ഭാഗം 2
പറുദീസ നഷ്ടമാകുന്നു
ദൈവത്തിന്റെ ഭരണാധിപത്യത്തെ തള്ളിക്കളയാൻ മത്സരബുദ്ധിയായ ഒരു ദൈവദൂതൻ ആദാമിനെയും ഹവ്വായെയും പ്രേരിപ്പിക്കുന്നു. തത്ഫലമായി പാപവും മരണവും ലോകത്തിലേക്കു കടന്നുവരുന്നു
മനുഷ്യരെ സൃഷ്ടിക്കുന്നതിന് ഏറെ കാലംമുമ്പുതന്നെ ദൈവം അദൃശ്യരായ ആത്മസ്വരൂപികളെ, അതായത് ദൈവദൂതന്മാരെ, സൃഷ്ടിച്ചിരുന്നു. അവരിൽ മത്സരബുദ്ധിയായ ഒരു ദൂതൻ, ദൈവത്താൽ വിലക്കപ്പെട്ടിരുന്ന പഴം ഭക്ഷിക്കാൻ കൗശലപൂർവം ഹവ്വായെ സ്വാധീനിക്കാൻ ശ്രമിച്ചു. അങ്ങനെ, ഈ ദുഷ്ടദൂതൻ പിശാചായ സാത്താൻ എന്ന് അറിയപ്പെടാൻ ഇടയായി.
ഒരു സർപ്പത്തെ ഉപയോഗിച്ചായിരുന്നു സാത്താൻ ഹവ്വായോടു സംസാരിച്ചത്. അഭികാമ്യമായതെന്തോ ദൈവം അവർക്കു നൽകാതെ പിടിച്ചുവെച്ചിരിക്കുകയാണെന്ന് സാത്താൻ ധ്വനിപ്പിച്ചു. വിലക്കപ്പെട്ട കനി ഭക്ഷിച്ചാൽ അവർ മരിക്കുകയില്ല എന്ന് സാത്താൻ ഹവ്വായോടു പറഞ്ഞു. ദൈവം തന്റെ മക്കളോട് നുണ പറയുകയായിരുന്നുവെന്ന് അങ്ങനെ സാത്താൻ ആരോപിച്ചു. ദൈവത്തെ അനുസരിക്കാതിരുന്നാൽ അവർക്ക് സ്വാതന്ത്ര്യവും ജ്ഞാനവും പ്രാപിക്കാൻ കഴിയുമെന്ന് ആ വഞ്ചകൻ സമർഥിച്ചു. പക്ഷേ ഇത് ഒരു വലിയ നുണയായിരുന്നു—ഭൂമിയിൽ പറയപ്പെട്ട ആദ്യത്തെ നുണ. ഇവിടെ ചോദ്യംചെയ്യപ്പെട്ടത് യഥാർഥത്തിൽ ദൈവത്തിന്റെ പരമാധികാരമായിരുന്നു: ദൈവത്തിന് ഭരിക്കാനുള്ള അവകാശം ഉണ്ടോ? നീതിനിഷ്ഠമായ വിധത്തിൽ, തന്റെ പ്രജകളുടെ ക്ഷേമം മുൻനിറുത്തിയാണോ ദൈവം അധികാരം പ്രയോഗിക്കുന്നത്?
സാത്താൻ പറഞ്ഞ ആ നുണ ഹവ്വാ വിശ്വസിച്ചു. ആ വൃക്ഷത്തിന്റെ കനി ഭക്ഷിക്കാൻ അവൾ ആഗ്രഹിച്ചു; അവൾ അത് ഭക്ഷിക്കുകയും ചെയ്തു. പിന്നീട് തന്റെ ഭർത്താവിനും അവൾ ആ വൃക്ഷഫലം നൽകി. അവനും അതു തിന്നു. അങ്ങനെ അവർ ഇരുവരും പാപികളായി. നിസ്സാരമെന്നു തോന്നാമെങ്കിലും അവരുടെ ആ പ്രവൃത്തി ദൈവത്തോടുള്ള മത്സരമായിരുന്നു. ദൈവത്തിന്റെ കൽപ്പന മനപ്പൂർവം ലംഘിച്ചുകൊണ്ട് ആദാമും ഹവ്വായും, പൂർണതയുള്ള ജീവൻ ഉൾപ്പെടെ തങ്ങൾക്ക് സകലവും നൽകിയ സ്രഷ്ടാവിന്റെ ഭരണത്തെ തിരസ്കരിച്ചു.
“അവൻ (വാഗ്ദത്ത സന്തതി) നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.”—ഉല്പത്തി 3:15
ദൈവം അവരുടെ തെറ്റിനുനേരെ കണ്ണടച്ചില്ല. ആ മത്സരികൾക്കെതിരെ ദൈവം ശിക്ഷാവിധി ഉച്ചരിച്ചു. സർപ്പത്തിലൂടെ ഹവ്വായോടു സംസാരിച്ച സാത്താനെ നശിപ്പിക്കാൻ ഒരുവൻ വരുമെന്ന് ദൈവം മുൻകൂട്ടിപ്പറഞ്ഞു. ആദാമിനെയും ഹവ്വായെയും ദൈവം ഉടൻ നശിപ്പിച്ചില്ല. കുറെക്കാലത്തേക്കുകൂടെ ജീവിക്കാൻ ദൈവം അവരെ അനുവദിച്ചു. അങ്ങനെ കരുണാമയനായ ദൈവം സന്താനങ്ങളെ ജനിപ്പിക്കാൻ അവർക്ക് അവസരം നൽകി. ഈ സന്തതികൾക്ക് പ്രത്യാശയ്ക്കു വകയുണ്ടായിരുന്നു. കാരണം ദൈവത്താൽ അയയ്ക്കപ്പെടുന്ന വിമോചകൻ, ഏദെനിലെ അനുസരണക്കേടിന്റെ ദാരുണമായ ഭവിഷ്യത്തുകളെ ഇല്ലാതാക്കുമായിരുന്നു. ഈ രക്ഷകൻ അഥവാ വാഗ്ദത്ത സന്തതി ആരായിരിക്കുമെന്നും അവനെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എങ്ങനെ നിവർത്തിയേറുമെന്നും കാലങ്ങളിലൂടെ, ബൈബിളിന്റെ എഴുത്ത് പുരോഗമിക്കവെ വ്യക്തമാകുമായിരുന്നു.
ദൈവം ആദാമിനെയും ഹവ്വായെയും പറുദീസയിൽനിന്നു പുറത്താക്കി. ഉപജീവനം കഴിക്കാൻ അവരിനി വിയർപ്പൊഴുക്കി പണിയെടുക്കേണ്ടിയിരുന്നു. കുറെക്കഴിഞ്ഞപ്പോൾ ഹവ്വാ ഗർഭം ധരിച്ച് ഒരു കുഞ്ഞിനെ പ്രസവിച്ചു. കയീൻ എന്നായിരുന്നു അവന്റെ പേര്. ആദാമിനും ഹവ്വായ്ക്കും വേറെയും പുത്രീപുത്രന്മാർ ജനിച്ചു. ഹാബേലും ശേത്തും ആയിരുന്നു അവരിൽ രണ്ടുപേർ. ശേത്തിന്റെ പരമ്പരയിലാണ് പിന്നീട് നോഹ ജനിച്ചത്.
—ഉല്പത്തി 3-5 അധ്യായങ്ങളെയും വെളിപാട് 12:9-നെയും ആധാരമാക്കിയുള്ളത്.