ദൈവം നിങ്ങൾക്കായി എന്തെല്ലാം ചെയ്തിരിക്കുന്നു?
‘യാതൊന്നുമില്ല!’ എന്ന് ചിലർ മറുപടി നൽകിയേക്കാം. ‘ഞാൻ കഠിനവേല ചെയ്തു സ്വയം കരുതേണ്ടിയിരിക്കുന്നു’ എന്ന് കൂട്ടിച്ചേർത്തേക്കാം. നിങ്ങൾക്കങ്ങനെയാണ് തോന്നുന്നതെങ്കിൽ ഒരു നിമിഷം ആലോചിക്കുക. നിങ്ങൾ എങ്ങനെയുണ്ടായി?
നിങ്ങൾ ജനിക്കുന്നതിന് ഒമ്പതുമാസങ്ങൾ മുമ്പ് നിങ്ങളുടെ അമ്മയുടെ ഉള്ളിൽ രണ്ടു സൂക്ഷ്മജീവകോശങ്ങൾ സന്ധിച്ചു. അവ രണ്ടും കൂടിച്ചേർന്ന് അനന്യമായ ഒരു പുത്തൻ ജീവകോശത്തിന് രൂപം നൽകി.
ഈ രണ്ടു ജീവകോശങ്ങളിൽ വലിപ്പമേറിയത് നിങ്ങളുടെ അമ്മ നൽകിയ അണ്ഡം ആയിരുന്നു. ചെറിയ ജീവകോശം നിങ്ങളുടെ പിതാവിൽ നിന്നുള്ള ഒരു ബീജം ആയിരുന്നു—അത് അത്യന്തം ചെറുതാണ്. ശിശുജനനത്തിന്റെ അനുഭവം എന്ന ഷീലാകിററ്സിംഗറുടെ പുസ്തകം പറയുന്നതനുസരിച്ച് ലോകത്തിലുള്ള സകല ആളുകളെയും ഉളവാക്കിയ ബീജങ്ങളത്രയും അടുത്തടുത്തായി അടുക്കിയാൽ അവ “ഒരു ഇഞ്ചിനേക്കാൾ അൽപ്പം കൂടുതൽ [2.5 സെ. മീ.] മാത്രമെ വരികയുള്ളു.” പക്ഷേ ഒരിക്കൽ നിങ്ങളുടെ പിതാവിന്റെ ബീജം നിങ്ങളുടെ മാതാവിന്റെ അണ്ഡത്തിലേക്ക് തുളഞ്ഞു കയറിയതോടെ നിങ്ങളുടെ ജനിതക രേഖ സ്ഥാപിക്കപ്പെടുകയും നിങ്ങൾ ഗർഭത്തിൽ ഉരുവാകുകയും ചെയ്തു!
വികാസത്തിന്റെ അതിസങ്കീർണ്ണ പ്രക്രിയകൾ അതോടെ ആരംഭിച്ചു. “ഒരു നൂററാണ്ടിലധികം നീണ്ട പഠനത്തിനുശേഷവും ശാസ്ത്രജ്ഞൻമാർ അതിന്റെ പൊരുളഴിക്കുന്നതിന്റെ അടുത്തെങ്ങും എത്തിയിട്ടില്ല.” എന്ന് സയൻസ് ഡൈജസ്ററൽ ആൻഡ്രിയ ഡോർഫ്മാൻ എഴുതി.
ശാസ്ത്രജ്ഞൻമാരെ കുഴപ്പിക്കുന്ന വളർച്ചാപ്രക്രിയകളുടെ ഒരുദാഹരണം വർണ്ണിച്ചുകൊണ്ട് അതേ എഴുത്തുകാരൻ തുടരുന്നു: “വളർച്ചയുടെ നിയന്ത്രണവും തുല്യ സങ്കീർണ്ണതയുള്ള ഒരു പ്രശ്നമാണ്. ഉദാഹരണത്തിന് ഇടതും വലതും കൈയോരങ്ങൾ വെറും മില്ലീമീററർമാത്രം നീളം വരുന്ന കലാമുകുളങ്ങളിൽ നിന്ന് തികച്ചും സ്വതന്ത്രമായി വികസിച്ചുവരുന്നു. എങ്കിലും അവ തുല്യനീളം ഉള്ളവയായിത്തീരുന്നു. കോശങ്ങൾ അവയുടെ പെരുകൽ നിർത്തേണ്ടതെപ്പോൾ എന്ന് അറിയുന്നതെങ്ങനെയാണ്? . . . ഓരോ അവയവത്തിനും വളർച്ചനിയന്ത്രിക്കുന്നതിന് ഒരു ആന്തരിക സംവിധാനം ഉള്ളതായിത്തോന്നുന്നു.” ഇതിങ്ങനെ ആയിരിക്കുന്നതിൽ നാം സന്തുഷ്ടരല്ലേ?
സർവ്വജീവജാലങ്ങളിലും വളർച്ചയ്ക്ക് ഇടയാക്കുകയും വളർച്ച നിയന്ത്രിക്കുകയും ചെയ്യുന്നതെന്താണ്? പ്രകൃതി എന്നു വിളിക്കപ്പെടുന്ന ചിന്താപ്രാപ്തിയില്ലാത്ത ശക്തിയോ? കണ്ണടച്ചെറിയുമ്പോലുള്ള പ്രക്രിയയായ പരിണാമമോ? ഈ മനംമയക്കുന്ന ഗ്രഹത്തിലെ വിസ്മയാവഹമാംവിധം സങ്കീർണ്ണവും ബൃഹത് വൈവിധ്യങ്ങളുള്ളതും അതിമനോഹരങ്ങളുമായ ഈ ജീവരൂപങ്ങൾ, സർവ്വശക്തനായ ഒരു സ്രഷ്ടാവിന്റെ കൈവേല ആയിരിക്കാനേ കഴിയൂ എന്നത് വ്യക്തമല്ലേ? അതങ്ങനെ ആയിരിക്കെ, അവൻ നമുക്കുവേണ്ടി ചെയ്തിരിക്കുന്ന കാര്യങ്ങൾക്കായി നാം ആഴമായ നന്ദി ഉള്ളവരായിരിക്കേണ്ടതല്ലേ?
സൃഷ്ടിയിലെ അത്ഭുതങ്ങളുടെ അനന്തമായ തെളിവ്
ഓരോ ദിവസവും—നാഴികതോറും പോലും—നാം സൃഷ്ടിയിലെ അത്ഭുതങ്ങളിൽനിന്ന് പ്രയോജനം അനുഭവിക്കുന്നു. ഉദാഹരണത്തിന്, നാം ഉറങ്ങുമ്പോൾ എന്തു സംഭവിക്കുന്നു? മനസ്സിന്റെയും പേശികളുടെയും പ്രവർത്തനങ്ങൾ താനെ മന്ദീഭവിക്കുന്നു. ഇത് നമ്മുടെ സ്വന്ത ഇച്ഛാശക്തികൊണ്ടല്ല, കാരണം നമ്മൾ പലപ്പോഴും ഉറങ്ങിപ്പോവുന്നത് അറിവോടെയല്ല. ഒരു നല്ല ഉറക്കം എത്ര നവോൻമേഷദായകമാണ്! ചിലർക്ക് ആഴ്ചകളോളം ഭക്ഷണം കഴിക്കാതെ കഴിയാം, പക്ഷേ ഉറങ്ങാതെ മൂന്നു ദിവസത്തിൽ കൂടുതൽ തള്ളിനീക്കുന്നവർ ചിന്തിക്കുന്നതിനും കാണുന്നതിനും കേൾക്കുന്നതിനും വളരെയധികം ബുദ്ധിമുട്ടുന്നു.
നിങ്ങൾ പ്രഭാതത്തിൽ ഉണരുമ്പോൾ ആരെങ്കിലും നിങ്ങൾക്ക് മധുരം ചേർത്ത കാപ്പി കൊണ്ടു തന്നേക്കാം. ഒരു കാലത്ത് അപൂർവ്വവും ചെലവേറിയതും ആയിരുന്ന പഞ്ചസാര ഇന്നു സുലഭമായതുകൊണ്ട് ആരും അതിന് ചിന്ത നൽകാറുപോലുമില്ല. അത് എങ്ങനെയാണ് ഉണ്ടാകുന്നത്? പ്രഭാകലനം എന്ന ഒരു പ്രക്രിയ വഴി അതു സസ്യങ്ങളിലുണ്ടാകുന്നു—കാർബൺ ഡൈയോക്സൈഡും (ഇംഗാലാമ്ല വാതകം) വെള്ളവും കൊണ്ട് സൂര്യപ്രഭ നടത്തുന്ന ഒരു രാസപ്രവർത്തനം ആണ്. അതേ സമയം ഈ പ്രക്രിയയിൽ ഭൂമിയിലെ ജീവജന്തുക്കൾക്കെല്ലാം ജീവത്പ്രധാനമായ പ്രാണവായു പുറത്തുവിടുന്നു. പ്രഭാകലനം ശാസ്ത്രജ്ഞൻമാർക്ക് ഇന്നു മുഴുവനായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു പ്രക്രിയയാണ്. “പ്രഭാകലനം . . . നടക്കുന്നതുതന്നെ എങ്ങനെയാണ്?” എന്ന് ദ പ്ലാൻറ്സ് (ലൈഫ് നേയ്ച്ചർ ലൈബ്രറി) എന്ന പുസ്തകം ചോദിക്കുന്നു. “ഇത് ജീവൻ എങ്ങനെ ആരംഭിക്കുന്നുവെന്ന് ചോദിക്കുന്നത് പോലെയാണ്—നമുക്കത് അറിയില്ല.”
ഒരുപക്ഷേ നിങ്ങൾ കാപ്പികുടിച്ചുകൊണ്ടിരിക്കുമ്പോൾ തലേ സായാഹ്നത്തിലെ ഒരു ടെലിവിഷൻ പരിപാടി ഓർമ്മയിൽ വന്നേക്കാം. നിങ്ങളുടെ മനസ്സിന്റെ കണ്ണിൽ ആ രസകരമായ രംഗങ്ങൾ വീണ്ടും നിങ്ങൾക്ക് കാണാൻ കഴിഞ്ഞേക്കാം. അവയെ നിങ്ങളുടെ മസ്തിഷ്ക്കത്തിലേക്ക് പ്രേക്ഷണം ചെയ്തതും ഒരു ഫിലിംറോൾ പോലെ അവിടെ ഭദ്രമായി സൂക്ഷിച്ചു വച്ചതും മററുള്ളവരോട് വർണ്ണിക്കത്തക്കവണ്ണം അതു വീണ്ടും മനോമുകുരത്തിൽ പ്രകടിച്ചു കാണുന്നതും എങ്ങനെ? അതിശയം തന്നെ, ഇല്ലേ? മനുഷ്യന് നിവർത്തിച്ചിരിക്കുന്ന ആശ്ചര്യാവഹങ്ങളായ കാര്യങ്ങൾ ചെയ്യാൻ അവന് ബുദ്ധിശക്തി ലഭിച്ചതെങ്ങനെ? നിശ്ചയമായും അത് മൃഗങ്ങളിൽനിന്നും കൈവന്നതല്ല. മനുഷ്യ മസ്തിഷ്ക്കം ഭയങ്കരമല്ലേ?
ദിവസം പുലർന്നതേയുള്ളു. എങ്കിലും ഇപ്പോഴേ ദൈവത്തിന് നന്ദി നൽകാൻ എത്രയധികം കാര്യങ്ങളാണുള്ളത്? പക്ഷേ, ഇതിലധികമായി ഒട്ടുവളരെയുണ്ട്. (w87 5/15)