യഹോവ തന്റെ വേലയെ അഭിവൃദ്ധിപ്പെടുത്തുന്നതെങ്ങനെ?
സമീപദശാബ്ദങ്ങളിൽ യഹോവയുടെ സാക്ഷികൾക്ക് അഭൂതപൂർവകമായ വളർച്ച അനുഭവപ്പെട്ടിരിക്കുന്നു. കഴിഞ്ഞ പത്തു വർഷങ്ങളിൽതന്നെ, 42,000 സഭകളിൽനിന്ന് 212 രാജ്യങ്ങളിലെ മൊത്തം 60,192 സഭകളായി അവർ വികസിച്ചിരിക്കുന്നു. ഇതിന്റെ വീക്ഷണത്തിൽ, യഹോവയുടെ സാക്ഷികളുടെ വേലയുടെ സാമ്പത്തികച്ചെലവു വഹിക്കുന്നതെങ്ങനെയെന്ന് ചിലർ ചോദിച്ചിട്ടുണ്ട്. ഈ ചോദ്യത്തിനും ബന്ധപ്പെട്ട ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നതിന് വാച്ച്ററവർ സൊസൈററിക്ക് സന്തോഷമുണ്ട്.
യഹോവയുടെ സാക്ഷികൾ ദശാംശം ആചരിക്കുന്നുണ്ടോ?
ഇല്ല. പുരാതന ഇസ്രായേലിൽ, മോശൈക ന്യായപ്രമാണത്തിൻകീഴിൽ ദൈവത്തിന്റെ ആലയത്തിലെ ജോലിക്കാരെയും ലേവ്യരെയും പുരോഹിതൻമാരെയും പോററുന്നതിന് ദശാംശം കൊടുക്കാൻ കല്പിക്കപ്പെട്ടിരുന്നു. (സംഖ്യാപുസ്തകം 18:21, 24-29) ഇവർക്ക് ചില നഗരങ്ങളല്ലാതെ ഗോത്രപരമായ ഭൂമി ഇല്ലായിരുന്നു. തന്നിമിത്തം അവർക്ക് ഈ പ്രത്യേക പിന്തുണ ആവശ്യമായിരുന്നു. അതിനു പുറമേ, സമാഗമനകൂടാരത്തിന്റെയും, പിന്നീട് ആലയത്തിന്റെയും പണിപോലെയുള്ള പ്രത്യേക പദ്ധതികൾക്ക് സ്വമേധയാ സംഭാവനകൾ കൊടുക്കാൻ വിശ്വസ്തരായ ഇസ്രായേല്യർക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു.—പുറപ്പാട് 25:1-8; 1 ദിനവൃത്താന്തം 29:3-7.
എന്നിരുന്നാലും, യേശു മരിച്ചപ്പോൾ, “അവൻ . . . വ്യവസ്ഥകളോടുകൂടിയ കല്പനകളുടെ ന്യായപ്രമാണത്തെ നീക്കംചെയ്തു”വെന്ന് ബൈബിൾ പറയുന്നു. (എഫേസ്യർ 2:15; കൊലോസ്യർ 2:13, 14) മററു വാക്കുകളിൽ പറഞ്ഞാൽ, ദൈവത്തിന്റെ ദൃഷ്ടിയിൽ ന്യായപ്രമാണം മേലാൽ യഹൂദൻമാരുടെമേലോ ക്രിസ്ത്യാനികളുടെ മേലോ ബാധകമായിരുന്നില്ല. അതുകൊണ്ട്, ആലയത്തിലെ നിരന്തരയാഗങ്ങൾപോലെയുള്ള ന്യായപ്രമാണത്തിന്റെ മററു സവിശേഷതകളോടുകൂടെ ദശാംശവും മേലാൽ ആവശ്യപ്പെട്ടിരുന്നില്ല.
ക്രിസ്ത്യാനികളുടെ ഇടയിൽ കൊടുക്കലിനു പ്രേരിപ്പിക്കുന്നത് നിയമമല്ല, പിന്നെയോ സ്നേഹമാണ്. യഹൂദ്യയിലെ ദാരിദ്ര്യമനുഭവിച്ചിരുന്ന ക്രിസ്ത്യാനികൾക്കുവേണ്ടി ഒരു പണപ്പിരിവു സംഘടിപ്പിച്ചപ്പോൾ അപ്പോസ്തലനായ പൗലോസ് തത്വം വിശദീകരിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “ഓരോരുത്തനും തന്റെ ഹൃദയത്തിൽ തീരുമാനിച്ചിരിക്കുന്നതുപോലെതന്നെ ചെയ്യട്ടെ, പിറുപിറുപ്പോടെയോ നിർബന്ധത്താലോ അല്ല, എന്തുകൊണ്ടെന്നാൽ ദൈവം സന്തോഷമുള്ള ഒരു ദാതാവിനെ സ്നേഹിക്കുന്നു.” (2 കൊരിന്ത്യർ 9:7) സ്വമേധയായുള്ള കൊടുക്കലിന്റെ ഈ രീതിയാണ് യഹോവയുടെ സാക്ഷികൾ ആചരിക്കുന്നത്.
നിങ്ങൾ ഫണ്ടുണ്ടാക്കുന്നതിനുള്ള ഡിന്നറുകളും പണശേഖരണകവറുകളും ഫണ്ടിനായുള്ള പ്രചാരണവും പണം സ്വരൂപിക്കുന്നതിനുള്ള സമാനമായ വിധങ്ങളും അവലംബിക്കുന്നുണ്ടോ?
ഇല്ല, കൊടുക്കുന്നതിന് ക്രിസ്ത്യാനികളുടെ മുമ്പിൽ സമ്മാനങ്ങൾ ഞാത്തിയിട്ട് കൈക്കൂലി കൊടുക്കുകയോ നിർബന്ധിക്കുകയോ ചെയ്യേണ്ടതില്ല. ബിംഗോയെയും ബസാറുകളെയും ഷോടതികളെയും കാർണിവലുകളെയും ഇരിപ്പിടങ്ങൾ വാടകക്കുകൊടുക്കുന്നതിനെയും കാണിക്കശേഖരപ്പാത്രങ്ങൾ കൊണ്ടുനടക്കുന്നതിനെയും ആശ്രയിക്കുന്നവർ തങ്ങളുടെ ആളുകൾക്ക് ആത്മീയാഹാരം കൊടുത്തിട്ടില്ലെന്നും തന്നിമിത്തം യഥേഷ്ടം പണംകൊടുക്കുന്നതിന് ദൈവാത്മാവ് അവരുടെ ഇടവകാംഗങ്ങളെ പ്രേരിപ്പിക്കുന്നില്ലെന്നും വെളിപ്പെടുത്തുന്നു. കാലഹരണപ്പെട്ട ദശാംശാചാരത്തെ ആശ്രയിക്കുന്നവരെസംബന്ധിച്ചും ഇതുതന്നെ പറയാവുന്നതാണ്.—മത്തായി 10:8
പുതിയ രാജ്യഹാളുകൾ, ബ്രാഞ്ചാഫീസുകൾ എന്നിങ്ങനെയുള്ള പദ്ധതികളുടെ നിർമ്മാണത്തിനും അതുപോലെതന്നെ ബ്രൂക്ലിനിലെ ഹെഡ്ക്വാർട്ടേഴസിലെയും പാറേറഴസൺ, ന്യൂയോർക്കിലെയും വികസനപ്രവർത്തനങ്ങൾക്കും പണം കണ്ടെത്തുന്നതെങ്ങനെയാണ്?
യഹോവ തന്റെ സാക്ഷികളുടെമേൽ തന്റെ പരിശുദ്ധാത്മാവിനെ പകരുകയും “യഥാർത്ഥ ജീവന്റെമേൽ ഒരു ദൃഢമായ പിടി ലഭിക്കേണ്ടതിന് സുരക്ഷിതമായി തങ്ങൾക്കായി ഭാവിക്കുവേണ്ടി നല്ല അടിസ്ഥാനം നിക്ഷേപിച്ചുകൊണ്ട് നൻമ പ്രവർത്തിക്കാനും സൽപ്രവൃത്തികളിൽ സമ്പന്നരായിരിക്കാനും ഉദാരരായിരിക്കാനും പങ്കുവെക്കാൻ സന്നദ്ധരായിരിക്കാനും” അവരെ പ്രാപ്തരാക്കുകയുംചെയ്യുന്നു. (1 തിമൊഥെയോസ് 6:18, 19) ഈ ആത്മാവ് എല്ലാ വിധത്തിലും രാജ്യവേലയെ പിന്താങ്ങാൻ യഹോവയുടെ സാക്ഷികളെ പ്രേരിപ്പിക്കുന്നു.
ദൃഷ്ടാന്തത്തിന് 1990ൽ 212 രാജ്യങ്ങളിലുള്ള 40,17,213 സാക്ഷികൾ മററുള്ളവരെ ദൈവവചനം പഠിപ്പിക്കുന്നതിന് 89,52,29,424 മണിക്കൂർ ചെലവഴിച്ചു. അവർ താത്പര്യക്കാരുമായി 36,24,091 നിരന്തര ഭവന ബൈബിളദ്ധ്യയനങ്ങൾ നടത്തി. ഈ വേലക്ക് നേരിട്ട ഏതു ചെലവും അതു ചെയ്യുന്ന വ്യക്തികൾതന്നെയാണ് വഹിച്ചത്. പുതുതായി സ്നാപനമേററ 3,01,518 സാക്ഷികളുടെ വർദ്ധനവിനാൽ യഹോവ ഈ സ്നേഹത്തിന്റെ അദ്ധ്വാനത്തിന് പ്രതിഫലം നൽകി.
കൊടുക്കലിന്റെ സമാനമായ ഒരു ആത്മാവ് സാമ്പത്തികമായ ഒരു വിധത്തിൽ വേലയെ പിന്താങ്ങുന്നതിന് യഹോവയുടെ സാക്ഷികളെയും താത്പര്യക്കാരെയും പ്രേരിപ്പിക്കുന്നു. തങ്ങളുടെ പ്രാദേശിക സഭയിലെ നിരന്തരചെലവുകൾ വഹിക്കാൻ സഹായിക്കുന്നതുകൂടാതെ, തങ്ങളുടെ രാജ്യഹാളോ സമ്മേളനഹാളോ പരിഷ്ക്കരിക്കുകയോ വിപുലപ്പെടുത്തുകയോ പുതിയതു പണിയുകയോ ചെയ്യുന്നതുപോലെ ആവശ്യമായിത്തീർന്നേക്കാവുന്ന ഏതു നിർമ്മാണപ്രവർത്തനത്തെയും അവർ പിന്താങ്ങുന്നു. ഓരോ വർഷവും സത്വരമായ വളർച്ച നിമിത്തം ഒട്ടേറെ രാജ്യഹാളുകൾ പണിയേണ്ടതുണ്ട്, ചിലതിന് ദശലക്ഷക്കണക്കിന് രൂപാ ചെലവുവരും. ഇവയുടെ ചെലവു വഹിക്കുന്നത് സ്ഥലത്തെ സാക്ഷികളാണ്, തങ്ങളുടെ സ്വമേധയാസംഭാവനകളാലും അദ്ധ്വാനത്താലും.
കൂടാതെ, അനേകം രാജ്യങ്ങളിൽ സംഘടനാവളർച്ച ഹേതുവായി വർദ്ധിച്ച ജോലിക്കാർക്കും സൗകര്യങ്ങൾക്കും ഇടമുണ്ടാക്കുന്നതിന് ബ്രാഞ്ചിലെ അച്ചടിസൗകര്യങ്ങളും ആഫീസ് സൗകര്യങ്ങളും പാർപ്പിടസൗകര്യങ്ങളും വിപുലപ്പെടുത്തേണ്ടിവന്നിട്ടുണ്ട്—അല്ലെങ്കിൽ പുതിയവ പണിയേണ്ടിവന്നിട്ടുണ്ട്. ഇവയും ബ്രൂക്ലിനിലെയും പാറേറഴ്സൺ, ന്യൂയോർക്കിലെയും കെട്ടിടനിർമ്മാണത്തിന്റെയും നവീകരണത്തിന്റെയും പദ്ധതികൾപോലെ സ്വമേധയാസംഭാവനകളാലും അദ്ധ്വാനങ്ങളാലുമാണ് പിന്തുണക്കപ്പെടുന്നത്. സാദ്ധ്യമാകുന്നടത്ത് സ്ഥലത്തെ സാക്ഷികൾ നിർമ്മാണത്തിന്റെ ചെലവു വഹിക്കുന്നു. ചില കേസുകളിൽ മററു രാജ്യങ്ങളിൽനിന്ന് സാമ്പത്തികമായും വിദഗ്ദ്ധജോലിയുടെ രൂപത്തിലുമുള്ള സഹായം സ്വീകരിക്കുന്നതിന് വാച്ച്ററവർ സൊസൈററി ക്രമീകരണംചെയ്യുന്നു. അങ്ങനെ സൊസൈററിയുടെ മാർഗ്ഗനിർദ്ദേശത്തിൻകീഴിൽ “ഒരു സമീകരണം” നടക്കുന്നു.—2 കൊരിന്ത്യർ 8:14.
അനേകം മതസംഘങ്ങൾ ചെയ്യുന്നതുപോലെ, നിങ്ങൾ ആശുപത്രികളോ ക്ലിനിക്കുകളോ നടത്താത്തതും ദുരിതാശ്വാസപ്രവർത്തനത്തിലും മററു സാമൂഹികസേവനത്തിലും ഏർപ്പെടാത്തതുമെന്തുകൊണ്ട്?
യഹോവയുടെ സാക്ഷികൾ തങ്ങൾക്കു സാധിക്കുമ്പോൾ യുദ്ധത്തിന്റെയോ പ്രകൃതിവിപത്തിന്റെയോ പരിണതഫലമായുള്ള അടിയന്തിരാവസ്ഥകളോട് പെട്ടെന്ന് പ്രതികരിക്കുന്നു. യഥാർത്ഥത്തിൽ, പുനർനിർമ്മാണത്തിനു സഹായിക്കാൻ സാധാരണയായി ഭക്ഷ്യവും വസ്ത്രവും സന്നദ്ധസേവകരുമായി രംഗത്ത് ആദ്യം എത്തുന്നത് അവരാണ്. എന്നിരുന്നാലും, യഹോവയുടെ സാക്ഷികൾ ആശുപത്രികളൊ ക്ലിനിക്കുകളോ നടത്തുന്നില്ല, അവർ അഗ്നിശമനവകുപ്പുകളോ പോലീസ്സേനകളോ ഏർപ്പെടുത്തുന്നില്ലാത്തതുപോലെതന്നെ, അവയും ജീവസംരക്ഷണത്തിനുവേണ്ടിയാണല്ലോ.
അവർ സുവിശേഷത്തിന്റെ സമർപ്പിതശുശ്രൂഷകരാണ്, അവരുടെ നിയോഗം അവസാനം വരുന്നതിനുമുമ്പ് ഒരു സാക്ഷ്യത്തിനായി സർവലോകത്തിലും ദൈവരാജ്യസുവാർത്ത പ്രസംഗിക്കുകയും പഠിപ്പിക്കുകയുമാണ്. (മത്തായി 24:14) യേശു പറഞ്ഞതുപോലെ, കൊയ്ത്ത് വലിയതും വേലക്കാർ ചുരുക്കവുമാണ്. എത്ര പ്രശംസാർഹമായാലും മററു പ്രവർത്തനങ്ങളേറെറടുക്കുന്നതിന് ഈ സർവപ്രധാനമായ വേല അവഗണിക്കുന്നത് അക്ഷന്തവ്യമായിരിക്കും.—മത്തായി 9:37, 38.
സംഭവിച്ചിരിക്കുന്നതുപോലെ, നിരവധി യഹോവയുടെ സാക്ഷികൾ ഡോക്ടർമാരും നേഴ്സുമാരും ആശുപത്രിസഹായികളുമാണ്. എന്നാൽ അവർ ഈ വേലയെ തങ്ങളുടെ മുഖ്യതൊഴിലായ ക്രിസ്തീയശുശ്രൂഷക്കു പുറമേയുള്ളതായി വീക്ഷിക്കുന്നു.
വാച്ച്ററവർ സൊസൈററിയുടെ ഉദ്യോഗസ്ഥൻമാരിലോ അംഗങ്ങളിലോ ആരെങ്കിലും നിങ്ങളുടെ വിപുലമായ അച്ചടിപ്രവർത്തനങ്ങളിൽനിന്ന് പണമുണ്ടാക്കുന്നുണ്ടോ?
ഇല്ല എന്ന് ഉറപ്പാണ്! നിയമപ്രകാരം സൊസൈററി ലാഭവീതമില്ലാത്ത ഒരു കോർപ്പറേഷനാണ്. സ്റേറാക്ക്ഹോൾഡർമാരോ ലാഭവീതമോ ശമ്പളംപോലുമോ ഇല്ല. സൊസൈററിയുടെ പ്രസിഡണ്ടും ഡയറക്ടർമാരും ഉൾപ്പെടെ ഹെഡ്ക്വാർട്ടേഴ്സിലെ ഓരോ ശുശ്രൂഷകനും നിർദ്ധനത്വത്തിന്റെ ഒരു നിയമപരമായ പ്രതിജ്ഞയെടുത്തിട്ടുണ്ട്. അയാൾക്കു കിട്ടുന്നത് ഭക്ഷണവും പാർപ്പിടവും ആവശ്യമായ വൈദ്യപരിചരണവും അതുപോലെതന്നെ സ്വന്തംചെലവുകൾ നികത്തുന്നതിനുള്ള ഒരു ചെറിയ തുകയുമാണ്. സൊസൈററിയുടെ കാര്യത്തിനുവേണ്ടി ഒരു വ്യക്തി യാത്രചെയ്യുന്നുവെങ്കിൽ സാധാരണയായി അയാളുടെ യാത്രച്ചെലവുകൾ കൊടുക്കുന്നു.
അതിനുപുറമേ, ലോകത്തിലൊരിടത്തും ഞങ്ങളുടെ ശുശ്രൂഷകർ വിവാഹമോ സ്നാപനങ്ങളോ ശവസംസ്ക്കാരശുശ്രൂഷകളോ നടത്തുന്നതിന് പണം ഈടാക്കുന്നില്ല. പരസ്യപ്രസംഗങ്ങൾക്കോ കൺവെൻഷനുകൾക്കോ പ്രവേശനഫീസുകളോ കാണിക്കശേഖരമോ ഇല്ല.
കാണിക്കശേഖരപ്പാത്രങ്ങൾ ഒരിക്കലും കൊണ്ടുനടക്കുന്നില്ലാത്തതിനാൽ സ്ഥലത്തെ സഭകൾ അവയുടെ ചെലവുകൾ വഹിക്കുന്നതിന് സംഭാവനകൾ സ്വീകരിക്കുന്നത് എങ്ങനെയാണ്?
വ്യക്തികൾ ആഗ്രഹിക്കുന്നുവെങ്കിൽ സ്വമേധയാ സംഭാവനകൾ കൊടുക്കാൻകഴിയത്തക്കവണ്ണം രാജ്യഹാളുകളിൽ സംഭാവനപ്പെട്ടികൾ വെക്കുന്നു. (2 രാജാക്കൻമാർ 12:9) എത്ര വലുതായിരുന്നാലും ചെറുതായിരുന്നാലും സംഭാവനകളെല്ലാം വിലമതിക്കപ്പെടുന്നു. (മർക്കോസ് 12:42-44) മാസത്തിലൊരിക്കൽ സഭാകണക്കുകൾ കൈകാര്യംചെയ്യുന്ന ശുശ്രൂഷകൻ കിട്ടിയ മൊത്തം സംഭാവനകളും ചെലവുകളും ലോകവ്യാപകപ്രസംഗവേലയെയും മററു പദ്ധതികളെയും പിന്താങ്ങുന്നതിന് സഭ വാച്ച്ററവർ സൊസൈററിക്കു കൊടുത്ത സംഭാവനകളും സഭയെ അറിയിച്ചുകൊണ്ട് മാസത്തിലൊരിക്കൽ സഭയിൽ ഹ്രസ്വമായ ഒരു പ്രസ്താവനചെയ്യുന്നു.
വ്യക്തികൾ ഈ ക്രമീകരണം മനസ്സിലാക്കുമ്പോൾ, അവർ ആഗ്രഹിക്കുന്നുവെങ്കിൽ ഓരോ വ്യക്തിയും “അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്നേക്കാവുന്നതുപോലെ” പങ്കെടുക്കാൻ അവർ സ്വതന്ത്രരാണ്. (1 കൊരിന്ത്യർ 16:2) ഇതാണ് 63,000ത്തിലധികം വരുന്ന സഭകളിൽ ഓരോന്നിലെയും നടപടി.
ആദിമക്രിസ്ത്യാനികൾ പെന്തെക്കോസ്തിൽ സകലവും പൊതുവായി കരുതിയിരുന്നു. യഹോവയുടെ സാക്ഷികൾ ഇതു ചെയ്യുന്നുണ്ടോ?
ക്രി.വ. 33ലെ പെന്തെക്കോസ്തിനോടടുത്ത കാലത്ത് ക്രിസ്ത്യാനിത്വത്തിലേക്കു പരിവർത്തനംചെയ്തിരുന്ന വിദൂരസ്ഥലങ്ങളിൽനിന്നുള്ള യഹൂദൻമാർ കൂടുതലായ ആത്മീയപ്രകാശനം ലഭിക്കുന്നതിന് യരൂശലേമിൽ തങ്ങിയപ്പോൾ അതേ തുടർന്ന് ഒരു അടിയന്തിര സാഹചര്യം സംജാതമായി. അവർക്ക് താത്ക്കാലിക പാർപ്പിടവും ഭക്ഷണവും ആവശ്യമായിരുന്നു; തന്നിമിത്തം സ്ഥലത്തെ ക്രിസ്ത്യാനികൾ നീണ്ട കാലത്തെ കൂട്ടായ്മയ്ക്കുവേണ്ടി കരുതാൻ സ്വമേധയായുള്ള വസ്തുവില്പനയും വിററുവരവിന്റെ പൊതു വീതംവെക്കലും നടത്തി. (പ്രവൃത്തികൾ 2:1, 38-47; 4:32-37) വിൽക്കാനോ സംഭാവനചെയ്യാനോ ആരും നിർബന്ധിക്കപ്പെട്ടില്ല. (പ്രവൃത്തികൾ 5:1-4) ചിലർ സങ്കൽപ്പിക്കുന്നതുപോലെ ഈ പൊതുവിനിയോഗം കമ്മ്യൂണിസമായിരുന്നില്ല. അത് കേവലം ഒരു താത്ക്കാലികക്രമീകരണമായിരുന്നു. ക്രിസ്ത്യാനികൾ തങ്ങളുടെ സ്വന്തം വീടുകളിലേക്കു മടങ്ങിപ്പോയപ്പോൾ അതു അവസാനിച്ചു.
ഭൗതികകൊടുക്കൽ പാപത്തിനുള്ള പരിഹാരമാണെന്ന് നിങ്ങൾ പഠിപ്പിക്കുന്നുവോ?
അശേഷമില്ല! ബൈബിൾ ഇങ്ങനെ പറയുന്നു: “നിങ്ങളുടെ പൂർവപിതാക്കളിൽനിന്ന് പാരമ്പര്യത്തിലൂടെ നിങ്ങൾക്കു കിട്ടിയ നിഷ്ഫലമായ പെരുമാററരൂപത്തിൽനിന്ന് നിങ്ങൾ വിടുവിക്കപ്പെട്ടത് ദുഷിക്കുന്ന വസ്തുക്കൾകൊണ്ടല്ല, വെള്ളിയോ പൊന്നോകൊണ്ടല്ല, എന്ന് നിങ്ങൾ അറിയുന്നു. നിഷ്ക്കളങ്കവും കറയററതുമായ ഒരു കുഞ്ഞാടിന്റേതുപോലെയുള്ള, ക്രിസ്തുവിന്റെതന്നെ, രക്തത്താലായിരുന്നു അത്.”—1 പത്രോസ് 1:18, 19.
യഹോവയുടെ സാക്ഷികൾ രക്ഷക്കുവേണ്ടി യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിൽ വിശ്വാസമർപ്പിക്കുന്നു. അവർ തങ്ങൾക്ക് രക്ഷ കൈവരുത്തുമെന്നു പ്രതീക്ഷിച്ചുകൊണ്ട് സ്വമേധയാ സംഭാവനകൾ കൊടുക്കുന്നില്ല. എന്നിരുന്നാലും, ദൈവത്തിന്റെ നീതിയുള്ള പുതിയ ലോകത്തിന്റെ സുവാർത്ത പരത്തുന്നതിന് ഗണ്യമായ പണത്തുക ആവശ്യമാണെന്ന് അവർക്കറിയാം. (2 പത്രോസ് 3:13) ഈ പ്രഘോഷണത്തിനായുള്ള സംഭാവന യഹോവ അനുവദിച്ചിരിക്കുന്ന ഒരു പദവിയാണെന്ന് അവർ വിചാരിക്കുന്നു.
ദാവീദ്രാജാവ് തന്റെ പുത്രനായ ശലോമോൻ പണിയാനിരുന്ന യഹോവയുടെ ആലയത്തിനുവേണ്ടി ഒരു വലിയ സംഭാവന കൊടുത്തപ്പോൾ ഇങ്ങനെ പ്രാർത്ഥിച്ചു: “യഹോവേ, മഹത്വവും ബലവും അഴകും വൈശിഷ്ട്യവും പ്രതാപവും നിന്റേതാകുന്നു; എന്തെന്നാൽ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകലവും നിന്റേതാകുന്നു. . . . എന്നിരുന്നാലും, ഇതുപോലെ സ്വമേധയാദാനങ്ങൾ നൽകാനുള്ള ബലം നിലനിർത്താൻ ഞാൻ ആരാണ്, എന്റെ ജനം ആരാണ്? എന്തെന്നാൽ സകലവും നിന്നിൽനിന്നാണ്, നിന്റെ സ്വന്തം കൈയിൽനിന്നാണ് ഞങ്ങൾ നിനക്ക് തന്നിരിക്കുന്നത്.”—1 ദിനവൃത്താന്തം 29:11, 14.
ഇന്ന് യഹോവയുടെ സാക്ഷികളും നീതിയോടു ചായ്വുള്ള മററുള്ളവരും ദാവീദ് വിചാരിച്ചതുപോലെതന്നെ വിചാരിക്കുന്നു. ഏതായാലും തങ്ങൾ യഹോവയുടെ സേവനത്തിനുവേണ്ടി കൊടുക്കുന്നതെല്ലാം അവനിൽനിന്നുതന്നെ വരുന്നുവെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അവനെ സ്തുതിക്കുന്ന വേലയെ പിന്തുണക്കുന്നതിന് സംഭാവനകൊടുക്കാനുള്ള പദവി ഉണ്ടായിരിക്കുന്നതിൽ അവർ സന്തുഷ്ടരാണ്. യഹോവ ഈ ആത്മാവിനെ അനുഗ്രഹിക്കുന്നു, അവൻ തന്റെ വേലയെ അഭിവൃദ്ധിപ്പെടുത്തുന്നത് ഇങ്ങനെയാണ്. (w90 12⁄1)
[29-ാം പേജിലെ ചതുരം]
ചിലർ രാജ്യവേലക്ക് സംഭാവനചെയ്യുന്ന വിധം
◻ ദാനങ്ങൾ: സ്വമേധയായുള്ള പണസംഭാവനകൾ വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇൻഡ്യാ, എച്ച് 58 ഓൾഡ് ഖണ്ഡാലാ റോഡ്., ലോണാവ്ലാ 410 401, മഹാ.യിക്ക് നേരിട്ടോ ഈ മാസികയുടെ പ്രസാധകർക്കോ അയച്ചുകൊടുക്കാവുന്നതാണ്. ഭൂസ്വത്തുപോലെയുള്ള വസ്തുക്കളും ആഭരണങ്ങളും അല്ലെങ്കിൽ മററു വിലയുള്ള വസ്തുക്കളും സംഭാവനചെയ്യാവുന്നതാണ്. ഈ സംഭാവനകളോടുകൂടെ ഇവ നേരിട്ടുള്ള ഒരു സംഭാവനയാണെന്ന് പ്രസ്താവിക്കുന്ന ഒരു കത്തും ഉണ്ടായിരിക്കണം.
◻ സോപാധിക-സംഭാവനാക്രമീകരണം: വ്യക്തിപരമായ ആവശ്യമുണ്ടാകുന്ന പക്ഷം ദാനിക്ക് മടക്കിക്കൊടുക്കണമെന്നുള്ള വ്യവസ്ഥയോടെ ട്രസ്ററായി പണം വാച്ച്ററവർ സൊസൈററിക്ക് കൊടുക്കാവുന്നതാണ്.
◻ ഇൻഷുറൻസ്: ഒരു ലൈഫ് ഇൻഷുറൻസ് പോളിസിയുടെയോ ഒരു റിട്ടയർമെൻറ്⁄പെൻഷൻ പദ്ധതിയുടെയോ ഗുണഭോക്താവായി വാച്ച്ററവർ സൊസൈററിയുടെ പേർ വെക്കാവുന്നതാണ്. അങ്ങനെയുള്ള ഏതു ക്രമീകരണം സംബന്ധിച്ചും സൊസൈററിയെ വിവരമറിയിക്കണം.
◻ ട്രസ്ററുകൾ: സൊസൈററിക്കുള്ള ട്രസ്ററായി ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകൾ കൊടുക്കാവുന്നതാണ്. ഇതു ചെയ്യുന്നുവെങ്കിൽ ദയവായി സൊസൈററിയെ അറിയിക്കുക. ദാനിയുടെ ജീവിതകാലത്ത് അയാൾക്കു പ്രയോജനംകിട്ടത്തക്കവണ്ണം സ്റേറാക്കുകളും ബോണ്ടുകളും വസ്തുവും സംഭാവനചെയ്യാവുന്നതാണ്. ഈ രീതി വിൽപത്രം പ്രൊബേററ്ചെയ്യുന്നതിന്റെ ചെലവും അനിശ്ചിതത്വങ്ങളും ഒഴിവാക്കുന്നു, അതേ സമയം മരണം സംഭവിക്കുന്ന പക്ഷം വസ്തു സൊസൈററിക്കു കിട്ടുന്നതിന് ഉറപ്പുനൽകുന്നു.
◻ വിൽപത്രങ്ങൾ: നിയമാനുസൃതം എഴുതിയുണ്ടാക്കിയ ഒരു വിൽപത്രംമുഖേന വസ്തുവിനോ പണത്തിനോ വാച്ച്ററവർ സൊസൈററിക്ക് അവകാശംകൊടുക്കാവുന്നതാണ്. സൊസൈററിക്ക് ഒരു പകർപ്പ് കൊടുക്കണം.
ഇങ്ങനെയുള്ള കാര്യങ്ങൾ സംബന്ധിച്ച് കൂടുതലായ വിവരങ്ങൾക്കും ബുദ്ധിയുപദേശത്തിനുമായി വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇൻഡ്യാ, എച്ച്-58 ഓൾഡ് ഖണ്ഡാലാ റോഡ്., ലോണാവ്ലാ 410 401, മഹാ.യിക്കോ ഈ മാസികയുടെ പ്രസാധകർക്കോ എഴുതുക.
[31-ാം പേജിലെ ചിത്രം]
പാറേറഴ്സൻ, ന്യൂയോർക്കിൽ നിർമ്മാണത്തിലിരിക്കുന്ന യഹോവയുടെ സാക്ഷികളുടെ ബൈബിൾവിദ്യാഭ്യാസകേന്ദ്രത്തിന്റെ ഭാഗം
[32-ാം പേജിലെ ചിത്രങ്ങൾ]
സ്വമേധയാ സംഭാവനകൾ കൊടുക്കുന്ന തന്റെ ജനത്തിന്റെ നിർമ്മാണ വേലയെ യഹോവ അഭിവൃദ്ധി പ്പെടുത്തുന്നു