‘സമൃദ്ധമായി വിതച്ച് സമൃദ്ധമായി കൊയ്യുക’
“അല്പമായി വിതയ്ക്കുന്നവൻ അല്പമായി കൊയ്യും; സമൃദ്ധമായി വിതക്കുന്നവൻ സമൃദ്ധമായി കൊയ്യും.”—2 കൊരിന്ത്യർ 9:6.
1. യഹോവയാം ദൈവം പ്രപഞ്ചത്തിൽ ഏററവും സന്തുഷ്ടനായ വ്യക്തിയായിരിക്കുന്നതെന്തുകൊണ്ട്?
മ്മുടെ ദൈവമായ യഹോവ “സന്തുഷ്ടനായ ദൈവം” ആണ്. അതിന്റെ ഒരു കാരണം അവൻ ഒരു ഉദാര ദാതാവാണ് എന്നതുതന്നെ. അവന്റെ പുത്രനായ യേശുക്രിസ്തു ഇപ്രകാരം വിശദീകരിച്ചു: “സ്വീകരിക്കുന്നതിലുള്ളതിനേക്കാൾ കൂടുതൽ സന്തുഷ്ടി കൊടുക്കുന്നതിലുണ്ട്.” (1 തിമൊഥെയോസ് 1:11; പ്രവൃത്തികൾ 20:35) യഹോവ കൊടുത്തിട്ടുള്ളതിലുമധികം ആരും കൊടുത്തിട്ടില്ല—തന്റെ ഏകജാത പുത്രനായ ലോഗോസിനെ ജനിപ്പിച്ചതുമുതൽ ഇന്നുവരെ അങ്ങനെ ചെയ്തിരിക്കുന്നു. അതുകൊണ്ട് സംശയലേശമെന്യേ അവനാണ് മുഴുപ്രപഞ്ചത്തിലും വെച്ച് ഏററവും സന്തഷ്ടനായ വ്യക്തി.
2, 3. (എ) ദൈവം ഏതു വിധങ്ങളിൽ സമൃദ്ധമായി വിതച്ചിരിക്കുന്നു? (ബി) യഹോവ സമൃദ്ധമായി കൊയ്തിരിക്കുന്നുവെന്നും ഇനിയും കൊയ്യുമെന്നും പറയാൻ കഴിയുന്നതെന്തുകൊണ്ട്?
2 ഏതാണ്ട് സമാനമായ ഒരു തത്വം 2 കൊരിന്ത്യർ 9:6-ൽ പ്രസ്താവിക്കുന്നു: “അല്പമായി വിതയ്ക്കുന്നവൻ അല്പമായി കൊയ്യും; സമൃദ്ധമായി വിതയ്ക്കുന്നവൻ സമൃദ്ധമായി കൊയ്യും.” തന്റെ സൃഷ്ടിക്രിയകളുടെ കാര്യത്തിൽ യഹോവ എത്ര സമൃദ്ധമായി വിതച്ചിരിക്കുന്നു! ശതകോടിക്കണക്കിന് ആത്മജീവികളേക്കുറിച്ച് അവന്റെ വചനം പറയുന്നു. (വെളിപ്പാട് 5:11) നക്ഷത്ര നിബിഡമായ ആകാശങ്ങളിലെ എണ്ണമററ താരാപംക്തികളേക്കുറിച്ച് ചിന്തിക്കുക, അവയിൽ ഓരോന്നിലും സഹസ്രലക്ഷക്കണക്കിന് നക്ഷത്രങ്ങൾ ഉണ്ട്. നാം ഈ ഭൂമിയിലേക്കു വരുമ്പോൾ, യഹോവയാം ദൈവം ജീവനുള്ളതും ജീവനില്ലാത്തതും ആയി എണ്ണിത്തീർക്കാൻ കഴിയാത്ത എത്ര വിഭിന്ന വസ്തുക്കളാണ് സൃഷ്ടിച്ചിരിക്കുന്നത്! തീർച്ചയായും “ഭൂമി അവന്റെ ഉല്പന്നങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു.’ (സങ്കീർത്തനം 104:24) അതിലുപരി, അവൻ നമ്മുടെ മനസ്സിലും ഇന്ദ്രിയങ്ങളിലും നമ്മുടെ ശരീരത്തിലും ആയി എത്ര സമൃദ്ധമായി ദാനങ്ങൾ നൽകിയിരിക്കുന്നു! സത്യത്തിൽ നാം “അത്ഭുതകരമായി നിർമ്മിക്ക“പ്പെട്ടിരിക്കുന്നു.—സങ്കീർത്തനം 139:14.
3 യഹോവയാം ദൈവം സമൃദ്ധമായി വിതച്ചിരിക്കുന്നു എന്ന കാര്യത്തിൽ തർക്കമില്ല. ഇത് അവന്റെ സൃഷ്ടിക്രിയകളിൽ മാത്രമല്ല, പിന്നെയോ ഭൗമിക ജീവികളോടുള്ള അവന്റെ ഇടപെടലുകളിലും സത്യമാണ്. എങ്കിലും അവൻ സമൃദ്ധമായി കൊയ്തിട്ടുണ്ടോ? തീർച്ചയായും കൊയ്തിട്ടുണ്ട്! ഏതുവിധത്തിൽ? സ്നേഹത്തിൽനിന്ന് അവനെ സേവിക്കുന്ന വളരെയധികം ബുദ്ധിജീവികൾ അവന് ഉണ്ടായിരുന്നിട്ടുണ്ട്, ഇപ്പോഴും ഉണ്ട്, എന്നും ഉണ്ടായിരിക്കും എന്നതിൽതന്നെ. അവർ അപ്രകാരം ചെയ്യുന്നത് യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു, വിശേഷിച്ചും നിന്ദകനായ പിശാച് ഒരു ഭോഷ്ക്കാളിയാണെന്ന് അത് തെളിയിക്കുമ്പോൾ.—സദൃശവാക്യങ്ങൾ 27:11.
4. 2 കൊരിന്ത്യർ 9:6-ലെ തത്വം നമ്മുടെ കാലം ഉൾപ്പെടെ എല്ലാ കാലത്തും ബാധകമായിരിക്കുന്നതെങ്ങനെ?
4 ലോഗോസ് മുതൽ യഹോവയാം ദൈവത്തിന്റെ അനേകം വിശ്വസ്തദാസൻമാർ അതുപോലെതന്നെ സമൃദ്ധമായി വിതയ്ക്കുകയും സമൃദ്ധമായി കൊയ്യുകയും ചെയ്തിട്ടുണ്ടെന്നുള്ളതിന്റെ വർദ്ധിച്ച സാക്ഷ്യം ബൈബിളിൽ അടങ്ങിയിരിക്കുന്നു. ഇത് അപ്രകാരം ആയിരിക്കേണ്ടതാണ്, കാരണം യഹോവയുടെ തത്വങ്ങൾ എല്ലാ കാലത്തും എല്ലാ വ്യക്തികൾക്കും ബാധകമാകുന്നു. അതുകൊണ്ട് വിതയ്ക്കൽ സംബന്ധിച്ച തത്വം നിങ്ങളുടെ ജീവിതത്തിലും സത്യമെന്ന് തെളിഞ്ഞേക്കാം.
5, 6. (എ) ഏതു ശത്രുക്കൾ, നാം സമൃദ്ധമായി വിതയ്ക്കുന്നത് ദുഷ്ക്കരമാക്കിത്തീർക്കുന്നു? (ബി) നാം എന്തു ചെയ്യാൻ മനസ്സുള്ളവരായിരിക്കണം, നമ്മുടെ വിശുദ്ധസേവനത്തിന്റെ ഏതു വശങ്ങളിൽ?
5 തിരുവെഴുത്തുകൾ, നാം സമൃദ്ധമായി വിതയ്ക്കുന്നതിനുള്ള കാരണങ്ങളും ദൃഷ്ടാന്തങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നെങ്കിലും അത് എളുപ്പമായ ഒരു കാര്യമല്ല. എന്തുകൊണ്ടല്ല? എന്തുകൊണ്ടെന്നാൽ നാം അങ്ങനെ ചെയ്യുന്നതിനെ എതിർക്കുന്ന മൂന്ന് ശത്രുക്കൾ ഉണ്ട്. ഒന്നാമതായി, സ്വാർത്ഥതയിലേക്കുള്ള നമ്മുടെതന്നെ അവകാശപ്പെടുത്തിയ ചായ്വുണ്ട്. നാം ഉല്പത്തി 8:21-ൽ ഇപ്രകാരം വായിക്കുന്നു: “മമനുഷ്യന്റെ ഹൃദയത്തിന്റെ ചായ്വ് അവന്റെ ബാല്യം മുതൽ ചീത്തയാകുന്നു.” മാനുഷഹൃദയം വഞ്ചനാത്മകവും സാഹസികവും ആണെന്ന് ദൈവവചനം നമുക്ക് അറിവു നൽകുന്നു. (യിരെമ്യാവ് 17:9) രണ്ടാമതായി, നാം ദുഷ്ടനായവന്റെ അധികാരത്തിൽ കിടക്കുന്ന ദുഷ്ടലോകത്തിന്റെ സമ്മർദ്ദത്തെ ചെറുത്തുനിൽക്കേണ്ടതുണ്ട്. (1 യോഹന്നാൻ 5:19) മൂന്നാമതായി, നാം ജാഗ്രത വെടിയുന്നെങ്കിൽ നമ്മെ വിഴുങ്ങാൻ തയ്യാറായി നിൽക്കുന്ന പിശാചുതന്നെയും.—1 പത്രോസ് 5:8.
6 ആ മൂന്നു ശത്രുക്കളെ സംബന്ധിച്ച് നിങ്ങൾ നിരന്തരം ജാഗ്രതയുള്ളവരാണോ? ഈ എതിരാളികൾ നിമിത്തം നാം ‘ബുദ്ധ്യുപദേശം ശ്രദ്ധിക്കാനും ശിക്ഷണം സ്വീകരിക്കാനും’ ഉത്സാഹമുള്ളവരായിരിക്കണം, ‘നമ്മുടെ ഭാവിയിൽ നാം ജ്ഞാനികളായിരിക്കേണ്ടതിനുതന്നെ.’ (സദൃശവാക്യങ്ങൾ 19:20) വാസ്തവത്തിൽ, നാം അപ്പോസ്തലനായ പൗലോസ് ചെയ്തതുപോലെ ചെയ്യേണ്ടതുണ്ട്, ‘നമ്മുടെ ശരീരങ്ങളെ ദണ്ഡിപ്പിച്ച് അടിമകളേപ്പോലെ നയിക്കേണ്ടതുണ്ട്,’ അല്ലാത്തപക്ഷം നമുക്ക് ഒടുവിൽ നഷ്ടം ഭവിക്കും. (1 കൊരിന്ത്യർ 9:27) നാം സമൃദ്ധമായി വിതയ്ക്കുന്നെങ്കിൽ സമൃദ്ധമായി കൊയ്യും എന്ന തത്വം യഹോവയുടെ ക്രിസ്തീയ സാക്ഷികളെല്ലാം ഏർപ്പെട്ടിരിക്കുന്ന വിശുദ്ധസേവനത്തിന്റെ എല്ലാ വശങ്ങൾക്കും ബാധകമാകുന്നു. അതെ, നാം എവിടെ നോക്കിയാലും ഈ തത്വം ബാധകമാകുന്നതായി നാം കണ്ടെത്തുന്നു: നമ്മുടെ വ്യക്തിപരമായ പഠനത്തിലും നമ്മുടെ യോഗ ഹാജരിലും നമ്മുടെ പ്രാർത്ഥനകളിലും ഔപചാരികവും അനൗപചാരികവുമായ നമ്മുടെ സാക്ഷീകരണത്തിലും നമ്മുടെ കുടുംബബന്ധങ്ങളിലും തന്നെ.
ബൈബിൾ പഠനത്തിന്റെ സംഗതിയിൽ സമൃദ്ധമായി വിതയ്ക്കൽ
7, 8. നമ്മുടെ വ്യക്തിപരമായ ബൈബിൾ പഠനത്തിന്റെ സംഗതിയിൽ സമൃദ്ധമായി വിതയ്ക്കുന്നതിന് നമുക്ക് എന്തുണ്ടായിരിക്കണം? (ബി) നാം ഏതുലക്ഷ്യങ്ങൾ വെക്കണം, നമുക്ക് ഇവയിൽ എങ്ങനെ ചെന്നെത്താം?
7 യഹോവയാം ദൈവത്തിന്റെ ഫലപ്രദരായ ശുശ്രൂഷകർ ആയിരിക്കുന്നതിന് നമ്മുടെ വ്യക്തിപരമായ ബൈബിൾ പഠനത്തിന്റെ സംഗതിയിൽ നാം ഒന്നാമതായി സമൃദ്ധമായി വിതയ്ക്കേണ്ടിയിരിക്കുന്നു. നാം ഭൗതിക വസ്തുക്കൾകൊണ്ട് മാത്രം ജീവിക്കുന്നില്ലെന്ന് വിലമതിച്ചുകൊണ്ട് നമുക്ക് തീവ്രമായ ഒരു ആത്മീയ വിശപ്പുണ്ടായിരിക്കണം. നമ്മെ ഞെരുക്കുന്ന അനുദിന ജീവിതത്തിലെ ചുമതലകളും പ്രവർത്തനങ്ങളും എല്ലാം ഉള്ളതുകൊണ്ട് നമ്മുടെ ആത്മീയ ആവശ്യം സംബന്ധിച്ച് അറിവുണ്ടായിരിക്കുന്നതിന് ബോധപൂർവ്വമായ ശ്രമം ആവശ്യമാണ്. (മത്തായി 13:19) “വലിയ കൊള്ളമുതൽ കണ്ടെത്തുമ്പോൾ ഒരുവൻ ചെയ്യുന്നതുപോലെ ഞാൻ നിന്റെ വചനത്തിൽ ആനന്ദിക്കുന്നു” എന്ന് എഴുതിയപ്പോൾ സങ്കീർത്തനക്കാരന് ഉണ്ടായിരുന്ന ദൈവവചനത്തോടുള്ള വിലമതിപ്പ് നമുക്ക് വ്യക്തിപരമായി ഉണ്ടായിരിക്കുന്നത് ഉത്തമമായിരിക്കും.—സങ്കീർത്തനം 119:162.
8 ‘അവസരോചിതമായ സമയം വിലക്കു വാങ്ങിക്കൊണ്ട്, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായി നടക്കുവാൻ കർശനമായി സൂക്ഷിച്ചുകൊൾവിൻ’ എന്ന ബുദ്ധ്യുപദേശം നാം ചെവിക്കൊള്ളുന്നത് ഈ ബന്ധത്തിൽ ഒരു സുനിശ്ചിത സഹായം ആണ്. (എഫേസ്യർ 5:15, 16) ഈ ബന്ധത്തിൽ നിങ്ങൾ നിങ്ങളെത്തന്നെ പരിശോധിച്ചുനോക്കാൻ ആഗ്രഹിച്ചേക്കാം. ഇപ്രകാരം ചോദിക്കുക: ഓരോ വീക്ഷാഗോപുരവും ഉണരുക!യും ലഭിക്കുമ്പോൾ അതു വായിക്കാൻ സമയം കണ്ടെത്തുന്നതിന് ഞാൻ എന്റെ കാര്യാധികൾ ക്രമീകരിക്കുന്നുവോ? വാർഷിക പുസ്തകത്തെയും ബയൻറിട്ട പുസ്തകങ്ങളെയും കൺവെൻഷനുകളിൽ നമുക്കു ലഭിക്കുന്ന മററ് സാഹിത്യങ്ങളെയും സംബന്ധിച്ചെന്ത്? ഇവ വായിക്കുന്നതിന് ഒന്നോ രണ്ടോ മണിക്കൂറുകൾ കണ്ടെത്തുവാൻ നമുക്ക് എപ്പോഴും കഴിയില്ലായിരിക്കാം, എന്നാൽ ജാഗ്രതയുള്ളവരായിരിക്കുന്നതിനാൽ ബൈബിളിലെ ഒരദ്ധ്യായമോ മാസികയിലെ ഒരു ലേഖനമോ വായിക്കുന്നതിന് നമുക്ക് അവിടെയും ഇവിടെയും ഏതാനും മിനിട്ടുകൾ കണ്ടെത്താൻ കഴിയും. തങ്ങൾക്ക് ഏററവും അധികം ഉണർവ്വുള്ളപ്പോൾ വായിക്കുന്നതിന് ഓരോ ദിവസവും 10-ഓ 15-ഓ മിനിട്ട് നേരത്തെ എഴുന്നേൽക്കാൻ ക്രമീകരിക്കുന്ന ക്രിസ്ത്യാനികൾ കുറച്ചൊന്നുമല്ല. വാഹനങ്ങളിൽ യാത്രചെയ്യുമ്പോൾ തങ്ങൾക്ക് വളരെയധികം വായന നിർവ്വഹിക്കാൻ കഴിയുമെന്ന് മററുള്ളവർ കണ്ടെത്തുന്നു. നിങ്ങളെ സംബന്ധിച്ചെന്ത്?
9. നമ്മുടെ വ്യക്തിപരമായ ബൈബിൾ പഠനത്തിന്റെ സംഗതിയിൽ നമുക്ക് എങ്ങനെ സമൃദ്ധമായി കൊയ്യാം?
9 ഈ വിധങ്ങളിൽ സമൃദ്ധമായി വിതയ്ക്കുന്നതിനാൽ നമുക്ക് സമൃദ്ധമായി കൊയ്യുവാൻ പ്രതീക്ഷിക്കാനും കഴിയും. എങ്ങനെ? നമുക്ക് ഒരു ശക്തമായ വിശ്വാസവും ഒരു ശോഭനമായ പ്രത്യാശയും സന്തുഷ്ടവും വസ്തുനിഷ്ഠവുമായ ഒരു മാനസികനിലയും ഉണ്ടായിരിക്കും എന്നതിൽതന്നെ. അതിനേക്കാളുപരി, നാം മററുള്ളവരോട് സാക്ഷീകരിക്കുന്നതിന് ഏറെ സജ്ജരായിരിക്കും. ആരോഗ്യകരമായ സംഭാഷണത്തിൽ ഏർപ്പെടാനും അവസരം ലഭിക്കുമ്പോൾ നമ്മുടെ സഹോദരങ്ങളെ സഹായിക്കാനും നമുക്കു കഴിയും. ഫലം എന്തായിരിക്കുമെന്ന് 1 തിമൊഥെയോസ് 4:15, 16-ൽനിന്ന് കുറിക്കൊള്ളുക.
യോഗ ഹാജരിന്റെ സംഗതിയിൽ സമൃദ്ധമായി വിതയ്ക്കൽ
10. നമ്മുടെ യോഗങ്ങളോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം?
10 നിങ്ങൾ ഇപ്രകാരം ചോദിച്ചേക്കാം: നാം സമൃദ്ധമായി വിതയ്ക്കുന്നെങ്കിൽ സമൃദ്ധമായി കൊയ്യുമെന്ന ഈ തത്വം സഭായോഗങ്ങളിലെ നമ്മുടെ ഹാജരിനെയും ബാധിക്കുന്നുവോ? സുനിശ്ചിതമായും! “‘യഹോവയുടെ ആലയത്തിലേക്ക് നമുക്ക് പോകാം’ എന്ന് അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു” എന്ന് പറഞ്ഞ സങ്കീർത്തനക്കാരനായ ദാവീദിനേപ്പോലെ നമുക്കും തോന്നേണ്ടതുണ്ട്. അതെ നമ്മുടെ സഹോദരങ്ങളോടുകൂടെ കൂടിവരുന്നതിന് നമുക്ക് ആകർഷണം തോന്നണം.—സങ്കീർത്തനം 122:1.
11, 12. നമ്മുടെ യോഗങ്ങളിൽ സംബന്ധിക്കുന്ന കാര്യത്തിൽ നമുക്ക് വിതയ്ക്കുകയും സമൃദ്ധമായി കൊയ്യുകയും ചെയ്യാൻ എങ്ങനെ കഴിയും?
11 അത് നാം എന്തു ചെയ്യുന്നത് ആവശ്യമാക്കിത്തീർക്കുന്നു? അത് നമ്മുടെ അഞ്ച് പ്രതിവാര യോഗങ്ങളിലും വിശ്വസ്തമായും നിരന്തരമായും സംബന്ധിക്കുന്നതിനെ അർത്ഥമാക്കുന്നു, ഒരു ചെറിയ ശാരീരിക അസ്വസ്ഥതയോ അല്പം രൂക്ഷമായ കാലാവസ്ഥയോ വീട്ടിൽ ഇരിക്കാനുള്ള ഒരു ഒഴികഴിവായി ഉപയോഗിക്കാൻ അനുവദിക്കാതിരുന്നുകൊണ്ടുതന്നെ. കാലാവസ്ഥ—ചൂടുള്ളതോ തണുപ്പുള്ളതോ, ഈർപ്പമുള്ളതോ വരണ്ടതോ—യോഗ ഹാജരിനെ ബാധിക്കുന്നതായി നിങ്ങൾ എത്ര കൂടെക്കൂടെ കണ്ടെത്തുന്നു? എങ്കിലും, ഹാജരാകുന്നതിന് നമുക്ക് എത്രയധികം തടസ്സങ്ങളെ തരണം ചെയ്യേണ്ടതുണ്ടോ യഹോവ നമ്മുടെ മേൽ വർഷിക്കുന്ന അനുഗ്രഹം അത്ര അധികം ആയിരിക്കും. കൂടാതെ യോഗങ്ങൾക്കു മുമ്പ് പ്രോത്സാഹനം നൽകുന്ന സംഭാഷണങ്ങൾക്കായി നേരത്തെ വന്നുകൊണ്ടും അതേ ഉദ്ദേശ്യത്തിനായി താമസിച്ച് പോയികൊണ്ടും നമുക്ക് സമൃദ്ധമായി വിതയ്ക്കാൻ കഴിയും. ഈ ബന്ധത്തിൽ നിങ്ങൾ വ്യക്തിപരമായി ഏതളവുവരെ എത്തുന്നു? നിങ്ങൾ കൂടുതൽ സമൃദ്ധമായി വിതയ്ക്കാൻ ശ്രമിക്കണമോ? വീക്ഷാഗോപുര അദ്ധ്യയനത്തിനും മററുയോഗങ്ങൾക്കും നന്നായി തയ്യാറാകുന്നതും അതിൽ ഉൾപ്പെട്ടിരിക്കുന്നു. ഇത് അവസരം ലഭിക്കുമ്പോൾ അഭിപ്രായം പറഞ്ഞുകൊണ്ട് നാം സമൃദ്ധമായി വിതയ്ക്കുന്നതിനുവേണ്ടിയാണ്.
12 ഇതിൽനിന്ന് സമൃദ്ധമായി കൊയ്യുവാൻ പ്രതീക്ഷിക്കാൻ കഴിയുന്നത് ഏതുവിധങ്ങളിൽ? നമുക്കുതന്നെ പ്രോത്സാഹനം ലഭിക്കാതെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രസ്താവന ചെയ്യാൻ നമുക്ക് കഴിയില്ല; നമ്മുടെ സ്വന്തം ഹൃദയങ്ങൾ ഉണർത്തപ്പെടാതെ നമുക്ക് വിഷാദം അനുഭവിക്കുന്ന ഒരാളെ ആശ്വസിപ്പിക്കാൻ കഴിയില്ല. നാം പ്രസ്താവിക്കുന്ന സത്യങ്ങളിലുള്ള നമ്മുടെ സ്വന്തം വിശ്വാസം ബലപ്പെടുത്താതെ യോഗങ്ങളിൽ അഭിപ്രായം പറഞ്ഞുകൊണ്ട് നമ്മെത്തന്നെ വെളിപ്പെടുത്താൻ നമുക്കു കഴിയില്ല. അത് ലളിതമാണ്: ഉദാരനായ മനുഷ്യൻ പുഷ്ടി പ്രാപിക്കും, മററുള്ളവരെ ധാരാളമായി നനയ്ക്കുന്നവൻതന്നെ ധാരാളമായി നനയ്ക്കപ്പെടും.”—സദൃശവാക്യങ്ങൾ 11:25.
നമ്മുടെ പ്രാർത്ഥനകളുടെ സംഗതിയിൽ സമൃദ്ധമായി വിതയ്ക്കൽ
13, 14. നമ്മുടെ പ്രാർത്ഥനകളുടെ സംഗതിയിൽ നമുക്ക് എങ്ങനെ (എ) സമൃദ്ധമായി വിതയ്ക്കാം? (ബി) സമൃദ്ധമായി കൊയ്യാം?
13 സമൃദ്ധമായി വിതയ്ക്കുന്നത് സംബന്ധിച്ച തിരുവെഴുത്തുതത്വം നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾക്കും ബാധകമാകുന്നു. നമ്മുടെ പ്രാർത്ഥനകൾ ഒരേ തരവും യാന്ത്രികവും ആവർത്തനവും ആണോ, അതോ അവ യഥാർത്ഥത്തിൽ ഹൃദയത്തിൽനിന്ന് വരുന്നുവോ? അവയിൽ അപേക്ഷകൾ മാത്രമല്ല ഹൃദയംഗമമായ സ്തുതിയും നന്ദിയും, ചിലപ്പോഴൊക്കെ വിനീതാഭ്യർത്ഥനയും അടങ്ങുന്നുവോ? പ്രാർത്ഥനയുടെ വിലയേറിയ പദവിയെ നാം ഗൗരവമായെടുക്കുന്നുവോ? നാം നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെ മുമ്പിൽ നമ്മുടെ ഹൃദയം പകരുന്നുവോ? അതോ, നാം പ്രാർത്ഥനയിൽ ധൃതികൂട്ടുകയും ചിലപ്പോഴെല്ലാം പ്രാർത്ഥിക്കാൻ കഴിയാതവണ്ണം തിരക്കുള്ളവരായിരിക്കുകയും ചെയ്യുന്നുവോ? യേശുക്രിസ്തുവിന്റെയും അപ്പോസ്തലനായ പൗലോസിന്റെയും ജീവിതത്തിൽ പ്രാർത്ഥന പ്രമുഖമായിരുന്നുവെന്ന് ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ പ്രകടമാക്കുന്നു.—ലൂക്കോസ് 6:12, 13; യോഹന്നാൻ 17:1-26; മത്തായി 26:36-44; ഫിലിപ്പിയർ 1:9-11; കൊലോസ്യർ 1:9-12.
14 നാം ഏതളവുവരെ നമ്മുടെ പ്രാർത്ഥനകളിൽ സമൃദ്ധമായി വിതയ്ക്കുന്നുവോ ആ അളവിൽ യഹോവ അവയ്ക്കു ഉത്തരം നൽകുന്നതിനാലും നമുക്ക് അവനുമായി ഒരു നല്ല ബന്ധം ഉണ്ടായിരിക്കുന്നതിനാലും സമൃദ്ധമായി കൊയ്യുവാൻ നമുക്ക് പ്രതീക്ഷിക്കാൻ കഴിയും. കുടുംബപ്രാർത്ഥനകൾ, കുടുംബാംഗങ്ങളെ പ്രാർത്ഥന അർപ്പിക്കുന്നവനോട് കൂടുതൽ അടുപ്പിക്കാൻ സഹായിക്കുന്നു. നമുക്ക് മത്തായി 7:7-ലെ യേശുവിന്റെ വാക്കുകളും മനസ്സിൽ പിടിക്കാം: “ചോദിച്ചുകൊണ്ടിരിക്കുക, അത് നിങ്ങൾക്ക് നൽകപ്പെടും; അന്വേഷിച്ചുകൊണ്ടിരിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടിക്കൊണ്ടിരിക്കുക, അത് നിങ്ങൾക്ക് തുറക്കപ്പെടും.”
നമ്മുടെ ശുശ്രൂഷയുടെ സംഗതിയിൽ സമൃദ്ധമായി വിതയ്ക്കുക
15. വിശേഷാൽ എവിടെ സമൃദ്ധമായ വിതയും കൊയ്ത്തും ആസ്വദിക്കാം?
15 ഒരുപക്ഷേ നമ്മുടെ വിഷയം നമ്മുടെ സാക്ഷ്യവേലയോടുള്ള ബന്ധത്തിൽ ബാധകമാകുന്നതിനേക്കാൾ കൂടുതൽ മറെറാരിടത്തും വ്യക്തമല്ല. സ്പഷ്ടമായും, നമുക്ക് എത്രയധികം സമയം അതിന് ചെലവഴിക്കാൻ കഴിയുമോ, രസകരമായ അനുഭവങ്ങളുടെയും ഫലപ്രദമായ മടക്കസന്ദർശനങ്ങളുടെയും ഭവന ബൈബിളദ്ധ്യയനങ്ങളുടെയും രൂപത്തിൽ നാം വളരെയധികമായി കൊയ്യും, അത് ജീവനുള്ള ശുപാർശക്കത്തുകൾ ലഭിക്കുന്നതിൽ കലാശിക്കുന്നു.—2 കൊരിന്ത്യർ 3:2.
16, 17. (എ) വയൽശുശ്രൂഷയുടെ സംഗതിയിൽ സമൃദ്ധമായി വിതയ്ക്കുന്നതിന് നമ്മുടെ ഭാഗത്ത് എന്താവശ്യമാണ്? (ബി) അങ്ങനെ ചെയ്യുന്നതിനാൽ നമുക്ക് എന്തു ഫലങ്ങൾ പ്രതീക്ഷിക്കാൻ കഴിയും?
16 എന്നിരുന്നാലും, വയൽശുശ്രൂഷയിൽ സമൃദ്ധമായി വിതയ്ക്കുന്നത് വെറും അളവിന്റെ സംഗതിയല്ല പിന്നെയോ ഗുണത്തിന്റെ സംഗതിയാണ്. ശുശ്രൂഷയിൽ പങ്കെടുക്കുമ്പോൾ നാം “ആത്മാവുകൊണ്ട് ജ്വലിക്കണം.” (റോമർ 12:11) നാം സംസാര സ്വാതന്ത്ര്യത്തോടെ, ഊഷ്മളവും സൗഹൃദപരവുമായ ഒരു പുഞ്ചിരിയോടെ ആളുകളെ സമീപിക്കേണ്ടതുണ്ട്. നാം വീടുതോറും പോകുമ്പോഴായിരുന്നാലും തെരുവുസാക്ഷീകരണത്തിൽ പങ്കെടുക്കുമ്പോഴായിരുന്നാലും അത് ബാധകമാകുന്നു. നമ്മുടെ ഭാഷയിൽ ലഭ്യമാണെങ്കിൽ നമ്മുടെ പുതിയ സാക്ഷീകരണ സഹായിയായ തിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യൽ നമ്മെയെല്ലാം കൂടുതൽ നിപുണരായിത്തീരാൻ സഹായിക്കേണ്ടതാണ്, അതുകൊണ്ട് നാം ശുശ്രൂഷയിൽ ചെലവഴിക്കുന്ന സമയത്തിൽനിന്നും ഊർജ്ജത്തിൽനിന്നും കൂടുതലായി കൊയ്തുകൊണ്ട് കൂടുതൽ ഫലപ്രദരായിരിക്കുക.
17 നമ്മുടെ വയൽശുശ്രൂഷയുടെ സംഗതിയിൽ സമൃദ്ധമായി വിതയ്ക്കുന്നത്, നാം എവിടെ താല്പര്യം കണ്ടെത്തുന്നുവെന്ന് കുറിക്കൊള്ളുന്നതിന് മനഃസാക്ഷിപൂർവ്വം പ്രവർത്തിക്കുന്നതിനെയും അർത്ഥമാക്കുന്നില്ലേ? വീണ്ടും സന്ദർശിക്കാനും സാദ്ധ്യമെങ്കിൽ ഒരു ഭവനബൈബിളദ്ധ്യയനം ആരംഭിക്കുന്നതുവരെ താല്പര്യം വളർത്തിയെടുക്കാനുമുള്ള കടപ്പാട് നാം ഏറെറടുക്കുന്നതും അതിനോട് ബന്ധപ്പെട്ടിരിക്കുന്നു. അതിലുപരി നാം തീയെ ചെറുത്തുനിൽക്കുന്ന വസ്തുക്കൾകൊണ്ട് പണിയാൻ ശ്രദ്ധയുള്ളവരായിരിക്കണം. നാം ബോദ്ധ്യത്തോടെയും എന്നാൽ വിവേചനയോടെയും തൻമയീഭാവത്തോടെയും ബൈബിൾ തത്വങ്ങൾ സംബന്ധിച്ച് ബൈബിൾ വിദ്യാർത്ഥികൾ എന്തു വിചാരിക്കുന്നുവെന്ന് സമർത്ഥമായി വെളിച്ചത്തുകൊണ്ടുവന്നുകൊണ്ട്, പഠിപ്പിക്കണമെന്ന് ഇത് അർത്ഥമാക്കുന്നു. ഈ ബന്ധത്തിൽ സമൃദ്ധമായി വിതയ്ക്കുന്നതിനാൽ മാത്രമേ നമുക്ക് സാത്താന്റെയും അവന്റെ വ്യവസ്ഥിതിയുടെയും ആക്രമണങ്ങളെ ചെറുത്തുനിൽക്കാൻ കഴിവുള്ള ക്രിസ്തീയ വ്യക്തിത്വങ്ങൾ ഉല്പാദിപ്പിക്കുന്നതിന് പ്രതീക്ഷിക്കാൻ കഴിയുകയുള്ളു.—1 കൊരിന്ത്യർ 3:12-15.
കുടുംബബന്ധങ്ങളുടെ സംഗതിയിൽ സമൃദ്ധമായി വിതയ്ക്കൽ
18. നമ്മുടെ കുടുംബബന്ധങ്ങൾ സംബന്ധിച്ച് നാം ഏതു ബുദ്ധ്യുപദേശം മനസ്സിൽ പിടിക്കണം?
18 നാം വിതയ്ക്കുന്ന വിധത്തിന് അനുസരണമായി കൊയ്യുന്നുവെന്ന ദിവ്യാധിപത്യതത്വം അതുപോലെതന്നെ കുടുംബവൃത്തത്തിനുള്ളിലും ബാധകമാകുന്നു. ഇവിടെ നമുക്ക് ലൂക്കോസ് 6:38-ലെ യേശുവിന്റെ വാക്കുകൾ മനസ്സിൽ പിടിക്കാൻ കഴിയും: “കൊടുക്കൽ ശീലിക്കുക, ആളുകൾ നിങ്ങൾക്കു തരും. അമർത്തിക്കുലുക്കി കവിഞ്ഞൊഴുകുന്ന ഒരു നല്ല അളവ് അവർ നിങ്ങളുടെ മടിയിൽ തരും. എന്തുകൊണ്ടെന്നാൽ നിങ്ങൾ അളന്നുകൊടുക്കുന്ന അളവിനാൽ അവർ നിങ്ങൾക്ക് അളന്നുതരും.”
19. ഭർത്താക്കൻമാർക്കും ഭാര്യമാർക്കും എങ്ങനെ സമൃദ്ധമായി വിതയ്ക്കാനും അതിലൂടെ പ്രയോജനമനുഭവിക്കാനും കഴിയും?
19 ഭാര്യാഭർത്താക്കൻമാർക്ക് നിസ്വാർത്ഥവും ബുദ്ധിപൂർവ്വവുമായ വാത്സല്യപ്രവൃത്തികളുടെ രൂപത്തിൽ സമൃദ്ധമായി വിതയ്ക്കുന്നതിന് വളരെയധികം അവസരങ്ങളുണ്ട്! എഫേസ്യർ 5:22-33-ൽ അപ്പോസ്തലനായ പൗലോസ് നല്ല ബുദ്ധ്യുപദേശം നൽകുന്നു. നിങ്ങൾക്ക് കൂടുതൽ സമൃദ്ധമായി വിതയ്ക്കാൻ കഴിയുന്നതെങ്ങനെയെന്ന് ചിന്തിക്കുമളവിൽ ഈ വാക്യങ്ങൾ വായിക്കുക. ഒരു ക്രിസ്തീയ ഭാര്യ കീഴ്പ്പെടലും സഹകരണവും പിന്തുണയും പ്രകടമാക്കുന്നത് ഏതളവിലോ ആ അളവിൽ അവൾക്ക് സമൃദ്ധമായി കൊയ്യാവുന്നതാണ്. ഏതു വിധങ്ങളിൽ? അവളുടെ ഭർത്താവിന്റെ ശ്രദ്ധയുടെയും വിലമതിപ്പോടുകൂടിയ വാത്സല്യത്തിന്റെയും രൂപത്തിൽ, അയാൾ സ്വന്തശരീരത്തേപ്പോലെ അവളെ സ്നേഹിക്കാൻ പ്രേരിപ്പിക്കപ്പെടുന്നു. അതുപോലെതന്നെ, ഒരു ക്രിസ്തീയ ഭർത്താവ് 1 പത്രോസ് 3:7-ൽ പ്രസ്താവിച്ചിരിക്കുന്ന പരിഗണനയും എഫേസ്യർ 5:28, 29-ൽ ഊന്നിപ്പറഞ്ഞിരിക്കുന്ന നിസ്വാർത്ഥ സ്നേഹവും പ്രകടിപ്പിക്കാൻ ഏതളവുവരെ കഠിനശ്രമം ചെയ്യുന്നുവോ അയാൾക്ക് ആ അളവിൽ തന്റെ ഭാര്യയുടെ കീഴ്പ്പെടലിന്റെയും വിശ്വസ്ത പിന്തുണയുടെയും രൂപത്തിൽ കൊയ്യുവാൻ പ്രതീക്ഷിക്കാൻ കഴിയും.
20. മക്കളെ വളർത്തുന്നതിൽ സമൃദ്ധമായ വിതയ്ക്കൽ എങ്ങനെ ബാധകമാക്കാൻ കഴിയും, എന്തു ഫലങ്ങളോടെ?
20 നാം നമ്മുടെ മക്കളെ യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവൽക്കരണത്തിലും വളർത്തിക്കൊണ്ടുവരുന്നതിനുള്ള നമ്മുടെ ഉത്തരവാദിത്വവും അവഗണിക്കരുത്. (എഫേസ്യർ 6:4) വാസ്തവത്തിൽ, ഇത് മററ് ദിവ്യാധിപത്യ ചുമതലകൾക്കും പദവികൾക്കും മുമ്പിൽ വരുന്നു. സങ്കടകരമെന്നു പറയട്ടെ ഇത് ചില ക്രിസ്തീയ മാതാപിതാക്കൾ അവഗണിച്ചിരിക്കുന്ന ഒരു തത്വമാണ്. ഒരു വശത്ത്, മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ വൈകാരികവും ആത്മീയവുമായ ക്ഷേമത്തെ പ്രതി അവരോടൊത്ത് ന്യായമായ സമയം ചെലവഴിച്ചുകൊണ്ടും അവരുടെമേൽ സ്നേഹം വർഷിച്ചുകൊണ്ടും തങ്ങളുടെ ഉല്ലാസങ്ങളും സുഖങ്ങളും ത്യജിക്കാൻ മനസ്സുള്ളവരായിരിക്കണം. മറുവശത്ത്, മാതാപിതാക്കൾ ദൃഢത പ്രകടമാക്കണം. അവരെ ഇപ്രകാരം ബുദ്ധ്യുപദേശിച്ചിരിക്കുന്നു: “നിന്റെ മകനെ ശിക്ഷിക്കുക, എന്നാൽ അവൻ നിനക്ക് വിശ്രമം കൈവരുത്തുകയും നിന്റെ ദേഹിക്ക് വളരെയധികം ഉല്ലാസം നൽകുകയും ചെയ്യും.” ഈ വിധങ്ങളിൽ വിതയ്ക്കുക, നിങ്ങളെ ബഹുമാനിക്കുകയും നിങ്ങളോട് അടുപ്പം തോന്നുകയും ചെയ്യുന്ന നിർമ്മലതാപാലകരായ മക്കൾ ഉണ്ടായിരിക്കുന്നതിനാൽ നിങ്ങൾ സമൃദ്ധമായി കൊയ്യുവാൻ സകല സാദ്ധ്യതയും ഉണ്ട്.—സദൃശവാക്യങ്ങൾ 29:17.
പ്രയോജനങ്ങൾ കൊയ്യുന്നവൻ ആയിരിക്കുക!
21, 22. നമ്മുടെ വിശുദ്ധസേവനത്തിന്റെയും കുടുംബബന്ധങ്ങളുടെയും സംഗതിയിൽ ഏതു വിവിധവിധങ്ങളിൽ നമുക്ക് സമൃദ്ധമായി വിതച്ച് കൊയ്യാൻ കഴിയും?
21 അതുകൊണ്ട്, നാം വിതയ്ക്കുന്ന വിധത്തിനനുസരിച്ച് കൊയ്യുമെന്നതത്വം ക്രിസ്ത്യാനിത്വത്തിന്റെ എല്ലാവശങ്ങളിലും ബാധകമാകുന്നതായി നാം മനസ്സിലാക്കുന്നു. നമ്മുടെ വ്യക്തിപരമായ ബൈബിൾ പഠനത്തിന്റെ സംഗതിയിൽ നാം സമൃദ്ധമായി വിതയ്ക്കുന്നെങ്കിൽ നാം ഒരു ശക്തമായ വിശ്വാസവും ശോഭനമായ പ്രത്യാശയും നമ്മുടെ ശുശ്രൂഷക്കായുള്ള ഒരുക്കവും കൊയ്യും. നാം നമ്മുടെ യോഗങ്ങളുടെ സംഗതിയിൽ സമൃദ്ധമായി വിതയ്ക്കുന്നെങ്കിൽ നമ്മുടെ വിശ്വാസം ബലിഷ്ഠമാവുകയും മററുള്ളവരുടെ വിശ്വാസത്തെ നാം ബലിഷ്ഠമാക്കുകയും ചെയ്യും. നമ്മുടെ പ്രാർത്ഥനകളുടെ സംഗതിയിൽ നാം സമൃദ്ധമായി വിതയ്ക്കുന്നെങ്കിൽ നാം നമ്മുടെ സ്വർഗ്ഗീയ പിതാവുമായി ഒരു നല്ല ബന്ധം കൊയ്യുകയും നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുകയും ചെയ്യും. നാം നമ്മുടെ സാക്ഷ്യവേലയുടെ സംഗതിയിൽ സമൃദ്ധമായി വിതയ്ക്കുന്നെങ്കിൽ നാം വ്യക്തിപരമായി പ്രയോജനം അനുഭവിക്കും, നമ്മുടെ ശ്രമങ്ങളുടെ ഫലം കാണിച്ചുകൊടുക്കുന്നതിന് നമുക്ക് ശുപാർശക്കത്തുകൾ ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കാൻ കഴിയും.
22 അതുപോലെതന്നെ ഈ തത്വം നമ്മുടെ കുടുംബബന്ധങ്ങളിലും ബാധകമാകുന്നുവെന്ന് നമുക്ക് ഒരിക്കലും മറക്കാതിരിക്കാം. സ്നേഹപൂർവ്വകമായ പരിഗണനയിലും നിസ്വാർത്ഥ പ്രവൃത്തികളിലും സമൃദ്ധമായി വിതയ്ക്കുന്നതിനാൽ ഭർത്താക്കൻമാരോ ഭാര്യമാരോ മാതാപിതാക്കളോ മക്കളോ എന്ന നിലയിൽ നമുക്ക് പ്രതിഫലദായകമായ സഹവാസത്തിലും അനുഭവങ്ങളിലും സമൃദ്ധമായ ഒരു കുടുംബജീവിതം കൊയ്യുന്നതിന് പ്രതീക്ഷിക്കാൻ കഴിയും. അത് നമ്മുടെ ജീവിതമാർഗ്ഗം ശുപാർശ ചെയ്തുകൊണ്ട് പുറത്തുള്ളവർക്ക് ഒരു നല്ല സാക്ഷ്യവും നൽകും.
23. നാം ഏതു ബുദ്ധ്യുപദേശം ചെവിക്കൊള്ളുന്നത് നന്നായിരിക്കും?
23 അതുകൊണ്ട് ഓരോ യഹോവയുടെ ക്രിസ്തീയ സാക്ഷിയും അവനോടുതന്നെ അഥവാ അവളോടുതന്നെ ഇപ്രകാരം ചോദിക്കട്ടെ: എനിക്ക് കൂടുതൽ സമൃദ്ധമായി വിതയ്ക്കാൻ കഴിയുമോ? ഒന്ന് തെസ്സലോനീക്യർ 4:1-ലെ പൗലോസിന്റെ വാക്കുകൾ സന്ദർഭോചിതം ആണ്: “അവസാനമായി സഹോദരൻമാരെ, നിങ്ങൾ എങ്ങനെ നടക്കണമെന്നും ദൈവത്തെ പ്രസാദിപ്പിക്കണമെന്നും ഞങ്ങളിൽനിന്ന് പ്രബോധനം സ്വീകരിച്ചതുപോലെതന്നെ, നിങ്ങൾ അധികം പൂർണ്ണമായി അത് ചെയ്തുകൊണ്ടിരിക്കണമെന്ന് ഞങ്ങൾ കർത്താവായ യേശുവിൽ നിങ്ങളെ പ്രബോധിപ്പിക്കുന്നു, നിങ്ങളോട് അപേക്ഷിക്കുന്നു.” അതെ, വാസ്തവത്തിൽ യഹോവയുടെ ബഹുമതിക്കും നമ്മുടെയും നമ്മുടെ സഹോദരങ്ങളുടെയും അനുഗ്രഹത്തിനുമായി നാം കൂടുതൽ സമൃദ്ധമായി കൊയ്യേണ്ടതിന് നമുക്കെല്ലാം കൂടുതൽ സമൃദ്ധമായി വിതയ്ക്കാൻ ശ്രമിക്കാം. (w86 6/15)
പുനരവലോകനത്തിനുള്ള ആശയങ്ങൾ
◻ യഹോവയാം ദൈവം 2 കൊരിന്ത്യർ 9:6-ൽ കണ്ടെത്തുന്ന സത്യം മാതൃകയാൽ തെളിയിച്ചിരിക്കുന്നതെങ്ങനെ?
◻ ബൈബിൾ പഠനവും ക്രിസ്തീയ യോഗങ്ങളും സംബന്ധിച്ച് കൂടുതൽ സമൃദ്ധമായി കൊയ്യുവാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
◻ വയൽസേവനം സംബന്ധിച്ച് കൂടുതൽ പൂർണ്ണമായി വിതയ്ക്കുകയും കൊയ്യുകയും ചെയ്യുവാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
◻ കൂടുതൽ സമൃദ്ധമായി വിതയ്ക്കുകയും കൊയ്യുകയും ചെയ്യുവാൻ ഏത് പ്രായോഗിക പടികൾ നിങ്ങളുടെ കുടുംബത്തെ സഹായിച്ചേക്കാം?