പങ്കു വഹിക്കുന്നു?
32 അനുചിതമായ മുഖഭാവമില്ല. ഒരു പ്രസംഗം തയ്യാറാക്കുമ്പോൾ വിവരങ്ങൾ ആവശ്യമാക്കിത്തീർക്കുന്ന ഭാവത്തെക്കുറിച്ചു പരിഗണിക്കുന്നത് ഉചിതമാണ്. ദൃഷ്ടാന്തത്തിന്, മരണത്തെയും നാശത്തെയുംകുറിച്ചു സംസാരിക്കുമ്പോൾ ഒരുവന്റെ മുഖത്ത് ഒരു വിശാലമായ പുഞ്ചിരി ഉണ്ടായിരിക്കുന്നത് അനുചിതമായിരിക്കും. അതുപോലെതന്നെ, പുതിയ വ്യവസ്ഥിതിയിലെ സന്തുഷ്ടാവസ്ഥകളെക്കുറിച്ചു സംസാരിക്കുമ്പോൾ സദസ്സിന്റെനേരേ ഭീഷകമായി തുറിച്ചുനോക്കുന്നത് അശേഷം ഉചിതമായിരിക്കയില്ല.
33 പൊതുവേ മുഖഭാവം ഒരു പ്രശ്നമല്ല. തീർച്ചയായും ചിലയാളുകൾ മററുളളവരെക്കാൾ ഗൗരവഭാവമുളളവരായിരിക്കാൻ ചായ്വുളളവരാണ്. എന്നിരുന്നാലും സൂക്ഷിക്കേണ്ടതു പ്രസംഗത്തിന്റെ വിലയിടിക്കുന്ന അതിർകടന്ന ഭാവമാണ്. മുഖഭാവം പ്രസംഗകന്റെ ആത്മാർഥതസംബന്ധിച്ചു സദസ്സിന്റെ മനസ്സിൽ ചോദ്യമുയർത്തുമെങ്കിൽ, അതു തീർച്ചയായും അനഭിലഷണീയമായിരിക്കും.
34 അതുകൊണ്ട് ഒരു പ്രസംഗം തയ്യാറാകുമ്പോൾ അത് അവതരിപ്പിക്കേണ്ട ഭാവത്തെക്കുറിച്ചു പരിഗണിക്കുന്നതു നല്ലതാണ്. അതു ദുഷ്ടൻമാരുടെ നാശത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു ഗൗരവമുളള വിഷയമാണെങ്കിൽ അപ്പോൾ അതു ഗൗരവമുളള ഒരു വിധത്തിൽ അവതരിപ്പിക്കണം. നിങ്ങൾ വിവരങ്ങളെക്കുറിച്ചു ചിന്തിക്കുകയും അതു മനസ്സിൽ പിടിക്കുകയുമാണെങ്കിൽ, മിക്ക കേസുകളിലും നിങ്ങളുടെ മുഖഭാവം അതിനെ പ്രതിഫലിപ്പിക്കും. അതു സദസ്സിന്റെ ഭാഗത്തു സന്തോഷം കൈവരുത്തേണ്ട ഒരു സന്തുഷ്ട വിഷയമാണെങ്കിൽ, അപ്പോൾ അത് ഒരു സന്തുഷ്ട വിധത്തിൽ അവതരിപ്പിക്കണം. നിങ്ങൾക്കു പ്ലാററ്ഫാറത്തിൽ സ്വസ്ഥത തോന്നുന്നുണ്ടെങ്കിൽ, നിങ്ങളുടെ മുഖഭാവം സാധാരണയായി ആ സന്തോഷത്തെ പ്രസരിപ്പിക്കും.