പാഠം 31
മറ്റുള്ളവരോട് ആദരവു പ്രകടിപ്പിക്കൽ
‘എല്ലാവരെയും ബഹുമാനിപ്പാനും’ ‘ആരെക്കൊണ്ടും ദൂഷണം പറയാതി’രിക്കാനും തിരുവെഴുത്തുകൾ നമ്മോടു പറയുന്നു. (1 പത്രൊ. 2:17; തീത്തൊ. 3:2) വാസ്‌തവത്തിൽ, നാം കണ്ടുമുട്ടുന്ന ഓരോ മനുഷ്യനും “ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ”താണ്. (യാക്കോ. 3:9) മാത്രമല്ല, ഓരോ വ്യക്തിയെയും പ്രതിയാണ് ക്രിസ്‌തു മരിച്ചത്. (യോഹ. 3:16) തന്നെയുമല്ല, സുവാർത്തയ്‌ക്ക് അനുസൃതമായി പ്രവർത്തിക്കാനും രക്ഷിക്കപ്പെടാനും തക്കവണ്ണം എല്ലാവരും സുവാർത്ത കേൾക്കാൻ അർഹരാണ്. (2 പത്രൊ. 3:9) ഇനിയും, ചില വ്യക്തികൾക്കു വിശേഷമായ ആദരവ് അർഹിക്കുന്ന ഗുണങ്ങളോ അധികാരപദവിയോ ഉണ്ട്.
ബൈബിൾ പ്രോത്സാഹിപ്പിക്കുന്ന തരം ആദരവു പ്രകടിപ്പിക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ചിലയാളുകൾ ശ്രമിച്ചേക്കാവുന്നത് എന്തുകൊണ്ടാണ്? ജാതി, വർണം, ലിംഗം, ആരോഗ്യം, പ്രായം, സമ്പത്ത്, സാമൂഹിക നില ഇവയിൽ ഒന്നിന്റെ അടിസ്ഥാനത്തിൽ, പ്രാദേശിക സംസ്‌കാരം ആദരവിന് അർഹതയുള്ളത് ആര്, ഇല്ലാത്തത് ആര് എന്നു നിർണയിച്ചേക്കാം. പൊതുജനസേവകരായ ഉദ്യോഗസ്ഥന്മാരുടെ ഇടയിലെ വ്യാപകമായ അഴിമതി അധികാരത്തോടുള്ള ആദരവിനു തുരങ്കം വെച്ചിരിക്കുന്നു. ചില നാടുകളിൽ ആളുകൾ തങ്ങളുടെ ജീവിത സാഹചര്യത്തിൽ അങ്ങേയറ്റം അതൃപ്‌തരാണ്. ഒരുപക്ഷേ അവർക്ക്, കഷ്ടിച്ചു കഴിഞ്ഞുകൂടാനുള്ള വക സമ്പാദിക്കുന്നതിനുതന്നെ നീണ്ട മണിക്കൂറുകൾ പണിയെടുക്കേണ്ടി വരുന്നു. മാത്രമല്ല, ആദരവു പ്രകടിപ്പിക്കാത്ത ആളുകളാണ് അവർക്കു ചുറ്റുമുള്ളതും. അനിഷ്ടപാത്രങ്ങളായ അധ്യാപകർക്കും അധികാരസ്ഥാനത്തുള്ള മറ്റു വ്യക്തികൾക്കും എതിരെ മത്സരിക്കാനായി യുവാക്കളുടെമേൽ തരപ്പടിക്കാർ സമ്മർദം ചെലുത്തുന്നു. കുട്ടികൾ മാതാപിതാക്കളെക്കാൾ മിടുക്കരാകാൻ ശ്രമിക്കുകയും അവരെ ഭരിക്കുകയും ചെയ്യുന്നതായി ചിത്രീകരിക്കുന്ന ടെലിവിഷൻ പരിപാടികൾ പലരെയും സ്വാധീനിക്കുന്നു. മറ്റുള്ളവരോടുള്ള നമ്മുടെ ആദരവിനു കളങ്കമേൽക്കാതിരിക്കാൻ അത്തരം ലൗകിക ചിന്തകളെ അകറ്റി നിറുത്തുന്നതിനു ശ്രമം ആവശ്യമാണ്. എന്നാൽ, നാം ആളുകൾക്കു മാന്യത കൽപ്പിക്കുമ്പോൾ അത് ഏറെ സുഗമമായ ആശയകൈമാറ്റം സാധ്യമാക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു.
ആദരവോടെ സമീപിക്കൽ. മതപരമായ വേലയിൽ ഏർപ്പെടുന്ന ഒരു വ്യക്തി ഉചിതമായ വസ്‌ത്രധാരണത്തിലൂടെയും പെരുമാറ്റത്തിലൂടെയും ആദരവു പ്രകടിപ്പിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. ഒരു സ്ഥലത്ത് ഉചിതമായി കണക്കാക്കപ്പെടുന്ന ഒരു സംഗതി മറ്റൊരു സ്ഥലത്ത് അങ്ങനെ ആയിരിക്കണമെന്നില്ല. തൊപ്പി വെച്ചുകൊണ്ടോ ഒരു കൈ പോക്കറ്റിലിട്ടുകൊണ്ടോ മറ്റൊരാളെ സമീപിക്കുന്നത് അനാദരവായി ചിലയിടങ്ങളിൽ ഉള്ളവർ കണക്കാക്കുന്നു. എന്നാൽ മറ്റു ചിലയിടങ്ങളിൽ അതു സ്വീകാര്യമായിരിക്കാം. ആളുകളെ മുഷിപ്പിക്കാതിരിക്കേണ്ടതിന് പ്രാദേശിക വികാരങ്ങൾ കണക്കിലെടുക്കുക. അങ്ങനെ ചെയ്യുന്നത്, സുവാർത്ത ഫലപ്രദമായി അറിയിക്കുന്നതിനു തടസ്സമാകുന്ന കാര്യങ്ങൾ ഒഴിവാക്കാൻ നിങ്ങളെ സഹായിച്ചേക്കാം.
മറ്റുള്ളവരെ, പ്രത്യേകിച്ചും പ്രായമായവരെ, സംബോധന ചെയ്യുന്ന കാര്യത്തിലും ഇതുതന്നെ ബാധകമാണ്. അനുമതിയില്ലാതെ ചെറുപ്പക്കാർ മുതിർന്നവരെ പേരു വിളിച്ചു സംബോധന ചെയ്യുന്നത് പൊതുവേ അനുചിതമായി വീക്ഷിക്കപ്പെടുന്നു. ചില സ്ഥലങ്ങളിൽ, മുതിർന്നവർ അത്ര പരിചയമില്ലാത്തവരെ പേരു വിളിച്ചു സംബോധന ചെയ്യുന്നതും അനുചിതമായി കണക്കാക്കപ്പെടുന്നു. കൂടാതെ, പ്രായക്കൂടുതലുള്ള അല്ലെങ്കിൽ അധികാരസ്ഥാനത്തുള്ള ഒരു വ്യക്തിയോട് ആദരവു പ്രകടിപ്പിക്കാൻ പല ഭാഷകളും മധ്യമപുരുഷ ഏകവചന സർവനാമത്തിന്റെ (സംബോധന ചെയ്യപ്പെടുന്ന വ്യക്തിയെ കുറിക്കുന്ന സർവനാമം) ബഹുവചന രൂപമോ (ഉദാ: മലയാളത്തിൽ “താൻ” എന്നതിന്റെ ബഹുവചന രൂപമായ “താങ്കൾ”) മറ്റേതെങ്കിലും പ്രയോഗങ്ങളോ ഉപയോഗിക്കാറുണ്ട്.
ആദരവോടെ അംഗീകരിക്കൽ. ചെറിയ ജനസമൂഹങ്ങളിൽ, വഴിയിലൂടെ നടന്നുപോകുമ്പോഴോ ഒരു മുറിയിലേക്കു കടന്നുചെല്ലുമ്പോഴോ നിങ്ങൾ കണ്ടുമുട്ടുന്ന ഒരു വ്യക്തിയുടെ സാന്നിധ്യം നിങ്ങൾ അംഗീകരിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. ലളിതമായി അഭിവാദനം ചെയ്‌തുകൊണ്ടോ ഒന്നു പുഞ്ചിരിച്ചുകൊണ്ടോ തല അൽപ്പം കുനിച്ചുകൊണ്ടോ പുരികങ്ങൾ ഉയർത്തിക്കൊണ്ടോ പോലും ഇതു ചെയ്യാവുന്നതാണ്. മറ്റേ വ്യക്തിയെ അവഗണിക്കുന്നത് അനാദരവായി കണക്കാക്കപ്പെടുന്നു.
എന്നാൽ, ചിലരുടെ സാന്നിധ്യം നിങ്ങൾ അംഗീകരിച്ചാലും തങ്ങൾ അവഗണിക്കപ്പെട്ടതായി അവർക്കു തോന്നിയേക്കാം. അത് എന്തുകൊണ്ടാണ്? അവരുടെ വ്യക്തിത്വത്തിനു നിങ്ങൾ വിലകൽപ്പിക്കുന്നില്ലെന്ന് അവർക്കു മനസ്സിലാകുന്നു എന്നതാണു കാരണം. എന്തെങ്കിലും ശാരീരിക പ്രത്യേകതയുടെ പേരിൽ ആളുകളെ തരംതിരിക്കുന്നത് അസാധാരണമല്ല. വൈകല്യങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഉള്ളവർ പലപ്പോഴും തഴയപ്പെടുന്നു. എങ്കിലും, അത്തരം വ്യക്തികളോടു സ്‌നേഹത്തോടും ആദരവോടും കൂടി ഇടപെടേണ്ടത് എങ്ങനെയെന്നു ദൈവവചനം നമുക്കു കാണിച്ചുതരുന്നു. (മത്താ. 8:2, 3) പാരമ്പര്യമായി കിട്ടിയ ആദാമ്യ പാപം ഏതെങ്കിലും ഒരു വിധത്തിൽ നമ്മെ എല്ലാവരെയും ബാധിച്ചിട്ടുണ്ട്. മറ്റുള്ളവർ എല്ലായ്‌പോഴും നിങ്ങളുടെ കുറവുകളിലേക്കു മാത്രം നോക്കുന്നെങ്കിൽ നിങ്ങൾക്ക് ആദരിക്കപ്പെടുന്നതായി തോന്നുമോ? പകരം, നിങ്ങൾക്കുള്ള നിരവധി നല്ല ഗുണങ്ങളെ പ്രതി അറിയപ്പെടാനല്ലേ നിങ്ങൾ ആഗ്രഹിക്കുക?
ആദരവിൽ, ശിരഃസ്ഥാനം അംഗീകരിക്കുന്നതും ഉൾപ്പെടുന്നു. ചില സ്ഥലങ്ങളിൽ, കുടുംബത്തിലെ മറ്റുള്ളവരോടു സാക്ഷീകരിക്കുന്നതിനു മുമ്പ് കുടുംബനാഥനോടു സംസാരിക്കേണ്ടത് ആവശ്യമാണ്. പ്രസംഗിക്കാനും പഠിപ്പിക്കാനും ഉള്ള നമ്മുടെ നിയോഗം യഹോവയിൽനിന്ന് ഉള്ളതാണെങ്കിലും, കുട്ടികളെ പരിശീലിപ്പിക്കാനും നേർവഴിക്കു നടത്താനും അവർക്കു ശിക്ഷണം നൽകാനും ദൈവം അധികാരപ്പെടുത്തിയിരിക്കുന്നത് മാതാപിതാക്കളെ ആണെന്നു നാം തിരിച്ചറിയുന്നു. (എഫെ. 6:1-4) അതുകൊണ്ട്, ഒരു വീട്ടിൽ ചെല്ലുമ്പോൾ, അവിടുത്തെ കുട്ടികളുമായി വിപുലമായ ഒരു ചർച്ചയിൽ ഏർപ്പെടുന്നതിനു മുമ്പ് മാതാപിതാക്കളോടു സംസാരിക്കുന്നതു സാധാരണഗതിയിൽ ഉചിതമായിരിക്കും.
പ്രായത്തോടൊപ്പം, ആദരവ് അർഹിക്കുന്ന ഒന്നായ ജീവിതാനുഭവവും കൈവരുന്നു. (ഇയ്യോ. 32:6, 7) ഇത് അംഗീകരിച്ചത് പ്രായംചെന്ന ഒരു മനുഷ്യനെ കണ്ടുമുട്ടിയ ശ്രീലങ്കയിലെ ഒരു യുവ പയനിയർ സഹോദരിക്കു സഹായകമായി. അദ്ദേഹം ആ സഹോദരിയുടെ സന്ദർശനത്തിൽ ആദ്യം അതൃപ്‌തി പ്രകടിപ്പിച്ചു. “നിന്നെപ്പോലുള്ള ഒരു ചെറുപ്പക്കാരിക്ക് എങ്ങനെയാണ് എന്നെ ബൈബിൾ പഠിപ്പിക്കാൻ കഴിയുക?” എന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ സഹോദരി ഇങ്ങനെ മറുപടി പറഞ്ഞു: “വാസ്‌തവത്തിൽ ഞാൻ വന്നതു പഠിപ്പിക്കാനല്ല, പകരം ഞാൻ മനസ്സിലാക്കിയ ഒരു കാര്യം അങ്ങുമായി പങ്കുവെക്കാനാണ്. എനിക്കു വളരെയേറെ സന്തോഷം തന്ന ആ കാര്യം മറ്റുള്ളവരോടു പറയാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു.” പയനിയറുടെ ആദരവോടുകൂടിയ പ്രതികരണം ആ മനുഷ്യന്റെ താത്‌പര്യം ഉണർത്തി. “എന്നാൽ പറയൂ, നീ മനസ്സിലാക്കിയ ആ കാര്യം എന്താണ്?” അദ്ദേഹം ചോദിച്ചു. “എന്നേക്കും ജീവിക്കാവുന്നത് എങ്ങനെയെന്നു ഞാൻ മനസ്സിലാക്കിയിരിക്കുന്നു,” സഹോദരി മറുപടി പറഞ്ഞു. പ്രായംചെന്ന ആ മനുഷ്യൻ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. മറ്റുള്ളവർ തങ്ങളോട് ആദരവോടെ പെരുമാറണമെന്ന ആഗ്രഹം പ്രായമുള്ള എല്ലാവരും തുറന്നു പ്രകടിപ്പിച്ചെന്നിരിക്കില്ല. എന്നാൽ, അങ്ങനെ ചെയ്യുന്നത് മിക്കവരും വിലമതിക്കുകതന്നെ ചെയ്യും.
എന്നുവരികിലും, ആദരവിന്റെ പ്രകടനങ്ങൾ അമിതമായി പോകുക സാധ്യമാണ്. പസഫിക് ദ്വീപുകളിലും മറ്റു ചിലയിടങ്ങളിലും ഗ്രാമത്തെയോ ഗോത്ര മുഖ്യന്മാരെയോ സമീപിക്കുമ്പോൾ സാക്ഷികൾ നാട്ടുനടപ്പനുസരിച്ചുള്ള സംബോധനാരീതി ആദരപൂർവം ഉപയോഗിക്കുന്നത് അനുകൂല പ്രതികരണവും മുഖ്യന്മാരോടും അവരുടെ അധികാരപരിധിയിലുള്ള ആളുകളോടും സംസാരിക്കാനുള്ള അവസരവും ലഭിക്കാൻ ഇടയാക്കിയേക്കാം. എന്നാൽ മുഖസ്‌തുതിയുടെ ആവശ്യമില്ല, മാത്രമല്ല അത് അനുചിതവുമാണ്. (സദൃ. 29:5) സമാനമായി, ബഹുമാനാർഥമുള്ള പ്രയോഗങ്ങൾ ഒരു ഭാഷയിലെ വ്യാകരണത്തിന്റെ ഭാഗമായിരുന്നേക്കാം. എന്നാൽ ക്രിസ്‌തീയ ആദരവ് അവയുടെ അമിത ഉപയോഗം ആവശ്യമാക്കിത്തീർക്കുന്നില്ല.
ആദരവോടെ അവതരിപ്പിക്കൽ. നമ്മുടെ പ്രത്യാശയ്‌ക്കുള്ള കാരണം “സൗമ്യതയോടും ആഴമായ ആദരവോടും കൂടി” വിശദീകരിക്കാൻ ബൈബിൾ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. (1 പത്രൊ. 3:15, NW) അതുകൊണ്ട്, മറ്റൊരു വ്യക്തിയുടെ കാഴ്‌ചപ്പാടിലെ പിശകുകൾ നമുക്ക് എളുപ്പത്തിൽ തുറന്നുകാട്ടാൻ കഴിഞ്ഞേക്കാമെങ്കിലും, അദ്ദേഹത്തിന്റെ അന്തസ്സിനു യാതൊരു വിലയും കൽപ്പിക്കാത്ത ഒരു വിധത്തിൽ അതു ചെയ്യുന്നതു ബുദ്ധിയാണോ? അദ്ദേഹത്തിനു പറയാനുള്ളതു ക്ഷമാപൂർവം ശ്രദ്ധിക്കുന്നതും അദ്ദേഹത്തിന് ആ രീതിയിൽ തോന്നാൻ കാരണമെന്താണെന്ന് ഒരുപക്ഷേ ചോദിക്കുന്നതും തുടർന്ന് അദ്ദേഹത്തിന്റെ വികാരങ്ങൾ കണക്കിലെടുത്തുകൊണ്ടു തിരുവെഴുത്തുകളിൽനിന്നു ന്യായവാദം ചെയ്യുന്നതും ആയിരിക്കില്ലേ കൂടുതൽ നല്ലത്?
ഒരു വ്യക്തിയോടു നേരിട്ട് ഇടപെടുമ്പോൾ എന്നപോലെതന്നെ സ്റ്റേജിൽനിന്ന് ഒരു സദസ്സിനെ അഭിസംബോധന ചെയ്യുമ്പോഴും ആദരവു കാണിക്കേണ്ടത് ആവശ്യമാണ്. തന്റെ സദസ്സിനെ ആദരിക്കുന്ന ഒരു പ്രസംഗകൻ അവരെ പരുഷമായി വിമർശിക്കുകയോ “വേണമെന്നു വെച്ചാൽ നിങ്ങൾക്ക് ഇതു ചെയ്യാൻ കഴിയുമായിരുന്നു” എന്നു സൂചിപ്പിക്കുന്ന തരത്തിലുള്ള ഒരു മനോഭാവം പ്രകടിപ്പിക്കുകയോ ഇല്ല. അത്തരത്തിലുള്ള സംസാരം മറ്റുള്ളവരെ നിരുത്സാഹപ്പെടുത്തുകയേ ഉള്ളൂ. യഹോവയെ സ്‌നേഹിക്കുകയും അവനെ സേവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ആളുകളുടെ കൂട്ടമായി സദസ്സിനെ വീക്ഷിക്കുന്നത് അതിലും എത്രയോ മെച്ചമാണ്! യേശുവിനെ അനുകരിച്ചുകൊണ്ട്, ആത്മീയമായി ദുർബലരോ അനുഭവപരിചയം കുറഞ്ഞവരോ അത്ര പെട്ടെന്നു ബൈബിൾ ബുദ്ധിയുപദേശം ബാധകമാക്കാത്തവരോ ആയ വ്യക്തികളുമായി ഇടപെടുമ്പോൾ നാം സഹാനുഭൂതി കാണിക്കണം.
ദൈവവചനം കൂടുതൽ മെച്ചമായി ബാധകമാക്കേണ്ടവരുടെ കൂട്ടത്തിൽ പ്രസംഗകൻ തന്നെക്കൂടി ഉൾപ്പെടുത്തുന്ന പക്ഷം, അദ്ദേഹം തങ്ങളെ ആദരിക്കുന്നുവെന്നു സദസ്സിനു മനസ്സിലാകും. അതുകൊണ്ട്, തിരുവെഴുത്തുകൾ എങ്ങനെ ബാധകമാക്കാം എന്നു വിശദീകരിക്കുമ്പോൾ മധ്യമപുരുഷസർവനാമമായ “നിങ്ങൾ” നിരന്തരം ഉപയോഗിക്കാതിരിക്കുന്നത് ജ്ഞാനമാണ്. ഉദാഹരണത്തിന്, “നിങ്ങളാലാവുന്നതെല്ലാം നിങ്ങൾ ചെയ്യുന്നുണ്ടോ?” എന്ന ചോദ്യവും “‘എന്നാലാവുന്നതെല്ലാം ഞാൻ ചെയ്യുന്നുണ്ടോ?’ എന്ന് നാം ഓരോരുത്തരും സ്വയം ചോദിക്കുന്നതു നന്നായിരിക്കും” എന്ന പ്രസ്‌താവനയും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക. രണ്ടു ചോദ്യങ്ങളുടെയും സാരം ഒന്നുതന്നെയാണ്. എന്നാൽ ആദ്യത്തെ ചോദ്യം, പ്രസംഗകൻ സദസ്സിന്റെ അതേ തലത്തിൽ തന്നെ ആക്കിവെക്കുന്നില്ല എന്നു സൂചിപ്പിക്കുന്നു. രണ്ടാമത്തേതാകട്ടെ, സാഹചര്യവും ആന്തരങ്ങളും വിശകലനം ചെയ്യാൻ പ്രസംഗകൻ താനുൾപ്പെടെയുള്ള ഓരോ വ്യക്തിയെയും പ്രോത്സാഹിപ്പിക്കുന്നതായി കാണിക്കുന്നു.
സദസ്സിനെ ചിരിപ്പിക്കാൻ വേണ്ടി മാത്രം നർമം കലർന്ന പ്രസ്‌താവനകൾ നടത്താനുള്ള പ്രലോഭനത്തെ ചെറുക്കുക. ഇത് ബൈബിൾ സന്ദേശത്തിന്റെ മാഹാത്മ്യം കുറച്ചുകളയുന്നു. നാം ദൈവസേവനത്തിൽ ആനന്ദം കണ്ടെത്തണം എന്നതു സത്യംതന്നെ. നമുക്കു നിയമിച്ചു കിട്ടിയിരിക്കുന്ന വിവരങ്ങളുടെ ചില വശങ്ങൾ ഫലിതരസം കലർന്നതു പോലുമായിരിക്കാം. എങ്കിലും, ഗൗരവമേറിയ സംഗതികളെ ചിരിക്കാനുള്ള സംഗതികളായി തരംതാഴ്‌ത്തുന്നത് സദസ്സിനോടും ദൈവത്തോടും ഉള്ള അനാദരവായിരിക്കും.
മറ്റുള്ളവരെ ഏതു വിധത്തിൽ വീക്ഷിക്കാൻ യഹോവ നമ്മെ പഠിപ്പിച്ചിരിക്കുന്നുവോ ആ വിധത്തിൽ നാം അവരെ നോക്കിക്കാണുന്നുവെന്ന് നമ്മുടെ സമീപനവും പെരുമാറ്റവും സംസാരവും എല്ലായ്‌പോഴും പ്രകടമാക്കട്ടെ.