ധാരാളമായി വിതയ്ക്കുന്നത് സമൃദ്ധമായ പ്രതിഫലങ്ങൾ കൈവരുത്തുന്നു
1 ദൈവവചനത്തിലെ മഹത്തായ വാഗ്ദാനങ്ങളുടെ നിവൃത്തിക്കായി നാമേവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോൾപ്പോലും, നമ്മുടെ സന്തോഷം വർധിപ്പിക്കുന്ന ധാരാളം അനുഗ്രഹങ്ങൾ യഹോവ നമ്മുടെമേൽ ചൊരിയുന്നുണ്ട്. എന്നാൽ, വ്യക്തികളെന്ന നിലയിൽ നാം അവയിൽനിന്ന് എത്രത്തോളം പ്രയോജനം അനുഭവിക്കുന്നു എന്നത് ഏറെയും നമ്മുടെ ശ്രമത്തെ ആശ്രയിച്ചിരിക്കുന്നു. അപ്പൊസ്തലനായ പൗലൊസ് പറയുന്നതുപോലെ, “ധാരാളമായി വിതെക്കുന്നവൻ ധാരാളമായി കൊയ്യും.” (2 കൊരി. 9:6) ഈ തത്ത്വം ബാധകമാകുന്ന രണ്ടു മണ്ഡലങ്ങളെ കുറിച്ചു ചിന്തിക്കുക.
2 നമ്മുടെ വ്യക്തിപരമായ ശുശ്രൂഷ: സാക്ഷ്യം നൽകാൻ സാധിക്കുന്ന എല്ലാ സന്ദർഭങ്ങളിലും മറ്റുള്ളവരുമായി സുവാർത്ത പങ്കുവെക്കുന്നതു ധാരാളം പ്രതിഫലങ്ങൾ കൈവരുത്തുന്നു. (സദൃ. 3:27, 28) നിരവധി പേർ സഹായ/സാധാരണ പയനിയറിങ് ഉൾപ്പെടെ, ശുശ്രൂഷയിലെ തങ്ങളുടെ വ്യക്തിപരമായ പങ്കു വർധിപ്പിച്ചുകൊണ്ട് ധാരാളമായി വിതയ്ക്കുന്നുണ്ട് എന്നത് അഭിനന്ദനാർഹമാണ്. താത്പര്യം കാണിച്ച എല്ലാവരുടെയും അടുത്ത് അതു വളർത്തിയെടുക്കാനായി തീർച്ചയായും മടങ്ങിച്ചെന്നുകൊണ്ടും അവസരമുള്ളപ്പോഴൊക്കെ ഒരു ബൈബിൾ അധ്യയനം വാഗ്ദാനം ചെയ്തുകൊണ്ടും നമുക്കേവർക്കും ധാരാളമായി വിതയ്ക്കാൻ സാധിക്കും. (റോമ. 12:11) ഈ വിധങ്ങളിൽ കഠിനാധ്വാനം ചെയ്യുന്നത് പ്രോത്സാഹജനകമായ അനുഭവങ്ങളും ശുശ്രൂഷയിൽ വർധിച്ച സന്തോഷവും ലഭിക്കാൻ ഇടയാക്കും.
3 രാജ്യതാത്പര്യങ്ങളെ പിന്തുണയ്ക്കൽ: പൗലൊസ് ‘ധാരാളമായി വിതയ്ക്കുന്നതിനെ’ കുറിച്ചു പറഞ്ഞത് ഭൗതികമായി കൊടുക്കുന്നതിനോടുള്ള ബന്ധത്തിലാണ്. (2 കൊരി. 9:6, 7, 11, 13) ഇന്ന്, രാജ്യതാത്പര്യങ്ങളെ പിന്തുണയ്ക്കാൻ നമുക്കു ശാരീരികമായും ഭൗതികമായും ചെയ്യാൻ കഴിയുന്ന ധാരാളം കാര്യങ്ങളുണ്ട്. രാജ്യഹാളുകളുടെ നിർമാണത്തിൽ നമുക്കു സഹായിക്കാൻ കഴിയും. കൂടാതെ, സത്യാരാധനയ്ക്കുള്ള ഈ കേന്ദ്രങ്ങൾ വൃത്തിയാക്കുന്നതിലും കേടുപോക്കുന്നതിലും നമുക്കു സ്വമേധയാ പങ്കെടുക്കാനാകും. കൂടാതെ, പ്രാദേശിക സഭയുടെ ചെലവുകൾക്കും ലോകവ്യാപക രാജ്യപ്രസംഗ, ശിഷ്യരാക്കൽ വേലയ്ക്കും വേണ്ടി സാമ്പത്തിക പിന്തുണ നൽകാനും നമുക്കു കഴിയും. നാമേവരും നമ്മുടെ പങ്കു നിറവേറ്റുമ്പോൾ, ഈ ദൈവനിയുക്ത വേലയിന്മേലുള്ള യഹോവയുടെ സമൃദ്ധമായ അനുഗ്രഹം നമ്മെ എത്രയധികം സന്തോഷിപ്പിക്കുന്നു!—മലാ. 3:10; ലൂക്കൊ. 6:38.
4 “നന്മ ചെയ്വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായി”രിക്കാനും ദൈവവചനം നമ്മെ ഉദ്ബോധിപ്പിക്കുന്നു. ആ ബുദ്ധിയുപദേശത്തിനു ചെവി കൊടുക്കുന്ന നാം ഇപ്പോൾ സമൃദ്ധമായ പ്രതിഫലങ്ങൾ ആസ്വദിക്കുന്നു. അതേസമയം, നാം “സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം” ഇടുകയും ചെയ്യുന്നു.—1 തിമൊ. 6:18, 19.