പഠിപ്പിക്കുന്നതിന് ദൃശ്യസഹായികൾ
1. യഹോവ തന്റെ പുരാതന ദാസന്മാരെ പഠിപ്പിക്കുന്നതിന് ദൃശ്യസഹായികൾ ഉപയോഗിച്ചത് എങ്ങനെ, അതിന്റെ പ്രയോജനം എന്തായിരുന്നു?
1 പുരാതന ദാസന്മാരെ സുപ്രധാന വിവരങ്ങൾ അറിയിക്കാൻ യഹോവ ചില സന്ദർഭങ്ങളിൽ ദർശനങ്ങളും സ്വപ്നങ്ങളും ഉപയോഗിച്ചു. യഹോവയുടെ സ്വർഗീയ രഥത്തെക്കുറിച്ചുള്ള യെഹെസ്കേലിന്റെ ദർശനംതന്നെ ഒരു ഉദാഹരണം. (യെഹെ. 1:1-28) ലോകശക്തികളുടെ പ്രയാണം സംബന്ധിച്ച പ്രാവചനിക സ്വപ്നം ലഭിച്ചതിനെത്തുടർന്ന് ദാനീയേലിന് എന്തു തോന്നിക്കാണുമെന്നു ചിന്തിക്കുക. (ദാനീ. 7:1-15, 28) “കർത്തൃദിവസത്തിൽ” സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ അടയാളങ്ങളിലൂടെ അവതരിപ്പിച്ചുകൊണ്ട് അപ്പൊസ്തലനായ യോഹന്നാനു ലഭിച്ച പുളകപ്രദമായ വെളിപ്പാടിന്റെ കാര്യമോ? (വെളി. 1:1, 10) ഉജ്ജ്വല വർണങ്ങളും ജീവസ്സുറ്റ പ്രവർത്തനങ്ങളും ഉപയോഗിച്ച് യഹോവ അവരെ പഠിപ്പിച്ചു, അത് അവരുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ചു.
2. മറ്റുള്ളവരെ ബൈബിൾ സത്യങ്ങൾ പഠിപ്പിക്കുന്നതിനായി ഏതു ദൃശ്യസഹായികൾ നമുക്ക് ഉപയോഗിക്കാവുന്നതാണ്?
2 സമാനമായി, പെട്ടെന്നു മറന്നുപോകാത്ത വിധം ബൈബിൾ സത്യങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുന്നതിന് നമ്മുടെ വീഡിയോകൾ ഉപയോഗിക്കാവുന്നതാണ്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ നമുക്കുണ്ട്, അവ ബൈബിളിലും യഹോവയുടെ സംഘടനയിലും നമ്മുടെ ക്രിസ്തീയ ജീവിതം അഭിവൃദ്ധിപ്പെടുത്തുന്ന തത്ത്വങ്ങളിലും ആളുകളുടെ വിശ്വാസം കെട്ടുപണിചെയ്യുന്നു. പഠിപ്പിക്കലിൽ നമുക്ക് വീഡിയോകൾ ഉപയോഗിക്കാവുന്ന ഏതാനും വിധങ്ങൾ പരിചിന്തിക്കുക. അത്തരം ചില വീഡിയോകളുടെ മാതൃകകളാണ് പിൻവരുന്നവ.
3. ബൈബിൾ വിദ്യാർഥികളെ സംഘടനയിലേക്കു നയിക്കുന്നതിന് നിങ്ങൾക്ക് എന്ത് ഉപയോഗിക്കാവുന്നതാണ്?
3 ശുശ്രൂഷയിൽ: നമ്മുടെ ആഗോള ക്രിസ്തീയ സാഹോദര്യത്തെക്കുറിച്ച് നിങ്ങൾ ഒരു ബൈബിൾ വിദ്യാർഥിയോടു പലതവണ പറഞ്ഞിട്ടുണ്ടോ? എന്നാൽ ഇപ്പോൾ അത് അവർക്കു കാണിച്ചുകൊടുക്കുക, നമ്മുടെ മുഴു സഹോദരവർഗവും (ഇംഗ്ലീഷ്) എന്ന വീഡിയോ ഉപയോഗിച്ചുകൊണ്ട്. നിങ്ങളുടെ അടുത്ത അധ്യയനത്തിനു മുമ്പായി അതു കാണുന്നതിന് വിദ്യാർഥിക്ക് അതു കൊടുത്തിട്ടു പോരുകയോ അടുത്ത ഏതെങ്കിലും അധ്യയന സമയത്ത് ഒരുമിച്ചു കാണുകയോ ചെയ്യുക. എന്നിട്ട് 2002 ജൂൺ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിൽ കൊടുത്തിരിക്കുന്ന പുനരവലോകന ചോദ്യങ്ങൾ ഉപയോഗിച്ച് ചർച്ചചെയ്യുക.
4. ഒരു യുവസാക്ഷിക്ക് സ്കൂളിൽ ഏതു പഠിപ്പിക്കൽ സഹായികൾ ഉപയോഗിക്കാവുന്നതാണ്?
4 യുവജനങ്ങളേ, യഹോവയുടെ സാക്ഷികൾ നാസി ആക്രമണത്തിനെതിരെ ഉറച്ചുനിൽക്കുന്നു (ഇംഗ്ലീഷ്), പരിശോധനകളിന്മധ്യേ വിശ്വസ്തർ—സോവിയറ്റ് യൂണിയനിലെ യഹോവയുടെ സാക്ഷികൾ (ഇംഗ്ലീഷ്) എന്നീ വീഡിയോ ഡോക്യുമെന്ററികൾ ക്ലാസ്സിൽ കാണിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് നിങ്ങളുടെ അധ്യാപകനുമായി നിങ്ങൾക്കു സംസാരിക്കാവുന്നതാണ്. ക്ലാസ്സിൽ ഒരു ചർച്ചയ്ക്കായി ഒരു ചോദ്യാവലി തയ്യാറാക്കിക്കൊണ്ടുവരാമെന്നു പറയുക, 2001 ജൂൺ അല്ലെങ്കിൽ 2003 ഫെബ്രുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ആവശ്യമായ പൊരുത്തപ്പെടുത്തൽ വരുത്തിക്കൊണ്ട് അതു ചെയ്യാവുന്നതാണ്.
5. കുടുംബ അധ്യയനത്തിൽ ഉപയോഗിക്കുന്നതിന് മാതാപിതാക്കൾക്ക് എന്തു ലഭ്യമാണ്?
5 കുടുംബത്തോടും സൂഹൃത്തുക്കളോടും ഒപ്പം: മാതാപിതാക്കളേ, യുവജനങ്ങൾ ചോദിക്കുന്നു—എനിക്ക് എങ്ങനെ യഥാർഥ സുഹൃത്തുക്കളെ നേടാനാകും? (ഇംഗ്ലീഷ്) എന്ന വീഡിയോ പ്രകാശനം ചെയ്യപ്പെട്ടതിൽപ്പിന്നെ നിങ്ങളുടെ കുട്ടികൾ എത്രമാത്രം വളർന്നിരിക്കുന്നു എന്നു ചിന്തിക്കുക. നിങ്ങളുടെ അടുത്ത കുടുംബ അധ്യയനത്തിൽ അത് വീണ്ടും കാണാൻ ക്രമീകരിച്ചുകൂടേ? 2002 ഏപ്രിൽ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിൽ ജീവസ്സുറ്റ, തുറന്ന ചർച്ചയ്ക്കുള്ള ചോദ്യങ്ങൾ നൽകിയിരിക്കുന്നു.
6. സുഹൃത്തുക്കളോടൊപ്പം കെട്ടുപണിചെയ്യുംവിധം സമയം ചെലവഴിക്കുന്നതിനായി നിങ്ങൾക്ക് എന്തു ചെയ്യാവുന്നതാണ്?
6 വീട്ടിലേക്കു ക്ഷണിക്കാൻ നിങ്ങൾ ആഗ്രഹിച്ചിട്ടുള്ള സുഹൃത്തുക്കൾ നിങ്ങളുടെ സഭയിൽ ഉണ്ടോ? യഹോവയുടെ അധികാരത്തെ ആദരിക്കുക (ഇംഗ്ലീഷ്) എന്ന വീഡിയോ ഒത്തൊരുമിച്ചു കാണുന്നത് നിങ്ങളുടെ കൂടിവരവ് കെട്ടുപണിചെയ്യുന്ന ഒന്നാക്കിത്തീർക്കും, പ്രത്യേകിച്ച് 2004 സെപ്റ്റംബർ നമ്മുടെ രാജ്യ ശുശ്രൂഷയിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിച്ച് പഠിച്ച പാഠങ്ങൾ നിങ്ങൾ പുനരവലോകനം ചെയ്യുന്നെങ്കിൽ.
7. നമ്മുടെ വീഡിയോകൾ ഉപയോഗിക്കുന്നതിന് സാധ്യമായ ഏത് അവസരങ്ങളെക്കുറിച്ചു നിങ്ങൾക്കു ചിന്തിക്കാനാകും?
7 മറ്റ് അവസരങ്ങൾ: മറ്റേതു വിധങ്ങളിൽക്കൂടെ നിങ്ങൾക്ക് നമ്മുടെ 20 വീഡിയോകൾ ഫലകരമായി ഉപയോഗിക്കാം? അവയിൽ ഒന്നോ രണ്ടോ എണ്ണം നിങ്ങൾ ക്രമമായി സന്ദർശിക്കുന്നവരെ കാണിക്കുന്നത് ആത്മീയ പുരോഗതി വരുത്താൻ അവരെ സഹായിക്കുമോ? നഴ്സിങ് ഹോമുകളിലോ വൃദ്ധസദനത്തിലോ നിങ്ങൾക്ക് ഈ വീഡിയോകൾ കാണിക്കാനാകുമോ? സാക്ഷികളല്ലാത്ത ബന്ധുക്കളുടെയോ അയൽക്കാരുടെയോ സഹജോലിക്കാരുടെയോ ആദരവു നേടാൻ വീഡിയോ സഹായിക്കുമോ? നമ്മുടെ വീഡിയോകൾ മതിപ്പുളവാക്കുന്നതും പ്രബോധനാത്മകവും ഫലകരവുമായ ദൃശ്യസഹായികളാണ്. പഠിപ്പിക്കാൻ അവ ഉപയോഗിക്കുക.