വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പാഠം 47 പേ. 247-പേ. 250 ഖ. 1
  • ദൃശ്യസഹായികളുടെ ഫലകരമായ ഉപയോഗം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൃശ്യസഹായികളുടെ ഫലകരമായ ഉപയോഗം
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • സമാനമായ വിവരം
  • പരിചിതമായ ചുറ്റുപാടുകളിൽനിന്നുള്ള ദൃഷ്ടാന്തങ്ങൾ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • ദൃശ്യസഹായികളുടെ ഉപയോഗം
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • മറ്റുള്ളവരോട്‌ ആദരവു പ്രകടിപ്പിക്കൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • പഠിപ്പിക്കുന്നതിന്‌ ദൃശ്യസഹായികൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—2006
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പാഠം 47 പേ. 247-പേ. 250 ഖ. 1

പാഠം 47

ദൃശ്യസഹായികളുടെ ഫലകരമായ ഉപയോഗം

നിങ്ങൾ എന്താണു ചെയ്യേണ്ടത്‌?

പഠിപ്പിക്കുന്ന പ്രധാന ആശയങ്ങൾ കൂടുതൽ വ്യക്തമാക്കാൻ ചിത്രങ്ങളോ ഭൂപടങ്ങളോ ചാർട്ടുകളോ അതുപോലുള്ള മറ്റെന്തെങ്കിലുമോ ഉപയോഗിക്കുക.

അത്‌ എന്തുകൊണ്ട്‌ പ്രധാനം?

പലപ്പോഴും വാക്കുകൾക്കു കഴിയുന്നതിനെക്കാൾ വ്യക്തമോ നീണ്ടുനിൽക്കുന്നതോ ആയ ഒരു പ്രതിച്ഛായ മനസ്സിൽ പതിപ്പിക്കാൻ ദൃശ്യസഹായികൾക്കു കഴിയും.

പഠിപ്പിക്കുമ്പോൾ ദൃശ്യസഹായികൾ ഉപയോഗിക്കേണ്ടത്‌ എന്തുകൊണ്ടാണ്‌? അങ്ങനെ ചെയ്യുന്നത്‌ നിങ്ങളുടെ അധ്യാപനത്തെ കൂടുതൽ ഫലപ്രദമാക്കും. യഹോവയാം ദൈവവും യേശുക്രിസ്‌തുവും ദൃശ്യസഹായികൾ ഉപയോഗിച്ചു. നമുക്ക്‌ അവരിൽനിന്നു പഠിക്കാൻ കഴിയും. വാക്കുകളോടൊപ്പം ദൃശ്യസഹായികളും കൂടെ ഉപയോഗിക്കുമ്പോൾ വിവരങ്ങൾ രണ്ട്‌ ഇന്ദ്രിയങ്ങളിലൂടെ സദസ്യരുടെ മനസ്സിൽ എത്താൻ ഇടവരുന്നു. ഇത്‌, സദസ്സിന്റെ ശ്രദ്ധ പിടിച്ചുനിറുത്താനും അവരിൽ ഉളവായ ധാരണയെ ശക്തമാക്കാനും സഹായിച്ചേക്കാം. സുവാർത്ത അവതരിപ്പിക്കുമ്പോൾ നിങ്ങൾക്ക്‌ എങ്ങനെ ദൃശ്യസഹായികൾ ഉപയോഗിക്കാൻ കഴിയും? നിങ്ങൾ അവ ഫലകരമായി ഉപയോഗിക്കുന്നുവെന്ന്‌ എങ്ങനെ ഉറപ്പുവരുത്താനാകും?

ഏറ്റവും മികച്ച അധ്യാപകർ ദൃശ്യസഹായികൾ ഉപയോഗിച്ച വിധം. സുപ്രധാന പാഠങ്ങൾ പഠിപ്പിക്കുന്നതിന്‌ യഹോവ ഓർമിക്കാൻ എളുപ്പമുള്ള ദൃശ്യസഹായികൾ ഉപയോഗിച്ചു. ഒരു രാത്രിയിൽ അവൻ അബ്രാഹാമിനെ പുറത്തു കൊണ്ടുചെന്നിട്ട്‌ അവനോട്‌ ഇങ്ങനെ പറഞ്ഞു: “നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക. . . . നിന്റെ സന്തതി ഇങ്ങനെ ആകും.” (ഉല്‌പ. 15:5) ആ വാഗ്‌ദാനം മാനുഷിക കാഴ്‌ചപ്പാടിൽ അസാധ്യമായി കാണപ്പെടുന്ന ഒന്നായിരുന്നെങ്കിലും, അത്‌ അബ്രാഹാമിനെ ആഴത്തിൽ സ്‌പർശിക്കുകയും അവൻ യഹോവയിൽ വിശ്വാസം അർപ്പിക്കുകയും ചെയ്‌തു. മറ്റൊരു അവസരത്തിൽ, യഹോവ യിരെമ്യാവിനെ ഒരു കുശവന്റെ വീട്ടിലേക്ക്‌ അയച്ച്‌ കുശവൻ തന്റെ പണിപ്പുരയിൽ കളിമണ്ണുകൊണ്ട്‌ പാത്രം മെനഞ്ഞെടുക്കുന്നതു കാണിച്ചുകൊടുത്തു. മനുഷ്യരുടെ മേലുള്ള സ്രഷ്ടാവിന്റെ അധികാരത്തെ കാണിക്കുന്ന എത്ര സ്‌മരണീയമായ പാഠം! (യിരെ. 18:1-6) ആവണക്കു ചെടി ഉപയോഗിച്ച്‌ യഹോവ യോനായ്‌ക്കു പഠിപ്പിച്ചു കൊടുത്ത കരുണയുടെ പാഠം അവന്‌ എങ്ങനെ മറക്കാൻ കഴിയുമായിരുന്നു? (യോനാ 4:6-11) പ്രാവചനിക സന്ദേശങ്ങൾ അനുയോജ്യമായ ചില വസ്‌തുക്കൾ ഉപയോഗിച്ച്‌ ക്രിയാരൂപേണ അവതരിപ്പിച്ചു കാണിക്കാൻ പോലും യഹോവ തന്റെ പ്രവാചകന്മാരോട്‌ ആവശ്യപ്പെട്ടു. (1 രാജാ. 11:29-32; യിരെ. 27:1-8; യെഹെ. 4:1-17) സമാഗമന കൂടാരവും ആലയത്തിന്റെ സവിശേഷതകളും സ്വർഗീയ യാഥാർഥ്യങ്ങൾ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന പ്രതിബിംബങ്ങളാണ്‌. (എബ്രാ. 9:9, 23, 24) പ്രധാനപ്പെട്ട വിവരങ്ങൾ കൈമാറുന്നതിന്‌ ദൈവം ദർശനങ്ങളും ധാരാളമായി ഉപയോഗിക്കുകയുണ്ടായി.​—യെഹെ. 1:4-28; 8:2-18; പ്രവൃ. 10:9-16; 16:9, 10; വെളി. 1:⁠1.

യേശു ദൃശ്യസഹായികൾ ഉപയോഗിച്ചത്‌ എങ്ങനെയാണ്‌? പരീശന്മാരും ഹെരോദ്യരും (ഹെരോദാവിന്റെ അനുയായികൾ) യേശുവിനെ വാക്കിൽ കുടുക്കാൻ ശ്രമിച്ചപ്പോൾ യേശു ഒരു വെള്ളിക്കാശ്‌ കാണിക്കാൻ ആവശ്യപ്പെട്ടിട്ട്‌ അതിലുള്ള കൈസരുടെ സ്വരൂപത്തിലേക്കു ശ്രദ്ധ ക്ഷണിച്ചു. തുടർന്ന്‌ അവൻ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കണമെന്നു വിശദീകരിച്ചു. (മത്താ. 22:19-21) നമുക്കുള്ള സകലതും ഉപയോഗിച്ച്‌ ദൈവത്തെ ബഹുമാനിക്കുന്നതു സംബന്ധിച്ച്‌ ഒരു പാഠം പഠിപ്പിക്കാൻ തനിക്കുള്ള ഉപജീവനം മുഴുവൻ​—രണ്ടു കാശ്‌​—വഴിപാടായി ഇട്ട ആലയത്തിലെ ഒരു ദരിദ്ര വിധവയിലേക്ക്‌ യേശു ശ്രദ്ധ ക്ഷണിച്ചു. (ലൂക്കൊ. 21:​1-4) മറ്റൊരു സന്ദർഭത്തിൽ, അവൻ ഒരു കൊച്ചുകുട്ടിയെ അടുക്കൽ വിളിച്ചു നിറുത്തി, താഴ്‌മ കാണിക്കുന്നതിന്റെയും സ്ഥാനമോഹികൾ ആകാതിരിക്കുന്നതിന്റെയും മാതൃകയായി ആ കുട്ടിയെ ചൂണ്ടിക്കാട്ടി. (മത്താ. 18:2-6) മാത്രമല്ല, ശിഷ്യന്മാരുടെ കാലുകൾ കഴുകിക്കൊണ്ട്‌ താഴ്‌മയുടെ അർഥമെന്തെന്ന്‌ അവൻ വ്യക്തിപരമായി പ്രകടിപ്പിച്ചു കാണിക്കുകയും ചെയ്‌തു.​—യോഹ. 13:⁠14.

ദൃശ്യസഹായികൾ ഉപയോഗിക്കാവുന്ന വിധങ്ങൾ. യഹോവയെ പോലെ നമുക്ക്‌ ദർശനങ്ങളിലൂടെ ആശയവിനിമയം ചെയ്യാൻ കഴിയില്ല. എന്നിരുന്നാലും, യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങളിൽ ചിന്തോദ്ദീപകമായ നിരവധി ചിത്രങ്ങൾ വരാറുണ്ട്‌. ദൈവവചനത്തിൽ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന ഭൗമിക പറുദീസയെ കുറിച്ചു ഭാവനയിൽ ദർശിക്കാൻ താത്‌പര്യക്കാരെ സഹായിക്കുന്നതിന്‌ അവ ഉപയോഗിക്കുക. ഭവന ബൈബിളധ്യയനം നടത്തുമ്പോൾ പഠിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട ഒരു ചിത്രത്തിലേക്ക്‌ നിങ്ങൾക്കു വിദ്യാർഥിയുടെ ശ്രദ്ധ ക്ഷണിക്കാനും അതിലൂടെ എന്താണു വ്യക്തമാക്കിയിരിക്കുന്നത്‌ എന്നു പറയാൻ അദ്ദേഹത്തോട്‌ ആവശ്യപ്പെടാനും കഴിയും. ആമോസ്‌ പ്രവാചകന്‌ ചില ദർശനങ്ങൾ നൽകിയപ്പോൾ “ആമോസേ, നീ എന്തു കാണുന്നു” എന്ന്‌ യഹോവ അവനോടു ചോദിച്ചതു ശ്രദ്ധേയമാണ്‌. (ആമോ. 7:7, 8; 8:1, 2) ദൃശ്യരൂപത്തിലുള്ള പഠിപ്പിക്കൽ സഹായികളായി രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്ന ചിത്രങ്ങളിലേക്ക്‌ ആളുകളുടെ ശ്രദ്ധ ക്ഷണിക്കവേ, നിങ്ങൾക്ക്‌ അതുപോലുള്ള ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്‌.

നിങ്ങൾ കണക്കുകൾ എഴുതി കാണിക്കുകയോ പ്രധാനപ്പെട്ട സംഭവങ്ങൾ നടന്ന ക്രമം കാണിക്കുന്ന ഒരു കാലാനുക്രമ ചാർട്ട്‌ ഉപയോഗിക്കുകയോ ചെയ്യുന്നത്‌, ദാനീയേൽ 4:​16-ലെ “ഏഴു കാല”ത്തെയോ ദാനീയേൽ 9:​24-ലെ “എഴുപതു ആഴ്‌ചവട്ട”ത്തെയോ കുറിച്ചുള്ള പ്രവചനങ്ങൾ കൂടുതൽ എളുപ്പം മനസ്സിലാക്കാൻ ആളുകളെ സഹായിക്കും. അത്തരം ദൃശ്യസഹായികൾ പഠനസഹായികളായി ഉപയോഗിക്കുകയെന്ന ഉദ്ദേശ്യത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന നമ്മുടെ പല പ്രസിദ്ധീകരണങ്ങളിലും ഉണ്ട്‌.

നിങ്ങളുടെ കുടുംബ ബൈബിളധ്യയനത്തിൽ സമാഗമന കൂടാരം, യെരൂശലേം ദേവാലയം, യെഹെസ്‌കേലിന്റെ ദർശനത്തിലെ ആലയം തുടങ്ങിയവ സംബന്ധിച്ചു ചർച്ച ചെയ്യുമ്പോൾ ഒരു പടമോ രേഖാചിത്രമോ ഉപയോഗിക്കുന്നെങ്കിൽ അവ മനസ്സിലാക്കാൻ കൂടുതൽ എളുപ്പമായിരിക്കും. തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച എന്ന പ്രസിദ്ധീകരണത്തിലും വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം​—പരാമർശങ്ങളോടു കൂടിയത്‌ എന്നതിന്റെ അനുബന്ധത്തിലും വീക്ഷാഗോപുരത്തിന്റെ വിവിധ ലക്കങ്ങളിലും ഇവ കണ്ടെത്താവുന്നതാണ്‌.

കുടുംബമൊന്നിച്ച്‌ ബൈബിൾ വായിക്കുമ്പോൾ ഭൂപടങ്ങൾ നന്നായി ഉപയോഗപ്പെടുത്തുക. ഊർ ദേശത്തുനിന്ന്‌ ഹാരാനിലേക്കും അവിടെനിന്ന്‌ ബേഥേലിലേക്കും അബ്രാഹാം യാത്ര ചെയ്‌ത മാർഗം ഏതെന്നു നോക്കുക. ഈജിപ്‌തിൽ നിന്ന്‌ വാഗ്‌ദത്ത ദേശം ലക്ഷ്യമാക്കി യാത്രയായ ഇസ്രായേൽ ജനത്തിന്റെ സഞ്ചാരപഥം പരിശോധിക്കുക. ഓരോ ഇസ്രായേൽ ഗോത്രത്തിനും അവകാശമായി കിട്ടിയ പ്രദേശം കണ്ടുപിടിക്കുക. ശലോമോന്റെ ഭരണപ്രദേശത്തിന്റെ വ്യാപ്‌തി എത്രയെന്നു നോക്കുക. ഈസേബെലിന്റെ ഭീഷണി കേട്ടു ഭയന്ന്‌ യിസ്രായേലിൽ (യിസ്രെയേൽ [Jezreel]) നിന്ന്‌ ഓടി ബേർശേബയ്‌ക്ക്‌ അപ്പുറത്തുള്ള മരുഭൂമി വരെ ചെന്ന ഏലീയാവിന്റെ യാത്രാപഥം പിന്തുടരുക. (1 രാജാ. 18:46-19:4) യേശു പ്രസംഗവേല നിർവഹിച്ച പട്ടണങ്ങളും മറ്റും കണ്ടെത്തുക. പ്രവൃത്തികളുടെ പുസ്‌തകത്തിൽ വിവരിച്ചിരിക്കുന്ന പൗലൊസിന്റെ യാത്രാപഥങ്ങൾ ഏതെന്നു നോക്കുക.

സഭാപ്രവർത്തനങ്ങളെ കുറിച്ചു ബൈബിൾ വിദ്യാർഥികൾക്കു മനസ്സിലാക്കി കൊടുക്കാൻ ദൃശ്യസഹായികൾ ഉപകാരപ്രദമാണ്‌. അച്ചടിച്ച ഒരു കാര്യപരിപാടി വിദ്യാർഥിയെ കാണിച്ചിട്ട്‌ സമ്മേളനങ്ങളിലും കൺവെൻഷനുകളിലും ഏതുതരം വിവരങ്ങളാണു നാം ചർച്ച ചെയ്യുന്നത്‌ എന്നു നിങ്ങൾക്കു വിശദീകരിക്കാവുന്നതാണ്‌. രാജ്യഹാളോ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസോ സന്ദർശിച്ചത്‌ പലരിലും മതിപ്പുളവാക്കിയിട്ടുണ്ട്‌. ഇതിന്‌ നമ്മുടെ വേലയെ കുറിച്ചും അതിന്റെ ഉദ്ദേശ്യത്തെ കുറിച്ചുമുള്ള തെറ്റിദ്ധാരണകൾ നീക്കം ചെയ്യാനുള്ള ഫലപ്രദമായ ഒരു മാർഗമായിരിക്കാൻ കഴിയും. രാജ്യഹാൾ കാണിച്ചുകൊടുക്കുമ്പോൾ അതു മറ്റ്‌ ആരാധനാ സ്ഥലങ്ങളിൽനിന്ന്‌ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു ചൂണ്ടിക്കാണിക്കുക. പഠനത്തിന്‌ അനുകൂലമായ, ആഡംബരപ്രൗഢിയില്ലാത്ത ഒന്നാണ്‌ അത്‌ എന്ന കാര്യം എടുത്തുപറയുക. സാഹിത്യ വിതരണ കൗണ്ടറുകൾ, പ്രദേശ മാപ്പ്‌, സംഭാവനപ്പെട്ടികൾ (ഇത്‌ പിരിവു പാത്രങ്ങളിൽനിന്നു വ്യത്യസ്‌തമാണ്‌) തുടങ്ങി നമ്മുടെ പരസ്യ ശുശ്രൂഷയ്‌ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിട്ടുള്ള അതിന്റെ സവിശേഷതകൾ ചൂണ്ടിക്കാണിക്കുക.

ഭരണസംഘത്തിന്റെ മാർഗനിർദേശത്തിൻ കീഴിൽ തയ്യാറാക്കിയ വീഡിയോകൾ ലഭ്യമാണെങ്കിൽ, ബൈബിളിൽ വിശ്വാസം കെട്ടുപണി ചെയ്യാനും യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തെ കുറിച്ച്‌ വിദ്യാർഥികളെ പരിചയപ്പെടുത്താനും ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ കാണികളെ പ്രോത്സാഹിപ്പിക്കാനും തക്കവണ്ണം അവ ഉപയോഗപ്പെടുത്തുക.

വലിയ കൂട്ടങ്ങൾക്കു വേണ്ടി ദൃശ്യസഹായികൾ ഉപയോഗിക്കൽ. നന്നായി തയ്യാറാക്കി ഫലപ്രദമായി അവതരിപ്പിക്കുമ്പോൾ ദൃശ്യസഹായികൾ വലിയ കൂട്ടങ്ങളെ പഠിപ്പിക്കാനുള്ള മികച്ച ഉപാധികൾ ആയി ഉതകുന്നു. വിശ്വസ്‌തനും വിവേകിയുമായ അടിമ വർഗം അത്തരം ദൃശ്യസഹായികൾ വിവിധ രൂപങ്ങളിൽ നമുക്കായി ഒരുക്കിത്തരുന്നു.

വീക്ഷാഗോപുരത്തിലെ അധ്യയന ലേഖനങ്ങളിൽ സാധാരണഗതിയിൽ ചിത്രരൂപേണയുള്ള ദൃശ്യസഹായികൾ ഉൾപ്പെടുത്താറുണ്ട്‌. പ്രധാന പോയിന്റുകൾക്ക്‌ ഊന്നൽ നൽകാൻ അധ്യയന നിർവാഹകന്‌ അവ ഉപയോഗിക്കാൻ കഴിയും. സഭാപുസ്‌തകാധ്യയനത്തിൽ ഉപയോഗിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ കാര്യത്തിലും ഇതു സത്യമാണ്‌.

പരസ്യ പ്രസംഗത്തിനുള്ള ചില ബാഹ്യരേഖകൾ പോയിന്റുകൾ വ്യക്തമാക്കാൻ ദൃശ്യസഹായികൾ ഉപയോഗിക്കാൻ പറ്റിയവ ആയിരിക്കാം. എന്നാൽ, സാധാരണഗതിയിൽ കൂടുതൽ പ്രയോജനം ചെയ്യുന്നത്‌ ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്‌, അതാകുമ്പോൾ സദസ്സിലിരിക്കുന്ന മിക്കവരുടെയും കയ്യിലുണ്ട്‌. ഇടയ്‌ക്കൊക്കെ, ഒരു പ്രസംഗത്തിലെ ഒന്നോ അതിലേറെയോ മുഖ്യ പോയിന്റുകൾ വ്യക്തമാക്കാൻ ഒരു ചിത്രമോ മുഖ്യ പോയിന്റുകളുടെ ഒരു ഹ്രസ്വമായ ലിസ്റ്റോ കാണിക്കേണ്ടത്‌ ആവശ്യമായി വരുന്നെങ്കിൽ, പുറകിൽ ഇരിക്കുന്നവർക്ക്‌ അതു വ്യക്തമായി കാണാൻ (അല്ലെങ്കിൽ വായിക്കാൻ) കഴിയുമെന്ന്‌ മുന്നമേ ഉറപ്പുവരുത്തുക. അത്തരം ഉപാധികൾ പരിമിതമായേ ഉപയോഗിക്കാവൂ.

പ്രസംഗിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും ദൃശ്യസഹായികൾ ഉപയോഗിക്കുമ്പോൾ നമ്മുടെ ലക്ഷ്യം സദസ്യരെ രസിപ്പിക്കുക എന്നതല്ല. മാന്യമായ ഒരു ദൃശ്യസഹായി ഉപയോഗിക്കുമ്പോൾ പ്രത്യേകം എടുത്തുപറയേണ്ട ആശയങ്ങൾക്ക്‌ അത്‌ ഒരു ദൃശ്യപരമായ പ്രഭാവം പകരേണ്ടതാണ്‌. അത്തരം സഹായികൾ, പറയുന്ന കാര്യം ഗ്രഹിക്കാൻ കൂടുതൽ എളുപ്പമാക്കിത്തീർക്കുകയോ പറയുന്ന കാര്യത്തിന്റെ സാധുതയ്‌ക്കുള്ള ശക്തമായ തെളിവു നൽകുകയോ ചെയ്യുമ്പോൾ അവ പ്രയോജനകരമായ ഒരു ഉദ്ദേശ്യം സാധിക്കുന്നു. അനുയോജ്യമായ ഒരു ദൃശ്യസഹായി ശരിയായി ഉപയോഗിക്കുന്ന പക്ഷം, ദൃശ്യസഹായിയും പഠിപ്പിക്കുന്ന ആശയവും നിരവധി വർഷങ്ങളോളം ഓർത്തിരിക്കുന്ന വിധത്തിൽ വളരെ ആഴമായ ഒരു ധാരണ സദസ്യരിൽ ഉളവാക്കാൻ അതിനു കഴിയും.

കേൾവിശക്തിയും കാഴ്‌ചശക്തിയും പഠനത്തിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. ഏറ്റവും മികച്ച അധ്യാപകർ ഈ പ്രാപ്‌തികൾ ഉപയോഗപ്പെടുത്തിയത്‌ എങ്ങനെയെന്ന്‌ ഓർമിക്കുക. മറ്റുള്ളവർക്കു കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിക്കവേ, അവരെ അനുകരിക്കാൻ ശ്രമിക്കുക.

ഫലകരമായ ദൃശ്യസഹായികൾ . . .

  • പ്രത്യേക ഊന്നൽ അർഹിക്കുന്ന ആശയങ്ങളെ എടുത്തുകാട്ടുകയോ വ്യക്തമാക്കുകയോ വേണം.

  • ഉപയോഗിക്കുന്നതിന്റെ മുഖ്യ ലക്ഷ്യം പ്രബോധിപ്പിക്കുക എന്നതായിരിക്കണം.

  • സ്റ്റേജിൽ ഉപയോഗിക്കുന്നപക്ഷം അവ മുഴു സദസ്സിനും വ്യക്തമായി കാണാൻ കഴിയണം.

അഭ്യാസം: നിങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന ദൃശ്യസഹായികൾ താഴെ പട്ടികപ്പെടുത്തുക . . .

യഹോവയുടെ സംഘടനയോട്‌ വിലമതിപ്പു കെട്ടുപണി ചെയ്യുന്നതിന്‌ ഞാൻ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന ദൃശ്യസഹായികൾ

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

ഒരു കുട്ടിക്ക്‌ ചില ബൈബിൾ സത്യങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നതിന്‌ ഞാൻ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന ദൃശ്യസഹായികൾ

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക