നിങ്ങൾ ധാരാളമായി വിതയ്ക്കുന്നുണ്ടോ?
1 “എത്രയധികം പരിശ്രമിക്കുന്നുവോ അത്രയധികം ഫലവുമുണ്ടാകും” എന്നൊരു ചൊല്ലുണ്ട്. നമ്മുടെ ആരാധനയുടെ കാര്യത്തിൽ ഇതു വിശേഷിച്ചും സത്യമാണ്. യോഗങ്ങൾക്കുവേണ്ടി ഒരുങ്ങൽ, രാജ്യസന്ദേശം പ്രസംഗിക്കൽ, നമ്മുടെ സഹോദരങ്ങളോടു സ്നേഹം പ്രകടമാക്കൽ എന്നിങ്ങനെയുളള കാര്യങ്ങൾക്കുവേണ്ടി നാം കൂടുതൽ സമയവും ശ്രമവും തിരിച്ചുവിടുമ്പോൾ ആത്മീയ വളർച്ചയിൽ നമുക്കു കൂടുതൽ നേട്ടങ്ങളുണ്ടാകും. ഇതിന് ഒരു മറുവശമുണ്ട്. നമ്മുടെ പ്രവർത്തനത്തിൽ നാം മടിച്ചുനിൽക്കുന്നവരോ അർധഹൃദയരോ ആണെങ്കിൽ വാസ്തവത്തിൽ നമുക്കു തൃപ്തികരമായ ഫലങ്ങൾ പ്രതീക്ഷിക്കാനാവുമോ?
2 അപ്പോസ്തലനായ പൗലോസ് ഈ തത്ത്വം 2 കൊരിന്ത്യർ 9:6-ൽ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്: “ലോഭമായി വിതെക്കുന്നവൻ ലോഭമായി കൊയ്യും; ധാരാളമായി വിതെക്കുന്നവൻ ധാരാളമായി കൊയ്യും.” നിങ്ങൾ ധാരാളമായി വിതയ്ക്കുന്നുണ്ടോ?
3 വ്യക്തിപരമായ ബൈബിൾ പഠനം: ഫലോത്പാദകരായ ശുശ്രൂഷകരായിരിക്കാൻ നാം ആദ്യമായി നമ്മുടെ വ്യക്തിപരമായ പഠനത്തിൽ സമൃദ്ധമായി വിതയ്ക്കണം. നമുക്ക് ഒരു തീവ്രമായ ആത്മീയ വിശപ്പുണ്ടായിരിക്കണം. (സങ്കീ. 119:97, 105; മത്താ. 5:3) നിത്യവൃത്തിക്കുളള പ്രാരബ്ധങ്ങൾക്കിടയിൽ നമ്മുടെ ആത്മീയ ആവശ്യങ്ങളെക്കുറിച്ച് ഒരു യഥാർഥ ഉണർവു വളർത്തിയെടുക്കാൻ ബോധപൂർവകമായ ശ്രമം ആവശ്യമാണ്. നമ്മിൽ മിക്കവരെ സംബന്ധിച്ചും പറയുകയാണെങ്കിൽ, അതിന് “അനുകൂല സമയം വിലയ്ക്കു വാങ്ങൽ” ആവശ്യമായിവരുന്നു. (എഫേ. 5:16, NW) വ്യക്തിപരമായ പഠനം നിർവഹിക്കാൻ ചിലർ കണ്ടിരിക്കുന്ന മാർഗം ചില ദിവസങ്ങളിൽ നേരത്തെ ഉണരുക എന്നതാണ്. മററു ചിലരാകട്ടെ, ചില സായാഹ്നങ്ങൾ ഇതിനായി മാററിവെക്കുന്നു. നാം ധാരാളമായി കൊയ്യുന്നത് ഏതു വിധത്തിലാണ്? കൂടുതൽ കരുത്താർന്ന വിശ്വാസം, കൂടുതൽ ശോഭയാർന്ന പ്രത്യാശ, കൂടുതൽ സന്തുഷ്ടവും പ്രസാദാത്മകവുമായ മനോനില എന്നിവയെല്ലാം നാം നേടിയെടുക്കുന്നു.—റോമ. 10:17; 15:4; 1 പത്രൊ. 1:13.
4 സഭായോഗങ്ങൾ: സങ്കീർത്തനം 122:1-ൽ ദാവീദ് പറഞ്ഞു: “യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.” നിങ്ങൾക്കും അങ്ങനെതന്നെയാണോ തോന്നുന്നത്? ധാരാളമായി വിതയ്ക്കുക എന്നു പറയുമ്പോൾ നമ്മുടെ അഞ്ചു പ്രതിവാര യോഗങ്ങളിൽ ക്രമമായി സംബന്ധിക്കുന്നത് അർഥമാക്കുന്നു. അസുഖകരമായ കാലാവസ്ഥയെ ഒന്നും ഞാൻ കൂട്ടാക്കാൻപോകുന്നില്ല എന്നതായിരിക്കണം നിങ്ങളുടെ തീരുമാനം. സാധാരണമായി, നാം എത്ര കൂടുതൽ പ്രതിബന്ധങ്ങൾ തരണം ചെയ്യുന്നുവോ അത്രയ്ക്കു മഹത്തരമായിരിക്കും നമുക്കു ലഭിക്കുന്ന അനുഗ്രഹങ്ങൾ.
5 യോഗങ്ങൾക്കു നേരത്തെ എത്തുക. കഴിഞ്ഞയുടൻ സ്ഥലംവിടരുത്. നിങ്ങളുടെ സഹോദരങ്ങളുമായി കെട്ടുപണിചെയ്യുന്ന സംഭാഷണങ്ങളിൽ ഏർപ്പെടുക. നിങ്ങളുടെ സഹവാസങ്ങളെ വിശാലമാക്കുക. വ്യത്യസ്തരായ എത്ര പേരെ അതിൽ ഉൾപ്പെടുത്താമോ അത്രയും പേരെ ഉൾപ്പെടുത്തുക. വീക്ഷാഗോപുര അധ്യയനത്തിനും മററു യോഗങ്ങൾക്കുംവേണ്ടി നന്നായി ഒരുങ്ങുക. അവസരം ലഭിക്കുന്നതനുസരിച്ച് അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് ധാരാളമായി വിതയ്ക്കാൻ അപ്പോൾ നിങ്ങൾക്കു കഴിയും. യോഗങ്ങളിൽ മററുളളവരെ “ഉദാരമായി നനയ്ക്കുന്ന”തിനാൽ നിങ്ങളും “ഉദാരമായി നനയ്ക്ക”പ്പെടും.—സദൃ. 11:25, NW.
6 വയൽശുശ്രൂഷ: ധാരാളമായി വിതയ്ക്കുന്നതിന്റെ ഈ തത്ത്വം മറെറല്ലായിടത്തെക്കാളും ഒരു പക്ഷേ കൂടുതൽ സത്യമായിരിക്കുന്നതു വയൽശുശ്രൂഷയിലാകാം. നാം അതിനായി കൂടുതൽക്കൂടുതൽ സമയം മാററിവെക്കുന്തോറും രസകരമായ അനുഭവങ്ങൾ, ഫലകരമായ മടക്കസന്ദർശനങ്ങൾ, ഫലോത്പകമായ ബൈബിളധ്യയനങ്ങൾ എന്നിവ നാം കൊയ്തെടുക്കാനുളള സാധ്യതയും ഏറും.
7 ശുശ്രൂഷയിൽ ധാരാളമായി വിതയ്ക്കുന്നതിൽ അളവു മാത്രമല്ല, ഗുണവും ഉൾപ്പെടുന്നുണ്ട്. നമ്മുടെ ശുശ്രൂഷയുടെ ഗുണം മെച്ചപ്പെടുത്താൻ നമ്മെ സഹായിക്കുന്നതിനുളള ഒരു അതിവിശിഷ്ട ഉപകരണമാണ് ന്യായവാദം പുസ്തകം. വീട്ടുകാരിൽ താത്പര്യം ഉണർത്താൻ ഉതകുന്ന 18 വിഷയങ്ങൾ പ്രതിപാദിക്കുന്ന 40-ലധികം മുഖവുരകൾ അതിന്റെ 9-15 പേജുകളിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ ആരിലെങ്കിലും താത്പര്യം കണ്ടെത്തുന്നെങ്കിൽ ഉറപ്പായും അതു സംബന്ധിച്ചുളള വിവരം എഴുതിയെടുക്കുക. എങ്കിൽ മടങ്ങിച്ചെല്ലാനും വിതച്ചതിന്റെ ഫലം കൊയ്തെടുക്കാനും നിങ്ങൾക്കാവും. നിങ്ങളുടെ ശ്രമങ്ങൾ ഒരു ബൈബിളധ്യയനത്തിൽ കലാശിക്കും എന്നു പ്രത്യാശിക്കുന്നു. അങ്ങനെ മററാരാളെ ധാരാളമായി വിതയ്ക്കാൻ നിങ്ങൾക്കു പഠിപ്പിക്കുവാൻ കഴിയുമാറാകട്ടെ.
8 നാം ധാരാളമായി വിതയ്ക്കുന്നെങ്കിൽ, യഹോവയിൽനിന്നുളള മഹത്തരമായ അനുഗ്രഹങ്ങൾ നമുക്കു പ്രതീക്ഷിക്കാവുന്നതാണ്.—മലാ. 3:10.