ഭാഗം 12
യഥാർഥ വിശ്വാസമുള്ളവരാണെന്നു തെളിയിക്കുക!
വിശ്വാസം പരിശോധിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുമെന്ന് ദൈവം തന്റെ ദാസന്മാർക്ക് മുന്നറിയിപ്പു നൽകുന്നു. “ജാഗരൂകരായിരിക്കുവിൻ. നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണം എന്നു തിരഞ്ഞുകൊണ്ട് ചുറ്റിനടക്കുന്നു” എന്ന് ദൈവവചനം പറയുന്നു. (1 പത്രോസ് 5:8) നിങ്ങളുടെ വിശ്വാസം തകർക്കാൻ സാത്താൻ എങ്ങനെയാണ് ശ്രമിക്കുന്നത്?
നിങ്ങൾക്ക് ഇങ്ങനെയൊരു പ്രശ്നം ഉണ്ടായിട്ടുണ്ടോ?
വിശുദ്ധ തിരുവെഴുത്തുകൾ പരിശോധിക്കുന്നതിൽനിന്ന് നിങ്ങളെ തടയാൻ സാത്താൻ മറ്റുള്ളവരെ കരുവാക്കിയേക്കാം. ഒരുപക്ഷേ നിങ്ങളുടെ ഉറ്റവരെത്തന്നെ അവൻ ഉപയോഗിച്ചെന്നുവരാം. ഇതിനോടുള്ള ബന്ധത്തിൽ യേശു എന്താണ് പറഞ്ഞതെന്നു നോക്കുക: “മനുഷ്യന്റെ വീട്ടുകാർതന്നെ അവന്റെ ശത്രുക്കളാകും.” (മത്തായി 10:36) ദൈവവചനത്തിൽ അടങ്ങിയിരിക്കുന്ന സത്യത്തിന്റെ മഹത്ത്വം നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അറിയില്ലായിരിക്കാം. അല്ലെങ്കിൽ, മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ഭയമായിരിക്കാം അവർക്ക്. പക്ഷേ തിരുവെഴുത്തുകൾ പറയുന്നത് ശ്രദ്ധിക്കുക: “മാനുഷഭയം ഒരു കെണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.” (സദൃശവാക്യങ്ങൾ 29:25) മനുഷ്യരുടെ പ്രീതി നേടാൻവേണ്ടി വിശുദ്ധ തിരുവെഴുത്തുകൾ പരിശോധിക്കുന്നത് നിറുത്തിക്കളഞ്ഞാൽ, അത് ദൈവത്തെ പ്രീതിപ്പെടുത്തുമോ? ഒരിക്കലുമില്ല. നേരെമറിച്ച്, നാം യഥാർഥ വിശ്വാസം പ്രകടമാക്കുന്നെങ്കിൽ ദൈവം നമ്മെ സഹായിക്കും. “നാമോ നാശത്തിലേക്കു പിന്മാറുന്ന കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്ന കൂട്ടത്തിലത്രേ.”—എബ്രായർ 10:39.
നേരത്തേ പരാമർശിച്ച ഡൂമസിന്റെ കാര്യംതന്നെയെടുക്കുക. തുടക്കത്തിൽ, ഭാര്യ അദ്ദേഹത്തിന്റെ വിശ്വാസത്തെ പരിഹസിച്ചു. പക്ഷേ പിന്നീട് അവരും അദ്ദേഹത്തോടൊപ്പം ദൈവവചനം പഠിക്കാൻ തുടങ്ങി. അതുപോലെ നിങ്ങളും ശരി ചെയ്യുന്നതിൽ തുടർന്നാൽ ഒരുപക്ഷേ നിങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും നിങ്ങളുടെ പാത പിന്തുടരാൻ പ്രേരിതരാകും. മിക്കപ്പോഴും, യഥാർഥ വിശ്വാസമുള്ളവരുടെ ‘ഭയാദരവോടെയുള്ള നിർമലമായ നടപ്പ്’ കണ്ടിട്ട്, അവിശ്വാസികളായ കുടുംബാംഗങ്ങൾ “ഒരു വാക്കും കൂടാതെ . . . വിശ്വാസികളായി”ത്തീർന്നിട്ടുണ്ട്.—1 പത്രോസ് 3:1, 2.
തിരുവെഴുത്തുകൾ പഠിക്കാൻ തങ്ങൾക്കു സമയമില്ലെന്ന് ആളുകൾ ചിന്തിക്കാനും സാത്താൻ ഇടയാക്കുന്നു. ജീവിതസമ്മർദങ്ങൾ—ജീവിതോത്കണ്ഠകളും ധനത്തെക്കുറിച്ചുള്ള ആകുലതകളും—“വചനത്തെ ഞെരുക്കി” നിങ്ങളുടെ വിശ്വാസത്തെ ‘ഫലശൂന്യമാക്കണം’ എന്നാണ് സാത്താന്റെ ആഗ്രഹം. (മർക്കോസ് 4:19) അതിനു വഴിപ്പെടരുത്. “ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തുവിനെയും . . . അറിയുന്നതല്ലോ നിത്യജീവൻ” എന്ന് തിരുവെഴുത്തുകൾ പറയുന്നു. (യോഹന്നാൻ 17:3) അതെ, പറുദീസയിൽ നിത്യം ജീവിക്കുന്നതിന് ദൈവത്തെയും മിശിഹായായ യേശുവിനെയും കുറിച്ചു പഠിക്കേണ്ടത് വളരെ പ്രധാനമാണ്.
ദൈവത്തിന്റെ സഹായത്തിനായി പ്രാർഥിക്കുക
ഈജിപ്റ്റിൽ രാജകുടുംബത്തിലെ അംഗമായിരുന്ന മോശയെക്കുറിച്ചു ചിന്തിക്കുക. സമ്പത്തും സ്ഥാനമാനവും പ്രശസ്തിയും നേടാനുള്ള അവസരം മോശയ്ക്കുണ്ടായിരുന്നു. പക്ഷേ, “പാപത്തിന്റെ ക്ഷണികസുഖത്തെക്കാൾ ദൈവജനത്തോടൊപ്പമുള്ള കഷ്ടാനുഭവം അവൻ തിരഞ്ഞെടുത്തു.” കാരണം അവന് ദൈവത്തിൽ ശക്തമായ വിശ്വാസമുണ്ടായിരുന്നു. “അവൻ അദൃശ്യനായവനെ കണ്ടാലെന്നപോലെ ഉറച്ചുനിന്നു” എന്ന് തിരുവെഴുത്തുകൾ പറയുന്നു. (എബ്രായർ 11:24, 25, 27) അതെ, സ്വന്തം സുഖത്തെക്കാൾ ദൈവഹിതത്തിന് അവൻ മുൻതൂക്കം കൊടുത്തു. ദൈവം അവനെ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്തു. നിങ്ങൾ അങ്ങനെ ചെയ്താൽ ദൈവം നിങ്ങളെയും അനുഗ്രഹിക്കും.
നിങ്ങളെ കെണിയിലാക്കാൻ സാത്താൻ പല മാർഗങ്ങൾ ഉപയോഗിച്ചേക്കാം. പക്ഷേ അവന്റെ കെണികളിൽനിന്ന് രക്ഷപ്പെടാൻ നിങ്ങൾക്കാകും. “പിശാചിനോട് എതിർത്തുനിൽക്കുവിൻ; എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും” എന്ന് ദൈവവചനം പറയുന്നു. (യാക്കോബ് 4:7) നിങ്ങൾക്ക് എങ്ങനെ സാത്താനെ എതിർക്കാനാകും?
വിശുദ്ധ തിരുവെഴുത്തുകൾ പഠിക്കുന്നതിൽ തുടരുക. ദിവസവും ദൈവവചനം വായിക്കുക. അതിലെ ഉപദേശങ്ങൾ പഠിക്കുകയും പിൻപറ്റുകയും ചെയ്യുക. അങ്ങനെ ചെയ്യുന്നെങ്കിൽ “ദൈവത്തിൽനിന്നുള്ള സർവായുധവർഗം” ധരിക്കാനും സാത്താന്റെ ആക്രമണങ്ങളെ ചെറുക്കാനും നിങ്ങൾക്കാകും.—എഫെസ്യർ 6:13.
യഥാർഥ വിശ്വാസമുള്ളവരുമായി സഹവസിക്കുക. വിശുദ്ധ തിരുവെഴുത്തുകൾ വായിക്കുകയും പഠിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യുന്ന ആളുകളെ കണ്ടെത്തുക. ‘സ്നേഹത്തിനും സത്പ്രവൃത്തികൾക്കും ഉത്സാഹിപ്പിക്കാൻ തക്കവിധം പരസ്പരം കരുതൽ കാണിക്കുകയും . . . അന്യോന്യം പ്രോത്സാഹിപ്പിക്കുകയും’ ചെയ്യുന്നവരാണ് അവർ. വിശ്വാസത്തിൽ ബലിഷ്ഠരാകാൻ അവർ നിങ്ങളെ സഹായിക്കും.—എബ്രായർ 10:24, 25.
യഥാർഥ വിശ്വാസമുള്ളവരുമായി സഹവസിക്കുക
യഹോവയോട് അടുത്തു ചെല്ലുക. ദൈവത്തിന്റെ സഹായത്തിനായി പ്രാർഥിക്കുകയും അവനിൽ ആശ്രയിക്കുകയും ചെയ്യുക. നിങ്ങളെ സഹായിക്കാൻ ദൈവം സദാ സന്നദ്ധനാണെന്ന കാര്യം മറക്കരുത്. “അവൻ നിങ്ങളെക്കുറിച്ചു കരുതലുള്ളവനാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊള്ളുവിൻ.” (1 പത്രോസ് 5:6, 7) “ദൈവം വിശ്വസ്തൻ. നിങ്ങൾക്കു ചെറുക്കാനാവാത്ത ഒരു പ്രലോഭനം അവൻ അനുവദിക്കുകയില്ല. പ്രലോഭനം ഉണ്ടാകുമ്പോൾ നിങ്ങൾക്ക് അതിനെ അതിജീവിക്കാൻ കഴിയേണ്ടതിന് അവൻ അതോടൊപ്പം പോംവഴിയും ഉണ്ടാക്കും.”—1 കൊരിന്ത്യർ 10:13.
പരിശോധനകൾ ഉണ്ടായാൽ ആരും ദൈവത്തെ സേവിക്കില്ല എന്നു പറഞ്ഞുകൊണ്ട് ദൈവത്തെ വെല്ലുവിളിക്കുകയാണ് സാത്താൻ. എന്നാൽ സാത്താൻ നുണയനാണെന്നു തെളിയിക്കാനുള്ള അവസരം നിങ്ങൾക്കുണ്ട്! “എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക” എന്ന് ദൈവം നമ്മോട് പറയുന്നു. (സദൃശവാക്യങ്ങൾ 27:11) അതെ, യഥാർഥ വിശ്വാസമുള്ളവരാണ് നിങ്ങളെന്നു തെളിയിക്കാൻ ദൃഢനിശ്ചയം ചെയ്യുക!