യേശുവിന്റെ ജീവിതവും ശുശ്രൂഷയും
ശമര്യാക്കാർ പലരും വിശ്വസിക്കുന്നു
ശിഷ്യൻമാർ സുഖാറിൽനിന്ന് ഭക്ഷണവുമായി മടങ്ങിവരുമ്പോൾ, അവർ യേശുവിനെ യാക്കോബിന്റെ കിണററിങ്കൽ കണ്ടെത്തുന്നു. അവിടെയാണ് അവർ അവനെ വിട്ടിട്ടുപോയത്. എന്നാൽ അവൻ ഇപ്പോൾ ഒരു ശമര്യസ്ത്രീയുമായി സംസാരിക്കുകയാണ്. ശിഷ്യൻമാർ എത്തുമ്പോൾ അവൾ വെള്ളപാത്രം അവിടെ വെച്ചിട്ട് പട്ടണത്തിലേക്ക് പോകുന്നു.
യേശു അവളോട് പറഞ്ഞ കാര്യങ്ങളിലെ ആഴമായ താല്പര്യം നിമിത്തം, അവൾ പട്ടണവാസികളോട് ഇപ്രകാരം പറയുന്നു: “ഞാൻ ചെയ്തതൊക്കെയും എന്നോട് പറഞ്ഞ ഒരു മനുഷ്യനെ വന്നു കാൺമിൻ.” അതിനുശേഷം ജിജ്ഞാസ വർദ്ധിപ്പിക്കത്തക്കവിധത്തിൽ അവൾ ഇപ്രകാരം ചോദിക്കുന്നു: “അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ?” ആ ചോദ്യം അതിന്റെ ലക്ഷ്യം സാധിക്കുന്നു—അവർ അവനെ നേരിൽ കാണുന്നതിന് പുറപ്പെടുന്നു.
അതിനിടയിൽ, തങ്ങൾ പട്ടണത്തിൽ നിന്ന് കൊണ്ടുവന്ന ആഹാരം ഭക്ഷിക്കുന്നതിന് ശിഷ്യൻമാർ യേശുവിനോടപേക്ഷിക്കുന്നു. എന്നാൽ അവൻ ഇപ്രകാരം ഉത്തരം പറയുന്നു: “നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്കുണ്ട്.”
“അവനുവേണ്ടി ആരെങ്കിലും എന്തെങ്കിലും കൊണ്ടുവന്നുവോ?” ശിഷ്യൻമാർ അന്യോന്യം ചോദിക്കുന്നു. അപ്പോൾ യേശു വിശദീകരിക്കുന്നു: ‘എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യുകയും അവന്റെ വേല തീർക്കുകയും ചെയ്യുന്നതാണ് എന്റെ ആഹാരം. കൊയ്ത്തിനുമുമ്പ് ഇനി നാല് മാസമുണ്ടെന്ന് നിങ്ങൾ പറയുന്നില്ലയോ?’ എന്നാൽ ആത്മീയ കൊയ്ത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് യേശു പറയുന്നു: ‘ഇപ്പോൾ തന്നെ കൊയ്ത്തുകാരന് കൂലി ലഭിക്കുകയും നിത്യജീവനുവേണ്ടി ഫലം ശേഖരിക്കുകയും ചെയ്യുന്നു.’
ഒരുപക്ഷേ യേശുവിന് ശമര്യസ്ത്രീയുടെ സാക്ഷീകരണത്തിന്റെ ഫലം കാണാൻ കഴിഞ്ഞിരിക്കാം—അതായത് അവളുടെ സാക്ഷ്യത്തിന്റെ ഫലമായി അനേകർ അവനിൽ വിശ്വാസമർപ്പിക്കുന്നത്.
സുഖാർ നിവാസികൾ കിണററിങ്കൽ അവനെ കാണാൻ എത്തിയപ്പോൾ, തങ്ങളോട് കൂടുതൽ കാര്യങ്ങൾ പറയുന്നതിനായി അവിടെ പാർക്കാൻ ആവശ്യപ്പെടുന്നു. യേശു ക്ഷണം സ്വീകരിക്കുകയും രണ്ട് ദിവസം അവിടെ കഴിയുകയും ചെയ്യുന്നു.
ശമര്യർ യേശുവിനെ ശ്രദ്ധിക്കുമളവിൽ മററനേകർ അവനിൽ വിശ്വസിക്കുന്നു. പിന്നീട് അവർ സ്ത്രീയോട് ഇപ്രകാരം പറയുന്നു: ‘ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നത്; എന്തുകൊണ്ടെന്നാൽ ഞങ്ങൾതന്നെ കേൾക്കുകയും അവൻ സാക്ഷാൽ ലോക രക്ഷിതാവ് എന്ന് അറിയുകയും ചെയ്തിരിക്കുന്നു.” ആകാംക്ഷ ജനിപ്പിച്ചുകൊണ്ട് ക്രിസ്തുവിനെക്കുറിച്ച് സാക്ഷ്യം പറയാൻ കഴിയുന്ന നല്ലോരു ദൃഷ്ടാന്തം വാസ്തവത്തിൽ ഈ ശമര്യസ്ത്രീ പ്രദാനം ചെയ്യുന്നു. അപ്രകാരം ചെയ്താൽ ശ്രോതാക്കൾ കൂടുതൽ അറിയാൻ ആഗ്രഹിക്കും.
ഇത് കൊയ്ത്തിന്—സ്പഷ്ടമായും പലസ്തീനിൽ വസന്തകാലത്ത് നടക്കുന്ന യവ കൊയ്ത്തിന്—നാല് മാസം മുമ്പാണെന്ന് ഓർക്കുക. അതിനാൽ ഇത് ഒരുപക്ഷേ നവംബറോ ഡിസംബറോ ആണ്. ഇതിന്റെയർത്ഥം പൊ. യു. 30-ലെ പെസഹായെ തുടർന്ന് യേശുവും അവന്റെ ശിഷ്യൻമാരും പഠിപ്പിക്കുകയും സ്നാനപ്പെടുത്തുകയും ചെയ്തുകൊണ്ട് യഹൂദ്യയിൽ ഏതാണ്ട് എട്ട് മാസം ചെലവഴിച്ചിരിക്കണം. അവർ ഇപ്പോൾ തങ്ങളുടെ സ്വന്ത പ്രദേശമായ ഗലീലയ്ക്കു പുറപ്പെടുന്നു. അവിടെ എന്താണ് സംഭവിക്കുന്നത്? യോഹന്നാൻ 4:27-42.
◆ ശമര്യസ്ത്രീ എന്ത് സാക്ഷ്യം നൽകുന്നു, പരിണതഫലമെന്ത്?
◆ യേശുവിന്റെ ആഹാരം കൊയ്ത്തിനോട് ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ?
◆ പൊ. യു. 30-ലെ പെസഹായെ തുടർന്നുള്ള യേശുവിന്റെ യഹൂദ്യയിലെ ശുശ്രൂഷയുടെ ദൈർഘ്യം നമുക്ക് നിർണ്ണയിക്കാൻ കഴിയുന്നതെങ്ങനെ? (w86 1/15)
[15-ാം പേജ് നിറയെയുള്ള ചിത്രം]