അവർ ആരാധനയിൽ സ്മാരകാവശിഷ്ടങ്ങൾ ഉപയോഗിക്കുന്നതിന്റെ കാരണം
ഇററലിയിലെ നേപ്പിൾസ്. നിങ്ങൾ നമ്മുടെ പൊതുയുഗത്തിന്റെ 18-ാം നൂററാണ്ടിന്റെ പ്രാരംഭവർഷങ്ങളിൽ അവിടെയായിരിക്കുന്നതായി സങ്കല്പ്പിക്കുക. അതിലെ കത്തീഡ്രലിൽ ഐറിഷ് തത്വചിന്തകനായിരുന്ന ജോർജ്ജ് ബെർക്ലേ മതപരമായ ഒരു പ്രസിദ്ധ സ്മാരകാവശിഷ്ടത്തിൻമുമ്പാകെ നിൽക്കുന്നു. അദ്ദേഹം “സാൻ ജേനാറോ”യുടെ, ഒരു കത്തോലിക്കാ “പുണ്യവാളനായ” ജനുവേര്യസിന്റെ, രക്തത്തിന്റെ ദൃശ്യമായ ദ്രവീകരണത്തെ സംശയത്തോടെ വീക്ഷിക്കുന്നു.
ഈ സംഗതിയിൽ നേപ്പിൾസിന് മാററമുണ്ടായിട്ടില്ല. ഉദാഹരണത്തിന്, സമീപവർഷങ്ങളിൽ ഒരു അവസരത്തിലെ മോശമായ കാലാവസ്ഥ ഗണ്യമാക്കാതെ പള്ളി ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു, ദൃശ്യമായ ഒരു അടയാളം നടന്നിരുന്നു. സ്മാരകാവശിഷ്ടവും കർദ്ദിനാൾ ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിലുള്ള ഒരു ഘോഷയാത്രയും ഊഷ്മളമായ കരഘോഷത്തോടെ സ്വീകരിക്കപ്പെട്ടു. അതെ, ഇത് സാൻ ജേനാറോയുടെ രക്തം ദ്രവമാകുന്നതായി കാണപ്പെട്ട മറെറാരു സന്ദർഭമായിരുന്നു. റിപ്പോർട്ടനുസരിച്ച് മതപരമായ ഈ സ്മാരകാവശിഷ്ടം ഉൾപ്പെടുന്ന അത്ഭുതങ്ങൾ 14-ാം നൂററാണ്ടുമുതൽ നടന്നുകൊണ്ടാണിരിക്കുന്നത്.
കത്തോലിക്കാപാരമ്പര്യപ്രകാരം ഒരു റെലിക് (“അവശേഷിപ്പിക്കുക” എന്നർത്ഥമുള്ള ലാററിനിലെ റെലിങ്ക്വെറേയിൽനിന്ന്) പുണ്യവാളനെന്ന് പരിഗണിക്കപ്പെടുന്ന ഒരു ആൾ അവശേഷിപ്പിക്കുന്ന ഒരു വസ്തുവാണ്. ഡീസ്യോനാറിയോ എക്ലിസ്യാസ്ററിക്കൊ ചൂണ്ടിക്കാണിക്കുന്ന പ്രകാരം സ്മാരകാവശിഷ്ടങ്ങൾ “പദത്തിന്റെ കൃത്യമായ അർത്ഥത്തിൽ പുണ്യവാളന്റെ ശരീരവും അല്ലെങ്കിൽ ശരീരത്തിന്റെ ഭാഗവും ഭസ്മവുമാണ്. വിശാലമായ ഒരു അർത്ഥത്തിൽ അത് പുണ്യവാളന്റെ ശരീരവുമായി സമ്പർക്കത്തിൽ വന്നതും തന്നിമിത്തം ആരാധനക്ക് അർഹവുമായ ഒരു വസ്തുവാണ്.”
പാപ്പായുടെ അംഗീകാരം
പ്രായേണ അനേകരും മതപരമായ സ്മാരകാവശിഷ്ടങ്ങളോടു ബന്ധപ്പെട്ടിരിക്കുന്ന പ്രത്യക്ഷമായ അത്ഭുതങ്ങൾ നിമിത്തം അവയെ സംപൂജ്യമായി കരുതുന്നു. അവയുടെ ജനസമ്മതിയുടെ മറെറാരു കാരണം പാപ്പായുടെ അംഗീകാരമാണെന്ന് പ്രകടമാണ്.
കഴിഞ്ഞ 70 വർഷങ്ങളിൽ കുറഞ്ഞപക്ഷം നാലു പാപ്പാമാർ സ്മാരകാവശിഷ്ടങ്ങൾക്ക് പ്രത്യേകശ്രദ്ധ കൊടുത്തിട്ടുണ്ട്. XII-ാമൻ പീയൂസ് പാപ്പാ തന്റെ മുൻഗാമിയായിരുന്ന പീയൂസ് XI-ാമനെപ്പോലെ “ലിസ്യെയിലെ വിശുദ്ധയുടെ സ്മാരകാവശിഷ്ടങ്ങൾ തന്റെ ശരീരത്തിൽ സൂക്ഷിച്ചു.” പോൾ VI-ാമൻ “തന്റെ പഠനമുറിയിലെ ഡസ്ക്കിൽ അപ്പോസ്തലന്റെ (തോമസിന്റെ) വിരൽ സൂക്ഷിച്ചു,” ജോൺ പോൾ II-ാമൻ “ബെനഡിക്ററ് പുണ്യവാളന്റെയും” “ആൻഡ്രൂ പുണ്യവാളന്റെയും” “ഭൗതികാവശിഷ്ടങ്ങളുടെ ശകലങ്ങൾ തന്റെ സ്വന്തം മുറിയിൽ സൂക്ഷിക്കുന്നു.”—30 ജോർണി, മാർച്ച് 1990, പേജ് 50.
അങ്ങനെയുള്ള പാപ്പാമാരുടെ അംഗീകരണത്തിന്റെ വീക്ഷണത്തിൽ, സ്വകാര്യവും പരസ്യവുമായ ആരാധനയിൽ സ്മാരകാവശിഷ്ടങ്ങൾക്കുള്ള ആവശ്യം വർദ്ധിക്കുന്നത് അതിശയകരമല്ല. (w91 11/15)
[3-ാം പേജിലെ ചിത്രം]
മതപരമായ സ്മാരകാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഒരു റെലിങ്ക്വെറി, അഥവാ പാത്രം
[കടപ്പാട്]
Courtesy of The British Museum