ബ്രിട്ടനും രക്തവും എയ്ഡ്സും
രണ്ടുവർഷം മുമ്പ് വീക്ഷാഗോപുരം “യഹോവയുടെ പ്രമാണങ്ങൾ നമ്മെ സഹായിക്കുന്നു” എന്ന ലേഖനം പ്രസിദ്ധീകരിച്ചു. (സങ്കീർത്തനം 20:4) രക്തം സ്വീകരിക്കുന്നതിനെതിരായുള്ള ദൈവനിയമം അനുസരിക്കുന്ന ക്രിസ്ത്യാനികൾക്ക് ലഭിക്കുന്ന സംരക്ഷണം അവന്റെ സുരക്ഷിതവും സുനിശ്ചിതവുമായ മാർഗ്ഗരേഖകളിൽനിന്ന് ലഭിക്കുന്ന സഹായത്തിന്റെ ഒരു ദൃഷ്ടാന്തമെന്ന നിലയിൽ അത് ചൂണ്ടിക്കാണിച്ചു; അന്ന് ഐക്യനാടുകളിൽ ഒരു പുതിയ ആരോഗ്യഭീഷണിയായ എയ്ഡ്സിൽ ശ്രദ്ധകേന്ദ്രീകരിച്ചു തുടങ്ങിയതേയുണ്ടായിരുന്നുള്ളു. ഈ മാരകമായ രോഗം രക്തപ്പകർച്ചയിലൂടെ പരന്നേക്കാനിടയുണ്ടെന്നുള്ള അഭ്യൂഹങ്ങൾ അന്നുണ്ടായിരുന്നു. എന്നിരുന്നാലും, ദൈവനിയമം ലംഘിക്കുന്നതിൽ നിന്നുണ്ടാകുന്ന ഈ ഭീഷണി ഏതോ വിദൂരസ്ഥലത്ത് ഒതുങ്ങിനിൽക്കുന്നതാണ് എന്ന തോന്നൽ അന്ന് യൂറോപ്പിലേയും മററുസ്ഥലങ്ങളിലേയും വായനക്കാർക്ക് ഉണ്ടായിരുന്നിരിക്കാം. രണ്ടു വർഷത്തിനുശേഷം, ബ്രിട്ടനിൽനിന്നുള്ള ഈ പുതിയ വിവരങ്ങൾ പരിചിന്തിക്കുക.
എന്റെ സഹോദരിക്ക് ഒരു ശാസ്ത്രക്രിയയുടെ ആവശ്യമുണ്ട്, എന്നാൽ എയ്ഡ്സ പകരുമോ എന്ന ഭീതിയിലാണ്. ഞങ്ങൾ യഹോവയുടെ സാക്ഷികൾ അല്ല, എന്നാൽ രക്തം ഉപയോഗിക്കാതെ ശാസ്ത്രക്രിയ ചെയ്യുന്ന ഒരു ശാസ്ത്രക്രിയാവിദഗ്ദ്ധനെ ശുപാർശ ചെയ്തുകൊണ്ട് നിങ്ങൾക്ക് ഞങ്ങളെ സഹായിക്കാൻ കഴിയുമോ?” അത് ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള യഹോവയുടെ സാക്ഷികളുടെ മുഖ്യകാര്യാലയത്തിൽ ഈയിടെ ലഭിച്ച ഹൃദയംഗമമായ അപേക്ഷകളിൽ ഒന്നു മാത്രമായിരുന്നു. ഈ അപേക്ഷകളുടെ പിന്നിലുള്ള പ്രശ്നം എന്തായിരുന്നു?
ബ്രിട്ടിഷ് രക്തപ്പകർച്ചാ സേവനം അതിന്റെ തുടക്കം മുതൽ സ്വമേധയാദാനക്കാരിൽ നിന്നുള്ള രക്തദാനം സംബന്ധിച്ച് വീമ്പിളക്കിയിരുന്നു. “[ഒരു യൂണിററ് രക്തം] ദാനം ചെയ്തശേഷം ഒരു വിശ്രമവും ഒരു ലഘുഭക്ഷണവും തുടർന്ന് ജോലിക്ക് പോകാം. എന്തുകൊണ്ട് ഒന്നു പരിശോധിച്ച് നോക്കികൂടാ?” എന്നിങ്ങനെ അവരുടെ ഒരു പരസ്യ ലഘുലേഖ പ്രോത്സാഹനം നൽകുന്നു. തൽഫലമായി ഓരോ വർഷവും ജനസംഖ്യയുടെ 3 ശതമാനത്താൽ ഇരുപതുലക്ഷം സ്വമേധയാ ദാനങ്ങൾ നൽകപ്പെടുന്നു.
“ബ്രിട്ടനിലേപ്പോലെ വിലകൊടുക്കാതെ സ്വമേധയാ ദാനക്കാരിൽ നിന്ന് ശേഖരിക്കപ്പെടുന്ന രക്തം വില സ്വീകരിക്കുന്ന ആളുകളിൽനിന്ന് ശേഖരിക്കപ്പെടുന്നതിനേക്കാൾ ഗുണനിലവാരത്തിൽ ശ്രേഷ്ഠമാണ്.” എന്ന് ദ ഗാർഡിയൻ അവകാശപ്പെടുന്നു. മററു വാക്കുകളിൽ പറഞ്ഞാൽ ബ്രിട്ടൻ മദ്യാസക്തരിൽ നിന്നോ വിൽക്കാൻ മറെറാന്നുംഇല്ലാത്ത മററുള്ളവരിൽനിന്നോ വിലയ്ക്കു വാങ്ങുന്ന രക്തത്തിൽ നിന്നുള്ള സാംക്രമികരോഗബാധയുടെ അപകടം ഒഴിവാക്കിയിരിക്കുന്നതായി ദീർഘകാലം വീക്ഷിച്ചിരുന്നു. എന്നാൽ മുമ്പില്ലാത്ത വിധം പൊതുവിശ്വാസത്തിന്റെ നഷ്ടത്തിൽ കലാശിച്ചുകൊണ്ട് ഈയിടെയുണ്ടായ ചില സംഭവങ്ങൾ ഈ അവസ്ഥയുടെ ഗുരുതരമായ ന്യൂനതകൾ വെളിപ്പെടുത്തുകയുണ്ടായി. രണ്ട് രക്തസ്രാവരോഗികൾക്കുണ്ടായ മരണത്തേതുടർന്ന് ദേശീയ ആരോഗ്യസേവനത്തിന്റെ “രക്തസംഭാരം മേലാൽ സുരക്ഷിതമായി പരിഗണിക്കാൻ കഴിയില്ല” എന്ന് രക്തസ്രാവരോഗികളുടെ സമുദായത്തിന്റെ വക്താവ് പറഞ്ഞു. എന്തു സംഭവിച്ചു?
രക്തത്തിലുള്ള എല്ലാ രോഗവും പരിശോധിച്ച് കണ്ടുപിടിക്കുക അസാദ്ധ്യമാണെന്നും കരൾവീക്കമോ മലമ്പനിയോപോലെ ഗരുതരമായ സാംക്രമികരോഗങ്ങൾ രക്തപ്പകർച്ചയിലൂടെ പകർന്നേക്കാമെന്നും വർഷങ്ങളായി അറിവുള്ള കാര്യമായിരുന്നെങ്കിലും അത്തരം അപകടങ്ങൾ ബ്രിട്ടനിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നില്ല. ദാനം ചെയ്യുന്ന രക്തത്തെ ഭയപ്പെടേണ്ടതില്ല എന്നതായിരുന്നു എല്ലായ്പ്പോഴും അനുമാനം. എന്നാൽ ദ ഡെയ്ലി ടെലഗ്രാഫ് ഇപ്രകാരം ഒരു നിഗമനത്തിലെത്താൻ ഇടയാക്കിക്കൊണ്ട് ഞെട്ടിക്കുന്ന രണ്ട് ഘടകങ്ങൾ ഒത്തുചേർന്നു: “രക്ത സംഭാരത്തിലേക്ക് ചോർന്നിറങ്ങുന്നതിൽനിന്ന് എയ്ഡ്സ വൈറസ്സിനെ തടയാനുള്ള യുദ്ധത്തിൽ ബ്രിട്ടൻ പരാജയപ്പെട്ടിരിക്കുന്നു.”
പല വർഷങ്ങളായി ബ്രിട്ടൻ അന്യരാജ്യങ്ങളിൽനിന്ന് രക്തം വിലയ്ക്കു വാങ്ങിയിരുന്നുവെന്ന് പത്രറിപ്പോർട്ടുകൾ വെളിപ്പെടുത്തിയപ്പോൾ ആദ്യ ഞെട്ടൽ ഉണ്ടായി. “രക്തത്തിലൂടെ പകരുന്ന രോഗങ്ങൾ ഒരു ഉയർന്ന നിരക്കിലുള്ള ദരിദ്രരാജ്യങ്ങളിൽനിന്ന് രക്തം വാങ്ങിക്കൊണ്ടിരിക്കുന്നു.” എന്ന് ഒരു യൂണിയൻ പ്രതിനിധി രക്തോൽപന്നങ്ങൾ ഉണ്ടാക്കുന്ന ഒരു പരീക്ഷണശാലയിൽ വെളിപ്പെടുത്തി. അതിനുപുറമെ, ഘനീഭവിപ്പിച്ച VIII-ാം ഘടകത്തിന്റെ 70 ദശലക്ഷം യൂണിററുകൾ ഐക്യനാടുകളിൽനിന്ന് ഇറക്കുമതി ചെയ്യുന്നു, ബ്രിട്ടനിലെ രക്തസ്രാവരോഗികളെ ചികിൽസിക്കാൻ അത് ഉപയോഗിക്കുകയും ചെയ്യുന്നു. ഏതാണ്ട് 2500 രക്തദാതാക്കളിൽനിന്ന് ശേഖരിക്കുന്ന രക്ഷ രസത്തിൽ നിന്നാണ് VIII-ാം ഘടകത്തിന്റെ ഓരോ ഗണവും നിർമ്മിക്കപ്പെടുന്നത്. ഈ രക്തോല്പന്നം ഇറക്കുമതി ചെയ്തതിനാലാണ് എയ്ഡ്സ് വൈറസ്സ് ബ്രിട്ടീഷ് രക്ഷ സംഭാരത്തിലേക്ക് പകർന്നത് എന്ന് തോന്നുന്നു.
ബ്രിട്ടീഷ് ദ്വീപുകളിൽതന്നെയുള്ള സ്വവർഗ്ഗ സംഭോഗികളായ ദാതാക്കളിൽനിന്ന് എയ്ഡ്സ് രോഗബാധ ഉണ്ടായതായി സ്ഥിരീകരിക്കപ്പെട്ടപ്പോൾ കൂടുതലായ ഞെട്ടൽ ഉണ്ടായി. സ്വവർഗ്ഗ സംഭോഗികൾക്ക് എയ്ഡ്സ് ഉണ്ടായിരിക്കാനുള്ള ഉയർന്ന സാദ്ധ്യത നിമിത്തം രക്തം ദാനം ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നവരിൽ അവരും ഉൾപ്പെട്ടിരുന്നെങ്കിലും, മുന്നറിയിപ്പ് വേണ്ടത്ര ശക്തമായ ഭാഷയിൽ ആയിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് സമ്മതിച്ചു. എയ്ഡ്സ് സംബന്ധിച്ച അവരുടെ ലഘുലേഖയിലെ മുന്നറിയിപ്പ് “അനേകം വ്യത്യസ്ത പങ്കാളികളുള്ള സ്വവർഗ്ഗസംഭോഗികളായ പുരുഷൻമാരെ സംബന്ധിച്ച്” മാത്രമേ പറഞ്ഞുള്ളു. എയ്ഡ്സ് അത് രക്ഷ ദാതാക്കളെ ബാധിക്കുന്നതെങ്ങനെ എന്ന ലഘുലേഖയുടെ ഉപരിമുദ്രണം “സ്വവർഗ്ഗസംഭോഗികളും ഭിന്നവർഗ്ഗ സംഭോഗികളും ആയ പുരുഷൻമാർ വിശേഷിച്ചും” എയ്ഡ്സ് “പെട്ടെന്നു ബാധിക്കാൻ” ഇടയുള്ളവരാണ് എന്ന് പ്രത്യേകം പ്രസ്താവിക്കുന്നു. എന്നാൽ മുന്നറിയിപ്പ് വന്നത് വളരെ വൈകിയാണ്. ഒരു നവജാതശിശു ഉൾപ്പെടെ 40-ലധികം വ്യക്തികളെ, 1985-ന്റെ ആരംഭത്തിൽ രോഗം ബാധിച്ചിരുന്നു. അതിനു പുറമെ, എയ്ഡ്സ് വൈറസ്സിന് രണ്ടുവർഷം വരെയുള്ള ഒരു അടയിരുപ്പ് കാലം ഉണ്ട് എന്ന കുഴക്കുന്ന വസ്തുത സ്ഥിതിചെയ്യുന്നു. അതുകൊണ്ട് എത്രപേർക്കു കൂടെ ഇപ്പോൾതന്നെ രോഗം ബാധിച്ചിട്ടുണ്ടാകും? ദ സൺഡെ ടൈംസ് പ്രസ്താവിച്ച പ്രകാരം ഒരു “ടൈം-ബോംബ് ഘടകം” ഉണ്ട്. തദനുസരണം, ദേശീയ രക്തപ്പകർച്ചാസേവനം ബ്രിട്ടനിൽ രക്തം ദാനം ചെയ്യാനിടയുള്ള എല്ലാവർക്കുമായി കൂടുതലായി ഒരു ലഘുലേഖകൂടെ തയ്യാറാക്കി, നിങ്ങൾ രക്തം കൊടുക്കരുതാത്തതിന്റെ ചില കാരണങ്ങൾ എന്നതു തന്നെ.
ബ്രിട്ടനിൽ എയ്ഡ്സ് റിപ്പോർട്ട് ചെയ്യപ്പെട്ട 100 രോഗികളിലെ ഏതാണ്ട് 50 പേർ ഇതിനകം മരിച്ചു കഴിഞ്ഞു. ഇപ്പോൾ ഓരോ എട്ടുമാസം കൂടുമ്പോഴും രോഗം ബാധിച്ച ആളുകളുടെ എണ്ണം ഇരട്ടിക്കുകയാണ്. അഞ്ചു വർഷത്തിനുള്ളിൽ 12,000-ലധികം രോഗികൾ ഉണ്ടായിരിക്കുമെന്ന് സൺഡെ ടൈംസിന്റെ ഒരു വൈദ്യശാസ്ത്ര ലേഖകൻ കണക്കാക്കി. എയ്ഡ്സ് വ്യാപിക്കുന്നത് തടയാൻ നടപടിയൊന്നും സ്വീകരിക്കുന്നില്ലെങ്കിൽ 1991 ആകുമ്പോഴേക്കും ബ്രിട്ടീഷ് ദ്വീപുകളിൽ പത്തുലക്ഷം ആളുകളെ അത് ബാധിച്ചിരിക്കുമെന്ന റോയൽ കോളജ് ഓഫ് നേഴ്സിങ്ങിന്റെ കണക്കുകൂട്ടൽ അതിലുമധികം ഞെട്ടിക്കുന്നതാണ്.
മുകളിൽ പരാമർശിച്ച അന്വേഷകൻ ഇപ്രകാരം പറഞ്ഞു: “രക്തപ്പകർച്ചയുടെ സംഗതിയിൽ യഹോവയുടെ സാക്ഷികളായ നിങ്ങളുടെ നിലപാടാണ് ശരിയെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നതായി തോന്നുന്നു.” കുറേകൂടെ കൃത്യമായി പറഞ്ഞാൽ, തന്റെ വചനമായ ബൈബിളിലൂടെ യഹോവയാം ദൈവത്തിന്റെ പക്ഷം ശരിയെന്ന് തെളിഞ്ഞിരിക്കുന്നു. നൂററാണ്ടുകൾക്കു മുമ്പ് ‘രക്തത്തിൽ നിന്ന് ഒഴിഞ്ഞിരിക്കാൻ’ അവൻ ക്രിസ്ത്യാനികളോടു കല്പിച്ചു. (പ്രവൃത്തികൾ 15:29; 21:25) അവന്റെ ആലോചനയും പ്രമാണങ്ങളും അവന്റെ ജനത്തിന് ഒരു സംരക്ഷണമാണെന്ന് തെളിഞ്ഞിരിക്കുന്നു, തുടർന്നും അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും. (w85 6/15)
[30-ാം പേജിലെ ചതുരം]
എയ്ഡ്സ് എന്താണ്?
എയ്ഡ്സ (AIDS) എന്നത് അക്വയർഡ് ഇമ്മ്യൂൺ ഡിഫിഷ്യൻസി സിൻഡ്രോം എന്നതിന്റെ ആദ്യ അക്ഷരങ്ങൾ ചേർത്തുണ്ടാക്കിയിട്ടുള്ള ഒരു പദമാണ്. എയ്ഡ്സ അതുതന്നെ ആളുകളെ കൊല്ലുന്നില്ല. എന്നാൽ അതിന്റെ പേര് സൂചിപ്പിക്കുന്ന പ്രകാരം രോഗിയുടെ രോഗപ്രതിരോധ വ്യവസ്ഥ വികലമാകുന്നു. ഈ സംരക്ഷണം ഇല്ലാത്തതുകൊണ്ട് ഈ രോഗമുള്ള വ്യക്തി സാധാരണ ഗതിയിൽ ന്യൂമോണിയ പോലുള്ള അണുബാധയുടെ ഫലമായോ കപോസീസ് സർകോമാ പോലെ വിരളമായ ഒരുതരം ചർമ്മ കാൻസറിന്റെ ഫലമായോ മരിക്കുന്നു. രോഗം കണ്ടുപിടിക്കുകയും നിർണ്ണയിക്കുകയും ചെയ്യുന്ന കാര്യത്തിൽ ഗവേഷണം ആദ്യഘട്ടത്തിലാണ്, ഇതുവരെ എയ്ഡ്സിന് അറിയപ്പെടുന്ന ഒരു പ്രതിവിധിയുമില്ല.